Read Time:21 Minute

COP 28

വാക്കും പ്രവൃത്തിയും തമ്മിലുള്ള വലിയ വിടവ്

എന്താണ് കാലാവസ്ഥാ ഉച്ചകോടിയുടെ ബാക്കിപത്രം ?

പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ ഒരിക്കലും തിരിച്ചു പോകാൻ ആകാത്ത ഒരു സർവ്വനാശത്തിലേക്ക് നമ്മുടെ ഭൂമിയെ മനുഷ്യൻ തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. വ്യവസായ വിപ്ലവത്തിന് മുമ്പുള്ള താപനിലയിൽ നിന്ന് ഒരു ഡിഗ്രിയോളം ഭൂമിയുടെ താപനില വർധിച്ചിരിക്കുന്നു. ഈ ആഗോളതാപനം ഭൂതലത്തിന്റെയും സമുദ്രത്തിന്റെയും ഊഷ്മാവ് വർദ്ധിപ്പിക്കുന്നതിനും മഞ്ഞുരുകുന്നതിനും ഹിമാനികൾ പിൻവാങ്ങുന്നതിനും ഭൂമിയിൽ പലയിടത്തും അതിതീവ്ര കാലാവസ്ഥ ദുരന്തങ്ങൾ ഉണ്ടാകുന്നതിനും കാരണമായി തീർന്നു. അപ്പോകാലിപ്പ്സ് കഥകളിൽ വായിച്ചത് പോലെയുള്ള അഗ്നിബാധ, പ്രളയം, വരൾച്ച, കൊടുങ്കാറ്റുകൾ മുതലായ ദുരന്തങ്ങൾ ഒരു സാധാരണ വാർത്തയായി കഴിഞ്ഞിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ആനുപാതികമല്ലാതെയുള്ള സാമ്പത്തികവും ലിംഗാധിഷ്ഠിതവുമായ അസമത്വം, ഭക്ഷ്യസുരക്ഷ, ജലലഭ്യത, ആരോഗ്യപ്രതിസന്ധികൾ എന്നിവയ്ക്ക് കാരണമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ ലോകത്തിലെ ദരിദ്രരെയും അരികുവൽക്കരിക്കപ്പെട്ടവരെയും ആണ് ഏറ്റവുമധികം ബാധിക്കുക. മാനവരാശി അതിന്റെ പരിണാമചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഗുരുതരമായ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.

ദുബായിൽ ഇപ്പോൾ സമാപിച്ച COP28 മീറ്റിംഗിന് മുമ്പത്തെ COP മീറ്റിംഗുകളെ അപേക്ഷിച്ച് ഈ അടിയന്തിര ബോധത്തോടെ എന്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞോ എന്നതാണ് ചോദ്യം. നേതാക്കന്മാരുടെ സ്വയം പുകഴ്ത്തലുകൾ കവിഞ്ഞ് മറ്റൊന്നും ഉണ്ടായതായി തോന്നുന്നില്ല. ഈജിപ്തിലെ ഷർം എൽ-ഷൈഖിൽ നടന്ന കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടി COP 27-ൽ, ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തണോ അതോ ഘട്ടംഘട്ടമായി കുറയ്ക്കണോ എന്ന കാര്യത്തിൽ സർക്കാരുകൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി.

COP28ലും “നിർത്തണോ” “കുറയ്ക്കണോ” (phase out, or phase down) എന്ന പദപ്രയോഗത്തെ ചൊല്ലിയുള്ള ആ പോരാട്ടം നിർബാധം തുടർന്നു. ഊർജ്ജോൽപാദന രംഗത്ത് ഇന്ധനങ്ങളുടെ പ്രാധാന്യം ഈ ദശകത്തിൽ തന്നെ ത്വരിതഗതിയിൽ കുറയ്ക്കണമെന്നും എന്നാൽ അത് ഘട്ടം ഘട്ടമായും നീതിയുക്തമായും തുല്യത പാലിച്ചുമായിരിക്കണം എന്ന ആഹ്വാനത്തോടെയാണ് കോപ് 28 അവസാനിച്ചത്. യൂറോപ്പിലെ വികസിത രാജ്യങ്ങളും അമേരിക്കയും ഫോസിൽ ഉപയോഗം നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉത്പാദകരായ സൗദി അറേബ്യയും റഷ്യയും അതുപോലെ ഫോസിൽ ഇന്ധനങ്ങൾ ഒഴിച്ചുകൂടാൻ ആവാത്ത ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരണം എന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാൽ ഇത് സാധ്യമാക്കാൻ സമയബന്ധിതമായ നടപടിക്രമങ്ങളെപ്പറ്റി യാതൊരു പരാമർശവും ഇല്ല എന്നത് അതീവ നിരാശജനകമാണ്.

