Read Time:20 Minute


ഡോ.നിഷ കണ്ണൻ
അസോസിയേറ്റ് പ്രൊഫസർ, IISER തിരുവനന്തപുരം

പരിണാമപരമായി ഉറക്കത്തിന്റെ ധർമ്മവും ഉറക്കത്തിന്റെ പരിണാമവും വിശകലനം ചെയ്യുന്ന ലേഖനം. ഉറക്കം മസ്തിഷ്‌കത്തിൽ ചെയ്യുന്ന ജൈവ പ്രവർത്തനങ്ങളും ആധുനിക ജീവിതത്തിലേക്ക് ഉറക്കം എങ്ങനെ രൂപാന്തരപ്പെട്ടു എന്നും അവതരിപ്പിക്കുന്നു.

എന്തുകൊണ്ടാണ് ഉറക്കം പരിണമിച്ചത് ?

എന്തുകൊണ്ടാണ് ഉറക്കം പരിണമിച്ചത് എന്നത് ഒരു കൗതുകകരമായ ചോദ്യവും ഊഹാപോഹങ്ങളുടെ വിഷയവുമാണ്. കാരണം, ഉറക്കം എങ്ങനെ പരിണമിച്ചു എന്നതിനെക്കുറിച്ച് വളരെക്കുറച്ചേ നമുക്ക് അറിയൂ. ഉറക്കത്തിന്റെ ആവശ്യകതയും പ്രവർത്തനവും വിശദീകരിക്കാൻ നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും, ഉറക്കം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. ഒന്നാലോചിച്ചാൽ ഉറക്കം അതിജീവനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് എളുപ്പം കാണാം. കാരണം അത് ആഹാരം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും വേട്ടയാടപ്പെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഈ നിർണായക ദോഷങ്ങളെ മറികടക്കാൻ തക്കവണ്ണം ഉറക്കം ജീവജാലങ്ങൾക്ക് ചില സുപ്രധാന ഗുണങ്ങൾ നൽകുന്നുണ്ടാവണം. ഉറക്കം വികസിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ, ഏറ്റവും ലളിതമായ ജീവികളിൽനിന്ന് ആരംഭിക്കുന്നതാവും നന്നാവുക. ഉറക്കം പോലെയുള്ള അവസ്ഥ തിരിച്ചറിഞ്ഞിട്ടുള്ള ഏറ്റവും ലളിതമായ ജീവി കെയ്‌നോറാബ്ഡിറ്റിസ് എലിഗൻസാണ് (Caenorabditis elegans-മണ്ണിൽ കാണപ്പെടുന്ന ഒരിനം വിര).

Caenorabditis elegans-മണ്ണിൽ കാണപ്പെടുന്ന ഒരിനം വിര)

ഈ ലളിതമായ ജീവിയുടെ ഉറക്കം പോലെയുള്ള അവസ്ഥ മറ്റ് മൃഗങ്ങളിലെ ഉറക്കത്തിൽ നിന്ന് വ്യത്യസ്തമാണ്. ഇവയിൽ ലാർവ വികസന സമയത്തെ ഓരോ കാലയളവിനും തൊട്ടുമുമ്പ് ഉറക്കാവസ്ഥ ഉണ്ടാവുന്നതിനാൽ, ഇത് വളർച്ചയുമായി പ്രത്യേകം ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു. ഈ ഉദാഹരണം കാണിക്കുന്നത് ഉറക്കത്തിന്റെയും ഉണർവിന്റെയും ഏറ്റവും പുരാതന പ്രവർത്തനം ഊർജോപയോഗ സാധ്യതകൾ ചൂഷണം ചെയ്യുക എന്നതാണ്. ഒരു മൃഗത്തിനു അതിന്റെ ഊർജത്തെ നിർണായകമായ വികസന പാതകളിലേക്ക് നയിക്കാൻ അനുവദിക്കുക എന്നതാവും വിശ്രമത്തിലായിരിക്കുന്നതിന്റെ സാധ്യത. അതേസമയം നന്നായി വികസിച്ച നാഡീവ്യവസ്ഥയുള്ള മൃഗങ്ങളിൽ, തലച്ചോറിന്റെ പ്രവർത്തനത്തിന് ഉറക്കം ആവശ്യമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഫ്ലേമിങ് ജൂൺ. – ഫ്രെഡറിക് ലൈറ്റന്റെ 1895-ലെ എണ്ണഛായാചിത്രം

