കാലുകളുള്ള പാമ്പുകള്‍, വാര്‍ത്തയുടെ യാഥാര്‍ത്ഥ്യവും ചില പരിണാമ ചിന്തകളും!

ആശിഷ് ജോസ് അമ്പാട്ട്

“അരണയുടെ തല, പാമ്പിന്‍റെ ഉടല്‍, രണ്ടു കൈകളും”

മലയാളത്തിലെ ഒരു പത്രത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണിത്. പത്തനംതിട്ട കവിയൂര്‍ ഭാഗത്ത് ഉടലില്‍ രണ്ടു കൈകള്‍ ഉള്ള ഒരു അത്ഭുത പാമ്പിനെ കണ്ടെത്തി എന്നാണ് വാര്‍ത്തയുടെ ഒറ്റ വരിയില്‍ ഉള്ള സംഗ്രഹം. ഇത് ഒരു വ്യാജ വാര്‍ത്തയാണ് എന്നത് ഒപ്പം കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാല്‍ മനസ്സിലാകും!

പാമ്പിന്റെ തലയുടെ ഭാഗത്ത് മുറിവുകളുണ്ട്. അരണ/തവള പോലെ ഒരു ജന്തുവിനെ വിഴുങ്ങി കൊണ്ടിരുന്ന ഒരു ശംഖുവരയന്‍ (Bungarus caeruleus) പാമ്പിനെ അടിച്ചു കൊന്നപ്പോള്‍ വിഴുങ്ങി കൊണ്ടിരുന്ന ജന്തുവിന്റെ കാലുകള്‍ പാമ്പില്‍ ഉണ്ടായ വിള്ളലില്‍ കൂടി പുറത്തോട്ടു വന്നതാണ്‌ സംഗതി. വലിയ ഇരകളെ വിഴുങ്ങുമ്പോള്‍ പാമ്പുകളുടെ ഇന്റർപെർക്കുലർ-മാൻഡിബുലാർ ലിഗമെന്റിലെ പിൻ‌വശം, താടിയെല്ല് കീപ്പോട്ട് മാറി വലിഞ്ഞു മാറാന്‍ കാരണമാകും. ഈ അവസരത്തില്‍ അവയുടെ വായ മുതല്‍ ഉള്ള ദഹനനാളയിലോടുള്ള ശരീരഭാഗം വലിഞ്ഞു മുറുക്കി ആയിരിക്കും ഇരിക്കുക. അന്നേരം വടിവെച്ച് അടി കിട്ടിയാല്‍ വിള്ളലിന്‍റെ സാധ്യത ഉണ്ടാകും! ഈ വാര്‍ത്ത അങ്ങനെ ഒരു പാമ്പിന്‍റെ ചിത്രത്തില്‍ നിന്നാണ്!

ഏതോ ജന്തു ഡോക്ടര്‍ എക്സ്റേ എടുത്തു കാലുള്ള പാമ്പ് ആണെന്ന് ഉറപ്പിച്ചു എന്നെല്ലാം പറയുന്നുവെങ്കിലും അത് വാര്‍ത്ത റിപ്പോര്‍ട്ടറിന്റെ ഭാവനയോ ആ ജന്തു ഡോക്ടറിനു സംഭവിച്ച ഒരു അബദ്ധമോ ആകുക ഉള്ളൂ! യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരു എക്സ്റേ പഠനം നടത്തി രണ്ടു പ്രകടമായ കാല്‍ ഉള്ള ശംഖുവരയന്‍ ആണെങ്കില്‍ സയന്‍സ് ജേണല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ ശാസ്ത്ര ലോകത്തില്‍ വലിയ ശ്രദ്ധ ഉണ്ടാകേണ്ട വിഷയമാണ്‌. അത്തരത്തില്‍ ഒന്നും സംഭവിചിട്ടില്ല! കാര്യത്തിന്റെ ഒരു റഫ് ഡയഗ്രം ഒപ്പം കൊടുത്തിട്ടുണ്ട്‌. സമാനമായ രീതിയില്‍ അടി കൊണ്ട് വയറു കീറി കഴിച്ച ഇരയുടെ കാലുകള്‍ വെളിയില്‍ വന്ന ഒരു വെള്ളിവരയന്‍ (Lycodon aulicus) പാമ്പിന്‍റെ ചിത്രവും കാലുള്ള പാമ്പ് എന്നാ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടുന്നുണ്ട്. അതിന്റെ സത്യാവസ്ഥയും ഇതാണ്.

