Read Time:16 Minute

ഫാത്തിമ മുഫ്സിന, ഡോ. ചിഞ്ചു സി എന്നിവർ എഴുതിയ ലേഖനം, അവതരണം : ഫാത്തിമ മുസ്ഫിന

കേൾക്കാം


“അയ്യോ! ഞാനില്ല അമ്മാമ്മയോടൊപ്പം കിടക്കാൻ. ഫാനും ഓൺ ചെയ്യില്ല, പുതപ്പും വിരിക്കും. എന്നിട്ടും അമ്മാമ്മ പറയും തണുക്കുന്നുണ്ടെന്ന്! എനിക്ക് വയ്യ ഇങ്ങനെ ചൂട് സഹിക്കാൻ”. ഇങ്ങനെ ചിലപ്പോഴെങ്കിലും നമ്മുടെ വീട്ടിലെ കുട്ടികൾ പറയുന്നത് നാം കേട്ടിട്ടുണ്ടാവും. അല്ലെങ്കിൽ നമുക്ക് തന്നെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിരിക്കാം. പലപ്പോഴും നമ്മൾ അതിനനുസരിച്ച് കാര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ടാവുകയും ചെയ്യും. എന്നാൽ ഇതിനെപ്പറ്റി കൂടുതൽ ചിന്തിച്ചിട്ടുണ്ടോ? അതെ നമുക്കറിയാം, അവർക്ക് പ്രായമായതുകൊണ്ടാണ് ഈ മാറ്റങ്ങൾ എന്നത്. എന്നാൽ പ്രായമാവുക എന്നത് എത്രത്തോളം മനുഷ്യരിൽ മാറ്റം വരുത്തുന്നുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?

കാലം കഴിയുന്തോറും എന്തിനും  മാറ്റം വരും!  മനുഷ്യർക്ക് മാത്രമല്ല, സസ്യങ്ങൾക്കും ചെറുതും വലുതുമായ എല്ലാ ജീവജാലങ്ങൾക്കും ഈ മാറ്റം അനിവാര്യമാണ്. എന്താണ് പ്രായമേറുമ്പോൾ മനുഷ്യരിൽ  സംഭവിക്കുന്നത്? എന്താണ് യഥാർത്ഥത്തിൽ ഈ വാർദ്ധക്യം?


ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ശരീരത്തിലും മനസ്സിലും വരുന്ന മാറ്റങ്ങൾ ഉൾപ്പെടുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം എന്നു പറയാം. പ്രായമുള്ളവർ എന്നാൽ കുറച്ച് അപ്പാപ്പന്മാരുടെയും അമ്മാമ്മമാരുടെയും ഒരു കൂട്ടം എന്നു മാത്രമാണ് നമ്മളിൽ പലരും ധരിച്ചു വെച്ചിരിക്കുന്നത്. മറിച്ച്, വർദ്ധക്യത്തിലേക്ക് കാലെടുത്തുവെക്കുന്നവർ മുതൽ വാർദ്ധക്യത്തിന്റെ പല സമയങ്ങളിലൂടെ  കടന്നുപോകുന്നവർ ഉൾപ്പെടെ പലതരത്തിൽ ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന, തങ്ങളുടെതായ വ്യക്തിഗതവ്യത്യാസങ്ങൾ എല്ലാത്തിലും  കാണിക്കുന്ന ഒരുപറ്റം ആളുകൾ ചേർന്നതാണ് ഈ പ്രായവിഭാഗം.


