ഡിസംബർ 11, റോബർട്ട് കോക്കിന്റെ ജന്മദിനം 

ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

ജർമ്മൻ ഭിഷഗ്വരനും സൂക്ഷജീവിശാസ്ത്രജ്ഞനുമായ (Bacteriologist) റോബർട്ട് കോക്ക് (Heinrich Hermann Robert Koch-1843 –1910), ആന്ത്രാക്സ്, ക്ഷയം, കോളറ, എന്നീ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്തി ക്ഷയരോഗത്തെ സംബന്ധിച്ച പഠനം കണക്കിലെടുത്ത് കോക്കിന് 1905 ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.

1884ൽ  ഇന്ത്യയിൽ വച്ചായിരുന്നു കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തിയത്.

കോളറ പഠനത്തിന് ജർമ്മൻ ദൗത്യ സംഘം. 

കോളറ പഠനത്തിനുള്ള ജർമ്മൻ കോളറ കമ്മീഷൻ നിയോഗിച്ച  ദൌത്യസംഘത്തിന്റെ  ഭാഗമായി കോക്ക് ആദ്യം പോയത് ഈജിപ്റ്റിലേക്കായിരുന്നു. കോക്കിനോടൊപ്പം പ്രസിദ്ധ സൂക്ഷജീവിശാസ്ത്രജ്ഞരായ ജോർഗ് ഗാഫ്ക്കി, ബെർനാർഡ് ഫിഷർ എന്നിവരുമുണ്ടായിരുന്നു. 1883 ആഗസ്റ്റ് 24 ന് കോക്ക് അലക്സാൻഡ്രിയയിലെത്തി. കോളറ രോഗബാധിതരിൽ രോഗാണു പഠനം നടത്തുകയും രോഗം വന്ന് മരണമടഞ്ഞ 10 പേരിൽ ശവപരിശോധന നടത്തുകയും ചെയ്തു. രോഗബാധിതരുടെ മലത്തിൽ പലതരത്തിലുള്ള രോഗാണുക്കളെ കണ്ടതിനാൽ കോളറക്ക് കാരണമായ രോഗാണുവേതെന്ന് കൃത്യമായി നിശ്ചയിക്കാൻ കഴിഞ്ഞില്ല. എന്നാൽ ശവപരിശോധന (Necropsy)യിൽ മിക്കവരുടെ ചെറുകുടലിലും ഒരേതരം രോഗാണുവിനെ കണ്ടെത്താൻ കഴിഞ്ഞു. ഇതായിരിക്കണം കോളറക്ക് കാരണമെന്ന നിഗമനത്തിൽ കോക്കും സഹപ്രവർത്തകരും എത്തിചേരുന്നു. എന്നാൽ രോഗണുവിനെ ഒരു കൾച്ചർ മാധ്യമത്തിൽ വളർത്തിയെടുക്കാൻ കോക്കിന് കഴിഞ്ഞില്ല. മാത്രമല്ല കുരങ്ങ, പട്ടി, എലി എന്നീ മൃഗങ്ങളിലേക്ക് രോഗാണുസംക്രമണം നടത്തുന്നതിലും പരാജയപ്പെട്ടു.

കോക്കും സഹപ്രവർത്തകരും അലക്സാണ്ട്രിയയിലെത്തിയ സമയത്ത് ഒരു നാലംഗ ഫ്രഞ്ച് കോളറ പഠന സംഘം ലൂ‍യി പാസ്റ്ററുടെ നിർദ്ദേശപ്രകാരം  ഈജിപ്റ്റിലെത്തിയിരുന്നു. ഇവരും ജർമ്മൻ ദൌത്യസംഘത്തെപോലെ മരിച്ചവരുടെ ശരീരത്തിൽ കോളറക്ക് കാരണമാവാമെന്ന് സംശയിക്കാവുന്ന രോഗാണു കണ്ടെത്തി.  ഗിനിപന്നി, മുയൽ, എലി, കോഴി, പ്രാവ്, എന്നിവയിലേക്ക് രോഗാണു പരത്താൻ ശ്രമിച്ചെങ്കിലും അതിൽ  അവർ വിജയിച്ചില്ല. അതിനിടെ ഫ്രഞ്ച് ടീമിന് ഒരു ദുരന്തത്തെ നേരിടേണ്ടി വന്നു. ദൌത്യസംഘത്തിലെ അംഗമായിരുന്ന പ്രസിദ്ധ ജീവശാസ്ത്രജ്ഞൻ ലൂയി തുള്ളിയർ. (Louis Thuillier 1856 –1883)  കോളറ ബാധിച്ചതിനെ തുടർന്ന്  രണ്ട് ദിവസത്തിന് ശേഷം തന്റെ 27 മത്തെ വയസ്സിൽ മരണമടഞ്ഞു. ഒക്ടോബർ 7 ന് ഫ്രഞ്ച് സംഘം നാട്ടിലേക്ക് മടങ്ങി.  തങ്ങൾ കണ്ടെത്തിയ രോഗാണു കോളറക്കുള്ള  കാരണമാണെന്ന് തെളിക്കാൻ കഴിഞ്ഞില്ലെന്ന്  അവർ പാരിസ്  ബയോളജിക്കൽ സൊസൈറ്റിയിൽ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ രക്തത്തിലുള്ള സൂക്ഷ്മവസ്തുക്കൾ ഒരു പക്ഷേ രോഗവുമായി ബന്ധമുള്ളതാവാമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ രക്തത്തിലുള്ള ബിംബാണുക്കളാണ് (Platelets) ഇവയെന്ന് കോക്ക് പിന്നീട് വ്യക്തമാക്കി.

ഈജിപ്തിൽ രോഗം നിയന്ത്രണ വിധേയമാണെന്ന് കണ്ട കോക്ക്  ബ്രിട്ടീഷ് അധികൃതരുടെ നിർദ്ദേശ പ്രകാരം അക്കാലത്ത് കോളറ പടർന്ന് പിടിച്ചിരുന്ന ഇന്ത്യയിൽ 1883 ഡിസംബർ13-നെത്തി. 1884 വരെ പഠനം നടത്തി. കോളറ ബാധിച്ചവരുടെ ശവശരീരത്തിൽ ഒരേതരത്തിലുള്ള രോഗാണുവിനെ കണ്ടെത്തിയ  കോക്ക് കോളറക്ക് കാരണമായ രോഗാണു അവതന്നെയെന്ന് സ്ഥിരീകരിച്ചു. രോഗാണുവിനെ വേർതിരിച്ച്  വളർത്തിയെടുക്കുന്നതിലും (കൾച്ചർ ചെയ്തെടുക്കുന്നതിലും) കോക്ക് വിജയിച്ചു.

അക്കാലത്ത് കോളറ വ്യാപനം രൂക്ഷമായിരുന്നത് കൽക്കട്ടായിൽ  കോക്ക്  എത്തി.  അവിടെയുള്ള ഒരു വാട്ടർ ടാങ്കിലെ മലിനീകരിക്കപ്പെട്ട വെള്ളത്തിൽ നിന്നാണ് കോക്ക് കോളറക്ക് കാരണമായ ബാക്ടീരിയ വേർതിരിച്ചെടുത്തത്. മറ്റ് ബാക്ടീരിയകൾ  പോലെ നേരെയുള്ള ദണ്ഡു പോലെയല്ല  കോമയുടെ രൂപത്തിലാണ് കോളറ ബാക്ടീരിയയുടെ ഘടനയെന്ന് കോക്ക് വിശദീകരിച്ചു.
മറ്റ് കാരണങ്ങൾ മൂലമുള്ള വയറിളക്ക രോഗികളിൽ കോളറ ബാക്ടീരിയ കാണില്ലെന്നും കോളറ രോഗികളുടെ  സവിശേഷമായ കഞ്ഞിവെള്ള അമേദ്യത്തിൽ (Rice Water Stool) നിന്നും രോഗാണുവിനെ കണ്ടെത്താൻ കഴിയുമെന്നും കോക്ക് വ്യക്തമാക്കി. മൃഗങ്ങളിൽ രോഗാണുവിനെ ഉപയോഗിച്ച് രോഗമുണ്ടാക്കാനുള്ള ശ്രമത്തിൽ കോക്ക് വിജയിച്ചില്ല.  കോളറ രോഗാണു മൃഗങ്ങളിൽ രോഗത്തിന് കാരണമാവില്ലെന്ന് കോക്ക് സിദ്ധാന്തിച്ചു. കോളറ രോഗാണു നനഞ്ഞ തുണിയിലും ഈർപ്പമുള്ള മണ്ണിലും വളർന്ന് പെരുകുമെന്നും തണുപ്പ് മാറുമ്പോഴും നേർപ്പിച്ച ആസിഡിലും നശിക്കുമെന്നും കോക്ക് കണ്ടെത്തി. കൽക്കട്ടയിലെ ഗ്രാൻഡ് മെഡിക്കൽ കോളേജിലെ ലാബറട്ടറിയിലാണ് കോക്ക് പരിശോധനങ്ങൾ നടത്തിയത്. ഇതിനകം കോക്ക് ഈജിപ്റ്റിലും ഇന്ത്യയിലുമായി 40 കോളറ രോഗികളെ പരിശോധിക്കയും മരണമടഞ്ഞ 52 പേരിൽ ശവപരിശോധന നടത്തുകയും ചെയ്തിരുന്നു. 1884 ജനുവരി 7 നും ഫെബ്രുവരി 2 നും ജർമ്മൻ സർക്കാരിനയച്ച സന്ദേശങ്ങളിൽ കോക്ക് കോളറ രോഗാണുവിനെ കണ്ടെത്തിയ വിവരം സ്ഥിരീകരിച്ച് റിപ്പോർട്ട് ചെയ്തു. മാർച്ച 4 ന് അയച്ച സന്ദേശത്തിൽ കടുത്ത ചൂടുമൂലം ദൌത്യസംഘം ബർളിനിലേക്ക് മടങ്ങുകയാണെന്ന് കോക്ക്  ജർമ്മൻ സർക്കാരിനെ അറിയിച്ചു.

എതിർപ്പുകളുടെയും അംഗീകാരങ്ങളുടെയും മധ്യത്തിലേക്ക്

1884 മെയ് 2 ന് ബർലിനിൽ തിരികെ എത്തിയ കോക്കിനും സഹപ്രവർത്തകർക്കും ദേശീയ ഹീറോകൾക്കുള്ള സ്വീകരണമാണ് ലഭിച്ചത് ജർമ്മൻ രാജകുമാരനിൽ നിന്നും ഓർഡർ ഓഫ് ത്രോൺ, കൈസറുടെ അർദ്ധകായ പ്രതിമയും തുടങ്ങിയ  ബഹുമതികൾ  ജർമ്മൻ രാജകുമാരൻ കോക്കിന് സമ്മാനിച്ചു. കോക്കിന്റെ ഈജിപ്ത് ഇന്ത്യൻ കോളറ പഠന സന്ദർശന കാലത്ത് കോളറ രോഗത്തിന്റെ കാരണം, പകർച്ചാരീതി തുടങ്ങിയവയെ സംബന്ധിച്ച് സാർവദേശീയ തലത്തിൽ വലിയ സംവാദം നടന്നു വരികയായിരുന്നു. ഏകതാന നാവിക ക്വാറന്റൈൻ ചട്ടങ്ങൾ ആവിഷ്കരിക്കുന്നതിനായി 1874 ൽ 21 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത നാലാമത് അന്തരാഷ്ട്ര ശുചിത്വ സമ്മേളനത്തിൽ (International Sanitary Conference) ചുറ്റുമുള്ള വായുവാണ് കോളറ  ഹേതുവിന് കാരണമെന്ന് ഐക്യകണ്ഡ്യേന  തീരുമാനിക്കുകയുണ്ടായി. 1884 ജൂലൈ 26 ന് ബർലിനിൽ കോളറ രോഗത്തെ സംബന്ധിച്ച് ചർച്ചചെയ്യാൻ വിളിച്ച് കൂ‍ട്ടിയ സമ്മേളനത്തിൽ നിരവധി വൈദ്യശാസ്ത്രജ്ഞർ പങ്കെടുത്തു സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന കോക്ക് തന്റെ ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചു. പ്രസിദ്ധ പത്തോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ റഡോൾഫ് വിർക്കോ (Rudolf Ludwig Carl Virchow  13 October 1821 – 5 September 1902) കോക്കിന്റെ നിഗമനങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്ന് വാദിച്ചു. ജർമ്മനിയിലും ഫ്രാൻസിലും കോക്കിന്റെ കണ്ടെത്തലുകൾക്ക് സമ്മിശ്രം പ്രതികരണമാണ് ലഭിച്ചത്. എന്നാൽ അനുകൂലികളെക്കാളേറെ പേർ കടുത്ത എതിരഭിപ്രായമാണ് പ്രകടിപ്പിച്ചത്. ലെ പ്രാക്ടിഷ്യൻ എന്ന  പ്രസിദ്ധ ഫ്രഞ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പ്രധാന ലേഖനത്തിൽ പ്രശസ്ത സൂക്ഷ്മാണു വേട്ടക്കാരൻ തികച്ചും തെറ്റായ പാതയിലൂടെയാണ് നീങ്ങിയതെന്നും തനിക്ക് ലഭിച്ച  ഒരു കീർത്തിമുദ്രകൾ കോക്ക് തിരികെ നൽകണമെന്നും എഴുതി. കോക്കിനെ വിമർശിക്കുന്നതോടൊപ്പം  വെള്ളത്തിലൂടെ രോഗം പരക്കുമെന്ന നിഗമനത്തെയും  ലേഖകൻ തിരസ്കരിച്ചു.

പ്രസിദ്ധ ബവേറിയൻ ശുചിത്വശാസ്ത്രജ്ഞൻ  മാക്സ് പെറ്റെൻ കോഫർ  (Max Joseph Pettenkofer 1818 –1901)   ആവിഷ്കരിച്ച രോഗാണുക്കളല്ല ഭൂഗർഭ ജലമാണ് കോളറക്ക് കാരണമെന്ന സിദ്ധാന്തമാണ് പൊതുവിൽ ജർമ്മനിയിൽ അംഗീകരിക്കപ്പെട്ടത്. എന്നാൽ കോക്കിന്റെ നിഗമനങ്ങൾ ഏറ്റവും ശക്തമായി തിരസ്കരിച്ചത് രണ്ട് ശാസ്ത്രജ്ഞരും ഒരു ടെക്ക്നിഷ്യനുമടങ്ങിയ ബ്രിട്ടീഷ് സംഘമായിരുന്നു. കൽക്കട്ടായിലെത്തി കോവിഡിന്റെ  നിരീക്ഷണങ്ങൾ പഠനവിധേയമാക്കിയ ബ്രിട്ടീഷ് സംഘം പെറ്റെൻ കോഫറിന്റെ അഭിപ്രായമാണ് ശരിയെന്നും കുടിവെള്ളത്തിലൂടെ കോളറവ്യാപിക്കില്ലെന്നുമുള്ള റിപ്പോർട്ട് സമർപ്പിച്ചു  ഇവരുടെ റിപ്പോർട്ട് പഠിക്കുന്നതിനായി ഇന്ത്യയിലെ ബ്രിട്ടീഷ് സ്റ്റേറ്റ് സെക്രട്ടറി 13 പ്രമുഖ ഭിഷഗ്വരന്മാരടങ്ങിയ മറ്റൊരു കമ്മറ്റിയെ നിയോഗിച്ചു. ഇവരും ബ്രിട്ടീഷ് സംഘത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയും കോക്കിന്റെ പരീക്ഷണങ്ങൾ വൻ പരാജയമായിരുന്നുവെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കോക്ക് ജർമൻ പ്രതിനിധിയായിരുന്ന 28 രാജ്യങ്ങളുടെ ജനപ്രതിനിധികൾ   പങ്കെടുത്ത 1885 ലെ  ആറാമത്  അന്തരാഷ്ട്ര ശുചിത്വ സമ്മേളനത്തിൽ കോളറ രോഗത്തിന്റെ ഉറവിടത്തെ സംബന്ധികുള്ള എല്ലാ ചർച്ചകളും  ബ്രിട്ടീഷ് പ്രതിനിധി തടസ്സപ്പെടുത്തുകയാണുണ്ടായത്.

ഫിലിപ്പോ പസീനിയുടെ സംഭാവന

ഇറ്റാലിയൻ ശരീരശാസ്‌ത്രജ്ഞൻ  (Anatomist) ഫിലിപ്പോ പസീനി (Filippo Pacini 1812 –  1883) കോളറ രോഗാണുവിനെ 1854 ൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. 1846-63 ലെ കോളറ മഹാമരിക്കാലത്ത് ഫ്ലോറൻസിലെ 1854 ൽ രോഗമെത്തിയപ്പോഴാണ് പസീനി കോളറ പഠനത്തിലേർപ്പെട്ടത്. കോളറ മൂലം മരണമടഞ്ഞ രോഗികളുടെ കുടൽ സ്തരത്തിൽ നിന്നാണ് പസീനി രോഗാണുവിനെ കണ്ടെത്തിയത്.   ക്ലോറിജെനിക്ക് വിബ്രിയോസ്  (Cholerigenic Vibrios) എന്ന് പസീനി രോഗാണുവിന് പേരിടുകയും ചെയ്തിരുന്നു. എന്നാൽ ഈ വിവരം കോക്ക് അടക്കം ശാസ്ത്രലോകം അറിഞ്ഞിരുന്നില്ല. കോളറ ബാക്ടീരിയയെ സംബന്ധിച്ച് തന്റെ നിരീക്ഷണം പ്ലസീനി  വൈദ്യശാസ്ത്ര ജേർണലുകളിൽ ആവർത്തിച്ച് പ്രസിദ്ധീകരിച്ചെങ്കിലും അക്കാലത്തെ ശാസ്ത്രലോകം പസീനിയുടെ കണ്ടെത്തൽ അംഗീകരിക്കാൻ വിസമ്മതിച്ചു.   പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങൾക്ക് കാരണം മനുഷ്യശരീരത്തിന് ഹാനികരമായ ദുഷിച്ച വായുവാണെന്ന് മിയാസ്മ സിദ്ധാന്തമായിരുന്നു (Miasma Theory of Disease),  അക്കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്നത്.  .  ത്വക്കിൽ നാഡിതന്തുക്കളുടെ അറ്റത്ത് കമ്പനത്തോടും (Vibration) സമ്മർദ്ദത്തോടും (Pressure)  സവേദിക്കുന്ന  സൂക്ഷ്മ  സ്‌പർശനേന്ദ്രിയം (Sensory Organ)  കണ്ടെത്തിയത് വഴിയാണ് പസീനി പ്രസിദ്ധനായത്. 1840 ൽ തന്റെ പഠനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നാഡീതന്തു സ്പർശനേന്ദ്രിയം പസീനിയൻ കോർപ്പസിൽ  (Pacinian Corpuscles) എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.. കോക്കും സഹപ്രവർത്തകരും കോളറ പഠനത്തിനായി  ഈജിപ്തിൽ  1883  ആഗസ്റ്റിൽ എത്തുമ്പോഴേക്കും അതേ വർഷം  ജൂലൈ 9 ന്  പസീനി മരണമടഞ്ഞിരുന്നു. പസീനിക്ക് പുറമേ സ്പെയിൻ കാരനായ ജ്വാക്വിം ബാൽ സെത്സ് (Joaquim Balcells) 1854 ലും പോർച്ചുഗീസുകാരായ രണ്ട് ശാസ്ത്രജ്ഞർ (António Augusto da Costa Simões, José Ferreira de Macedo Pinto) 1856 ലും കോളറ രോഗാണുവിനെ കണ്ടെത്തിയിരുന്നതായി കരുതപ്പെടുന്നുണ്ട്.

1882 ൽ ക്ഷയരോഗാണു കണ്ടെത്തിയത് വഴി അതിനകം പ്രസിദ്ധനായ കോക്ക് കോളറ രോഗാണുവിനെ സംബന്ധിച്ചുള്ള തന്റെ കണ്ടെത്തലുകൾ ബർലിനിലെ കോളറ കമ്മീഷനു (Cholera Commission of the Imperial Health Office) മുന്നിൽ 1884 ൽ അവതരിപ്പിച്ചു. കമ്മീഷൻ കോക്കിനെ അഭിനന്ദിച്ചെങ്കിലും പസീനിയുടെ സംഭാവന കൂടി അംഗീകരിച്ചു.  1965 ൽ അന്തരാഷ്ട്ര  സൂക്ഷജീവി നാമകരണ കമ്മറ്റി (international Committee on Bacteriological Nomenclature) പസീനിയുടെ കണ്ടെത്തലിന് പ്രാമുഖ്യം നൽകി കോളറ രോഗാണുവിന് വിബ്രിയോ കോളറ പസീനി 1854 (Vibrio cholera Pacini 1854) എന്ന് നാമകരണം ചെയ്തു. അങ്ങനെ 82 വർഷങ്ങൾക്ക് ശേഷം കോളറ കണ്ടെത്തിയതിന്  മരണശേഷമെങ്കിലും പസീനിക്ക് അംഗീകാരം ലഭിച്ചു.  പസീനിയാണ് ആദ്യമായി കോളറരോഗാണുവിനെ  കാരണമായ കണ്ടെത്തിയതെങ്കിലും രോഗികളെ പരിശോധിച്ചും, ശവപരിശോധന നടത്തിയും രോഗാണുവിനെ കൾച്ചർ ചെയ്തും തികച്ചും ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് കോക്ക് തന്റെ നിഗമനത്തിലെത്തിയത്.  കോളറ രോഗാണുവിന്റെ കണ്ടെത്തുക മാത്രമല്ല കോളറ രോഗാണുവിന്റെ പരിസ്ഥിതിയിലെ സാന്നിധ്യവും രോഗ വ്യാപനത്തിന്റെ രീതികളുമെല്ലാം  വ്യക്തമാക്കിയതും  കോക്കായിരുന്നു എന്നത് അംഗീകരിക്കേണ്ടതുണ്ട്. . അന്ന് ശാസ്ത്രലോകത്ത് മേധാവിത്വം വഹിച്ചിരുന്ന  ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമ്മൻ  ശാസ്ത്രജ്ഞരുമായി നിരന്തരം ഏറ്റുമുട്ടിയാണ് കോളറയുമായി ബന്ധപ്പെട്ട  ശാസ്തീയതത്വങ്ങൾ  കോക്ക് അംഗീകരിപ്പിച്ചെടുത്തതെന്നതും പരിഗണിക്കേണ്ടതുണ്ട്.

കോക്കിന്റെ മറ്റ് സംഭാവനകൾ 

1866 ൽ ഗോട്ടിഗൻ സർവകലാശാലയിൽ നിന്നും ഉന്നത നിലയിൽ മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ കോക്ക് ജർമ്മൻ സർക്കാരിന് കീഴിൽ പ്രഷ്യൻ പകർച്ചവ്യാധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ  (Prussian Institute for Infectious Diseases) എന്ന നിലയിലടക്കം നിരവധി ചുമതലകൾ നിർവഹിച്ചു.  പകർച്ചവ്യാധി ഗവേഷണത്തിൽ താത്പരനായ കോക്ക് സൂക്ഷ്മാണുക്കൾ വളർത്തിയെടുക്കുന്നതിനുള്ള അഗർ ജെൽ മാധ്യമം (Culture) വികസിപ്പിച്ചെടുത്തു.

പകർച്ചവ്യാധികൾ ഏതെങ്കിലും ഒരു പ്രത്യേക രോഗാണു കാരണം ഉണ്ടാവുന്നതെന്ന് മനസ്സിലാക്കാൻ കോക്ക് ജർമ്മൻ സൂക്ഷ്മജീവി ശാസ്ത്രജ്ഞൻ ഫെഡ്രറിക്ക് ലോഫ്ലറുമായി  ചേർന്ന് (Friedrich August Johannes Loeffler 1852–1915) വികസിപ്പിച്ചെടുത്ത നാലു ഉപാധികൾ കോക്ക് സങ്കല്പനങ്ങൾ അഥവാ നിയമങ്ങൾ (Koch’s Postulates) എന്നാണറിയപ്പെടുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള രോഗാണു സിദ്ധാന്തത്തിന്റെ പ്രയോക്താക്കളിലൊരാളായ ഫെഡറിക്ക് ഹെൻലി (Friedrich Gustav Jakob Henle  1809 –1885) മ്യുടെ നിരീക്ഷണങ്ങൾ കൂടി പരിഗണിച്ചാണ് കോക്ക് സങ്കല്പനങ്ങൾ ആവിഷ്കരിക്കപ്പെട്ടത്.

  1. രോഗികളിൽ രോഗാണുവിന്റെ സാന്നിധ്യം  എപ്പോഴും ഉണ്ടായിരിക്കണം രോഗമില്ലാത്തവരിൽ പ്രസ്തുത രോഗാണു ഉണ്ടാവാൻ പാടില്ല.
  2. രോഗാണു രോഗിയിൽ നിന്നും  വേർതിരിച്ചെടുത്ത്  ഉചിതമായ മാധ്യമത്തിൽ (കൾച്ചറിൽ) വളർത്തിയെടുക്കാൻ കഴിയണം
  3. മാധ്യമത്തിൽ വളർത്തിയെടുത്ത  രോഗാണുക്കൾ ആരോഗ്യമുള്ള മനുഷ്യരിലോ മൃഗങ്ങളിലോ അതേ രോഗം ഉണ്ടാക്കിയിരിക്കണം
  4. ഇങ്ങനെ രോഗമുണ്ടാക്കിയ  മൃഗത്തിൽ നിന്നുമുള്ള രോഗാണു ആദ്യത്തെ രോഗാണു തന്നെയായിരിക്കണം.

എന്നാൽ ഇതിൽ പല ഉപാധികളും ചില പകർച്ചവ്യാധികൾക്ക് ബാധകമല്ലെന്ന് കോക്കിന് തന്നെ ബോധ്യമായിരുന്നു. ഒന്നാം നിയമത്തിന് അപവാദമെന്ന നിലയിൽ രോഗലക്ഷണമില്ലാതെ  കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ കാണാൻ കഴിഞ്ഞു.  വൈറസ് പോലുള്ള രോഗാണുക്കൾ ആതിഥേയ കോശങ്ങളിലല്ലാതെ സാധാരണ മാധ്യമങ്ങളിൽ വളർത്തിയെടുക്കാൻ കഴിയില്ല. കോളറയടക്കമുള്ള പലരോഗാണുക്കളും മൃഗങ്ങളിൽ രോഗമുണ്ടാക്കിയതുമില്ല. എയ്ഡ്സിന് കാരണമായ എച്ച് ഐ വി വൈറസുകളും  കാൻസറിന് കാരണമായ ഓങ്കോവൈറസുകളും കോക്ക് നിയമങ്ങൾ പിന്തുടരുന്നില്ല. കോക്ക് നിയമങ്ങൾ ആധുനിക വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച ബ്രിട്ടീഷ് രോഗവ്യാപന ശാസ്ത്രജ്ഞൻ  ഓസ്റ്റിൻ ബ്രാഡ് ഫോർഡ് ഹിൽ  (Austin Bradford Hill 1897 –1991) ആവിഷ്കരിച്ച പത്ത്  മാനദണ്ഡങ്ങൾ അടങ്ങിയ  ബ്രാഡ്ഫോർഡ് ഹിൽ  (Bradford Hill criteria) പ്രമാണങ്ങളാണ് നിരീക്ഷിക്കപ്പെടുന്ന പ്രഭാവവും അതിനായി ഊഹിക്കപ്പെടുന്ന കാരണവും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാനായി ഇപ്പോൾ പ്രയോഗിച്ച് വരുന്നത്.

പകർച്ചവ്യാധി ഗവേഷണം തുടർന്ന് കോക്ക് 1876 ൽ ആന്ത്രാക്സിന് കാരണമായ ബാസിലസ് ആന്ത്രാസിസും (Bacillus anthracis)  1882 ൽ ക്ഷയരോഗത്തിന് കാരണമായ മൈക്കോബാക്ടീരിയം ടൂബർക്കുലോസിസും  (Mycobacterium tuberculosis) കണ്ടെത്തി. ക്ഷയരോഗ ചികിത്സക്കായി കോക്ക് ആവിഷ്കരിച്ച ട്യൂബർകുലിൻ (Tuberculin),ഫലപ്രദമല്ലെന്ന് കണ്ടത് വലിയവിവാദത്തിന് കാരണമയെങ്കിലും പിന്നീട് ക്ഷയരോഗ രോഗനിർണ്ണയത്തിനുള്ള ടെസ്റ്റായി ഉപയോഗിച്ച് തുടങ്ങി.

സാമൂഹ്യ രോഗപ്രതിരോധത്തെ  (Herd Immunity) സംബന്ധിച്ച നിരീക്ഷണങ്ങൾ ആദ്യമായി മുന്നോട്ട് വച്ചത് കോക്കായിരുന്നു. 1900 ഡിസംബർ 26 ന് ജർമ്മൻ ന്യൂഗിനിയയിലെത്തിയ കോക്ക് അവിടത്തെ ആദിവാസികളായ പപ്പുവൻ ജനവിഭാഗത്തിൽ പെട്ടവരുടെ രക്തത്തിൽ മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം പാരസൈറ്റുകളുണ്ടെങ്കിലും അവർക്ക് കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് കാണാൻ കഴിഞ്ഞു.. അതേയവസരത്തിൽ അവിടെയെത്തിയ ജർമ്മൻ കുടിയേറ്റക്കാരും ചൈനീസ് തൊഴിലാളികളും അതിവേഗം മലേറിയക്ക് വിധേയരാവുന്നത് കാണാനും കഴിഞ്ഞു. ദീർഘകാലമായി അവിടെ താമസം തുടരുന്നവർ രോഗ പ്രതിരോധമുള്ളവരായി മാറുന്നതും കോക്കിന്റെ ശ്രദ്ധയിൽ പെട്ടു.  ഇതിൽ നിന്നാണ് സാമൂഹ്യ രോഗപ്രതിരോധം എന്ന പ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്  കോക്കിന് കഴിഞ്ഞത്.

1910 ഏപ്രിൽ 9 നു കടുത്ത ഹൃദയാഘാതം ഉണ്ടായെങ്കിലും അതവഗണിച്ച്  പ്രഷ്യൻ സയൻസ് അക്കാദമിയിൽ തന്റെ ക്ഷയരോഗ ഗവേഷണത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തിയതിന്റെ മൂന്നാം ദിവസം മെയ് 27 ന് കോക്ക് നിര്യാതനായി.


റോബർട്ട് കോച്ച് -നൂറിലേറെ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ അദ്ദേഹത്തിന്റെ ചിത്രം അച്ചടിക്കപ്പെട്ടു.

Leave a Reply