Read Time:48 Minute

ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഏറ്റവും കൂടുതല്‍ സമുദ്ര ജല ഊഷ്മാവ് ഉയരുന്ന പ്രദേശമായി മാറിയിരിക്കുകയാണ് അറബിക്കടല്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ  അറബിക്കടലിന്റെ ഊഷ്മാവിൽ വർദ്ധനവ് ഉണ്ടാവും എന്ന് ശാസ്ത്രീയ പഠനങ്ങള്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ന്യൂന മര്‍ദ്ദങ്ങളുടെയും, ചുഴലി കൊടുങ്കാറ്റുകളുടെയും രൂപത്തിലാവും  പ്രത്യാഘാതങ്ങള്‍ കൂടുതലും  കേരള തീരത്തെ ബാധിക്കുക. കുറഞ്ഞ സമയത്തിൽ  പരമാവധി വെള്ളം നിക്ഷേപിച്ചു പോവുന്ന പേമാരികളും, കാലം തെറ്റിയ  മഴയും കേരളത്തിൽ പതിവായേക്കും. 2024 ലെ  മെയ്മാസത്തിൽ അറബിക്കടലിൽ രൂപം കൊണ്ട  ന്യൂനമർദ്ദവും, അതിന്റെ ഭാഗമായ അതിവൃഷ്ടിയും കേരളത്തിന്റെ തലസ്ഥാനം അടക്കം പല നഗരങ്ങളിലും വെള്ളപ്പൊക്കങ്ങളിലേയ്ക്ക് നയിച്ചിരുന്നു. നഗര പ്രളയങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണം കാലാവസ്ഥാ വ്യതിയാനം മാത്രമല്ല എന്നതാണ് വസ്തുത. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായ അതിവൃഷ്ടിയും, അശാസ്ത്രീയമായ നഗരവൽക്കരണവും കൈകോർക്കുന്ന നഗര പ്രളയങ്ങളുടെ  കാര്യ കാരണങ്ങളിലേയ്ക്കും, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും  ഉള്ള ഒരു അന്വേഷണം ആണ് ഈ ലേഖനം.

പ്രളയവും, നഗര പ്രളയവും 

നദികളുമായി ബന്ധപ്പെട്ട പ്രളയങ്ങളാണ് നമുക്ക് പരിചിതം. നദികളുടെ വൃഷ്ടി പ്രദേശത്ത് സംഭവിക്കുന്ന അതിവൃഷ്ടിമൂലം നദികൾ കരകവിഞ്ഞു കയറുന്ന പ്രതിഭാസം. 2018 ലെ പ്രളയത്തിനടക്കം ഇപ്പറഞ്ഞതിനോടാണ് സാദൃശ്യം. നീർവാർച്ചാ സംവിധാനങ്ങൾ, ഡാമുകൾ എന്നിവയുടെ സഹായത്തോടെ ഇവയെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനുള്ള സങ്കേതിക സന്നാഹങ്ങളും, അതിനുള്ള ഏകോപന സംവിധാനവും നമുക്കുണ്ട്. എന്നാൽ നഗര പ്രളയങ്ങൾ നമുക്ക് താരതമ്യേന പുതിയതാണ്. എന്നുമാത്രമല്ല, അവയുടെ സ്വഭാവവും, അവ നിർമ്മിക്കുന്ന പ്രത്യാഘാതങ്ങളും ഇപ്പോളും പൂർണ്ണമായി ചുരുളഴിഞ്ഞിട്ടില്ല. 

