Read Time:54 Minute

പ്രസാധകക്കുറിപ്പ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2023 ല്‍ നടത്തിയ പ്രധാനപ്പെട്ടൊരു ബഹുജന വിദ്യാഭ്യാസ പരിപാടിയായിരുന്നു കേരള പദയാത്ര. 2023 ജനുവരി 26 മുതല്‍ ഫെബ്രുവരി 28 വരെയായിരുന്നു പദയാത്ര നടന്നത്. ഇതിന്റെ അനുബന്ധ പരിപാടികളെന്ന നിലയില്‍ ധാരാളം  പ്രാദേശിക പഠനങ്ങളും  സംസ്ഥാന-ജില്ലാ തല സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. അവയുടെ ഫലങ്ങളും അവതരണങ്ങളും പൊതുചര്‍ച്ചക്കായി കേരളത്തില്‍ ലഭ്യമാക്കാനും ഉദ്ദേശിച്ചിരുന്നു.

അതിന്റെ ഭാഗമായി നടന്ന ഒരു പ്രാദേശിക പഠനത്തിന്റെ പ്രക്രിയയും കണ്ടെത്തലുകളുമാണ് ഈ ചെറുപുസ്തകത്തിലൂടെ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ പച്ചക്കറി ഗ്രാമമായ വട്ടവടയിലെ കാര്‍ഷികാനുഭവങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം. ഇതിലെ കണ്ടെത്തലുകള്‍ കര്‍ഷകരും നയരൂപീകരണ വിദഗ്ധരുമെല്ലാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന ഈ ഗ്രാമം അവശ്യ സൗകര്യങ്ങളൊന്നും ഇല്ലാതെ ബുദ്ധിമുട്ടുന്ന കാര്യം പ്രതിപാദിക്കുന്നു. എന്തൊക്കെ ചെയ്യണമെന്ന് അനുഭവങ്ങളിലൂടെ നിര്‍ദ്ദേശിക്കുന്നു.

വിപണനമാണ് മുഖ്യ പ്രശ്‌നം. കേരളത്തിലെ ഈ ഗ്രാമത്തില്‍ മൂല്യവര്‍ധനവിലൂടെ തൊഴിലും വരുമാനവും വര്‍ധിപ്പിക്കേണ്ട ഈ അമൂല്യ വസ്തു അതിര്‍ത്തി കടത്തി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി മറ്റൊരു മാര്‍ഗത്തില്‍ കേരളത്തില്‍ തന്നെ കൊണ്ടുവന്ന് വില്‍ക്കുന്നു എന്നതാണ് വസ്തുത. ഇക്കൂട്ടത്തില്‍ ഭൗമസൂചികാ പദവി ലഭിച്ച വട്ടവട വെളുത്തുള്ളി പോലെ പ്രത്യേക പരിഗണനയുള്ള വിളകള്‍ പോലുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിക്കപ്പെടുമെന്നും വട്ടവടയിലെ ദരിദ്ര കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട കാര്‍ഷിക സാഹചര്യങ്ങളും ജീവിതസൗകര്യങ്ങളും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ ഞങ്ങള്‍ ഈ പഠനഫലം കേരളത്തിലേക്ക് സമര്‍പ്പിക്കുന്നു.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

വട്ടവട-ലഘു ചരിത്രം 

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിന്റെ കിഴക്കുഭാഗത്തായി  മൂന്നാറിൽനിന്നും 42  കിലോമീറ്റർ ദൂരെ   തമിഴ്നാടുമായി  അതിർത്തി പങ്കിടുന്ന  ചെറിയൊരുഗ്രാമമാണ് വട്ടവട. പശ്ചിമഘട്ടത്തിന്റെ ഭാഗമായ   വനങ്ങളാൽ  ചുറ്റപ്പെട്ട ഈ പ്രദേശം   പ്രകൃതിഭംഗികൊണ്ടും  തനതായ കാർഷിക- ജൈവ വൈവിധ്യംകൊണ്ടും വേറിട്ടുനിൽക്കുന്നു. കേരളത്തിന്റെ പച്ചക്കറിഗ്രാമം എന്നപേരിലും വട്ടവട അറിയപ്പെടുന്നു.ഇവിടുത്ത ഉയരമേറിയ പ്രദേശങ്ങളിൽ നിന്നുനോക്കുമ്പോൾ   വട്ടത്തിൽ കാണപ്പെടുന്നതിനാലാണ് വട്ടവടക്ക്  ഈ പേര്  ലഭിച്ചതെന്നാണ് കരുതുന്നത്.

താലൂക്ക്ദേവികുളം
ബ്ലോക്ക്ദേവികുളം
പഞ്ചായത്ത്വട്ടവട
വില്ലേജുകൾവട്ടവട, കൊട്ടാക്കമ്പൂർ
വാർഡുകളുടെ എണ്ണം13
വിസ്തീർണ്ണം67.81 ചതുരശ്ര കിലോമീറ്റർ
ഭാഷതമിഴ്, മലയാളം
ജനസംഖ്യ5697 (2011)
നിലവിലെ ജനസംഖ്യ8000+
പട്ടികജാതി ജനസംഖ്യ903
പട്ടികവർഗ ജനസംഖ്യ1582
കുടുംബാംഗങ്ങളുടെ എണ്ണം1561
സാക്ഷരത75%
പട്ടിക-1 വട്ടവട അടിസ്ഥാന വിവരങ്ങൾ

തമിഴ് നാട്ടിലെ മധുരയിലേയും സമീപപ്രദേശങ്ങളിേലയും ഹൈദരലിയുടെ പടയോട്ടകാലത്ത് പാലായനംചെയ്തവർ കുടിയേറിപ്പാർത്ത പ്രദേശങ്ങളിലൊന്നാണ് വട്ടവടയെന്ന് കരുതുന്നു. ഹൈദരലി ഡിണ്ടിഗൽകോട്ട ആക്രമിച്ചുകീഴടിക്കിയ 1755 മുതലുള്ള കാലത്താവാം ഇവർ വട്ടവടയിലെത്തിയത്. ഈ കാലത്തുതന്നെയാണ് അഞ്ചുനാട്ടിലേക്കുള്ള കുടിയേറ്റവും ആരംഭിക്കുന്നതെന്നാണ്  വിശ്വസിക്കുന്നത്. തനതായ പൈതൃകം അവകാശപ്പെടാവുന്ന അതിപുരാതന ശിലാലിഖിതങ്ങളും കല്ലുകളിലും ലോഹങ്ങളിലും നിർമ്മിച്ച വിഗ്രഹങ്ങളും ഏറെപഴക്കംചെന്ന ആയുധങ്ങളും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കാണപ്പെടുന്ന മുനിയറകൾ വട്ടവടയെ ശിലായുഗ കാലഘട്ടവുമായി ബന്ധിപ്പിക്കുന്നതാണത്രെ. ഹൈറേഞ്ചിൽ ആദ്യകാലത്ത് കുടിയേറ്റം നടന്നിട്ടുള്ള പ്രദേശങ്ങളിലൊന്നുകൂടിയാണ് വട്ടവട. 

പണ്ട് കാലത്ത് പാണ്ട്യരാജാക്കന്മാരുടെ അധീനതയിലായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഈ പ്രദേശങ്ങൾ പിന്നീട് പല കൈമറിഞ്ഞ് പൂഞ്ഞാർ രാജവംശത്തിന്റെയും ഒടുവിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ഉടമസ്ഥതയിൽ എത്തിച്ചേരുകയാണുണ്ടായത്. പൂഞ്ഞാർ രാജാവിന്റെ ഭടന്മാർ വർഷത്തിലൊരിക്കൽ അതിർത്തി സന്ദർശിക്കുന്നതിന്റെ ഭാഗമായി വട്ടവടയിലെത്തിയപ്പോൾ അവിടെ കുടിയേറി കൃഷിചെയ്തിരുന്നവരെ കണ്ടെത്തുകയും ആ വിവരം രാജാവിനെ അറിയിക്കുകയുംചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ ദരിദ്രരാണെന്ന് മനസ്സിലായ രാജാവ് ഇവർക്ക് താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനുമുള്ള അനുവാദം നൽകുകയുണ്ടായി. പകരം കാർഷികോൽപ്പന്നമായൊ അക്കാലത്ത് നിലവിലുണ്ടായിരുന്ന നാണയമായോ കപ്പം നൽകണമെന്നും    രാജാവ് നിർദ്ദേശിച്ചു.

