Read Time:11 Minute

നീരാളികൾ സ്വപ്നം കാണാറുണ്ടോ?

ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber

കേൾക്കാം

നീരാളികളുടെ ഉറക്കത്തിന്റെ പാറ്റേൺ മനുഷ്യരുടേതിന് സമാനമാണെന്നും ആ ഉറക്കത്തിൽ നീരാളികൾ സ്വപ്നം കാണാറുണ്ടാകാം എന്നുമാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber കേൾക്കാം.

രാത്രി പന്ത്രണ്ടു മണിയായി. പാത്തു ഇതുവരെ ഉറങ്ങിയിട്ടില്ല. മൊബൈലിൽ തന്നെ കുത്തിയിരിപ്പാണ്. ഇന്നത്തെ ബയോളജി ക്ലാസ്സിന്റെ മൈന്റ് മാപ്പ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കക്ഷി. പെട്ടെന്ന് കട്ടിലിൽനിന്ന് ഒരു ശബ്ദം കേട്ട പോലെ. ഹേയ്! തോന്നിയതാകും. റൂംമേറ്റ് സിനു സുന്ദരമായ ഉറക്കത്തിലാണ്. പത്തു മണിക്കേ പഠിപ്പെല്ലാം നിർത്തി കട്ടിലിൽ കയറിയതാണ്. ഇപ്പോ നല്ല ഗാഢനിദ്രയിലായിക്കാണും. അവളെത്തന്നെ നോക്കിയപ്പോൾ അതാ പെട്ടെന്ന് സിനുവിന്റെ കണ്ണുകൾ അതിവേഗം ചലിക്കുന്നു. ശ്വാസം വേഗത്തിലാകുന്നു. സ്വപ്നം കാണുകയാണെന്ന് തോന്നുന്നു. പാത്തു നോക്കിയിരിക്കെ സിനു ഞെട്ടിയെഴുന്നേറ്റു.

“ഹോ! വല്ലാത്തൊരു സ്വപ്നം! എന്റെ പാത്തു. സ്വപ്നത്തിൽ ഞാനൊരു ബയോളജി ലാബിലാണ്. ഞാൻ കംപ്യൂട്ടറിൽ എന്തോ എഴുതുകയാണ്. പിന്നിൽ നിറയെ ടാങ്കുകൾ. അതിലെല്ലാം ഓരോരോ കടൽ ജീവികൾ. കടൽക്കുതിരകൾ, കടൽപ്പന്നികൾ, നക്ഷത്രമത്സ്യങ്ങൾ, കടലാമകൾ, ഒച്ചുകൾ, കക്കകൾ… എന്തോരം ജീവികൾ പെട്ടെന്ന് ഒരു ടാങ്കിൽനിന്ന് ഒരു നീരാളി പൊന്തിവന്നു. അതിന്റെ നെറ്റിയിൽ നിന്ന് ലാബിലെ ലൈറ്റിലേക്ക് വെള്ളം ഒറ്റ ചീറ്റൽ. റ്റ്ർർ… ർർ.. എന്ന് ഒച്ചയുണ്ടാക്കി ലൈറ്റ് പോയി. മോണിറ്ററിന്റെ മങ്ങിയ വെളിച്ചത്തിൽ അതാ ഒരു മഞ്ഞ നീരാളി ടാങ്കിൽ നിന്ന് വെളിയിൽ വരുന്നു. ടാങ്കിനു വെളിയിൽ ഒരു കുപ്പിയിൽ റ്റാഗ് ചെയ്ത് അടച്ചുവെച്ചിരിക്കുന്ന ഒച്ചിനടുത്തേക്കാണ് വരവ്. കുപ്പിക്കടുത്തെത്തിയതും കുപ്പിക്കു മുകളിൽ കയറി അടപ്പ് തുറന്ന് അതിനകത്ത് കയറി. പിന്നെ നോക്കുമ്പോൾ ഒച്ചിന്റെ തോട് തുരന്ന് അതിനെ ശാപ്പാടാക്കുന്നു നീരാളി ഡ്രാക്കുള. അപ്പോഴേക്കും അതിന്റെ നിറം ഒച്ചിനെപ്പോലെ കറുത്തിരുന്നു. അത് എന്നെ തുറിച്ചുനോക്കുന്നു. ഞാൻ ചാടിയെഴുന്നേറ്റ് ഓടിയപ്പോൾ തട്ടിവീണു. നീരാളി എന്റെ അടുത്തേക്ക് വരുന്നു. എനിക്ക് എണിക്കാൻ പറ്റുന്നില്ല. സർവശക്തിയുമെടുത്ത് ഞാൻ എണീറ്റു. അപ്പോഴേക്കും സ്വപ്നം തീർന്നു.

സ്വപ്നമായത് ഭാഗ്യം. അല്ലെങ്കിൽ ഞാൻ അവിടെ തീർന്നേനെ.” സിനു തുടരുന്നതിനു മുന്നേ പാത്തു ഇടയ്ക്ക് കയറി.

“എന്റെ സിനു, നീ ഈ കണ്ടതൊക്കെ സ്വപ്നത്തിൽ മാത്രം നടക്കുന്ന കാര്യങ്ങളല്ല. നീരാളികൾ ഇതൊക്കെ ശരിക്കും ചെയ്യുന്നത് തന്നെയാണ്. കഴിഞ്ഞ ദിവസം സ്വപ്നേച്ചി അവരുടെ ലാബിലെ ഒക്ടോപസ്സ് ഗവേഷണത്തെപ്പറ്റി പറഞ്ഞതും വായിച്ചുകൂട്ടിയതുമൊക്കെ ഒരുമിച്ച് സ്വപ്നത്തിൽ വന്നതാണ്.”

“ശരിക്കും.. അങ്ങനെയായിരിക്കോ?” സിനൂന് സംശയം മാറുന്നില്ല.

“അതേടീ. സ്വപ്നച്ചി അന്ന് പറഞ്ഞില്ലേ നീരാളി വേറെ ലെവൽ ആണെന്ന്. കണവകളും കൂന്തലുകളും ഒക്കെ ഉൾപ്പെടുന്ന അവരുടെ സെഫലോപോഡ് വർഗത്തിൽ പ്രത്യേക തരത്തിൽ വികസിച്ച തലച്ചോറാണ് നീരാളിക്കുള്ളതെന്ന്!”

“ഇപ്പോ കുറച്ച് ഓർമ വന്നു.”

“മനുഷ്യരും എലികളുമൊക്കെ ഉൾപ്പെടുന്ന സസ്തനികൾക്കും നീരാളികൾക്കും ഒരു പൊതുപൂർവിക ഉണ്ടായിരുന്നു, അല്ലേ. 60 കോടി വർഷം മുൻപ് നാഡീ വ്യൂഹം വികസിച്ച കുഞ്ഞു പുഴുവിൽ നിന്ന് ഒരു വഴിയിൽ സസ്തനികളും മറുവഴിയിൽ നീരാളികളും ഉണ്ടായതുകൊണ്ടാണു ലാബിൽ നാഡികളെക്കുറിച്ച് പഠിക്കാൻ നീരാളികളെ വളർത്തുന്നതെന്ന് അന്ന് നമ്മളോട് പറഞ്ഞിരുന്നല്ലോ.”

“അതെ.”

“സിനു, ഞാൻ സ്വപ്നച്ചിയോട് ചാറ്റ് ചെയ്തിരുന്നു. ആളു ഭയങ്കര ത്രില്ലിലാണ്. നീരാളികളുടെ ഉറക്കത്തിന്റെ പാറ്റേൺ മനുഷ്യരുടേതിന് സമാനമാണെന്നും ആ ഉറക്കത്തിൽ നീരാളികൾ സ്വപ്നം കാണാറുണ്ടാകാം എന്നുമാണ് പുതിയ പഠനങ്ങൾ പറയുന്നത്.

“എന്റെ പാത്തൂ, നീ അവിടേം ഇവിടേം തൊടാതെ പറഞ്ഞാൽ എനിക്കെങ്ങനെ മനസ്സിലാകും? വിശദമായി പറയെന്ന്.”

“ശരി. നമ്മളുറങ്ങുന്നത് രണ്ട് ഘട്ടങ്ങളുടെ ആവർത്തനമായിട്ടാണെന്ന് അറിയാമല്ലോ. അതായത് ഒന്ന് വളരെ ആക്ടീവ് ആയ റെം സ്ലീപ് എന്ന റാപ്പിഡ് ഐ മൂവ്മെന്റ് ഉറക്കം  (Rapid eye movement sleep, REM sleep or REMS). ഈ ഘട്ടത്തിൽ നമ്മുടെ കണ്ണുകൾ ഇങ്ങനെ ചടുലമായി അനങ്ങിക്കൊണ്ടിരിക്കും. ഈ ഘട്ടത്തിലാണ് നമ്മൾ വിശദമായ സ്വപ്നങ്ങൾ കാണുന്നത്. നീയിപ്പോൾ കണ്ടപോലെ. പഠനം, ഓർമ എന്നിവയൊക്കെ റെം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനുശേഷം അത്ര ആക്റ്റീവ് അല്ലാത്ത നോൺ റെം ഉറക്കം. ഈ ഘട്ടത്തിലാണു എല്ലുകളുടെ നിർമ്മാണവും, മസ്സിലുകളുടെ അറ്റകുറ്റപ്പണികളും രോഗപ്രതിരോധ വ്യൂഹത്തിന്റെ അഴിച്ചുപണിയുമൊക്കെ ശരീരം നടത്തുന്നത്. ഈ രണ്ട് ഘട്ടങ്ങളുടെയും ആവർത്തനമാണു നമ്മുടെ ഉറക്കം.

നീരാളികൾ ഉറങ്ങുമ്പോളും രണ്ട് ഘട്ടങ്ങൾ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റെം ഘട്ടത്തിൽ കണ്ണുകൾ ചലിപ്പിക്കുന്നതിനൊപ്പം നീരാളിയുടെ ശരീരത്തിന്റെ നിറങ്ങളും മാറികൊണ്ടിരിക്കും. എന്നാൽ നോൺ റെമിൽ ഒരു ചാരനിറത്തിൽ അനങ്ങാതെ കിടന്ന് ഉറങ്ങും. ഇപ്പോൾ ജപ്പാനിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ രാത്രിഞ്ചരരായ നീരാളികളെ വളർത്തി അവരുടെ ഉറക്കസമയത്തെ തലച്ചോറിന്റെ ആക്റ്റിവിറ്റി പഠിച്ചപ്പോൾ കണ്ടത് അവരുടെ റെം ഉറക്കത്തിലെ തലച്ചോറിന്റെ പ്രവർത്തനം സസ്തനികളുടേതിനു സമാനങ്ങളാണ്. തൊലിയുടെ നിറവും തലച്ചോറിന്റെ തരംഗങ്ങളും കാണിക്കുന്നത് ഉണർന്നിരിക്കുന്നതിനു സമാനമായ പ്രവർത്തനങ്ങളാണ്.

നീരാളിയുടെ ഉറക്കവും നിറംമാറ്റവും

“ഓഹ്.. അപ്പോൾ അവരും ഉറക്കത്തിൽ കിടന്ന് ഓടുന്നത് സ്വപ്നം കാണുകയായിരിക്കുമെന്ന് അല്ലേ .. പാത്തൂ.. “

“അതേന്നേ.. 60 കോടി വർഷം മുൻപ് ഒരു പൂർവികനിൽനിന്ന് രണ്ട് സ്വതന്ത്ര വഴിയിലൂടെ പരിണമിച്ചു വന്ന സസ്തനിയ്ക്കും നീരാളിയ്ക്കും ഒരേ ആവശ്യങ്ങളായിരിക്കും. അപ്പോൾ പരിണാമത്തിൽ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരു പൊതുഘടകം ഉണ്ടാകാം. അങ്ങനെ ഉറങ്ങി ഉറങ്ങി.. സ്വപ്നം കണ്ട് ചില രഹസ്യങ്ങളൊക്കെ നമ്മളോട് പറയാൻ തയ്യാറെടുക്കുകയാവുമെടീ ഈ നീരാളികൾ.”

നീരാളികൾ സ്വപ്നം കാണാറുണ്ടോ ? – വീഡിയോ കാണാം

ബോധമെന്നാൽ ..

“എടീ സീനൂ… ഞാനൊന്ന് ചോയ്ക്ക ട്ടെ. നമ്മൾ ഉണർന്നിരിക്കുന്നതുപോലെ യാണ് സ്വപ്നം കാണുന്നതെങ്കിൽ, ഉറക്കം, ഉണർച്ച ഇത് തമ്മിലെന്താ വ്യത്യാസം?’ “അത്.. പിന്നെ ഉറങ്ങുമ്പോൾ ബോധല്യ.. ഉണരുമ്പോൾ ബോധണ്ട്.

അധികവായനയ്ക്ക്

  1. Wake-like skin patterning and neural activity during octopus sleep, Nature, 28 June 2023

അനുബന്ധ ലേഖനങ്ങൾ

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post നിപ – നാം ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഡോ.കെ.കെ. പുരുഷോത്തമൻ
Next post CLIMATE CHANGE SCIENCE & SOCIETY Panel Discussion 1
Close