Read Time:23 Minute

1983-ലാണ് ബാർബറ മക്‌ലിൻറ്റോക്കിന് നോബൽസമ്മാനം കിട്ടിയത്. അവാർഡ് കമ്മിറ്റിയുടെ അഭിപ്രായത്തിൽ മക്‌ലിൻറ്റോക്കിന്റെ സഞ്ചരിക്കുന്ന ജീൻ എന്ന സങ്കല്പത്തോട് കിടപിടിക്കുന്ന ഒരു നേട്ടമേ ആധുനിക ജനിതകശാസ്ത്രരംഗത്തുണ്ടായിട്ടുള്ളു. ഡി.എൻ.എ.യുടെ ത്രിമാന ഘടനയെക്കുറിച്ചുള്ള വാട്‌സൺ-ക്രിക്ക് സിദ്ധാന്തം.

ബാർബറ മക്‌ലിൻറ്റോക്ക് കടപ്പാട് വിക്കിപീഡിയ

അപൂർവവ്യക്തിത്വം

വാട്‌സണും ക്രിക്കിനും വിൽക്കിൻസിനും കൂടിയാണ് ഡി.എൻ.എ.യുടെ ശില്പമാതൃകയ്ക്കുള്ള നോബൽസമ്മാനം ലഭിച്ചത്. അതിനോട് തുല്യപ്രാധാന്യമുള്ള മക്‌ലിൻറ്റോക്കിന്റെ സങ്കല്പത്തിനാകട്ടെ അപൂർവമായി മാത്രം നൽകുന്ന പങ്കുവയ്ക്കാത്ത സമ്മാനവും. ഗവേഷണരംഗത്തെ ഒരപൂർവ പ്രതിഭാസമായിരുന്നു മക്‌ലിൻറ്റോക്ക്. ആശയാവിഷ്‌കാരംമുതൽ പ്രബന്ധം ടൈപ്പു ചെയ്യുന്നതുവരെയുള്ള ഘട്ടങ്ങളിൽ ആരുടെയും സഹായം തേടാറില്ല. പരീക്ഷണവസ്തുക്കളായ ആയിരക്കണക്കിന് ചോളച്ചെടികൾ നട്ടുനനച്ചു വളർത്താനും പരീക്ഷണഫലങ്ങൾ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും മക്‌ലിൻറ്റോക്ക് മാത്രം മതി. പരീക്ഷണോപകരണങ്ങൾ സ്വയം നന്നാക്കും. എന്തിന്, എൺപതാം വയസ്സിലും കാറിന്റെ ടയർ അവർ തനിയെ മാറ്റി ഇടുമായിരുന്നു.
മക്‌ലിൻറ്റോക്ക് പറയാറുണ്ടായിരുന്നു: ‘‘ഞാൻ ഒറ്റയ്ക്കാണ് ഈ മരുഭൂമി കടക്കുന്നത്.”
അസാമാന്യമായ ആത്മവിശ്വാസമുണ്ടായിരുന്നു മക്‌ലിൻറ്റോക്കിന്. നോബൽസമ്മാനം ലഭിക്കുന്നതിന് 32 വർഷം മുമ്പ്-അതായത്, 1951-ലാണ് സഞ്ചരിക്കുന്ന ജീനുകളെപ്പറ്റിയുള്ള സങ്കല്പനം ഒരു അന്തർദേശീയ സമ്മേളനത്തിൽ ആദ്യമായി അവർ അവതരിപ്പിച്ചത്. ജനിതകഗവേഷണരംഗത്തെ പ്രതിഭകളെല്ലാം സംഗമിക്കുന്ന കോൾഡ് സ്പ്രിങ് ഹാർബർ സിംപോസിയത്തിൽ ഒരു മണിക്കൂർ നീണ്ടുനിന്ന അവരുടെ പ്രബന്ധാവതരണം കഴിഞ്ഞപ്പോൾ സദസ്സിലെങ്ങും അമ്പരന്ന മുഖങ്ങൾമാത്രം. ശാസ്ത്രജ്ഞർ വിലയിരുത്തി: ”അസാധ്യമായ കാര്യം; വെറും ഭാവനാവിലാസം; ഇതു സയൻസല്ല. സയൻസ് ഫിക്ഷനാണ്.” ഒരാൾ ഇങ്ങനെയും പറഞ്ഞു: ”ഈ സ്ത്രീയ്ക്ക് ഭ്രാന്താണ്.”

