നവരത്നങ്ങളെ മനസ്സിലാക്കാം

ഭൂവൽക്കത്തിലുള്ള ശിലകളിൽ ഏതാണ്ട് മൂവായിരത്തിൽ പരം ധാതുക്കളാണ് ഉള്ളത്. അത്യപൂർവ്വമായ വർണ്ണവും തിളക്കവും ഉള്ളതിനാൽ ചില ധാതുക്കൾ മനുഷ്യനെ വല്ലാതെ ആകർഷിക്കുന്നു. ആഭരണ പ്രേമികളുടെ പ്രിയപ്പെട്ട രത്നങ്ങളാണിവ..

സുപ്രസിദ്ധമായ ഒൻപതു രത്നങ്ങളാണ് നവരത്നങ്ങൾ എന്നറിയപ്പെടുന്നത് – വജ്രം (Diamond ) ,മരതകം (Emerald), വൈഡൂര്യം (Chryടoberyl), ഗോമേദകം (Hessonite ) ,പുഷ്യരാഗം (Yellow Saphire), ഇന്ദ്രനീലം (Blue Saphire) ,മാണിക്യം (Ruby), പവിഴം (Coral), മുത്ത് ( Pearl). ഹിന്ദു, ജൈന, ബുദ്ധമതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യം കൂടി ഇവയ്ക്കുണ്ട്. ഇൻഡ്യയെ കൂടാതെ തായ്ലാന്റ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്വ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിലും നവരത്നാഭരണങ്ങൾ ഏറെ പ്രചാരത്തിലുണ്ട്. പ്രകൃതിയിൽ സുലഭമല്ലാത്തതിനാലും ചില പ്രത്യേക ശിലകളിൽ മാത്രം കാണുന്നതിനാലും ഇവ അപൂർവ്വധാതുക്കളായി വാഴ്ത്തപ്പെട്ടിരിക്കുന്നു.

മറ്റു ധാതുക്കളിൽ നിന്നും നവരത്നങ്ങളെ വേർതിരിക്കുന്നത് അവയുടെ പ്രത്യേക ഭൗതിക സ്വഭാവങ്ങളാണ്. നിറം, തിളക്കം. കാഠിന്യം, ക്രിസ്റ്റലിയ രൂപം. ഈട്, ആപേക്ഷിക സാന്ദ്രത, സ്ഫടിക സ്വഭാവം, പ്രകാശരശ്മി വികരണം എന്നിവയാണ് രത്നങ്ങളുടെ പ്രത്യേകതകൾ. ഇവയെ മുറിച്ച് പോളിഷ് ചെയ്തെടുക്കുമ്പോൾ അതിൻ്റെ ആകർഷകത വർദ്ധിക്കുകയും വില കൂടുകയും ചെയ്യുന്നു.

1. വജ്രം കാർബൺ ,കാഠിന്യം ഏറ്റവും കൂടിയ (10) ധാതു. കണ്ണഞ്ചിപ്പിക്കുന്ന തിളക്കം, വിവിധ വർണ്ണങ്ങൾ
2. മരതകം ബെറിലിയം അലുമിനിയം സിലിക്കേറ്റ്, കാഠിന്യം (8) , പച്ച നിറം, സ്ഫടിക സ്വഭാവം
3. പുഷ്യരാഗം അലുമിനിയം ഓക്സൈഡ്‌, കാഠിന്യം(9), മഞ്ഞ നിറം.
4. ഇന്ദ്രനീലം അലുമിനിയം ഓക്സൈഡ്, കാഠിന്യം (9) ,നീല നിറം.
5. വൈഡൂര്യം ബെറിലിയം അലുമിനിയം ഓക്സൈഡ്, കാഠിന്യം (8.5), പച്ച, മഞ്ഞ, തവിട്ടു നിറങ്ങളിൽ കാണാം.
6. ഗോമേദകം  കാൽസിയം അലുമിനിയം സിലിക്കേറ്റ്, കാഠിന്യം (7) ,ഓറഞ്ച്, ചാര- ഓറഞ്ച്,മഞ്ഞ വർണ്ണം
7. മാണിക്യം  അലുമിനിയം ഓക്സൈഡ്‌, കാഠിന്യം ( 9). ചുവപ്പ്, കരിഞ്ചുവപ്പ്.
8. പവിഴം Corallium ജനുസിൽ പെട്ട പവിഴപ്പുറ്റുകളിൽ നിന്നാണ് പവിഴം എന്ന രത്നം ലഭിക്കുന്നത്.
9. മുത്ത് മുത്തുച്ചിപ്പിയുടെ(pinctada) തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്തവസ്തുവാണ്‌ മുത്ത്.

എല്ലാ അജൈവമായ രത്നങ്ങൾക്കും മറ്റുള്ള ധാതുക്കളേക്കാൾ കൂടുതൽ സ്ഫടിക സ്വഭാവം, റീഫ്റക്റ്റീവ് ഇൻഡക്സ് ,സാന്ദ്രത എന്നിവയുണ്ടായിരിക്കും. തിരിച്ചറിയാൻ ഈ സ്വഭാവങ്ങൾ വളരെയധികം സഹായിക്കും.

7 & 8 പ്രവർത്തനം:

നവരത്നങ്ങളുമായി ബന്ധപ്പെട്ട ചില കഥകളും വിശ്വാസങ്ങളും നിങ്ങൾ കേട്ടിരിക്കുമല്ലോ. അവ യാഥാര്‍ത്ഥ്യമാണെന്ന് തോന്നുന്നുണ്ടോ ? എന്തുകൊണ്ട്? കല്ലുകള്‍ക്ക്  അത്തരത്തില്‍ മനുഷ്യന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ നിര്‍ണയിക്കാനാകുമോ ?


ഡോ. എസ്‌. ശ്രീകുമാർ.

ജിയോളജി പ്രൊഫസർ & ഡയറക്ടർ, IRTC പാലക്കാട്.

നാം ജീവിക്കുന്ന ലോകം – മറ്റു പേജുകള്‍ വായിക്കാം.

0. നാം ജീവിക്കുന്ന ഭൂമി -ആമുഖം
1.കല്ലിനുമുണ്ടൊരു കഥ പറയാൻ –
2. വീണ്ടും ചില ഭൂമിക്കാര്യങ്ങൾ
3. കടൽ, കാറ്റ്, മഴ
4. ജലവും ജീവനും
5. ഇന്ത്യയും കേരളവും.

 

Leave a Reply