Read Time:25 Minute

ആൽബർട്ട് ഐൻസ്റ്റൈൻ – ജീവിതം, ശാസ്ത്രം, ദർശനം

‘മലയാളത്തിൽ ഐൻസ്റ്റൈനെക്കുറിച്ച് ഇതുവരെ വന്നിട്ടുള്ള പുസ്തകങ്ങളിൽവച്ച് ഏറ്റവും മികച്ചതും വലുതും ശ്രേഷ്ഠവും ഉദാത്തവുമാണ് ഈ ഗ്രന്ഥം’. ഐന്‍സ്റ്റൈന്‍ എന്ന ശാസ്ത്രകാരനോടുള്ള അതിരറ്റ ആരാധനയും താല്പര്യവുമാണ് ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഈ ഗ്രന്ഥം എഴുതാന്‍ കാരണമായത്. ഐൻസ്റ്റൈന്റെ ബഹുമുഖപ്രതിഭാവിന്യാസമാണ്‌ പുസ്തകത്തിലുടനീളം.

നോവലായാലും ജീവചരിത്രമായാലും വായിക്കുന്നവരും എഴുത്തുകാരും ഒരേ മനോനിലയിൽ സഞ്ചരിക്കുമ്പോഴാണ് വായന ഹൃദ്യമാകുന്നത്. നോവലിലും ജീവചരിത്രത്തിലും ആവിഷ്കരിക്കുന്നത് മനുഷ്യരുടെ കഥയാണ്. ജീവചരിത്രത്തിലാകട്ടെ സംഭവിച്ചു കഴിഞ്ഞ ഒരു ജീവിതമാണ് പ്രതിപാദ്യം. വായനക്കാർക്ക് ജിജ്ഞാസ ജനിപ്പിക്കത്തക്ക സംഭവങ്ങൾ ജീവചരിത്രത്തിൽ കുത്തിനിറയ്ക്കുക സാധാരണമല്ല. എന്നാൽ അത്യപൂർവ്വമായ ഒരു ജീവചരിത്രം മലയാളഭാഷയിൽ ഉണ്ടായിരിക്കുന്നു; നോവലിനെ അതിശയിപ്പിക്കുന്ന ചാരുതയോടെ. കഥാപാത്രമാകട്ടെ, സഹസ്രാബ്ദപുരുഷനായ ആൽബർട്ട് ഐൻസ്റ്റൈനും. മലയാളഭാഷയിൽ അനേകം ശാസ്ത്രഗ്രന്ഥങ്ങളും ഈടുറ്റ ജീവചരിത്രങ്ങളും സമ്മാനിച്ച ഡോ. ജോർജ് വർഗീസാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ഗ്രന്ഥകാരൻ.

ആൽബർട്ട് ഐൻസ്റ്റൈൻ എന്ന ഗ്രന്ഥം കൈയിലെത്തിയപ്പോൾ ആദ്യം കണ്ണുകളുടക്കിയത് ‘ഐൻസ്റ്റൈൻ’ എന്ന അക്ഷരവിന്യാസത്തിലേയ്ക്കാണ്. ഭൗതികശാസ്ത്രവിദ്യാർഥിനിയും അദ്ധ്യാപികയുമെന്ന നിലയിൽ നാളിതുവരെ പഠിച്ചും പഠിപ്പിച്ചും ശീലിച്ചിട്ടുള്ളത് ‘ഐൻസ്റ്റീൻ’, എന്നുച്ചരിക്കാനാണ്. ജർമ്മൻഭാഷയിൽ ഉച്ചാരണം ഐൻസ്റ്റൈൻ എന്നാണത്രേ.

തിരുവനന്തപുരത്ത് പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് പുസ്തകപ്രകാശനം നടന്നത് ഓർക്കുന്നു. പുസ്തകം പരിചയപ്പെടുത്തിയ ഡോ. സി.ജി. രാമചന്ദ്രൻ നായർ താൻ അവതാരികയിലെഴുതിയ ഒരു കാര്യം സദസ്സിനെ ഓർമ്മിപ്പിച്ചു. ‘മലയാളത്തിൽ ഐൻസ്റ്റൈനെക്കുറിച്ച് ഇതുവരെ വന്നിട്ടുള്ള പുസ്തകങ്ങളിൽവച്ച് ഏറ്റവും മികച്ചതും വലുതും ശ്രേഷ്ഠവും ഉദാത്തവുമാണ് ഈ ഗ്രന്ഥം’. അതിലാർക്കും തർക്കമുണ്ടാവില്ല. ഇരുപത്തിനാല് അദ്ധ്യായങ്ങളിലായി ഐൻസ്റ്റൈന്റെ ജീവിതത്തിലെ പ്രധാന ഏടുകളുടെ ചിത്രങ്ങളോടുകൂടിയ ബൃഹത്തായ ജീവചരിത്രഗ്രന്ഥം മലയാളഭാഷയുടെ അരങ്ങിലെത്തിയിരിക്കുന്നു. അദ്ധ്യായശീർഷകങ്ങൾപോലും കൗതുകം നിറഞ്ഞതാണ്. ചിലതറിയുക: എൻട്രൻസ് തോറ്റ വിദ്യാർഥി, പേറ്റന്റ് ഓഫീസിലെ ഉദ്യോഗം, രഹസ്യവിവാഹം, വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം, ദൈവം പകിടകളിക്കാരനല്ല, എനിക്കു പറ്റിയ അമളി, അണുബോംബും ഐൻസ്റ്റൈനും, ശബ്ദം നിലച്ചു. ഈ ശീർഷകങ്ങളിൽ കണ്ണോടിക്കുമ്പോൾത്തന്നെ ഒരു നല്ല നോവൽ വായനയുടെ താല്പര്യം വായനക്കാരിലേയ്ക്കു് സന്നിവേശിക്കുന്നു.

രണ്ടാം വായന കഴിഞ്ഞെങ്കിൽക്കൂടി ചില അദ്ധ്യായങ്ങൾ അത്രയ്ക്കങ്ങോട്ട് പിടിതരുന്നില്ല. ഐൻസ്റ്റൈനെ അവതരിപ്പിക്കുമ്പോൾ ഭൗതികശാസ്ത്രവും ദർശനവും കടന്നുവരിക സ്വാഭാവികം. അവതാരികയിൽ പറയുന്നതുപോലെ വായിച്ചാലും വായിച്ചാലും മതിവരാത്തതും വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതുമാണീ പുസ്തകം.

ഗ്രന്ഥകാരന്റെ കുറിപ്പിൽ വായിക്കുക: ഐൻസ്റ്റൈന്റെ പ്രഭാഷണങ്ങൾ ഉണ്ടെന്നറിയുമ്പോൾ ഓടിക്കൂടുന്ന ജനസാധാരണങ്ങളധികവും പ്രഭാഷണം കഴിയുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും അദ്ദേഹത്തെ കണ്ട സന്തോഷത്തോടെ മടങ്ങും. അത്രയുമായിരുന്നു അദ്ദേഹം ജ്വലിപ്പിച്ച ആവേശം. പ്രസാധകരായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാർത്തികേയൻ നായർ ആമുഖത്തിൽ പറയുന്നു: ഐന്‍സ്റ്റൈന്‍ എന്ന ശാസ്ത്രകാരനോടുള്ള അതിരറ്റ ആരാധനയും താല്പര്യവുമാണ് ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഈ ഗ്രന്ഥം എഴുതാന്‍ കാരണമായത്. ഐൻസ്റ്റൈന്റെ ബഹുമുഖപ്രതിഭാവിന്യാസമാണ്‌ പുസ്തകത്തിലുടനീളം.