വിഭ്രമകരമായ സങ്കല്പനം

മക്‌ലിൻറ്റോക്കിന്റെ മാനസികസമനില തെറ്റിപ്പോയോ എന്നു ചിലർക്ക് സംശയം തോന്നിയതിൽ അതിശയിക്കാനില്ല. ജീനുകൾ ക്രോമസോമിലാണ്. അവയ്ക്ക് നിശ്ചിതമായ സ്ഥാനവും ക്രമവുമുണ്ട്. അവ തമ്മിലുള്ള ദൂരവും നിശ്ചിതമാണ്. നമ്മുടെ നാഷണൽ ഹൈവേയിലെ പട്ടണങ്ങളെപ്പോലെയാണവ. തിരുവനന്തപുരത്തിന് വടക്ക് കൊല്ലം, എറണാകുളം, തൃശ്ശൂർ എന്നീ ക്രമത്തിലാണല്ലോ അവ സ്ഥിതി ചെയ്യുന്നത്. മക്‌ലിൻറ്റോക്ക് പറയുന്നത് ചോളച്ചെടിയിലെ ക്രോമസോമിലുള്ള ഒരു ജീൻ ചിലപ്പോൾ സ്വസ്ഥാനംവിട്ടു സഞ്ചരിച്ചു മറ്റൊരു ജീനിനടുത്തു സ്ഥാനം പിടിക്കുമെന്നാണ്. തൃശ്ശൂർ സ്വസ്ഥാനം വിട്ടു തെക്കോട്ടു സഞ്ചരിച്ച് തിരുവനന്തപുരത്തിന് അടുത്തെത്തി എന്ന് ഒരാൾ പറഞ്ഞെന്നിരിക്കട്ടെ. ലോകത്തിലെ ഏറ്റവും വലിയ റോഡ് എഞ്ചിനീയറാണെങ്കിലും അയാളുടെ ബുദ്ധിസ്ഥിരതയിൽ നമുക്ക് സംശയം തോന്നും.
ജീനിന്റെ സ്ഥാനസ്ഥിരതയെക്കുറിച്ചുള്ള അടിയുറച്ച, അചഞ്ചലമായ സങ്കല്പത്തെയാണ് മക്‌ലിൻറ്റോക്ക് ചോദ്യം ചെയ്തത്.