ഈ സമയത്ത് ചിലർ വളരെ ആരോഗ്യമുള്ളവരും ഉന്മേഷമുള്ളവരുമാണെങ്കിൽ മറ്റുചിലർ വ്യത്യസ്തമായ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവരാണ്. പ്രായമായവരിൽ പൊതുവേയുള്ള മാറ്റങ്ങൾ പരിശോധിച്ചാൽ ത്വക്കിന്റെ ഇലാസ്തികത കുറഞ്ഞ് ചുളിവുകൾ പ്രത്യക്ഷപ്പെടുക, പേശീബലം കുറയുക, രുചി, മണം, സ്പർശനം, കാഴ്ച, കേൾവി  മുതലായ കഴിവുകളിൽ മാറ്റങ്ങൾ ഉണ്ടാവുക, പ്രതിരോധശക്തി കുറയുക, പ്രസ്ബയോപിയ, തിമിരം പോലെയുള്ള രോഗങ്ങൾ കണ്ണിനെ പിടികൂടുക, ഹൃദയസംബന്ധമായ അസുഖങ്ങൾ മുതലായവ കാണാൻ കഴിയും. ഇനി തുടക്കത്തിൽ പറഞ്ഞ കാര്യം നോക്കുകയാണെങ്കിൽ, വയസ്സാകുമ്പോൾ ചൂട്, തണുപ്പ് തുടങ്ങിയവയോടുള്ള നമ്മുടെ ശരീരത്തിന്റെ സംവേദന ക്ഷമത (sensitivity) വർദ്ധിക്കുന്നതും ശരീരത്തിൻറെ ഉപാപചയ നിരക്കിൽ ഉണ്ടാവുന്ന കുറവും (decrease in metabolism) മറ്റുമാണ് ചൂടും തണുപ്പുമൊക്കെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പ്രായമായവർക്ക് അനുഭവപ്പെടുന്നത്തിന്റെ കാരണം എന്നു പറയാം. അതുപോലെ ഈ സമയം കാഴ്ചയിൽ ഉണ്ടാകുന്ന മങ്ങലും മറ്റു ബുദ്ധിമുട്ടുകളും മന്ദഗതിയിലുള്ള വായനയ്ക്കും ചെറിയ അക്ഷരങ്ങൾ മനസ്സിലാക്കൽ, മങ്ങിയ പ്രകാശത്തിലെ വായന, രാത്രികാലങ്ങളിലെ ഡ്രൈവിംഗ് തുടങ്ങിയവയ്ക്കുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാവാം. അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്.

വയസ്സായവരിൽ ‘ബുദ്ധിയും ശക്തിയും മൊത്തത്തിൽ കുറഞ്ഞുപോകുന്നു’, ‘തീരെച്ചെറിയ കുഞ്ഞിനെപോലെയുള്ള ഒരവസ്ഥയിലേക്ക് മടങ്ങുന്നു’ ഇങ്ങനെ പലതരത്തിൽ ചിന്തിക്കുന്നവരും വിശ്വസിക്കുന്നവരും ഉണ്ട്. വാസ്തവത്തിൽ ചിന്തകളിലും മറ്റും പ്രായം വരുത്തുന്ന മാറ്റങ്ങൾ നാം വിചാരിക്കുന്നതിനേക്കാൾ കുറവും അൽപ്പം ശ്രദ്ധിച്ചാൽ ദൈനംദിന ജീവിതത്തെ മോശമായി ബാധിക്കാതെ നോക്കാൻ പറ്റുന്നവയുമാണ്. 

