Read Time:23 Minute

നിർമ്മിതബുദ്ധിയുടെ അടിസ്ഥാനം വിവരശേഖരങ്ങളാണ് എന്ന് പറയുമ്പോൾ കേൾക്കുന്നവർക്ക് അതൊരു പ്രശ്നം ആയി അനുഭവപ്പെടാൻ സാധ്യതയില്ല. വിവരാധിഷ്ഠിതമാവണം തീരുമാനങ്ങളും അനുമാനങ്ങളും, അതാണതിന്റെ ശരി എന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ നിർമ്മിതബുദ്ധിയുടെ വിവരാധിഷ്ഠിത സ്വഭാവം ഒരു മേന്മയായി അനുഭവപ്പെട്ടേക്കാം, അതിൽ തെറ്റില്ല. സമകാലിക ദേശീയരാഷ്ട്രീയത്തിൽ കാനേഷുമാരികണക്കുകളുടെ അഭാവം മൂലം ശരിയായ അനുമാനങ്ങളിലേക്കെത്താൻ ഉള്ള ബുദ്ധിമുട്ട് വിവരാധിഷ്ഠിത അനുമാനങ്ങളുടെ മേന്മ നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. അടുത്തിടെ ദേശീയ തലത്തിലെ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടു എന്ന ഒരൊറ്റ കാരണത്താൽ ജോലി തെറിച്ച മലയാളിയായ ഉദ്യോഗസ്ഥനെയും ഈ അവസരത്തിൽ ഓർക്കാം – ഇവയെല്ലാം ശരിയായ സ്ഥിതിവിവരക്കണക്കുകളുടെ പ്രാധാന്യം വിളിച്ചോതുന്നു.

എന്നാൽ പല മേഖലകളിലും വിവരശേഖരങ്ങളെ അമിതമായി ആശ്രയിക്കുന്നത് തെറ്റാത്ത ദിശയിലേക്ക് നമ്മെ നയിച്ചേക്കാം എന്ന് പറഞ്ഞാലോ? വായിക്കുമ്പോൾ തന്നെ എന്തോ കല്ലുകടി തോന്നുന്നുണ്ടോ? കേവല വിവരാധിഷ്ഠിത പ്രവർത്തനത്തിന്റെ ബലഹീനതയും ന്യൂനതയും വ്യക്തമാക്കുന്ന ഒരു ചിന്താന്വേഷണത്തിലേക്ക് വായനക്കാരെ കൊണ്ടുപോകാൻ ആണ് ഈ ലേഖനം ഉദ്ദേശിക്കുന്നത്.

വർഷം 2029, വേനൽക്കാലം. ഏതാനും ദിവസത്തെ യാത്ര കഴിഞ്ഞെത്തിയ നിങ്ങൾ സ്വന്തം വീട്ടിൽ ശാന്തമായി നിന്ന് പൂന്തോട്ടത്തിൽ വെള്ളം നനയ്ക്കുന്നു. അപ്പോൾ പോസ്റ്റുമാൻ വന്നു താങ്കൾക്കുള്ള കത്തുകൾ കൈമാറുന്നു. ഒന്നൊന്നായി മറിച്ചു നോക്കുന്നതിനിടയിൽ ‘നിങ്ങള്‍ ഇവിടെ ഇപ്പോഴും താമസമുണ്ടോ?’ എന്ന് വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു കത്ത് കാണുന്നു. ആകാംക്ഷ മൂലം താങ്കൾ ഉടനെ തന്നെ അത് തുറന്നു നോക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്താണ്. അതിൽ താങ്കളുടെ വിലാസം ഇത് തന്നെയാണെന്ന് സ്ഥിതീകരിക്കാൻ ആണ് ആവശ്യപ്പെടുന്നത്. ഒരു മാസത്തിനുള്ളിൽ മറുപടി അയച്ചു സ്ഥിതീകരിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തേക്കാം എന്ന് മുന്നറിയിപ്പും ഉണ്ട്! ഇതെന്തു വിചിത്രം? കാലങ്ങളായി താമസിക്കുന്ന വീട്ടിലെ താമസം തുടരുന്നുണ്ടോ എന്ന് ഇപ്പോൾ ചോദിക്കാൻ എന്താവും കാരണം. അയൽവാസികൾക്കൊന്നും ഇങ്ങനൊരു കത്തു ലഭിച്ചിട്ടില്ല എന്ന് ചെറിയൊരു അന്വേഷണത്തിൽ മനസ്സിലാവുമ്പോൾ ‘എന്നെ മാത്രം തിരഞ്ഞുപിടിച്ചു ചോദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതെന്തു കാര്യം?’ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. എന്തേലും ആവട്ടെ, മറുപടി അയച്ചേക്കാം, അല്ലാതെന്തു ചെയ്യാൻ!

എന്നാലും എന്താവാം കാരണം? അപ്പോഴാണ് കഴിഞ്ഞ ദിവസം വോട്ടർ പട്ടിക ‘വൃത്തിയാക്കാന്‍’ നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി വായിച്ചത് ഓർമ്മയിൽ തട്ടുന്നത്. ഈ കാലമത്രയും ഇവിടെ താമസിച്ച തന്റെ നേർക്ക് സംശയത്തിന്റെ മുന നീളുന്നതിൽ ഇന്നലെ വന്ന നിർമ്മിതബുദ്ധിക്ക് പങ്കുണ്ടാവുമോ! കഴിഞ്ഞ വർഷം തൊഴിലിൽ നിന്നും വിരമിച്ച താങ്കൾ ഈ വർഷം ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, നിയമപരമായി അതിന്റെ ആവശ്യമില്ലായിരുന്നു. കൂടാതെ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആണേൽ വോട്ട് ചെയ്യാൻ പറ്റിയിരുന്നില്ല – യാത്രയോ അനാരോഗ്യമോ എന്തോ ഒന്ന്. പതിവായി ആദായനികുതി അടയ്ക്കുകയും സ്ഥിരമായി വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു ലക്ഷണമൊത്ത വോട്ടർ എന്നതിൽ നിന്നും താങ്കൾ വ്യതിചലിച്ചിരിക്കുന്നു! അത്രയും മതി നിർമ്മിതബുദ്ധിയുടെ സംശയം താങ്കളിലേക്ക് നീളാൻ.

വിസ്കോൺസിൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചില വോട്ടർമാർക്ക് അയച്ച കത്തിന്റെ ഒരു ചിത്രം.

