Read Time:16 Minute

ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും വിശകലനം ചെയ്യുന്ന പംക്തി
പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ.

കേൾക്കാം


എവറസ്റ്റ് കൊടുമുടി – ദക്ഷിണ ഭാഗത്തുനിന്നുള്ള ദൃശ്യം

മൗണ്ട്‌ എവറസ്റ്റിലെ മരണങ്ങൾ

1953 മെയ് 29 നാണ് എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് നോർഗേയും എവറെസ്റ്റ് കൊടുമുടി കീഴടക്കുന്നത്. എഴുപത് വർഷങ്ങൾ കഴിഞ്ഞു- ആയിരക്കണക്കിന് പർവ്വതാരോഹകർ ഈ കൊടുമുടിഭീമന്റെ നെറുകയിൽ ചവിട്ടി. എന്നാൽ എവറെസ്റ്റ് ആരോഹണത്തിനിടയിലെ അപകടങ്ങളും മരണങ്ങളും കൂടി വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറി വരുന്ന ഈ അപകടമരണങ്ങളുടെ പ്രധാനകാരണം കാലാവസ്ഥാമാറ്റം ആണെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസം ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം ഈ വർഷം ഇത് വരെ എവറെസ്റ്റ് കയറ്റത്തിനിടെ 17 അപകടമരണങ്ങൾ സംഭവിച്ചു കഴിഞ്ഞു എന്നാണു നേപ്പാൾ വിനോദസഞ്ചാര വകുപ്പിന്റെ ഡയറക്ടർ ആയ യുബരാജ് ഖാതിവാദ പറയുന്നത്. ഇവയ്ക്ക് കരണമായതോ- പർവ്വതമേഖലയിലെ വലിയ ദിനാന്തരീക്ഷ മാറ്റങ്ങളും. ശരാശരി അഞ്ച് മുതൽ പത്ത് വരെ മരണങ്ങൾ ആണ് എവറെസ്റ്റ് വിനോദസഞ്ചാരികൾക്കിടയിൽ ഓരോ വർഷവും ഉണ്ടാകാറുള്ളത്. എന്നാൽ ഈ അടുത്ത വർഷങ്ങളിലായി എവറെസ്റ്റ് പ്രദേശത്തെ അപകടനിരക്കും മരണനിരക്കും ഏറി വരുന്നതായാണ് നിരീക്ഷിക്കുന്നത്. അപകട മരണങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായ വർഷം ആണിത്. താപനില ഉയരുന്നത് അനുസരിച്ച് മഞ്ഞുരുകൽ ഏറുന്നതും ദിനാന്തരീക്ഷസ്ഥിതി കൂടുതൽ കഠിനവും പ്രവചനാതീതവുമാകുന്നതും എല്ലാം പർവ്വതാരോഹകർക്കിടയിൽ ഇപ്പോൾ ആശങ്ക ഉയർത്തുന്നുണ്ട്. എവറെസ്റ്റ് കൊടുമുടിയിൽ രണ്ടായിരം വർഷത്തെ മഞ്ഞാണ് കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ഉരുകി തീർന്നത് എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. പർവതത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമാനിയായ സൗത്ത് കോൾ ഹിമാനി കഴിഞ്ഞ 25 വർഷത്തിനിടെ 54 മീറ്ററിലധികം കനം കുറഞ്ഞതായും പഠനങ്ങൾ ഉണ്ട്. ആദ്യ എവറെസ്റ്റ് ആരോഹണത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ പർവതാരോഹകരെയും ഷെർപ്പ ഗൈഡുകളെയും ആദരിക്കുന്നതിനോടൊപ്പം കാലാവസ്ഥാമാറ്റത്തെ ചെറുക്കാനും ഹിമാലയപ്രദേശത്തെ സംരക്ഷിക്കാനും വേണ്ടിയുള്ള ചർച്ചകളും പ്രാധാന്യമർഹിക്കുന്നുണ്ട്.

കാലാവസ്ഥാമാറ്റത്തെ ചെറുക്കാൻ AI?