വട്ടവടയിലെ ആദിമവാസികളായിരുന്ന 13 കുടുംബക്കാർക്ക് പൂഞ്ഞാർ രാജവംശം നല്കിയ ചെമ്പ് പട്ടയം ഇന്നും ഇവരുടെ പിന്മുറക്കാരുടെ കൈവശമുണ്ട്. നൂറ് കിലോമീറ്ററുകളിലേറെ കാല്ർ നടയാത്ര ചെയ്താണ് പൂഞ്ഞാർ രാജാവിന് ഈ വീട്ടുകാർ കപ്പം നല്കിയിരുന്നത്. വട്ടവടയിലെ കേസുകൾ തീർപ്പാക്കുന്നതിനും വസ്തുസംബന്ധമായ ഇടപാടുകൾ നടത്തുന്നതിനും ശിക്ഷകൾ നൽകുന്നതിനുമായി പൂഞ്ഞാർ രാജാക്കന്മാർ സ്ഥാപിച്ചിട്ടുള്ള പകുതിക്കച്ചേരി ഇന്നും കോവിലൂരിൽ കാണാനാകും. പണ്ട് ഊരുനിവാസികളെ കുറ്റവിചാരണ ചെയ്തിരുന്ന ഊരുമന്തകളും ഇവിടെയുണ്ട്.  

ഇവിടുത്തെ ഊരുകളിൽ ഇന്നും മന്ത്രിയാർ, മന്നാടിയാർ, പെരിയധനം, നാട്ടാമൈ,മണിയക്കാരൻ ഊരുതെണ്ടക്കാർ തുടങ്ങിയ സ്ഥാനങ്ങൾ നിലനിൽക്കുന്നുണ്ട്.  പൂഞ്ഞാർ രാജാക്കന്മാർ നൽകിയ ഈ അധികാരസ്ഥാനങ്ങൾ പരമ്പരാഗതമായി ഇവർ പിന്തുടർന്നുവരുന്നു. രാജാവിൽനിന്നും നേരിട്ട് സ്വർണ്ണക്കാപ്പും ചൂരൽവടിയും സമ്മാനമായി ലഭിച്ച 3 പേരുടെ പിൻതലമുറക്കാരും വട്ടവടയിലുണ്ട്.   വിവാഹം, ശവസംസ്കാരം മറ്റുചടങ്ങുകൾ  എന്നിവയിൽ വട്ടവടക്കാർ പഴയ ആചാരങ്ങൾ അതേപടി തുടർന്നുവരുന്നു. ഇന്നും ജാതിവിവേചനം നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണ് വട്ടവട. ഇതിനെതിരെയുള്ള നീക്കങ്ങളും അടുത്തകാലത്തായിവിടെ ഉയർന്നുവരുന്നുണ്ട്. 

1954 നവംബർ മാസം 17 നാണ് വട്ടവട ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നത്.  ഈ കാലത്ത് മെച്ചപ്പെട്ട റോഡുകളോ മികച്ച കെട്ടിടങ്ങളോ ഇവിടെയില്ലായിരുന്നു. തുടർന്നുള്ള കാലം വട്ടവടയുടെ ചരിത്രത്തിലെ നിർണ്ണായകമായ മാറ്റങ്ങൾക്കുകൂടി ഇടനല്കുന്നതായിരുന്നു.

പഠനസംഘം
പഠനത്തിന്റെ ലക്ഷ്യങ്ങൾ 
  1. സുസ്ഥിരമായി നിലനിൽക്കുന്ന വട്ടവടയിലെ  പച്ചക്കറികൃഷിയുടെ  പ്രത്യേകതകൾ, അതിന് സഹായകമായ  ഘടകങ്ങൾ എന്നിവയെക്കുറിച്ച്  പഠിക്കുക. 
  2. പച്ചക്കറികൃഷിയുടെ ഉത്പാദനം, വിപണനം ഉൾപ്പെടെയുള്ള  പശ്ചാത്തല സൗകര്യങ്ങൾ വിലയിരുത്തൽ. ഇവ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുക. 
  3. വട്ടവടയിലെ കർഷകരുടെ പ്രശ്നങ്ങൾ  പൊതുജനങ്ങളുടെയും ഭരണാധികാരികളുടെയും  ശ്രദ്ധയിലെത്തിക്കുക. കൃഷിയിലും അനുബന്ധതൊഴിലുകളിലുമേർപ്പെട്ടിരിക്കുന്നവരുടെ    ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികൾ ആവിഷ്കരിക്കുക.

ലഭ്യമായ വിവരങ്ങൾ

1. ഭൂപ്രകൃതി

 സമുദ്രനിരപ്പിൽനിന്നും  4760 മുതൽ 8842 അടിവരെ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യന്നത്.  തെക്ക് പാമ്പാടുംചോല ദേശീയോദ്യാനവും വടക്ക് ചിന്നാറും കിഴക്ക് കുറിഞ്ഞിമല സങ്കേതവും പടിഞ്ഞാറ് ആനമുടിയുമായും ഈ ഗ്രാമം ചേർന്നുകിടക്കുന്നു. പഞ്ചായത്തിന്റെ  പകുതിയോളം ഭാഗങ്ങൾ വനങ്ങളും യൂക്കാലി തോട്ടങ്ങളുമാണ്.  പതിമൂന്ന് വാർഡുകളിൽ ഏഴ് വാർഡുകളും തമിഴ്നാടുമായി അതിർത്തി പങ്കിടുന്നവയാണ്. ഉയർന്ന സ്ഥലങ്ങൾ തട്ടുതട്ടായി തിരിച്ച് കൃഷിചെയ്യുന്ന രീതിയാണിവിടെ കണ്ടുവരുന്നത്.

2. കാലാവസ്ഥ

 നവംബർ മുതൽ ഡിസംബർ വരെ അതിശൈത്യമനുഭവപ്പെടുന്ന പ്രദേശമാണിത്. ഈ കാലത്ത് ശരാശരി താപനില 10-15 ഡിഗ്രിയിലെത്തും. ഈ മാസങ്ങളിലെ ചില ദിവസങ്ങളിൽ താപനില -4൦C വരെ താഴാറുണ്ട്. ചില വർഷങ്ങളിൽ പാമ്പാടുംചോല  ദേശീയോദ്യാനത്തിലും സമീപപ്രദേശങ്ങളിലെ  പുൽമേടുകളിലും മഞ്ഞുപുതഞ്ഞുകിടക്കാറുണ്ട്. ജൂൺ ജൂലൈ മാസങ്ങൾ പൊതുവേ മഴക്കാലമാണ്. വേനൽക്കാലമായ  ഫെബ്രുവരി, മാർച്ച്,  ഏപ്രിൽ മാസങ്ങളിൽ  വട്ടവടയിലെ  താപനില 20- 25 ഡിഗ്രിവരെ ഉയരാറുണ്ട്. 

3. ഗതാഗതം 

 മൂന്നാർ മേഖലയിലെ പ്രധാന  ടൂറിസ്റ്റുകേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ എന്നിവ പിന്നിട്ടുകഴിഞ്ഞാണ് വട്ടവടയിലേക്കെത്തിയത്.  മൂന്നാർ -വട്ടവട റോഡ്  ടോപ്സ്റ്റേഷന് സമീ പം  നാല് കിലോമീറ്റർ ദൂരത്തോളം തമിഴ്നാട്ടിലെ തേനി ജില്ലയിലെ കോട്ടഗുടി ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. പഞ്ചായത്തിന്റെ അതിർത്തിയോടടുത്ത്  സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആസ്ഥാനമായ കോവിലൂരിൽ മാത്രമാണ് പരിമിതമായതോതിൽ പൊതുഗതാഗതസൗകര്യം ലഭ്യമായിട്ടുള്ളത്. ആദിവാസികുടികളിലേക്കെത്തുവാനും മികച്ച റോഡുകളില്ല. ഗോത്രവർഗ്ഗ ജനതയെ കൃഷിയിൽ നിലനിർത്തണമെങ്കിൽ വിദൂരപ്രദേശങ്ങളിലേക്ക് നല്ല റോഡുകളും കൃഷിയിടങ്ങളിലേക്ക് ഫാം റോഡുകളും  നിർമ്മിക്കേണ്ടതുണ്ട്. 