ഉറക്കത്തിന്റെ ശാസ്ത്രം

മൃഗങ്ങളിൽ ഉണർവ് എന്ന അവസ്ഥ ന്യൂറോണൽ കണക്ഷൻ (സിനാപ്‌സ്) ശക്തിയുടെ മൊത്തം വർധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉണർന്നിരിക്കുന്ന സമയത്ത് ഒരു ന്യൂറോണൽ കണക്ഷൻ ആവർത്തിച്ച് സജീവമാകുമ്പോൾ, അത് ശക്തമായി വളരുന്നു. ഈ ശക്തി വർധിക്കുന്നത് പഠനത്തിനും ഓർമയ്ക്കും പ്രധാനമാണ്. എന്നിരുന്നാലും, സിനാപ്സിന്റെ അതിക്ലേദനം (saturation) ഒഴിവാക്കാൻ ഈ സിനാപ്റ്റിക് വളർച്ചയെ സന്തുലിതമാക്കേണ്ടതുണ്ട്. സിനാപ്സുകൾ ശക്തവും കൂടുതൽ ഫലപ്രദവുമാകുമ്പോൾ അവ വലുതായിത്തീരുന്നു, അതുപോലെ അതിക്ലേദനം ഒഴിവാക്കാൻ അവ ചുരുങ്ങേണ്ടതുണ്ട്. ഈ പുനരുദ്ധാരണ പ്രക്രിയയ്ക്ക് ഏറ്റവും നല്ല സമയമാണെന്ന് ഉറക്കം എന്നു വിശ്വസിക്കപ്പെടുന്നു. കാരണം, ഉറങ്ങുമ്പോൾ നമ്മൾ ബാഹ്യലോകത്തിലേക്ക് വളരെ കുറച്ച് മാത്രമേ ശ്രദ്ധ ചെലുത്തുന്നുള്ളൂ. ഉണർന്നിരിക്കുന്ന സമയങ്ങൾ സിനാപ്സ് ശക്തിയുടെ ആകെ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഉറക്കം അവയുടെ ശക്തി ക്ഷയവുമായും. അതിനാൽ, ഉണർന്നിരിക്കുന്ന സമയത്ത് പഠിക്കുന്നത് മൂലമുണ്ടാകുന്ന സിനാപ്സ് ശക്തി മാറ്റങ്ങൾ പുനഃക്രമീകരിക്കുന്നതിൽ ഉറക്കത്തിന് ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഇങ്ങനെയാണ് ഓർമ ഏകീകരിക്കപ്പെടുന്നത്.

ഈ സിദ്ധാന്തമനുസരിച്ചു തലച്ചോറുകൾക്ക് ഓർമകൾ ദൃഢമാക്കാൻ നാം നൽകുന്ന വിലയാണ് ഉറക്കം. പരിണാമ പ്രക്രിയയിൽ മസ്തിഷ്‌കം കൂടുതൽ സങ്കീർണമായപ്പോൾ, വൈവിധ്യമാർന്ന ഉറക്ക രീതിയിലൂടെ, പഠനവും ശ്രദ്ധയും പോലെയുള്ള കൂടുതൽ സങ്കീർണമായ അറിവുകൾ സ്വായത്തമാക്കാനുള്ള കഴിവ് മൃഗങ്ങൾക്ക് ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.
റൊമാനിയൻ ശിൽപി Constantin Brâncuși യുടെ The Sleeping Muse എന്ന ശിൽപം (1910)

ഉറക്കം എന്തിന് ?

ഒരുപക്ഷേ, അടിസ്ഥാന വിശ്രമ കാലഘട്ടങ്ങളിൽ നിന്ന് ഉടലെടുത്തു കൂടുതൽ ഘടനാപരമാവുകയും ചെയ്തതാവാം മൃഗങ്ങളിലെ ഉറക്കം. പിന്നീട് ശരീരം ഉറക്കത്തിൽ ചില പ്രത്യേക പ്രവർത്തനങ്ങൾ നടത്താൻ ശീലിച്ചതാവാം. ഉറക്കത്തിന്റെ ആവശ്യകത ഊർജ സംരക്ഷണവും വൈജ്ഞാനിക പ്രവർത്തനത്തിന് ശേഷം തലച്ചോറിനെ വൃത്തിയാക്കാൻ അനുവദിക്കുന്ന സമയവുമായാണ് സാധാരണ കരുതപ്പെടുന്നത്. ഊർജം സംരക്ഷിക്കുന്നതിന്റെ പ്രയോജനം നൽകുന്നതിനൊപ്പം ശരീരത്തിനു അറ്റകുറ്റപ്പണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള അവസരംകൂടി നൽകുന്ന ഒരു പ്രക്രിയയാണ് ഉറക്കം. ഇതുമൂലം അതിജീവന ആവശ്യങ്ങൾക്കായി ഉണർന്നിരിക്കുമ്പോൾ പരമാവധി ഊർജം ഉപയോഗിക്കാൻ ജീവികൾക്ക് കഴിയുന്നു. സെല്ലുലാർ ഘടനകളുടെ അറ്റകുറ്റപ്പണികൾ, ആവശ്യമായ രാസവസ്തുക്കൾ കോശങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ, മാലിന്യ നിർമാർജനം എന്നിവ ഉറക്കത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഉണർന്നിരിക്കുന്ന അവസ്ഥയേക്കാൾ വളരെ ഉയർന്ന നിരക്കിൽ ന്യൂറൽ മെറ്റബോളിക് മാലിന്യങ്ങൾ തലച്ചോറിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതു ഉറക്കത്തിലാണ്. ദിവസം മുഴുവൻ അടിഞ്ഞുകൂടുന്ന വിഷ ഉപോത്പന്നങ്ങളെ തലച്ചോറിൽനിന്നു നീക്കം ചെയ്യാൻ ഗ്ലിംഫറ്റിക് സിസ്റ്റത്തിനു കഴിയുന്നത് ഉറക്കത്തിലാണ്. ഇതുമൂലം ഉണരുമ്പോൾ നമ്മുടെ തലച്ചോറിനു നന്നായി പ്രവർത്തിക്കാൻ കഴിയുന്നു.

