2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പുരസ്കാരം നേടിയ കാത്തലിൻ കരിക്കോയെക്കുറിച്ച് 2021 ൽ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം. അവതരണം : അനശ്വര
കേൾക്കാം
കാത്തലിൻ കരിക്കോ (Katalin Karikó) ഹംഗറിയിലെ ഒരു ചെറുപട്ടണത്തിലാണ് ജനിച്ചുവളർന്നത്. അവരുടെ അച്ഛൻ ഇറച്ചിവെട്ടുകാരനായിരുന്നു. അവരുടെ വീട്ടിൽ പൈപ്പുവെള്ളമോ, ഫ്രിഡ്ജോ, മറ്റു വീട്ടുപകരണങ്ങളോ ഒന്നും ഇല്ലായിരുന്നു. ‘ഞങ്ങൾക്ക് അതിൽ വിഷമമൊന്നും ഉണ്ടായിരുന്നില്ല, കാരണം, ഞങ്ങൾക്ക് ചുറ്റുമുള്ളവരെല്ലാം ഞങ്ങളെപ്പോലെ തന്നെ ആയിരുന്നു’.
എങ്കിലും കൊച്ചുകാത്തലിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു: അവൾ പഠിക്കാൻ മിടുക്കിആയിരുന്നു. ജീവശാസ്ത്രം- ബയോളജി- അവൾക്ക് ജീവനായിരുന്നു എന്നു പറയാം. അതുകൊണ്ടുതന്നെ സ്കൂൾ കഴിഞ്ഞ് കോളെജിലും ജീവശാസ്ത്രം തന്നെ കാത്തലിൻ പഠിക്കാൻ തെരഞ്ഞെടുത്തു. അടുത്തുള്ള യൂനിവേഴ്സിറ്റിയിൽനിന്ന് ജീവശാസ്ത്രത്തിൽ പി എച് ഡിയും നേടി.
ഈ വർഷങ്ങളിലെപ്പോഴോ ആണ് കാത്തലിൻ എം ആർ എൻ ഏ എന്ന തന്മാത്രയിൽ ആകൃഷ്ടയായത്. നമുക്കറിയാം കോശങ്ങളുടെ കേന്ദ്രത്തിൽ (ന്യൂക്ലിയസ്) ഡി എൻ ഏ യിൽ ആണ് പ്രോട്ടിനുകൾ ഉണ്ടാക്കുന്നതിനുള്ള രൂപരേഖ ഉള്ളത്. ഡി എൻ ഏ യിൽ അടങ്ങിയിട്ടൂള്ള ന്യൂക്ലിയോടൈഡുകളുടെ ക്രമം അനുസരിച്ച് കോശം അമിനോ ആസിഡുകളെ കോർത്തെടുത്ത് പ്രോട്ടിൻ തന്മാത്രകൾ ഉണ്ടാക്കുന്നു എന്ന് ലളിതമായി പറയാം. കോശകേന്ദ്രത്തിലുള്ള ഡി എൻ എ എങ്ങിനെയാണ് കോശത്തിന്റെ ശരീരത്തിൽ ഉണ്ടാകുന്ന പ്രോട്ടിനുകൾ മെനയുന്നത് ? ഇതിനുള്ള ഉത്തരമാണ് എം ആർ എൻ ഏ അഥവ മെസ്സെൻജർ ആർ എൻ ഏ. ഡി എൻ ഏ യിലെ സന്ദേശം കൃത്യമായി, സത്യസന്ധമായി നൂക്ലിയസിനു പുറത്ത് എത്തിക്കുന്നത് എം ആർ എൻ ഏ ആണ്.
ഈ പ്രക്രിയയെപ്പറ്റി പഠിച്ചപ്പോഴാണ് കാത്തലിന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നത്: എം ആർ എൻ ഏ യാണ് ഏതു പ്രോട്ടീൻ ആണ് നിർമ്മിക്കപ്പെടുക എന്നത് നിയന്ത്രിക്കുന്നത് എങ്കിൽ, എം ആർ എൻ ഏ യിൽ മാറ്റം വരുത്തിക്കൊണ്ട് നമുക്കാവശ്യമുള്ള പ്രോട്ടിനുകളെ ഉണ്ടാക്കാൻ എന്തുകൊണ്ട് കോശത്തിനെ പ്രേരിപ്പിച്ചുകൂടാ? ഈ ആശയം പ്രാവർത്തികമാക്കുക എന്നതായി പിന്നീട് അവരുടെ ഏക ചിന്ത.
