Read Time:5 Minute

വിനയരാജ്.വി.ആർ. 

ജീവികളിലെ അത്ഭുതതപ്പെടുത്തുന്ന പ്രതിഭാസങ്ങൾക്കെല്ലാം ഒറ്റവാക്കിലുള്ള ഉത്തരമാണ് പരിണാമം എന്ന പ്രക്രിയ. തേൻകുടിക്കാൻ ഒരടിയിലധികം നീളമുള്ള തുമ്പിയുള്ള ഒരു ശലഭമുണ്ടാവാമെന്ന ഡാർവിന്റെ പ്രവചനം അദ്ദേഹം മരിച്ച് 21 വർഷത്തിന് ശേഷം  ശരിയായ സംഭവത്തെക്കുറിച്ച്… 

മഡഗാസ്കർ സ്റ്റാർ ഓർക്കിഡ് കടപ്പാട്: വിക്കിപീഡിയ

മഡഗാസ്കറിൽ നിന്നും അയച്ചുകിട്ടിയ ആ ഓർക്കിഡ് ഡാർവിനെ ശരിക്കും അദ്ഭുതപ്പെടുത്തി. മഡഗാസ്കർ സ്റ്റാർ ഓർക്കിഡ് എന്ന ഈ ചെടിയുടെ പൂവിൽ നിന്നും നീണ്ടുകിടക്കുന്ന കുഴലിന് ഏതാണ്ട് ഒന്നരടിയോളം നീളമുണ്ടായിരുന്നു, ആ കുഴലിന്റെ അങ്ങേയറ്റത്താണ് തേൻ ഉണ്ടാവുക. അങ്ങനെ ആ ചെടിക്ക് അനുയോജ്യമായ ഒരു പേരും വീണു. അങ്‌ഗ്രെക്കം സെസ്ക്യുപെഡലെ (Angraecum sesquipedale) –  സെസ്ക്യുപെഡലെ എന്നാൽ ഒന്നരയടി നീളം എന്നാണർത്ഥം. വളരെ നീളമുള്ള പ്രൊബോസിസ് (ശലഭങ്ങളുടെ തേൻകുടിക്കാനായിട്ടുള്ള തുമ്പിക്കൈ പോലുള്ള അവയവം) ഉള്ള ഒരു പ്രാണി നിശ്ചയമായും ഇതിന്റെ പരാഗണത്തെ സഹായിക്കാൻ ഉണ്ടാവണമെന്ന് ഡാർവിൻ ഉറപ്പിച്ചു, എന്നാൽ അത്തരം ഒരു പ്രാണിയെ ആ പൂവ് ഉള്ള സ്ഥലത്തോ മഡഗാസ്കറിൽ എവിടെയുമോ കണ്ടെത്താനായില്ല. ഒരു വലിയ നിശാശലഭം ആവാം അതെന്നേ ഡാർവിൻ പ്രവചിച്ചുള്ളൂ, ഡാർവിന്റെ പ്രവചനത്തെ ശരി വച്ച ആൽഫ്രഡ് റസൽ വാലസ് അതൊരു ഹോക് മോത്ത് (hawk moth) ആയിരിക്കുമെന്നും പറഞ്ഞിരുന്നു. 35 സെന്റീമീറ്റർ നീളമുള്ള തുമ്പിയുള്ള ഒരു നിശാശലഭം അസാധ്യമാകുമെന്നു പറഞ്ഞ് മറ്റെല്ലാവരും ഈ പ്രവചനം തള്ളിക്കളയുകയും ചെയ്തു.

 ഡാർവിന്റെ ഓർക്കിഡ് എന്നും വിളിപ്പേരുള്ള ഈ ഓർക്കിഡിന്റെ പൂക്കൾ രാത്രിയ്ക്കു വിരിയുന്നവയാണ്. 39 വിവിധയിനം രാസവസ്തുക്കൾ അടങ്ങിയ ഇതിന്റെ അപാരമായ സുഗന്ധം ഒരു മുറി നിറയ്ക്കാൻ മാത്രം ഉണ്ട്.