കാലാവസ്ഥാവ്യതിയാനത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ നിർമ്മിതബുദ്ധി (Artificial Intelligence – AI) ഒരു മികച്ച സഹായിയായി വികസിച്ചു വരുന്നുണ്ട് . ഏതെല്ലാം രീതിയിൽ ആണ് AI കാലാവസ്ഥാമാറ്റത്തെ ചെറുക്കാൻ സഹായിക്കുക? ഏതാനും ഉദാഹരണങ്ങൾ നോക്കാം :

1. മികച്ച കാലാവസ്ഥാ മോഡലിംഗും പ്രവചനവും

കാലാവസ്ഥാ വിവരങ്ങളിൽ സൂക്ഷ്മമായ പാറ്റേണുകൾ, തീവ്രകാലാവസ്ഥാ സംഭവങ്ങൾ, ദീർഘകാല കാലാവസ്ഥാ പ്രവചനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ കൃത്യമായ വിലയിരുത്തലുകൾ നടത്താൻ AIക്ക് സാധിക്കും. കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുന്നതിനും അതിന്റെ പരിണിതഫലങ്ങളെ ചെറുക്കാനും ഈ വിവരങ്ങൾ സഹായിക്കും.

2. മെച്ചപ്പെട്ട ഊർജ്ജകാര്യക്ഷമത

ഊർജ്ജ ആവശ്യങ്ങളെ കൂടുതൽ മികച്ച രീതിയിൽ അപഗ്രഥിക്കുക, നിലവിലുള്ള ഊർജ്ജ ഉല്പാദന സംവിധാനത്തിലേക്ക്  പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ സംയോജിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഭീമൻ ഡാറ്റ ശേഖരങ്ങൾ കൈകാര്യം ചെയ്യാനുള്ള AI യുടെ കഴിവിനെ വിനിയോഗിക്കാൻ സാധിക്കും. Energy Optimisation എന്ന് ഇതിനെ വിളിക്കാം. ഗതാഗതമാർഗ്ഗങ്ങൾ നവീകരിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഇലക്ട്രിക്, ഓട്ടോണമസ് വാഹനങ്ങൾ വികസിപ്പിക്കുക, ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സാധ്യമാക്കുക എന്നിങ്ങനെ ഗതാഗതജന്യമായ കാർബൺ പുറന്തള്ളൽ കുറക്കുന്നതിൽ AIക്ക് ചെയ്യാൻ കാര്യങ്ങൾ ഏറെ ഉണ്ട്..

3. കാലാവസ്ഥാനിരീക്ഷണവും പാരിസ്ഥിതിക നിയന്ത്രണങ്ങളും

വനനശീകരണം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, വായുവിന്റെ ഗുണനിലവാരം, ജൈവവൈവിധ്യനഷ്ടം തുടങ്ങിയവ നിരീക്ഷിക്കാൻ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് അറിയാമല്ലോ. ഉപഗ്രഹവിവരങ്ങളെയും മറ്റ് കാലാവസ്ഥാ വിവരങ്ങളെയും സംയോജിപ്പിച്ച്  പരിസ്ഥിതി സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻ AI സഹായിക്കും.

4.  സാമ്പത്തിക ആഘാതങ്ങളുടെ നിയന്ത്രണം

കാലാവസ്ഥാമാറ്റം പാരിസ്ഥിതിക അപകടങ്ങൾ മാത്രമല്ല, സാമ്പത്തിക അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.  സാമ്പത്തിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വിലയിരുത്തുക, സാമ്പത്തിക അപകടസാധ്യതകൾ പ്രവചിക്കുക തുടങ്ങിയവ’സുഗമമാക്കാൻ നിർമ്മിതബുദ്ധിക്ക് സാധിക്കും.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ AI യുടെ ഏതാനും സാദ്ധ്യതകൾ മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്. സാദ്ധ്യതകൾ ഇനിയും ഏറെ ഉണ്ട്. വെല്ലുവിളികളും ഉണ്ട്. 