നഗര പ്രളയം എന്ന പേരിൽ തന്നെയുണ്ട് അവയ്ക്ക് നഗരങ്ങളുമായുള്ള ബന്ധം. നഗരങ്ങളിൽ മാത്രം സംഭവിക്കുന്ന അദ്ഭുത പ്രതിഭാസം എന്ന നിലയ്ക്കല്ല, നഗര വത്ക്കരണത്തിന്റെ ഒരു ഉപോൽപ്പന്നം എന്ന നിലയ്ക്കാണ് നഗര പ്രളയങ്ങളെ വിശേഷിപ്പിക്കുവാൻ കഴിയുക. അതിവൃഷ്ടിയിൽ പെയ്ത്തുവെള്ളം ഒഴിഞ്ഞുപോവാതെ ഒരു പ്രദേശത്തെയപ്പാടെ വെള്ളക്കെട്ടിൽ ആക്കുന്ന അവസ്ഥ. നദീതടങ്ങളിൽ സംഭവിക്കുന്ന പ്രളയങ്ങളിൽ നിന്നും വിഭിന്നമായി, വല്ലാതെ തുണ്ടു വത്ക്കരിക്കപ്പെട്ട രീതിയിലാണ് ഇവ ദൃശ്യമാവുന്നത്. എവിടെ, എങ്ങനെ, എത്ര തീവ്രതയിൽ എന്നൊന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത തരം വെള്ളക്കെട്ടുകൾ.

നമുക്ക് പരിചിതമായ, നദി കരകവിഞ്ഞൊഴുകുന്ന പ്രളയങ്ങളുടെ സ്വഭാവം മുൻകൂട്ടിക്കാണുവാൻ എളുപ്പമാണ്. കാരണം, പ്രളയ തീവ്രതയും, ഏതെല്ലാം പ്രദേശങ്ങളെയാവും അത് ബാധിക്കുക എന്നതും നിർണയിക്കുന്നത് മഴയുടെ തീവ്രതയും, ഭൂപ്രകൃതിയുമാണ്. സാങ്കേതികമായി മാത്രമല്ല, ഇത്തരം പ്രളയങ്ങളുടെ സ്വഭാവം പ്രാദേശിക ജനതയ്ക്ക് കൂടി മുൻകൂട്ടി കാണുവാൻ കഴിയും. എന്നാൽ, നഗര പ്രളയങ്ങൾ ഒരു പരിധിവരെ പ്രവചനാതീതം ആണ്. അതിവൃഷ്ടി സംഭവിച്ചാൽ, പ്രളയം ഉണ്ടാവും എന്നല്ലാതെ അത് എവിടെ, എങ്ങിനെ, എത്രമാത്രം പ്രദേശത്ത് എന്നൊക്കെ മുൻകൂട്ടി പ്രവചിക്കുവാൻ പ്രയാസം.

പലപ്പോഴും, വെള്ളം പൊങ്ങിക്കഴിഞ്ഞ ശേഷം മാത്രമാവും പ്രദേശവാസികൾ കൂടി അപകടം തിരിച്ചറിയുന്നത്.ഭൂപ്രകൃതിവെച്ച്  ഒരിക്കലും വെള്ളപ്പൊക്കം സംഭവിക്കാൻ ഇടയില്ലയെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ പോലും അതിവേഗം വെള്ളക്കെട്ടിൽ അകപ്പെടുന്ന അവസ്ഥ. എന്തുകൊണ്ടാണിങ്ങനെ? അതിന് കാരണം കേവലം ഭൂപ്രകൃതിയോ, ജലാശയങ്ങളുമായുള്ള സാമീപ്യമോ, മഴയുടെ അളവോ മാത്രമല്ല, മറ്റനേകം കാരണങ്ങൾ ഇതിന് പിന്നിൽ  പ്രവർത്തിക്കുന്നു  എന്നതുതന്നെ. 

2024 മെയ് 29 ന് ആലപ്പുഴ നഗരത്തിലെ ഒട്ടുമിക്ക റോഡുകളും വെള്ളത്തിൽ മുങ്ങി. കുറേയധികം വീടുകളിൽ വല്ലാതെ വെള്ളം പൊങ്ങി. വെള്ളം ഒഴിഞ്ഞുപോവാത്ത അവസ്ഥ. ആ ദിവസം നഗരത്തിൽ വല്ലാതെ പ്രചരിച്ച ഫേസ്ബുക്ക് കുറിപ്പാണ്.