 ഡാർവിൻ മരണമടഞ്ഞ് 21 വർഷത്തിനുശേഷം, ഉണ്ടായേക്കാം എന്ന് ഡാർവിൻ പ്രവചിച്ച ആ നിശാശലഭത്തെ കണ്ടെത്തുകതന്നെ ചെയ്തു. അതൊരു ഹോക് മോത്തും ആയിരുന്നു. ക്‌സാന്തോപൻ മോർഗനൈ പ്രെഡിക്ട (Xanthopan morganii praedicta) എന്നറിയപ്പെടുന്ന വലിപ്പമേറിയ ഈ ഹോക് മോത്ത് പല ബോബാബ് മരങ്ങളുടെയും പരാഗണത്തിലും സഹായിക്കാറുണ്ട്. ഡാർവിനും വാലസും നേരത്തെ ഇങ്ങനൊരു നിശാശലഭം ഉണ്ടാവാമെന്നു പ്രവചിച്ചതിനാലാവണം ഇതിന്റെ പേര് പ്രെഡിക്ട എന്നായത്. 

ക്‌സാന്തോപൻ മോർഗനൈ പ്രെഡിക്ട കടപ്പാട്: വിക്കിപീഡിയ

പൂവിന്റെ മാസ്മരഗന്ധം തേടിയെത്തുന്ന ഈ നിശാശലഭം തന്റെ ഒരടിയോളം നീളമുള്ള സ്പ്രിങ്ങ് തുമ്പിക്കൈ നിവർത്തി പറന്നുനിന്നുകൊണ്ടുതന്നെ പൂവിന്റെ കുഴലിൽക്കൂടി താഴോട്ട് ഇറക്കുന്നു. അങ്ങേയറ്റത്തെ തേൻ കുടിക്കാനായി പൂവിന്റെ അടുത്തേക്ക് ചെല്ലുന്ന ശലഭത്തിന്റെ തലയിൽ പറ്റുന്ന പൂമ്പൊടി അടുത്ത പൂവിലെ തേൻ കുടിക്കാൻ ശ്രമിക്കുമ്പോൾ ആ പൂവിൽ എത്തുന്നു. അങ്ങനെ ഡാർവിൻ ഓർക്കിഡിന്റെ പരാഗണത്തെ പ്രെഡിക്ട ശലഭം സഹായിക്കുന്നു. 1992 ൽ മാത്രമേ ഈ ശലഭം ഓർക്കിഡിൽ നിന്നും തേൻ കുടിക്കുന്നതിന്റെ ചിത്രവും വിഡിയോയും പകർത്താൻ കഴിഞ്ഞുള്ളൂ. ഈയിടെ നടത്തിയ പുതിയ പഠനങ്ങൾ പ്രകാരം ഈ നിശാശലഭത്തെ ഒരു പുതിയ സ്പീഷിസ് തന്നെയായി രേഖപ്പെടുത്തുകയും അതിന് ക്‌സാന്തോപൻ പ്രെഡിക്ടയെന്ന് പേരുനൽകുകയും ചെയ്തു. പരിണാമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പ്രവചനങ്ങളിൽ ഒന്നായി ഡാർവിന്റെ ഈ നിഗമനം കരുതപ്പെടുന്നു. ഏതൊരു പ്രാണികളിലും വച്ച് ഏറ്റവും നീളമേറിയ പ്രൊബോസിസ് ആണ് ഈ നിശാശലഭത്തിന്റേത്.


കടപ്പാട് : ശാസ്ത്രകേരളം 2021 നവംബർലക്കം


 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തദ്ദേശീയരും ദേശാടകരും
Next post സി.ടി.സ്കാൻ – ഉള്ളുതുറന്നുകാട്ടിയ 50 വർഷങ്ങൾ
Close