Read Time:14 Minute
2023 ആഗസ്റ്റ് ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

കാലാവസ്ഥാ വ്യതിയാനം പല രൂപത്തിലും ഭാവത്തിലും ജനജീവിതത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിലും പ്രാദേശിക തലത്തിലും അത് വ്യക്തമായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഏറെ ബാധിക്കുന്ന ഒന്നാണ് കാർഷി കമേഖല. പല സന്ദർഭങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കാർഷികമേഖലയിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന കാര്യമായതും ദീർഘകാലം നീണ്ടു നിൽക്കുന്നതുമായ മാറ്റത്തെയാണ് കാലാവസ്ഥാ വ്യതിയാനം എന്നു പറയുന്നത്.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂലം വരും വർഷങ്ങളിൽ ഉഷ്ണം ഇനിയും വർധിക്കും. അതിനാൽ, മഴ ലഭിക്കുന്നത് കുറയുകയും ജലാശയങ്ങൾ വറ്റിവരളുകയും വൃക്ഷങ്ങൾ വൻതോതിൽ നശിക്കുകയും ചെയ്യും. അന്തരീക്ഷ താപനില ഉയരുന്നതിനാൽ ഉഷ്ണമേഖലയിൽ വളരുന്ന ചെടികളുടെ ഉൽപാദനക്ഷമത കുറയുന്നു. വരുംകാലങ്ങളിൽ ഇത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.

കേരളത്തിന്റെ കാലാവസ്ഥ

കേരളത്തിൽ താപനില പൊതുവേ കൂടിവരുകയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 2023-ലെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ നാല് ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില വർധിച്ചിരിക്കുന്നു. പാലക്കാട്, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയത്. 44 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ എരുമയുമാണ് നിലവിൽ ഏറ്റവും കൂടിയ താപനില. ഇതുകൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ (പാലക്കാട്, തൃശൂർ, കണ്ണൂർ, കോട്ടയം) സൂര്യാഘാതവും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

കേരളത്തിൽ കഴിഞ്ഞ ചില വർഷങ്ങളിൽ ഇടവപ്പാതിയിൽ മഴ കുറയുന്നതായും തുലാവർഷത്തിൽ മഴ കൂടുന്നതായും ഉള്ള പ്രവണത കണ്ടുവരുന്നതായി IMD (Indian Mateorological Department) റിപ്പേർട്ട് ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ തുടങ്ങേണ്ട ഇടവപ്പാതി മെയ് അവസാനത്തോടു കൂടി നേരത്തേ ലഭിക്കുന്നതായും കാണുന്നു. എന്നാൽ, ഈ വർഷം ജൂൺ മാസം അവസാനമായിട്ടും പല ജില്ലകളിലും ഇടവപ്പാതി മഴ കാര്യമായ അളവിൽ ലഭിച്ചിട്ടില്ല.

മുൻ വർഷങ്ങളിൽ ശക്തമായ മഴ ലഭിക്കുകയും കേരളത്തിലെ പല പ്രദേശങ്ങളും പ്രളയബാധിതമാകുകയും ചെയ്തത് നാം കണ്ടതാണല്ലോ, മഴ പെയ്യുമ്പോൾ പ്രളയം ഇല്ലെങ്കിൽ വരൾച്ച. ഇതാകും കേരളത്തിന്റെ ഭാവി അവസ്ഥ.

കാലാവസ്ഥാ വ്യതിയാനം മൂലം വർധിച്ചു വരുന്ന സമുദ്രനിരപ്പ് സംസ്ഥാന തീരപ്രദേശങ്ങളിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സമുദ്രനിരപ്പ് ഒരു മീറ്റർ ഉയർന്നാൽ കൊച്ചി നഗരത്തിന്റെ 169 ചതുരശ്ര കിലോമീറ്റർ കടലിനടിയിലാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് തൃശ്ശൂർ, വേമ്പനാട്ട് കോൾ തണ്ണീർത്തടങ്ങളെയും പ്രതികൂലമായി ബാധിക്കും.

കാലാവസ്ഥയും കൃഷിയും

IPCC പ്രവചനപ്രകാരം കേരളത്തിലെ താപനില 2050 ആകുമ്പോഴേക്കും ഇനിയും 2 ഡിഗ്രി സെൽഷ്യസ് കൂടി ഉയരാൻ സാധ്യതയുണ്ട്. ഈ താപനില വർധന അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന ചൂട് വർധിക്കാനും കാർഷിക വിളകളെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. ചൂട് വർധിക്കുന്നത് വനനശീകരണവും മലയോര മേഖലയിലെ പ്രധാന വിളകളായ ഏലം, കാപ്പി, തേയില, കുരുമുളക്, കൊക്കോ എന്നിവയുടെ വളർച്ചയെ ഭീഷണിയിലാക്കുന്നു.

കാലം തെറ്റി പെയ്യുന്ന മഴ കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. കാലാവസ്ഥയെ ആശ്രയിച്ചുള്ള കൃഷി രീതികൾ വയനാട്ടിൽ താളംതെറ്റി. കാപ്പി, കുരുമുളക്, വാഴ, ഇഞ്ചി എന്നിവയെയെല്ലാം കീടങ്ങൾ ആക്രമിക്കുന്നത് വർധിച്ചു. ചൂട് കനക്കുമ്പോൾ മണ്ണിരകളടക്കം കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇത് കാലാവസ്ഥാ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്.”

മലയോര മേഖലയായ വയനാട് ജില്ലയിലെ ഒരു കർഷകന്റെ വാക്കുകൾ

മികച്ച ആസൂത്രണത്തിലൂടെ നെൽകൃഷി മുന്നോട്ട് കൊണ്ടുപോയിരുന്ന ഒരു കാർഷിക രീതിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്ന രീതിയിൽ മൂന്ന് തവണയായി നെൽകൃഷി നടത്തികൊണ്ടിരുന്ന സംസ്ഥാനം. ഇതിന് പുറമെ കുട്ടനാടൻ -കോൾ പുഞ്ചകളും വേറെ ഉണ്ടായിരുന്നു. എന്നാൽ, അത്യുഷ്ണവും പേമാരിയും കേരളത്തിലെ നെൽകൃഷിയുടെ തകർച്ചയ്ക്ക് കാരണമായി. നെൽകൃഷി ഒരുക്കേണ്ട സമയത്ത് വെള്ളം കിട്ടാതിരിക്കുകയും കൊയ്യേണ്ട സമയത്ത് വെള്ളം കെട്ടികിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലെ നെൽകർഷകർകരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം.

നമ്മുടെ സംസ്ഥാനത്ത് കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ കൂടുതലും തോട്ട വിളകളിൽ നിന്നാണ് കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും തോട്ടവിളകളെയും കാര്യമായി ബാധിക്കുമെന്നതിനാൽ ഭാവിയിൽ കേരളത്തിന്റെ കാർഷിക സാമ്പത്തിക ഘടന തകരാൻ ഇടയുണ്ട്.

അന്തരീക്ഷ താപനില വർധിക്കുമ്പോൾ മണ്ണിന്റെ താപനിലയും വർധിക്കും. ഉയർന്ന താപനില കാരണം മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടുന്നത് കൃഷിയിടങ്ങളിൽ വരൾച്ചയ്ക്ക് കാരണമാകുന്നു. ഇത് മണ്ണിന്റെ ഫല ഭൂയിഷ്ഠത കുറയ്ക്കുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. ഉയർന്ന ചെരിവുകളും വർധിച്ച കാർഷിക പ്രവർത്തനങ്ങളും പൊതുവേ കുന്നിൻ പ്രദേശങ്ങളിലെ മണ്ണൊലിപ്പിന് കാരണമാകുന്നു. (ഏകദേശം 0.3 മീറ്റർ മുതൽ 1.0 മീറ്റർ വരെ ആഴത്തിൽ). കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ശക്തമായ കാറ്റ്, പേമാരി എന്നിവ കൃഷി സ്ഥലങ്ങളിലെ മേൽമണ്ണ് കൂടുതൽ നഷ്ടപ്പെടാൻ കാരണമാകുന്നു.

മൺസൂൺ മഴയിലുണ്ടാകുന്ന കുറവ് കൃഷിയിടങ്ങളിൽ കടുത്ത വരൾച്ചയ്ക്ക് കാരണമാകുന്നു. ഇത് ജലം വളരെ ആവശ്യമായ നെല്ല്, തെങ്ങ് എന്നീ വിളകളുടെ ഉൽപാദനത്തിന് ജലസേചനത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നു. കേരളത്തിൽ അനുഭവപ്പെടുന്ന കാലം തെറ്റിയ മഴകൾ പ്രളയങ്ങൾക്കും കൃഷിനാശത്തിനും കാരണമാകുന്നു. കാലാവസ്ഥാവ്യതിയാനം നമ്മുടെ തണ്ണീർത്തടങ്ങൾ ഗണ്യമായി കുറഞ്ഞ് വരാൻ ഇടയാക്കി.

ഭൂഗർഭജല സ്രോതസ്സുകളെ സമ്പന്നമാക്കുന്നതിനും കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും നാം ചില ജലപരിപാലന മാർഗങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.

  • കൃഷി സ്ഥലങ്ങളിൽ വ്യക്തമായ ജലസേചന പദ്ധതികൾ തയ്യാറാക്കുക.
  • മഴക്കുഴികൾ നിർമ്മിച്ച് കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കുക
  • തുള്ളി ജലസേചനത്തിന്റെ (Drip irrigation) സ്പ്രിംഗ്ലർ സേചനത്തിന്റെ ഉപയോഗം

കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ബാധിക്കുന്നത് നമ്മുടെ കാർഷിക മേഖലയിലെ ഭക്ഷ്യവിളകളും നാണ്യവിളകളുമായ നെല്ല്, നാളികേരം, വാഴ, കശുമാവ്, കുരുമുളക്, ഏലം, കവുങ്ങ് തുടങ്ങിയവയെയാണ്. ഇത് നമ്മുടെ സംസ്ഥാനത്തെ കാർഷിക മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി വളരെ വലുതാണ്. കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച കർഷകരുടെ അവസ്ഥയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കാലാവസ്ഥാനുസൃത കൃഷി (Climate Smart Agriculture)

കാലാവസ്ഥാനുസൃതവും പരിസ്ഥിതിയോട് ഇണങ്ങുന്നതുമായ കാർഷിക രീതികൾ വഴി വിളകളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുക യാണ് ക്ലൈമറ്റ് സ്മാർട്ട് അഗ്രികൾച്ചർ, ഭക്ഷ്യസുരക്ഷയും സുസ്ഥിര വികസനവും കൈവരിക്കാൻ ഇത് സഹായിക്കും. കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ നേരിടാനുമാകും. കാലാവസ്ഥാനുസൃത കൃഷിയുടെ മൂന്ന് പ്രധാന ഘടകങ്ങളാണ് ഉൽപാദനക്ഷമത, കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്, കാലാവസ്ഥ വ്യതിയാന ലഘൂകരണം.

കാലാവസ്ഥാവ്യതിയാനം കൂട്ടായ പ്രവർത്തനം

ഇനി വരാൻ പോകുന്ന നാളുകളിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കൃഷിനാശങ്ങൾ വർധിക്കാൻ ഇടയുണ്ട്. കുറഞ്ഞ ഇടവേളകളിൽ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ് എന്നിവ കർഷകർക്ക് കാലാവസ്ഥാമാറ്റങ്ങൾക്കെതിരെ തയ്യാറെടുക്കാനും പ്രതികരിക്കാനുമുള്ള സമയം കുറയ്ക്കും. പ്രകൃതി ദുരന്തങ്ങൾ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് നമ്മുടെ സംസ്ഥാനത്തെ ഭക്ഷ്യ-സമ്പദ് സുരക്ഷയ്ക്ക് ഭീഷണിയായി മാറിയേക്കാം. അതിനാൽ, കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് കാർഷിക ഉൽപാദനശേഷി വർധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്.

കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന ഭീഷണി കുറയ്ക്കാനുള്ള മാർഗങ്ങൾ

  • ചൂട്, വരൾച്ച എന്നിവയെ അതിജീവിക്കാൻ കഴിവുള്ള വിളയിനങ്ങൾ ഉപയോഗിക്കുക
  • അതത് കൃഷി സ്ഥലങ്ങൾക്കനുസരിച്ച് കൃത്യ അളവിൽ വിളകൾക്ക് ആവശ്യമായ വളം നൽകുക
  • മഴവെള്ളം ശേഖരിച്ച് വരൾച്ച സമയങ്ങളിൽ ജലസേചനത്തിനായി ഉപയോഗിക്കുക
  • തണ്ണീർത്തടങ്ങൾ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക
  • മണ്ണിലെ ജൈവ കാർബണിന്റെ അളവ് വർധിപ്പിക്കുക. കൃഷി സ്ഥലങ്ങളിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് കുറയ്ക്കുക.

ശാസ്ത്രഗതി ഇപ്പോൾ ഓൺലൈനായി വരിചേരാം.. ഇവിടെ ക്ലിക്ക് ചെയ്യുക


അനുബന്ധ വായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുഞ്ഞോളം കുന്നോളം – Climate Comics – 3
Next post ചായക്കട വർത്തമാനം – ശാസ്ത്രം ചരിത്രത്തിൽ
Close