ഇനി കാലുകള്‍ ഉള്ള പാമ്പുകള്‍ ശരിക്കും ഉണ്ടോവെന്നു ചോദിച്ചാല്‍ തീര്‍ച്ചയായുമുണ്ട്. പെരുമ്പാമ്പുകളിലും ചില ബോവകളിലും പെൽവിക് സ്പർസ് എന്ന് വിളിക്കുന്ന അവയവങ്ങളുണ്ട്. ക്ലോക്കയുടെ ഓരോ വശത്തും കാണപ്പെടുന്ന കാലുകളുടെ വെസ്റ്റീഷ്യൽ ശേഷിപ്പ് ആണ് ഇവ. പാമ്പുകളിൽ മലമൂത്ര വിസർജ്ജനവും ജനനേന്ദ്രിയ ഉൽ‌പന്നങ്ങളും പുറത്തുവിടുന്നത് ദഹനനാളത്തിന്റെ അവസാന ഭാഗത്ത് കാണാവുന്ന ക്ലോക്കയെന്ന അവയവം വഴിയാണ്. നട്ടെല്ലുമായി നേരിട്ട് ബന്ധവുമില്ലാത്ത ഒരു പെല്‍വിക് ഗിര്‍ഡിന്‍റെയും ഫെമറിന്റെയും ശേഷിപ്പുകള്‍ മസിലുകളുടെ ഇടയില്‍ ആന്തരികമായി നിൽക്കുന്ന പെൽവിക് സ്പർസ് പുറത്തോട്ടുള്ള നഖങ്ങള്‍ പോലെയാണ് ബാഹ്യമായി കാണുക. ആൺ പാമ്പുകളില്‍ സ്പർ‌സ് പൊതുവെ പെണ്ണുങ്ങളെക്കാളും വലിപ്പവും ബലവും ഉള്ളതാണ്, അവ ലൈംഗിക ബന്ധത്തില്‍ ഇണയെ ചേര്‍ത്ത് പിടിക്കാനും ബാഹ്യകേളികളില്‍ പങ്കെടുക്കാനും ഉപയോഗിക്കുന്നു. പാമ്പുകള്‍ തമ്മില്‍ ഉള്ള പോരില്‍ ഒരു ആയുധം ആയിട്ടും ഇവ ഉപയോഗിക്കപ്പെട്ടാവുന്നതാണ്.

 