ചോളച്ചെടിയിൽ ചില ജീനുകൾക്ക് സ്ഥാനചലനമുണ്ടാകുമെന്നും അവ ക്രോമസോമിൽത്തന്നെ പുതിയ സ്ഥാനം പ്രാപിക്കുമെന്നും അവർ വാദിച്ചു. സ്ഥാനമാറ്റം സംഭവിക്കുന്ന-ൃേമിുെീലെ ചെയ്യുന്ന-ഘടകങ്ങൾക്ക് transposons എന്ന പേരും നൽകി. ഈ വാക്കുകൾ മക്‌ലിൻറ്റോക്ക് നൽകിയ അർത്ഥത്തോടുകൂടി ഇപ്പോൾ നിഘണ്ടുക്കളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.
ഇന്ന് അംഗീകരിക്കപ്പെട്ടെങ്കിലും 1951-ൽ പുതിയ സങ്കല്പനം പൂർണമായും നിരാകരിക്കപ്പെട്ടിരുന്നു. ഒറ്റയാൾ പോലുമില്ലായിരുന്നു മക്‌ലിൻറ്റോക്കിനെ തുണയ്ക്കാൻ. അവർക്കാകട്ടെ ലവലേശം കുലുക്കവുമുണ്ടായില്ല. പുതിയ ആശയങ്ങൾ സ്വീകരിക്കാൻ സമയമെടുക്കും. കൂടുതൽ ഗവേഷണവിവരങ്ങൾ ലഭ്യമാകുമ്പോൾ സഹപ്രവർത്തകരുടെ അഭിപ്രായം മാറുമെന്ന് അവർ വിശ്വസിച്ചു. എല്ലാ പരീക്ഷണ ഫലങ്ങളും ഉൾക്കൊള്ളിച്ചു വിശദമായ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. പക്ഷേ, പ്രതികരണം മോശമായിരുന്നു. എങ്കിലും മക്‌ലിൻറ്റോക്ക് പരീക്ഷണങ്ങൾ തുടർന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് പരിഷ്‌കരിച്ച സങ്കല്പനം 1956-ൽ അവർ കോൾഡ്‌സ്പ്രിങ് ഹാർബറിലെ ശാസ്ത്രസദസ്സിൽ വീണ്ടും അവതരിപ്പിച്ചു. ഇത്തവണ എതിർപ്പ് ആദ്യത്തേതിൽ കൂടുതലായിരുന്നു. എന്നിട്ടും മക്‌ലിൻറ്റോക്കിന് കൂസലുണ്ടായില്ല. ഗവേഷണം പൂർവാധികം ഊർജിതമായി. വീണ്ടും അഞ്ചുവർഷം കഴിഞ്ഞു നവീകരിച്ച സങ്കല്പനം കോൾഡ്‌സ്പ്രിങ് ഹാർബറിലെ ശാസ്ത്രസമ്മേളനത്തിൽ അവതരിപ്പിച്ചു. അന്നുമുണ്ടായില്ല ആരും അവരെ പിന്തുണയ്ക്കാൻ.
സഞ്ചരിക്കുന്ന ജീനുകളെപ്പറ്റിയുള്ള പഠനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ബാർബറ മക്‌ലിൻറ്റോക്ക് അന്തർദേശീയ പ്രശസ്തി നേടിയിരുന്നു. 1931-ൽ, ഇരുപത്തിഒമ്പതാമത്തെ വയസ്സിൽ പ്രസിദ്ധപ്പെടുത്തിയ ജീൻ പുനഃസങ്കലനത്തെപ്പറ്റിയുള്ള അവരുടെ പ്രബന്ധം ജനിതകശാസ്ത്രത്തിന്റെ ആധാരശിലയായി. നോബൽസമ്മാനം കിട്ടത്തക്ക സംഭാവനയെന്നു കീർത്തിയും നേടി. 1944-ൽ അമേരിക്കൻ ശാസ്ത്രരംഗത്തെ അത്യുന്നത ബഹുമതിയായ നാഷണൽ സയൻസ് അക്കാദമി അംഗത്വം ലഭിച്ചു. അടുത്തകൊല്ലം ജനറ്റിക്‌സ് കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അക്കൊല്ലംതന്നെ ഗവേഷണരംഗത്ത് അത്യുജ്വലമായ ഒരു വിജയം മക്‌ലിൻറ്റോക്ക് നേടി. ജനിതകശാസ്ത്രജ്ഞരുടെ ഗവേഷണവസ്തുവായ ന്യൂറോസ്‌പോറയുടെ കോശവിഭജനം സാധാരണ ഗതിയിലായിരുന്നില്ല. അരനൂറ്റാണ്ടായി ഗവേഷണം നടന്നിരുന്ന ഈ പ്രശ്‌നത്തിൽ മക്‌ലിൻറ്റോക്കിന്റെ സഹായം ശാസ്ത്രജ്ഞർ തേടി. ബാർബറ മക്‌ലിൻറ്റോക്ക് പ്രശ്‌നം പഠിച്ചു; ഉത്തരവും കണ്ടുപിടിച്ചു. നോബലിസ്റ്റായ ജോർജ് ബീഡിലിന്റെ വാക്കുകളിൽ രണ്ടുമാസം കൊണ്ട് മക്‌ലിൻറ്റോക്ക് നൽകിയ സംഭാവന ഈ ശാസ്ത്രരംഗത്ത് അന്നുവരെ ലഭിച്ച നേട്ടങ്ങളുടെ ആകത്തുകയെക്കാൾ കൂടുതലാണ്.

ഗവേഷണത്തിനായുള്ള ചോളകൃഷിയിടത്ത്

ഏകാന്തപഥിക

നിർണായകമായ ഈ കണ്ടുപിടുത്തത്തിന്റെ പുറകിലും അവർക്ക് സഹായികൾ ആരുമുണ്ടായിരുന്നില്ല. ശൈശവംതൊട്ടേ അവർ ഏകാന്തപഥികയായിരുന്നു. 1902-ൽ, ജനിതകശാസ്ത്രം പിറന്ന് രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ അവർ ഭൂജാതയായി. തൊട്ടിലിൽവച്ചുതന്നെ കുട്ടിയുടെ സ്വഭാവം സാധാരണയിൽനിന്നു വ്യത്യസ്തമാണെന്ന് മാതാപിതാക്കൾക്ക് മനസ്സിലായി. ഒരു കളിപ്പാട്ടം കിട്ടിയാൽ കുഞ്ഞിന് സന്തോഷമായി; അമ്മപോലും അടുത്തുവേണ്ട. പിച്ചവച്ചു നടക്കുമ്പോഴേ ഏകാന്തത ആയിരുന്നു ഇഷ്ടം. വളർന്നുവന്നപ്പോൾ പഠനവും ഗവേഷണവും കുട്ടിക്ക് അവാച്യമായ ആനന്ദം നൽകി. പക്ഷേ, മറ്റൊരാളോടൊപ്പം ജോലിചെയ്യാൻ പ്രയാസം. പിഎച്ച്.ഡിക്ക് ഗവേഷണം നടത്തിയിരുന്നപ്പോൾ ഗൈഡിന്റെ സഹായം തേടിയില്ല, സ്വയംപര്യാപ്തതയായിരുന്നു എല്ലാ മേഖലകളിലും.

ഒരു സംഭവം ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഗവേഷണം നടത്തിയിരുന്ന കാലത്ത് ഒരു പ്രൊഫസറുടെ സഹായിയായി കുറെനാൾ ജോലിചെയ്തു. രണ്ടു വർഷമായി പ്രൊഫസർ മല്ലടിച്ചുകൊണ്ടിരുന്ന ഗവേഷണ പ്രോജക്റ്റായിരുന്നു അത്. അദ്ദേഹം ആവശ്യപ്പെടുന്ന സഹായം മാത്രമേ മക്‌ലിൻറ്റോക്ക് നൽകേണ്ടതുള്ളു. പക്ഷേ, അവരുടെ ബുദ്ധിയുണ്ടോ അടങ്ങിയിരിക്കുന്നു. ഏതാനും ദിവസത്തിനകം ഗവേഷണപ്രശ്‌നത്തിന്റെ ഉത്തരം അവർ കണ്ടുപിടിച്ചു. ആ നേട്ടം സർവകലാശാലയിലെ എല്ലാ വിഭാഗം ആളുകളും ഒരു വിസ്മയമായി കൊണ്ടാടി. പക്ഷേ, എന്തു ഫലം? ഗവേഷണം വിജയിച്ചതോടെ പ്രോജക്റ്റ് അവസാനിച്ചു. മക്‌ലിൻറ്റോക്കിന്റെ ജോലി പോയി. മിച്ചംകിട്ടിയത് പ്രൊഫസറുടെ അസൂയയും പകയും.
മക്‌ലിൻറ്റോക്കിന്റെ ന്യൂറോസ്‌പോറയിലെ വിജയം എന്റെ ഗവേഷണപന്ഥാവിനെയും സ്വാധീനിച്ചു. പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട കോശവിഭജനമാണ് ബാർബറ മക്‌ലിൻറ്റോക്ക് 1944-ൽ പഠിച്ചത്; ന്യൂറോസ്‌പോറയിലെ സാധാരണ കോശത്തിലെ വിഭജനമായിരുന്നു രണ്ടു പതിറ്റാണ്ടുകഴിഞ്ഞപ്പോൾ മിഷിഗൻ സർവകലാശാലയിലെത്തിയ എന്റെ പിഎച്ച്.ഡി. തീസിസിന്റെ വിഷയം. ബാർബറ മക്‌ലിൻറ്റോക്കിന് അഗാധമായ താൽപര്യമുള്ള ഈ വിഷയത്തിൽ ഉപദേശവും നിർദേശവും നേടാൻ ഞാൻ നിയോഗിക്കപ്പെട്ടത് സ്വാഭാവികം.

