Read Time:13 Minute
ക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള കാലാവസ്ഥാ ഉച്ചകോടിയുടെ (UNFCCC) ഇരുപത്തിയെട്ടാമത് സമ്മേളനം (COP-28) ദുബായില എക്സ്പോസിറ്റിയിൽ 2023 നവംബർ30 മുതൽ ഡിസംബർ 12 വരെയുള്ള ദിവസങ്ങളിൽ നടക്കുകയാണ്. സമ്മേളത്തിൽ ഇരുന്നൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമായും നാലു കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ഉച്ചകോടി എന്ന നിലയിലാണ് COP-28 ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.
  1. ആഗോളതാപനം വ്യവസായ വിപ്ലവ പൂർവകാല ശരാശരിയിൽ നിന്നും1.5 °C വർധനവിൽ പരിമിതപ്പെടുത്താൻ കഴിയുംവിധം കാർബൺ ഉത്സർജനം കുറച്ചു കൊണ്ടുവരാനുള്ള നടപടികൾ ഊർജിതമാക്കുക. ഈ ദിശയിൽ ബദൽ ഊർജ സ്രോതസ്സുകൾ വികസിപ്പിച്ച് ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാൻ ഒരോ രാഷ്ട്രവും പാരീസ് സമ്മേളനത്തിൽ മുന്നോട്ടു വെച്ച സ്വയം പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രമാത്രം കൈവരിച്ചു എന്നു വിലയിരുത്തുക.
  2. അവികസിത,വികസ്വര രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ ദുരന്ത ലഘൂകരണത്തിനും ജീവൽ പ്രശ്നപരിഹാരങ്ങൾക്കും പാരീസ് കൺവെൻഷൻ തീരുമാനപ്രകാരമുള്ള ധനികരാഷ്ട്രങ്ങളുടെ സഹായ വാഗ്ദാനങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച വിലയിരുത്തൽ. അതോടൊപ്പം തന്നെ അവർക്ക് ബദൽ ഊർജ സ്രോതസ്സുകൾ വികസിപ്പിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യാസഹായങ്ങൾ നൽകാനുള്ള നടപടികൾ കൈക്കൊള്ളുന്നതു സംബന്ധിച്ച അവലോകനം.
  3. പ്രകൃതിയെയും ജനങ്ങളെയും പ്രത്യേകിച്ച് പാർശ്വവൽകൃത ജനങ്ങളെയും കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള കാലാവസ്ഥാദുരന്ത ലഘൂകരണം അനുകൂലനം ജീവൽപ്രശ്നപരിഹാരങ്ങൾ എന്നിവ സംബന്ധിച്ച ആലോചനകളും നടപടികളും.
  4. തദ്ദേശീയ(indigenous) ജനവിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള ചർച്ചകളുടെയും തീരുമാനങ്ങളുടെയും വേദിയായി സമ്മേളനത്തെ മാറ്റുക.

സമ്മേളന പശ്ചാത്തലം

ഇതേവരെ രേഖപ്പെടുത്തപ്പെട്ട അന്തരീക്ഷതാപനിലയിൽ ഏറ്റവും ഉയർന്ന താപനിലയിലേക്കാണ് 2023 എത്തിനിൽക്കുന്നത്. ഒക്ടോബർ മാസത്തെ അന്തരീക്ഷതാപനില 1800-കളുടെ അവസാന വർഷങ്ങളിലെ ശരാശരിയേക്കാൾ 1.7°C വർധനവിലെത്തിയെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2023 വർഷം ആഗോളതലത്തിൽ രേഖപ്പെടുത്തപ്പെട്ടതിൽ വെച്ചേറ്റവും ഉയർന്ന അന്തരീക്ഷതാപനിലയിലെത്തിയ വർഷമാണെന്നും അത് വ്യവസായ വിപ്ലവ പൂർവകാലത്തേതിൽ നിന്ന് 1.2°C വർധനവിലെത്തിയിരിക്കുകയാണെന്നുമാണ് നീരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഈ അവസ്ഥ കാലാവസ്ഥാ ദുരന്തങ്ങളുടെ തീവ്രത അതിന്റെ എല്ലാ റെക്കോർഡുകളും ഭേദിക്കുന്ന ഒരു ചരിത്ര സന്ദർത്തിലേക്ക് നാമെത്തിപ്പെടുകയാണ് എന്നതിന്റെ സൂചന കൂടിയാണ്. ഈ വർഷത്തെ ഉയർന്ന താപനം ആയിരക്കണക്കിനാളുകളുടെ മരണത്തിനും അതിലേറെ ജനങ്ങളുടെ ജീവസന്ധാരണ മാർഗ്ഗങ്ങളുടെ തകർച്ചകൾക്കും കാരണമായിത്തീർന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെയാണ് പാരീസ് ഉടമ്പടി ഒരു കാലാവസ്ഥാഉടമ്പടി എന്നതിനപ്പുറം ഒരു മനുഷ്യാവകാശ ഉടമ്പടി കൂടിയാണെന്ന് ഇംപീരിയൽ കോളേജ് ഓഫ് ലണ്ടനിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഫ്റെഡറിക് ഓട്ടോയെപ്പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിനാൽത്തന്നെ ഉടമ്പടിയുടെ ലംഘനം മനുഷ്യാവകാശ ലംഘനമെന്ന നിലയിൽത്തന്നെ കാണേണ്ടതുണ്ടെന്നുമാണ് അവർ അഭിപ്രായപ്പെടുന്നത്.