ഭ്രൂണ വളര്‍ച്ചയില്‍ കാലുകള്‍ രൂപപ്പെട്ടാന്‍ കാരണമായ രണ്ടു ജീനുകളായ SHH യിലും, HOXD ജീനുകളിലും പരിണാമദിശയില്‍ വന്ന മാറ്റങ്ങളാണ് പാമ്പുകളില്‍ കാലുകള്‍ ഉണ്ടാകുന്നതിനെ തടയുന്നത്. പെരുമ്പാമ്പുകളില്‍ SHH ജീനിന്‍റെ ട്രാന്‍സ്ക്രിപ്ഷന്‍ അറസ്റ്റു ചെയ്യുന്നുവെങ്കിലും HOXD ജീനുകളുടെ എക്സ്പ്രേഷ്ന്‍ നടക്കുകയും ഭാഗികമായ ‘കാലുകള്‍’ രൂപപ്പെട്ടുകയും ചെയ്യും! പാമ്പുകളുടെ പരിണാമ ദിശയില് പൈത്തണുകളും ബോവസും വികസിത പാമ്പുകളുടെ ലിനേജില്‍ നിന്നും മാറ്റൊരു ദിശയിലോട് മാറുക ആയിരുന്നു. കാലുകളുള്ള ഉരഗങ്ങളെ അപേക്ഷിച്ചു ZRSയില്‍ ( Zone of Polarizing Activity Regulatory Sequence) നിന്നുള്ള സിഗ്നലിംഗ് തടയുന്നതും പെരുമാമ്പുകളില്‍ കൃത്യമായ കാലുകള്‍ ഭ്രൂണവളര്‍ച്ചയില്‍ രൂപപ്പെട്ടുന്നത് തടയുന്നുണ്ട്‌. എലികളുടെ ഭ്രൂണ വളര്‍ച്ചയില്‍ ZRS റീജിയനില്‍ മാറ്റം വരുത്തുമ്പോള്‍ കാലുകളുടെ വളര്‍ച്ച നേരിട്ട് നടക്കുന്നില്ലായെന്നും അവ മുരടിച്ചു പോകുന്നുവെന്നും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. മനുഷ്യര്‍ ഉള്‍പ്പെടെയുള്ള നട്ടെല്ലുള്ള ജന്തുക്കളിൽ കൈകാലുകൾ നിർമ്മിക്കുന്നതിനും ജനിതക സ്വീകന്സുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. പാമ്പുകളില്‍ അവ പരിണാമദിശയില്‍ മ്യൂട്ടെയ്ഷന്‍ സംഭവിച്ചു. ജനനത്തിന് ശേഷം പാമ്പുകളില്‍ കൈകാലുകളില്ലായെങ്കിലും അവയുടെ വളര്‍ച്ചയിലോട് നയിക്കുന്ന വളരെ റൂഡിമേന്റ്രി ആയിട്ടുള്ള limb bud cells കാണാവുന്നതാണ്. ഇതിനു കാരണം ഭ്രൂണ വളര്‍ച്ചയുടെ ആദ്യ 24 മണിക്കൂറുകളില്‍ ഭ്രൂണങ്ങളില്‍ ചെറിയ രീതിയില്‍ ഉള്ള SHH ട്രാൻസ്ക്രിപ്ഷൻ ഘടകങ്ങളുടെ പൾസ് വരുന്നതാണ്. ശേഷം ഇത് ഇല്ലാതെ ആകും. ഒരു വലിയ ഗ്രൂപ്പിന്റെ പൊതുവായ പ്രതീകങ്ങൾ കൂടുതൽ പ്രത്യേക പ്രതീകങ്ങളേക്കാൾ ഭ്രൂണത്തിൽ നേരത്തെ പ്രത്യക്ഷപ്പെടുമെന്ന നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന കാൾ ഏണസ്റ്റ് വോൺ ബെയറിന്റെ ഭ്രൂണശാസ്ത്ര നിയമങ്ങളില്‍ അദ്യത്തിന്റെ തെളിവുമായി ഇത് കാണാം. Atavism എന്നൊരു ജനിതക അവസ്ഥയില്‍ ട്രാന്‍സ്ക്രിപ്ഷന്‍ ടെര്‍മിനേഷനില്‍ വ്യത്യാസം വരുകയും കാലുകള്‍ പോലെയുള്ള ഔട്ട്‌ഗ്രോത്ത് പാമ്പുകളില്‍ സൈദ്ധാന്തികമായി സംഭവിക്കാവുന്നതാണെങ്കിലും സ്ഥിരികരിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടില്ല.