പഞ്ചായത്ത് ആസ്ഥാനത്തുനിന്നുമകലെയുള്ള ഒറ്റപ്പെട്ടുകിടക്കുന്ന കടവരി വാർഡിൽ എത്തണമെങ്കിൽ ഓഫ് റോഡ് ജീപ്പിനെ ആശ്രയിക്കേണ്ടതുണ്ട്. കടവരി നിവാസികൾ കേരളത്തിനെ കാര്യമായി ആശ്രയിക്കാറില്ല. കേരളത്തിലൂടെ ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമൂലമാണ് രണ്ടുദശകൾക്കുമുമ്പുവരെ കടവരി കഞ്ചാവുകൃഷിക്കാരുടെ സ്വപ്നഭൂമിയായി നിലകൊണ്ടത്.

കുറിഞ്ഞിമല സങ്കേതത്തിലൂടെ കടന്നു പോകുന്ന കൊട്ടാക്കമ്പൂർ -കടവരി- കൊടൈക്കനാൽ  റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്  തടസ്സങ്ങളുണ്ടത്രെ.  ഈ റോഡ്  സഞ്ചാരയോഗ്യമാക്കിയാൽ കോവിലൂരിൽനിന്നും കൊടൈക്കനാലിലെത്തുവാൻ 50 കിലോമീറ്ററിൽത്താഴെ ദൂരം സഞ്ചരിച്ചാൽ മതിയാകും. വാഹനസൗകര്യമില്ലാത്തതിനാൽ കടവരിയിൽ വിളയുന്ന പച്ചക്കറികൾ ബഹുഭൂരിപക്ഷവും അഞ്ചുകിലോമീറ്ററകലെയുള്ള തമിഴ്നാട്ടിലെ ക്ലാവരയിലാണ് എത്തുന്നത്. ഇവിടെനിന്നും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസും  ലഭ്യമാണ്.

വട്ടവടയിലെ എല്ലാ പ്രദേശങ്ങളിലേക്കും യാത്രയ്ക്കും ചരക്ക് എത്തിക്കുവാനും ജീപ്പുകളെയാണ് ഗ്രാമവാസികൾ ആശ്രയിക്കുന്നത്. വിദൂര പ്രദേശങ്ങളിൽ നിന്നും പച്ചക്കറി കോവലൂരിലെത്തിക്കുന്നതിന്   പലപ്പോഴും കിലോഗ്രാമിന്  നാല്/ അഞ്ച്  രൂപ ചെലവ് വരുന്നുണ്ട്. ചിലപ്പോൾ പച്ചക്കറിക്ക് വില്പന കേന്ദ്രത്തിൽ ഈ വിലയേ    ലഭിക്കുകയുള്ളൂ.  ഇത്തരം സാഹചര്യങ്ങളിൽ വിളവെടുക്കാതെ കാർഷിക ഉത്പന്നങ്ങൾ നശിക്കുന്ന ദുസ്ഥിതിയുമിവിടെ  കാണാനാവും. അപൂർവ്വം കൃഷിയിടങ്ങളിലേക്ക് ഫാം റോഡുകൾ വർഷങ്ങൾക്ക് മുമ്പേയുണ്ടെങ്കിലും അവയുടെ ഇന്നത്തെ സ്ഥിതി  വാഹനങ്ങൾ കൊണ്ടുപോകാൻ സാധിക്കുന്നവിധത്തിലല്ല. ഇക്കാലത്തും  കോവർക്കഴുതപ്പുറത്തോ തലച്ചുമടായോയാണ്  ചരക്കുകൾ എത്തിക്കുന്നത്. അതുപോലെതന്നെ ഇന്നും നിലമുഴാനായി കാളകളെയാണ്   ഉപയോഗിച്ചുവരുന്നത്. ട്രാക്ടർ പോലെയുള്ള വാഹനങ്ങൾ ഈ ആവശ്യങ്ങൾക്കായി ഇവിടെ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല.

രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്റെ  ആക്രമണമുണ്ടായാൽ  ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷുകാർക്ക്  എളുപ്പത്തിൽ മദ്രാസ് തുറമുഖം വഴി രക്ഷപെടാനായി നിർമ്മിച്ച എസ്‌കേപ്പ്റോഡ് ( മൂന്നാർ- കൊടൈക്കനാൽ റോഡ് )  വട്ടവടയിലെ  പാമ്പാടുംചോല മുതൽ തമിഴ്‌നാട്ടിലെ ബെരിജംവരെ വനത്തിലൂടെയാണ്   പോകുന്നത്. സുരക്ഷാകാരണങ്ങളാൽ 1990നുശേഷം ഈവഴിയുള്ള ഗതാഗതം നിരോധിക്കുകയുണ്ടായി.

4. ജലസേചനം 

ജലസേചന സൗകര്യങ്ങൾ പരിമിതമായ  വട്ടവടയിൽ മഴയെ ആശ്രയിച്ചാണ്  കൃഷി പ്രധാനമായും  നടക്കുന്നത്. പഴത്തോട്ടത്തെ ഒറ്റമരം, ഞണ്ടുചുട്ടാമ്പാറ ഇടനട്ട്, വട്ടവട എന്നിവിടങ്ങളിൽ ചെക്ക്ഡാമുകൾക്കുള്ള   നിര്‍ദ്ദേശങ്ങൾ ഗ്രാമവാസികൾ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.   പത്തുമാസത്തിലേറെ നന്നായി  വെള്ളം ലഭിക്കുന്ന  ഒറ്റമരത്ത്  ചെക്ക് ഡാം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ സർവേ ജോലികൾ 2021 ൽത്തന്നെ  പൂർത്തിയായതാണെങ്കിലും തുടർ പ്രവർത്തനങ്ങൾ നടക്കുന്നില്ല.  വട്ടവടയിലെ അരുവികൾ പാമ്പാറിന്റെ കൈവഴികളാണ്.  പാമ്പാർ കാവേരി നദിയുടെ പോഷകനദിയാണ്. (തമിഴ്‌നാട്ടിലെ അമരാവതി നദി)  കേരളത്തിന് പാമ്പാർ തടത്തിലെ മൂന്ന് ടിഎംസി  വെള്ളം ഉപയോഗിക്കാൻ കാവേരി ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചിട്ടുള്ളതാണ്. 

ഒറ്റമരം ചെക്ക് ഡാം  വട്ടവടയിലെ  കർഷകരുടെ  സ്വപ്നപദ്ധതിയാണ്. ഈ  പദ്ധതി പൂർത്തിയായാൽ വട്ടവടയിലെ കടവരി, ചിലന്തിയാർ  ഒഴികെയുള്ള എല്ലാ വാർഡുകളിലും ജലസേചന സൗകര്യം ലഭ്യമാക്കാനാവും. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ഇപ്പോൾ കൃഷി നടക്കുന്ന സ്ഥലങ്ങളിലെ പച്ചക്കറി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിയുന്നതിനോടൊപ്പം നിലവിൽ തരിശായിക്കിടക്കുന്ന ഹെക്ടർകണക്കിന് സ്ഥലങ്ങൾക്കൂടി കൃഷിക്ക് ഉപയുക്തമാകും. വനത്തിലെ ജലസ്രോതസ്സുകളെയാശ്രയിച്ച് ജലസേചനം നടത്തുന്ന പ്രദേശങ്ങളും വട്ടവടയിലുണ്ട്. വനംവകുപ്പിന്റെ  സഹകരണവും വട്ടവടയിലെ കാർഷികമേഖലക്ക് ആവശ്യമാണ്.

ഗോത്രവിഭാഗങ്ങൾ  

 വട്ടവടയിൽ സ്വാമിയാറള, കൂടല്ലർ,  കീഴ്വത്സപ്പെട്ടി മേൽവത്സപ്പെട്ടി വയൽത്തറ എന്നിങ്ങനെ അഞ്ച്‌ ആദിവാസികുടികളാണ് നിലവിലുള്ളത്. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ മാത്രമാണ് ഈ പഞ്ചായത്തിലുള്ളത്. പരമ്പരാഗത ആചാരങ്ങളും ജീവിതരീതികളും ഇന്നും ഇവർ തുടർന്നുവരുന്നു. ഈ കോളനികളിലൊന്നിലും സ്കൂളുകളില്ലാത്തതിനാൽ കുട്ടികൾ വിദൂരപ്രദേശമായ മൂന്നാറിലോ മറയൂരിലോ ഹോസ്റ്റലിൽനിന്നുപഠിക്കേണ്ട സ്ഥിതിയാണുള്ളത്.എല്ലാ കുടികളിലും അംഗണവാടികൾ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളിൽ  +2 പാസ്സായവരുടെ എണ്ണം പരിമിതമാണ്.   കൃഷിയോടൊപ്പം   വനവിഭവങ്ങൾ ശേഖരിച്ചാണ്  ഇവർ ജീവിക്കുന്നത്. ചെറുധാന്യങ്ങളായ കുറുമ്പുല്ല്,റാഗി എന്നിവയുടെ  കൃഷി ചെറിയതോതിൽ  കുടികളിൽ നടക്കുന്നുണ്ട്. വട്ടവടയിലെ കുടികളിൽ ഏലം കൃഷിയും  കാണപ്പെടുന്നുണ്ട്. ഉത്പാദനശേഷികുറഞ്ഞ നാടൻ,മൈസൂർ  വഴുക്ക  എന്നീയിനങ്ങളാണ്   ഇവർ കൃഷിചെയ്യുന്നത്.  