“2018 ലെ പ്രളയകാലത്ത് പോലും ഇവിടെ വെള്ളം പൊങ്ങിയില്ല, ഇതിപ്പോ എന്താ ഇങ്ങനെ.”

അതേ, ഇതെന്താണ് ഇങ്ങനെ? ഒരു രാത്രി ഇരുട്ടിവെളുത്തപ്പോളേക്കും വീടിന് മുന്നിലെ വെള്ളക്കെട്ട് കണ്ട് ആശ്ചര്യപ്പെട്ട ആളുകൾ ചോദിക്കുകയാണ്. അതേ, ഇതെന്താണ് ഇങ്ങനെ? ഒരു രാത്രി ഇരുട്ടിവെളുത്തപ്പോളേക്കും വീടിന് മുന്നിലെ വെള്ളക്കെട്ട് കണ്ട് ആശ്ചര്യപ്പെട്ട ആളുകൾ ചോദിക്കുകയാണ്. വെള്ളം കയറിയതല്ല, ആ വെള്ളക്കെട്ട് ഒഴിഞ്ഞുപോവാൻ വൈകിയതാണ് ആളുകളെ ആശങ്കപ്പെടുത്തിയത്. ഇതാണ് നഗര പ്രളയങ്ങളുടെ സ്വഭാവം.

നഗര പ്രളയങ്ങളുടെ കാര്യകാരണങ്ങൾ ഇനിയും പൂർണമായി നമുക്ക് മുന്നിൽ ചുരുളഴിഞ്ഞിട്ടില്ല. എങ്കിലും, ഇതുവരെയുള്ള അനുഭവങ്ങൾ വെച്ച്, നാം തിരിച്ചറിഞ്ഞിട്ടുള്ള ഒരുപിടി കാര്യങ്ങൾ ഇനിയങ്ങോട്ട് വിശദീകരിക്കാം. എന്നാൽ അതിനു മുന്നോടിയായി, നഗര പ്രളയങ്ങൾ എന്തുകൊണ്ടാണ് ഇത്ര വലിയ ഒരു പ്രശ്നമാവുന്നത് എന്ന്കൂടി അറിയണം.

നദികൾ കരകവിഞ്ഞുണ്ടാവുന്ന പ്രളയത്തിന്റെ തീവ്രതയോ, അവ നിർമ്മിക്കുന്ന ആഘാതമോ നഗര പ്രളയങ്ങൾക്ക് ഇല്ല. എന്നാൽ, വളരെയധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടത്ത് സംഭവിക്കുന്നത് മൂലം, കൂടുതൽ ആളുകളെ ബാധിക്കുന്നു എന്നതും, വൈവിധ്യങ്ങളായ  പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എന്നതുമാണ് ഇവയെ അപകടകരമാക്കുന്നത്. വളരെ കൂടുതൽ ആളുകളും, സംവിധാനങ്ങളും ഒരു പ്രദേശത്ത് കേന്ദ്രീകരിക്കുന്ന അവസ്ഥയാണ് നഗരം. അവിടെ, പ്രളയത്തിന്റെ തീവ്രത കുറവായിരുന്നാലും അത് ബാധിക്കുന്ന സമൂഹത്തിന്റെ അളവ് വളരെ വലുതാണ്. ഒപ്പം അവിടെ സംഭവിക്കുവാൻ ഇടയുള്ള അപകടങ്ങളുടെ സ്വഭാവവും. ഉദാഹരണത്തിന്, ആളുകൾക്ക് വൈദ്യുത കമ്പികൾ പൊട്ടിവീണ് ഷോക്ക് ഏറ്റ് ഉണ്ടാവുന്ന അപകടങ്ങൾ, റോഡ് അപകടങ്ങൾ, മരങ്ങൾ മറിഞ്ഞു വീണുണ്ടാവുന്ന അപകടങ്ങൾ, രോഗങ്ങൾ പെരുകുന്ന അവസ്ഥ മുതലായവയെല്ലാം ഇതിൽ ഉൾപ്പെടാം.