യൂനിവേഴ്സിറ്റിയിൽ പി എച് ഡി കഴിഞ്ഞു റിസർച്ച് തുടർന്ന കാത്തലിനു പക്ഷേ ആദ്യത്തെ തിരിച്ചടി 1985ഓടെ ഉണ്ടായി. ഹംഗറി കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ആയിരുന്നു അപ്പോൾ. ഗവേഷണപദ്ധതികളുടെ സാമ്പത്തിക സഹായം ഗവണ്മെന്റ് വെട്ടിക്കുറച്ചു. അതോടെ കാത്തലിനു ജോലി ഇല്ലാതായി.
അപ്പോഴേക്കും ഭർത്താവും കുഞ്ഞും ആയി കാത്തലിന്റെ കുടുംബം വളർന്നു കഴിഞ്ഞിരുന്നു. അവർ ഒരുമിച്ച് ഒരു തീരുമാനം എടുത്തു: അമേരിക്കയിലേക്ക് പോകുക. ഒരു ചെറിയ പോസ്റ്റ് ഡോക്ടൊറൽ ഫെലോഷിപ്പിന്റെ ബലത്തിൽ അവർ അമേരിക്കയിൽ പെൻസിൽവേനിയയിൽ എത്തി. ‘അന്നൊക്കെ ഹംഗറിയിൽനിന്ന് ഡോളറുകൾ കൊണ്ടുപോകുന്നതിനു നിയന്ത്രണം ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ സമ്പാദ്യം ഡോളറിൽ ആക്കി കുഞ്ഞിന്റെ പാവയുടെ ഉള്ളിൽ തയ്ച്ചു ചേർത്താണ് ഞങ്ങൾ അമേരിക്കയിൽ വന്നെത്തിയത്’.
അമേരിക്കയിൽ പെൻസിൽവേനിയയിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടൊറൽ ഗവേഷണം പൂർത്തിയാക്കിയ അവർ ഡോ. ബാർനതാൻ എന്ന ഹൃദ്രോഗവിദഗ്ധന്റെ ലാബിൽ ജോലിയിൽ പ്രവേശിച്ചു. ഇംഗ്ലീഷ് നന്നായി വശമില്ലായിരുന്നെങ്കിലും അതൊന്നും അവരെ തളർത്തിയില്ല. എം ആർ എൻ ഏ ഉപയോഗിച്ച് പ്രോട്ടിൻ ഉണ്ടാക്കുക എന്ന ആശയം അവരെ ഗ്രസിച്ചു കഴിഞ്ഞിരുന്നു. ബാർനതാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെങ്കിലും ഗവേഷണത്തിനുള്ള പണം അവർ ഗ്രാന്റുകളിലൂടെ കണ്ടെത്തേണ്ടിയിരുന്നു. അത് എളുപ്പമായിരുന്നില്ല. അവരുടെ ഐഡിയ- എം ആർ എൻ ഏ ഉപയോഗിച്ച് പ്രോട്ടിനുകൾ നിർമ്മിക്കുക എന്നത്- അപ്രായോഗികമാണെന്നാണ് ഈ രംഗത്തുള്ള പ്രഗൽഭർ കരുതിയത്. അതിനിടയിൽ ബാർനതാനു വേറെ ഒരു യൂനിവേഴ്സിറ്റിയിൽ പണി കിട്ടിയപ്പോൾ അദ്ദേഹം യാത്രയായി.
പിന്നീടവർ ഡോ. ലാംഗർ എന്ന ന്യൂറോസർജന്റെ സഹായത്തോടെ മറ്റൊരു ലാബിൽ പണിയെടുത്തു. അപ്പോഴേക്കും അവർ പണിയെടുത്തിരുന്ന യൂണിവേഴ്സിറ്റി അവരെ തരം താഴ്ത്തി. പി എച് ഡി കഴിഞ്ഞ് പത്തുകൊല്ലത്തോളം ആയെങ്കിലും അവർക്ക് ലാബിലെ ഏറ്റവും താഴെ തട്ടിൽ ഉള്ള ഒരു ജോലിയാണ് കിട്ടിയത്: കാരണം അവർക്ക് സ്വന്തമായി ഗവേഷണത്തിനുള്ള സാമ്പത്തികസഹായം ലഭിച്ചിരുന്നില്ല. ശാസ്ത്രഗവേഷണത്തിന്റെ മേഖലയിൽ സ്വന്തം ആശയങ്ങൾ അനുസരിച്ച് ഗവേഷണപദ്ധതികൾ എഴുതി ഉണ്ടാക്കി അതിനു സാമ്പത്തികസഹായം ബാഹ്യ ഏജൻസികളിൽനിന്ന് നേടിയെടുക്കുകയും, അവ പൂർത്തീകരിച്ച് ശാസ്ത്രജേർണ്ണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ടാണ് ആരും സ്ഥാനം ഉറപ്പിക്കുന്നത്. സ്വന്തം ഗവേഷണം ചെയ്യാനാവാത്തതുകൊണ്ട് അവർക്ക് പ്രസിദ്ധീകരണങ്ങൾ ഇല്ലായിരുന്നു. പ്രസിദ്ധീകരണങ്ങൾ ഇല്ലാത്തവർക്ക് ഗവേഷണസഹായവും ലഭിക്കില്ല! അങ്ങിനെ ഒരു വിഷമവൃത്തത്തിൽ ആയിരുന്നു അവർ. കൂടാതെ ഇതിനിടയിൽ അവർക്ക് കാൻസർ രോഗം ഉണ്ടെന്നു കണ്ടുപിടിക്കുകയും അതിനുള്ള ചികിത്സതേടേണ്ടിയും വന്നു. എങ്കിലും അവർ പ്രസന്നത കൈവിട്ടില്ല. ‘ലാബിൽ വരുമ്പോൾ ഞാൻ സന്തുഷ്ടയായിരുന്നു’.
സാധാരണഗതിയിൽ ആരും മടുത്തുപോകുന്ന ഒരു സാഹചര്യമായിരുന്നു അത്. ഈ പണി വിട്ടിട്ട് വേറെ എന്തെങ്കിലും ചെയ്തുകൂടെ എന്ന് ആരും ചിന്തിച്ചുപോകും. പക്ഷെ അവർക്ക് പ്രതീക്ഷയുണ്ടായിരുന്നു. തന്റെ ആശയം വളരെ കാമ്പുള്ളതാണെന്നതിൽ അവർക്ക് സംശയം ഇല്ലായിരുന്നു. അങ്ങിനെ ബുദ്ധിമുട്ടുന്ന സമയത്ത് അവർ അപ്രതീക്ഷിതമായി ഒരാളെ കണ്ടുമുട്ടി: ഡോ. ആൻഡ്രൂ വൈസ്മാൻ. എച് ഐ വിക്കെതിരെ വാക്സിൻ കണ്ടുപിടിക്കുവാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ‘ഡ്രൂ’ എന്ന് വിളിപ്പേരുള്ള ഡോ. വൈസ്മാൻ. ഒരു ഫോട്ടൊകോപ്പിയർ കടയിലാണ് രണ്ടുപേരും യാദൃച്ഛികമായി കണ്ടു മുട്ടിയത്. ആകസ്മികമായി സംസാരം തുടങ്ങിയ ഡോ. വൈസ്മാൻ അവരുടെ ആശയങ്ങളിൽ ആകൃഷ്ടനായി. അദ്ദേഹം അവർക്ക് സ്വന്തം ലാബിൽ ഒരു ജോലി കൊടുത്തു. അവർ രണ്ടുപേരും കൂടി എം ആർ എൻ ഏ ഉപയോഗിച്ച് പ്രൊട്ടീൻ നിർമ്മിക്കുക എന്ന ആശയം പിന്നെയും മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചു. ഒന്നു രണ്ടു പ്രസിദ്ധീകരണങ്ങൾ വന്നു എങ്കിലും അവക്കൊന്നും വലിയ സ്വീകരണം കിട്ടിയില്ല.