ഐൻസ്റ്റൈൻ മറ്റേതൊരു സാധാരണ വിദ്യാർത്ഥിയെയുംപോലെ ചെറുപ്പത്തിൽ ചാപല്യങ്ങളോടു കൂടിയവനായിരുന്നുവെന്ന് മനസ്സിലാക്കാനാണ് ആദ്യ അധ്യായത്തിന് , ‘എൻട്രൻസ് തോറ്റ വിദ്യാർത്ഥി’ എന്ന തലക്കെട്ടു ചാർത്തിയത്. സൂറിച്ചിലെ ETH എന്ന സ്ഥാപനത്തില്‍ പഠിക്കുമ്പോഴാണത്രേ മാരിയോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രണയം മൊട്ടിട്ടത്. പിന്നെ ഒരു പ്രണയവസന്തമായിരുന്നു. അതെല്ലാം ഹൃദയസ്പൃക്കായി പലയിടത്തും വിവരിക്കുന്നുണ്ട്. ETH ലെ വിദ്യാഭ്യാസസമ്പ്രദായം അദ്ദേഹത്തിന് അത്ര ഇഷ്ടമായിരുന്നില്ല. അവിടെ ക്ലാസ്സിലെ മികച്ചവിദ്യാർഥി എന്ന പദവി ഐൻസ്റ്റൈന്‌ ലഭിച്ചില്ല. വിദ്യാഭ്യാസത്തെപ്പറ്റി ഐൻസ്റ്റൈന്റെ കാഴ്ചപ്പാട് അറിയുക: “അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള രസനീയമായ ഇഴുകിച്ചേരലാണ് വിദ്യാഭ്യാസത്തെ സമ്പൂർണ്ണമായ അനുഭവമാക്കി മാറ്റുന്നത്. ഈ രസച്ചരട് അറ്റുപോകുന്നിടത്ത് അനുഭൂതിദായകമായ വിദ്യാഭ്യാസപ്രക്രിയ അവസാനിക്കുകയും പകരം അത് കേവലം നിർബന്ധപൂർവ്വം അനുഷ്ഠിക്കുന്ന കർമ്മങ്ങളിലൊന്നായിത്തീരുകയും ചെയ്യുന്നു.”

ഐൻസ്റ്റൈന്റെ ആദ്യഗവേഷണലേഖനം പ്രസിദ്ധീകരിച്ച മാസിക എന്ന ഖ്യാതി അന്നലെൻ ഡെർ ഫിസിക് (Annalen der physik)നാണ്. യൂണിവേഴ്സിറ്റിയില്‍ ഒരു ഉദ്യോഗം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് ഒൻപതു വർഷങ്ങൾക്കുശേഷം അതിനു കാരണക്കാരനായ പ്രഫസർ ഓസ്റ്റ്വാൾഡ് നോബൽ സമ്മാനത്തിന് ശുപാർശചെയ്തു. ഇങ്ങനെ ആകസ്മികത നിറഞ്ഞ സംഭവങ്ങൾ ധാരാളമുണ്ട് ഐൻസ്റ്റൈൻ്റെ ജീവിതത്തിൽ.

പ്രിയപ്രണയിനിയുമെത്ത് സുഖജീവിതം കാംക്ഷിച്ചിരുന്ന ഐൻസ്റ്റൈന് നല്ല ഒരു ജോലി അനിവാര്യമായിരുന്നു. അതു സമ്പാദിക്കാനുള്ള വ്യഗ്രതയിൽ നടത്തിയ പരിശ്രമങ്ങളാണ് ലോകത്തെ കീഴ്മേൽ മറിച്ച കണ്ടുപിടിത്തങ്ങളിൽ കലാശിച്ചത്. ആധുനികശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ സ്വിസ് പേറ്റൻറ് ഓഫീസിന്റെ പ്രാധാന്യമെന്തെന്ന് രണ്ടാമദ്ധ്യായത്തിൽ വിവരിക്കുന്നു. അവിടെ ജോലി ചെയ്യുമ്പോഴാണ് ശാസ്ത്രത്തെ വഴി തിരിച്ചുവിട്ട മൂന്ന് സുപ്രധാന ശാസ്ത്രലേഖനങ്ങൾ ഐൻസ്റ്റൈൻ എഴുതിയത്.

ഐൻസ്റ്റൈനും മിലേവ മാരിക്കും 1912 ലെ ചിത്രം

ഐന്‍സ്റ്റൈന്റെ പ്രണയകാലത്തെപ്പറ്റിയുള്ള വര്‍ണ്ണന വിവരിക്കുമ്പോള്‍ ജീവചരിത്രകാരന്‍ ഒരു ലുബ്ധും കാണിച്ചിട്ടില്ല. മാരി വിന്റ്ലറുമായുള്ള പൂത്തുലഞ്ഞ പ്രണയത്തിന്റെ ആയുസ്സ് കഷ്ടിച്ച് ഒരു വർഷമേ നീണ്ടുനിന്നുള്ളൂ. അപ്പോഴേക്കും മിലേവ മാരിക്ക് എന്ന സെർബിയക്കാരി അദ്ദേഹത്തിന്റെ ഹൃദയത്തിൽ ചേക്കേറി. മാരിയെക്കാള്‍ ബൗദ്ധികമായി ഉയർന്ന നിലവാരം പുലര്‍ത്തിയിരുന്ന മിലേവയുടെ ശാരീരികമായ കുറവുകൾ പരസ്പരപ്രേമത്തിനോ അവർ തമ്മില്‍ നടത്താറുളള ഭൗതികശാസ്ത്രസംബന്ധമായ സംഭാഷണങ്ങള്‍ക്കോ വിഘ്നമായില്ല. പക്ഷേ, അമ്മയ്ക്ക് ഐൻസ്റ്റൈനും മിലേവയും തമ്മിലുള്ള ബന്ധം തീരെ ഇഷ്ടമായിരുന്നില്ല. ആപേക്ഷികതയെക്കുറിച്ചുള്ള ലേഖനത്തിനു പിന്നില്‍ തെളിയുന്ന മിലേവയുടെ കരങ്ങൾ അവരുടെ ബന്ധത്തിന്റെ ദൃഢത സൂചിപ്പിക്കുന്നു. മിലേവ ഗർഭിണിയായപ്പോഴും ഭൗതികശാസ്ത്രം തന്നെയായിരുന്നു കത്തിലെ വിഷയം. അദ്ദേഹത്തിന്റെ മനോനില എന്തായിരുന്നുവെന്ന് വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

മിലേവ ഐൻസ്റ്റൈനെ ജോണി എന്നും തിരിച്ച് മിലേവയുടെ വിളിപ്പേര് ഡോളി എന്നുമായിരുന്നു.. തങ്ങൾക്കുണ്ടാകുന്ന കുട്ടിയ്ക്ക് “മുലപ്പാൽതന്നെ കൊടുക്കണം, പശുവിൻ പാൽ കുടിച്ചുവളർന്നാൽ കുട്ടി വിഡ്ഢിയാകും”, എന്ന് ഐന്‍സ്റ്റൈന്‍ നിഷ്കർഷിച്ചിരുന്നു. ലിസേറൽ എന്നു പേരിട്ട ആദ്യകുട്ടിയെ വിവാഹശേഷവും കൂടെ താമസിപ്പിക്കാൻ താല്പര്യം കാണിച്ചില്ല എന്നത് ഐൻസ്റ്റൈന്റെ ജീവിതത്തിലെ ഇരുണ്ട മുഖംപോലെ തോന്നിച്ചു.

ETH ൽ പഠിക്കാനായി സൂറിച്ചിൽ എത്തിയ കാലം ഐൻസ്റ്റൈൻ അന്നയെന്ന മറ്റൊരു യുവതിയെ പരിചയപ്പെട്ടു.. അന്നയ്ക്കെഴുതിയ ഒന്നാന്തരം പ്രേമകാവ്യം വായിക്കുക: നിനക്കു ഞാനെന്തു മെഴുതുമിപ്പോൾ മൃദുലാധരത്തിലൊരു ചുംബനമോ പരിഭവമെങ്കിൽ പറയുകില്ലേ അരുതെങ്കിലിവനു ശിക്ഷ തിരികെ ഒരു ഉമ്മയിലൊതുക്കണേ.. ഗുരുത്വാകർഷണം എന്ന പ്രതിഭാസം വർണ്ണിക്കുന്ന ഐൻസ്റ്റൈന് പ്രേമകാവ്യവും അയത്നലളിതം.

പ്രധാനപ്പെട്ട നാല് ഗവേഷണലേഖനങ്ങൾ ഐൻസ്റ്റൈൻ 1905ൽ എഴുതി. അവയുടെ വിഷയങ്ങൾ വ്യത്യസ്തമായിരുന്നു.