യൂക്കാലിപ്റ്റസ് കൃഷി 

വനംവകുപ്പ് ആരംഭിച്ച സാമൂഹ്യ വനവല്ക്കരണപരിപാടിയുടെ തുടർച്ചയായി 1980കളുടെ   അവസാന കാലത്താണ് വട്ടവടയിൽ  യൂക്കാലി കൃഷി ആരംഭിക്കുന്നത്. തുടർന്ന് ചതുപ്പുപ്രദേശങ്ങളിലെ വെള്ളം വറ്റിക്കുന്നതിനുപയോഗിക്കുന്ന യൂക്കാലി മരങ്ങൾ  യാതൊരു പഠനവും നടത്താതെ  മഴ കുറവുള്ള  വട്ടവടയിലെ കൃഷിയിടങ്ങളിലും പുൽമേടുകളായി നിലനിന്നിരുന്ന ഉയർന്ന പ്രദേശങ്ങളിലും നട്ടുപിടിപ്പിച്ചു.     ഇടുക്കിക്കാരും സമീപജില്ലകളിലെ സമ്പന്നരും കുറഞ്ഞ  വിലക്ക് ലഭ്യമായിരുന്ന വട്ടവടയിലെ ഭൂമി വൻതോതിൽ വാങ്ങിക്കൂട്ടുകയും അവിടങ്ങളിലെല്ലാം യൂക്കാലിപ്റ്റസ് വച്ചുപിടിപ്പിക്കുകയും ചെയ്തു. ഇവരിലൊരുവിഭാഗം പിന്നീട് സർക്കാർഭൂമി കയ്യേറുകയുമുണ്ടായിട്ടുണ്ട്. നട്ടുകഴിഞ്ഞാൽ പരിചരണം ആവശ്യമില്ലെന്നതും ഓരോ ഏഴോ എട്ടോ വർഷങ്ങളിലൊരിക്കൽ  മരം  വെട്ടിവിൽക്കുന്നതിലൂടെ വലിയ തുക ലഭിക്കുമെന്നുള്ളതും വട്ടവടയുടെ മണ്ണിൽ യൂക്കാലി അതിവേഗം വ്യാപിക്കുന്നതിനു കാരണമായി. രണ്ടായിരത്തിലേറെ ഏക്കർ സ്ഥലത്താണ് യൂക്കാലി കൃഷിചെയ്തിട്ടുള്ളതായി കണക്കാക്കുന്നത്.

ഇതിന്റെ സ്വാഭാവിക പരിണാമമായി ധാരാളം കന്നുകാലികൾ മേഞ്ഞുനടന്നിരുന്ന വട്ടവടയിൽനിന്ന് അവ കൂട്ടത്തോടെ മലയിറങ്ങി. ഇന്ന് വളരെ അപൂർവ്വമായി മാത്രമേ വട്ടവടയിൽ കന്നുകാലികളെ കാണാറുള്ളു.   പുൽത്തൈലവും,നെല്ലും, കരിമ്പും, റാഗിയും, ഗോതമ്പുമൊക്കെ കൃഷിചെയ്തിരുന്നത് ക്രമേണ ഇല്ലാതായി.യൂക്കാലികൃഷി വ്യാപിച്ച് ഏതാനും വർഷങ്ങൾക്കുശേഷമാണ്  കാലാവസ്ഥ തകിടം മറിഞ്ഞതെന്ന് വട്ടവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. വർഷം മുഴുവൻ  ലഭിച്ചിരുന്ന നീരുറവകൾ എങ്ങോ പോയ്മറഞ്ഞു. കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടനുഭവിക്കേണ്ട സാഹചര്യത്തിലേക്ക് ഒരു നാട് അതിവേഗം എടുത്തെറിയപ്പെട്ടതിന്റെ നേർക്കാഴ്ചയായി വട്ടവട മാറുകയായിരുന്നു.

നിലവിൽ 52, 58 ബ്ലോക്കുകളിലൊഴികെ യൂക്കാലിമരങ്ങൾ  മുറിക്കുന്നതിനുള്ള നിരോധനം നീക്കിയിട്ടുണ്ട്.   വെട്ടിമാറ്റുന്നഭാഗത്തെ യൂക്കാലിക്കുറ്റി പിഴുതുമാറ്റാമെന്നുള്ള ഉറപ്പിലാണ് മരംമുറിക്കുന്നതിന് അനുമതി നല്കിയിട്ടുള്ളത്.  ഇതിന്റെ ഭാഗമായി  മരക്കുറ്റികൾ പിഴുതുമാറ്റുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്. സമയബന്ധിതമായി അത് നടപ്പാക്കുമ്പോൾ ലഭ്യമാകുന്നത് ഹെക്ടർ കണക്കിന് ഭൂമിയാണ്. വട്ടവടയുടെ സവിശേഷ കാലാവസ്ഥ ഉൾക്കൊള്ളുന്ന മണ്ണ് തന്നെയാണ് അടിസ്ഥാന ഘടകം. ഇങ്ങനെ യൂക്കാലി ഒഴിവാക്കിയ സ്ഥലങ്ങളിൽ പച്ചക്കറികളും പഴവർഗങ്ങളും തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന കാഴ്ച പ്രതീക്ഷ നൽകുന്നതാണ്.

കുറിഞ്ഞി സാങ്ങ്‌ചറി  

12 വര്‍ഷത്തിലൊരിക്കല്‍മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെയും അവയുടെ ആവാസവ്യവസ്ഥയായ ചോലക്കാടുകളെയും സംരക്ഷിക്കുന്നതിനായി 2006 ഒക്ടോബര്‍ ആറിനാണ്‌   ദേവികുളം താലൂക്കിലെ കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളിലുൾപ്പെട്ട 58, 62 ബ്ലോക്കുകളിലെ    3200 ഹെക്ടര്‍ സ്ഥലം  കുറിഞ്ഞി സാങ്ങ്‌ചറിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്‌.   ഈ ബ്ലോക്കുകളിൽ പട്ടയം ലഭിച്ചിട്ടുള്ള നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും റിസോർട്ടുകളും   സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. ഗ്രാമപഞ്ചായത്ത് കാര്യാലയവും കുടുംബാരോഗ്യകേന്ദ്രവും  കുറിഞ്ഞി സാങ്ങ്‌ചറിയിൽ  ഉൾപ്പെടുന്ന സർക്കാർ സ്ഥാപനങ്ങളാണ്.

കുറിഞ്ഞി സാങ്ങ്‌ചറിയുടെ പേരിൽ വനംവകുപ്പ്  ഈ പ്രദേശങ്ങളിലെ വികസനം തടസ്സപ്പെടുത്തുന്നതായി  പൊതുജനങ്ങൾക്ക് പരാതിയുണ്ട്. കുറിഞ്ഞി സാങ്ങ്ചറി പരിധിക്കുള്ളിലെ പട്ടയഭൂമിയുടെ   തണ്ടപ്പേർ പരിശോധന പൂർത്തിയാക്കി കയ്യേറ്റ ഭൂമി കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ 17 വർഷമായി  ഇഴഞ്ഞു നീങ്ങുകയാണ്. ഇത് പൂർത്തിയായാലേ സാങ്ങ്‌ചറിയുടെ അതിർത്തികൾ നിർണയിക്കാൻ  കഴിയൂ.