COP-27-ൽ നിന്ന് COP-28-ലെത്തുമ്പോൾ

കാലാവസ്ഥാ ദുരന്തത്തിനടിമപ്പെടുന്ന ദരിദ്ര രാഷ്ട്രങ്ങൾക്ക് സഹായമെത്തിക്കാൻ ആഗോളതലത്തിലുള്ള ഒരു പൊതുഫണ്ട് (Loss and damage fund) സമാഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളാനുള്ള ഒരു തീരുമാനമായിരുന്നു ഈജിപ്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്ന COP-27 ലെ സുപ്രധാന നേട്ടമായി വിലയിരുത്തപ്പെട്ടത്. ഇതേവരെയുണ്ടായ സുപ്രധാനമെന്നു വിശേഷിപ്പിക്കപ്പെട്ട പല തീരുമാനങ്ങളും നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല അമേരിക്കയുൾപ്പെടെയുള്ള ധനികരാഷ്ട്രങ്ങൾ പലതും കരാർ പാലിക്കാതിരിക്കുകയോ കരാറിൽ നിന്ന് ദുർബലമായ ചില കാരണങ്ങൾ മുന്നോട്ട് വെച്ച് പിൻമാറുകയോ ചെയ്യുന്ന ചരിത്രമാണ് കാലാവസ്ഥാ ഉച്ചകോടികൾക്കുള്ളത്. ഇതിന്റെ നല്ല ഉദാഹരണങ്ങളാണ് ക്യോട്ടോ പ്രോട്ടക്കോളിൽ നിന്ന് ജോർജ് ബുഷിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അമേരിക്കയുടെ പിൻമാറ്റവും റൊണാൾഡ് ട്രംമ്പിന്റെ നേതൃത്വത്തിൽ അമേരിക്കയുടെ പാരീസ് ഉടമ്പടിയിൽ നിന്നുള്ള പിൻമാറ്റവും. ഗ്ലാസ്ഗോ ഉച്ചകോടിയിയിൽ രൂപപ്പെട്ട കരാർ വ്യവസ്ഥകളിൽ കൽക്കരിയുടെ ഉപയോഗം കുറയ്ക്കുക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ വികസ്വര രാഷ്ട്രങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ് എന്ന വസ്തുത ചൂണ്ടിക്കാണിച്ച് ചൈനയും ഇന്ത്യയും ഉയർത്തിയ വിയോജിപ്പ് കാരണം ഉച്ചകോടി മുൻ നിശ്ചയിച്ചതിൽ നിന്നും ഒരു ദിവസം കൂടി നീട്ടേണ്ടിവരികയുമുണ്ടായി.

കൽക്കരിയുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചുള്ള വ്യവസ്ഥകളുടെ ഗൗരവ സ്വഭാവമോ പരാമർശമോ പെട്രോളിയം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ധനികരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാവാത്തത് ഫോസിൽ കുത്തകകമ്പനികളുടെ താല്പര്യം സംരക്ഷിക്കാനാണെന്ന ഒരു വിമർശനവും ഉയർത്തപ്പെടുകയുണ്ടായി. ഈ ഒരു വിഷയം കൂടി COP-28 ന്റെ അജണ്ടയിൽ ഉൾച്ചേർത്തത് ഗ്ലാസ്ഗോ ഉച്ചകോടിയുടെ അധ്യക്ഷനായിരുന്ന ആലോക് ശർമ സ്വാഗതം ചെയ്തതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.

ഇത് COP-28 ലെ ചർച്ചകളിൽ വികസിത രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കുമിടയിലെ ഒരു തർക്കവിഷയമായി മാറാനുള്ള സാധ്യതയുമുണ്ട്.

ഈജിപ്തിലെ ഷാറം എൽ ഷെയ്ഖിൽ ഒരു പൊതുഫണ്ട് (Loss and damage fund)എന്ന ആശയം അംഗീകരിക്കപ്പെട്ടുവെങ്കിലും ഓരോ വർഷവും രാഷ്ട്രങ്ങളുടെ സ്വയം പ്രഖ്യാപിതലക്ഷ്യങ്ങൾ താപ വർധനവിനെ 1.5°C എന്ന നിലയിൽ പരിമിതപ്പെടുത്താനുതകും വിധം പുനപ്പരിശോധിച്ച് ക്രമീകരിക്കണമെന്ന ഗ്ലാസ്ഗോ തീരുമാനം ഫലപ്രദമായി നടന്നില്ല എന്നതാണു സംഭവിച്ചത്.

COP-27 ൽ യൂറോപ്യൻ യൂനിയൻ ഉയർത്തിയ ഒരു തർക്കവിഷയം പൊതുഫണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ടുന്ന രാഷ്ട്രങ്ങളെ തിട്ടപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു. നിലവിൽ ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്ന ചില രാഷ്ട്രങ്ങളെ വികസ്വര രാഷ്ട്രങ്ങൾ എന്ന നിലയിൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ബാധ്യതയിൽ നിന്നൊഴിവാക്കുന്നത് ശരിയല്ല എന്ന ഒരു വാദമാണവർ മുന്നോട്ടു വെച്ചത്. ഈ വാദം വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്ന് ചൈനയെയും സൗദി അറേബിയയെയും ഒഴിവാക്കി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് എന്നതിനാൽ പ്രതിഷേധാർഹമാണെന്ന നിലപാടിൽ മൂന്നാം ലോക രാഷ്ട്രങ്ങയുടെ കൂട്ടായ്മ ഉറച്ചുനിൽക്കുകയായിരുന്നു.

2020 ആവുമ്പോഴേക്കും അന്തരീക്ഷത്തിലെ സഞ്ചിത കാർബൺ ഉത്സർജനത്തിനു കാരണക്കാരായ ധനികരാഷ്ട്രങ്ങൾ വർഷം തോറും പതിനായിരം കോടി ഡോളർ വികസ്വര രാഷ്ട്രങ്ങൾക്ക് നൽകണമെന്ന പാരീസ് ഉടമ്പടി വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല.

COP-27 ൽ നിർദ്ദേശിക്കപ്പെട്ട പൊതുഫണ്ട്(Loss and damage fund) രൂപീകരിക്കുന്നതും അതിന്റെ നടത്തിപ്പും സംബന്ധിച്ച തീരുമാനങ്ങളും വ്യവസ്ഥകളും നിർണയിക്കാൻ ഒരു ട്രാൻസിഷനൽ കമ്മിറ്റി രൂപീകരിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും തീരുമാനിച്ചിരുന്നു. അങ്ങിനെ രൂപീകരിക്കപ്പെട്ട കമ്മിറ്റി ഫണ്ടിന്റെ ആസ്ഥാനവും നടത്തിപ്പും ലോക ബാങ്കിന്റെ ആഭിമുഖ്യത്തിലാവാമെന്ന് നിർദ്ദേശിച്ചതിനോട് ചൈനയുൾപ്പെടെ G -77 വികസ്വര രാഷ്ട്രങ്ങൾ വിയോജിപ്പ് പ്രകടിപ്പിക്കുകയും പകരം പൊതുഫണ്ട് രൂപീകരണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല UN ൽ നിക്ഷിപ്തമാക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തിതിരിക്കുന്നു. ഈ കാര്യത്തിൽ ഒരു തീരുമാനം COP-28 നു മുമ്പാകെ സമർപ്പിക്കാൻ കഴിയാത്തത് ഉച്ചകോടി ചർച്ചകളിലെ ഭിന്നിപ്പുകൾക്കുള്ള സാഹചര്യം സംജാതമാക്കിയിരിക്കുകയാണ്.

ഈ കാരണങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ COP-28 എത്രമാത്രം വിജയകരമായി പര്യവസാനിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.


ലൂക്കയിൽ മാതൃകാ കാലാവസ്ഥാ ഉച്ചകോടി

Happy
Happy
17 %
Sad
Sad
0 %
Excited
Excited
83 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലൂക്ക കാലാവസ്ഥാ ക്യാമ്പിന് നവംബർ 11 ന് തുടക്കമാകും
Next post കൃത്രിമ മനുഷ്യഭ്രൂണ മാതൃകകൾ
Close