അക്കാലത്ത് എം ആർ എൻ ഏ റിസർച്ചിൽ എല്ലാവരും ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നത് എം ആർ എൻ ഏ ഉപയോഗിച്ച് ചികിത്സ എന്ന ആശയമായിരുന്നു. കാൻസറുകൾക്കും മറ്റും എതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ എം ആർ എൻ ഏ ഉപയോഗിക്കാം എന്നതായിരുന്നു ഉദ്ദേശം. എങ്കിലും കാര്യമായ ഫലപ്രാപ്തി ഉണ്ടായില്ല. എം ആർ എൻ ഏ കുത്തിവെച്ച എലികൾ ഉത്സാഹമില്ലാതെയും രോഗഗ്രസ്തരായും കാണപ്പെട്ടു. കാത്തലിന്റെ ഒരു പ്രധാന കാൽവെയ്പ്പ്, ഇതിനുള്ള കാരണം എം ആർ എൻ ഏക്ക് എതിരെ ഉള്ള റിയാക്ഷൻ ആണെന്നുള്ള കണ്ടെത്തലായിരുന്നു. പിന്നീട് അത് നിയന്ത്രിക്കാൻ കഴിഞ്ഞപ്പോൾ എം ആർ എൻ ഏ വിജയകരമായി എലികളിൽ കുത്തിവെക്കാൻ അവരുടെ ടീമിനു കഴിഞ്ഞു.
അപ്പോഴേക്കും 2013 ആയിരുന്നു. അവർ അവരുടെ ആശയം പൂർത്തീകരിക്കാൻ യു എസ് ഏയിൽ എത്തിയിട്ട് ഇരുപതുവർഷത്തോളം ആകുന്നു. പ്രതീക്ഷിച്ചതുപോലുള്ള ഒരു ഉയർച്ച അവർക്ക് ഗവേഷണരംഗത്ത് ഉണ്ടായില്ല; എങ്കിലും അപ്പോഴും അവർ സ്വന്തം ആശയങ്ങൾക്ക് അവധി കൊടുത്തില്ല. അവർ എം ആർ എൻ ഏ ഗവേഷണത്തെപ്പറ്റി ഒരു പ്രസംഗം നടത്തിയപ്പോൾ കേട്ടുകൊണ്ടിരുന്ന ഒരാൾ ബയോൺറ്റെക്ക് എന്ന ബയോറ്റെക്നോളജി കമ്പനിയുടെ സ്ഥാപകനായിരുന്നു. വാക്സിനുകൾക്ക് വേണ്ടി കാത്തലിന്റെ ആശയം ഉപയോഗിക്കാം എന്ന് അദ്ദേഹത്തിനു തോന്നി. ഈ ഐഡിയയുടെ പ്രസക്തി ആദ്യം തിരിച്ചറിഞ്ഞവരിൽ ഒരാൾ കനേഡിയൻ ശാസ്ത്രജ്ഞ്നായ റൊസ്സി ആയിരുന്നു. കാത്തലിൻ അങ്ങിനെ ബയോൺ റ്റെക്ക് കമ്പനിക്കുവേണ്ടി ജോലി ചെയ്യാൻ തുടങ്ങി.
2019 മുതൽ അവരുടെ ടീം ബയോൺ ടെക്കിനുവേണ്ടി ഇൻഫ്ലുവെൻസാ വാക്സിൻ നിർമ്മിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് കോവിഡ് ലോകത്തെ ഗ്രസിച്ചത്. സന്ദർഭത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ബയോൺ ടെക്- ഫൈസർ അപ്പോൾ തന്നെ അവരോട് കോവിഡ് വാക്സിനിലേക്ക് തിരിയാൻ നിർദ്ദേശിച്ചു. അങ്ങിനെ ബയോൺ ടെക്- ഫൈസറും മോഡെണയും എം ആർ എൻ ഏ വാക്സിനുകൾ ഉണ്ടാക്കാനുള്ള ഗവേഷണത്തിനു കാത്തലിന്റെ ആശയങ്ങളാണ് സ്വീകരിച്ചത്. അവർ ബയോൺറ്റെക് കമ്പനിയുടെ സീനിയർ വൈസ് പ്രെസിഡെന്റ് എന്ന പദവിയ്ലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.
എം ആർ എൻ ഏ വാക്സിനുകൾ ചെയ്യുന്നത് കൊറോണാ വൈറസിന്റെ സ്പൈക് പ്രോട്ടിൻ ഉണ്ടാക്കാൻ ശരീര കോശങ്ങൾക്ക് നിർദ്ദേശം കൊടുക്കുകയാണ്. കൂർത്ത മുള്ളുകൾ പോലെയുള്ള സ്പൈക്കുകൾ ഉപയോഗിച്ചാണ് വൈറസ് കോശഭിത്തി ഭേദിച്ച് അകത്തു കടക്കുന്നത്. മുള്ളുകളെ നിർവീര്യമാക്കിയാൽ വൈറസിനു കോശത്തിലേക്ക് പ്രവേശിക്കാനും അനേകമായി പെരുകാനും സാധിക്കുകയില്ല. സ്പൈക് പ്രോട്ടിനുകളെ മാത്രമായി ശരീരകോശങ്ങളിൽ തന്നെ നിർമ്മിക്കാൻ കഴിഞ്ഞാൽ, അങ്ങിനെ നിർമ്മിക്കപ്പെടുന്ന സ്പൈക് പ്രോട്ടിനെതിരെ ശരീരം ആന്റിബോഡികളെ ഉണ്ടാക്കുകയും വിജയകരമായി പ്രതിരോധിക്കാൻ പഠിക്കുകയും ചെയ്യും. പിന്നീട് വൈറസ് ആക്രമണം ഉണ്ടായാലും കോശങ്ങൾ പ്രതിരോധിക്കാൻ സജ്ജമായിരിക്കും. ഇതാണ് എം ആർ എൻ ഏ വാക്സിനുകളുടെ പൊതു തത്വം. മറ്റു വാക്സിനുകളിൽ ചെയ്യുന്നതുപോലെ നിർജീവമാക്കപ്പെട്ടെ വൈറസ് ഭാഗങ്ങൾ ഉപയോഗിക്കാത്തതുകൊണ്ട് അന്യപ്രോട്ടിനുകൾ ശരീരത്തിൽ പ്രവേശിക്കാൻ ഇടവരുന്നുമില്ല. അതുകൊണ്ട് പാർശ്വഫലങ്ങൾ തീരെ ഇല്ല. തൊണ്ണൂറ്റഞ്ചു ശതമാനത്തോളം വിജയകരമാണു താനും.
ജനിച്ച നാടായ ഹംഗറിയിലെ സയൻസ് അക്കാഡമി അവരെ വിശിഷ്ടാതിഥിയായി പ്രസംഗിക്കാൻ ക്ഷണിച്ചപ്പോഴും അവർ ഇതു തന്നെയാണ് പറഞ്ഞത്. ‘ഈ പാൻഡെമിക്ക് ആണ് എന്നെ പ്രശസ്തയാക്കിയത്; ഇത് വന്നില്ലായിരുന്നെങ്കിൽ എന്നെ ആരും അറിയുകയില്ലായിരുന്നു. എങ്കിലും പാൻഡെമിക്ക് ഇല്ലാതിരുന്നെങ്കിൽ അത് ലോകത്തിനു എത്ര നല്ലതായിരുന്നേനെ എന്നു തന്നെയാണ് എന്റെ വിചാരം’.
വ്യക്തിപരമായി അവർക്ക് സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടി അവരുടെ ജീവിതത്തിലുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവി സ്വപ്നം കണ്ട് അമേരിക്കയിൽ വന്നിറങ്ങുമ്പോൾ അവരുടെ കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരി സൂസൻ അമേരിക്കക്കുവേണ്ടി രണ്ടു ഒളിമ്പിക് സ്വർണ്ണമെഡലുകൾ നേടിയ – ലണ്ടനിലും ബെയ്ജിങ്ങിലും- തുഴച്ചിൽ ടീമിലെ അംഗമായിരുന്നു.
ഗവേഷണരംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പലരും കരുതുന്നത് കാത്തലിൻ കാരിക്കോക്ക് നോബേൽ സമ്മാനത്തിനുള്ള അർഹതയുണ്ടെന്നും, അതവർക്ക് അധികം വൈകാതെ സമ്മാനിക്കപ്പെടും എന്നുമാണ്. ഒരു കാര്യത്തിൽ മാത്രമെ ലേശമെങ്കിലും സന്ദേഹമുള്ളൂ: അത് കെമിസ്ട്രിയിലായിരുക്കുമോ, വൈദ്യശാസ്ത്രത്തിൽ ആയിരിക്കുമോ?
One thought on “കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി”