Read Time:26 Minute

രാജേഷ് എസ്. വള്ളിക്കോട്

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ അനിവാര്യതയിലേക്ക് കേരളം നടന്നു നീങ്ങുമ്പോൾ വിദ്യാഭ്യാസരംഗത്ത് ഏറെ ശ്രദ്ധേയമായ ഈ പുസ്തകം കേരളത്തിലെ അധ്യാപകർക്ക് പുതിയ വെളിച്ചം പകരും എന്ന കാര്യത്തിൽ തർക്കമില്ല.

തിമോത്തി ഡി വാക്കർ, Teach like Finland എന്ന പുസ്തകം, കെ ആർ അശോകൻ

2001 ഡിസംബർ മാസത്തിൽ പിസാ (PISA) പഠനഫലങ്ങൾ പുറത്തുവന്നതോടു കൂടിയാണ് ഫിൻലൻഡ് എന്ന രാജ്യം വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോക ശ്രദ്ധയിലേക്ക് വരുന്നത്. 2003ലും 2006ലും നടന്ന പഠനങ്ങളിലും വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾ നിലനിർത്തി ഫിൻലൻഡ് മികവ് തുടർന്നു. സ്വകാര്യ ട്യൂഷനുകളില്ലാതെയും സ്കൂൾ സമയത്തിനു ശേഷമുള്ള ക്ലാസുകളില്ലാതെയും ഭാരിച്ച ഹോംവർക്കുകൾ ഇല്ലാതെയുമാണ് ഈ നേട്ടമെന്നത് സവിശേഷതയായിരുന്നു. അമേരിക്കയിൽ അധ്യാപകനായിരുന്ന തിമോത്തി ഡി വാക്കർ ഫിൻലൻഡിൽ അധ്യാപകനാവുകയും അവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഗവേഷണ ബുദ്ധ്യാ നിരീക്ഷിക്കുകയും ചെയ്തതിന്റെ ഫലമാണ് Teach like Finland എന്ന പുസ്തകം. അമേരിക്കൻ വിദ്യാഭ്യാസ സമ്പ്രദായം ഏൽപ്പിച്ച കനത്ത സമ്മർദ്ദത്തിൽ നിന്നാണ് തിമോത്തി ഫിൻലൻഡിൽ എത്തുന്നത്. അവിടെ അധ്യാപകൻ എന്ന നിലയിൽ അദ്ദേഹം അനുഭവിക്കുന്ന സ്വാതന്ത്ര്യവും ആഹ്ലാദവുമാണ് ഈ പുസ്തകത്തിന്റെ രചനയിലേക്ക്  അദ്ദേഹത്തെ നയിച്ചിട്ടുള്ളത്. 1997 മുതൽ കേരളത്തിൽ നടന്ന പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ള കെ ആർ അശോകൻ മാഷാണ് മലയാളത്തിലേക്ക് ഈ പുസ്തകത്തെ മൊഴിമാറ്റിയത്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ അനിവാര്യതയിലേക്ക് കേരളം നടന്നു നീങ്ങുമ്പോൾ വിദ്യാഭ്യാസരംഗത്ത് ഏറെ ശ്രദ്ധേയമായ ഈ പുസ്തകം കേരളത്തിലെ അധ്യാപകർക്ക് പുതിയ വെളിച്ചം പകരും എന്ന കാര്യത്തിൽ തർക്കമില്ല. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പ്രസാധകർ.