  1. പ്രകാശരശ്മികളെയും അതിലടങ്ങിയ ഊർജത്തെയും സംബന്ധിച്ച്
  2. ആറ്റത്തിന്റെ വലിപ്പം മനസ്സിലാക്കാനുള്ള അന്വേഷണം
  3. ബ്രൗണിയൻ സഞ്ചാരം
  4. സ്ഥലകാലസിദ്ധാന്തങ്ങളുടെ പുനർനിർവചനം

ന്യൂട്ടൻറെ ചലനനിയമങ്ങൾ ഐൻസ്റ്റൈൻ തിരുത്തി. അബ്സല്യൂട്ട് മോഷൻ (ചലനമെന്ന സമ്പൂർണ്ണത) എന്നൊന്നില്ല എന്നതായിരുന്നു ഐൻസ്റ്റൈന്റെ പൂർണ്ണവിശ്വാസം. എല്ലാം ആപേക്ഷികം. ആപേക്ഷികതാസിദ്ധാന്തത്തിന്റെ രണ്ടു പ്രമാണങ്ങൾ ഐൻസ്റ്റൈൻ ആവിഷ്കരിച്ചു. ഭൗതികശാസ്ത്രത്തിന്റെ എല്ലാ തത്വങ്ങളും ഏതുതരം അവതരണങ്ങൾക്കും മുൻപിൽ തുല്യമായിരിക്കും എന്നും പ്രകാശത്തിന്റെ വേഗത പ്രപഞ്ചത്തിലെ നിശ്ചിതത്വങ്ങളിൽ പരമ പ്രധാനമാണെന്നുമായിരുന്നു അത്. അനേകം മഹത്തായ കണ്ടുപിടുത്തങ്ങൾകൊണ്ട് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയ മഹാപ്രതിഭയാണ് ഐൻസ്റ്റൈൻ. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ഓരോന്നിനും നോബൽ സമ്മാനം അർഹമാണ്. സുപരിചിതമായ ഊർജ സമവാക്യമാണ് E=mc2 , ഐൻസ്റ്റൈന്റെ പേരിൽ ഒരുപക്ഷേ ഏറ്റവും അറിയപ്പെടുന്നത്. ഊർജവും മാസും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ ചെറുവാക്യത്തിലുള്ള സൂചന. അതിൽനിന്നുമാണ് ആറ്റത്തിൽനിന്നും ഊർജമെടുക്കാമെന്ന് മനസ്സിലാക്കിയത്. ആറ്റം ധനികനായ പിശുക്കനാണെന്ന് ഐൻസ്റ്റൈൻ പറയുന്നു. ആണവോർജത്തോടൊപ്പം കടന്നുവരുന്ന സാമൂഹ്യവിപത്താണ് അണുബോംബെന്ന ഭീഷണി. ആറ്റം ബോംബുണ്ടായതിൻ്റെ കാരണക്കാരിൽ ഒരുവൻ ഒരുവിധത്തിൽ ഐൻസ്റ്റൈൻ ആണെങ്കിലും അതുയർത്തിയ വെല്ലുവിളി ഐൻസ്റ്റൈനെ അസ്വസ്ഥനാക്കിയിരുന്നു. ഐൻസ്റ്റൈനും അണുബോംബുമായുള്ള ബന്ധം സാധാരണ ജനങ്ങൾക്കുവരെ അറിവുള്ളതാണ്. ജർമ്മനി അണുബോംബുണ്ടാക്കുന്നതിൽ വിജയിക്കുകയില്ല എന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ അങ്ങനെ ഒരു ഉദ്യമത്തിന് അദ്ദേഹം തുനിയുമായിരുന്നില്ല. ആറ്റംബോംബുണ്ടാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റിന് എഴുതിയത് മഹാപരാധമായിപ്പോയെന്ന് അദ്ദേഹം പശ്ചാത്തപിച്ചു. ഐൻസ്റ്റൈന്റെ മറ്റൊരു പ്രവചനമിതാണ്: “മൂന്നാം ലോകമഹായുദ്ധം എങ്ങനെയായിരിക്കുമെന്ന് പറയാൻ എനിക്കാവില്ല. പക്ഷെ, നാലാം ലോകമഹായുദ്ധമുണ്ടാകുമ്പോൾ എല്ലാവരും പാറക്കല്ലുകൾകൊണ്ടായിരിക്കും യുദ്ധം ചെയ്യുക.” മറ്റാരുടെയും സ്വകാര്യതയിലേയ്ക്ക് ഓടിച്ചെന്നു കയറുന്ന സ്വഭാവക്കാരനായിരുന്നില്ല ഐൻസ്റ്റൈൻ. രണ്ടാമത്തെ നോബൽസമ്മാനവേളയിൽ മദാം ക്യൂറി അവരുടെ രഹസ്യബന്ധത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടപ്പോൾ അവരെ ആശ്വസിപ്പിക്കാനായി ഐൻസ്റ്റൈൻ അവര്‍ക്ക് കത്തെഴുതുകയുണ്ടായി.

എൽസയും ഐൻസ്റ്റൈനും

1912-ലാണ് എൽസ ഐൻസ്റ്റൈന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്. മിലേവയുടെ പെരുമാറ്റം ഐൻസ്റ്റൈന്റെ സ്വൈര്യം കെടുത്തിയിരുന്നു. മിലേവയുമായുള്ള ബന്ധം നാൾക്കുനാൾ വഷളായിവന്നു. 1914 ജൂലൈയിൽ മിലേവ സൂറിച്ചിലേയ്ക്ക് മടങ്ങി. നോബൽസമ്മാനം ലഭിച്ചാൽ അതിൻ്റെ മുഴുവൻ തുകയും മിലേ വയ്ക്കു കൊടുത്തേക്കാം എന്ന വ്യവസ്ഥയിന്മേൽ ഐൻസ്റ്റൈൻ 1918 ഏപ്രിൽ മാസം വിവാഹമോചിതനായി.

ഗ്രാവിറ്റി പ്രകാശരശ്മികളെ വളയ്ക്കുന്നതുപോലെ അതിന്റെ തരംഗദൈര്‍ഘ്യത്തിനും മാറ്റം വരുത്തും. ഡോപ്ലർ മാറ്റംപോലെ ഗുരുത്വാകർഷണം തരംഗദൈർഘ്യത്തിന് മാറ്റം വരുത്തുമെന്ന് ഐൻസ്റ്റൈൻ പ്രവചിച്ചു. ഗുരുത്വാകർഷണം വരുത്തുന്ന അരുണഭ്രംശം (gravitational red shift) അല്ലെങ്കിൽ ഐൻസ്റ്റൈൻ ഷിഫ്റ്റ് എന്നൊക്കെ ഇതറിയപ്പെടുന്നു. ഐൻസ്റ്റൈന്റെ മഹാസിദ്ധാന്തത്തിൽ സ്ഥലകാലത്തോട് പദാർത്ഥം എങ്ങനെയാണ് വളയേണ്ടതെന്നു പറയുന്നു. അതേ സമയം വളഞ്ഞസ്പേസിലൂടെ വസ്തു എങ്ങനെ ചരിക്കണമെന്നും പറഞ്ഞു തരുന്നു.

ഐൻസ്റ്റൈൻ പ്രസിദ്ധിയുടെ കൊടുമുടിയിലേയ്ക്ക് എത്തിച്ചേർന്നശേഷം അദ്ദേഹത്തിന്റെ ഇളയ മകൻ എഡ്വേർഡ് പിതാവിനോട് ചോദിച്ചു: പപ്പാ എന്തുകൊണ്ടാണ് അങ്ങ് ലോകപ്രശസ്തനായത്? ഐൻസ്റ്റൈന്റെ മറുപടി: “കാഴ്ചയില്ലാത്ത കരിവണ്ട് വലിയ കലത്തിന്റെ പുറത്തുകൂടി ഇഴഞ്ഞു നീങ്ങുമ്പോള്‍ വളഞ്ഞപ്രതലമാണതെന്ന് വണ്ട് അറിയുന്നതേയില്ല. ആ വണ്ടിനു ബോദ്ധ്യമാകാത്ത സത്യം ഭാഗ്യവശാൽ എനിക്ക് മനസ്സിലാക്കാൻകഴിഞ്ഞു..” എത്ര യഥാതഥമായ മറുപടി!

1920ൽ ഒരു ദൗർഭാഗ്യം അദ്ദേഹത്തിനുണ്ടായി. തന്റെ മാതാവ് ലോകത്തോട് വിടപറഞ്ഞു. കുറെക്കാലംമുൻപ് പിതാവ് നഷ്ടപ്പെട്ടിരുന്നു. മകൻ പ്രശസ്തിയുടെ അത്യുന്നതശൃംഗത്തിൽ നില്ക്കുന്നത് കണ്ടിട്ടാണ് ആ ഭാഗ്യവതി വിടപറഞ്ഞത്.

1921ലാണ് ഐൻസ്റ്റൈനു നോബൽസമ്മാനം ലഭിക്കുന്നത്. ഫോട്ടോഇലക്ട്രിക് പ്രതിഭാസത്തിന്റെ നിയമങ്ങൾ കണ്ടെത്തിയതിനാണ് അതു നല്കിയത്.

ഐൻസ്റ്റൈനും നീൽസ് ബോറും

ഐൻസ്റ്റൈന്റെ വാക്കുകൾ എപ്പൊഴും എവിടെയും മുഴങ്ങിക്കൊണ്ടിരിക്കുന്നു.. “ദൈവം പകിടകളിക്കാരനല്ല” എന്ന പ്രയോഗത്തിനാണ് ഏറ്റവും പ്രചാരം. അസ്ഥിരത, അവ്യക്തത, സാദ്ധ്യത ഇതൊക്കെക്കൊണ്ട് ഭൗതികസിദ്ധാന്തം ഉണ്ടാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രപഞ്ചം വികസിക്കുകയില്ലെന്ന് ഐൻസ്റ്റൈൻ വിചാരിച്ചിരുന്നു. പിന്നീട്, ഹബിൾ പ്രപഞ്ചം വികസിക്കുന്നു എന്ന വസ്തുത പ്രഖ്യാപിച്ചപ്പോള്‍ “എനിക്കു പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തം” എന്നാണ് അതെക്കുറിച്ച് ഐൻസ്റ്റൈൻ പറഞ്ഞത്.

1933-ൽ നാസികൾ ജർമ്മനിയുടെ ഭരണം ഏറ്റെടുത്തു. പ്രൂഷ്യൻ അക്കാദമിയിൽനിന്നും രാജിനേടിയ ഐൻസ്റ്റൈൻ ജർമ്മനി വിട്ടുപോവുകയും ബൽജിയത്തിൽ താത്കാലികാഭയം നേടുകയും ചെയ്തു. അവിടെനിന്നും മാറിമാറി യാത്ര. ഒടുവിൽ അമേരിക്കയിലേയ്ക്ക് അദ്ദേഹം എന്നന്നേയ്ക്കുമായി കപ്പൽകയറി.

കുട്ടികളെ ഐൻസ്റ്റൈന് വളരെ പ്രിയമായിരുന്നു.

ഐൻസ്റ്റൈൻ ബഹുമാനിച്ചിരുന്ന ലോകനേതാവായിരുന്നു മഹാത്മാഗാന്ധി. നെഹ്റുവുമായും അദ്ദേഹം കത്തിടപാടുകൾ നടത്തിയിട്ടുണ്ട്.

35-ലേറെ പുസ്തകങ്ങൾ പഠനവിധേയമാക്കിയാണ് ഗ്രന്ഥകാരൻ പ്രസ്തുത പുസ്തകം നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ ബൃഹദ്ഗ്രന്ഥത്തിൽ ഏറ്റവും കൂടുതൽ ഹൃദയസ്പർശിയായത് ഐൻസ്റ്റൈന്റെ അവസാനനിമിഷങ്ങൾ വിവരിച്ചിരിക്കുന്ന “ശബ്ദം നിലച്ചു” എന്ന അവസാനാദ്ധ്യായമാണ്. വായന അവസാനിക്കുമ്പോള്‍ ഐൻസ്റ്റൈൻ യാത്ര പറയുകയാണോ കർമ്മകാണ്ഡം പൂർത്തിയായോ തുടങ്ങിയ ചിന്തകൾ വായനക്കാരുടെ മനസ്സിനെ വേവലാതിപ്പെടുത്തുന്നു. വായന തുടരവേ അന്ത്യനിമിഷങ്ങളുടെ വർണ്ണന കണ്ണുകളെ ഈറനാക്കുന്നു.

“ഒരു വശത്ത് രാഷ്ട്രീയവും അങ്ങേത്തലയ്ക്കൽ ശാസ്ത്രവും മരണക്കിടക്കയിൽ വച്ചുപോലും പറയാൻ കഴിയുന്നതാർക്കാണ്. 1955 ഏപ്രിൽ18 തിങ്കളാഴ്ചയെത്തി. രാത്രി ഒരുമണി കഴിയുന്നു. നഴ്സ് ശ്വാസക്രമത്തിലെ താളപ്പിഴകൾ ശ്രദ്ധിച്ചു. അരികിലുണ്ടായിരുന്ന നഴ്സ് ആൽബർട്ട് റോസൻ മറ്റൊരാളെക്കൂടി സഹായത്തിനു വിളിച്ചു. ഇരുവരുംചേർന്നു ചരിഞ്ഞു പോകുന്ന തല ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു. അദ്ദേഹം എന്തോ ഉച്ചരിക്കുന്നതായി അവർക്കു തോന്നി.. ശബ്ദം വ്യക്തമാകുന്നില്ല. ജർമ്മൻഭാഷയിലാണ് അതെന്നവർക്ക് ബോദ്ധ്യമായി. ആദ്യമായും അവസാനമായും ഉച്ചരിച്ച ഭാഷ. ഡ്യൂട്ടി ഡോക്ടർ ഉടൻ എത്തിച്ചേർന്നു. അദ്ദേഹം മരണവിവരം സ്ഥിരീകരിച്ചു. ഐൻസ്റ്റൈൻ അനന്തതയിലേയ്ക്കു മാറ്റപ്പെട്ടു. രാത്രിയിൽ കൃത്യം 1.15-ന് ആ വിളക്കണഞ്ഞു.

1951-ൽ യുണൈറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ ആർതർ സാസെ എടുത്ത ഐൻസ്റ്റീൻ്റെ പ്രശസ്തമായ ചിത്രം

ഭൂമുഖത്ത് ദു:ഖം വിതറുന്ന അണുബോംബിന്റെ നിർമ്മാണത്തിന് വഴിയൊരുക്കിയത് തന്റെ സിദ്ധാന്തവും നിർദ്ദേശവുമാണെന്നതിൽ ഐൻസ്റ്റൈൻ ഖിന്നനായിരുന്നു. നെഞ്ചിനെ ചുളുചുളാ കുത്തുന്ന വേദന ആലസ്യപ്പെടുത്തിയപ്പൊഴും രണ്ടു കാര്യങ്ങൾ അദ്ദേഹം മറന്നില്ല. ലോകത്തോടു് സമാധാനസന്ദേശം അറിയിക്കാനും ഇനിയും അവശേഷിച്ച ഏകീകൃതസിദ്ധാന്തം പൂർത്തിയാക്കാനും.

ഒരു നോവൽ വായിക്കുന്നതുപോലെ പ്രസന്നമായ പ്രതിപാദനശൈലിയുള്ള ഈ പുസ്തകം എല്ലാ മനുഷ്യസ്നേഹികളും തീർച്ചയായും വായിക്കണം. ഐൻസ്റ്റൈന്റെ ജീവിതത്തിലെ സുപ്രധാനരംഗങ്ങള്‍ എല്ലാംതന്നെ മിഴിവോലുന്ന വര്‍ണ്ണനയില്‍ പകര്‍ത്തിയിട്ടുണ്ടു് ഗ്രന്ഥകാരൻ. സഹസ്രാബ്ദപുരുഷനെന്ന് വിശേഷിപ്പിക്കുന്ന ആൽബർട്ട് ഐൻസ്റ്റൈനെക്കുറിച്ച് ഏറ്റവും ബൃഹത്തായ മലയാളഗ്രന്ഥം വായിച്ചതിന്റെ നിറവിൽ വായനക്കാർക്ക് സംതൃപ്തരാകാം.

ഐൻസ്റ്റൈൻ ക്വിസ്സ്

ഐൻസ്റ്റൈന്റെ ജീവിതവും സംഭാവനകളും – 10 ചോദ്യങ്ങൾ

Happy
Happy
75 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അവധിക്കാല താരനിശ – ഏപ്രിൽ 12,13 തിയ്യതികളിൽ – രജിസ്ട്രേഷൻ ആരംഭിച്ചു
Next post എന്തുകൊണ്ട് സോഷ്യലിസം? – ഐൻസ്റ്റൈന്റെ ലേഖനം
Close