Read Time:14 Minute

ജോസഫ് ആന്റണി

കമിയല്‍ പാര്‍മെസാന്‍ പഠിച്ചത് ഇക്കോളജിയാണ്. സ്വാഭാവികമായും ഗ്രാജ്വേറ്റ് തലത്തില്‍ പഠനം തുടരാന്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണനയ്ക്കു വന്നു.  പഠനം പക്ഷികളെക്കുറിച്ച് ആകാമെന്ന് ആദ്യം കരുതി. പക്ഷേ, അതിന്റെ പ്രശ്‌നം പക്ഷികള്‍ രാവിലെ ഉണരും എന്നതാണ്! ആ പൊല്ലാപ്പ് ഒഴിവാക്കി. അടുത്ത പരിഗണന, കൂട്ടിലിട്ട് വളര്‍ത്തുന്ന കുരങ്ങുകളായി. പ്രകൃതിദത്തമല്ലെന്ന് കണ്ട് അതും വിട്ടു. തേനീച്ചകളായാലോ? ഗ്രാജ്വേറ്റ് വിദ്യാര്‍ഥിയെന്ന പരിഗണനയൊന്നും കാട്ടില്ല, അവ കുത്തും. ഈ തിരിച്ചറിവില്‍ അതും ഒഴിവാക്കി!

ഒടുവില്‍, തനിക്ക് പറ്റിയ കക്ഷികളെ ആ യുവതി കണ്ടെത്തി-‘എഡിത്ത്‌സ് ചെക്കര്‍സ്‌പോട്ട്’ (Edith’s checkerspot) ചിത്രശലഭങ്ങള്‍. ചെറിയ ശലഭങ്ങളാണവ. അധികം ഉയരത്തിലോ, അധികം ദൂരത്തേയ്‌ക്കോ പറക്കില്ല. അതുകൊണ്ട്, സ്വാഭാവിക പരിസ്ഥിതിയില്‍ അവയെ നിരീക്ഷിക്കുക വളരെ എളുപ്പം! അതിലുപരി, പക്ഷികളെപ്പോലെ അവ കൊച്ചുവെളുപ്പാന്‍ കാലത്ത് എണീറ്റ് ശല്യമുണ്ടാക്കില്ല. പത്തുമണിക്കേ ചെക്കര്‍സ്‌പോട്ടുകള്‍ ഡ്യൂട്ടി ആരംഭിക്കൂ! എന്തുകൊണ്ടും തനിക്ക് അനുയോജ്യമാണ് അവയെന്ന് പാര്‍മെസാന്‍ തീരുമാനിച്ചു.

കമിയല്‍ പാര്‍മെസാന്‍ Photo by ©Marsha Miller

യു.എസില്‍ ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള ഒരു ഇറ്റാലിയന്‍ കുടുംബത്തില്‍ 1961 ജൂലായ് ആറിന് ജനിച്ച കമിയല്‍ പാര്‍മെസാന്‍ (Camille Parmesan), പ്രകൃതിയെയും ജീവലോകത്തെയും കുറിച്ച് ആധികാരികമായ അറിവ് ചെറുപ്പത്തില്‍ നേടുന്നത് സ്വന്തം അമ്മയില്‍ നിന്നാണ്. പാര്‍മെസാന്റെ അമ്മ ഡൊറോത്തി ബെര്‍നീസ് പാര്‍മെസാന്‍ (Dorothy Bernice (Johnson) Parmesan) ഒരു ജിയോളജിസ്റ്റായിരുന്നു. ടെക്‌സാസിലെ എണ്ണഖനന മേഖലയില്‍ ജോലിചെയ്തിരുന്ന ഡൊറോത്തിയുടെ യഥാര്‍ഥ താത്പര്യം ബോട്ടണിയായിരുന്നു.

കുട്ടിയായിരുന്ന പാര്‍മെസാനെ ഡോറോത്തി തന്റെ ഫീല്‍ഡ് ക്യാമ്പുകള്‍ക്ക് ഒപ്പം കൂട്ടും. സസ്യങ്ങളെയും പക്ഷികളെയും തിരിച്ചറിയാന്‍ ആ ക്യാമ്പുകള്‍ പാര്‍മെസാനെ സഹായിച്ചു. ഭൗമചരിത്രത്തിലെ വ്യത്യസ്ത യുഗങ്ങളിലൂടെ സസ്യജാതികളും ജീവിവര്‍ഗ്ഗങ്ങളും എങ്ങനെ കടന്നുവന്നു എന്നതിനെ പറ്റി ആഴത്തിലുള്ള ധാരണ മകള്‍ക്ക് ആ അമ്മ പകര്‍ന്നു നല്‍കി. ഭൗമചരിത്രത്തിലെ ചൂടേറിയ യുഗങ്ങളില്‍ ജീവിവര്‍ഗ്ഗങ്ങള്‍ എങ്ങനെ അവയുടെ ആവാസവ്യവസ്ഥകള്‍ ധ്രുവങ്ങളുടെ ഭാഗത്തേക്കും, തണുപ്പേറിയ കാലങ്ങളില്‍ തിരിച്ചും മാറ്റി എന്നൊക്കെ ആ കുട്ടി അമ്മയില്‍ നിന്ന് മനസിലാക്കി.

Euphydryas editha എന്ന് ശാസ്ത്രീയനാമമുള്ള ചെക്കര്‍സ്‌പോട്ട് ചിത്രശലഭങ്ങളെ കുറിച്ച് 1980 കളുടെ രണ്ടാംപകുതിയിലാണ് പാര്‍മെസാന്‍ പഠനം ആരംഭിക്കുന്നത്. അപ്പോഴേക്കും ആ വര്‍ഗ്ഗം ഉന്‍മൂലനത്തിന്റെ വക്കിലെത്തിയതായി ജീവശാസ്ത്രജ്ഞര്‍ സംശയിച്ചിരുന്നു. കാരണം, കാലാവസ്ഥാമാറ്റം മൂലം അവയുടെ എണ്ണം വളരെ കുറഞ്ഞിരുന്നു.

ചെക്കര്‍സ്‌പോട്ട് ചിത്രശലഭം (Euphydryas editha) കടപ്പാട് : വിക്കിപീഡിയ

വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ പര്‍വ്വതപ്രദേശങ്ങളാണ് ചെക്കര്‍സ്‌പോട്ടുകളുടെ ആവാസമേഖല. ആ മേഖലയില്‍ സമീപകാലം വരെ ചെക്കര്‍സ്‌പോട്ടുകള്‍ വളരെ സുലഭമായിരുന്ന കാര്യം, മ്യൂസിയം രേഖകളില്‍ നിന്നും ശലഭപ്രേമികളായ അമേച്വര്‍ ഗവേഷകരില്‍ നിന്നും പാര്‍മെസാന്‍ മനസിലാക്കി. പടിഞ്ഞാറന്‍ തീരത്ത് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍, ഒരു കയ്യില്‍ ബട്ടര്‍ഫ്‌ളൈ നെറ്റ് പിടിച്ച് ഇഷ്ടംപോലെ ചെക്കര്‍സ്‌പോട്ടുകളെ വലയിലാക്കിയ കാര്യം ഒരു ശലഭപ്രേമി വിവരിച്ചു.

ആഗോളതാപനം വഴി ഭൂമിക്ക് ചൂടുകൂടിയപ്പോള്‍, വടക്കേഅമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കന്‍ പ്രദേശത്ത്, ചെക്കര്‍സ്‌പോട്ടുകള്‍ പ്രജനനം നടത്തുന്ന സസ്യങ്ങള്‍ (Plantago erecta, Orthocarpus densiflorus തുടങ്ങിയവ) വ്യാപകമായി നശിച്ചു. ആ ശലഭവര്‍ഗ്ഗത്തിന്റെ കഥ ഏതാണ്ട് കഴിഞ്ഞതായി മിക്ക ഇക്കോളജിസ്റ്റുകളും നിരാശയോടെ വിലയിരുത്തി!

അങ്ങനെയെങ്കില്‍, മരണവക്രത്തില്‍പ്പെട്ട ആ ജീവിവര്‍ഗ്ഗത്തെ രേഖപ്പെടുത്താന്‍ പാര്‍മെസാന്‍ തീരുമാനിച്ചു. അങ്ങനെയാണ്, അവശേഷിക്കുന്ന ചെക്കര്‍സ്‌പോട്ടുകളെ തേടിപ്പിടിക്കാന്‍ ആ യുവഗവേഷക ഇറങ്ങിത്തിരിക്കുന്നത്. പടിഞ്ഞാറന്‍ തീരമേഖലയില്‍ നാലുവര്‍ഷം ശലഭങ്ങളെ തേടി. രാത്രിയില്‍ പര്‍വ്വതച്ചെരുവുകളില്‍ ക്യാമ്പുചെയ്യും, പകല്‍ ശലഭങ്ങളെ നിരീക്ഷിക്കും. അങ്ങനെ, ആവശ്യത്തിന് ഡേറ്റ കിട്ടി എന്ന് ബോധ്യമായപ്പോള്‍ ഫീല്‍ഡ് പഠനം നിര്‍ത്തി.

കമിയല്‍ പാര്‍മെസാന്‍ © Michael Singer

ശേഖരിച്ച വിവരങ്ങള്‍ പാര്‍മെസാന്‍ മ്യൂസിയം രേഖകളുമായി താരതമ്യം ചെയ്തപ്പോള്‍, ചെക്കര്‍സ്‌പോട്ട് ശലഭങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞ കാര്യം വ്യക്തമായി. അത് പ്രതീക്ഷിച്ചിരുന്ന ഫലം തന്നെയാണ്. ഡേറ്റ കുറച്ചുകൂടി സമഗ്രമായി വിശകലനം ചെയ്തപ്പോള്‍, പ്രതീക്ഷിക്കാത്ത ഒരു സൂചനയിലേക്ക് താന്‍ എത്തുന്ന കാര്യം പാര്‍മെസാന്‍ അമ്പരപ്പോടെ അറിഞ്ഞു. പാര്‍മെസാന്റെ ഗവേഷണജീവിത്തെ മാത്രമല്ല, ലോകമെങ്ങുമുള്ള ഇക്കോളജിസ്റ്റുകളുടെ ധാരണകളെയും മാറ്റാന്‍ പോകുന്ന ഒരു കണ്ടെത്തലിന്റെ സൂചനയായിരുന്നു അത്!

ചെക്കര്‍സ്‌പോട്ടുകളുടെ നാശം തെക്കന്‍പ്രദേശത്ത് വളരെ കൂടുതലും, വടക്കന്‍ പര്‍വ്വതമേഖലയില്‍ വളരെ കുറവും എന്നാണ് വിശകലനത്തില്‍ വ്യക്തമായത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാമാറ്റം ജീവിവര്‍ഗ്ഗങ്ങളെ അവയുടെ ആവാസമേഖല മാറാന്‍ പ്രേരിപ്പിച്ച കാര്യം, ചെറുപ്പത്തില്‍ ഫീല്‍ഡ് ക്യാമ്പുകളില്‍ വെച്ച് അമ്മ പറഞ്ഞു തന്നത് മനസിലുണ്ടായിരുന്നു. അത്തരമൊരു പ്രതികരണമാണ് ഇപ്പോള്‍ ചെക്കര്‍സ്‌പോട്ട് ശലഭങ്ങള്‍ നടത്തിയിരിക്കുന്നത്!

സംഭവം മനസിലായോ, കാലാവസ്ഥാമാറ്റത്തോടുള്ള പ്രതികരണം എന്ന നിലയ്ക്ക് ചെക്കര്‍സ്‌പോട്ടുകള്‍ അവയുടെ ആവാസമേഖല വടക്കോട്ട് മാറ്റിയിരിക്കുന്നു!

1996 ല്‍ പാര്‍മെസാന്റെ പഠനം പ്രസിദ്ധീകരിച്ചു. അതിന് മുമ്പ് രണ്ടു പഠനറിപ്പോര്‍ട്ടുകളാണ്, ആഗോളതാപനം വഴി ജീവജാലങ്ങള്‍ ആവാസമേഖല മാറ്റുന്നതിനെപ്പറ്റി വന്നിരുന്നത്. ഒരെണ്ണം, ആല്‍പ്‌സ് മലനിരകളിലെ സസ്യജാതികള്‍ അവയുടെ പാര്‍പ്പിടമേഖല മാറ്റുന്നതിനെ കുറിച്ച്. മറ്റൊരെണ്ണം, കാലിഫോര്‍ണിയയ്ക്ക് സമീപം പെസഫിക് സമുദ്രത്തിലെ മോന്ററി ബേ (Monterey Bay) യില്‍ ചിലയിനം കക്കകളും നക്ഷത്രമത്സ്യങ്ങളും കളം മാറ്റുന്നതിനെ പറ്റിയും. ഇരുപഠനങ്ങളും പ്രസക്തമായിരുന്നു എങ്കിലും, ചെറിയ പ്രദേശങ്ങളില്‍ മാത്രം നടത്തിയ പരിമിതമായ ആ പഠനത്തിന് ആധികാരികതയില്ല എന്നു പറഞ്ഞ് ശാസ്ത്രലോകം തള്ളിക്കളഞ്ഞു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജേര്‍ണലുകളില്‍ ഒന്നായ ‘നേച്ചറി’ലാണ് പാര്‍മെസാന്റെ പഠനം (Climate and species’ range. Nature volume 382, pages765–766) 1996 ഓഗസ്റ്റ് 26 ന് പ്രസിദ്ധീകരിച്ചത്. ഒരു ശലഭവര്‍ഗ്ഗം കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാന്‍ പാര്‍പ്പിട മേഖല വടക്കോട്ട് മാറ്റുന്നതിന്റെ സമഗ്രവും ആധികാരികവുമായ വിവരങ്ങളാണ് പാര്‍മെസാന്‍ അവതരിപ്പിച്ചത്. വടക്കേ അമേരിക്കയുടെ പകുതി പ്രദേശം ഉള്‍പ്പെടുന്ന മേഖലയിലാണ് പഠനം നടത്തിയത്.

അതിനാല്‍, ആ പഠനം ആര്‍ക്കും അവഗണിക്കാന്‍ കഴിയുമായിരുന്നില്ല എന്നു മാത്രമല്ല, കാലാവസ്ഥാമാറ്റം പഠിക്കുന്ന ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ മുന്‍നിരയിലേക്ക് പാര്‍മെസാനെ ആ പഠനം ഒറ്റയടിക്ക് എത്തിക്കുയും ചെയ്തു! ലോകത്ത് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സംഗതികളുടെ അവസാന വാക്ക്, യുഎന്നിന് കീഴിലുള്ള ‘ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്’ (IPCC) ആണ്. പാര്‍മെസാന്‍ അതില്‍ അംഗവുമായി!

ജീവിവര്‍ഗ്ഗങ്ങളുടെ കുടിയേറ്റത്തില്‍ താന്‍ കണ്ടെത്തിയ പാറ്റേണ്‍, മറ്റേതെങ്കിലും പാരിസ്ഥിതിക പഠനങ്ങളില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ പാര്‍മെസാന്‍ തീരുമാനിച്ചു. അത്തരം ആയിരത്തോളം പഠനങ്ങള്‍ അവലോകനം ചെയ്യാന്‍ ഐപിസിസി അംഗത്വം പാര്‍മെസാന് അവസരം നല്‍കി.

യൂറോപ്പിലെ 57 ഇനം ചിത്രശലഭങ്ങളും, ഓട്ടേറെ സമുദ്രജീവികളും, പക്ഷികളും ആ പാറ്റേണ്‍ പിന്തുടരുന്നതായി തെളിഞ്ഞു. അതോടെ, പ്ലാങ്ടണുകള്‍ മുതല്‍ തവളയിനങ്ങള്‍ വരെയുള്ള ജീവികളെക്കുറിച്ച് മുമ്പ് നടന്ന പഠനങ്ങളുടെ ഡേറ്റ പുനരവലോകനം ചെയ്യാന്‍ ഗവേഷകര്‍ തീരുമാനിച്ചു. പരിശോധിച്ച നാലായിരം സ്പീഷീസുകളില്‍ 40 മുതല്‍ 70 ശതമാനം വരെ ജീവജാതികള്‍, കാലാവസ്ഥാവ്യതിയാനത്തോട് പൊരുത്തപ്പെടാന്‍ വേണ്ടി പോയ പതിറ്റാണ്ടുകളില്‍ പാര്‍പ്പിടമേഖല മാറ്റിയതായി കണ്ടു!

കരയിലെ ജീവജാതികള്‍ ഒരു പതിറ്റാണ്ടില്‍ ശരാശരി 20 കിലോമീറ്റര്‍ എന്ന തോതിലാണ് ധ്രുവപ്രദേശം ലക്ഷ്യമാക്കി നീങ്ങുന്നത്. സമുദ്രജീവികളുടെ നീക്കം കൂടുതല്‍ വേഗത്തിലാണ്; പതിറ്റാണ്ടില്‍ ശരാശരി 75 കിലോമീറ്റര്‍ എന്ന തോതില്‍! ആന്‍ഡിസ് പര്‍വതമേഖലയില്‍ തവളയിനങ്ങളും ഫംഗസുകളും കഴിഞ്ഞ 70 വര്‍ഷത്തിനിടെ 400 മീറ്റര്‍ മുകളിലേക്ക് താമസം മാറ്റിക്കഴിഞ്ഞു.

അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനും കാലാവസ്ഥ ഗവേഷകനമായിരുന്ന എഡ്വേര്‍ഡ് ലോറന്‍സ് 1960 കളില്‍ അവതരിപ്പിച്ച അനുമാനമാണ് ‘ബട്ടര്‍ഫ്‌ളൈ ഇഫക്ട്’ (Butterfly effect). ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ഒരു ചിത്രശലഭം ചിറകടിക്കുമ്പോള്‍, അന്തരീക്ഷത്തിലുണ്ടാകുന്ന ചെറുപ്രകമ്പനം, പരസ്പരബന്ധിതമായ ഒട്ടേറെ സംഗതികള്‍ക്ക് കാരണമാകുകയും, ഒടുവിലത് ലോകത്തിന്റെ മറ്റൊരു കോണില്‍ ഒരു ചുഴലിക്കാറ്റിന്റെ ദിശ തിരിച്ചുവിടാന്‍ പോലും കാരണമാകാം എന്നാണ് ഈ അനുമാനം പറയുന്നത്.

ശരിക്കു പറഞ്ഞാല്‍, പാര്‍മെസാന്റെ ചിത്രശലഭപഠനം അക്ഷരാര്‍ഥത്തില്‍ ‘ബട്ടര്‍ഫ്‌ളൈ ഇഫക്ട്’ പോലെയായി. ആ ചെറുശലഭങ്ങളുടെ കുടിയേറ്റം, ജീവലോകത്ത് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി നടക്കുന്ന ഒരു ആഗോളപ്രതിഭാസത്തിലേക്കുള്ള വാതായനമായി മാറി!


ഈ കുറിപ്പിന് മുഖ്യ അവലംബമായത്, സയന്‍സ് ജേര്‍ണലിസ്റ്റ് Sonia Shah യുടെ പുതിയ ഗ്രന്ഥമായ ‘The Next Great Migration: The Story of Movement on a Changing Planet’ ആണ്. ഡോ.കമിയല്‍ പാര്‍മെസാന്‍ ഗവേഷകയായി പ്രവര്‍ത്തിക്കുന്ന University of Plymouth ന്റെ വെബ്ബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങളും സഹായകമായി

ജോസഫ് ആന്റണി മാതൃഭൂമിയിലെ ലേഖകനാണ്. ലൂക്ക Science In Action ന്റെ ഭാഗമായി ഫേസ്ബുക്കിൽ കുറിച്ചത്.

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ജോസഫ് ആന്റണി എഴുതിയ മറ്റു ലേഖനങ്ങൾ

  1. കാലാവസ്ഥശാസ്‌ത്രത്തിലെ ‘ഡബിള്‍ ഹെലിക്‌സ്‌’
  2. ആഗോളതാപനത്തിന്റെ ആദ്യ ഇര
  3. ക്യോട്ടോ ഉടമ്പടി ഭൂമിയെ തണുപ്പിക്കുമോ?
  4. നാല്‌പതാംനമ്പര്‍ മഴ
  5. വിഷുത്തവള

Happy
Happy
50 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എലികള്‍ – ശാസ്ത്രകഥ
Next post മണിമുഴക്കത്തിനും കണക്കുണ്ട് !
Close