Read Time:13 Minute

ശലഭങ്ങൾക്കൊരാമുഖം – ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, അവയുടെ സവിശേഷസ്വഭാവങ്ങൾ… 

ചിത്രശലഭവും നിശാശലഭവും

വണ്ടുകള്‍ കഴിഞ്ഞാല്‍ ഭൂമിയില്‍ ഏറ്റവും കൂടുതലുള്ള പ്രാണിസമൂഹമാണ് ശലഭങ്ങള്‍. ശലഭങ്ങളെ നിശാശലഭങ്ങളെന്നും ചിത്രശലഭങ്ങളെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. നിശാശലഭങ്ങള്‍ പൊതുവെ രാത്രി പറക്കുന്നവയും  ചിത്രശലഭങ്ങള്‍ പകല്‍ പറക്കുന്നവയും ആണ്. പകല്‍ പറക്കുന്ന ചിത്രശലഭങ്ങളെയാണ് നമ്മള്‍ പൊതുവെ കാണുന്നത്. ഇവയില്‍ മിക്കവയ്ക്കും ആകര്‍ഷകമായ നിറങ്ങളുണ്ട്.

തലയും ഉദരവും അവയെ ബന്ധിപ്പിക്കുന്ന ഉരസ്സും ചേര്‍ന്നതാണ് ഇവയുടെ ശരീരം. ഉരസ്സില്‍ ആറു കാലുകളും നാലു ചിറകുകളുമുണ്ട്. തലയില്‍ വലിയ രണ്ടു സംയുക്തനേത്രങ്ങളുണ്ട്. തേന്‍കുടിക്കാനുള്ള നീണ്ട രണ്ടു കുഴലുകളാണ്  വായയ്ക്കു പകരമായുള്ളത്. ദ്രവരൂപത്തിലുള്ള പൂന്തേന്‍, പഴച്ചാറുകള്‍, ജലം ഇവ ഊറ്റിക്കുടിക്കാന്‍ ഈ കുഴലുകള്‍ ഉപയോഗിക്കുന്നു.

കേരളത്തില്‍ 326 ചിത്രശലഭങ്ങളുണ്ട്. 4000 ത്തോളം നിശാശലഭങ്ങളുമുണ്ട്. അതിമനോഹരമായ ബുദ്ധമയൂരിയാണ് നമ്മുടെ സംസ്ഥാന ശലഭം. ഗരുഡശലഭം നമ്മുടെ ഏറ്റവും വലിയ ചിത്രശലഭവുമാണ്. ഏറ്റവും ചെറുത് രത്നനീലിയാണ്. ശലഭങ്ങളിൽ ഏറ്റവും വലുത് നിശാശലഭമായ ശ്രീലങ്കൻ അറ്റ്‌ലസ് ശലഭമാണ്.  

ഒരു ജീവി നാല് ജീവിതം 

ഒരു ശലഭത്തിന് ജീവിതത്തില്‍ നാലു ഘട്ടങ്ങളുണ്ട്. മുട്ട, പുഴു, പ്യൂപ്പ, ശലഭം എന്നിവയാണവ. ഇതിനെ അവയുടെ ‘ജീവിതചക്രം’ എന്നു വിളിക്കുന്നു.

ഒരു ശലഭം ജനിക്കുമ്പോള്‍ അതിന്റെ വയറിനുള്ളില്‍ നൂറിലധികം മുട്ടകളുണ്ടാവും. ഇവ ഇണചേരലിനുശേഷം അവയുടെ ലാര്‍വാ ഭക്ഷണസസ്യത്തില്‍ (ലാഭസ) നിക്ഷേപിക്കുന്നു. ഓരോ ശലഭത്തിനും അതിന്റെതായ ഒന്നോ അതിലധികമോ ലാഭസയുണ്ട്. ഈ മുട്ടകള്‍ നാലോ അഞ്ചോ ദിവസങ്ങള്‍ കൊണ്ട് വിരിയുന്നു.

ഇങ്ങനെ വിരിയുന്ന ശലഭപ്പുഴുക്കളുടെ ആദ്യഭക്ഷണം സ്വന്തം മുട്ടയുടെ തോടുകളാണ്. പിന്നീട് തളിരിലകള്‍ ഭക്ഷിച്ചുതുടങ്ങുന്നു. വളരുന്നതിനനുസരിച്ച് ഇവ നാലു പ്രാവശ്യം തൊലിയുരിയും. മിക്കവയ്ക്കും അപ്പോൾ പുതിയ നിറങ്ങളും രൂപവുമായിരിക്കും ഉണ്ടാവുക. അവസാനം തൊലിയുരിയുന്നതോടെയാണ് പ്യൂപ്പയാവുന്നത്. ഈ പ്യൂപ്പയ്ക്കകത്ത് ദിവസങ്ങള്‍ കൊണ്ട് ശരീരവും ചിറകുകളും വെച്ച് അവ ശലഭമായി രൂപാന്തരം പ്രാപിക്കുന്നു.

വളര്‍ച്ച പൂര്‍ണമാവുമ്പോള്‍ പ്യൂപ്പ തള്ളിത്തുറന്ന് ശലഭം പുറത്തുവരുന്നു. വിവിധ ജാതി ശലഭങ്ങള്‍ക്ക് വ്യത്യസ്തമായ ആയുസ്സാണ് അതിന്റെ പുഴു, പ്യൂപ്പ ദശകൾക്കുള്ളത്. ചില ശലഭങ്ങള്‍ രണ്ടാഴ്ചയില്‍ കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് മുട്ടയില്‍ നിന്ന്  പുഴുവായും പ്യൂപ്പയായും പിന്നീട് ശലഭങ്ങളായും മാറുമ്പോള്‍, ചിലവ മൂന്നും നാലും  മാസമെടുക്കും.  മറ്റു ചിലത് പ്രതികൂല കാലാവസ്ഥ (വേനല്‍) വരുമ്പോള്‍ പുഴുക്കളായോ പ്യൂപ്പകളായോ ചിലപ്പോള്‍ മുട്ടകള്‍ തന്നെയോ സമാധിദശയിലാവും. മഴപെയ്ത് സസ്യങ്ങള്‍ക്ക് പുതിയ തളിരും ഇലകളും വരുമ്പോഴാണ് പിന്നെ ജീവചക്രം പൂര്‍ത്തിയാക്കി ശലഭമാവുക.

അറ്റ്‌ലസ്’ ശലഭം കടപ്പാട്: വിക്കിപീഡിയ

ശലഭങ്ങളായിക്കഴിഞ്ഞാൽ ഇവയ്ക്ക് വളര്‍ച്ചയില്ല. പറക്കാനുള്ള ഊര്‍ജത്തിനു വേണ്ടി മാത്രമാണ് തേന്‍ നുകരുന്നത്. മിക്ക ശലഭങ്ങളും തേന്‍ നുകരാറില്ല.  ജനിക്കുമ്പോള്‍ തന്നെ അവയുടെ ശരീരത്തില്‍ സംഭരിച്ചുവെച്ചിരിക്കുന്ന കൊഴുപ്പുകള്‍ മതി ഇവയ്ക്ക് ഊര്‍ജത്തിനായി. പല നിശാശലഭങ്ങള്‍ക്കും തേന്‍ നുകരാനുള്ള വദനനാളികളില്ല. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ്’ ശലഭം (Atlas moth) ഉദാഹരണം. ശലഭമായശേഷം അവ ഒരിക്കലും ഭക്ഷണം കഴിക്കാറില്ല.

ആയിരം കണ്ണുമായ്…

ശലഭ നേത്രം കടപ്പാട്: flickr

ആയിരക്കണക്കിന് ചെറുനേത്രങ്ങള്‍ ചേര്‍ത്തുവെച്ച രണ്ടു സംയുക്തനേത്രങ്ങളാണ്, തലയുടെ ഇരുവശത്തുമായി ശലഭങ്ങള്‍ക്കുള്ളത്. ഈ കണ്ണുകള്‍ക്ക് ചലനത്തെ എളുപ്പത്തില്‍ തിരിച്ചറിയാനാവും. ശത്രുക്കളെ (പക്ഷികള്‍) ഇവ തിരിച്ചറിയുന്നത് അവയുടെ ചലനം മനസ്സിലാക്കിയാണ്. പതുക്കെ ശ്രദ്ധിച്ച് അടുത്ത് ചെന്നാല്‍ അവ പറക്കാതിരിക്കുന്നതും  അതുകൊണ്ടുതന്നെയാണ്.

വര്‍ണങ്ങള്‍ തിരിച്ചറിയാനുള്ള കഴിവും ഈ കണ്ണുകള്‍ക്കുണ്ട്. പൂക്കളെ കണ്ടെത്തുന്നത് അവയുടെ നിറവും മണവും നോക്കിയാണ്. പക്ഷെ ഇണയെ കണ്ടെത്തുന്നത് അവ പുറപ്പെടുവിക്കുന്ന മണം (ഫെറോമോണുകള്‍) പിടിച്ചാണ്. (ഓരോ ജാതി ശലഭത്തിനും അവയുടെതായ ഫെറോമോണുകള്‍ ഉണ്ട്).

മുട്ടയിടാൻ ചെടി തേടി… 

വിരിയിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പാലപ്പൂവിന്റെ ഇലയിൽ മൊണാർക്ക് ബട്ടർഫ്ലൈയുടെ മുട്ട കടപ്പാട്: വിക്കിപീഡിയ

ഇണചേരലിന് ശേഷം മുട്ടയിടാന്‍ പെണ്‍ശലഭം അതിന്റെ ലാഭസ കണ്ടെത്തുന്നത് രസകരമാണ്. സസ്യങ്ങളുടെ മണം പിടിച്ച്, അവയുള്ള പരിസരത്ത് പെണ്‍ശലഭമെത്തുന്നു. പിന്നീട് ഓരോ ഇലയിലും ചെന്നിരിക്കുന്നു. ഇവയുടെ കാലുകളിലുള്ള സൂക്ഷ്മമായ മുള്ളുകള്‍ ഇവയിലുള്ള രാസവസ്തുക്കള്‍ പരിശോധിച്ച് ചെടി ഉറപ്പുവരുത്തുന്നു. അതിനുശേഷം മാത്രമേ ശലഭം ചെടിയില്‍ മുട്ടയിടുകയുള്ളൂ. ഓരോ ജാതി ശലഭത്തിനും മുട്ടയിടുന്നതിന് അതിന്റെതായ രീതികളുണ്ട്. ചിലത് കൂട്ടമായി മുട്ടയിടുന്നു. മിക്കവയും ഒരിലയില്‍ ഒരു മുട്ടയാണിടുക. മുട്ടയിടുന്നത് ഇലയ്ക്കു മുകളിലോ അടിയിലോ ആവാം. മറ്റുചിലര്‍ മുട്ടയിടുന്നത് തളിരിലോ തണ്ടിലോ ചിലപ്പോള്‍ പൂമൊട്ടുകളിലോ ആയിരിക്കും. ചിലപ്പോഴെങ്കിലും ചെടിയുടെ മണം ലഭിച്ചിട്ടും അവ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ പരിസരത്തുള്ള മറ്റു ചെടികളിലും ശലഭങ്ങള്‍ മുട്ടയിടാറുണ്ട്.

നിസ്സാരക്കാരല്ല ഞങ്ങൾ…

സസ്യജാലങ്ങളുടെ വൈവിധ്യം നിലനിര്‍ത്തുന്നതില്‍ ശലഭങ്ങളുടെ പങ്ക് വലുതാണ്. ഓരോ സസ്യത്തിനെയും ഭക്ഷണമാക്കുന്ന ശലഭങ്ങളും മറ്റു ജീവികളും ആണ് അവ ഭൂമിയില്‍ പെരുകാതെ സൂക്ഷിക്കുന്നത്.  ഇക്കൂട്ടര്‍ തന്നെയാണ് അവയുടെ പൂക്കളില്‍  പരാഗണം  നടത്തി ഭൂമിയില്‍ നിലനിര്‍ത്തുന്നതും. കാലാവസ്ഥ, മലിനീകരണം തുടങ്ങി പരിസ്ഥിതിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോടുപോലും പെട്ടെന്ന് പ്രതികരിക്കാൻ കഴിയുന്ന ചെറുജീവികളാണ് ശലഭങ്ങൾ. അതുകൊണ്ടു തന്നെ ഇവ പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ സൂചകങ്ങളുമാണ് (Ecological indicators).

ശലഭങ്ങളെ കിളിവാലന്മാര്‍, തൂലികാപാദക്കാര്‍, വെണ്ണശലഭങ്ങള്‍, നീലികള്‍, തുള്ളന്മാരും പരപ്പന്മാരും, ലോഹവര്‍ണന്മാര്‍ എന്നിങ്ങനെ ആറു കുടുംബങ്ങളായി തിരിച്ചിട്ടുണ്ട്.

റോസ് ശലഭങ്ങള്‍, ഗരുഡശലഭം, വേനല്‍ക്കാലങ്ങളില്‍ കൂട്ടം ചേരുന്ന കടുവാ ശലഭങ്ങള്‍ എന്നിവയുടെ ശരീരത്തില്‍ വിഷാംശമുള്ളതുകൊണ്ട്  അവയെ പക്ഷികള്‍ ഭക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് ആയുസ്സ് കൂടുതലുണ്ട്. ഇങ്ങനെ വിഷാംശമുള്ള ശലഭങ്ങൾക്ക് ചിലപ്പോൾ വർണപ്പകിട്ട് കൂടും. അതിനാൽ ഇരപിടിയന്മാരായ പക്ഷികൾക്ക് ഇവയെ എളുപ്പത്തിൽ തിരിച്ചറിയാൻ  കഴിയും. ഒരിക്കൽ ഇങ്ങനെയുള്ള ശലഭത്തിന്റെ അരുചിയറിഞ്ഞാൽ പക്ഷികൾ അവയെ ഒഴിവാക്കുന്നു. പക്ഷികൾക്ക് ഓർത്ത് വെക്കാനുള്ള സൌകര്യത്തിന് വേണ്ടി ഇത്തരത്തിലുള്ള ചില വ്യത്യസ്ത ജാതി ശലഭങ്ങൾ ഒരു പോലിരിക്കും. ഇങ്ങനെയുള്ള രൂപാനുകരണത്തിന് ‘മിമിക്രി’ എന്നു പറയുന്നു. നമ്മുടെ റോസ് ശലഭങ്ങളായ ചക്കരശലഭം, നാട്ടുറോസ്, മലബാർ റോസ് എന്നിവ ഉദാഹരണങ്ങളാണ്. നമ്മൾക്കു   പോലും ശ്രദ്ധിച്ചു നോക്കിയാലേ ഇവയെ തിരിച്ചറിയാനാവൂ. ഈ മിമിക്രിയെ “വിഷമയ” മിമിക്രി (Mullerian mimicry) എന്നു വിളിക്കുന്നു. നീലക്കടുവകൾ മറ്റൊരുദാഹരണമാണ്. മറ്റൊരു കൂട്ടർ ശരീരത്തിൽ വിഷമില്ലെങ്കിലും വിഷമുള്ളവയെ അനുകരിച്ച് രക്ഷപ്പെടും. ഈ മിമിക്രിക്ക് ‘വികട’ മിമിക്രി (Batesian mimicry) എന്നും പറയുന്നു. അരളി ശലഭത്തെ അനുകരിക്കുന്ന മലബാർ റാവൻ, വഴനപൂമ്പാറ്റ, വൻ ചൊട്ടശലഭത്തിന്റെ പെൺശലഭം എന്നിവ ഉദാഹരണങ്ങളാണ്.                

പക്ഷികള്‍, ചെറുഉരഗങ്ങള്‍ എന്നിവയുടെ പ്രധാന ഇരകളാണ് മിക്ക ശലഭങ്ങളും. ചിലതൊക്കെ ഉറുമ്പുകള്‍, മറ്റു ചെറുഷഡ്പദങ്ങള്‍ എന്നിവയുടെ ഭക്ഷണവുമായിത്തീരുന്നു.

ഇവയുടെ മുട്ടയിലും പുഴുവിലും പ്യൂപ്പയിലും പരാദമായി ജീവിതം പൂര്‍ത്തിയാക്കുന്ന നിരവധി ഈച്ചകള്‍, കടന്നലുകള്‍, വിരകള്‍, സൂക്ഷ്മജീവികള്‍ എന്നിവയുമുണ്ട്.  ചിലയിനം കടന്നലുകള്‍ അവയുടെ കൂടുകളില്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമായി ശലഭപ്പുഴുക്കളെ ശേഖരിച്ചുവെക്കാറുണ്ട്.


2021 നവംബർ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്.

മറ്റു ലേഖനങ്ങൾ

Happy
Happy
60 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
20 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post ഗ്രഹങ്ങൾ ഉണ്ടാകുന്ന കഥ
Next post ലിയോണാർഡ് ധൂമകേതു വന്നെത്തി…
Close