പുറം കഠോരം

ഞാൻ അവരെ ആദ്യം കാണുന്നത് 1962-ലാണ്. അപ്പോഴേക്കും അവർ സജീവ ഗവേഷണത്തിൽനിന്ന് പിൻവലിഞ്ഞതായി തോന്നിയിരുന്നു. പതിനെട്ടുവർഷമായി അംഗീകാരം നേടിയ ജേർണലുകളിൽ പ്രബന്ധമൊന്നും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. ‘സഞ്ചരിക്കുന്ന ജീനു’കളെന്ന അവരുടെ സങ്കല്പനം മൂന്നു തവണ കോൾഡ്‌സ്പ്രിങ് ഹാർബറിലെ ശാസ്ത്രസദസ്സ് നിരാകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഒരു ലോകവിദ്വേഷിയെയാണ് ഞാൻ പ്രതീക്ഷിച്ചത്. ഇല്ല, ഇച്ഛാഭംഗത്തിന്റെ നേരിയ നിഴൽപോലും ആ മുഖത്തില്ല. അഞ്ചടി പൊക്കവും തൊണ്ണൂറ് റാത്തലിൽ താഴെമാത്രം തൂക്കവുമുള്ള ആ കൃശഗാത്രിയിൽ ജീവനും ചൈതന്യവും തുടിച്ചുനിന്നു. അസാമാന്യമായ ആജ്ഞാശക്തിയുള്ള കണ്ണുകൾ. ആകപ്പാടെ ഒരു രാജ്ഞിയുടെ പരി വേഷം.
എന്റെ പ്രൊഫസറുടെ ലബോറട്ടറിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. ഗവേഷണഫലങ്ങളെല്ലാം ചാർട്ടുരൂപത്തിലാക്കി ഓരോ പോയിന്റിനും ഉപോദ്ബലകമായ ചിത്രങ്ങളും സ്ലൈഡുകളുമായിട്ടാണ് ഞാൻ എത്തിയത്. എന്നെ പരിചയപ്പെടുത്തിയപ്പോൾ ഉപചാരവാക്കുകൾ ഒന്നുമുണ്ടായില്ല. കടലാസുകൾക്കുവേണ്ടി കൈ നീട്ടി. സ്ലൈഡുകൾ മൈക്രോസ്‌കോപ്പിൽ പരിശോധിച്ചു. നോട്ടുകൾ സശ്രദ്ധം വായിച്ചു. പക്ഷേ, ഒരക്ഷരം മിണ്ടിയില്ല.
കനക്കുന്ന അസ്വസ്ഥകരമായ നിശ്ശബ്ദത. ഞാൻ മന്ത്രിച്ചു: ”അരനൂറ്റാണ്ടുകൊണ്ട് ഉത്തരം കണ്ടുപിടിക്കാനാവാത്ത പ്രശ്‌നം അറുപത് ദിവസംകൊണ്ട് പരിഹരിച്ച മഹാപ്രതിഭയാണിത്. മനസ്സേ, നമസ്‌കരിക്കൂ, നമസ്‌കരിക്കൂ.”
പെട്ടെന്ന് മൈക്രോസ്‌കോപ്പിൽനിന്ന് തലയുയർത്തി അവർ ചോദിച്ചു: ”ആരു പറഞ്ഞു ന്യൂറോസ്‌പോറയുടെ കോശത്തിൽ ഇരുന്നൂറിലധികം ന്യൂക്ലിയസ്സുകളുണ്ടെന്ന് ?”