നഗര വികസനവും, കാലാവസ്ഥാ വ്യതിയാനവും 

ഇനി കാരണങ്ങളിലേയ്ക്ക് വരാം. ഒന്നാമത്തേത് മീറ്റിയോറോളജിക്കൽ ഘടകങ്ങൾ അഥവാ അന്തരീക്ഷാവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ആണ്. കനത്തതും അപ്രതീക്ഷിതവുമായ മഴ, വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം ജലം നിക്ഷേപിച്ചു മടങ്ങുന്നതാണ് നഗര പ്രളയങ്ങൾക്ക് ഒരു സുപ്രധാന കാരണം. ഇതിന് കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമുണ്ട് എന്നുതന്നെയാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എല്ലാത്തരം പ്രളയങ്ങൾക്കും പൊതുവായി ഉള്ള ഒരു കാരണം അതിവൃഷ്ടി എന്ന് വിളിക്കപ്പെടുന്ന, സാധാരണയിലും ഉയർന്ന അളവിലുള്ള  പെയ്ത്തു വെള്ളം കരയിൽ നിക്ഷേപിക്കപ്പെടുന്ന അവസ്ഥയാണ്. എന്നാൽ, എല്ലായ്പ്പോഴും അതിവൃഷ്ടി കൊണ്ട് പ്രളയം ഉണ്ടാവണം എന്നില്ല. ആകെയുള്ള പെയ്ത്തുവെള്ളത്തിന്റെ അളവും, അത് നിക്ഷേപിക്കുവാൻ എടുക്കുന്ന സമയവും ചേർന്നാണ് പ്രളയ സാധ്യത നിർണ്ണയിക്കുന്നത്. മഴയുടെ അളവ് എത്രതന്നെ കൂടുതൽ ആയാലും, അത് ഏറെ സമയം എടുത്ത് പെയ്യുന്ന പക്ഷം കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. കൃത്യമായ ഡാം മാനേജ്മെന്റ് കൊണ്ടും (പ്രളയ നിവാരണത്തിൽ ഡാമുകൾക്ക് വലിയ പങ്കുണ്ട്), നിലവിൽ ഉള്ള നീർവർച്ചാ സംവിധാനങ്ങൾ ഉപയോഗിച്ചും പ്രളയ സാഹചര്യത്തെ ഒഴിവാക്കാം. എന്നാൽ, ഇതേ അളവിൽ മഴ വളരെ കുറച്ചു സമയം കൊണ്ട് പെയ്യുമ്പോൾ അത് ലഭ്യമായ സംവിധാനങ്ങളുടെ ശേഷിയെ മറികടക്കുകയും, പ്രളയത്തിലേയ്ക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തിൽ കൂടിയ അളവിലുള്ള മഴ, കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന സാഹചര്യമാണ് പ്രളയങ്ങളിലേക്ക് നയിക്കുന്നത്. 2018 ലെ പ്രളയത്തിന് ഒരു പ്രധാന കാരണമായി CWC ചൂണ്ടിക്കാണിച്ചത് ഈപ്പറഞ്ഞ പ്രവണതയാണ്. നദികൾ കരകവിയുന്ന പ്രളയങ്ങളിലും, നഗര പ്രളയങ്ങളിലും ഇത്തരം അതിതീവ്ര മഴകൾക്ക് വലിയ സംഭാവനയുണ്ട്. ഇതിന് കാലാവസ്ഥാ വ്യതിയാനവുമായി എന്താണ് ബന്ധം എന്നാണ് ഇനി പരിശോധിക്കേണ്ടത്.