ഇത്രയും പറഞ്ഞത് ഒരു സാങ്കൽപ്പിക കഥ എന്ന രീതിയിലാണ്. പക്ഷെ, ഇത്തരം കത്തുകൾ 2017-18 കാലത്ത് അമേരിക്കയിലെ മൂന്നരലക്ഷത്തോളം വോട്ടർമാർക്ക് ലഭിച്ചിരുന്നു എന്നതാണ് വസ്തുത. അവരോടു ആ കത്തുകൾ ചോദിച്ചത് നാം നേരത്തെ കണ്ട ചോദ്യം തന്നെയാണ്: ‘നിങ്ങൾ ഇപ്പോഴും ഇവിടെ താമസമുണ്ടോ?’. അമേരിക്കയിൽ പ്രവർത്തിക്കുന്ന എറിക് എന്ന സംഘടന ഉപയോഗിച്ച സാങ്കേതികവിദ്യ ഈ പറഞ്ഞ മൂന്നരലക്ഷം പേരെ “താമസം മാറിയവർ” (movers) എന്ന് അടയാളപ്പെടുത്തിയിരുന്നു. എറിക് സാങ്കേതികവിദ്യ ആളുകളെ ഇങ്ങനെ അടയാളപ്പെടുത്താൻ ഉപയോഗിച്ചത് വോട്ടിങ് ചരിത്രം, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ, പോസ്റ്റ് ഓഫീസ് വിവരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. എറിക് ഒരുപക്ഷെ നിർമ്മിതബുദ്ധി എന്ന് പ്രത്യക്ഷമായി അടയാളപ്പെടുത്താവുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കില്ല, പക്ഷെ അവിടെ ഉപയോഗിക്കപ്പെട്ടത് നിർമ്മിതബുദ്ധിയിൽ അടങ്ങിയിരിക്കുന്ന ചിന്താരീതി തന്നെയാണ്. വിവരശേഖരങ്ങളിൽ നിന്നും തെളിവുകൾ ശേഖരിക്കുക, ആ തെളിവുകൾ ഉപയോഗിച്ച് മനുഷ്യരെക്കുറിച്ചുള്ള നിഗമനങ്ങളിലേക്കെത്തുക. ഇവിടെ നിഗമനത്തിന്റെ വിഷയം വോട്ടിങ് അവകാശങ്ങൾ ആണെങ്കിൽ മറ്റൊരു ദിവസം അത് പൗരത്വം ആയേക്കാം. ‘താമസം മാറിയിരിക്കാന്‍ സാധ്യതയുള്ളവര്‍’ എന്ന ഉപയോഗിക്കുന്നതിന് പകരം  ‘താമസം മാറിയവര്‍’ എന്ന് ഉപയോഗിക്കാന്‍ എറിക് ഉദ്യോഗസ്ഥര്‍ എടുത്ത തീരുമാനം ഈ ചിന്താരീതിയോടുള്ള മതിപ്പിന്റെ കൂടി അടയാളമാണ്.

വിസ്കോൺസിനിലെ ഈ വക കത്തയച്ചുള്ള വിവരശേഖരണം വളരെ കാര്യക്ഷമം ആണെന്നാണ് വിലയിരുത്തപ്പെട്ടത്. ആകെ രണ്ടു ശതമാനം പേർ മാത്രമാണ് കത്തുകൾക്ക് മറുപടി അയച്ചത്! അതിനു തൊട്ടടുത്ത് നടത്തിയ തിരഞ്ഞെടുപ്പിൽ കത്തിന് മറുപടി അയക്കാത്തവരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ കത്ത് ലഭിച്ചിട്ട് മറുപടി അയക്കാത്തവരിൽ എത്ര പേര് വോട്ട് ചെയ്യാൻ എത്തി എന്നത് വെച്ചു ഇതിന്റെ കാര്യക്ഷമത മനസ്സിലാക്കാൻ ഉള്ള ഒരു സാധ്യത അത് തുറന്നിട്ടു. ‘താമസം മാറിയവര്‍’ എന്ന് സാങ്കേതികവിദ്യ അടയാളപ്പെടുത്തിയിട്ടും വോട്ട് ചെയ്യാന്‍ എത്തിയ ആളുകളുടെ കാര്യത്തില്‍ സാങ്കേതികവിദ്യയ്ക്ക് തെറ്റ് പറ്റി എന്ന് വ്യക്തമാണല്ലോ. ഇങ്ങനെ വന്ന തെറ്റുകളില്‍ കറുത്തവംശജരുടെ അളവ് വെളുത്ത വംശജരെക്കാള്‍ ഇരട്ടിയായിരുന്നു എന്നാണ് പിന്നീട് കണ്ടെത്തിയത്.

സാങ്കേതികവിദ്യയുടെ ലളിതമായ ലോജിക്ക് വംശീയമായ പക്ഷപാതിത്വം കാണിക്കുന്നത് ആകസ്മികമായിരിക്കുമോ? അങ്ങനെയല്ല എന്ന് തന്നെ കരുതണം. വിവരശേഖരങ്ങളിലെ ക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ‘ലക്ഷണമൊത്ത വോട്ടര്‍’ ആരെന്നു കണ്ടെത്തുന്ന ലോജിക്കില്‍ തന്നെ ഭൂരിപക്ഷ വിഭാഗത്തോടുള്ള പക്ഷപാതിത്വം ഒളിഞ്ഞിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം. കാരണം ‘ലക്ഷണമൊത്ത വോട്ടര്‍’ എന്ന മാതൃകയുടെ മേല്‍ ഉള്ള ഒരു പരോക്ഷ നിബന്ധന ഭൂരിഭാഗം വോട്ടര്‍മാരെയും അതില്‍ ഉള്‍ക്കൊള്ളണം എന്നതാണ്. നാലില്‍ അഞ്ചു വോട്ടര്‍മാരെയും അസാധാരണ വോട്ടര്‍മാര്‍ എന്ന് അടയാളപ്പെടുത്തുന്ന ഒരു സാങ്കേതികവിദ്യ അപഹാസ്യമയിരിക്കുമല്ലോ! അങ്ങനെ അപഹാസ്യമാകാതിരിക്കാൻ സാങ്കേതികമായി നോക്കിയാൽ ഏറ്റവും എളുപ്പവഴി ഭൂരിപക്ഷ വിഭാഗത്തിന്റെ വിവരക്രമങ്ങളെ ‘ലക്ഷണമൊത്ത വോട്ടർ’ എന്ന മാതൃകയിൽ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതാണ്. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ന്യൂനപക്ഷ വിഭാഗത്തിലെ വോട്ടർമാരെ കൂടുതൽ സംശയദൃഷ്ടിയോടെ കാണുന്നതിലേക്ക് നയിക്കും. ഇത് തന്നെയാവും വിസ്കോൺസിനിൽ സംഭവിച്ചിട്ടുണ്ടാവുക.

ഒന്ന് മാറിനിന്ന് ചിന്തിച്ചു നോക്കിയാൽ കാര്യം ഒന്നുകൂടി വ്യക്തമായേക്കാം. ലഭ്യമായ വിവരശേഖരങ്ങളിൽ ഉള്ള മുഖ്യധാര രീതികളെ നോർമലൈസ് ചെയ്യുക എന്നതാണ് ലളിതമായി പറഞ്ഞാൽ ഇവിടെ സംഭവിക്കുന്നത്. ഇത്തരം ലോജിക്കിൽ വംശീയത മാത്രമാവില്ല വരിക – എന്ത് തരം വ്യതിചലങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. എല്ലാവരും പതിനെട്ടു വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്ന ഒരു സമൂഹത്തിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മുപ്പതുകളിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നയാൾക്ക് നേരെ വിവരാധിഷ്ഠിത നിർമ്മിതബുദ്ധി നെറ്റി ചുളിച്ചേക്കാം. മിക്കവരും ഇരുപത്തി അഞ്ചു വയസ്സാവുമ്പോൾ ജോലി ചെയ്തു ആദായനികുതി ദായകർ ആവുന്ന സമൂഹത്തിൽ തന്റെ ചിത്രകലാ താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവാനായി നല്ല ശമ്പളമുള്ള ജോലി ഒഴിവാക്കിയ യുവതിയെ നിർമ്മിതബുദ്ധിക്ക് അത്രകണ്ട് ബോധിച്ചെന്നു വരില്ല.

വിവരങ്ങളെയും ഗണിതമാതൃകകളെയും കാര്യമായി ആശ്രയിക്കുന്ന സാമ്പത്തികശാസ്ത്രം എന്ന വിജ്ഞാനശാഖയുടെ ഹൃദയത്തിൽ സ്ത്രീവിരുദ്ധത കുടിയേറിയിരിക്കുന്നു (‘economics is irredeemably sexist’) എന്ന് മാർക്സിസ്റ്റ് ചിന്തകനും ഗ്രീസിന്റെ മുൻ ധനകാര്യ മന്ത്രിയും ആയ യാനിസ് വരൗഫാകിസ് സമർത്ഥിക്കുന്നതും ഇത്തരം വിമർശനങ്ങളുമായി ചേർത്ത് വായിക്കാം. വിവരങ്ങളെ വിമർശനാത്മകമായും ചരിത്രപരമായും മനുഷ്യത്വപരമായും സമീപിക്കാതിരിക്കുന്ന ഏതൊരു മേഖലയിലും ഇത്തരം പക്ഷപാതിത്വങ്ങളുടെ അനുരണനങ്ങൾ കാണാൻ സാധിക്കേണ്ടതാണ്.

യാനിസ് വരൗഫാക്കിസിന്റെ ലേഖനത്തിന്റെ സ്ക്രീൻഷോട്ട്. ലേഖനം https://www.project-syndicate.org/commentary/philosophical-sexism-deters-women-from-economics-by-yanis-varoufakis-2024-03 എന്നതിൽ വായിക്കാം.

വോട്ടർ പട്ടിക ‘വൃത്തിയാക്കുന്നതിലെ’ നിർമ്മിതബുദ്ധി ഉപയോഗത്തിലെ ഒരു വിഷയം കൂടി നമുക്കിവിടെ പരിശോധിക്കേണ്ടതുണ്ട്. വൃത്തിയുള്ള വോട്ടർ പട്ടിക എന്നാൽ എന്താണ്? ഒന്നാമത്, യോഗ്യതയുള്ള എല്ലാ വോട്ടർമാരെയും അത് ഉൾക്കൊള്ളണം (access/inclusion). രണ്ടാമത്, യോഗ്യതയില്ലാത്ത വോട്ടർമാരെ ഒഴിവാക്കണം (integrity/exclusion). ആദ്യത്തെ വിഷയം ‘ഉൾപ്പെടുത്തൽ’ ആണെങ്കിൽ രണ്ടാമത്തെ വിഷയം ‘ഒഴിവാക്കൽ’ എന്നതാണ്. വോട്ടർ പട്ടിക വൃത്തിയാക്കുമ്പോൾ ഈ രണ്ടു മാനദണ്ഡങ്ങൾ തമ്മിൽ ഒരു സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ട് എന്ന് വ്യക്തം. നാം നേരത്തെ കണ്ട കത്തിന്റെ കാര്യത്തിൽ ഒഴിവാക്കലിലാണ് ശ്രദ്ധ. കാരണം, വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള താങ്കളെ ഒഴിവാക്കാനുള്ള കാരണം ഉണ്ടോ എന്ന പരിശോധനയുടെ ഫലമായിട്ടാണ് ആ കത്ത് താങ്കളിലേക്കെത്തിയത്. സമാനമായ ‘ഉൾപ്പെടുത്തൽ’ കത്ത് ഒന്ന് സങ്കൽപ്പിക്കാം. ‘നിങ്ങൾ വോട്ടർ പട്ടികയിൽ പേര് ചേർത്തോ?’ എന്ന് ചോദിക്കുന്ന കത്ത് ലഭിക്കുന്നയാൾക്ക് തീർച്ചയായും ഹൃദയഹാരിയായിരിക്കും. പുതുതായി താമസം മാറി വന്ന ആളോട് പുതിയ സ്ഥലത്തെ ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കാനുള്ള ആഹ്വാനം തീർച്ചയായും ഒരു പോസിറ്റീവ് ഫീൽ ആണ് നൽകുക. പക്ഷെ, ഇങ്ങനെയുള്ള ഒരു കത്ത് അയക്കാൻ നിർമ്മിതബുദ്ധി നിർദേശിക്കുമോ? അതല്ലെങ്കിൽ, ഇങ്ങനെയുള്ള കത്തുകൾ അയക്കാൻ നിർദേശിക്കുന്ന നിർമ്മിതബുദ്ധി രൂപകൽപന ചെയ്യാൻ സാധിക്കുമോ?

നിർമ്മിതബുദ്ധി വിവരാധിഷ്ഠിത സാങ്കേതികവിദ്യയാണ് എന്ന് കാണുമ്പോൾ ഇവിടെ നാം ബുദ്ധിമുട്ട് നേരിടും എന്ന് തീർച്ച. പുതിയ താമസക്കാരൻ പുതിയ താമസക്കാരൻ ആയതു കൊണ്ട് തന്നെ അയാളെക്കുറിച്ചുള്ള വിവരങ്ങൾ വിവരശേഖരങ്ങളിൽ ധാരാളമായിട്ടുണ്ടാവില്ല. വോട്ടർ പട്ടികയിലെ അയാളുടെ അഭാവം എന്നതാണ് അയാൾക്ക് ‘നിങ്ങൾ വോട്ടർ പട്ടികയിൽ പേര് ചേർത്തോ?’ എന്ന കത്തയക്കാനുള്ള കാരണമായി വരേണ്ടത്. ഉള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അല്ല, ഇല്ലാത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് വോട്ടർ പട്ടിക വൃത്തിയാക്കുന്നതിലെ ‘ഉൾപ്പെടുത്തൽ’ ലോജിക് പ്രവർത്തിക്കേണ്ടത്! അങ്ങനെ വരുമ്പോൾ, ഉള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിർമ്മിതബുദ്ധിക്ക് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആകുന്നതെങ്ങനെ?

യയിലെ പോളിങ് ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥൻ വോട്ടർ പട്ടിക ഉപയോഗിച്ച് വോട്ടറുടെ ഐഡന്റിറ്റി പരിശോധിക്കുന്നു.

ഇന്നത്തെ നിലയിലെ നിർമ്മിതബുദ്ധി ഉപയോഗിച്ചോ നിലവിലുള്ള വിവരശേഖരങ്ങളെ കേവലമായി അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന മറ്റു ചിന്താരീതികൾ ഉപയോഗിച്ചോ വോട്ടർ പട്ടിക വൃത്തിയാക്കിക്കളയാം എന്ന് ചിന്തിക്കുന്നതിലെ ഘടനാപരമായ പ്രശ്നത്തിലേക്കാണ് ഇതൊക്കെയും വിരൽചൂണ്ടുന്നത്. അത്തരം രീതികൾ അവലംബിക്കുമ്പോൾ നാം പരോക്ഷമായി ‘ഒഴിവാക്കൽ’ എന്ന വശത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ‘ഉൾപ്പെടുത്തൽ’ എന്നതിൽ നിന്ന് പിൻവാങ്ങുകയും ചെയ്യും. വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിലെ രണ്ടു ലോജിക്കുകൾ തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഇത് നാം പലപ്പോഴും മനസ്സിലാക്കാത്ത ഒരു അപകടം ആണെന്ന് കൂടി ഈ അവസരത്തിൽ സൂചിപ്പിക്കേണ്ടതുണ്ട്.

വിവരങ്ങളും വിവരശേഖരങ്ങളും പ്രധാനമാണ് എന്ന് മനസ്സിലാക്കുമ്പോൾ തന്നെ ഉപരിപ്ലവമായോ മറ്റു രീതികളിൽ കേവലമായോ വിവരശേഖരങ്ങളെ സമീപിക്കുമ്പോൾ ഉണ്ടാവുന്ന വിപത്തുകൾ കൂടി നാം തിരിച്ചറിയേണ്ടതുണ്ട് എന്ന് സാരം.

2023 ൽ AAAI AI Magazine എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖകന്റെ തന്നെ ‘AI and core electoral processes: Mapping the horizons’ [ https://onlinelibrary.wiley.com/doi/full/10.1002/aaai.12105 ] എന്ന പ്രബന്ധത്തിലെ ചില ഭാഗങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നാണ് ഈ ലേഖനം.

ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

പോഡ്കാസ്റ്റുകൾ


മറ്റു പുസ്തകങ്ങൾ

അനുബന്ധ വായനയ്ക്ക്

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
80 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post കർപ്പൂരം മണക്കുന്ന കസ്തൂരി മഞ്ഞൾ
Next post നഗര പ്രളയങ്ങൾ – കാണുന്നതും, കാണാതെ പോവുന്നതും
Close