ഞാൻ തെളിവുകൾ നിരത്തി. വാദം ബലപ്പെടുത്താൻവേണ്ടി ഇത്രയുംകൂടി പറഞ്ഞു: ”കഴിഞ്ഞയാഴ്ച സ്ലൈഡുകൾ പരിശോധിച്ച ജോർജ് ബീഡിലിനും (ന്യൂറോസ്പോറയിൽ ഗവേഷണം നടത്തി നൊബേൽസമ്മാനം നേടിയ ജോർജ്ജ് ബിഡിൽ) ഇതേ അഭിപ്രായമാണ്.”
മക്‌ലിൻറ്റോക്കെന്ന സിംഹി മുരണ്ടു: ‘‘ജോർജ് ജനിതകശാസ്ത്രജ്ഞനാണ്” എന്നുവച്ചാൽ കോശവിഭജനത്തെപ്പറ്റി പറയാൻ അയാൾക്കെന്ത് അധികാരം? അങ്ങനെയുള്ള ഒരാളുടെ സർട്ടിഫിക്കറ്റുമായി മക്‌ലിൻറ്റോക്കിനെ നേരിടുന്ന എന്റെ ധിക്കാരം!
പിന്നെ എന്റെ പരീക്ഷണങ്ങളുടെ ഇഴതിരിച്ചുള്ള വിമർശനമായി. ഒന്നും നേരേയായിട്ടില്ല എന്ന വിധിയും. ക്രമേണ ഗവേഷണത്തിന്റെ മേൽനോട്ടം എന്റെ പ്രൊഫസർമാരിൽ നിന്ന് അവർ ഏറ്റെടുത്തതുപോലെ തോന്നി. സാങ്കേതികവിദ്യയിലും ആശയപ്രകാശനത്തിലും മക്‌ലിൻറ്റോക്ക് പ്രതീക്ഷിച്ച നിലവാരത്തിലെത്തുക എളുപ്പമായിരുന്നില്ല. സാധാരണഗതിയിൽ വേണ്ടതിൽ അഞ്ചാറുമാസംകൂടി വേണ്ടിവന്നു തീസിസ് സമർപ്പിക്കാൻ. എന്നാലെന്ത്? നിഗമനങ്ങൾക്ക് കൂടുതൽ മിഴിവും കരുത്തും കിട്ടി. വാചാപരീക്ഷ അനായാസമായി കടന്നുകൂടി. നല്ല തീസിസെന്നു പ്രൊഫസർമാർ പ്രശംസിച്ചു. നന്ദിപറഞ്ഞു ഞാൻ മക്‌ലിൻറ്റോക്കിന് എഴുതി. മറുപടിയുണ്ടായില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു സെറ്റ് പ്രബന്ധങ്ങൾ കിട്ടി. റാപ്പറിന്റെ പുറത്ത് ‘ഗവേഷണം എങ്ങനെ?’ എന്ന രണ്ടു വാക്കും കോറിയിട്ടിരുന്നു. ഒരു നിമിഷവും ഒരു വാക്കും പാഴാക്കില്ല -അതായിരുന്നു ശരിയായ മക്‌ലിൻറ്റോക്ക്.
നമുക്കു ‘സഞ്ചരിക്കുന്ന ജീൻ‘ എന്ന സങ്കല്പത്തിലേക്ക് മടങ്ങാം. രണ്ടുതരം ജീനുകൾ ഈ പ്രക്രിയയിൽ പങ്കെടുക്കുന്നു എന്നാണ് മക്‌ലിൻറ്റോക്കിന്റെ സങ്കല്പനം. ആദ്യത്തേത് സ്ഥാനചലനം സംഭവിക്കുന്ന സ്വിച്ച് ജീനുകൾ. രണ്ടാമത്തേത് ചലനസ്വഭാവമുള്ള ഈ ജീനുകളെനിയന്ത്രിക്കുന്ന ഉജ്ജീവന (Activator) ജീനുകളും. കുറേക്കൂടി വിശദമായിപ്പറഞ്ഞാൽ സ്വിച്ച് ജീനുകളാണ് ക്രോമസോമിൽനിന്നു വിട്ടുപോകുന്നതും തിരികെ ക്രോമസോമിൽ പ്രവേശിക്കുന്നതും. ഉജ്ജീവനജീനുകളാകട്ടെ, സ്വിച്ച് ജീനുകൾ വേർപിരിയുന്നതും സഞ്ചരിക്കുന്നതും തിരികെ ക്രോമസോമിൽ പ്രവേശിക്കുന്നതും നിയന്ത്രിക്കുന്നു. ഒരു ഉദാഹരണംകൊണ്ട് സങ്കല്പനം വ്യക്തമാക്കാം. വളർന്നു വികസിച്ചുവരുന്ന തളിരിലയിലെ കോശങ്ങളിൽ ഹരിതകവർണം സംശ്ലേഷിപ്പിക്കുന്ന ജീനിന്റെ അടുത്ത് സ്ഥാനമാറ്റം മൂലം സ്വിച്ച് ജീൻ എത്തിയെന്ന് വിചാരിക്കുക. അതോടെ ഹരിതകസംശ്ലേഷണം നിലയ്ക്കും. വികസിക്കുന്ന ഇലയിലെ പിന്നീടുള്ള കോശങ്ങളിൽ നിറമുണ്ടാകില്ല. അതുവരെയുണ്ടായ ഹരിതകമുള്ള കോശങ്ങൾക്കിടയ്ക്ക് ഇവ വെള്ളപ്പൊട്ടുകൾപോലെ കാണപ്പെടും. എന്നാൽ ഉജ്ജീവനജീനിന്റെ പ്രവർത്തനംമൂലം സ്വിച്ച് ജീനിന്റെ സ്ഥാനം വീണ്ടും മാറിയാലോ? ഹരിതകജീനുകൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങും. പച്ചനിറം പിന്നീടുണ്ടാകുന്ന കോശങ്ങളിൽ കാണുകയും ചെയ്യും.

ബാർബറ മക്‌ലിൻറ്റോക്ക് നൊബേൽ പ്രഭാഷണത്തിനിടയിൽ കടപ്പാട് വിക്കിപീഡിയ

സ്ഥിരീകരണം, നോബൽ സമ്മാനം

1945-ലാണ് സഞ്ചരിക്കുന്ന ജീനുകളെപ്പറ്റിയുള്ള ഗവേഷണം ആരംഭിച്ചത്. ഇരുപത്തിയഞ്ചുവർഷം കഴിഞ്ഞാണ് മക്‌ലിൻറ്റോക്ക് സങ്കല്പനത്തിന് സ്ഥിരീകരണം ലഭിച്ചത്. സാൽമൊണല്ല എന്ന ബാക്ടീരിയത്തിൽ രോഗപ്രതിരോധശക്തിയുടെ ജീനിന് സ്ഥാനചലനം സംഭവിക്കുന്നു എന്നുമാത്രമല്ല ഈ ജീനിനെ നിയന്ത്രിക്കുന്ന മറ്റൊരു ഘടകംകൂടി ഉണ്ടെന്നും കണ്ടുപിടിച്ചു. ഇതോടെ ആദ്യത്തെ കോൾഡ്‌സ്പ്രിങ് ഹാർബർ സിംപോസിയത്തിൽ മക്‌ലിൻറ്റോക്ക് അവതരിപ്പിച്ച സങ്കല്പനത്തിന്റെ സാധൂകരണമായി. ബാക്റ്റീരിയയെക്കാൾ ഉയർന്ന ജീവിയായ യീസ്റ്റിലും സഞ്ചരിക്കുന്ന ജീനുകൾ ഉണ്ടെന്നുമാത്രമല്ല അവയുടെ സ്ഥാനഭ്രംശംകൊണ്ടേ ചില ജൈവധർമങ്ങൾ അനുഷ്ഠിക്കാനാവൂ എന്നും മനസ്സിലായി. പഴഈച്ചയിലും ജീൻമാറ്റം കണ്ടുപിടിക്കപ്പെട്ടു. അത്രയുമായപ്പോൾ കോൾഡ്‌സ്പ്രിങ് ഹാർബർ മറ്റൊരു സിംപോസിയം വിളിച്ചുകൂട്ടി. 1951-ലും 1956-ലും മക്‌ലിൻറ്റോക്കിനെ നിരാകരിച്ച വേദിയിൽവച്ച് 1976-ൽ സ്വന്തം പരീക്ഷണഫലങ്ങളിലൂടെ അവരുടെ സങ്കല്പനത്തിന് ശാസ്ത്രജ്ഞർ സാധൂകരണം നൽകി. ഒരു കണക്കിൽ അവരോടു ചെയ്ത അപരാധത്തിന് കോൾഡ്‌സ്പ്രിങ് ഹാർബറിന്റെ പ്രായശ്ചിത്തമായിരുന്നു ഈ സിംപോസിയം.
അതോടെ അവഗണന ആരാധനയായി മാറി. പിന്നെ പുരസ്‌കാരങ്ങളുടെ പ്രവാഹമായിരുന്നു. 1981-ൽ മാത്രം വിശിഷ്ടമായ ഒൻപത് ബഹുമതികൾക്ക് അവർ അവകാശിയായി. 1982-ൽ നോബൽ സമ്മാനത്തിന്റെ മുന്നോടിയെന്ന് വിശേഷിപ്പിക്കുന്ന ഹൊറോവിറ്റ്‌സ് പ്രൈസ് ലഭിച്ചു. അടുത്തവർഷം നോബൽ സമ്മാനവും. അവാർഡുകളും അവയോടൊപ്പമുള്ള പ്രസിദ്ധിയും അവർക്ക് ശല്യമായി തോന്നി. പത്രക്കാരുടെയും മറ്റു സന്ദർശകരുടെയും പ്രവാഹം ചിട്ടയായ ഗവേഷണത്തിന് ഭംഗം വരുത്തി. ഒരല്പം സൈ്വരം തരൂ എന്നു മാധ്യമങ്ങളുടെ ലേഖകരോട് അവർ കേണു. എൺപതുവയസ്സുവരെ നോബൽ സമ്മാനം കിട്ടാതിരുന്നതാണ് ഭാഗ്യമെന്ന് മക്‌ലിൻറ്റോക്ക് പറഞ്ഞു. നേരത്തേയായിരുന്നെങ്കിൽ ശ്രദ്ധ പതറിപ്പോകുമായിരുന്നു. ഗവേഷണത്തെ ബാധിക്കുമായിരുന്നു; ജീവിതസാഫല്യത്തിന്റെ മാറ്റു കുറയുമായിരുന്നു. ആനന്ദാനുഭൂതിയായ ഗവേഷണം തൊണ്ണൂറാമത്തെ വയസ്സിൽ, 1992-ൽ അന്ത്യനിദ്ര പ്രാപിക്കുന്നതുവരെ അവർ തുടർന്നു.


മക്‌ലിൻറ്റോക്കിന്റെ കണ്ടുപിടിത്തം ജനിതകശാസ്ത്രസങ്കല്പങ്ങളെ സ്വാധീനിച്ചതിന്റെ കഥ വിസ്തരിച്ചു പറയേണ്ടതാണ്. അതിനുള്ള സമയം നമുക്കില്ല. പക്ഷേ, ഒരു വസ്തുത ചൂണ്ടിക്കാണിക്കുകതന്നെ വേണം. സ്വഭാവപ്രകാശനത്തിന്റെ ശാസ്ത്രമേഖലയിൽ സമകാലിക ശാസ്ത്രജ്ഞരെക്കാൾ ഇരുപത്തിയഞ്ചു വർഷം കടന്നു ചിന്തിച്ച് പുതിയൊരു ദർശനം കാഴ്ചവച്ച അമാനുഷപ്രതിഭയാണവർ. അതിലും തിളങ്ങുന്ന ചിത്രമാണ് കാറ്റടിച്ചാൽ പറന്നുപോകുമെന്നു തോന്നുന്ന ഈ കൃശഗാത്രി പത്മവ്യൂഹത്തിൽനിന്നു കാൽശതാബ്ദത്തോളം പ്രതിയോഗികളോട് നടത്തിയ യുദ്ധം. അവസാനം, എതിർത്ത മഹാശാസ്ത്രജ്ഞന്മാരെല്ലാം ആയുധംവച്ച് അവരുടെ ക്യാമ്പിൽ കുടിയേറുന്ന കോരിത്തരിപ്പിക്കുന്ന ദൃശ്യത്തിനും നാം സാക്ഷിയായി. ഗവേഷകലോകത്തിലെ അത്ഭുതം മാത്രമായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ ഇതിഹാസവുമായിരുന്നു ബാർബറ മക്‌ലിൻറ്റോക്ക്.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ.എ.എൻ.നമ്പൂതിരിയുടെ ജീവശാസ്ത്രവിപ്ലവത്തിലെ നായകർ എന്ന പുസ്തകത്തിൽനിന്നും.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

One thought on “ബാർബറ മക്‌ലിൻറ്റോക്ക് – ആത്മവിശ്വാസത്തിന്റെ ഇതിഹാസം

Leave a Reply

Previous post പക്ഷിവഴിയെക്കുറിച്ചൊരു പുസ്തകം
Next post ദ ഫ്ലൈ – ദൂരത്തെ എത്തിപ്പിടിക്കുമ്പോൾ
Close