 അതുപോലെ  വാർധക്യത്തിലും, മറ്റു പ്രായത്തോട് താരതമ്യം ചെയ്യുമ്പോൾ കുറച്ച് സമയമെടുത്താണെങ്കിൽ പോലും, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുവാനും കഴിയും. ഓർമ്മശക്തിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, കാര്യങ്ങളോട് പ്രതികരിക്കാൻ എടുക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടൽ, പൊതുവേ മിക്ക പ്രവർത്തികളും അല്പം പതുക്കെയാവൽ, പ്രശ്നപരിഹാരങ്ങളിലും മറ്റും മുൻപേ ഉണ്ടായിരുന്നത്ര കാര്യക്ഷമതയോ ഫലപ്രാപ്തിയോ കൈവരിക്കാൻ കഴിയാതെ വരൽ ഉൾപ്പെടെയുള്ള മാറ്റങ്ങൾ പലതോതിൽ പ്രായമേറിയ മിക്കവരിലും കാണാവുന്നതാണ്. അതുപോലെ വർദ്ധക്യകാലത്ത് ഒരാളുടെ വ്യക്തിത്വത്തിന് കാര്യമായി മാറ്റം വരുന്നില്ലെങ്കിലും ദയ, സഹാനുഭൂതി, സഹകരണം, പരിഗണന, മാറ്റങ്ങളെ സ്വീകരിക്കാനുള്ള മനസ്സ്, ഉത്സാഹം, ഉത്തരവാദിത്ത്വബോധം, എന്നിങ്ങനെയുള്ള സ്വഭാവ സവിശേഷതകൾ    കൂടുന്നതായും അനുചിതമായ ദേഷ്യം, ഉത്കണ്ഠ, വിഷാദം, തുടങ്ങിയവ കുറയുന്നതായും ചില പഠനങ്ങൾ പറയുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ ശാരീരികമായും അല്ലാതെയും മറ്റുള്ളവരെ പലതരത്തിൽ ആശ്രയിക്കേണ്ടി വരുന്നത്, പ്രത്യേകിച്ചും വർദ്ധക്യത്തെ ഒരു ഭാരമായി കാണുന്ന സമൂഹചുറ്റുപാടിലാണ് ജീവിക്കുന്നതെങ്കിൽ, ഒരുതരം കുറ്റബോധവും നിരാശയും വ്യക്തിയിലുണ്ടാക്കാം. പ്രായമായവരെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളെ-കുടുംബാംഗങ്ങളെ നഷ്ടപ്പെടൽ, മക്കൾ വീടുവിട്ട് അവരുടേതായ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒരുതരം ഒറ്റപ്പെടലിന് കാരണമാകുന്നു. ഇത്തരത്തിലുള്ള അസന്തുഷ്ടകാരമായ അവസ്ഥകൾ അവരുടെ മാനസിക-ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. എന്നാൽ പലരും സൗഹൃദങ്ങൾ, കുടുംബജീവിതം, ഹോബികൾ, ഇതുവരെ ചെയ്യാൻ കഴിയാതെ പോയ സ്വപ്നങ്ങളെ വെട്ടിപ്പിടിക്കൽ അങ്ങനെ പല രീതികളിലൂടെ ഇവയെ മറികടക്കുന്നതായും കാണാം. സാമൂഹിക ബന്ധങ്ങളിലും സൗഹൃദങ്ങളിലും എണ്ണത്തിൽ കുറവ് വരുമെങ്കിലും ഉള്ളവ വളരെയധികം അടുത്ത ബന്ധങ്ങളായി തുടർന്നു പോകുന്നതും ഈ സമയത്തന്റെ ഒരു പ്രത്യേകതയാണ്.

കൂടാതെ ആരോഗ്യകരമായ വൈകാരിക സംവേദനം, മറ്റു പ്രായ വിഭാഗങ്ങൾ ഇടപെടുന്നതിനേക്കാൾ കാര്യക്ഷമതയോടെ  തങ്ങളുടെ ജീവിതത്തിലെ ചുമതലകളോടും ബുദ്ധിമുട്ടുകളോടും പ്രതികരിക്കാനുള്ള കഴിവ്, സാഹചര്യങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള മികവ്, ഇതൊക്കെ പ്രായമാവുന്തോറും മെച്ചപ്പെടുന്നതും മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ പ്രായമായവരിൽ കൂടുതൽ കണ്ടുവരുന്നതുമായ സവിശേഷതകളാണ്. പ്രായമുള്ളവരിലാണ് വിഷാദം, സങ്കടം, ഒറ്റപ്പെടൽ, ഉത്കണ്ഠ, മുതലായവ ഏറ്റവും കൂടുതൽ എന്നൊരു തെറ്റിദ്ധാരണ സമൂഹത്തിലെ ചിലർക്കെങ്കിലുമുണ്ട്. ആരോഗ്യപരമായും സാമൂഹികപരമായും വല്ലാതെ ഇടിവ് സംഭവിക്കുന്ന സമയമാണ് ഇതെന്നും അതുകൊണ്ടുതന്നെ സന്തോഷം, സുസ്ഥിതി എന്നിവയൊക്കെ കുറവായിരിക്കും എന്നുമുള്ള വിശ്വാസമാണ് പലർക്കും! എന്നാൽ ജീവിതത്തിലെ സന്തോഷത്തിന്റെ കാര്യം നോക്കുകയാണെങ്കിൽ മനുഷ്യൻ ഒരുതരം ‘U ടേണടിക്കുന്ന’ കാലമാണ് വാർദ്ധക്യം എന്നു പറയാം. അതായത് ഒരാളുടെ ജീവിതത്തിൻറെ പല ഘട്ടങ്ങൾ പരിശോധിച്ചു നോക്കിയാൽ അവർക്ക് താരതമ്യേനെ ഏറ്റവും കൂടുതൽ സന്തോഷമായി ഇരിക്കാൻ കഴിയുന്നത് അവരുടെ ഇരുപതുകളിലും അറുപതുകളിലും ആണെന്ന് പഠനങ്ങൾ പറയുന്നു. കുടുംബ, സാമൂഹ്യ ചുറ്റുപാടുകൾക്ക് ഇതിൽ വലിയ പങ്കു വഹിക്കാനുണ്ട് എന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്

വാസ്തവത്തിൽ ഒരാളുടെ പ്രായം അയാളുടെ സന്തോഷത്തിന്റെ അളവ് കുറയ്ക്കുന്നതായോ കൂട്ടുന്നതായോ നമുക്ക് പറയാൻ കഴിയില്ല. കാരണം ഓരോ കാലഘട്ടത്തിലും അതിന്റേതായ പ്രത്യേകതകൾ ഒരാളുടെ സന്തോഷത്തെ സ്വാധീനിക്കുന്നു. തീരെ ചെറിയ കുട്ടി ആയിരിക്കുമ്പോഴുള്ള സ്വാതന്ത്ര്യം, ചുറ്റുപാടിൽ നിന്നും നിന്നും കിട്ടുന്ന പിന്തുണ, കൗമാരക്കാലത്തെ  സൗഹൃദങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, സന്നദ്ധ സേവനങ്ങൾ, പിന്നീടുണ്ടാകുന്ന തൊഴിൽ, ജീവിതപങ്കാളി, മറ്റു വ്യക്തി ബന്ധങ്ങൾ, വീണ്ടും മുന്നോട്ടു പോകുമ്പോൾ പഴയകാല സൗഹൃദങ്ങളുടെ പുതുക്കൽ, ഊട്ടിയുറപ്പിക്കപ്പെടുന്ന അര്‍ത്ഥവത്തായ ബന്ധങ്ങൾ, വരുംതലമുറയോടുള്ള കരുതൽ ഇങ്ങനെ ഓരോ ഘട്ടത്തിലും സന്തോഷത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ പലതാണ്.

ഒരിക്കലും കുട്ടിക്കാലം പോലെയല്ല കൗമാരകാലം, അതുപോലെയല്ല യൗവനകാലം, അതുകൊണ്ടുതന്നെ വർദ്ധക്യത്തിനും അതിന്റേതായ സവിശേഷതകളുണ്ട്. എങ്ങനെ ഈ കാലയളവിലെ മാറ്റങ്ങളെ ആരോഗ്യപരമായും ക്രിയാത്മകമായും അഭിമുഖീകരിക്കാം എന്ന ചോദ്യം പ്രധാനമാണ്. ശരിയായ തോതിലുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണശൈലി, ആവശ്യമായ വിശ്രമം, ഉറക്കം, പുകവലി-മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളുടെ നിയന്ത്രണം, പതിവായ ആരോഗ്യപരിശോധന തുടങ്ങിയ കാര്യങ്ങൾ ശാരീരികാരോഗ്യത്തെ നിലനിർത്താൻ സഹായിക്കുമ്പോൾ നല്ല വ്യക്തിബന്ധങ്ങൾ, തൃപ്‌തികരമായ കുടുംബജീവിതം, റിലാക്സേഷൻ ടെക്നിക്കുകൾ, ജേണൽ എഴുത്ത്, ഹോബികൾ, ഒഴിവുസമയം ക്രിയാത്മകമായി   ചിലവഴിക്കൽ,  ജീവിതത്തിൻറെ വിവിധ മേഖലകൾ തമ്മിലുള്ള ശരിയായ സന്തുലനം ഇങ്ങനെയുള്ള ചില കാര്യങ്ങൾ ഒരാളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

മറ്റൊരു സുപ്രധാന കാര്യം വാർദ്ധക്യത്തെ പറ്റിയുള്ള ഒരാളുടെ വിശ്വാസങ്ങൾ അയാളുടെ പ്രവർത്തികളെയും അതുവഴി ആരോഗ്യത്തെയും ബാധിക്കാം എന്നതാണ്. ഉദാഹരണത്തിന് പ്രായമേറുമ്പോഴുണ്ടാവുന്ന മാറ്റങ്ങളെ പറ്റിയും മറ്റും ശരിയായ അറിവുള്ള ഒരാൾ ഈ ഘട്ടത്തെ ഒരു അവസരമായി കാണുകയും ആരോഗ്യപരമായ ജീവിതക്രമം പിന്തുടരുകയും ചെയ്യുമ്പോൾ നേരെ വിപരീത ചിന്താഗതിക്കാർ അതിനനുസൃതമായ കാര്യങ്ങളിലും പ്രവർത്തികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും  അതുവഴി അനാരോഗ്യകരമായ വാർദ്ധക്യത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.

“വയസ്സൊക്കെ ആയില്ലേ ഇനി കുറച്ച് കണ്ടില്ല കേട്ടില്ല എന്ന് വെച്ച് ജീവിച്ചു കൂടെ, എന്തിനാണിത്ര ശാഠ്യം”, “ഇനി വീട്ടിനുള്ളിൽ ഒതുങ്ങുന്നതാണ് നല്ലത്”, ഇതൊന്നും ഇപ്പോൾ സിനിമകളിൽ മാത്രം കേൾക്കുന്ന ഡയലോഗുകൾ അല്ല. വയസ്സാവുക എന്നാൽ ‘നിങ്ങൾ അശക്തരാവുകയാണ്’, ‘നിങ്ങൾ ഇനി പിൻവലിയേണ്ടിയിരിക്കുന്നു’ എന്നൊരു ചിന്ത പൊതു സമൂഹത്തിനുണ്ട്. വർദ്ധക്യത്തെ പറ്റി പഠനം നടത്തുന്ന സൈക്കോളജി ഗവേഷകയായ Joan Montepare ന്റെ വാക്കുകളിൽ, പലപ്പോഴും ആളുകൾ അംഗീകരിക്കുന്ന, പ്രത്യക്ഷത്തിൽ തെറ്റാണെന്ന് പോലും തോന്നാത്ത വിധത്തിൽ നമ്മുടെ സമൂഹത്തിൽ വേരിറങ്ങിപ്പോയ ഒരു കാര്യമാണ് പ്രായത്തിന്റെ പേരിലുള്ള വിവേചനം. ഒരു നാല്പതോ അമ്പതോ വർഷങ്ങൾക്ക് ശേഷമുള്ള നിങ്ങളെ സ്വയമൊന്നു സങ്കൽപ്പിച്ചു നോക്കൂ. നമ്മുടെ അനുഭവസമ്പത്തോ അറിവുകളോ വിലവെക്കുന്നതിനു പകരം അന്ന് പഴയ ചാക്കോ ഉപകരണമോ പോലെ അവഗണിക്കപ്പെടാൻ നാം ആഗ്രഹിക്കുന്നുണ്ടോ? പലപ്പോഴും പ്രായമായവർ ദുരുപയോഗം ചെയ്യപ്പെടുന്നത് സമൂഹത്തിലെ അവബോധമില്ലായ്മ കൊണ്ടുമാത്രമാണ്. പ്രായത്തോടും പ്രായമായവരോടും ഉചിതമായ സമീപനം സ്വീകരിക്കാനും നമ്മുടെയോരോരുത്തരുടെയും വാർദ്ധക്യം ആരോഗ്യകരമായ രീതിയിൽ ആസൂത്രണം ചെയ്യാനും ഇത്തരത്തിൽ എന്താണ് വാസ്തവത്തിൽ സംഭവിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒരു സമൂഹമെന്ന നിലയിൽ അനുഭവവും ജ്ഞാനവും ഒരാൾക്ക് പ്രദാനം ചെയ്യുന്ന വർദ്ധക്യം നാം കൂടുതൽ വിലമതിക്കേണ്ടുന്ന ഒരു പദവിയാണ്. നല്ല ആരോഗ്യം, മാന്യതയോടെ കൂടിയുള്ള പെരുമാറ്റം, സാമ്പത്തിക സ്വാതന്ത്ര്യം, കരുതൽ, സ്നേഹം, വാത്സല്യം എന്നിവയുള്ള ജീവിതമാണ് മുതിർന്നവർ ആഗ്രഹിക്കുന്നത്. അവരുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുക എന്നത് സമൂഹജീവി എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.


അനുബന്ധ വായനയ്ക്ക്

Happy
Happy
14 %
Sad
Sad
0 %
Excited
Excited
57 %
Sleepy
Sleepy
14 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post വയസ്സാകുന്ന ലോകം
Next post കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി
Close