     നിരന്തരമായി, ഇടവേളകളില്ലാതെ കുട്ടികളെ പഠിപ്പിക്കുക – കഴിയുന്നത്ര കാര്യങ്ങൾ കുത്തിച്ചെലുത്തുക-എന്നതാണ് കാര്യക്ഷമമായ പഠനത്തിനു വേണ്ടതെന്നാണ് നമ്മുടെ സ്കൂൾ അന്തരീക്ഷം പ്രഖ്യാപിക്കുന്നത്. പത്താം ക്ലാസ്സിലെത്തുമ്പോൾ അതിന്റെ തീവ്രരൂപം നമ്മൾ കാണുകയും ചെയ്യുന്നു. എന്നാൽ ഫിൻലൻഡിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഓരോ 45 മിനിറ്റിശേഷവും കാൽ മണിക്കൂർ ഇടവേള അനുവദിക്കുന്നു. ഈ സമയം കുട്ടികൾ കളിക്കാനും കൂട്ടുകൂടാനുമാണ് ഉപയോഗിക്കുന്നത്. മൊത്തം സ്കൂൾ സമയത്തിന്റെ നാലിലൊന്ന് ഇങ്ങനെ ചിലവഴിക്കുന്നത് കുട്ടികളെ ദിവസം മുഴുവൻ ഉന്മേഷമുള്ളവരാക്കുന്നു. 1960 മുതൽ ഈ രീതി തുടരുന്നവരാണ് ഫിൻലാൻഡുകാർ. 15 മിനിറ്റ് ഇടവേളകൾക്ക് ശേഷം ക്ലാസിലെ വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായി കാണപ്പെടുന്നു. മഴയായാലും വെയിലായാലും ഈ ഇടവേള സമയം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുവാനുള്ള അവകാശവും കുട്ടികൾക്ക് തന്നെയാണ് വിട്ടു കൊടുത്തിരിക്കുന്നത്. കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുന്ന ഇത്തരം അനവധി പ്രവർത്തനങ്ങളുടെ പരീക്ഷണ വിജയമാണ് ഫിൻലൻഡിന്റെ വിദ്യാഭ്യാസ മാതൃകയെ ലോകം പുണരാൻ കാരണം.

     കേരളത്തിൽ പുതിയ പാഠ്യപദ്ധതി നടപ്പിൽ വന്നതിനു ശേഷം ക്ലാസ് മുറികളിലുണ്ടായ സവിശേഷമായ മാറ്റങ്ങളിലൊന്ന് കുട്ടികളുടെ പഠന ഉത്പന്നങ്ങളുടെ പ്രദർശനമാണ്. കുട്ടികളുടെ നിലവാരമുള്ള രചനകളും നിർമാണ വസ്തുക്കളും പ്രദർശിപ്പിക്കുന്നത് ആഹ്ലാദകരമായ പ്രവൃത്തിയാണ്. ചെയ്ത പ്രവൃത്തിയെക്കുറിച്ച് കുട്ടികളിൽ അഭിമാനമുണ്ടാക്കുന്നതിന് ഇത് ഇടയാക്കും. ക്ലാസ് മുറിയിലെ പഠനോല്പന്നങ്ങളുടെ പ്രദർശനം സംബന്ധിച്ച് പുതിയ ധാരണ നൽകുന്നതാണ് ഈ പുസ്തകത്തിലുള്ള ‘ഇടങ്ങളെ ലളിതമാക്കുക ‘എന്ന  അധ്യായം. യാന്ത്രികമായി അലങ്കരിച്ച ക്ലാസ് മുറികൾ കുട്ടികളുടെ പഠനത്തെ ഗുണപരമായി സ്വാധീനിക്കില്ല എന്ന ആധികാരികമായ തിരിച്ചറിവ് നൽകുന്നതിനും പുസ്തകം സഹായകമാണ്. ക്ലാസ് മുറികളുടെ ചുവരുകൾ പഠന തെളിവുകൾ കൊണ്ട് നിറയ്ക്കുവാനുള്ള ആവേശത്തിനപ്പുറം കൃത്യമായ ഉദ്ദേശ്യത്തോടെയാവണം അവ പ്രദർശിപ്പിക്കേണ്ടത്.

     അതിനുമപ്പുറം, പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് ചിന്തയാണെന്നും അത് അദൃശ്യമായ പ്രക്രിയയാണെന്നും മറ്റൊരുതരത്തിൽ പറഞ്ഞാൽ എല്ലാ പഠനപ്രവർത്തനങ്ങളുടെയും തെളിവുകൾ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുവാൻ നമുക്ക് സാധിക്കുകയില്ലന്നും ഗ്രന്ഥകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ഉചിതവും അർഹവുമായ രചനകൾ മാത്രമേ പ്രദർശിപ്പിക്കൂവെന്ന് ഉറപ്പാക്കുമ്പോൾ അത് അംഗീകാരമായി കുട്ടികൾക്ക് അനുഭവപ്പെടും. അനാവശ്യമായ പ്രദർശനവസ്തുക്കൾ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തും. ചുരുക്കത്തിൽ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുന്ന ഓരോ പഠനോത്പന്നത്തിനും അതിന്റേതായ പ്രാധാന്യവും കാലികമായ പ്രസക്തിയുമുണ്ടാവണമെന്ന് അധ്യാപകർ ഓർക്കേണ്ടതുണ്ട്. ക്ലാസ്സ് മുറിയിലെ വായു സഞ്ചാരത്തിനും ശുദ്ധവായു ശ്വസിക്കുന്നതിനും ഫിൻലൻഡ് വലിയ പ്രാധാന്യം നൽകുന്നു. അന്തരീക്ഷ താപനില മൈനസ് 15 ഡിഗ്രിക്ക് താഴെയല്ലെങ്കിൽ അവിടുത്തെ കുട്ടികളെ  പുറത്തിറങ്ങി കളിക്കുവാൻ അനുവദിക്കുമത്രേ!

     ടോട്ടോച്ചാനിലെ കൃഷി പഠിപ്പിക്കുന്ന മാഷിനെ ആ പുസ്തകം വായിച്ചിട്ടുള്ളവർ മറന്നു കാണാൻ ഇടയില്ല. മഞ്ഞുറഞ്ഞ കുളത്തിൽ ഹിമ മത്സ്യബന്ധനം നടത്തുന്ന കുട്ടികളും ഹിമവണ്ടി ഓടിച്ചു കളിക്കുന്ന പ്രൈമറി കുട്ടികളും അധ്യാപകർക്കൊപ്പം മഞ്ഞ് നിറഞ്ഞ കുളത്തിന് മുകളിലൂടെ ക്രോസ് കൺട്രി സ്കീയിംഗ്‌ നടത്തുന്ന കുഞ്ഞുങ്ങളും വായനക്കാരുടെ മനസ്സ് നിറയുന്ന ദൃശ്യങ്ങളാണ്. അതുകൊണ്ട് തന്നെ വൻനഗരങ്ങളിലെ മനുഷ്യർ, പ്രത്യേകിച്ചും കുട്ടികൾ അനുഭവിക്കുന്ന ‘പ്രകൃതിക്കമ്മി രോഗം’ അവരെ ബാധിക്കാറില്ല. പരിസ്ഥിതിബന്ധിതമായ വിദ്യാഭ്യാസത്തിനായി രചയിതാവ് നിർദ്ദേശിക്കുന്ന  പ്രവർത്തനങ്ങൾ ‘ജൈവവൈവിധ്യ ഉദ്യാനം’ എന്ന സങ്കൽപവുമായി ബന്ധപ്പെട്ട്  കേരളം ചർച്ച ചെയ്ത ആശയവുമായി ഏറെ പൊരുത്തമുള്ളതാണ്. സ്കൂളുകളിൽ ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കിയവർക്ക്  അത് മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്താനും ഇനിയും ആ വഴിയിലൂടെ സഞ്ചരിക്കാത്തവർക്ക്  പുതിയ പ്രവർത്തനമായി ഏറ്റെടുക്കുവാനും വല്ലാതെ പ്രേരിപ്പിക്കുന്നുണ്ട് ഈ പുസ്തകം.

ഫിൻലാൻഡിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രാലയത്തിന്റെ ലോഗോ

     പല രാജ്യങ്ങളും സ്വാതന്ത്ര്യദിനം പടക്കം പൊട്ടിച്ച് ആഘോഷിക്കുമ്പോൾ  മെഴുകുതിരി കത്തിച്ച് രക്തസാക്ഷികളായ പട്ടാളക്കാരെ അനുസ്മരിച്ചുകൊണ്ട് ഫിൻലാൻഡുകാർ ഈ ദിനത്തെ മികവുറ്റതാക്കും. ജീവിതത്തിലുടനീളം പുലർത്തുന്ന ഈ പ്രശാന്തത ക്ലാസ് മുറികളിലും തുടരുവാൻ ആഗ്രഹിക്കുന്നവരാണ് ഇന്നാട്ടുകാർ. ശാന്തമായ അന്തരീക്ഷത്തിൽ  നടക്കുന്ന പഠനം മാനസികോല്ലാസമുള്ളതും സമ്മർദ്ദ രഹിതവും അതൊക്കെക്കൊണ്ടുതന്നെ ഫലപ്രദവുമാണെന്ന് അവർ കരുതുകയും തെളിയിക്കുകയും ചെയ്യുന്നു. ഫിൻലൻഡിലെ ക്ലാസ് മുറികൾ ശാന്തമായതും ദീർഘസമയമെടുത്തു വ്യക്തിഗത പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കുട്ടികളെ അനുവദിക്കുന്നതുമായ ഇടങ്ങളാണ്. ശാന്തമായ ക്ലാസ് മുറി സൃഷ്ടിക്കുന്നതിന് ആവശ്യമായ പൊതു ചട്ടങ്ങൾ അതത് ക്ലാസ് മുറിയിൽ നിന്നു തന്നെ രൂപപ്പെടണമെന്ന് ഗ്രന്ഥകാരൻ ആഗ്രഹിക്കുന്നു. അതിനാവശ്യമായ ഉദാഹരണങ്ങൾ നമുക്കു മുമ്പിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

     സഹവർത്തിത പഠനത്തെയും സഹകരണാത്മക പഠനത്തെയും മനസ്സുകൊണ്ട് സ്വീകരിച്ച കേരളത്തിലെ അധ്യാപകർക്ക് അതിന്റെ പ്രായോഗിക അനുഭവങ്ങളുടെ പാഠമാണ് പാരസ്പര്യമെന്ന ഈ അധ്യായത്തിൽ നിന്ന് ലഭിക്കുന്നത്. പാരസ്പര്യമെന്നത് കുട്ടിയും അധ്യാപകരുമായി മാത്രമുള്ളതല്ലന്നും സ്കൂൾ അന്തരീക്ഷത്തിൽ ആകെ ഉണ്ടാകേണ്ടതാണെന്നും ഓർമ്മിപ്പിക്കുന്നു. അത് സ്കൂൾ അന്തരീക്ഷത്തിൽ ആകെ ഉന്മേഷം നിറയ്ക്കും. ക്ലാസ് മുറിയിലെ പാരസ്പര്യം വളർത്തുവാൻ ആറ് അധ്യായങ്ങളായി പറയുന്ന തന്ത്രങ്ങളുടെ തലക്കെട്ടുകൾ  തന്നെ അവയുടെ ഉള്ളടക്കത്തെ സൂചിപ്പിക്കുന്നുണ്ട്. ഓരോ കുട്ടിയേയും അറിയുക, കുട്ടികൾക്കൊപ്പം കളിക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷിക്കുക, തെമ്മാടിത്ത പ്രവണതയെ പടി കടത്തുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നിവയാണ് ഈ തലക്കെട്ടുകൾ.

     ഓരോ കുട്ടിയും ക്ലാസ്സിലെത്തും മുൻപേ അവരെ അഭിവാദ്യം ചെയ്യുന്നതിനായി ഗ്രന്ഥകാരൻ ക്ലാസ് മുറിക്കു മുൻപിൽ എത്തുന്നു. അവിടെ നിന്നുകൊണ്ട് ഹസ്തദാനം, കൈ ഉയർത്തിയുള്ള ഉള്ളം കൈയ്യടി, മുഷ്ടി മുട്ടിക്കൽ എന്നിവ കൈമാറുന്നു. ഓരോ കുട്ടിയെയും വ്യക്തിഗതമായി ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്തും വിധം അവരോട് കുശലാന്വേഷണം നടത്തുകയും പതിവായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതിനൊപ്പം തന്നെ കുട്ടികളും കുട്ടികളും തമ്മിലുള്ള ബന്ധവും ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായി നടപ്പാക്കിയ വ്യത്യസ്തമായ പരിപാടികൾ ഏതൊരു അധ്യാപകനും പ്രയോഗിച്ചുനോക്കുവാൻതോന്നും വിധം പുസ്തകം വിശദീകരിക്കുന്നു.

     സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പഠനത്തെക്കുറിച്ച് വ്യത്യസ്തമായ ചിന്താഗതികൾ ലോകം പങ്കുവയ്ക്കുന്ന കാലത്ത് സാങ്കേതിക വിദ്യയെ ആധാരമാക്കുക എന്ന ഈ പുസ്തകത്തിലെ അധ്യായത്തിന് വലിയ പ്രസക്തിയുണ്ട്. നൂതനസാങ്കേതിക ഉപകരണങ്ങളുടെ ലഭ്യതക്കുറവിൽ പരിതപിക്കുന്നവർക്കും ലഭ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താത്തവർക്കും ഒരുപോലെ തിരിച്ചറിവുകൾ നൽകുന്നതിന് ഈ ഭാഗം സഹായിക്കും. അതിനനുസൃതമായ പുതിയ പ്രവർത്തന രീതികൾ ആലോചിക്കുന്നതിനും ഗ്രന്ഥകാരന്റെ അനുഭവങ്ങൾ വഴികാട്ടിയാകും. സാങ്കേതികവിദ്യയിൽ അന്തർലീനമായ പഠന സാധ്യതകളെ ചോർത്തി എടുക്കുന്നതിനുള്ള താക്കോൽ അധ്യാപകരുടെ കൈയ്യിലാണ്, അല്ലാതെ ക്ലാസ്സ് മുറിയിൽ ലഭ്യമായ സാങ്കേതിക ഉപകരണങ്ങളിലല്ല എന്ന് ഓർമിപ്പിക്കുന്നു അദ്ദേഹം. ഫിൻലൻഡിലെ ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന ഡോക് ക്യാമറ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

     നവീന സാങ്കേതിക ഉപകരണങ്ങളിൽ വലിയ നിക്ഷേപം നടത്താതെതന്നെ കുട്ടികൾക്ക് ഉള്ളടക്കത്തിലും നൈപുണിയിലും പ്രാവീണ്യം നേടാൻ സാധിക്കുമെന്ന് തെളിയിക്കുന്ന ഫിന്നിഷ് വിദ്യാലയങ്ങൾ നമുക്ക് മാതൃകയാകണം. “ഭാരിച്ച വസ്തുക്കളെ  നീക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഉത്തോലകമെന്നപോലെ സാങ്കേതികവിദ്യയെ അതിന്റെ ശരിയായ സ്ഥാനത്ത് പഠനത്തെ സഹായിക്കാനുള്ള ഉപകരണമായി നമുക്ക് പ്രതിഷ്ഠിക്കാം” എന്ന ഗ്രന്ഥകർത്താവിന്റെ ആഗ്രഹം തന്നെയാണ് അറിവ് നിർമ്മിക്കുന്ന കുട്ടികളുള്ള ക്ലാസ്സ് മുറിക്കാവശ്യം.

     നമ്മുടെ ക്ലാസ് മുറികളിൽ നിന്നും കലാപഠനം  ഓടിമറയുന്ന കാലമാണിത്. കണക്ക് പഠിക്കുവാൻ നീക്കിവെക്കുന്ന അതേസമയം  സംഗീതത്തിനും നീക്കിവെക്കുന്നു, ഫിൻലൻഡിലെ സ്കൂളുകൾ. ഇത് കേൾക്കുമ്പോൾ നെറ്റി ചുളിയുന്നവരുടെ പട്ടികയിലായിരുന്നു ഗ്രന്ഥകർത്താവ്. എങ്കിലും സംഗീതവും പഠനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള  അദ്ദേഹത്തിന്റെ അന്വേഷണങ്ങളും ഗവേഷണങ്ങളും ഫിന്നിഷ് രീതിയെക്കുറിച്ച് അദ്ദേഹത്തിന്റെ സന്ദേഹങ്ങൾ ഇല്ലാതാക്കി. പെക്കവിയൂരാ എന്ന ഗണിത ശാസ്ത്ര അധ്യാപകന്റെ ക്ലാസ്സ് മുറിയിലെത്തിയ തിമോത്തി കണ്ട കാഴ്ച കുട്ടികളുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതിന്റെ അതിരുകൾ ആകാശത്തിനുമപ്പുറമെന്ന് ഉറപ്പിക്കുന്നു. ക്ലാസ്സ് മുറിയുടെ പിന്നിലായി രണ്ട് കുട്ടികൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് വീഡിയോ ഗെയിം കാണുകയാണ്. ആ വീഡിയോ ഗണിത ശാസ്ത്രസംബന്ധിയായിരുന്നില്ല എന്ന് മാത്രമല്ല അതൊരു ഗുസ്തി മത്സരമായിരുന്നു! അവർ കളികാണുന്നത് അപരിചിതനായ തിമോത്തി മാഷിന് മുൻപിൽ മറച്ചു വെക്കുന്നില്ല. ഈ സമയത്ത് കണക്ക് ചെയ്യാൻ തോന്നുന്നില്ല യുട്യൂബിൽ സേർച് ചെയ്യാനാണ് തോന്നിയതെന്നും കുട്ടികളിലൊരാൾ പറഞ്ഞുവത്ര!. കുട്ടികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചാൽ അച്ചടക്കം തകരുമെന്ന് വിശ്വസിക്കുന്നവർക്ക് സ്വയം നിയന്ത്രിതമായ അച്ചടക്കത്തിലൂടെ വളരുന്ന ഫിൻലാൻഡിലെ കുഞ്ഞുങ്ങൾ പാഠപുസ്തകങ്ങളാണ്.

ആൾട്ടോ ആൾട്ടോ രൂപകൽപ്പന ചെയ്ത ആൾട്ടോ യൂണിവേഴ്സിറ്റിയുടെ പ്രധാന കെട്ടിടത്തിലെ ഓഡിറ്റോറിയം

     ഏതൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലെയും പരിശോധിക്കപ്പെടേണ്ട പ്രധാന കാര്യം അവിടുത്തെ വിലയിരുത്തൽ രീതിയാണ്. ഫിൻലൻഡിൽ മാനകീകൃതമായ പൊതുപരീക്ഷകൾ അടിസ്ഥാന വിദ്യാഭ്യാസ കാലഘട്ടത്തിൽ (ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ) ഇല്ല. അധ്യാപകർ കുട്ടികളെ  വിലയിരുത്തുന്നത് 2016 ൽനടപ്പാക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ആഖ്യാനരൂപത്തിലുള്ള ഫീഡ്ബാക്ക് ഉപയോഗിച്ചാണ്. നമ്പർ ഗ്രേഡുകൾ നൽകി വിലയിരുത്തുന്ന രീതിയാണ് 2016ന് മുൻപ് സ്വീകരിച്ചിരുന്നത്. ഈ ഗ്രേഡിങ് വ്യവസ്ഥ നമ്പർ പരീക്ഷാ സ്കോറുകളുടെ ശരാശരി എടുക്കുന്നതിന് അധ്യാപകരിൽ സമ്മർദ്ദം ഉണ്ടാക്കിയത്രേ! പഠിക്കണം എന്നതിന്റെ പേരിൽ പഠിക്കുന്നതിന്റെ (പഠിപ്പിക്കുന്നതിന്റെയും) ആഹ്ലാദത്തിൽ നിന്ന് കുട്ടികളെ വ്യതിചലിപ്പിക്കുവാൻ പാടില്ല എന്ന നിരീക്ഷണം എവിടെയും എക്കാലത്തും പ്രസക്തമാണ്. പുസ്തകത്തിൽ ഉദാഹരണങ്ങളായി നൽകിയിരിക്കുന്ന വിലയിരുത്തൽ പ്രവർത്തനങ്ങൾ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും കൃത്യമായ ദിശാബോധം നൽകുന്നതാണ്.

2019 ൽ ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് ലൈബ്രറിയായി തിരഞ്ഞെടുത്ത ഹെൽസിങ്കി സെൻട്രൽ ലൈബ്രറി ഓഡി.

     ക്ഷേമം, പാരസ്പര്യം, സ്വയംഭരണം, പ്രാവീണ്യം മനോഘടന എന്നീ പേരുകളിലാണ് പുസ്തകത്തിലെ അധ്യായങ്ങളെ തിരിച്ചിരിക്കുന്നത്. ഇതിൽ  ആഹ്ലാദകരമായ ക്ലാസ് മുറി സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് മനോഘടനയ്ക്കാണ്. ഫിൻലൻഡിലെ അധ്യാപകരെ കരുത്തുറ്റവരാക്കുന്ന വസ്തുതകൾ ഏതൊരു വിദ്യാഭ്യാസ സമൂഹത്തിന്റെയും ശ്രദ്ധയിലുണ്ടാവേണ്ടതാണ്. മറ്റുള്ളവരുമായി തട്ടിച്ചു നോക്കി വേവലാതിപ്പെടാതെ വലിയ തോതിൽ സഹവർത്തിത്വത്തിന്റെ പാത സ്വീകരിക്കുന്ന അധ്യാപകർ. വേനലവധിക്കാലത്തെ പൂർണാർത്ഥത്തിൽ ഊർജസ്വലത കൈവരിക്കുവാൻ ഉപയോഗിക്കുന്നു,  അവർ. ഈഗോയില്ലാതെ, ഏർപ്പെടുന്ന പ്രവർത്തനത്തിൽ പൂർണമായി മുഴുകി ഒഴുക്ക് (flow) എന്നു വിളിക്കാവുന്ന മാനസികാവസ്ഥയിലേക്ക് മാറിയവരാണ്  ഈ അധ്യാപകർ. അധ്യാപകരെന്ന നിലയിൽ  തങ്ങളുടെ വൈദഗ്‌ധ്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മനക്കരുത്ത് നേടിയാണ് ഇവർ മുന്നോട്ടു പോകുന്നത്. ഒരു ക്ലാസിൽ ഒന്നിലധികം അധ്യാപകർ കൂടിച്ചേർന്ന് പഠിപ്പിക്കുന്നത് ഫിൻലാൻഡിൽ സ്ഥിരം കാഴ്ചയാണ്. സഹവർത്തിത്വത്തിന്റെ അനന്തമായ സാധ്യതകളെ  അധ്യാപനത്തിൽ ഗവേഷണ സ്വഭാവത്തോടെ ഉപയോഗപ്പെടുത്തുകയാണ്. ഇത്തരം സമീപനങ്ങളിലേക്ക് അവരെ മാറുവാൻ സഹായിച്ചത് അവർ രൂപപ്പെടുത്തിയിട്ടുള്ള ‘നമ്മൾ മനോഭാവം’ ആണ്. അവിടുത്തെ ക്ലാസ് മുറികൾ എല്ലായ്പ്പോഴും വിദഗ്ധരെ സ്വാഗതം ചെയ്യുന്നു. സ്കൂളിനു പുറത്തുള്ള വിദഗ്ധർ  മാത്രമല്ല. വ്യത്യസ്തമായ വൈദഗ്ധ്യമുള്ള  സ്കൂളിലെ അധ്യാപകരുടെ സാന്നിധ്യവും സഹകരണവും എല്ലാ ക്ലാസ്സുകളും പരസ്പരം പങ്കുവയ്ക്കുന്നു. സർവോപരി സന്തോഷാധിഷ്ഠിതമായ ഒരു പാഠ്യപദ്ധതിയിലാണ് അധ്യാപകർ വിശ്വസിക്കുന്നത്. വിദ്യാലയത്തിലെ ആഹ്ലാദത്തിനാണ് അവർ മുൻഗണന നൽകുന്നത്. കുട്ടികളുടെ പഠന നേട്ടങ്ങളിൽ സ്കൂളുകൾക്ക് ഇടയിലുള്ള വ്യത്യാസം ഏറ്റവും കുറവും  കുടുംബ പശ്ചാത്തലം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിന്റെ തോത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞതും അവിടെയായതിന് അടിത്തറ ഒരുക്കിയത് സന്തോഷകരമായ ഈ സാഹചര്യങ്ങൾ ആകാം. അധ്യാപക വിദ്യാഭ്യാസം കോളേജുകളിൽ നിന്ന് ഗവേഷണ പ്രധാനമായ സർവ്വകലാശാലകളിലേക്ക് മാറ്റിയതും (എല്ലാ അധ്യാപകരും ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര ബിരുദമുള്ളവരാണ്) ദീർഘകാലം നീണ്ടു നിൽക്കുന്ന അധ്യാപക പരിശീലനവും ഈ ചെറു രാജ്യത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഒരു വിസ്മയമാക്കിത്തീർക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. പഠന നേട്ടങ്ങളെക്കാൾ കുട്ടികളുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്ന  ഇവിടുത്തെ അധ്യാപകരിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ  മറ്റുള്ളവർക്ക് പഠിക്കാനുണ്ട്.

1920 കളിൽ ഫിൻലാൻഡിലെ സോഡൻകൈലിലെ ടോർവിനെൻ സ്കൂളിലെ വിദ്യാർത്ഥികൾ

     പുസ്തക വർത്തമാനം, കിക്ക് ദ ക്യാൻ, ഹ്യൂമൻ ബിംഗോ, പ്രഭാത വൃത്തം, റെസ്പോൺ സീവ് ക്ലാസ്സ് മുറി, സജീവ ഗാലറി നടത്തം, വ്യായാമപ്പന്തുകൾ, സമയത്തുരുത്തുകൾ, ക്യാമ്പ് സ്കൂൾ, കിവ, ചവറു വേട്ടക്കളി, സ്വതന്ത്ര പഠന വാരം, KWL ചാർട്ട്, ഞാനും എന്റെ നഗരവും, പാഠ പുസ്തക ഖനനം, മരപ്പണി ക്ലാസ് മുറി, ടെക്സ്റ്റൈൽ ക്ലാസ്സ് റൂം, ഗാർഹികസാമ്പത്തിക ശാസ്ത്ര ക്ലാസ്സ് മുറി ഇങ്ങനെ അറിയേണ്ടതും  അനുഭവപ്പിക്കുന്നതുമായ നിരവധി കാര്യങ്ങൾ ഈ പുസ്തകത്തെ, വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവർ നെഞ്ചിലേറ്റുന്നതിന് കാരണമാകും.

     ആഹ്ലാദകരമായ ക്ലാസ് മുറികൾ സൃഷ്ടിക്കുവാനുള്ള 33 ലളിതമായ തന്ത്രങ്ങൾ എന്ന ഉപശീർഷകത്തോടു കൂടിയാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. സർഗ്ഗാത്മകമായ ഒട്ടനവധി പഠന സന്ദർഭങ്ങളെ അടുക്കോടും ചിട്ടയോടും കൂടി വിവരിക്കുന്ന ഈ പുസ്തകം ആഹ്ലാദകരമായ വായനാനുഭവമാണ് നൽകുന്നത്. വായിച്ചു മറക്കുവാനുള്ളതല്ല ഇതിലെ ആശയങ്ങൾ; വായിച്ചത് പ്രായോഗികമാക്കാനുള്ള ആവേശം ജനിപ്പിക്കുന്നതാണ്. അതിനുതകുന്ന തരത്തിൽ തന്നെ പുസ്തകത്തെ വിവർത്തനം ചെയ്യുവാനും അശോകൻ മാഷിന് കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ പരിഷ്കാര ശ്രമങ്ങളെ പലപ്പോഴും  വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശീലിച്ചുപോയ  മലയാളികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് കരുത്തും വഴികാട്ടിയുമാണ് ഈ പുസ്തകം.


പുസ്തകം വാങ്ങാം

ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റു ലേഖനങ്ങൾ

Happy
Happy
44 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post മുതലാളിത്ത വളർച്ച, സർവനാശത്തിന്റെ വഴി | ജി. മധുസൂദനൻ RADIO LUCA
Next post IPCC-യുടെ താക്കീതുകൾ – ഭാഗം 1
Close