ഉറക്കം ജീവികളിൽ…

ഈ പ്രവർത്തനങ്ങൾ നടത്തി ഉത്സാഹകരമായ അവസ്ഥയിലെത്താൻ മനുഷ്യരായ നമുക്ക് ദിവസവും ശരാശരി 8 മണിക്കൂർ ഉറക്കം ആവശ്യമാണെങ്കിൽ, ജിറാഫുകൾക്ക് ഏകദേശം 2 മണിക്കൂർ മാത്രമേ ആവശ്യമുള്ളൂ. കടുവകൾക്കാവട്ടെ 16 മണിക്കൂർ ആവശ്യമാണ്. വ്യത്യസ്ത ജീവി വർഗങ്ങൾക്കിടയിൽ ഉറക്കത്തിന്റെ ഘടന വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, മിക്ക മൃഗങ്ങളും ഉറക്കത്തിനായി ഗണ്യമായ സമയം ചെലവഴിക്കുന്നു എന്നതാണ് വസ്തുത. പല സിദ്ധാന്തങ്ങളും ഉറക്കത്തിന്റെ ആവശ്യകതയേയും അളവിനെയുംക്കുറിച്ചു പ്രതിപാദിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് പല ജീവി വർഗങ്ങൾക്കിടയിൽ വ്യത്യസ്ത ഉറക്ക-ഉണർവ് ചക്രങ്ങളുടെ വിപുലമായ ശ്രേണി വികസിച്ചുവന്നത് എന്നതിനെക്കുറിച്ചു വിശദീകരിക്കുന്നില്ല. ഈ സിദ്ധാന്തങ്ങളിൽ പലതും പരസ്പരം വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതും. ഒട്ടു മിക്ക മൃഗങ്ങളിലും ഉറക്കം, ഇണചേരൽ, ഭക്ഷണം തേടൽ തുടങ്ങി പല പ്രവർത്തങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലല്ല ഉറക്കത്തിന്റെ നിലനിൽപ്പ്. അതിനാൽത്തന്നെ അപകടകരമായ പരിതസ്ഥിതിയിൽ ഉറക്കം കുറച്ച് ഉണർവ് കൂട്ടിയാവണം പരിണാമം നമ്മളെ രൂപപ്പെടുത്തിയത്. ഒട്ടുമിക്ക ജീവി വർഗങ്ങളും ഉറങ്ങാനായി സുരക്ഷിത സ്ഥാനം തേടുന്നതും അതിനാലാവാം. ചിലവ മരത്തിനു മുകളിലാണെങ്കിൽ, മറ്റു ചിലവ ഗുഹകളിലും മണ്ണിനടിയിലെ സുരക്ഷിത താവളങ്ങളിലോ അതുമല്ലെങ്കിൽ സുരക്ഷ ലഭിക്കാനായി കൂട്ടമായോ ഒക്കെയാണ് ഉറങ്ങാറ്. സുരക്ഷിതമായ ഇടങ്ങൾ കണ്ടെത്താൻ കഴിയാത്ത വലിയ സസ്യഭുക്കുകൾക്ക് ചെറിയ അളവിൽ മാത്രം ഉറങ്ങുന്നവരുമാണ്. കരടികളും കടുവകളും പോലെ വേട്ടയാടപ്പെടാൻ സാധ്യതയില്ലാത്ത വലിയ മൃഗങ്ങൾക്ക് പലപ്പോഴും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ആഴത്തിൽ ദീർഘനേരം ഉറങ്ങാൻ കഴിയും. ഇത് കൂടാതെ പൊതുവിൽ ഇരകളും ഇരപിടിയന്മാരും സാധാരണയായി ഒരു സഹജീവി ബന്ധം പുലർത്താറുണ്ട്. നിലനിൽപ്പിനു ഇത് ആവശ്യവുമാണ്. ഏതെങ്കിലും ഒരു മൃഗത്തിന് 24 മണിക്കൂറും വേട്ടയാടാനുള്ള കഴിവ് വികസിച്ചാൽ അത് ഭക്ഷണമായി സേവിക്കുന്ന എല്ലാ ഇരകളെയും അതിവേഗം ഇല്ലാതാക്കും. അങ്ങനെ വന്നാൽ ഇര മാത്രമല്ല, വേട്ടക്കാരനും വംശനാശത്തിലേക്ക് നയിക്കപ്പെടും. ഈ മൃഗങ്ങളുടെ ഇടപെടലുകളെ സന്തുലിതമാക്കുന്നതിലും ഭക്ഷണ ശൃംഖല നിലനിർത്തുന്നതിലും ഉറക്കത്തിന് ഒരു വലിയ പങ്കുണ്ട്.

പക്ഷിയുറക്കം

അപകടകരമായ സാഹചര്യങ്ങളിൽ ഉറങ്ങേണ്ടി വരുക എന്ന പ്രശ്‌നത്തെ പക്ഷികൾ മറികടക്കുന്നത് രസകരമായാണ്. മസ്തിഷ്‌കത്തിന്റെ ഒരു അർധഭാഗം മാത്രം ഉണർന്ന അവസ്ഥയിൽ, ഒരു കണ്ണ് തുറന്ന് വെച്ച് ഉറങ്ങാനുള്ള കഴിവ് വികസിപ്പിച്ചുകൊണ്ടാണ് പക്ഷികൾക്കു ഇത് സാധ്യമായത്. യുണിഹെമിസ്‌ഫെറിക് (Unihemispheric) സ്ലീപ്പ് അഥവാ തലച്ചോറിന്റെ ഒരു പകുതി മാത്രം ഉൾപ്പെട്ട ഉറക്കമാണിത്. രണ്ട് കണ്ണുകളും അടഞ്ഞുകിടക്കുന്നതും തലച്ചോറിന്റെ രണ്ട് ഭാഗങ്ങളും ഉൾപെട്ടതുമായ സാധാരണ ഉറക്കത്തിൽ നിന്ന് വ്യത്യസ്തമാണിത്. അസമമായ ഉറക്കം എന്നും ഇത് അറിയപ്പെടുന്നു. ഇവിടെ തലച്ചോറിന്റെ ഒരു പകുതി ആഴത്തിലുള്ള ഉറക്കത്തിലാണ്. ഈ പകുതിയുമായി ബന്ധപ്പെട്ട കണ്ണ് അടഞ്ഞിരിക്കുമ്പോൾ തന്നെ മറ്റേ കണ്ണ് തുറന്നിരിക്കും. ഉറക്കവും ഉണർവും മുഴുവൻ മസ്തിഷ്‌കവും ഉൾപ്പെടുന്ന പരസ്പര വിരുദ്ധമായ അവസ്ഥകളാണെന്നതിനു തികച്ചും എതിരായ ഒരുദാഹരമാണ് യുണിഹെമിസ്‌ഫെറിക് ഉറക്കം. മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ഉറക്കവും ഉണർച്ചയും നിയന്ത്രിക്കുന്ന ഒരു മൃഗത്തിന്റെ പെരുമാറ്റത്തിനുള്ള തെളിവാണിത്. ഈ അവസ്ഥയിൽ പക്ഷികൾക്ക് വേട്ടക്കാരെ തിരിച്ചറിയാൻ കഴിയും. ഈ ഉറക്കത്തിൽ തന്നെ ‘ഗ്രൂപ്പ് എഡ്ജ് ഇഫക്റ്റ്’ പ്രകടിപ്പിക്കുന്ന ഒരു പക്ഷിയാണ് മല്ലാർഡ് താറാവ്.

മല്ലാർഡ് താറാവ്

കൂട്ടത്തിന്റെ (ഗ്രൂപ്പ്) അറ്റത്ത് സ്ഥിതി ചെയ്യുന്ന പക്ഷികൾ ഏറ്റവും ജാഗ്രത പുലർത്തുന്നു. ഈ പക്ഷികൾ കൂട്ടത്തിന്റെ മധ്യഭാഗത്തുള്ള പക്ഷികളേക്കാൾ അപകടസാധ്യതയുള്ളവയാണ്. മാത്രമല്ല, സ്വന്തം സുരക്ഷയ്ക്കും ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള സുരക്ഷയ്ക്കും ഇവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ പക്ഷിയുടെ സ്ഥാനത്തെ ആശ്രയിച്ച് ഉറക്കത്തിന് വിധേയമാകുന്ന സെറിബ്രൽ അർധഗോളത്തിൽ വ്യത്യാസമുണ്ട് എന്ന രസകരമായ കണ്ടുപിടുത്തം ഈ പക്ഷികൾക്കിടയിൽ നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷിയുടെ ഇടതുഭാഗം പുറത്തേക്ക് അഭിമുഖീകരിക്കുകയാണെങ്കിൽ, ഇടത് അർധഗോളത്തിൽ ഉറക്കത്തിലായിരിക്കും. അതായതു ഇടതു കണ്ണ് തുറന്നിരിക്കും. പക്ഷിയുടെ വലതുഭാഗം പുറത്തേക്ക് അഭിമുഖമാണെങ്കിൽ, വലത് അർധഗോളത്തിൽ സ്ലോ വേവ് സ്ലീപ്പായിരിക്കും. മസ്തിഷ്‌ക സെറിബ്രൽ കോർട്ടക്‌സിന്റെ ഇടത്, വലത് അർധഗോളങ്ങൾക്ക് കണ്ണുകൾ വിരുദ്ധമാണ് എന്നതിനാലാണിത്. പക്ഷിയുടെ തുറന്ന കണ്ണ് എല്ലായ്പ്പോഴും ഗ്രൂപ്പിന്റെ പുറം ഭാഗത്തേക്ക് തുറന്നിരിക്കും. അതായതു വേട്ടക്കാർ സമീപിക്കാൻ സാധ്യതയുള്ള ദിശയിലേക്ക്.

ജലജീവികൾ

ചില ജലജീവികളിലും സമാനമായ ഉറക്കരീതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, വിശ്രമിക്കാൻ സമയമാകുമ്പോൾ, ഡോൾഫിൻ അതിന്റെ തലച്ചോറിന്റെ ഒരു അർധഗോളത്തെ സുഷുപ്തിയിലാക്കുകയും എതിർ ദിശയിലുള്ള കണ്ണ് അടയ്ക്കുകയും ചെയ്യും. ഈ സമയത്ത്, മസ്തിഷ്‌കത്തിന്റെ മറ്റേ പകുതി അപകടത്തിനായി ചുറ്റുമുള്ള പരിസ്ഥിതിയെ നിരീക്ഷിക്കുന്നു. 24 മണിക്കൂറിനുള്ളിൽ, തലച്ചോറിന്റെ ഓരോ പകുതിക്കും ഏകദേശം 4 മണിക്കൂർ ഉറക്കം ലഭിക്കുന്നു. പേശികളുടെ ചലനം, സമുദ്രത്തിലെ മരവിപ്പിക്കുന്ന തണുപ്പിനെ അതിജീവിക്കാൻ ആവശ്യമായ ശരീര ചൂട്, ശ്വസനം തുടങ്ങിയ ചില ശാരീരിക പ്രക്രിയകൾ ഉഷ്ണരക്ത ജീവി എന്നനിലയിൽ നിലനിർത്താൻ സുഗമമായി നടത്താൻ ഡോൾഫിനുകൾ ഇത്തരത്തിലുള്ള ഉറക്കം വികസിപ്പിച്ചെടുത്തതായിരിക്കാം.

മനുഷ്യരിൽ

ചില സസ്തനികൾ ഉറക്കത്തിന്റെയും ഉണർവിന്റെയും ചാക്രിയ സ്വഭാവമുള്ള ബഹുഘട്ട ഉറക്ക ക്രമം (polyphasic sleep pattern) പ്രദർശിപ്പിക്കുന്നു. ഒരുപക്ഷേ, ഇത്തരത്തിലുള്ള വിഭജിത ഉറക്കമാണ് യഥാർഥത്തിൽ മനുഷ്യശരീരത്തിൽ സ്വാഭാവികമായി വരുന്നത്. നീണ്ട ഒറ്റ ഉറക്കത്തിനു പകരം ദിവസത്തിലുടനീളം ഒന്നിലധികം ഹ്രസ്വ ഉറക്ക എപ്പിസോഡുകൾ വിതരണം ചെയ്യുന്ന രീതിയാണ് പോളിഫേസിക് സ്ലീപ്പ്. ഇത്തരത്തിലുള്ള മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കമാണ് ആധുനികയുഗത്തിൽ മനുഷ്യനനുഭവിക്കുന്ന പല ഉറക്ക പ്രശ്‌നങ്ങൾക്കും കാരണം എന്നുള്ള ചില ധാരണകളും നിലനിൽക്കുന്നുണ്ട്. ആദിമ മനുഷ്യൻ ശരാശരി 8 മണിക്കൂർ ദീർഘമായി ഉറങ്ങിയിരുന്നില്ല. നമ്മുടെ ആദ്യകാല മനുഷ്യ പൂർവികർ ഒരുപക്ഷേ, ചെയ്തിരുന്നതുപോലെ, മരങ്ങളിലെ ‘ബെഡുകളിൽ’ ഉറങ്ങുന്നതിൽ നിന്ന് ഇന്നത്തെപ്പോലെ നിലത്ത് ഉറങ്ങുന്നതിലേക്ക് മാറിയതാണ് കൂടുതൽ കാര്യക്ഷമമായ ഏകീകൃത ഉറക്കത്തിലേക്കുള്ള മാറ്റത്തിന് കാരണമായി ഗവേഷകർ പറയുന്നത്. ആദ്യകാല മനുഷ്യർ, ഒരിക്കൽ തറയിലിറങ്ങിയ ശേഷം, ചൂട് നിലനിർത്താനും ഇരപിടിയന്മാരിൽനിന്നും അകന്നുനിൽക്കാനും തീകൂട്ടി അതിടുത്ത് വലിയ കൂട്ടങ്ങളായി ഉറങ്ങാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായി. ഇതവർക്കു കുറഞ്ഞസമയത്തിനകം ദീർഘമായ ഒറ്റയുറക്കത്തിനുള്ള അവസരം ഉണ്ടാക്കി. എന്നാൽ, ഇന്ന് നമ്മുടെ ഉറക്കം കുറയ്ക്കുന്നതിന് കൃത്രിമ വെളിച്ചവും ആധുനിക ജീവിതത്തിന്റെ മറ്റ് കാര്യങ്ങളും മാത്രമാണ് ഉത്തരവാദികൾ.

ക്രമേണ പരിണാമ പ്രക്രിയയിലൂടെ, ബഹുഘട്ട ഉറക്കം രാത്രി മുഴുവനുള്ള രണ്ട് ചെറിയ കാലയളവുകളായി ഏകീകരിക്കപ്പെട്ടു. 12 മണിക്കൂർ കാലയളവിനുള്ളിനാണ് എല്ലാ ഉറക്കവും സംഭവിക്കുക. മൂന്നോ നാലോ മണിക്കൂർ ഉറക്കത്തിൽ നിന്ന് ഒരു ചെറിയ സമയം ഉണർന്ന് വീണ്ടും ഉറക്കത്തിലേക്കു പോകുന്ന അവസ്ഥ, ഇങ്ങനെ പ്രഭാതംവരെ തുടരും. ആധുനിക ജീവിതത്തിലെ ദ്വിഘട്ട (biphasic) നിദ്ര 5-6 മണിക്കൂർ രാത്രിനിദ്രയും 90 മിനിറ്റിന്റെ മധ്യാഹ്ന നിദ്രയുമടങ്ങിയതാണ്. ഇതു 24 മണിക്കൂറിനുള്ളിലെ 8 മണിക്കൂർ ദീർഘമായ ഒറ്റ ഉറക്കത്തിൽനിന്നും വ്യത്യസ്തമാണ്.

മനുഷ്യൻ അസാധാരണമാം വിധം ഹ്രസ്വ ഉറക്കക്കാരാണ്. ദിവസം ഏതാണ്ട് 8 മണിക്കൂർ മാത്രമുറങ്ങുന്നു. എന്നാൽ, ചില ആൾകുരങ്ങന്മാർ (eg. pig-tailed macaques, gray mouse lemurs) ദിവസം 14 മുതൽ 17 മണിക്കൂർവരെ ഉറങ്ങുന്നു. നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊന്ന് നാം ഉറങ്ങാൻ ചെലവഴിക്കുന്നു എന്നതു തന്നെ അതിജീവനത്തിൽ ഉറക്കത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.


2022 ജനുവരി ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനംHappy
Happy
40 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
40 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ – കാൾ ഫ്രഡറിക് ഗൗസ്
Next post SCIENCE TODAY – എതിരൻ കതിരവൻ
Close