ഭൂപ്രശ്‍നം

മുൻപ്  ഏക്കറു കണക്കിന് ഭൂമിയുടെ ഉടമസ്ഥരായിരുന്നവരുടെ അനന്തരാവകാശികളിന്ന് പല ഭൂജന്മിമാരുടേയും അടിമ പണിക്കാരാണ്.പാരമ്പര്യമായി ലഭിച്ച ഭൂമിയുടെ രേഖകൾ മണ്മറഞ്ഞ മാതാപിതാക്കളുടെ പേരിൽനിന്നും കൈവശക്കാരുടെ പേരിലേക്ക് ലഭിക്കാത്തവർ നിരവധിയാണ്.  രേഖകളില്ലായ്മ,പട്ടയമില്ലായ്മ, കരമടക്കാൻ പറ്റാത്ത സ്ഥിതി എന്നിവകൊണ്ടുതന്നെ   ഭൂമി വില്പന, ഈട് വച്ചുകൊണ്ടുള്ള വായ്പ തുടങ്ങിയവയൊന്നും സാധിക്കുന്നില്ല. ഇതുമൂലം കുറഞ്ഞ പലിശക്ക് ബാങ്ക് വായ്പയെടുക്കുന്നതിനുള്ള അവസരമാണ് വട്ടവടക്കാർക്ക് നഷ്ടമാകുന്നത്. വന്യജീവി സങ്കേതങ്ങളുമായും കുറിഞ്ഞി സങ്കേതവുമായുമുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും  കർഷകർ അഭിപ്രായപ്പെടുന്നു. 

ടൂറിസം

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വട്ടവടയുടെ പച്ചക്കറി പെരുമയും ഹരിതാഭമായ പ്രകൃതിയും മഞ്ഞും തണുപ്പുമെല്ലാം ആസ്വദിക്കാനായി ഇവിടെ എത്തുന്നവരുടെയെണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. പാമ്പാടുംചോല ദേശീയോദ്യാനത്തിലൂടെയുള്ള വാഹന യാത്രയും ടെറസ് കൃഷിയിടങ്ങളുടെഅനുപമമായ   ദൃശ്യഭംഗിയും സഞ്ചാരികളുടെ മനം കുളിർപ്പിക്കും. പഴത്തോട്ടം വ്യൂപോയിന്റും ചിലന്തിയാർ  വെള്ളച്ചാട്ടവും ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്. നിരവധി മികച്ച റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രദേശിക ഉൽപ്പന്നങ്ങൾക്ക് വിപണനസാധ്യതകളും തൊഴിൽ അവസരങ്ങളും ടൂറിസം പ്രദാനം ചെയ്യുന്നുണ്ട്. ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. നിരവധി റിസോർട്ടുകൾ ഇവിടെ പ്രവർത്തിക്കുണ്ടെങ്കിലും തദ്ദേശീയർക്ക്  തൊഴിലവസരം തുലോം കുറവാണ്. കൊടൈക്കനാൽ-വട്ടവട റോഡ് യാഥാർത്ഥ്യമായാൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള യാത്രാദൂരം ഗണ്യമായി കുറയും. ഇത് വട്ടവടയിലെയും മൂന്നാറിലെയും ടൂറിസം മേഖലകൾക്ക് ഉണർവേകും. 

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ പാർക്കായ പാമ്പാടുംചോലയിൽ  വനംവകുപ്പിന്റെ നേതൃത്വത്തിൽ  എസ്കേപ്പ് റോഡ് വഴിയുള്ള ജീപ്പ് സഫാരി, ട്രക്കിംഗ്എന്നിവ നടത്തുന്നുണ്ട്.  ഇവിടെയെത്തുന്ന സന്ദർശകർക്ക്    വിവിധ നിരക്കിലുള്ള താമസസൗകര്യങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.

VFPCK, ഹോർട്ടികോർപ്പ്

കേരളത്തിലെ പച്ചക്കറി ഗ്രാമത്തിൽ  VFPCK, ഹോർട്ടികോർപ്പ് എന്നീ സർക്കാർ ഏജൻസികൾ വേണ്ടത്ര ഇടപെടുന്നില്ലെന്ന ആക്ഷേപം വട്ടവടയിലെ കർഷകർക്കുണ്ട്.  ഓണത്തിന് പച്ചക്കറി സംഭരിച്ചാൽ മാസങ്ങൾ കഴിഞ്ഞാലാണ് കർഷകന് വില ലഭിക്കുന്നത് 2022 ലെ ഓണക്കാലത്ത്  ഹോർട്ടികോർപ്പ് വില നിശ്ചയിച്ച് കർഷകരിൽനിന്നും വാങ്ങിയ പച്ചക്കറികൾക്ക് അഞ്ചു മാസങ്ങൾക്ക് ശേഷം ഏകപക്ഷീയമായി  30% വില കുറച്ചാണ്  നൽകിയിട്ടുള്ളത്. ഇനിയും നിരവധി കർഷകർക്ക് ഈയിനത്തിൽ പണം നല്കുവാനുണ്ട്.ഇതിൽ കർഷകർക്ക് വലിയ പ്രതിഷേധമുണ്ട്. അതുകൊണ്ടുതന്നെ ഈ വർഷത്തെ ഓണത്തിന് ഹോർട്ടികോർപ്പിന്  പച്ചക്കറി നൽകാൻ വട്ടവടയിലെ കർഷകർ തയ്യാറായില്ല.  ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാൻ മുൻകൈയെടുക്കേണ്ട സർക്കാർ ഏജൻസികൾ കർഷകരെ വിശ്വാസത്തിലെടുത്ത് അവരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കി പച്ചക്കറി സംഭരിക്കണമെന്നാണ് കർഷകരാവശ്യപ്പെടുന്നത്. പണം പലിശക്കെടുത്താണ് ഈവിടെ പല കർഷകരും കൃഷിചെയ്യുന്നത്.  കർഷകരുടെ ഉല്പന്നങ്ങൾ വാങ്ങിയിട്ട്  മാസങ്ങളോളം പണം നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത്‌ അനീതിയാണ്.  

ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ   വിൽക്കുന്നതിനായി  നാൽപ്പതിനടുത്തുവരുന്ന   വ്യാപാരികളെയാണ് തദ്ദേശീയർ ആശ്രയിക്കുന്നത്. ഇവർ വട്ടവടയിലെ കർഷകരും കൂടിയാണ്. പരമ്പരാഗതമായി വ്യാപാരികളിൽ നിന്നും മുൻകൂർ പണം വാങ്ങിയാണ് പലരും കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പച്ചക്കറികൾ ഇവർക്ക് നൽകുന്നതിന് നിർബന്ധിതമാകുന്നതോടൊപ്പം  വിലപേശൽ കഴിവ് കുറയുവാനും ഇടയാകുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ അധികവും  തമിഴ്നാട്ടിലാണ് വിൽക്കുന്നത്. ഇതിലൊരുഭാഗം വീണ്ടും കേരളത്തിൽ എത്തിച്ചേരുന്നു. 

വട്ടവട- കേരളത്തിന്റെ പച്ചക്കറി ഗ്രാമം

കേരളത്തിലെ പച്ചക്കറി ഗ്രാമമെന്നാണ് വട്ടവട അറിയപ്പെടുന്നത്. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് ,വെളുത്തുള്ളി, ബീൻസ്, ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, ബ്രാക്കോളി, മല്ലിയില, പുതിന, മധുര മുള്ളങ്കി തുടങ്ങിയ നിരവധിയായ പച്ചക്കറികളും    സ്ട്രോബെറി, ഫാഷൻഫ്രൂട്ട്, അവക്കാഡോ, മരത്തക്കാളി തുടങ്ങിയ നിരവധി പഴവർഗങ്ങളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ചെറിയ അളവിൽ ആപ്പിൾ, ഓറഞ്ച്, പീച്ച് , ചെറിമോയ എന്നിവയും ഇവിടെ കാണാനാവും     എന്തുകൊണ്ടാണ് വട്ടവട പച്ചക്കറി ഗ്രാമമെന്നറിയപ്പെടുന്നതെന്ന അന്വേഷണം പ്രധാനമായും നാല് കാരണങ്ങളിലെത്തിച്ചേരുന്നതായി കാണാനാകും.

  1. മികച്ച കാലാവസ്ഥ
  2. കൃഷിയോട് ജനങ്ങൾ കാണിക്കുന്ന ആഭിമുഖ്യം.
  3. മറ്റൊരു തൊഴിലും ആശ്രയിക്കാനില്ലാത്ത സാഹചര്യം.
  4. കുറഞ്ഞ സാക്ഷരത.

