Read Time:38 Minute
കാലാവസ്ഥാ വ്യതിയാനവും കാർഷിക ഗവേഷണവും: 2023 ലെ നോർമൻ ബൊർലോഗ് അവാർഡിന്റെ പശ്ചാത്തലത്തിൽ ഒരു അവലോകനം. ഡോ. എ. സുരേഷ്, (പ്രിൻസിപ്പൽ സയന്റിസ്റ്, ICAR- സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി,) ഡോ. ആർ. ബീന, (പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി) എന്നിവർ എഴുതിയ ലേഖനം.

ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (IRRI) ഇന്ത്യൻ ശാസ്ത്രജ്ഞയായ ഡോ. സ്വാതി നായക് റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്‍ നല്‍കുന്ന പ്രശസ്തമായ നോർമൻ ബോർലോഗ് അവാർഡിന്റെ 2023 ലെ ജേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനോടനുബന്ധിച്ച് വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ അവരെ “മികച്ച യുവ ശാസ്ത്രജ്ഞ” എന്ന് വിശേഷിപ്പിച്ചു. കാർഷിക മേഖലയിലെ ഫീൽഡ്തല ഗവേഷണത്തിലും  ഗവേഷണഫലങ്ങള്‍ പ്രയോഗികതലത്തിൽ നടപ്പിലാക്കുന്നതിലും ഉള്ള മികവിനാണ് ഈ അവാർഡ് നൽകിയത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതും പോഷകഗുണമുള്ളതുമായ നെല്ലിനങ്ങളുടെ ആവിഷ്ക്കാരം, കൃഷിയിടത്തിലുള്ള  പരീക്ഷണങ്ങള്‍, ചെറുകിട കർഷകരെ ആവശ്യാധിഷ്ഠിത നെല്ലുവിത്ത് ഉല്പാദനത്തിൽ   പങ്കാളികളാക്കൽ എന്നിവയാണ്  അവരുടെ പ്രവത്തന മേഖല. ഇപ്പോള്‍ IRRI യുടെ ന്യൂഡൽഹിയിലെ  സീഡ് സിസ്‌റ്റം-ഉൽപന്ന പരിപാലന വിഭാഗത്തിലെ  സൗത്ത് ഏഷ്യ മേധാവിയാണ് ഡോ. നായക്. ആദ്യകാല നൊബേൽ ജേതാവും ഹരിതവിപ്ലവത്തിന്റെ ആഗോള ശില്പിയുമായ ഡോ. നോർമൻ ബോർലോഗിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ഈ അവാർഡ്. ഇതിനായി 40 വയസ്സിന് താഴെ പ്രായമുള്ള പ്രതിഭാധനരായ യുവശാസ്ത്രജ്ഞരേയും ഭക്ഷ്യ-പോഷകാഹാര സുരക്ഷ, പട്ടിണി നിർമാർജനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരെയുമാണ് പരിഗണിച്ചത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും ഭക്ഷ്യസുരക്ഷയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ ഇത്തരം ഗവേഷണത്തിനും വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കും വലിയ പങ്കുണ്ട്. ഈ പശ്ചാത്തലത്തിൽ അവാർഡിന് കാരണമായ സഹബാഗി ധാൻ എന്ന നെല്ല് ഇനത്തെക്കുറിച്ചും അത്തരം നെല്ല് വിത്ത് ഇനങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ദേശീയ-അന്തർദേശീയ തലത്തിലുള്ള സഹകരണത്തിന്റെ – വിശിഷ്യാ പൊതു മേഖലയുടെ – പങ്കിനെ കുറിച്ചും ആണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

സ്വാതി നായക്

കാലാവസ്ഥാവ്യതിയാനവും കൃഷിയും

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവസാനത്തെ (ആറാമത്തെ) IPCC റിപ്പോർട്ട് പ്രകാരം നിലവിലുള്ള ഗതിയിൽ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ  അന്ത്യത്തോടെ ശരാശരി താപനില ഒരു നൂറ്റാണ്ട് മുൻപ് ഉണ്ടായിരുന്നതിൽ നിന്നും ഏകദേശം 2.1-3.5 0വരെ ഉയരാൻ സാധ്യത ഉണ്ട്. 2013-2022 വരെയുള്ള കാലയളവിൽ മാത്രം ആഗോള താപനില 1850-1900 വർഷങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ 1.15 0 C കണ്ട് വർധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുകയും മനുഷ്യന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. സമുദ്രത്തിന്റെ ജലനിരപ്പ് ഉയരുക, സമുദ്രോപരിതലത്തിലെ ചൂട് കൂടുക, മത്സ്യസമ്പത്തു കുറയുക, ഋതുഭേദങ്ങളിൽ ഉണ്ടാകുന്ന വ്യതിചലനം, വർദ്ധിച്ചുവരുന്ന  പ്രകൃതി ദുരന്തങ്ങൾ (വരൾച്ച, ഉഷ്ണക്കാറ്റ്, കൊടുങ്കാറ്റ്, മേഘവിസ്‌ഫോടനം, വെള്ളപ്പൊക്കം, തുടങ്ങിയവ), മഴയുടെ ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, വിവിധങ്ങളായ വിളകൾ കൃഷി ചെയ്യുന്നതിന് കൃഷിയിടങ്ങൾക്കുള്ള അനുയോജ്യതയിൽ ഉണ്ടാകുന്ന വ്യത്യാസം, ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ഉള്ള കുറവ് എന്നിവ ഇതിൽ ചിലതാണ്. ഇവയിൽ പലതും മനുഷ്യന്റെ ഭക്ഷ്യവ്യവസ്ഥയെ സാരമായി ബാധിക്കുന്നതുമാണ്.