അമേരിക്ക, റഷ്യ, ഒപെക് രാജ്യങ്ങൾ എന്നിവ അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉൽപാദനം നിർബാധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒപെക് സെക്രട്ടറി ജനറൽ, ഗ്രൂപ്പിലെ 13 അംഗങ്ങൾക്കും റഷ്യയുടെ നേതൃത്വത്തിലുള്ള 10 സഖ്യകക്ഷികൾക്കും ഫോസിൽ ഇന്ധനങ്ങൾ വെട്ടി കുറയ്ക്കാനുള്ള ഏതൊരു നീക്കത്തെയും എതിർക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് അയച്ചതായി പറയപ്പെടുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റഷ്യ ഉക്രൈൻ യുദ്ധവും, ഇസ്രായേൽ ഹമാസ് സംഘർഷവും കാരണം ഇന്ധന ദൗർബല്യവും അരക്ഷിതാവസ്ഥയും അനുഭവപ്പെടുന്നതിനാൽ എണ്ണ പര്യവേഷണങ്ങൾ വർദ്ധിക്കാനാണ് സാധ്യത. ഈ പ്രവണത തുടരുകയാണെങ്കിൽ, 2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യം ഒരു സ്വപ്നമായി അവശേഷിക്കും.

ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ COP28-ൽ ഫോസിൽ ഇന്ധനത്തിന്റെ ഘട്ടം ഘട്ടമായുള്ള ഒഴിവാക്കൽ വ്യക്തമായി അംഗീകരിച്ചിട്ടില്ലെങ്കിലും പുനരുപയോഗ ഊർജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ആഹ്വാനത്തെ അവർ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് കൽക്കരിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ കൽക്കരി നിർത്തലാക്കുന്നതിൽ വിമുഖരാണ്. ആഗോള കൽക്കരി ഉപഭോഗം കുറയുന്നതിന് പകരം കഴിഞ്ഞ കുറെ വർഷങ്ങളായി അത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാർബൺ സന്തുലിതാവസ്ഥ അഥവാ നെറ്റ് സീറോ എമിഷൻ കൈവരിക്കാൻ പ്രതിജ്ഞാബദ്ധരായ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലാണ് ആഗോള കൽക്കരി ഉപഭോഗത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് എന്നതാണ് വിരോധാഭാസം

COP28 അന്തിമവിജ്ഞാപനത്തിന്റെ വാചകക്കസർത്തുകൾക്കിടയിൽ എണ്ണ കമ്പനികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കിയിട്ടുണ്ട്. ഉൽപാദനത്തിൽ കടുത്ത വെട്ടിക്കുറവ് വരുത്തണമെന്ന് മുൻ പ്രഖ്യാപനങ്ങൾ ആവശ്യപ്പെട്ടിട്ടും എണ്ണ കമ്പനികൾ ഇപ്പോൾ തഴച്ചുവളരുന്നു. COP28 രാജ്യങ്ങളോട് അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ കാർബൺ മലിനീകരണം കുറയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് “സംഭാവന” നൽകാനുള്ള ആഹ്വാനവും ആവർത്തിക്കുന്നു, നിരവധി ഉദാഹരണങ്ങളിൽ ഒന്ന് പടിപടിയായി ഫോസിൽ ഇന്ധനങ്ങളിൽ നിന്നും പരിവർത്തനം നേടുക എന്നതാണ് പരിവർത്തന ഇന്ധനം ആയി പ്രകൃതി വാതകം ഉപയോഗിക്കാം എന്ന് സൂചന ഇതിൽ ഉണ്ടെന്നു തോന്നുന്നു

അംഗരാജ്യങ്ങൾ കാർബൺ തിരിച്ചുപിടിക്കലും അതിന്റെ സംഭരണവും (carbon capture technology and storage) സാധ്യമാക്കാനുള്ള സാങ്കേതിക വിദ്യകൾ നടപ്പിലാക്കണമെന്ന ആഹ്വാനവും എണ്ണ കമ്പനികളെ രക്ഷപ്പെടുത്താനുള്ള ഒരു പഴുതാണ്. ഇതുപോലെ വിവാദപരമായ സാങ്കേതിവിധികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് എണ്ണ പര്യവേഷണം തുടരുന്നതിനുള്ള ഒരു മറവായി കമ്പനികൾ കരുതുന്നു. കാർബൺ ക്യാപ്‌ചർ ടെക്‌നോളജിയും സ്‌റ്റോറേജും ഒരു പ്രായോഗിക പരിഹാരമാകില്ലെന്നും ആഗോള തലത്തിലേക്ക് ഈ സാങ്കേതിക വിദ്യയെ പരിവർത്തിപ്പിക്കാൻ സാധ്യമല്ല എന്നതും COP28 ന്റെ സംഘാടകർക്ക് ഇപ്പോൾ മനസ്സിലായിക്കാണും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ ലഘൂകരിക്കാനോ പൊരുത്തപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാലാവസ്ഥാ ധനസഹായം അല്ലെങ്കിൽ ദുരിതാശ്വാസനിധി (loss and damage funds) എന്നതായിരുന്നു ചർച്ചയിലെ മറ്റൊരു പ്രധാന വിഷയം. 1992ലെ United Nations Framework Convention on Climate Change (UNFCC) ഉടമ്പടി പ്രകാരം സമ്പന്ന രാഷ്ട്രങ്ങൾ മറ്റു രാഷ്ട്രങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ബാധ്യതയുള്ളവരാണ് കാരണം കഴിഞ്ഞ 150 വർഷങ്ങളായി ഈ സമ്പന്ന രാജ്യങ്ങൾ പുറന്തള്ളിയ കാർബൺ ഡയോക്സൈഡ് ആണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന കാലാവസ്ഥ പ്രശ്നങ്ങൾക്ക് എല്ലാം കാരണമായത്. കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനോ അല്ലെങ്കിൽ അതിനോട് പൊരുത്തപ്പെടാനോ ദുർബല രാഷ്ട്രങ്ങൾക്ക് എല്ലാ വർഷവും ഏകദേശം 600 ബില്യൺ ഡോളർ ചെലവാക്കേണ്ടി വരും എന്നതാണ് 2021 ലെ UNFCC സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഒരു പഠനം വെളിവാക്കുന്നത്. എന്നാൽ COP28ൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് വെറും 700 മില്യൺ ഡോളർ മാത്രമാണ്, എങ്കിലും ഈ ദുരിതാശ്വാസ നിധിയുടെ (loss and damage funds) പ്രവർത്തനം തുടങ്ങി എന്നത് വളരെ ആശാവഹമായ ഒരു മാറ്റമാണ്. ദുർബല രാഷ്ട്രങ്ങളുടെ വളരെ കാലമായുള്ള ആവശ്യമായിരുന്നു ഇത്.

കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും അങ്ങനെ കാലാവസ്ഥാ തകർച്ച തടയുന്നതിനും ഫോസിൽ ഇന്ധനങ്ങളുടെ ഘട്ടം ഘട്ടമായുള്ള നീക്കം പോലും പര്യാപ്തമായിരിക്കില്ല. കാർബൺ സീക്വസ്ട്രേഷൻ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ മറവിടങ്ങൾ(സിങ്കുകൾ) ഉപയോഗിച്ച് ഉറവിടങ്ങളെ ഓഫ്‌സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കാർബൺ ന്യൂട്രാലിറ്റി. പ്രധാന പ്രകൃതിദത്ത കാർബൺ സിങ്കുകൾ മണ്ണ്, വനങ്ങൾ, തണ്ണീർത്തടങ്ങൾ, സമുദ്രങ്ങൾ എന്നിവയാണ്, അവ ഒരുമിച്ച് പ്രതിവർഷം 9.5 മുതൽ 11 ബില്യൺ മെട്രിക് ടൺ വരെ നീക്കം ചെയ്യുന്നു. 2020-ൽ – ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചതിൽനിന്നുള്ള കാർബൺ ബഹിർഗമനം 34.81 ബില്യൺ മെട്രിക് ടൺ എന്ന് ഓർക്കണം.