വർഷത്തിൽ  മൂന്നു സീസണിലാണ് വട്ടവടയിൽ  കൃഷിയിറക്കുന്നത്.  ഏപ്രില് മെയ് മാസത്തിലെ വേനൽ  മഴയോടെ ഒന്നാംവിള കൃഷിയാരംഭിക്കുന്നു.  ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, പലയിനം ബീന്സുകൾ, വെളുത്തുള്ളി എന്നിവയാണ്.  ഈ സമയം പ്രധാനമായും കൃഷിയിറക്കുന്നത്.  ഇവയില് ഭൂരിപക്ഷവും    ഓണക്കാലത്ത് വിളവെടുക്കുവാനാകും.  തുടര്ന്ന് രണ്ടാം വിളയുടെ കാലമാകും. മൂന്നാം വിളയില് ഉല്പാദനം താരതമ്യേന കുറവാണ്.  (പട്ടിക കാണുക) ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലാണ്  മൂന്നാം സീസണിൽ കൃഷി ചെയ്യുവാനാവൂ. ബീൻസ്, ഗ്രീൻപീസ് ക്യാബേജ്, സ്ട്രോബറി, എന്നിവയാണ് ഈ സമയത്ത് കൃഷിചെയ്യുന്നത്.  

വട്ടവടയിൽ  എല്ലാ സീസണിലും ബീൻസ് കൃഷിചെയ്യുന്നുണ്ട്.  ബട്ടർ ബീൻസ്, സെലക്ഷൻ ബീൻസ്, മുരിങ്ങ ബീൻസ്, അരക്കൊടി ബീൻസ് എന്നീ  ബീൻസുകളാണിവിടെ പ്രധാനമായും  കൃഷിചെയ്യുന്നത്. ഇതുകൂടാതെ ഏതാനുമിനം ബീൻസുകൾകൂടി ഇവിടെ കാണാനാകും. ഇവയിൽ സെലക്ഷൻ ബീൻസ് മാത്രമാണ് കേരളത്തിലെ മാർക്കറ്റുകളിൽ വിറ്റഴിക്കപ്പെടുന്നത്. മറ്റിനം ബീൻസുകളുടെ വിപണി തമിഴ്നാട്ടിലാണ്. നന്നായി പരിപാലിച്ചാൽ ഒരു ചുവടിൽനിന്നും  ശരാശരി ഒരു കിലോഗ്രാം ബീൻസ് ലഭിക്കാറുണ്ട്.

ഇടുക്കി ജില്ലയിൽനിന്നും  മറയൂർ ശർക്കരക്കും  ഏലത്തിനും പുറമേ ഭൗമസൂചികാ പദവി ലഭിച്ച ഉൽപ്പന്നമാണ് വട്ടവട വെളുത്തുള്ളി. കേരള കാർഷിക സർവ്വകലാശാല   2019ൽ വട്ടവടയിൽ  നടത്തിയ പഠനത്തിൽ രാജ്യത്തെ  ഏറ്റവും ഗുണമേൻമയുള്ള എരിവുള്ള വെളുത്തുള്ളി വിളയുന്നത് ഇവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.18 ഇനം വെളുത്തുള്ളികൾ  ഇവിടെ പരീക്ഷണാർത്ഥം വിളവിറക്കിയിരുന്നു.  മറ്റ് വെളുത്തുള്ളികളേക്കാൾ    അത്യധികം ഗുണമേൻമയും ഔഷധ ഗുണവുമുള്ളതാണ്   വട്ടവട വെളുത്തുള്ളി. മറ്റ് പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വെളുത്തുള്ളിയെ അപേക്ഷിച്ച്, ഈ വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ സൾഫൈഡുകൾ, ഫ്ലേവനോയ്ഡുകൾ, പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.  വട്ടവടക്കുപുറമെ കാന്തല്ലൂരിലും ഈ വെളുത്തുള്ളി കൃഷിചെയ്യുന്നുണ്ട്. നാടറിയുന്ന പ്രശസ്തി വട്ടവട വെളുത്തുള്ളിക്കുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്ത്   ഇവയുടെ വില്‍പന   കുറവാണ്. വട്ടവട വെളുത്തുള്ളി ഏറെയും വിൽക്കുന്നത് തമിഴ്‌നാട്ടിലെ വടുകപ്പെട്ടി, മേട്ടുപാളയം, മധുര മാര്‍ക്കറ്റുകളിലാണ്.  

കേരളത്തിൽ ഗോതമ്പ്കൃഷി നടന്നിരുന്ന ഏക പഞ്ചായത്താണ് വട്ടവട. ഏതാനും വർഷങ്ങൾക്കുമുമ്പ്  നിരവധിപേർ ഗോതമ്പ്കൃഷി  ചെയ്തുവന്നിരുന്നു.കോവിലൂർ,  കൊട്ടാക്കമ്പൂർ,ചിലന്തിയാർ  എന്നിവിടങ്ങളിലാണ് ഗോതമ്പ് കൃഷി വ്യാപിച്ചിരുന്നത്.സൂചിയുൾപ്പെടെ നാലിനം ഗോതമ്പുകളാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഇന്ന് ഗോതമ്പ്കൃഷി അപൂർവമാണ്.കൃഷി ചെയ്യുന്നവരാകട്ടെ സ്വന്തം ആവശ്യത്തിനുള്ളത് മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ. മറ്റ് കൃഷികളുമായി തട്ടിച്ചു നോക്കുമ്പോൾ ഗോതമ്പ് കൃഷിക്ക് ലാഭം കുറവാണെന്നുള്ളതും ഈ കൃഷിയിൽനിന്ന് പിന്നോട്ട് വലിയാൻ കാരണമായിട്ടുണ്ട്.

പണ്ട് ‘ആറുമാസക്കിഴങ്ങ്’ എന്ന പേരിലറിയപ്പെട്ടിരുന്ന ഉരുളക്കിഴങ്ങ് വട്ടവടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. ആറുമാസമാണ്   ഇതിൻറെ വിളവെടുപ്പിന് വേണ്ടിയിരുന്നതെന്നതിനാലാണ്  ഈ പേര്  ലഭിച്ചത്. വലിപ്പം കൂടിയ ഈ  ഉരുളക്കിഴങ്ങാണ് ക്ഷാമകാലത്ത് പട്ടിണി മാറ്റാനായി ഇവിടുത്തുകാർ ഉപയോഗിച്ചിരുന്നത്. പ്രജനനത്തിന് തണ്ട് ഒടിച്ചുകുത്തിയാൽമതിയായിരുന്നുവെന്ന  പ്രത്യേകതയും ഇതിനുണ്ടായിരുന്നു.പുതിയ ഇനങ്ങളുടെ വരവോടെ ഈയിനം ഉരുളക്കിഴങ്ങ് വംശമറ്റുപോവുകയുണ്ടായി.അതുപോലെതന്നെ കരിംപൊക്കാളി, വെള്ളപ്പൊക്കാളി എന്നീയിനം നെല്ലുകളും വ്യാപകമായി ഇവിടെ ഉപയോഗിച്ചിരുന്നു. യൂക്കാലിയുടെ വ്യാപനത്തോടെ കൃഷിസ്ഥലത്തിന്റെ വ്യാപ്തി കുറഞ്ഞപ്പോൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നതും  ചുവന്ന നിറത്തിലുള്ള അരി ലഭിച്ചിരുന്നതുമായ ഈ രണ്ടിനം  നെല്ലുകളും വിസ്മൃതമായി (പട്ടിക 2 കാണുക).

പട്ടിക-2 പച്ചക്കറി കൃഷി ഭൂ വിസ്തീർണവും വിള ഉൽപ്പാദനവും

കേരളത്തിലെ പച്ചക്കറി ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രമാണ് വട്ടവട. ഏതാണ്ട് 27480 ടൺ പച്ചക്കറിയാണ് വാർഷിക ഉല്പാദനം. നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണവർ ഈ ലക്ഷ്യം നേടുന്നത്. അതിനാൽ തന്നെ വട്ടവട നിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും അതിനുള്ള പരിഹാരങ്ങൾ പട്ടികപ്പെടുത്തുകയുമാണ് ആദ്യ ഘട്ട പ്രവർത്തനം. ഹൃസ്വകാല -ദീർഘകാല പ്രവർത്തനങ്ങൾ  തയ്യാറാക്കുന്നതോടൊപ്പം ഒരു മുൻഗണനാക്രമം കൂടി ഇതിന് വേണ്ടി വരും.

വനപ്രദേശങ്ങളോടടുത്തുകിടക്കുന്ന മറ്റെവിടേയും പോലെ വന്യജീവി ശല്യവും ഇവിടത്തെ കാർഷിക മേഖലയിലെ പ്രശ്നമാണ്. (മയിൽ, കുരങ്ങ്, കാട്ടുപന്നി. മ്ലാവ് etc..) ഇവയിൽനിന്നും കൃഷിയെ രക്ഷിക്കാൻ കൊടുംതണുപ്പത്തുപോലും പല കൃഷിയിടങ്ങളിലും  ഉറക്കമിളച്ചു കാവലിരിക്കേണ്ടിവരുന്നുണ്ട്. വന്യമൃഗശല്യം കൂടുതലുള്ള കടവരിമേഖലയിൽ പല കർഷകരും വൈദ്യുതവേലി സ്വന്തം ചെലവിൽ സ്ഥാപിച്ചിട്ടുണ്ട്.