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ. എസ്. അഭിലാഷിന്റെ അഭിപ്രായത്തിൽ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്, വർദ്ധിച്ച അന്തരീക്ഷ ഊഷ്മാവ് വലിയ അളവിൽ സമുദ്രജലത്തെ ബാഷ്പ്പീകരിക്കുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. ശരാശരി അന്തരീക്ഷ ഊഷ്മാവിൽ സംഭവിക്കുന്ന വ്യതിയാനം ആണല്ലോ കാലാവസ്ഥാ വ്യതിയാനത്തിന്റെ സവിശേഷത. കേരളത്തിന്റെ കാര്യത്തിൽ, അറബിക്കടൽ ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് ചൂട് കൂടുകയാണ്. സമുദ്രോപരിതലത്തിൽ നിന്നും താപം കൊണ്ട് നീരാവിയാവുന്ന ജലമാണല്ലോ മഴയായി കരയിലേയ്ക്ക് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനം ഈ ജല ചക്രത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാമതായി ചൂട് വർദ്ധിക്കുന്നത് മൂലം സമുദ്രോപരിതലത്തിൽ നിന്നും കൂടുതൽ ജലം ബാഷ്പീകരിച്ചു മുകളിലേക്ക് എത്തും. രണ്ടാമതായി, ജലബാഷ്പത്തെ ആഗിരണം ചെയ്യുന്നതിനുള്ള അന്തരീക്ഷത്തിന്റെ ശേഷിയിൽ വരുന്ന വർദ്ധനവാണ്. ബാഷ്പീകരിച്ചു മുകളിലേക്ക് ഉയരുന്ന നീരാവിയിലെ ജലാംശത്തെ ഉൾകൊള്ളുന്നതിന് അന്തരീക്ഷത്തിന് നിശ്ചിത പരിധിയുണ്ട്. അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ടാണ് ഈ പരിധി കൂടുകയോ കുറയുകയോ ചെയ്യുന്നത്. അന്തരീക്ഷ ഊഷ്മാവിൽ വരുന്ന വർദ്ധനവ് മൂലം അന്തരീക്ഷ വായുവിന് കൂടുതൽ നീരാവിയെ ശേഖരിച്ചു വയ്ക്കുവാൻ കഴിയും. ഇവ രണ്ടും ചേർന്നാണ് കൂടുതൽ മഴമേഘങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നത്.

മൺസൂണിനൊപ്പമോ, ന്യൂനമർദ്ദങ്ങൾക്ക് ഒപ്പമോ കരയിലേയ്ക്കെത്തുന്ന ഈ മഴമേഘങ്ങളാണ് മേഘവിസ്ഫോടനത്തിന്റെയും മറ്റും രൂപത്തിൽ വർദ്ധിച്ച വൃഷ്ടി, കുറഞ്ഞ സമയം കൊണ്ട് കരയിൽ നിക്ഷേപിക്കുന്നത്

എന്നാൽ കാലാവസ്ഥാ മാറ്റമോ, തൽഫലമായുള്ള വർദ്ധിച്ച വൃഷ്ടിയോ മാത്രമാണ് നഗര പ്രളയങ്ങളുടെ കാരണം എന്ന് പറയുക വയ്യ. നിലവിൽ ലഭ്യമായ പഠനങ്ങൾ അധികരിച്ചു പറഞ്ഞാൽ കൃത്യമായ ആസൂത്രണം ഇല്ലാത്ത നഗരവൽക്കരണത്തിന്റെ കൂടി ഫലമാണ്  നഗരപ്രളയങ്ങൾ. ഇതിൽത്തന്നെ  ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതാണ് പ്രശ്നങ്ങളുടെ ഏറിയ പങ്കും. നിലവിലെ സാഹചര്യത്തിൽ അതിവൃഷ്ടി സംഭവിക്കുവാനുള്ള സാധ്യത ഏറെയാണ് എന്ന് വ്യക്തമാക്കിയിരുന്നല്ലോ. ഇങ്ങനെ അതിവൃഷ്ടി സംഭവിക്കുന്ന സാഹചര്യങ്ങളിൽ, കരയിൽ സ്വാഭാവികമായും വലിയ നീരൊഴുക്ക് രൂപപ്പെടും. രണ്ട് രീതിയിലാണ് ഈ നീരൊഴുക്ക് കൈകാര്യം ചെയ്യപ്പെട്ടു പോരുന്നത്. ഒന്ന് നീർവാർച്ചാ സംവിധാനങ്ങളുടെ സഹായത്തോടെ, രണ്ട് ജലത്തെ ഉൾക്കൊള്ളുവാൻ കഴിയുന്ന നീർത്തടങ്ങളുടെയും മണ്ണിന്റെയും സഹായത്തോടെ.