ഏകദേശം പന്ത്രണ്ടു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ നിന്നും നാല് കാലുകളുള്ള പാമ്പ്‌-രൂപിയായ ഒരു ജന്തുവിന്‍റെ ഫോസിലിനെപ്പറ്റി സയന്‍സ് ജേണലില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ദിനോസറുകളിൽ നിന്ന് പക്ഷികളിലേക്കുള്ള പരിണാമ പരിവർത്തനത്തെക്കുറിച്ച് സൂചന നല്‍കുന്ന സവിശേഷതകള്‍ നിറഞ്ഞ തൂവലുകള്‍ ഉള്ള ഫോസിലുകളില്‍ നിന്നും കണ്ടെത്തിയ ഒരു പൗരാണിക ജീവി ആയിരുന്നു ആർക്കിയോപെറ്ററിക്സ്. അത്തരത്തില്‍ കാലുകള്‍ ഉള്ള ഉരഗങ്ങളില്‍ നിന്നും കാലുകള്‍ ഇല്ലാത്ത പമ്പുകളുടെ പരിണാമത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്ന ഒരു ജന്തുവിന്റെ ഫോസീല്‍ ആയിരുന്നു അത്. നാല്‍ക്കാലിയായ പാമ്പ് എന്നര്‍ത്ഥത്തില്‍ “Tetrapodophis “ എന്ന പേരാണ് ഈ ഫോസില്‍ ജന്തുവിന്‍റെ ജീനസ്സിനു നല്‍കിയിരിക്കുന്ന പേര്. പാമ്പുകളുടെ രൂപികരണത്തെ കുറിച്ച് പ്രധാനമായും രണ്ടു ഹൈപോതീസുകളാണ് നിലവില്‍ ഉള്ളത്. ആദ്യത്തേത് പാമ്പുകൾ സമുദ്രത്തിൽ പരിണമിച്ചുവെന്നും പിന്നീട് മാത്രമേ ഭൂമിയെ പുനർവിന്യസിച്ചുള്ളൂ എന്നും പറയുന്നു. ഈ സിദ്ധാന്തം പാമ്പുകളും വംശനാശം സംഭവിച്ച സമുദ്ര ഉരഗങ്ങളായ മൊസാസറുകൾ തമ്മിലുള്ള അടുത്ത ബന്ധത്തെ വിശദീകരിക്കുന്നുണ്ട്. ജുറാസിക് വേള്‍ഡില്‍ മൊസാസറുകളെ തെറ്റായി ദിനോസറുകളില്‍ ഒന്നായി കാണിക്കുന്നുണ്ട്. 70-66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉന്മൂലനം ചെയ്യപ്പെട്ട ക്രിറ്റേഷ്യസിൽ നിന്നുള്ള വലിയ ജല മാംസഭോജികളായ ഉരഗ്ഗങ്ങളുടെ ജനുസ്സാണ് മൊസാസൊറസ്. മൊസാസൊറസ് എന്നാൽ ‘മ്യൂസ് ലിസാർഡ്’ എന്നാണ് അർത്ഥമാക്കുന്നത്, ഇത് ആദ്യം കണ്ടെത്തിയ നദിയെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമത്തെ ഹൈപോതീസ് പറയുന്നത് പാമ്പുകൾ മാളമുണ്ടാക്കുന്ന ഉരഗങ്ങളില്‍ നിന്നാണ് രൂപപ്പെട്ടത്. അത്തരം ഉരഗങ്ങളുടെ ശരീരം വലിച്ചുനീട്ടുപ്പെട്ടുകയും കാലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ഈ ഹൈപോതീസ് പ്രകാരം പാമ്പുകളും മൊസാസോറുകളും ഏകദേശം ഉടുമ്പ് പോലെ ഇരിക്കുന്ന ഒരു ലാൻഡ്-ലബ്ബിംഗ് പൂർവ്വികനിൽ നിന്നും സ്വതന്ത്രമായി പരിണമിച്ചു. ടെട്രപോഡോഫിസ് രണ്ടാമത്തെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു. അവയ്ക്കു നീന്തലിനുള്ള പൊരുത്തപ്പെടുത്തലുകളില്ല പക്ഷെ മാളം ഉണ്ടാക്കുന്ന ജീവികള്‍ക്ക് സമാനമായ പ്രത്യേകതകള്‍ ഉണ്ട് താനും! ഇന്നത്തെ പാമ്പുകളുടെ പോലെ കീഴ്താടി വിടര്‍ത്തി വലിയ ഇരകളെ വിഴുങ്ങാന്‍ ഇവയ്ക്കു സാധ്യമായിരുന്നു. അവയുടെ പല്ലുകളും മാംസഭോജികളുടെ പോലെയാണ്. ടെട്രപോഡോഫിസിന്‍റെ ലഭിച്ച ഫോസിലില്‍ ആ ജീവി അവസാനം കഴിച്ച, പൂര്‍ണ്ണമായും ദഹിക്കാത്ത ഒരു പൌരാണിക തവളയുടെ ശേഷിപ്പിമുണ്ടായിരുന്നു. പല ആധുനിക പാമ്പുകളെയും പോലെയും ടെട്രപോഡോഫിസ് ഇരയെ തങ്ങളുടെ നീണ്ട ശരീരം ഉപയോഗിച്ച് വരിഞ്ഞുകെട്ടി തന്നെ ആയിരുന്നു കൊന്നിരുന്നത്. ലൈംഗികചേഷ്ടങ്ങളിലും ഇരയെ തടഞ്ഞു നിര്‍ത്താനും അവ ഈ ചെറിയ സ്പൂൺ ആകൃതിയിലുള്ള കാലുകള്‍ ഉപയോഗിച്ചിരിക്കാം. ടെട്രാപോഡോഫിസിന് അത് ഒരു പാമ്പാണെന്ന് സ്ഥിരീകരിക്കുന്ന നട്ടെല്ലിലും തലയോട്ടിലുമുള്ള സവിശേഷതകള്‍ ഇല്ല. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഫൈലോജെനെറ്റിക് വിശകലനം പ്രകാരം കോനിയോഫിസ്, ഡൈനിലീഷ്യ, നജാഷ് തുടങ്ങിയ ആദ്യകാല പാമ്പുകളുടെ അടുത്ത ബന്ധുവായി ടെട്രാപോഡോഫിസിനെ സ്ഥാപിക്കുന്നു. പക്ഷെ ഇന്ന് ജീവിക്കുന്ന ഒരു പാമ്പിന്‍റെയും നേരിട്ടുള്ള പൂര്‍വികര്‍ അല്ല ഇവ. ഇന്നുള്ള പാമ്പുകളുടെ സബ്ഓര്‍ഡറായ “Serpentes”യിന് പാരലല്‍ ആയ ലിനെജ് ആണ് ടെട്രാപോഡോഫിസിന്‍റെത്.

ചില വെർട്ടെബ്രേറ്റ് പാലിയന്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ ടെട്രാപോഡോഫിസുകളെ പാമ്പുകള്‍ ആയിട്ട് അല്ല മൊസാസോറസുകളുടെ ബന്ധുകളായ ഒരു ഡോളികോസ്ഓറിഡ് സ്ക്വാമേറ്റായി കരുതണം. കൃത്യമായ ഒരു തീര്‍പ്പ്‌ ഫോള്‍-ജീനോ ജനിതക പഠനങ്ങളില്‍ നിന്നും വരുമെന്നാണ് പ്രതീക്ഷികക്കുന്നത്. ടെട്രാപോഡോഫിസ് പാമ്പുകളുടെ ഭക്ഷണരീതികളുടെ പരിണാമത്തെക്കുറിച്ചും വെളിച്ചം വീശുന്നു. വലിയ ഇരയെ പിടികൂടുന്നതിനായി ഇരയെ വിഴുങ്ങാൻ വായുടെ വലിപ്പം വികസിപ്പിക്കാൻ അനുവദിക്കുന്ന ഇൻട്രാമാണ്ടിബുലാർ ജോയിന്റും നഖം പോലുള്ള പല്ലുകളും ഉൾപ്പെടെ മാംസഭോജികൾക്കായുള്ള അഡാപ്റ്റേഷനുകൾ ടെട്രപോഡോഫിസ് പ്രദർശിപ്പിക്കുന്നു. പാമ്പുകൾ അവരുടെ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ മാംസഭോജികളിലേക്ക് പരിവർത്തനം ചെയ്തുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പാമ്പുകളുടെ പോലെയുള്ള സഞ്ചാരരീതികള്‍ക്ക് അനുസൃതമായ നട്ടെല്ലുകള്‍ തന്നെയായിരുന്നു അവയ്ക്കും.

പാമ്പുകളുടെ ഭൂമിശാസ്ത്രപരമായ ഉത്ഭവവും ടെട്രപോഡോഫിസ് സൂചിപ്പിക്കുന്നു. ഇഗ്വാനിയ, അങ്കിമോർഫ, ആധുനിക പാമ്പുകളുടെ ഗ്രൂപ്പ് ആയ സെര്‍പെന്‍റെസ് എന്നിവ ചേര്‍ന്നതാണ് ടോക്സികോഫെറ. ആദ്യകാല ഇഗ്വാനിയൻ, ആംഗുയിമോർഫ് ഫോസിലുകൾ ലോറേഷ്യയിൽ നിന്നുമാണ് കണ്ടെത്തുന്നത്. ടോക്സികോഫെറൻ വൈവിധ്യവൽക്കരണത്തിന്റെ കേന്ദ്രം ലോറേഷ്യയാണെന്നും പാമ്പുകളുടെ പൂർവ്വികർ ഒരുപക്ഷേ അവിടെ നിന്നാണ് ഉത്ഭവിച്ചതെന്നും ഇത് സൂചിപ്പിക്കുന്നു. ആധുനിക പാമ്പുകള്‍ നാല് കാലുള്ള ഉരഗങ്ങില്‍ നിന്നും പരിണമിക്കാന്‍ കാരണമായ പാരിസ്ഥിക-പ്രാദേശിയ കാരണങ്ങളെപ്പറ്റിയും ജൂറാസിക്കാ, ക്രിറ്റേഷ്യഷന്‍ കാലഘട്ടങ്ങളില്‍ ജീവലോകത്തിലും ഭൂമിയിലും സംഭവിച്ച മാറ്റങ്ങളെ പറ്റിയും മറ്റൊരു ലേഖനത്തില്‍ വിശദീകരിക്കാം.


അധിക വായനയ്ക്ക്

  1. Gillingham, James C.; Chambers, Jeffrey A. (1982-02-23). “Courtship and Pelvic Spur Use in the Burmese Python, Python molurus bivittatus”. Copeia. 1982 (1): 193–196. doi:10.2307/1444292. JSTOR 1444292.
  2. Carpenter, Charles C.; Murphy, James B.; Mitchell, Lyndon A. (June 1978). “Combat Bouts with Spur Use in the Madagascan Boa (Sanzinia madagascariensis)”. Herpetologica. 34 (2): 207–212. JSTOR 3891678
  3. Leal, F., & Cohn, M. (2016). Loss and Re-emergence of Legs in Snakes by Modular Evolution of Sonic hedgehog and HOXD Enhancers. Current Biology, 26(21), 2966-2973. doi:10.1016/j.cub.2016.09.020
  4. Kvon, E. Z., Kamneva, O. K., Melo, U. S., Barozzi, I., Osterwalder, M., Mannion, B. J., . . . Visel, A. (2016). Progressive Loss of Function in a Limb Enhancer during Snake Evolution. Cell, 167(3). doi:10.1016/j.cell.2016.09.028
  5. Michael W. Caldwell; Robert R. Reisz; Randall L. Nydam; Alessandro Palci; Tiago R. Simões (2016). “Tetrapodophis amplectus (Crato Formation, Lower Cretaceous, Brazil) is not a snake”. Society of Vertebrate Paleontology 76th Annual Meeting Program & Abstracts: 108.
  6. Martill, D. M., Tischlinger, H., & Longrich, N. R. (2015). A four-legged snake from the Early Cretaceous of Gondwana. Science, 349(6246), 416-419. doi:10.1126/science.aaa9208

Leave a Reply