കാർഷികാവശ്യത്തിനുള്ള വിത്തുകൾക്കായി കൂടുതലും തമിഴ്നാടിനെയാണ് ഇവിടുത്തുകാർ  ആശ്രയിക്കുന്നത്. സ്ട്രോബറിതൈകൾ പൂനയിൽ നിന്നാണ് എത്തിക്കുന്നത്. ഇവയെല്ലാം കർഷകർ ഇടനിലക്കാർ മുഖേനയാണ് സംഭരിക്കുന്നത്. കൃഷിയിറക്കുന്നതിന് വേണ്ടി വരുന്ന വിത്ത്, വളം, ഉപകരണങ്ങൾ,കീടനാശിനി,

മൂലധനം എന്നിവയ്ക്ക് ഇവർക്ക് ആശ്രയിക്കാവുന്ന പൊതുസംവിധാനങ്ങൾ ഇവിടെ  ഒന്നുമില്ലായെന്നുതന്നെപറയാം.  നിലവിലുള്ള കാർഷിക സഹകരണ സംഘം കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല. ഗ്രാമപഞ്ചായത്തിന് ഫലപ്രദമായി ഇടപെടാൻ  കഴിയുന്നില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം പോലും നടക്കുന്നില്ല. കാർഷിക മേഖലക്ക് പഞ്ചായത്ത് പോലും  ഫണ്ട് നീക്കിവച്ചിട്ടില്ല. കൃഷി വകുപ്പാണെങ്കിൽ തനിച്ച്  കാര്യങ്ങൾ ചെയ്യുന്നപ്രവണതയാണ് കാണുന്നത്.പ്രതികൂല സാഹചര്യത്തിലും വട്ടവട കൃഷിഭവനിലെ ജീവനക്കാർ സേവനസന്നദ്ധരായി കർഷകർക്കൊപ്പമുണ്ട്.

ജല മാനേജ്മെന്റിന്റെ അഭാവം പ്രകടമാണിവിടെ. ഒരു ചെക്ക് ഡാം പോലും ഇവിടെ കാണാൻ കഴിഞ്ഞില്ല. (ജനങ്ങൾ സന്നദ്ധ പ്രവർത്തനത്തിലൂടെ പണിത്  പിന്നീട് തകർന്നുപോയ  ഒരു ചെക്ക് ഡാം ഒറ്റമരത്ത് കാണാനിടയായി)  അതുകൊണ്ട് കാലാവസ്ഥയെ മാത്രം ആശ്രയിച്ചാണ് ഇവരുടെ കൃഷി നടക്കുന്നത്. ഇന്നത്തെ കാലത്ത് കാലാവസ്ഥാ വ്യതിയാനം എത്രമേൽ ആഘാമുണ്ടാക്കുമെന്ന് ഊഹിക്കാവുന്നതാണല്ലൊ. അതേപോലെതന്നെയാണ് കാർഷിക യന്ത്രവത്കരണവും. അപൂർവ്വമായി ചെറു ഹിറ്റാച്ചികൾ കണ്ടതൊഴിച്ചാൽ കർഷകന് കൈകാര്യം ചെയ്യാവുന്ന ചെറു യന്ത്രങ്ങളില്ലായെന്നുപറയാം. ചെരുപ്പിട്ടുകൊണ്ട് പണിനടക്കുന്നതോ വിളവെടുക്കുന്നതോയായ കൃഷിസ്ഥലത്തിറങ്ങുവാൻ ഇവർ തയ്യാറാവുകയില്ല. അതുകൊണ്ടുതന്നെ സുരക്ഷാസംവിധാനമായ ഗംബൂട്ട്സ് പോലെയുള്ളവ ചതുപ്പിലുമുപയോഗിക്കുവാൻ കഴിയുന്നില്ല. 

കൃഷിക്ക് വേണ്ടുന്ന മുടക്കു മുതൽ/വായ്പ കിട്ടാൻ ധാരാളം പൊതുസംവിധാനങ്ങളുള്ള നമ്മുടെ സംസ്ഥാനത്ത്  ഈ പ്രദേശത്തുകാർ മേൽ സൂചിപ്പിച്ച കാരണങ്ങളാൽ അവരുടെ കൃഷിക്കുള്ള മുടക്കുമുതൽ കുത്തക കച്ചവടക്കാരിൽ നിന്നോ വട്ടപ്പലിശക്കാരിൽ നിന്നോ കണ്ടെത്തുകയാണ്. അതിൻ ഫലമായി മറ്റൊരിടത്തും ഉല്പന്നം കൊടുക്കാനാവാത്തവിധം അവരോട് കടപ്പെട്ടിരിക്കേണ്ട സ്ഥിതിയിലാവുന്നു.    

ലോകോത്തര നിലവാരമുള്ള വിവിധ തരം ബീൻസ്, വെളുത്തുള്ളി തുടങ്ങിയ കാർഷികോല്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന സ്ഥലമാണ് വട്ടവട.എന്നാൽ  മെച്ചപ്പെട്ട വില കിട്ടാൻ വേണ്ട യാതൊരു മാർക്കറ്റിംഗ് സംവിധാനവും ഇവിടെ കാണാൻ കഴിഞ്ഞില്ല. ഉല്പന്നങ്ങളുടെ സംഭരണത്തിനോ സംസ്കരണത്തിനോ മതിയായ ഒരു സൗകര്യവും ഇവിടെയില്ല. ഉല്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള സർക്കാർ സംവിധാനങ്ങൾ ഫലപ്രദമല്ലെന്നതും ഈ സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്. സംസ്ഥാനത്തെ പച്ചക്കറി ഗ്രാമമെന്നറിയപ്പെടുന്ന വട്ടവടയിൽ  പച്ചക്കറി സംഭരണ വിതരണകേന്ദ്രമുണ്ടെങ്കിലും ഫലപ്രദമായി പ്രവർത്തിക്കുവാൻ അതിന് കഴിയുന്നില്ല.  

ലഭിച്ച  വിവരങ്ങളുടേയും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളുടേയും ഭാഗമായി മനസ്സിലാക്കിയ പ്രശ്നങ്ങളെ ഇനിയും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. കേരളത്തിലെ മറ്റു ദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ധാരാളം യുവാക്കൾ കാർഷിക മേഖലയിൽ പണിയെടുക്കുന്നുണ്ട്. യൂക്കാലിമരങ്ങൾ വെട്ടുന്നതിനും അതിന്റെ കടത്ത്, അത് ഉപയോഗിച്ചുള്ള ഷെഡ് നിർമ്മാണം, ഡ്രൈവിംഗ്, റിപ്പയറിംഗ് തുടങ്ങിയവയിലൊക്കെ  യുവാക്കൾ വ്യാപ്രുതരാണ്.  ഇവിടെ തൊഴിലാളിക്ഷാമമില്ലെന്നാണ് പൊതുവെ ബോധ്യപ്പെട്ടത്.

പ്രദേശവാസികൾ പറഞ്ഞതിൽനിന്നു മനസിലാക്കുന്നത് വലിയ തോതിൽ കീടനാശിനി പ്രയോഗം ഇവിടെ വേണ്ടിവരുന്നില്ലായെന്നതാണ് . ഇത് വലിയ ആശ്വാസ വാർത്തയാണ്. ഓരോ തവണയും വ്യത്യസ്ത വിളകൾ കൃഷിചെയ്യുന്നതിനാലും  കീടങ്ങൾക്ക്  ഇവിടുത്തെ കാലാവസ്ഥയെ പ്രതിരോധിക്കുവാൻ  കഴിയാത്തതിനാലുമാണിങ്ങനെ സംഭവിക്കുന്നതെന്നാണ് മനസ്സിലായത്. കൂടാതെ അമിതമായ രാസവളപ്രയോഗമില്ലെന്നാണറിയാൻ കഴിഞ്ഞിട്ടുള്ളത്. 

പരിഷത്ത് സംഘം

നിർദേശങ്ങൾ

  1. വട്ടവടയുടെ വികസനം മുൻനിർത്തിയുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കണം.
  2. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹരിക്കണം. ഒരു സ്പെഷൽ ഓഫീസറെയും സംവിധാനങ്ങളേയും ഇതിനായി നിയോഗിക്കണം.
  3. പ്രദേശത്തിന്റെ സമഗ്ര സർവ്വെ നടത്തി  ഓരോ പ്ലോട്ടിനും അ നുയോജ്യമായ ഇടപെടൽ പ്ലാൻ ഉണ്ടാക്കണം. രേഖകൾ നിലവിലെ എല്ലാവർക്കും കിട്ടണം.
  4. ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനം കൂടുതൽ സമഗ്രമാകണം, സർവ്വ തലസ്പർശിയാകണം.
  5. താല്പര്യവും സന്നദ്ധതയുമുള്ള  ഉദ്യോഗസ്ഥരെയാണ് വട്ടവടയിൽ  നിയമിക്കേണ്ടത്. ഇങ്ങനെ നിയമിക്കുന്ന ജീവനക്കാർക്ക്  അട്ടപ്പാടിയിലേതുപോലെ  പ്രത്യേക അലവൻസ് നൽകുന്നകാര്യം പരിഗണിക്കണം.  
  6. കൃഷി ചെയ്യുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനു് പൊതു സംവിധാനം ശക്തിപ്പെടുത്തണം (സഹ.ബാങ്ക് + പൊതുമേഖലാ ബാങ്ക് + നബാർഡ് +SFAC(Small Farmers’ Agri-Business Consortium) Etc… 
  7. കാർഷിക ഉല്പാദന സംഘടന അഥവ പഞ്ചായത്ത്തല കൃഷി  വികസന സമിതി വട്ടവടയ്ക്ക് വേണ്ടി  രൂപീകരിക്കാവുന്നതാണ്.വിത്ത് മുതൽ വിപണി വരെ ഈ കുടക്കീഴിൽ കൊണ്ടുവരണം.
  8. പ്രദേശത്തിനിണങ്ങുന്ന ലഘുയന്ത്രങ്ങൾ, വിത്തുകൾ,സൂക്ഷ്മവളങ്ങൾ, കീടനാശിനികൾ തുടങ്ങിയവ കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ മുൻകൈയ്യിൽ രൂപപ്പെടുത്തണം. പ്രദേശവാസികളുടെ ഈ വിഷയങ്ങളിലെ അന്വേഷണ താല്പര്യങ്ങളെ പരിഗണിക്കണം. പ്രാദേശിക ഇനങ്ങളെ സംരക്ഷിച്ചുകൊണ്ടുതന്നെ ഉൽപ്പാദനശേഷികൂടിയ ആധുനിക വിത്തിനങ്ങൾക്കൂടി ഉപയോഗിക്കാനാവണം  
  9. മണ്ണ്, ജല മാനേജ്മെന്റ് കാര്യക്ഷമമാക്കണം. മണ്ണൊലിപ്പ് തടയുന്നതോടൊപ്പം ആവശ്യമായ എണ്ണം തടയിണകൾ നിർമ്മിക്കണം. വിളകൾക്ക് വേണ്ടത്ര വെള്ളം വേണ്ട സമയങ്ങളിൽ ലഭ്യമാകണം.
  10. തടയിണകളോടൊപ്പം തന്നെ ലിഫ്റ്റ് ഇറിഗേഷനും പരിഗണിക്കണം.
  11. തുള്ളിനന (Micro, Sprinkler irrigation) തുടങ്ങിയ വെള്ളം പാഴാകാത്ത ജലസേചന വിദ്യകൾ പ്രയോഗിക്കണം.
  12. ഹൈ ടെക്ക് കൃഷി  സാധ്യതകൾ പരിശോധിക്കണം. പച്ചക്കറി ഉൽപ്പന്നങ്ങളുടെ മൂല്യവർധനവിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം.
  13. മാലിന്യ സംസ്കരണ പദ്ധതി ഉണ്ടാക്കണം. എല്ലാ ജൈവ മാലിന്യങ്ങളേയും അവിടേയ്ക്ക് വേണ്ടുന്ന കമ്പോസ്റ്റ് വളമാക്കി മാറ്റണം.
  14. ഫാം റോഡുകൾ കോൺക്രീറ്റ് ചെയ്ത് ഉപയോഗയോഗ്യമാക്കണം.
  15. വിളവെടുപ്പ് കഴിഞ്ഞ ഉടൻതന്നെ കാർഷിക  ഉല്പന്നങ്ങൾ മാർക്കറ്റിലെത്തിക്കാൻ  കഴിയണം. Horticorp  കർഷകർക്ക് സഹായകരമായ  നിലപാട് സ്വീകരിക്കണം.  
  16. നിലവിൽ പണിതീർന്ന സംഭരണ കേന്ദ്രം അതിലേക്കുളള വഴി ശരിയാക്കി ഉപയോഗയോഗ്യമാക്കണം. ആവശ്യമെങ്കിൽ വികേന്ദ്രീകരിച്ച് ചെറു സംഭരണ കേന്ദ്രങ്ങൾ വേണം. ആധുനിക സാങ്കേതികവിദ്യകളെ കൂട്ടുപിടിക്കണം.
  17. വിള ഇൻഷുറൻസുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കർഷകർക്ക്  ലഭ്യമാക്കണം.ഇതിനായി ബോധവൽക്കരണം ശക്തമാക്കണം.
  18. ഉല്പന്നങ്ങളുടെ മൂല്യവർധനവും ബ്രാൻഡിംഗും വേണം.
  19. മാർക്കറ്റിംഗ് കാര്യക്ഷമമാക്കണം. കയററുമതി വർധിപ്പിക്കണം. തദ്ദേശീയ മാർക്കറ്റുകളിൽ വട്ടവട ഉല്പന്നങ്ങൾ ലഭ്യമാകണം.
  20. വട്ടവടയിലെ മുഴുവൻ  യൂക്കാലിമരങ്ങളും വെട്ടി വേരു പിഴുതുകളയുന്നതടക്കമുള്ള പ്രവൃത്തികൾ  സമയബന്ധിതമായി, കാര്യക്ഷമമായി പൂർത്തിയാക്കണം.
  21. അന്യംനിന്ന കാലിവളർത്തൽ പുനരുജ്ജീവിപ്പിക്കാനുതകുന്ന പദ്ധതികൾ നടപ്പാക്കണം
  22. വട്ടവടയിൽ ഫാം ടൂറിസം പദ്ധതികൾ നടപ്പാക്കണം.
  23. വട്ടവടയിലെ കാർഷിക ഭൂമിപ്രശ്നങ്ങൾ  പരിഹരിക്കുന്നതിനായി നോഡൽ ഓഫീസറെ നിയമിക്കണം.

അവലംബം

  1. വട്ടവട ഗ്രാമ പഞ്ചായത്ത് കാർഷിക ജൈവ വൈവിധ്യ രജിസ്റ്റർ 2021,  
  2. കേരള കാർഷിക സർവ്വകലാശാലയുടെ 2003 ലെ വട്ടവട പഠന റിപ്പോർട്ട്
  3. ജനസംഖ്യാ സെൻസസ് 2011.

​പഠനസംഘാംഗങ്ങൾ 

  1. വി ജി ഗോപിനാഥൻ,
  2. വി വി ഷാജി,
  3. തങ്കച്ചൻ നെല്ലിക്കുന്നേൽ (കൺവീനർ),
  4. സി ഡി അഗസ്റ്റിൻ,
  5. തമ്പി ജോർജ്,
  6. ജൂന ഗോപിനാഥൻ,
  7. കെ ജി അഴകേശൻ.

നന്ദി

  1. കെ. വേലായുധം (വൈസ് പ്രസിഡന്റ്, വട്ടവട ഗ്രാമ പഞ്ചായത്ത്) 
  2. പി. രാമരാജ് (മുൻ പ്രസിഡന്റ്, വട്ടവട ഗ്രാമ പഞ്ചായത്ത്)
  3. പ്രമോദ് മാധവൻ (മുൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർ,ദേവികുളം)  
  4. ജോബി ജോർജ്  (മുൻ അഗ്രിക്കൾച്ചർ അസിസ്റ്റന്റ്, വട്ടവട)

പഠനത്തിന്റെ പി.ഡി.എഫ് പതിപ്പ് – ഇവിടെ ക്ലിക്ക് ചെയ്യുക

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം

2023ഡിസംബർ മാസത്തിൽ കേരളത്തിലുടനീളം ‘പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള പദയാത്രകൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്.

Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്
Next post ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ? 
Close