നീർവാർച്ചാ സംവിധാനം എന്നാൽ ജലത്തെ ഒഴുക്കിക്കൊണ്ടു പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും, അതിനെ ഉൾക്കൊള്ളുന്നതിനുള്ള സിങ്കും (ഒഴുക്ക് വെള്ളം ചെന്നു ചേരുന്ന ഇടത്തെ തൽക്കാലം അങ്ങിനെ വിളിക്കാം)  ഉൾപ്പെടും. ഉദാഹരണത്തിന് തീരദേശ നഗരങ്ങളിൽ വെള്ളം ഒഴുകി ചേരേണ്ടത് കടലിലേയ്ക്ക് ആയിരിക്കും. കടൽ ആണ് പ്രധാന സിങ്ക്. എന്നാൽ  കടൽ എല്ലാസമയവും ഒഴുക്ക് വെള്ളത്തെ സ്വീകരിക്കുകയില്ല. വേലിയേറ്റം, വേലിയിറക്കം പോലുള്ള പ്രതിഭാസങ്ങൾ, കടലിന്റെ പ്രക്ഷുബ്ധത ഒക്കെയും ചേർന്നാണ് കടലിലേക്കുള്ള ജലനിക്ഷേപം നിർണയിക്കപ്പെടുന്നത്. കടൽ പെയ്ത്തുവെള്ളത്തെ സ്വീകരിക്കുന്ന നിശ്ചിത ഇടവേളയ്ക്കുള്ളിൽ പരമാവധി ജലം കടലിലേയ്ക്ക് ഒഴുക്കികളയുന്നതിനുള്ള ശേഷി നീർവാർച്ചാ  സംവിധാനങ്ങൾക്ക് ഉണ്ടായിരിക്കുക എന്നതാണ് ഇവിടെ പ്രധാനം. 

അപ്പോൾ കടൽ ജലം സ്വീകരിക്കാത്ത ഘട്ടങ്ങളിലോ? ഇവിടെയാണ് താൽക്കാലിക സംഭരണികളുടെ പ്രസക്തി. കടൽ പെയ്ത്തുവെള്ളത്തെ സ്വീകരിക്കാത്ത ഘട്ടത്തിലും കുറേയധികം ജലം സംഭരിച്ചുവയ്ക്കുന്നതിനുള്ള ജല സംഭരണികൾ കരയിൽ ആവശ്യമാണ്. വലിയ തടാകങ്ങൾ മുതൽ സാമാന്യം വലുപ്പമുള്ള തോടുകളും, വെറ്റ്ലാൻഡുകളും, പാടങ്ങളും, കുളങ്ങളും ഒക്കെ ഈ ബഫർ സംവിധാനങ്ങളുടെ ഭാഗമാണ്. ഇവ കുറേയധികം പെയ്ത്തുവെള്ളത്തെ ഉൾക്കൊണ്ടുകൊണ്ട് മറ്റിടങ്ങളിൽ വെള്ളപ്പൊക്കം വരാതെ കാക്കും. വെള്ളം സംