Read Time:6 Minute


ഡോ.സി.ജോർജ്ജ് തോമസ്
ചെയർപേഴ്സൺ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്

ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്നതിൽ കൃഷിയുടെ പങ്കിനെക്കുറിച്ച് പലരും പല തരത്തിലാണ് പറയുന്നത്! ഹരിതഗൃഹ വാതകങ്ങളുടെ കണക്കെടുപ്പിൽ  കാർഷിക വിളകളുടെ കൃഷിയും,  കന്നുകാലി വളർത്തലും ചേർത്താണ് “കൃഷി” എന്നു കാണിക്കുന്നത്. കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ  സാധാരണക്കാരുടെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?  

IPCC യുടെ ഗൈഡ് ലൈൻ പ്രകാരം കന്നുകാലി വളർത്തൽ ഉൾപ്പെടെയുള്ള കൃഷി, വനം, ഭൂ ഉപയോഗം എന്നിവ ഒരുമിച്ച് AFOLU (Agriculture, Forestry, Land Use) എന്നാണ് പറയുക. AFOLU എന്നത് കൃഷിയും പ്രത്യേകം കണക്കാക്കുന്ന LULUCF (Land Use, Land Use Change, and Forestry) ഉം ചേർന്നതാണ് എന്നതും അറിയണം. പക്ഷേ,  ഇപ്പോഴുള്ള  CO2 അക്കൌണ്ടിങ്ങ് പ്രകാരം കൃഷി, LULUCF  എന്നിവ രണ്ടായി തന്നെയാണ് ചെയ്യുന്നത്.

ഇവിടെ നന്നായി മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. മേൽപ്പറഞ്ഞ “കൃഷി”യിൽ   കാർബൺ ഡയോക്സൈഡ് ഇതര വാതകങ്ങളായ മീഥൈൻ, നൈട്രസ് ഓക്‌സൈഡ് എന്നിവ മാത്രമാണ് അക്കൌണ്ട് ചെയ്യുന്നത്. അതായത്, കന്നുകാലി വളർത്തൽ, ചാണകം, കൃഷിമണ്ണിൽ നിന്നുള്ള നൈട്രസ് ഓക്‌സൈഡ്, നെൽകൃഷി ഇവയെല്ലാംകൂട്ടിയാണ് മേൽപ്പറഞ്ഞ “കൃഷി”. ഈ പ്രയോഗം തെറ്റിദ്ധാരണ പരത്തുന്നുമുണ്ട്. ഭാരതത്തിൽ ഇപ്പറഞ്ഞ “കൃഷി”യെല്ലാം കൂടി ആകെ 14 ശതമാനം ഹരിത ഗൃഹവാതകങ്ങൾ ആണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത് ആകെ 408 Mt CO2e,( CO2e – കാർബൺ ഡയോക്സൈഡ് തുല്യത- carbon dioxide equivalent).

ഹരിതഗൃഹ വാതകങ്ങളിൽ “കൃഷി” യുടെ പങ്കായി പറഞ്ഞിരിക്കുന്നതിന്റെ 55 ശതമാനവും കന്നുകാലി വളർത്തലിൽ നിന്നാണ്, ചാണകത്തിൽ നിന്ന് 7 ശതമാനവും ഉണ്ട്. അതായത്, കന്നുകാലി വളർത്തലും ചാണകവും മാത്രം കണക്കിലെടുത്താൽ “കൃഷി”യുടെ 62 ശതമാനം വരും. ഇന്ത്യയിലെ ആകെ ഹരിതഗ്രഹ വാതകങ്ങളുടെ ഉൽസർജനത്തിന്റെ കണക്കിൽ പറഞ്ഞാൽ ഇത് 9 ശതമാനം ആണ്.

സാധാരണ വിളകളുടെ കൃഷിയിൽ നിന്നുള്ള ഹരിതഗ്രഹ വാതക ഉൽസർജനം എങ്ങനെയാണെന്ന് നോക്കാം. നെൽകൃഷി (17%), മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്‌സൈഡ് (19%), വിളാവശിഷ്ടങ്ങളുടെ (വൈക്കോൽ) കത്തിക്കൽ (2%),  ഇവ മൂന്നും കൂടിയെടുത്താൽ  ആകെ തള്ളലിന്റെ 5 ശതമാനമേ വരൂ. തീർന്നില്ല!

വനം, കാർഷിക വിളകൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ, വാസസ്ഥലങ്ങൾ, മറ്റുള്ള ഭൂഉപയോഗം (പാറ, തരിശ്, ഐസ് മൂടിയ ഭൂമി) എന്നിങ്ങനെ 6 വിഭാഗങ്ങളിലായാണ് LULUCF( Land Use, Land Use Change, and Forestry) പറയുക. പ്രകാശസംശ്ലേഷണത്തിനായി കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതൊക്കെ ഇവിടെയാണ് വരിക.

LULUCF ൽ ഹരിതഗൃഹ വാതകങ്ങൾ പുറത്തു വരുന്നതിനോടൊപ്പം കാർബൺ ഡയോക്സൈഡ് പിടിച്ചുവെക്കലും (sequestration) നടക്കും. ഇവയിൽ പുൽമേടുകൾ ഒഴിച്ച് ബാക്കി എല്ലാ ഭൂഉപയോഗങ്ങളിലും നെറ്റ് സീക്വസ്ട്രഷൻ ആണ് നടക്കുന്നത്.   ഏറ്റവും പുതിയ കണക്ക് പ്രകാരം ഭാരതത്തിൽ LULUCF അന്തരീക്ഷത്തിൽ നിന്നും 15% കാർബൺ ഡയോക്സൈഡ്  സീക്വസ്ട്രഷൻ ചെയ്ത് മാറ്റുന്നുണ്ട് (330 Mt CO2).  കാർഷിക വിളകൾ ആണ് ഇക്കാര്യത്തിൽ ഒന്നാമത്, 76.2% (252 Mt CO2).  വനം 23.3% ഉം , വാസസ്ഥലങ്ങൾ (settlements)- 0.5%  ഉം സീക്വസ്ട്രഷൻ നടത്തുന്നു.

അതായത്, “കൃഷി”യാകെ  408 Mt CO2e തള്ളുമ്പോൾ,  കാർഷിക വിളകൾ ഉൾപ്പെടെയുള്ള  LULUCF, 330 Mt CO2 വിനെ സീക്വസ്റ്റർ ചെയ്യുന്നു (നെറ്റ് സിങ്ക്-308 Mt CO2e). ബാക്കിയുള്ളത് 100 Mt CO2 ആണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഭാരതത്തിന്റെ ആകെ ഹരിതഗ്രഹ വാതക എമിഷൻ, LULUCF ഉൾപ്പെടെ 2531 Mt CO2e ആണ്. അതായത്, മേൽപ്പറഞ്ഞ കാര്യങ്ങൾ  കണക്കിലെടുത്താൽ ഇന്ത്യയിൽ  AFOLU വിന്റെ പങ്ക് 4 ശതമാനം മാത്രമാണ്!

ഒരു കാര്യം കൂടി ഓർക്കണം. കൃഷിയുടെ ആകെ ഹരിതഗൃഹ വാതക തള്ളൽ  408 Mt CO2e എന്നു കണ്ടുവല്ലോ? ഇതിൽ കാർഷിക വിളകളുടെ മാത്രം പങ്ക് (നെൽകൃഷി, വൈക്കോൽ കത്തിക്കൽ ഉൾപ്പെടെ) 155 Mt CO2e ആണ്. പക്ഷേ, കാർഷിക വിളകൾ 252 Mt CO2 പിടിച്ചു വെക്കുന്നുണ്ട്. അതായത് ഇന്ത്യയുടെ CO2 ബജറ്റിൽ  കാർഷിക വിളകളുടെ പങ്ക് ന്യൂനമാണ്, ആകെ തള്ളുന്നതിനെക്കാൾ കൂടുതലായി 97 Mt CO2 പിടിച്ചു വെക്കുകയാണ്!  അതായത്, കാർഷിക   വിളകളുടെ കാര്യത്തിൽ കാർബൺ കാർബൺ ന്യൂട്രൽ മാത്രമല്ല,   കാർബൺ നെഗറ്റീവുമാണ്!

ആഗോളതലത്തിൽ AFOLU  വിന്റെ പങ്ക് അല്പം നിരാശാജനകം തന്നെയാണ്. കൃഷി, വനം, ഭൂഉപയോഗം എന്നിവയെല്ലാം കൂടിയുള്ള ഹരിതഗ്രഹവാതക എമിഷൻ 24 ശതമാനമാണ്. ഇതാണ് പലരുമെടുത്ത് പ്രയോഗിക്കുന്നതെന്ന് തോന്നുന്നു! വികസിത രാഷ്ട്രങ്ങൾ അവരുടെ AFOLU  നേരെയാക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്!


കുറിപ്പ്: ഹരിത ഗൃഹവാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ “India: Third Biennial Update Report to The United Nations Framework Convention on Climate Change” എന്ന റിപ്പോർട്ടിൽ നിന്ന്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഹരിതഗൃഹ വാതകങ്ങളും കൃഷിയും

  1. “India: Third Biennial Update Report to The United Nations Framework Convention on Climate Change” page not found

Leave a Reply

Previous post പൊരിക്കുന്ന ചൂടിന് കടലിന്റെ തണുപ്പ് – ഈജിപ്തിന്റെ പരീക്ഷണം
Next post ക്യാൻസറിന് മരുന്ന് കണ്ടെത്തിയോ ?
Close