കാലാവസ്ഥാവ്യതിയാനം മൂലം ഇന്ത്യയിൽ  വിളകളുടെ ഉല്പാദന ക്ഷമത 4.5 -9.0 % കണ്ടു കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഓരോ 10C വെച്ചുള്ള താപവർദ്ധനയും നെല്ലിന്റെ ഉല്പാദന ക്ഷമതയെ 6% വെച്ച് കുറച്ചേക്കാം എന്ന പഠന റിപ്പോർട്ട് ഉണ്ട്. ഇന്ത്യയിൽ എന്തെങ്കിലും വർഷത്തിൽ താപനില ശരാശരിയേക്കാൾ 10C ൽ കൂടുതൽ ആവുകയാണെങ്കിൽ ആ വർഷത്തെ കൃഷിയിൽ നിന്നുള്ള വരുമാനം ഖരീഫ് സീസണിൽ 4.3 % കണ്ടും റബി സീസണിൽ 4.1%  കണ്ടും കുറയും.  അതേ പോലെ മഴയിൽ 100 മില്ലി മീറ്ററിന്റെ കുറവ് ഉണ്ടാവുകയാണെങ്കിൽ കൃഷിയിൽ നിന്നുള്ള വരുമാനം ഖരീഫിൽ 13.7 % കണ്ടും റബിയിൽ 5.5 % കണ്ടും കുറയും. ഇത് സാമ്പത്തിക മേഖലക്യിൽ പൊതുവെയും കാർഷിക മേഖലയിൽ  പ്രത്യേകിച്ചും വലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നു

കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള മാർഗ്ഗങ്ങൾ

കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള മാർഗങ്ങളെ പൊതുവേ രണ്ടായി തരം തിരിക്കാം – ലഘൂകരിക്കലും  (mitigation)  പൊരുത്തപ്പെടലും (adaptation).   ഇവയെ ഹരിതഗൃഹവാതകങ്ങളുടെ കുറയ്ക്കലും കാലാവസ്ഥ വ്യതിയാനവുമായുള്ള പൊരുത്തപ്പെടലും എന്നിങ്ങനെ പൊതുവായി വ്യാഖ്യാനിക്കാം. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറക്കുന്നതിനായി സർവ്വ മേഖലയിലും ഉള്ള ശ്രമങ്ങൾ ലോകത്തെമ്പാടും ഉണ്ടാകേണ്ടതുണ്ട്. ഇത് ഏതെങ്കിലും ഒരു രാജ്യം ഒറ്റയ്ക്ക് ചെയ്യേണ്ട പ്രവർത്തി അല്ല; മറിച്ച് എല്ലാ രാജ്യങ്ങളുടെയും പൊതു ആവശ്യമാണ്. കാലാവസ്ഥയെ ഒരു പൊതുസ്വത്തായി കണക്കാക്കി അതിൻറെ സംരക്ഷണത്തിനുള്ള കൂട്ടായ ശ്രമങ്ങൾ ഉണ്ടാകണം.

2070 ആകുമ്പോഴേക്കും ഇന്ത്യയിൽ മനുഷ്യർ മൂലമുള്ള ഹരിതഗൃഹ വാതകങ്ങളുടെ ആകെ പുറന്തള്ളൽ (net emission) പൂജ്യം ആയിരിക്കുമെന്ന് 2021 ൽ സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ വെച്ച് നടന്ന COP 26 എന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ചരിത്രപരമായി നോക്കുമ്പോൾ കേവലമായും ആളോഹരിരീതിയിലും വികസിത രാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ  മറ്റു രാജ്യങ്ങളെക്കാൾ മുമ്പിലാണ്. ലോകത്ത്‌ ഹരിതഗൃഹവാതകങ്ങളുടെ ശേഖരം ആയതിനാൽ ഇത്തരം വാതകങ്ങൾ കുറയ്ക്കുന്നതിൽ വികസിത രാജ്യങ്ങൾക്കു ചരിത്രപരമായി തന്നെ കൂടുതൽ ഉത്തരവാദിത്തം ഉണ്ട്. മാത്രമല്ല, വികസനത്തിലേക്കുള്ള യാത്രയിൽ  അവികസിത രാജ്യങ്ങൾക്ക് കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറപ്പെടുവിക്കേണ്ടി വന്നേക്കാം.  അതേ  സമയം കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടാൻ  ഓരോ രാജ്യവും നടത്തുന്ന ശ്രമങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള  ക്ഷതങ്ങൾ പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു- പ്രത്യേകിച്ചും കൃഷി  മേഖലയിൽ. കൃഷി മേഖലയിലെ പ്രധാനപ്പെട്ട മിറ്റിഗേഷൻ രീതികൾ ബഹുകൃതമായ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കെല്പുള്ള വിളയിനങ്ങളെ വികസിപ്പിച്ചെടുക്കൽ, വിളകളുടെ വൈവിധ്യവത്കരണം, വിളപരിപാലന രീതികളിൽ മാറ്റം വരുത്തുക എന്നിവയൊക്കെയാണ്.

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ കൃഷിയെ ബാധിക്കാൻ പോകുന്നത് പ്രധാനമായും വരൾച്ചയിലൂടെയാണ്. വരൾച്ച ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും കാരണമാകുന്നു. ഇത് ദാരിദ്ര്യത്തിലേക്കും പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. കൂടാതെ ഗ്രാമപ്രദേശങ്ങളിൽ  ഉണ്ടാകുന്ന വരുമാനക്കുറവ് സാമ്പത്തിക വ്യവസ്ഥയെ ആകെ ബാധിക്കുന്നു.

ഈ സാഹചര്യത്തിൽ വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തിനങ്ങളും കൃഷിമുറകളും ഉണ്ടാകേണ്ടത് ആവശ്യമാണ്. വരൾച്ചയെയും ചൂടിനേയും രോഗങ്ങളെയും കീടങ്ങളെയും ചെറുത്തുനിൽക്കാൻ കഴിവുള്ള വിത്തിനങ്ങളും കൃഷി രീതികളും ഇന്ത്യയിലെ വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. എന്നിരിക്കിലും ഇനിയുള്ള ഗവേഷണങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന  പരിഗണന വിഷയമായി കണക്കാക്കേണ്ടതാണ്.  കാലാവസ്ഥാ വ്യതിയാനം കൃഷി മേഖലയിൽ വരുത്താൻ സാധ്യതയുള്ള പോകുന്ന മാറ്റങ്ങളെ കുറിച്ച് ഇന്ന് കൂടുതൽ അറിവുണ്ട്. അതിനാൽ തന്നെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കാർഷിക രീതികൾ വികസിപ്പിക്കുന്നതിനും അവ കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനും വർധിച്ച പ്രാധാന്യം കൈവന്നിരിക്കുകയാണ്.  ഇത്തരത്തിലുള്ള ഒരു ശ്രമമാണ്  സഹഭാഗി ധാനിന്റെ വികസനവും അതിനെക്കുറിച്ചുള്ള മറ്റ് ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനവും.

സ്വാതി നായക് കൃഷിയിടത്തിൽ

ഡോ. സ്വാതി നായിക്കിന്റെ സംഭാവനകൾ

കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതും എന്നാല്‍  പോഷകഗുണമുള്ളതുമായ നെല്ലിനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ചെറുകിട കർഷകരെക്കൂടി  ഉൾപ്പെടുത്തി ആവശ്യാനുസരണം നെൽവിത്ത് ഉല്പാദന സംവിധാനങ്ങൾ സ്ഥാപിച്ചു എന്നതിലാണ്  ഡോ. നായിക്കിന്റെ വിജയം. വരൾച്ചയെ അതിജീവിക്കുന്ന ഈ ഇനം നെല്ല് കാരണം മഴയെ ആശ്രയിച്ചുള്ള കാർഷിക മേഖലകളിൽ വലിയ മാറ്റമുണ്ടായി. ഇപ്പോള്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇത്തരം നിരവധി നെല്ലിനങ്ങൾ വിജയകരമായി കൃഷി ചെയ്തു വരുന്നു. സീഡ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന പേരിൽ തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലുടനീളം ആധുനിക നെല്ലിനങ്ങളുടെ വ്യാപനം  വേഗത്തിലാക്കുന്ന അന്താരാഷ്ട്ര വിത്ത് നയ കരാറിൽ പ്രവർത്തിക്കുന്ന പ്രധാന ശാസ്ത്രജ്ഞരിലൊരാൾ കൂടിയാണ് അവർ. സ്ത്രീകളെ ഈ പങ്കാളിത്ത ഗവേഷണത്തിൽ സജീവമായി ഉൾപ്പെടുത്തി എന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്.

ഇതിനായി ഡോ. ​​നായിക് 500-ലധികം നെല്ലിനങ്ങളെ 10,000-ലധികം കൃഷിയിടങ്ങളില്‍ താരതമ്യ പരിശോധനകൾക്കും കൃഷിക്കാരെ ഉൾപ്പെടുത്തിയുള്ള പങ്കാളിത്ത മൂല്യനിർണ്ണയങ്ങൾക്കും വിധേയമാക്കുകയുണ്ടായി. ഇപ്രകാരം പ്രത്യേകം തെരെഞ്ഞെടുത്ത 20 ഓളം നെല്ലിനങ്ങള്‍ കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ഉയർന്ന വിളവ് നൽകുന്നതും ആണെന്ന് കണ്ടെത്തി. അവരുടെ നിർണായക നേട്ടങ്ങളിലൊന്ന്  ഇന്ത്യയിലെ വരൾച്ചയെ നേരിടാൻ ശേഷിയുള്ള നിരവധി നെല്‍വിത്തിനങ്ങള്‍ക്ക് കാലേകൂട്ടി പ്രചാരണം നല്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. ഒഡീഷയിലെ ഏറ്റവും ജനസാന്ദ്രതയുള്ള,  ആദിവാസി ജില്ലകളിലൊന്നായ മയൂർഭഞ്ചിൽ വരൾച്ചയെ അതിജീവിക്കുന്ന സഹാഭാഗി ധാൻ എന്ന പുതിയ നെല്ലിനം ആദ്യമായി അവതരിപ്പിച്ചു. ഈ പ്രാരംഭ ഇടപെടലിന് ശേഷം എട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒഡീഷയിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ഏറ്റവും ആവശ്യക്കാരുള്ള നെല്ലിനങ്ങളിലൊന്നാണ് സഹഭാഗി ധാൻ. മഴയെ മാത്രം ആശ്രയിച്ച് കൃഷി നടത്തുന്ന താരതമ്യേന വരണ്ട  മേഖലകളിൽ ഇത് വലിയ മാറ്റമാണ് കൊണ്ടുവന്നത് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇന്ത്യയിലെ വരള്‍ച്ചാ സാഹചര്യങ്ങളും നെല്ല് ഉത്പാദനവും

ലോകജനസംഖ്യയുടെ തന്നെ പകുതിയിലധികം വരുന്ന ജനതയുടെ പ്രധാന ഭക്ഷ്യവിളയാണ് നെല്ല്. ഏഷ്യൻ ഭൂഖണ്ഡത്തിൽ ഉത്ഭവിച്ച നെല്ലിനമായ Oryza sativa L. എന്ന ഇനമാണ് ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്നത്. ഇന്ന് അൻടാർറ്റിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും നെൽകൃഷി ചെയ്തുവരുന്നു. ഇതിൽ 91 ശതമാനവും ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുമാണ്. ലോകത്തില്‍ നെൽകൃഷി ചെയ്യുന്ന രാജ്യങ്ങളിൽ വിസ്തൃതി കൊണ്ട് ഒന്നാം സ്ഥാനം ഇന്ത്യക്കാണ് (42.5 mha), എന്നാൽ, ഉത്പാദനത്തിൽ നാം രണ്ടാം സ്ഥാനത്താണ് (152.6 മി.ടണ്‍), എന്തെന്നാൽ നമ്മുടെ നെൽകൃഷിയുടെ ഉത്പാദന ക്ഷമത (3590 kg/ha) ചൈനയെ അപേക്ഷിച്ച് (6740 kg/ha) വളരെ കുറവാണ്. ഇതിനു ഒരു പ്രധാന കാരണം ചൈനയിൽ നെല്‍കൃഷി ചെയ്യുന്ന 90 ശതമാനം സ്ഥലത്തും  ജലസേചനസൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ 58 ശതമാനം സ്ഥലത്ത് മാത്രമാണ് ജലസേചനം നൽകാൻ സാധിക്കുന്നത്.

ലോകമെമ്പാടുമുള്ള നെൽകൃഷിയുടെ 38 ശതമാനവും മഴയെ ആശ്രയിച്ചാണ്. അതായത് മൊത്തം  ഉത്പാദനത്തിന്റെ 21 ശതമാനം. ഇന്ത്യയിലെ കണക്ക് അനുസരിച്ച് രാജ്യത്തെ നെൽകൃഷി ചെയ്യുന്ന ഭൂപ്രദേശത്തിന്റെ 70 ശതമാനവും വരൾച്ചാ സാധ്യതയുള്ളതാണ്. 

1998 നും 2017 നും ഇടയിലെ രാജ്യത്തെ രൂക്ഷമായ വരൾച്ച കാരണം ഇന്ത്യയുടെ മൊത്ത ആഭ്യന്തരഉത്പാദനം (GDP) 2 മുതൽ 5 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.  2020-2022 കാലയളവിൽ രാജ്യത്തിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗത്തിലും  വരൾച്ച  ഉണ്ടായി.  മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ നെല്ലിന്റെ ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന അജൈവസമ്മർദ്ദങ്ങളിൽ ഒന്നാണു വരൾച്ച. ഒരു അർദ്ധജലവിള ആയതിനാൽതന്നെ മിതമായ വരൾച്ച പോലും നെല്ലിനെ സാരമായി ബാധിക്കുന്നു. ചിനപ്പ് പൊട്ടുന്ന സമയത്തെ വരൾച്ച ഏകദേശം 30 ശതമാനം വിളവ് കുറയാൻ കാരണമാകുന്നു.  എന്നാൽ ഏറ്റവും അപകടകരമായ നഷ്ടം (50 – 60 %) സംഭവിക്കുക പ്രത്യുൽപാദന ഘട്ടത്തിലെ വരൾച്ചമൂലമാണ്.

വരൾച്ചയെ അതിജീവിക്കുന്ന നെല്ലിനങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷ കൈവരിക്കാനുള്ള ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ  സമീപനങ്ങളിലൊന്ന്.  ഉയർന്ന വിളവ് നൽകുന്ന മിക്ക ഇനങ്ങളും (IR 36, IR 64, സ്വർണ്ണ, സാംബാ മഹ്‌സൂരി) ജലസേചനസൗകര്യങ്ങൾ ഉള്ള പ്രദേശങ്ങൾക്കു വേണ്ടി വികസിപ്പിച്ചെടുത്തവയാണ്. അതുകൊണ്ടു തന്നെ വരൾച്ചാകാലങ്ങളിൽ ഈ ഇനങ്ങൾക്ക് ഉയർന്ന വിളനഷ്ടം സംഭവിക്കുന്നു. ഉയർന്ന വിളവ് ലഭിക്കുന്നതും നല്ല ഗുണനിലവാരമുള്ളതും വരൾച്ചയെ പ്രധിരോധിക്കുന്നതുമായ നെല്ലിനങ്ങളുടെ അഭാവം കൊണ്ട് കൃഷിക്കായി മഴയെ ആശ്രയിക്കുന്ന കർഷകൻ ഇപ്പോഴും മേല്പറഞ്ഞ ഇനങ്ങൾ തന്നെ കൃഷി ചെയ്തു വരുന്നു.

വരൾച്ചാവർഷങ്ങളിൽ കിഴക്കൻ ഇന്ത്യയിലെ നെല്ലുൽപ്പാദനത്തിന്റെ മൊത്തം നഷ്ടം ആകെയുള്ള മൂല്യത്തിന്റെ 36% വരെ വരുന്നതായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇന്ത്യയില്‍ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം 15% വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതാണ്. വരൾച്ചയെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്ന നെൽവിത്തിനങ്ങള്‍ക്ക്  ഇത്തരം വിളനാശത്തിൽ നിന്ന് ഒരു പരിധി വരെ കർഷകരെ രക്ഷിക്കാൻ കഴിയും. ആയതിനാൽ വരൾച്ച  ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ കർഷകർക്ക്ക്കു മഴയുള്ള വർഷങ്ങളിൽ ഉയർന്ന വിളവും വരൾച്ചയുള്ള  വർഷങ്ങളിൽ വളരെ മോശമല്ലാത്ത വിളവും നൽകുന്ന ഒരു നെല്ലിനം ആവശ്യമാണ്.

ഇന്ത്യയിൽ മഴയെ ആശ്രയിച്ചുള്ള നെൽകൃഷി ചെയ്യുന്നതിൽ 16.2 mha (ദശലക്ഷം ഹെക്ടർ) സ്ഥലവും കിഴക്കൻ സംസ്ഥാനങ്ങളിലാണ്. അതിൽ തന്നെ ഏകദേശം 13.6 mha പ്രദേശവും വരൾച്ചാ ഉണ്ടാകാന്‍ സാധ്യതയുള്ളതാണ്. ഇന്ത്യാ ഗവൺമെന്റ്റിന്‍റെ 2019 ലെ കണക്കുകൾ പ്രകാരം ഉത്തർപ്രദേശ്, ബീഹാർ, ഒറീസ, ആസാം, ഛത്തീസ്‌ഗഡ്‌ എന്നീ സംസ്ഥാനങ്ങളാണ് നെല്ലിൻറെ ഉത്പാദനക്ഷമതയിൽ പിന്നിൽ നില്കുന്നത്. മഴയുടെ അളവുമായി  ഒത്തുനോക്കുമ്പോൾ വരൾച്ചതന്നെയാണ് മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെ ഉത്പാദനക്കുറവിനുള്ള പ്രധാനകാരണം എന്ന്‌ മനസ്സിലാക്കാം.

ഇന്ത്യയിലെ നെല്ലുല്പാദനം (ബസ്മതി അല്ലാത്തവ) പ്രധാനമായും തെക്കൻ സംസ്ഥാനങ്ങളിലും കിഴക്കൻ സംസ്ഥാനങ്ങളിലും ആണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വരൾച്ചയും ജലത്തിന്റെ പരിമിതമായ ലഭ്യതയും മഴയെ ആശ്രയിച്ചുള്ള  നെല്ലുൽപ്പാദനത്തിന് ഗുരുതരമായ പരിമിതികളായി പ്രവർത്തിക്കുന്നു.

സഹഭാഗി ധാന്‍- നെല്ലിനത്തിന്റെ മെച്ചങ്ങളും പ്രസക്തിയും

വരൾച്ചയെ പ്രതിരോധിക്കുന്ന നെല്ലിനങ്ങൾ വികസിപ്പിച്ചെടുക്കുവാനുള്ള ഗവേഷണം 1960 കളിൽതന്നെ IRRI തുടങ്ങിയിരുന്നു. എന്നാൽ ഏകദേശം ഒരു പതിറ്റാണ്ടു മുമ്പു മാത്രമാണ് ഇത്തരം ഇനങ്ങൾ ലഭ്യമായിത്തുടങ്ങിയത്. IRRI യും കൂടെ പ്രവർത്തിക്കുന്ന മറ്റ് ഗവേഷണ സ്ഥാപനങ്ങളും വരൾച്ചയെ പ്രതിരോധിക്കുന്നതും ഉയർന്ന വിളവ് നൽകുന്നതും മെച്ചപ്പെട്ട പോഷകഗുണമുള്ളതുമായ പല നെല്ലിനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നെല്ല് ഇനമായ IR74371-70-1-1, ഇന്ത്യയിൽ സഹഭാഗി ധാന്‍ എന്നും നേപ്പാളിൽ സുഖ ധാന്‍-3 എന്നും ബംഗ്ലാദേശിൽ BRRI ധാന്‍-56 എന്നും അറിയപ്പെടുന്നു. സഹഭാഗി  നെല്ല് അതിവേഗം വളരുന്ന  ഒന്നാണ്. അവ വരൾച്ചയെ അതിജീവിക്കുകയും ലഭ്യമായ വെള്ളം നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു. വരണ്ട വർഷങ്ങളിൽ, സഹഭാഗി നെല്ല് കൃഷി ചെയ്യുന്ന കർഷകർക്ക് മറ്റുള്ള നെല്ലിനങ്ങള്‍ കൃഷി ചെയ്തവരെക്കാള്‍ ഒരു ഹെക്ടറിന് 0.8 മുതൽ 1.6 ടൺ വരെ കൂടുതൽ നെല്ല് ലഭിച്ചു. വരണ്ട വർഷമായിരുന്ന 2012 ൽ ഒരു ഹെക്ടറിൽ ഒരു ടണ്ണിലധികം നെല്ല് ഉൽപ്പാദിപ്പിച്ച ഈ നെല്ലിനം 2017ൽ ആവശ്യത്തിന് വെള്ളമുണ്ടായപ്പോഴും മറ്റ് നെല്ലിനങ്ങളേക്കാൾ കൂടുതൽ ഉൽപാദിപ്പിച്ചു. പെട്ടെന്നു  വളർച്ച എത്തുന്നതിനാല്‍ സഹഭാഗി നെല്ല് കർഷകരെ വേഗത്തിൽ വിളവെടുക്കാനും കൂടുതല്‍ തവണ കൃഷി  ചെയ്യാനും കഴിയും.

ഹെക്ടറില്‍ 2.5 ടണ്ണിന്  മുകളിൽ ഉത്പാദനക്ഷമതയുള്ള നെല്ലിനങ്ങളെ ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള ഇനങ്ങൾ എന്നും, 2-2.5 ടണ്‍ വരെ ഉള്ളവയെ  ഇടത്തരം എന്നും, 1-2 ടണ്ണിനെ കുറഞ്ഞത് എന്നും, 1 ടണ്ണിനും താഴെ ഉള്ളതിനെ വളരെക്കുറവ് എന്നും തരം തിരിക്കാം. സാധാരണ കാലാവസ്ഥയിൽ ഇന്ത്യയിലെ മിക്ക ഇനങ്ങളും ഏകദേശം 2.5 t/ha നെല്ല് ഉത്പാദിപ്പിക്കുമ്പോൾ സഹഭാഗി ധാൻ  ഇനത്തിന് 4-5 t/ha ഉത്പാദിപ്പിക്കുവാൻ ശേഷിയുണ്ട്. അതു പോലെ തന്നെ കഠിനമായ വരൾച്ചാസാഹചര്യങ്ങളിൽ സാധാരണയായി ഉയർന്ന വിളവ് നൽകുന്ന ഇനങ്ങൾ പരാജയപ്പെടുന്നു. എന്നാൽ സഹഭാഗി ധാൻ  ഹെക്ടറിന് ഒന്നു മുതൽ രണ്ട് ടൺ വരെ വിളവ് നൽകുന്നു. കർഷകർ പരമ്പരാഗതമായി കൃഷിചെയ്തുവരുന്ന സർജു 55, സാംബമഹ്‌സൂരി എന്നീ ഇനങ്ങൾക്കു നാല് തവണ ജലസേചനം ആവശ്യമായി വരുമ്പോൾ സഹഭാഗി ധാൻ  ഇനത്തിനു വെറും രണ്ട് തവണ മാത്രമാണ് ജലസേചനം ആവശ്യമായി വരുന്നത്. ഇതിലൂടെ ഒരു വിളക്ക് ഏതാണ്ട് 5000 രൂപ വരെ ലാഭിക്കുവാനും  സാധിക്കും.  മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ദൈർഘ്യം കുറവായതിനാൽ (105 ദിവസം) വർഷത്തിൽ മൂന്നു വിളകൾ വരെ ഇറക്കാനും കഴിയും.

സഹഭാഗിധാൻ: അല്‍പ്പം ചരിത്രം

നെല്ല് സങ്കരണം നടത്തുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനായ ബ്രിജിറ്റ് കാർട്ടോയിസ്‌ 1997-ൽ IRRI യിൽ സഹഭാഗി ധാൻ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ദേഹം രണ്ട് തെക്കു കിഴക്കൻ  ഏഷ്യൻ നെല്ലിനങ്ങളായ IR5541-04 വെയ്റാറെം എന്നിവയിൽ നിന്ന് ഒരു സങ്കരയിനം ഉണ്ടാക്കുകയും തുടർ സെലക്ഷനിലൂടെ IR74371-70-1 എന്ന കരനെൽകൃഷിക്ക് അനുയോജ്യമായ ബ്രീഡിങു ലൈൻ കണ്ടെത്തുകയും ചെയ്തു. ഏകദേശം ഒരു വർഷത്തിന് ശേഷം ഗാരി അറ്റ്ലിൻ 1RRI-ൽ നെ ബ്രീഡറായി എത്തുകയും രണ്ട് വ്യത്യസ്ത പദ്ധതികൾക്കു കീഴിൽ വരൾച്ചാ സഹിഷ്ണുതയ്ക്കായി ഈ ലൈൻ പരിശോധിക്കുകയും ചെയ്തു: ഒന്ന് ഈസ്റ്റേൺ ഇന്ത്യ ഫാർമേഴ്‌സ് പാർട്ടിസിപ്പേറ്ററി ബ്രീഡിംങ് പ്രോജക്ടും, രണ്ട്, കൺസോർഷ്യ൦ ഫോര്‍ ദി അൺഫേവറബിൾ ഇക്കോസിസ്റ്റംസ്.

വരൾച്ചാ പ്രതിരോധശേഷിയുള്ള നെല്ല് വിത്ത് ഉരുത്തിരിഞ്ഞെടുക്കുന്നതിന് IRRI ഇന്ത്യയിലെ ദേശീയ നെല്ല് ഗവേഷണ കേന്ദ്രങ്ങളായ ICAR ന്റെ കീഴിലുള്ള നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NRRI, Cuttack), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ച് (IIRR, Hyderabad) എന്നിവയുമായി ചേർന്ന് 2007 ൽ STRASA (Stress Tolerant Rice for Africa and South Asia) എന്ന പദ്ധതി തുടങ്ങിയതിന്റെ ഭാഗമായാണ് IRRI യിൽനിന്നുള്ള IR74371-70-1-1  ഇനത്തിനെ സഹഭാഗി ധാൻ എന്ന പേരിൽ ഇന്ത്യക്കു അനുയോജ്യമായ രീതിയിൽ പുറത്തിറക്കാൻ കാരണമായത്. ഈ പ്രോഗ്രാം 2009 വരെ ഉണ്ടായിരുന്നു. പ്രതിരോധശേഷി ഉള്ള നിരവധി നെല്ല് വിത്തുകൾ ഈ പ്രോഗ്രാമിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഈ ഗവേഷണ പ്രവർത്തങ്ങളുടെ ഭാഗമായാണ് സഹഭാഗി ധാൻ എന്ന ഇനത്തിന്റെ ശാസ്ത്രീയ കൃഷി രീതികൾ ശുപാർശ ചെയ്യപ്പെട്ടത്. നാഷണൽ റൈസ് റിസർച്ച് ഇനിസ്റ്റിട്യൂട്ടിന്റെ ജാർഖണ്ഡിലെ  ഹസാരിബാഗിലുള്ള സെൻട്രൽ റെയിൻഫെഡ് അപ്പ്ലാൻട് റൈസ് റിസർച്ച് സ്റ്റേഷന്റെ ഗവേഷണ പ്രവർത്തനങ്ങളിലൂടെയാണ് ഇത് വികസിപ്പിച്ചത്.

പുതുതായി വികസിപ്പിക്കുന്ന വിത്തിനങ്ങളുടെ പ്രാദേശികമായ മേന്മ പരിശോധിക്കുന്നത് ICAR ന്റെ  ഓള്‍ ഇന്ത്യ കോ ഓര്‍ഡിനെറ്റഡ് റിസെര്‍ച്ച് പ്രോഗ്രാം വഴിയാണ് (AICRP). 2005 നും 2007 നും ഇടയിൽ വരൾച്ച ബാധിത സാഹചര്യങ്ങളിലെ നിരവധി AICRP പരീക്ഷണങ്ങളിൽ ഈ ലൈൻ ദേശീയ, പ്രാദേശിക താരതമ്യത്തിന് ഉപയോഗിക്കുന്ന  ഇനങ്ങളെ അപേക്ഷിച്ച് യഥാക്രമം ശരാശരി 29.2 ശതമാനവും, 19.1 ശതമാനവും വിളവ് നേട്ട൦ കാണിച്ചു. നിരവധി തുടർ പരീക്ഷണങ്ങളും നടത്തി. ഓൺ-സ്റ്റേഷൻ ബ്രീഡിംഗ്ട്രയലുകൾ 2005–07 കാലയളവിൽ  (3  വർഷം ) എട്ടു സ്ഥലങ്ങളിൽ നടത്തിയത്തിൽ നിന്നും ഈ ഇനത്തിന് മിതമായ വരൾച്ച സാഹചര്യങ്ങളിൽ ഹെക്ടറിന് 0.5 ടൺ, കഠിനമായ വരൾച്ചയിൽ ഹെക്ടറിന് 1.0 ടൺ എന്ന നിലയിൽ ശരാശരി വിളവ് നേട്ടം ഉണ്ടായിരുന്നതായി കണ്ടെത്തി. അങ്ങനെ 2008-ലെ വാർഷിക യോഗത്തിൽ ഈ ബ്രീഡിംങ് ലൈൻ പുറത്തിറക്കാൻ AICRIP ശുപാർശ ചെയ്തു.  ഇന്ത്യയിൽ പുതിയ വിത്തിനങ്ങളെ കൃഷിക്ക് വിട്ടുകൊടുക്കുന്നതിനുള്ള അംഗീകാരം കൊടുക്കുന്നത് സെൻട്രൽ വെറൈറ്റി റിലീസ് കമ്മിറ്റി ആണ്. ഈ കമ്മിറ്റി 2009 ൽ സഹഭാഗി ധാന്‍ ഇന്ത്യയിൽ പുറത്തിറക്കാൻ അനുമതി നൽകി. ഇന്ത്യയില്‍ പ്രധാനമായും രണ്ടു രീതിയിലാണ് നെല്ല് കൃഷി ചെയ്യുന്നത്- നേരിട്ടു പാകിയും ഞാറ്റടിയില്‍ പാകി പറിച്ചുനട്ടും. വരൾച്ച കൂടിയ ഒറീസ, ഛത്തീസ്‌ഗഡ്‌, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിൽ നേരിട്ട് വിത്ത് പാകുന്നതിനും, തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ  നെല്ല് പറിച്ചു നടുന്നതിനും അനുയോജ്യമായ ഒരു ഇനമാണ് സഹഭാഗി ധാന്‍.

‘സഹ്ഭാഗി’ എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം ‘സഹകരണം’ എന്നാണ്. നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പൊതുശ്രമത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത ഒരു ഇനമാണ് ഇത്.

ഇന്ത്യയിലെ നെല്ല് ഗവേഷണവും പൊതുമേഖലയും

പുതിയ നെൽ വിത്ത് ഇനങ്ങൾ വികസിപ്പിക്കൽ, അവയുടെ കൃഷിസ്ഥലത്തുള്ള പരിശോധന, അവയെ കര്‍ഷകര്‍ക്കിടയില്‍ വ്യാപിപ്പിക്കുക, മറ്റു അനുബന്ധ മേഖലയിലെ ഗവേഷണങ്ങൾ, ബ്രീഡിങ് പദ്ധതികൾക്ക് ആധാരമായ ജനിതക വൈവിധ്യത്തിന്റെ സംരക്ഷണം   എന്നിവ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും നടക്കുന്നത് പ്രധാനമായും പൊതുമേഖലയിൽ ആണ്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്‍ഡ്യയില്‍ കാര്‍ഷിക ഗവേഷണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ബീഹാറിലെ പുസ (PUSA) യില്‍ 1905 ല്‍ ഇന്‍ഡ്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം (IARI) സ്ഥാപിക്കപ്പെട്ടു. പിന്നീട്, 1936 ല്‍ ഈ സ്ഥാപനത്തെ ന്യൂഡെല്‍ഹിയിലേക്ക് മാറ്റി സ്ഥാപിച്ചു. സര്‍വതല സ്പര്‍ശിയായ ഗവേഷണങ്ങളിലൂടെ IARI കാര്‍ഷികപുരോഗതിക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കിവരുന്നു. ഇന്ന് നെല്ലിന്റെ കാര്യത്തിൽ ബസ്മതി ഇനങ്ങളെ പറ്റിയാണ് ഈ സ്ഥാപനത്തിൽ കൂടുതല്‍ ഗവേഷണങ്ങൾ നടക്കുന്നത്. ബസ്മതി അരി ഇന്ന് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട കയറ്റുമതി വസ്തു ആണ്. 2022-23 ല്‍ മാത്രം ബസ്മതി അരി കയറ്റുമതിയിലൂടെ 38,000 കോടി രൂപ നേടുകയുണ്ടായി. ഇന്‍ഡ്യയില്‍ കാര്‍ഷിക ഗവേഷണ  പ്രവർത്തനങ്ങൾ നടത്തുന്നതും ഏകോപിപ്പിക്കുന്നതും ഇന്‍ഡ്യന്‍ കൌൺസില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) ആണ്. ICAR ന്റെ കീഴിലുള്ള മറ്റ് ഗവേഷണ സ്ഥാപനങ്ങളായ നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NRRI, Cuttack), ഡിറക്ടറേറ്റ് ഓഫ് റൈസ് റിസർച്ച് (DRR, Hyderabad) എന്നിവയും നെല്ല് ഗവേഷണത്തില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തായി ഉള്ള കാർഷിക സർവകലാശാലകളും പ്രാദേശിക മുൻഗണനകൾക്ക് അനുസരിച്ച്‌ നെല്ലിനെ കുറിച്ചു ഗവേഷണങ്ങൾ നടത്തുന്നുണ്ട്.

കാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ചു പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ICAR ന്റെ കീഴില്‍ ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സെസ് (NBPGR) പരമ്പരാഗതമായ നെല്‍ വിത്തിനങ്ങളുടെ പര്യവേഷണം, സംരക്ഷണം എന്നിവയില്‍ വലിയ പങ്ക് വഹിക്കുന്നു.  മിക്ക വിളകളുടേയും ജനിതക വൈവിധ്യ  സംരക്ഷണം ഈ സ്ഥാപനത്തില്‍ നടന്നു വരുന്നു. വിത്തുകളുടെ  വളരെ താഴ്ന്ന ഊഷ്മാവിൽ ഉള്ള സംരക്ഷണം ഇവിടുത്തെ ഒരു  പ്രധാന രീതിയാണ്. ജനിതക വൈവിധ്യം കണ്ടെത്തുക, അവയെ നഷ്ടപ്പെടാതെ സംരക്ഷിക്കുക, ആവശ്യാനുസരണം ജനിതക സങ്കലനത്തിനും മറ്റ് ശാസ്ത്രീയ ആവശ്യങ്ങള്‍ക്കുമായി ലഭ്യമാക്കുക എന്ന ഉത്തരവാദിത്തം  നിര്‍വഹിക്കുന്നത് NBPGR ഉം വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വകലാശാലകളും ചേര്‍ന്നാണ്. ഈ സ്ഥാപനങ്ങൾ ഭാരതത്തിൻറെ മുക്കിലും മൂലയിലും ഉള്ള പരമ്പരാഗത വിത്ത് ഇനങ്ങളെ കണ്ടെത്തുകയും ജനിതക നിർദ്ധാരണം നടത്തുകയും സംരക്ഷിക്കുകയും  ചെയ്യുന്നുണ്ട്.

അന്താരാഷ്ട്ര സഹകരണം

കാലാവസ്ഥ വ്യതിയാനവും മറ്റും ഭക്ഷ്യമേഖലയിൽ ഉണ്ടാക്കുന്ന വെല്ലുവിളികൾ നേരിടാൻ അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണ്. അതിനായി ഭക്ഷ്യ സുരക്ഷയെ  ഒരു പൊതു ആഗോള  ലക്ഷ്യം ആയി കാണേണ്ടതുണ്ട്. അതുപോലെ തന്നെ കാർഷിക ഗവേഷണത്തിന്റെ ഫലങ്ങളെ ഒരു പൊതു വിഭവം ആയി കാണണം. ഗവേഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജനിതക വസ്തുക്കളുടെ കൈമാറ്റം അനുസ്യൂതമായി നടക്കേണ്ടതുണ്ട്. ഇതിനായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് വിത്തു ഇനങ്ങളുടെ വൈവിധ്യവും നിലനിർത്തുക, ഗവേഷണ പ്രവർത്തനങ്ങൾക്കായി കൈമാറ്റം ചെയ്യുക എന്നത് അത്യന്താപേക്ഷിതമാണ്. പുതുതായി ഉണ്ടാകുന്ന വിത്തിനങ്ങൾ  ഒരുപാടു വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വളരെ നാളുകൾ ആയുള്ള കൂട്ടായ ശ്രമത്തിന്റെയും പൊതു നിക്ഷേപത്തിന്റെയും ഫലമായാണ്.

ഇന്ത്യയിലെ നിരവധി നെൽവിത്ത് ഇനങ്ങൾ ലോകപ്രശസ്തമായ നെൽവിത്തിനങ്ങളുടെ ഇനങ്ങളുടെ വികസനത്തിന് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.   അതുപോലെതന്നെ IRRI ല്‍ നിന്നുള്ള നിരവധി നെൽ വിത്ത് ഇനങ്ങൾ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്നു. കൂടാതെ അവയെ ബ്രീഡിങ് പ്രോജെക്ട്കളിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ ഇപ്പോൾ കൃഷി ചെയ്തുപോരുന്ന ഉമ എന്ന ഇനത്തിൽ  IRRI യിൽ നിന്നുള്ള വിത്തുകൾ ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിൽ വികസിപ്പിച്ചെടുത്ത ചില നെല്ലിനങ്ങളും അവയുടെ വികസനത്തിനായി  ഉപയോഗിച്ചിട്ടുള്ള വിത്തിനങ്ങളുടെ പേരുകളും പട്ടിക 1 ൽ കൊടുത്തിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷവശങ്ങളെ ചെറുക്കാനും  ഭക്ഷ്യോത്പാദനം ഉറപ്പുവരുത്താനും പുതിയ വിളയിനങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്തരം വിളയിനങ്ങൾക്ക് ഉദ്ദേശിച്ച ഗുണമേന്മകൾ ഉണ്ടാകണം എന്നതിന് പുറമെ അവ കൃഷിക്കാരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമാവുകയും വേണം. കൂടാതെ അവ പരിസ്ഥിതികമായി അനുഗുണമായിരിക്കുകയും വേണ്ടതാണ്.  ഇപ്രകാരം ലോകത്തെമ്പാടും നടന്നു വരുന്ന  ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള  അംഗീകാരം ആയിട്ട് കൂടി വേണം സ്വാതി നായിക്കിന് ലഭിച്ച ഈ പുരസ്കാരത്തിനെ കാണാൻ.


കാലാവസ്ഥാമാറ്റവും കൃഷിയും – പാനൽ ചർച്ച

അനുബന്ധ വായനയ്ക്ക്

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലംതെറ്റുന്ന കാലാവസ്ഥ – ക്ലാസുകൾ എടുക്കുന്നവർക്കുള്ള പരിശീലനം
Next post ആന്റി ബയോട്ടിക്കുകൾ നിഷ്ഫലമാകുന്ന കാലം വരുമോ ? – പാനൽ ചർച്ച രജിസ്ട്രേഷൻ ആരംഭിച്ചു
Close