വരളുന്ന തടാകങ്ങൾ

ഭൗമോപരിതലത്തിൽ ദ്രാവകാവസ്ഥയിൽ ഉള്ള ശുദ്ധജലത്തിന്റെ 87 ശതമാനവും സംഭരിച്ചിട്ടുള്ളത് തടാകങ്ങളിൽ ആണ് എന്ന് അറിയാമോ? എന്നാൽ ഈ തടാകങ്ങൾ കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് ലോകത്തിലെ വലിയ തടാകങ്ങളുടെയും ജലസംഭരണികളുടെയും 53 ശതമാനവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചുരുങ്ങിപ്പോയിരിക്കുന്നു എന്നാണ്. ഇന്ത്യയിൽ നിന്നുള്ളവ ഉൾപ്പെടെ 1051 ശുദ്ധജലതടാകങ്ങളുടെയും 921 ജലസംഭരണികളുടെയും ഉപഗ്രഹ നിരീക്ഷണങ്ങൾ, കാലാവസ്ഥാ മാതൃകകൾ, ജലവൈദ്യുത മാതൃകകൾ എന്നിവ ഉപയോഗിച്ച് ആണ് പഠനം നടത്തിയത്. 1992 മുതൽ 2020 വരെയുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈ ജലാശയങ്ങളിൽ നിന്ന് ഏകദേശം 600 ക്യുബിക് കിലോമീറ്റർ ജലം അപ്രത്യക്ഷമായി എന്നാണു പഠനം സൂചിപ്പിക്കുന്നത്. കാലാവസ്ഥാമാറ്റവും മനുഷ്യ ഇടപെടലുകളും ആണ് ഈ വലിയ ജലനഷ്ടത്തിന്റെ പ്രധാനകാരണം ആയി ചൂണ്ടിക്കാണിക്കുന്നത്. ലോക ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരണ്ടുകൊണ്ടിരിക്കുന്ന തടാകങ്ങളുടെ തടങ്ങളിൽ ആണ് ജീവിക്കുന്നത് എന്ന് പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

പ്രൊഫ. സെലെസ്തെ സൗലോ (Prof. Celeste Saulo)

ലോക കാലാവസ്ഥാസംഘടനക്ക് ആദ്യ വനിതാ സെക്രട്ടറി ജനറൽ

കാലാവസ്ഥാവ്യതിയാനവും തീവ്ര ദിനാന്തരീക്ഷാവസ്ഥയും നിരീക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള ലോകരാജ്യങ്ങളുടെ പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്ന സംഘടനകളിൽ ഒന്നാണ് ലോക കാലാവസ്ഥാ സംഘടന(World Meteorological Organization -WMO) . WMO യുടെ സെക്രട്ടറി ജനറൽ ആയി ചരിത്രത്തിൽ ആദ്യമായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അർജന്റീനയിൽ നിന്നുള്ള പ്രൊഫ. സെലെസ്തെ സൗലോ (Prof. Celeste Saulo) ആണ് 193 അംഗ സംഘടനായ WMO യുടെ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് വിഭാഗം അംഗങ്ങളുടെയും വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 1 മുതൽ പ്രൊഫ. സൗലോ പദവിയിൽ പ്രവേശിക്കും.

1950 ലാണ് അന്തരീക്ഷ ശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം, ജലശാസ്ത്രം, തുടങ്ങിയവയിലും മറ്റ് അനുബന്ധമേഖലകളിലും അന്താരാഷ്ട്രസഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി ആയി WMO രൂപീകരിക്കുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ കാലാവസ്ഥാ-ദിനാന്തരീക്ഷാവസ്ഥ വിവരങ്ങളുടെ സ്വതന്ത്രമായ കൈമാറ്റവും അന്തരീക്ഷനിരീക്ഷണത്തിന്റെയും വിവരശേഖരണ രീതികളുടെയും നിലവാരം മെച്ചപ്പെടുത്തലും ആണ് WMO യുടെ പ്രാഥമികലക്ഷ്യങ്ങൾ. അന്താരാഷ്‌ട്ര സഹകരണം വളർത്തിയെടുക്കുന്നതിലൂടെ, ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി കാലാവസ്ഥാ പ്രവചനങ്ങൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്താൻ സംഘടന ലക്ഷ്യമിടുന്നു.

“അസമത്വവും കാലാവസ്ഥാ വ്യതിയാനവും ഏറ്റവും വലിയ ആഗോള ഭീഷണികളായ ഈ കാലഘട്ടത്തിൽ, ജനങ്ങളെയും അവരുടെ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതുണ്ട്. സമയബന്ധിതവും ഫലപ്രദവുമായ സേവനങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും നൽകുന്നതിലൂടെ കാലാവസ്ഥാ, ജലശാസ്ത്ര സേവനങ്ങളെ ശക്തിപ്പെടുത്തുന്നതിന് WMO സംഭാവന നൽകേണ്ടതുണ്ട്.” എന്ന് പ്രൊഫ. സൗലോ പ്രസ്താവിച്ചു.

സൗലോയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ WMO അതിന്റെ ലിംഗ കര്‍മ്മ പദ്ധതി (ജൻഡർ ആക്ഷൻ പ്ലാൻ) പുതുക്കിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഭരണം, തന്ത്രരൂപീകരണം, പ്രവർത്തനങ്ങൾ, തീരുമാന രൂപീകരണം എന്നിവയിൽ എല്ലാം ലിംഗസമത്വം പിന്തുടരുന്നതിനായുള്ള പദ്ധതികൾ ആണ് ലക്ഷ്യമിടുന്നത്. WMO യുടെ പുതുക്കിയ ജൻഡർ ആക്ഷൻ പ്ലാനിനെ കുറിച്ച് വായിക്കാം.

വാക്ക് : കാലാവസ്ഥാ അഭയാർത്ഥി (Climate Refugee)

കാലാവസ്ഥാവ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും മൂലം സ്വന്തം വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ രാജ്യത്തുനിന്നോ കുടിയേറാൻ നിർബന്ധിതരായ വ്യക്തികളോ സമൂഹങ്ങളോ ആണ് കാലാവസ്ഥാ അഭയാർത്ഥികൾ. സമുദ്രനിരപ്പ് ഉയരൽ, തീവ്രമായ കാലാവസ്ഥാസംഭവങ്ങൾ, വരൾച്ച, കാർഷിക ഉൽപ്പാദനത്തിലെ നഷ്ടം എന്നിങ്ങനെ വിവിധ പാരിസ്ഥിതിക വെല്ലുവിളികൾക്ക് കാലാവസ്ഥാമാറ്റം കാരണമാകുന്നുണ്ടെന്ന് അറിയാമല്ലോ? ഈ മാറ്റങ്ങൾ വ്യക്തികളുടെ ഉപജീവനമാർഗങ്ങൾ, വിഭവലഭ്യത, ജീവിതനിലവാരം എന്നിവയിൽ എല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഈ വെല്ലുവിളികൾ അവരുടെ യഥാർത്ഥ സ്ഥലത്ത് ജീവിതം തുടരുന്നത് ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആക്കുന്നു. അങ്ങനെ അവർ മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു.

കാലാവസ്ഥാ അഭയാർത്ഥി” എന്ന പദത്തിന് അന്താരാഷ്ട്ര നിയമസംഹിതകളിൽ  അംഗീകൃതനിർവചനം ഒന്നും ഇല്ല കേട്ടോ. 1951 ലെ അഭയാർത്ഥി കൺവെൻഷൻ പോലെ നിലവിലുള്ള നിയമ ചട്ടക്കൂടുകൾ, അഭയാർത്ഥിത്വത്തിന്റെ കാരണം എന്ന രീതിയിൽ കാലാവസ്ഥാ വ്യതിയാനത്തെ വ്യക്തമായി ഉൾപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം മൂലം കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളുടെയും സമൂഹങ്ങളുടെയും സംരക്ഷണആവശ്യങ്ങൾ വിലയിരുത്തുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനുമായി നിരവധി ചർച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആഗോളതലത്തിൽ കാലാവസ്ഥാ അഭയാർത്ഥി എന്ന വാക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്നു.അനുബന്ധ ലൂക്ക ലേഖനങ്ങൾ

  1. കാസ്പിയൻ തടാകം ശോഷിക്കുന്നു?
  2. മരിക്കുകയാണോ ചാവുകടൽ ?
കോഴ്സ് പേജ് സന്ദർശിക്കാം
Happy
Happy
75 %
Sad
Sad
0 %
Excited
Excited
13 %
Sleepy
Sleepy
13 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുഞ്ഞോളം കുന്നോളം – Climate Comics 1
Next post മൂത്ര ചികിത്സ ശാസ്ത്രീയമാണോ ?
Close