Read Time:27 Minute


ഡോ. എ.സുരേഷ്
പ്രിൻസിപ്പൽ സയന്റിസ്റ്റ്, സെൻട്രൽ ഇൻസ്‌ററിററ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, കൊച്ചി

ഇന്ത്യയുടെ സമഗ്രമുന്നേററത്തിന് കാർഷിക മേഖലയിലെ പുരോഗതി വളരെയേറെ സംഭാവനകൾ നല്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയും പോഷക സുരക്ഷയും മാത്രമല്ല ഗ്രാമീണ വികസനവും കാർഷിക മേഖലയിലെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2019 -20  സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഭക്ഷ്യധാന്യ ഉത്പാദനം ഏകദേശം 295 മില്യൺ ടൺ ആണ്. ഇന്നും ഇന്ത്യയിലെ പകുതിയിൽ കൂടുതൽ ആൾക്കാർ കാർഷിക മേഖലയുമായി ബന്ധപ്പെട്ടാണ് ഉപജീവനം നടത്തുന്നത്. കാർഷിക മേഖലയിലെ ഉയർച്ചയും താഴ്ചയും വളരെ വേഗത്തിൽ  ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കുന്നു.

കൂടാതെ വ്യാവസായികാവശ്യങ്ങൾക്കുള്ള  പല അസംസ്കൃത വസ്തുക്കളും, എണ്ണക്കുരുക്കൾ, പരുത്തി, ചണം തുടങ്ങിയവ- നൽകുന്നതും കാർഷിക മേഖലയാണ്.  വ്യാവസായിക മേഖലയിലെ പല  ഉത്പന്നങ്ങളും കാർഷിക -ഗ്രാമീണ മേഖലയിലാണ് വിറ്റഴിക്കപ്പെടുന്നത്- ട്രാക്ടർ, വളങ്ങൾ ,കീടനാശിനികൾ, ദൈനം ദിന ആവശ്യങ്ങൾക്കുള്ള  വസ്തുക്കൾ, വാഹനങ്ങൾ  മുതലായവ ഉദാഹരണം. ഇവയുടെ ഒക്കെ ഉപഭോഗം ഗ്രാമീണ മേഖലയിൽ ഉയർത്തി നിർത്തുന്നതിന്റെ പ്രധാന ചാലക ശക്തി കൃഷിയിൽ നിന്നുള്ള വരുമാനം ആണ്. ഇതിലൂടെ കാർഷിക മേഖല മൊത്തം സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുന്നു. ഗ്രാമങ്ങളിൽ ഉണ്ടാകുന്ന   നീക്കിയിരുപ്പാണ് ഇന്ത്യയിലെ ബാങ്കുകളുടെ ഒരു പ്രധാന നിക്ഷേപ സ്രോതസ്. കൃഷിയാണ് അതിന്റെയും അടിസ്ഥാനം.

ഭക്ഷ്യ സ്വയംപര്യാപ്തത ഒരു രാഷ്ട്രത്തിന്റെ വിദേശനയം, രാജ്യസുരക്ഷ എന്നിവയെയൊക്കെത്തന്നെ ബാധിക്കാൻ പോന്നതാണ്. സ്വാതന്ത്ര്യാനന്തര നാളുകളിൽ ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളുടെ ആവശ്യവും ലഭ്യതയും തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നു. രൂക്ഷമായ ഈ ഭക്ഷ്യസുരക്ഷാ പ്രശ്‌നം  മറികടക്കുന്നതിനായി ഇന്ത്യ അമേരിക്കയുമായി Public Law(PL) -480 പ്രകാരം കരാറിൽ ഏർപ്പെടുകയുണ്ടായി. താരതമ്യേന ഉദാരമായ ചില വ്യവസ്ഥകളിൽ അമേരിക്കയിൽ നിന്നും ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനും പകരമായി ആ രാജ്യത്തിന് ഇന്ത്യൻ രൂപയിൽ പണം നൽകാനും ഈ കരാർ നിഷ്‌കർഷിച്ചിരുന്നു. ഇതുപ്രകാരം ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന്റെ 25-30 ശതമാനത്തോളം ഗോതമ്പ് വർഷംതോറും അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ 1960 കളുടെ ആദ്യവർഷങ്ങളിൽ വിയറ്റ്നാം യുദ്ധത്തിൽ ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് PL-480 പ്രകാരം ഭക്ഷ്യവസ്തുക്കൾ കയറ്റി അയക്കാൻ  അമേരിക്ക വിസമ്മതിച്ചു. ഇത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് താൽക്കാലികമായെങ്കിലും വലിയ പ്രതിസന്ധി ഉണ്ടാക്കി എന്നത് ചരിത്രമാണ്. ഭക്ഷ്യമേഖലയിലെ ആശ്രിതത്വം മുതലെടുത്ത് ഇന്ത്യയുടെ വിദേശ നയരൂപീകരണത്തെ സ്വാധീനിക്കാൻ അമേരിക്ക ശ്രമിച്ചതിന്റെ ഉദാഹരണമായും ഈ സംഭവത്തെ ചൂണ്ടിക്കാണിക്കാൻ കഴിയും. PL-480 മുഖേന ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുക വഴി കാർഷികമേഖലയിൽ  സമഗ്രമായ നയരൂപീകരണം നടത്തുന്നതിൽ താമസമുണ്ടായി എന്ന ആക്ഷേപവും പിൽക്കാലത്ത് ഉയർന്നുവന്നിട്ടുണ്ട്.

ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ വിത്തുപാകാൻ പ്രധാനമായ കാരണങ്ങളിൽ ഒന്നായിരുന്നു രാഷ്ട്രീയ – സാമ്പത്തിക -വിദേശനയ രൂപീകരണത്തിൽ ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യത്തെകുറിച്ച് പ്രായോഗികമായി ഉണ്ടായ തിരിച്ചറിവ്. തുടർന്ന് 1965- 66 കാലഘട്ടത്തിൽ ഹരിതവിപ്ലവത്തിലൂടെ തുടങ്ങിയ  ഇടപെടലുകൾ ഇന്ത്യക്ക് വളരെയേറെ നേട്ടങ്ങൾ ഉണ്ടാക്കി.

ഈ  നേട്ടത്തിന്റെ ഒരു  പ്രധാന ഘടകം ഇന്ത്യയിൽ കാർഷിക മേഖലയിൽ നടന്ന ഗവേഷണങ്ങളും അത് കർഷകരിൽ എത്തിക്കാൻ നടത്തിയ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ആയിരുന്നു .നിർഭാഗ്യവശാൽ കാർഷിക മേഖലയിലെ ഗവേഷണത്തിന്റെയും വിജ്ഞാന വ്യാപനത്തിന്റെയും സംഭാവനകള്‍   വേണ്ടത്ര ചർച്ച  ചെയ്യപ്പെടുന്നില്ല. ഇപ്പോഴും ഇന്ത്യൻ ശാസ്ത്രഗവേഷണ രംഗത്തിന്റെ പുരോഗതിയെ കുറിച്ചും ഉന്നത വിദ്യാഭ്യാസത്തെ  കുറിച്ചും നടക്കുന്ന പൊതു ചർച്ചകളിൽ കാർഷിക മേഖല പൊതുവെ പരിഗണിക്കപ്പെടുന്നുമില്ല.

1960-61 ൽ 82 മില്യൻ ടൺ മാത്രമായിരുന്ന ഭക്ഷ്യധാന്യോല്പാദനം 2018-19 ൽ 285 മില്യൻ ടൺ ആയി മാറി

ഇന്ത്യയിൽ കാർഷിക ശാസ്ത്രത്തിന്റെ പ്രസക്തി

1960 കളിൽ ഭക്ഷ്യാവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ഭക്ഷ്യധാന്യങ്ങളും മററ് കാർഷിക വസ്തുക്കളും കയററി അയയ്ക്കുന്ന പ്രധാനപ്പെട്ട ഒരു രാജ്യമാണ്. 1960-61 ൽ 82 മില്യൻ ടൺ മാത്രമായിരുന്ന ഭക്ഷ്യധാന്യോല്പാദനം 2018-19 ൽ 285 മില്യൻ ടൺ ആയി മാറി. 1991-92 മുതൽ 2018-19 വരെയുള്ള കാലഘട്ടത്തിൽ പച്ചക്കറിയുടെ ഉല്പാദനം 59 മില്യൺ ടണ്ണിൽ നിന്നും 186 മില്യൻ ടൺ ആയും പഴവർഗ്ഗങ്ങളുടെ ഉല്പാദനം 29 മില്യൻ ടണ്ണിൽ നിന്നും 99 മില്യൻ ടണ്ണായും വർദ്ധിച്ചിരിക്കുന്നു. പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി, സുഗന്ധവിളകൾ തുടങ്ങിയവയുടെ കാര്യത്തിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പാൽ, ഇറച്ചി, മുട്ട, മത്സ്യം എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല.

കൂടാതെ കാർഷിക വസ്തുക്കളുടെ കയററുമതിയിലൂടെ 2018-19ൽ മാത്രം 2.7 ലക്ഷം കോടി രൂപ ഇന്ത്യക്ക് ലഭിച്ചു. ഇത് മൊത്തം കയററുമതിവരുമാനത്തിന്റെ 12 ശതമാനത്തോളമാണ്. അതേസമയം കാർഷികവസ്തുക്കളുടെ ഇറക്കുമതി മൊത്തം ഇറക്കുമതിയുടെ 3.8 ശതമാനം മാത്രമേയുള്ളൂ.

ഇന്ത്യയിൽ തൊഴിലെടുക്കുന്നവരിൽ 55 ശതമാനത്തോളം ആൾക്കാർ കൃഷിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. (2011 സെൻസസ് പ്രകാരം). വ്യാവസായിക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങൽ നിശ്ചയിക്കുന്ന പ്രധാനഘടകം കാർഷിക മേഖലയിൽ ഉണ്ടാകുന്ന പുരോഗതിയും വരുമാനവർധനവും ആണെന്ന് കണ്ടല്ലോ. ഈ കോവിഡ് കാലയളവിൽ പോലും രാജ്യത്തെ താങ്ങിനിർത്തിയ നിർണ്ണായക ഘടകങ്ങളിലൊന്ന്  ഭക്ഷ്യ സുരക്ഷയുടെ മേഖലയിൽ നാം നേടിയ പുരോഗതിയാണു. 2020-21 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ – സെപ്തംബർ കാലയളവിൽ സമ്പദ്‌ വ്യവസ്ഥ 14.9 ശതമാനം ചുരുങ്ങിയപ്പോൾ (-14.9%) കാർഷിക മേഖലയിൽ മാത്രമാണ്  പോസിറ്റീവ്  വളർച്ച രേഖപ്പെടുത്തിയത് (3.4 ശതമാനം). ഈ കോവിഡ് കാലത്തും കാർഷിക കയറ്റുമതി വർദ്ധിക്കുകയാണുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

ഉത്പാദന ക്ഷമത

കാർഷികോല്പാദനത്തിന്റെ പുരോഗതിയുടെ പ്രധാനകാരണം ഉത്പാദനക്ഷമതയിൽ (productivity) ഉണ്ടായ വർദ്ധനവാണ്. ഉദാഹരണത്തിന് ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനക്ഷമത 1960ൽ ഹെക്ടറിന് 710 കിലോഗ്രാം ആയിരുന്നത് 2018-19 ൽ 2299 കി.ഗ്രാം ആയി വർദ്ധിച്ചു. വളർച്ചാനിരക്ക് ഒരു വർഷം ശരാശരി ഏകദേശം 2 ശതമാനം വെച്ചാണ്. ഇതിൽ ഏറിയും കുറഞ്ഞും ഉള്ള വളർച്ചാനിരക്ക് മിക്ക വിളകളുടെയും  മുട്ട, പാൽ, ഇറച്ചി, മത്സ്യം തുടങ്ങിയ മററു ഭക്ഷ്യോത്പന്നങ്ങളുടെയും കാര്യത്തിൽ ഉണ്ടാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഉത്പാദനച്ചെലവിൽ ഉണ്ടായ വർദ്ധന, നവ ഉദാരവൽക്കരണ നയങ്ങൾ ഉണ്ടാക്കിയ പ്രതിസന്ധികൾ എന്നിവയെ നേരിട്ടാണ് ഈ നേട്ടം ഉണ്ടാക്കിയത്.

ഉത്പാദന ക്ഷമതയുടെ അടിസ്ഥാനം

വിഭവങ്ങളുടെ(inputs) വർദ്ധിച്ച ഉപഭോഗത്തിലും ഉപരിയായി ഉത്പാദനക്ഷമത കൂടുന്നതിന്റെ പ്രധാനഘടകം ടോട്ടൽ ഫാക്ടർ പ്രോഡക്ടിവിററി (TFP) യുടെ വളർച്ചാ നിരക്കാണ്.  ഇത് ഉത്പാദന ക്ഷമതയുടെ വളർച്ചാ നിരക്കിൽ ഉൽപാദനഘടകങ്ങളുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന വളർച്ചാനിരക്ക് കൊണ്ടല്ലാതെ ഉണ്ടാക്കുന്ന വളർച്ചാനിരക്കിനെ സൂചിപ്പിക്കുന്നു. അതായത്, കാർഷിക ഉത്പാദന ക്ഷമതയിൽ മനുഷ്യപ്രയത്‌നം, യന്ത്രങ്ങൾ, വളവും മററു രാസവസ്തുക്കളും, ജലസേചനം, വിത്ത് തുടങ്ങിയവയുടെ ഉപയോഗത്തിലെ അളവിലുണ്ടാകുന്ന വര്‍ധനവ് അല്ലാതെയുണ്ടാകുന്ന വളർച്ച. ഇന്ത്യയുടെ കാർഷിക മേഖലയിലെ TFP വളർച്ചയെക്കുറിച്ച് ശ്രദ്ധേയമായ നിരവധി പഠനങ്ങൾ ദേശീയ-അന്തർദേശീയ തലത്തിൽ നടന്നിട്ടുണ്ട്.

TFPയുടെ വളർച്ച നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിൽ ഏററവും പ്രധാനപ്പെട്ടത് കൃഷി സംബന്ധിയായ  ഗവേഷണ – വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ (research and extension) ആണ്. ഇന്ത്യയിലെ കാർഷിക മേഖലയിലെ മൊത്തത്തിലുള്ള TFP വളർച്ചാനിരക്ക് 1980-2008 കാലയളവിൽ പ്രതിവർഷം ഏകദേശം 2.07 ശതമാനം ആണെന്ന് കണ്ടെത്തിയിട്ടുണ്ട് . ഉൽപാദന ക്ഷമതയുടെ വളർച്ചയിൽ 66 ശതമാനവും TFP വളർച്ചമൂലമാണ് ഉണ്ടായിരിക്കുന്നത്. വിളകളും, പ്രദേശങ്ങളും അനുസരിച്ച് ഇതിന് മാററങ്ങൾ ഉണ്ട്. നിക്ഷേപങ്ങളുടെ പ്രവര്‍ത്തനക്ഷമതയുടെ പ്രധാനസൂചകമായ ഇന്റേണൽ റേറ്റ് ഓഫ് റിട്ടേൺ (IRR) കാർഷിക ഗവേഷണത്തിന് 72 ശതമാനം എന്നും കാർഷിക വിജ്ഞാനവ്യാപനത്തിന് 75 ശതമാനം എന്നും നിരവധി പഠനങ്ങൾ ക്രോഡീകരിച്ച് നടത്തിയ ഒരു പഠനം വെളിവാക്കുന്നു.  കൂടാതെ ദാരിദ്ര്യം കുറക്കുന്നതിൽ കാർഷിക ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ മറേറതു മേഖലയിലെ നിക്ഷേപത്തേക്കാളും ഫലവത്താണെന്നു സൂചിപ്പിക്കുന്ന വളരെ ശ്രദ്ധേയമായ പഠനങ്ങളും വന്നിട്ടുണ്ട്.

കാർഷിക മേഖലയിലെ നേട്ടങ്ങൾ ശാസ്ത്രത്തിന്റെയും ശാസ്ത്രീയ ചിന്തയുടെയും അതുല്യവിജയമാണ്. പക്ഷെ ഈ മേഖലയിലെ നേട്ടങ്ങൾ മററു മേഖലകളിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളെപ്പോലെ പരാമർശിക്കപ്പെടുകയോ ഉയർത്തിക്കാട്ടപ്പെടുകയോ ചെയ്യാറില്ല. മാത്രമല്ല, കാർഷിക രംഗത്തെ ഓരോ ഇടപെടലും പ്രകൃതിയുമായും പ്രകൃതിയിലുണ്ടാകുന്ന മാററങ്ങളുമായും മനുഷ്യന്റെ ജീവിത രീതിയിലുണ്ടാവുന്ന മാററങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ അവ പ്രായോഗിക തലത്തിൽ നിരന്തരം മാററങ്ങൾക്ക് വിധേയവുമാണ്. ഒരു ഉപഗ്രഹം വിക്ഷേപിക്കപ്പെടുമ്പോഴോ, ഒരു മിസൈൽ പരീക്ഷിക്കപ്പെടുമ്പോഴോ ഒരു മരുന്ന് കണ്ടുപിടിക്കുമ്പോഴോ ഉണ്ടാവുന്ന  മാധ്യമ ശ്രദ്ധ പൊതുവേ  കാർഷിക രംഗത്തെ നേട്ടങ്ങൾക്ക് ഉണ്ടാവുന്നില്ല. ഈ വിഷയത്തെക്കുറിച്ചുള്ള ചില ചിന്തകൾ കറന്റ് സയൻസ് എന്ന ശാസ്ത്ര ജേണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ നേട്ടങ്ങളെ സമഗ്രമായി വിലയിരുത്താനും അവയെ രാഷ്ട്ര നിർമ്മിതിക്ക് വഴിവെക്കുന്ന പൊതുബോധ നിർമ്മിതിക്ക് മുതൽക്കൂട്ടാക്കുവാനും ഉള്ള ശ്രമങ്ങൾ ഉണ്ടായേ തീരൂ.

മറ്റൊരു പ്രശ്നം  അശാസ്ത്രീയമായ കൃഷിരീതികളെ മഹത്വവൽക്കരിക്കുന്നതാണു. കൂടാതെ   അവയെ പ്രോത്സാഹിപ്പിക്കുന്ന പൊതുബോധ നിർമ്മിതിയും  അതിനോട് ചേര്‍ന്ന നയരൂപീകരണവും ശാസ്ത്രത്തിന്റെ സംഭാവനകളെ കുറച്ചു കാണിക്കുന്നു.  ഒപ്പം തന്നെ കാർഷിക സാങ്കേതിക വിദ്യയുടെ അശാസ്ത്രീയമായ ഉപയോഗവും കരുതലില്ലായ്മയും മണ്ണ്, ജലം, ജൈവ വൈവിധ്യം എന്നിവയിൽ ഉണ്ടാക്കിയിട്ടുള്ള മാററങ്ങൾ കാർഷിക മേഖലയിലെ നേട്ടങ്ങളെ പിന്നോട്ടടിക്കാൻ കാരണമായിത്തീരുന്നു. കാർഷിക സാങ്കേതിക വിദ്യയുടെ ഫലപ്രാപ്തി കാർഷിക കാലാവസ്ഥ മേഖലകൾ (agro climatic zone) അനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നുണ്ട്.

കേരളവും കാർഷിക മേഖലയും

കേരളവും കാർഷിക മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ന് ഒരു ഹെക്ടർ കൃഷിഭൂമിയിൽ നിന്ന് ഏററവും കൂടുതൽ മൂല്യം ലഭിക്കുന്ന വലിയ സംസ്ഥാനങ്ങളിൽ മൂന്നാമതാണ് കേരളം (2015-16ലെ കണക്ക് പ്രകാരം 137169 രൂപ 2011-12 വിലനിലവാരത്തിൽ).  എന്നാല്‍ ദേശീയ ശരാശരി  86500  രൂപയാണ്. കേരളത്തിന്  മുന്നിൽ നിൽക്കുന്ന പ്രധാന സംസ്ഥാനങ്ങൾ ഹിമാചൽ പ്രദേശും ബംഗാളും മാത്രമാണ്. കേരളത്തിന്റെ ഈ നേട്ടത്തിന്റെ ഒരു പ്രധാന കാരണം നാണ്യവിളകൾക്കുള്ള പ്രാമുഖ്യം ആണ്. കേരളത്തിന്റെ കാർഷിക മേഖലയിൽ ദീർഘകാലമായുണ്ടായ വളർച്ചയും മാററങ്ങളും വിശദമായ അപഗ്രഥനത്തിലൂടെ മാത്രമേ മനസ്സിലാക്കാൻ പറ്റൂ .

എന്നാൽ 2011-12 മുതൽ 2017-18 വരെയുള്ള കേരളത്തിന്റെ കാർഷിക മേഖലയിലെ വളർച്ചയെ കുറിച്ച് ഒരു അവലോകനം പെട്ടെന്ന് സാധ്യമാണ്.  ഈ കാലയളവിൽ കേരളത്തിന്റെ കാർഷികമൂല്യം (value of output) പ്രതിവർഷം 0.98 ശതമാനത്തോളം കണ്ട് കുറയുകയാണുണ്ടായത്. എന്നാൽ പ്രധാനകാർഷിക മേഖലകളായ കന്നുകാലി വളർത്തലിലും, മത്സ്യമേഖലയിലും (സമുദ്രമത്സ്യം, ഉൾനാടൻ മത്സ്യം എന്നിവ) മൂല്യത്തിന്റെ  കാര്യത്തിൽ പോസിററീവ് വളർച്ചാനിരക്കാണ് കാണിക്കുന്നത്.

കാർഷിക വിളകളുടെ കാര്യത്തിൽ ഇക്കാലയളവിൽ (2011-12 ഉം 2017-18 ഉം) 5510 കോടി രൂപയുടെ (2011 -12 വില നിലവാരത്തിൽ) കുറവ് ഉണ്ടായിട്ടുണ്ട്. ഇതിൽ 92 ശതമാനവും റബ്ബറിന്റെ മൂല്യത്തിൽ ഉണ്ടായ കുറവുമൂലമാണ്, പ്രതിവർഷം ശരാശരി – 6.3 ശതമാനം വെച്ച്. റബ്ബറിന്റെ കാര്യത്തിൽ കേരളത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾ വളരേയേറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ആസിയാൻ മുതലായ അന്താരാഷ്ട്രകരാറിന്റെയും ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളുടെയും വിപരീത ഫലങ്ങൾ ഏററവും കൂടുതൽ അനുഭവിച്ച ഒരു വിളയാണ് റബ്ബർ.

മറെറാരു കാരണം നെൽകൃഷിയിൽ ഉണ്ടായ കുറവാണ്. കേരളം ചരിത്രപരമായി തന്നെ ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തമല്ലായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്. നെല്ലിന്റെ ഉൽപാദനത്തിൽ ഉണ്ടായ കുറവിന് സാമൂഹികവും സാമ്പത്തികവുമായുള്ള അനേകം കാരണങ്ങൾ ഉണ്ട്.

തൊഴിലാളികളുടെ കുറവ്, കൂലിയിൽ ഉണ്ടായ വർദ്ധന, മററുവിളകളുമായി താര്യതമ്യപ്പെടുത്തുമ്പോൾ വരവ് – ചെലവ് കണക്കിൽ ഉണ്ടാകുന്ന പിന്തള്ളപ്പെടൽ, മററാവശ്യങ്ങൾക്കായി നെൽവയലുകൾ നികത്തപ്പെട്ടത് എന്നിവ പ്രധാനകാരണങ്ങൾ ആണ്. അതേസമയം നെല്ലിന്റെ ഉൽപാദനക്ഷമത  സംസ്ഥാനത്ത് 1970-71ൽ ഹെക്ടറിന് 1483 കിലോഗ്രാം ആയിരുന്നത് 2017-18ൽ ഹെക്ടറിന്  2757 കിലോഗ്രാം ആയി വർദ്ധിച്ചിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത ഉമ തുടങ്ങിയ നെല്ലിനങ്ങളാണ് ഇന്ന് കേരളത്തിൽ കൂടുതലായി കൃഷി ചെയ്യപ്പെടുന്നത്.

മറെറാരു പ്രധാനസംഗതി, കേരളം രാസ പദാർത്ഥങ്ങളുടെ ഉപഭോഗത്തിന്റെ കാര്യത്തിൽ വളരെ പുറകിലാണെന്നതാണ്. രാസവളത്തിന്റെ ഉപഭോഗം ഇന്ന് ഹെക്ടറിന് 36 കിലോഗ്രാം മാത്രമാണ്. ഇത് ദേശീയ ശരാശരി  (133 കിലോഗ്രാം ) യെക്കാൾ വളരെ താഴെയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് 224 കിലോഗ്രാം ആണ്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ 186 കിലോഗ്രാമും. തന്മൂലം പല പ്രദേശങ്ങളിലും മണ്ണിലേക്ക് ഒരു വർഷം ചേർക്കപ്പെടുന്നതിൽ അധികം പോഷകവസ്തുക്കൾ മണ്ണിൽ നിന്ന് വലിച്ചെടുക്കപ്പെടുന്നുണ്ട്. ഇതു ചില സ്ഥലങ്ങളിൽ  പോഷകഖനനം (Nutrient Mining) എന്ന അവസ്ഥ സംജാതമാക്കുകയും മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് കേരളത്തിൽ കാർഷിക വളർച്ച ഉണ്ടാകേണ്ടത്. കൂടാതെ 2011-12 മുതൽ 2015-16 വരെ ഉള്ള കാലയളവിൽ കൃഷിഭൂമിയുടെ വിസ്തൃതിയിൽ 17000 ഹെക്ടറിന്റെ കുറവ് ഉണ്ടായതും കാർഷിക വളർച്ചയ്ക്ക് തിരിച്ചടിയായിട്ടുണ്ട്  (പ്രതിവർഷം 4000 ഹെക്ടറിനു മുകളിൽ). കൃഷിഭൂമിയിലെ വിസ്തൃതിയിൽ ഉണ്ടായ കുറവ് റിപ്പോർട്ട് ചെയ്തു കാണുന്നതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യത.

കേരളത്തിൽ കാർഷിക മേഖലയുടെ മുന്നോട്ടുള്ള യാത്ര

സുസ്ഥിര കാർഷിക രീതികളിലൂടെ മാത്രമേ കേരളത്തിന്റെ കാർഷിക വികസനം സാധ്യമാകൂ. ഉൽപാദന ക്ഷമത കൂട്ടൽ, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കൽ, പ്രകൃതി സംരക്ഷണം, കാർഷിക മേഖലയിലെ നേട്ടങ്ങളെ സാമൂഹികമായ വികസനത്തിലേക്ക് നയിക്കൽ എന്നിവ ഇതിന്റെ ആണിക്കല്ലുകളാണ്. പ്രകൃതിക്ക് ദോഷം വരുത്താതെ പുത്തൻ സാങ്കേതിക വിദ്യകളുടെ ശാസ്ത്രീയമായ  ഉപയോഗമാണ് സുസ്ഥിര കൃഷിയുടെ പ്രധാനമാർഗ്ഗം. കൂടാതെ വിളകളുടെ വൈവിധ്യവൽക്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും, പുതിയ വിപണി കണ്ടെത്തൽ, മണ്ണ് – ജല സംരക്ഷണ രീതികൾ, യന്ത്രവൽക്കരണം എന്നിവയും പ്രധാനമാർഗ്ഗങ്ങൾ ആണ്. വരും കാലങ്ങളിൽ ജനിതകമേഖലയിലും വിവര സാങ്കേതിക മേഖലയിലും എഞ്ചിനീയറിംഗ് മേഖലയിലും ഉള്ള നിരവധി സാങ്കേതിക വിദ്യകൾ കാർഷിക മേഖലയിൽ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ജീൻ എഡിററിംഗ്, നാനോ ടെക്‌നോളജി, മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതിവിദ്യകൾ, പാക്കേജിംഗ് ടെക്‌നോളജികൾ, ബ്ലോക്ക് ചെയിൻ, കൃത്രിമ ബുദ്ധി, മെഷീൻ ലേണിങ്, റിമോട്ട് സെൻസിംഗ്, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ബിഗ് ഡാററ അനലിററിക്‌സ്, പുതിയ സങ്കരണവിദ്യകൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഈ സാങ്കേതിക വിദ്യകൾ വിള പരിപാലന രീതികളോടും കന്നുകാലി – മത്സ്യ  മേഖലകളോടും ബന്ധപ്പെടുത്തേണ്ടതുണ്ട്. ഇതിന് കാർഷിക മേഖലയിലെ ഗവേഷണ-വിദ്യാഭ്യാസ-വിജ്ഞാന വ്യാപന പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനനുസരിച്ച് മാററങ്ങൾ കാർഷിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകേണ്ടതാണ്.

ഇത് കേരളത്തിന് മാത്രമല്ല ഇന്ത്യക്കു അകെ തന്നെ ബാധകമാണ്. കാർഷിക ഗവേഷണത്തിൽ ഇന്ത്യയുടെ നിക്ഷേപം മൊത്തം വാർഷിക ആഭ്യന്തര ഉൽപാദനത്തിന്റെ 0.40 ശതമാനം മാത്രമാണ് (2014-ൽ). ഇത് ചൈനയിൽ 0.60 ശതമാനവും മലേഷ്യയിൽ 1.0 ശതമാനവും ബ്രസീലിൽ 1.8 ശതമാനവും  ദക്ഷിണാഫ്രിക്കയിൽ 2.0 ശതമാനവുമാണ്.   ഇത് വികസിത സമ്പന്ന രാജ്യങ്ങളിൽ 3 ശതമാനത്തിനും മുകളിൽ ആണ്. അതുപോലെ തന്നെയാണ്  കാർഷിക വിജ്ഞാന വ്യാപനത്തിൽ ഉള്ള നിക്ഷേപവും. ഇത് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.18 ശതമാനം മാത്രമാണ്. ഇത്തരത്തിൽ കേരളത്തിന്റെയും കാർഷിക ഗവേഷണത്തിലും വിജ്ഞാന വ്യാപനത്തിലും ഉള്ള നിക്ഷേപം വിലയിരുത്തി ആവശ്യമുള്ള മാറ്റങ്ങൾ വരുത്തേണ്ടതാണ്.

കൃഷിയുടെ സംഘാടനം പുതിയ രീതികൾ തേടുകയാണ്. സഹകരണ കൃഷി, കർഷക ഉൽപാദക സംഘങ്ങൾ, പല രീതിയിലുള്ള ഉടമ്പടി കൃഷികൾ എന്നിവ ഇപ്പോൾ ലോകമെമ്പാടും രൂപപ്പെട്ടുവരുന്നുണ്ട്. കേരളത്തിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കൃഷിയിൽ നിന്നും ഉയർന്ന ഉത്പാദനവും വരുമാനവും ലഭിക്കുന്നതിനുളള മാർഗ്ഗമായി ഇവ മാറിക്കഴിഞ്ഞു.

ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് പരിമിതമായ വിഭവങ്ങളിൽ നിന്നും സുസ്ഥിര കാർഷിക മുറകളിലൂടെ പരമാവധി ഉത്പാദനം സാധ്യമാക്കിയാൽ മാത്രമേ ആഗോള താപനത്തിന്റെയും കാലാവസ്ഥാ മാററത്തിന്റെയും വരും നാളുകളിൽ കേരളത്തെ ‘ഭക്ഷ്യ-സ്വയം പര്യാപ്തതയിലേക്ക് നയിക്കാനാവൂ. ഇത്തരം സുസ്ഥിരകാർഷികമുറകളുടെ അടിസ്ഥാനം കാർഷിക മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങളും അവ കൃഷിക്കാർക്ക് എത്തിക്കുന്നതിനാവശ്യമായ വിജ്ഞാനവ്യാപന പ്രവർത്തനങ്ങളുമാണ്. മാറുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് കൃഷിയുടെ സംഘാടനത്തിൽ ഉണ്ടാകുന്ന മാററങ്ങളുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു.

ഈ മേഖലയിൽ ലോകത്താകമാനം ഉണ്ടാകുന്ന മാററങ്ങളെ ഉൾക്കൊള്ളുന്ന രീതിയിൽ കാർഷിക മേഖലയിലെ പാഠ്യപദ്ധതികൾ മാറേണ്ടതുണ്ട്. മികച്ച വിദ്യാർത്ഥികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണം. ഈ മേഖലയിലെ ഉദ്യോഗസ്ഥരുടെ സംഭാവനകളെ പൂർണ്ണമായും മനസ്സിലാക്കുന്ന രീതിയിലുള്ള സേവന – വേതന വ്യവസ്ഥകളും ആവശ്യമാണ്. അത് ഈ മേഖലയിൽ കഴിവ് തെളിയിച്ചവരുടെ സംഭാവനകളെ കൂടി കണക്കിലെടുത്താകണം. ഒരു സമൂഹത്തിന്റെ ആകമാനമുള്ള നിലനിൽപ്പ് കാർഷിക മേഖലയിലെ പുരോഗതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന വസ്തുത പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹ്യ പുരോഗതിക്ക് കാർഷിക മേഖലക്കുള്ള പങ്കിനെ പൂർണമായി ഉൾക്കൊണ്ടുകൊണ്ടുള്ള നയപരിപാടികളുടെ ഭാഗമാവണം മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ.


അവലംബം

  1. Rada, E.N. and D.E. Schimmelpfennig (2015) Propellers of Agricultural Productivity in India, USDA.
  2. Suresh Pal (2017) Agricultural R & D Policy in India, NIAP, New Delhi.
  3. Uma Shankar P (2017) Of Launches and Lunches, Current Science.
  4. Report of the Commitee on Doubling Farmers Income (2017). Govt.of India.

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകം – ലോകാരോഗ്യദിനം 2021
Next post കോവിഡ് വാക്സിൻ ശങ്ക ഉപേക്ഷിക്കുക. ഉടൻ തന്നെ വാക്സിൻ സ്വീകരിക്കുക
Close