ഈ വസ്‌തുത COP യോഗങ്ങളിൽ അധികം ശ്രദ്ധിക്കപ്പെട്ട വിഷയമായിരുന്നില്ല. വനങ്ങൾ, തണ്ണീർത്തടങ്ങൾ, തുടങ്ങിയ പ്രകൃതിദത്തമായ കാർബൺ സിങ്കുകൾ നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാർബൺ പുറന്തള്ളലും (സ്രോതസ്സുകൾ) ആഗിരണവും (സിങ്കുകൾ) തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കാർബൺ ന്യൂട്രാലിറ്റി. അനിയന്ത്രിതമായ മനുഷ്യ പ്രവർത്തനങ്ങൾ പ്രകൃതി സന്തുലിതാവസ്ഥയെ തകിടം മറിക്കും . പ്രകൃതി വിഭവങ്ങളും ആവാസവ്യവസ്ഥകളും നിലനിർത്തുന്നതിൽ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ പ്രവർത്തനം ഏത് രീതിയിലാണെന്ന് പരിശോധിക്കേണ്ടതാണ്. ഉദാഹരണത്തിന് ഡിസംബർ ഒന്നിന് നിലവിൽ വന്ന ഇന്ത്യൻ ഗവൺമെന്റിന്റെ വനസംരക്ഷണ ഭേദഗതി നിയമം വലിയ തോതിലുള്ള വനഭൂമി നശിപ്പിക്കുന്നതിന് കാരണമാകും. കാലാവസ്ഥാ ഉച്ചകോടി യോഗങ്ങൾ പ്രകൃതി സംരക്ഷണത്തിൽ ഓരോ രാജ്യങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തണം.

എന്നാൽ സ്രോതസ്സുകളും സിങ്കുകളും തമ്മിലുള്ള വിടവ് വലുതാണെന്ന് മാത്രമല്ല അവ കൂടുതൽ അകന്നു കൊണ്ടിരിക്കുകയാണ്. കാടുകൾ, തണ്ണീർത്തടങ്ങൾ, ജലസ്രോതസ്സുകൾ തുടങ്ങിയ പ്രകൃതിദത്തമായ അസ്തിത്വങ്ങളെ പരമാവധി സംരക്ഷിച്ചുകൊണ്ടുള്ള ഭൂവിഭവ വിനിയോഗം കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് ഒരു പ്രധാന പങ്കുവഹിക്കുന്നു. കാർബൺ സ്രോതസ്സുകളുടെയും സിങ്കുകളുടെയും സ്ഥാനങ്ങളും മാനങ്ങളും പഠിച്ചറിഞ്ഞ് മാർഗരേഖ രൂപീകരിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ മാത്രമേ ഇത് നേടാനാകൂ. പല രാജ്യങ്ങളും അടിസ്ഥാന തത്വങ്ങൾ ലംഘിക്കുകയും തങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും പാരിസ്ഥിതിക ബാസ്‌ക്കറ്റ് കേസുകളായി മാറുകയും ചെയ്യുന്നു.

സുചിന്തിതവും നിയന്ത്രണവിധേയവുമായ ഭൂവിനിയോഗം പാരീസ് ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യമായ 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ താപനില നിലനിർത്താൻ ആവശ്യമായ ഉദ്ഗമനത്തിന്റെ മൂന്നിലൊന്ന് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലക്സംബർഗ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് സിസ്റ്റംസ് അനാലിസിസ് (International Institute for Applied Systems Analysis) ഇരുപത്തിനാല് ഭൂവിനിയോഗ മുൻഗണനാ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു. വനനശീകരണം കുറയ്ക്കൽ, പീറ്റ്ലാൻഡ് ഡ്രെയിനേജും കത്തിക്കലും എന്നിവ കുറയ്ക്കുന്നത്; വനങ്ങളും തീരദേശ കണ്ടൽക്കാടുകളും പുനഃസ്ഥാപിക്കുക; വനപരിപാലനവും കാർഷിക വനവൽക്കരണവും മെച്ചപ്പെടുത്തുക; മണ്ണിലെ കാർബൺ ശേഖരണം വർധിപ്പിക്കുക എന്നിവ അവയിൽ ചിലതാണ്.

മാനവികതയെ സുരക്ഷിതമായി നിലനിർത്താൻ, പാരിസ്ഥിതിക പരിധിക്കുള്ളിൽ പ്രവർത്തിക്കാൻ ആഗോള സമൂഹം അടിയന്തിരമായി ആവശ്യപ്പെടുന്നു. ഇത് പുനരുജ്ജീവനം, സാമൂഹിക നീതി എന്നിവയിൽ അധിഷ്ഠിതമായ പുതിയ ബിസിനസ്സ് മാതൃകകൾ ആവശ്യപ്പെടുന്നു. അതുകൊണ്ട് COP പോലുള്ള വേദികൾ, പ്രകൃതി വിഭവങ്ങളുടെ മാറ്റാനാവാത്ത അപചയത്തിലേക്ക് ലോകത്തെ കൊണ്ടുവന്ന നിലവിലെ സാമ്പത്തിക മാതൃകകളെക്കുറിച്ച് ചർച്ച ചെയ്യാൻ ശ്രദ്ധിക്കുമോ എന്ന് ചോദിക്കുന്നത് സ്വാഭാവികമാണ്.

രണ്ട് വർഷം മുമ്പ്, 2021 സെപ്റ്റംബറിൽ, ഗ്ലാസ്‌ഗോ COP26 കാലാവസ്ഥാ ഉച്ചകോടിയിൽ ലോകനേതാക്കൾ നടത്തിയ ആത്മാർത്ഥതയില്ലാത്ത പ്രസംഗങ്ങളെ ഗ്രെറ്റ തുൻബെർഗ് ഇറ്റലിയിലെ മിലാനിൽ യൂത്ത്-ഫോർ-ക്ളൈമറ്റ് (Youth4Climate) ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പരിഹസിച്ചു. “മികച്ച രീതിയിൽ പുനർനിർമ്മിക്കുക. ബ്ലാ, ബ്ലാ, ബ്ലാ. ഹരിത സമ്പദ് വ്യവസ്ഥ. ബ്ലാ ബ്ലാ ബ്ലാ. 2050 ആകുമ്പോഴേക്കും കാർബൺ ബഹിർഗമനം പൂജ്യമായി മാറും. ബ്ലാ, ബ്ലാ, ബ്ലാ. ഞങ്ങളുടെ നേതാക്കളിൽ നിന്ന് ഞങ്ങൾ കേൾക്കുന്നത് ഇതാണ്, ”. ദുബായിൽ ഇപ്പോൾ സമാപിച്ച COP28 കാലാവസ്ഥാ ഉച്ചകോടിയിൽ നമ്മൾ എന്തെങ്കിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ടോ? പാരീസ് ഉടമ്പടിയിൽ നിശ്ചയിച്ചിട്ടുള്ള കാർബൺ ന്യൂട്രാലിറ്റിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ മുന്നേറ്റം സൃഷ്ടിക്കാൻ ഈ ഉച്ചകോടി മാറ്റാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? ആഗോള താപനില വർദ്ധനവ് 2 ഡിഗ്രിയിൽ താഴെ അതായത് വ്യവസായ വിപ്ലവത്തിന് മുമ്പുള്ള നിലയിൽ നിന്ന് ഒന്നര ഡിഗ്രി മുകളിൽ പിടിച്ചു നിർത്താൻ ശ്രമങ്ങൾ നടത്തുമെന്ന് പറഞ്ഞത് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഏതെങ്കിലും ഈ ഉച്ചകോടിയിൽ നടന്നിട്ടുണ്ടോ? ഗ്രെറ്റ തൻബെർഗ് പറഞ്ഞതുപോലെ പൊള്ളയായ വാചകങ്ങളിൽ മനുഷ്യരാശിയുടെ ഭാവിയും പ്രതീക്ഷകളും മുങ്ങിപ്പോയിക്കൊണ്ടിരിക്കും

(സി.പി. രാജേന്ദ്രൻ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഡ്ജൻക്ട് പ്രൊഫസറും യുഎസ്എയിലെ കണക്റ്റിക്കട്ടിൽ നിന്നുള്ള കൺസോർഷ്യം ഓഫ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റിന്റെ ഡയറക്ടറുമാണ്)


അനുബന്ധ വായനയ്ക്ക്

മറ്റു ലൂക്ക ലേഖനങ്ങൾ

  1. COP-28 – കാലാവസ്ഥാ ഉച്ചകോടിയുടെ ഇരുപത്തെട്ടാം സമ്മേളനം
  2. Mock COP 28
കോഴ്സ് പേജ് സന്ദർശിക്കാം
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Polar Bear 2 – COP 28 ൽ സംഭവിച്ചത്
Next post എങ്ങനെ നിയന്ത്രിക്കും നിർമ്മിത ബുദ്ധിയെ  ?
Close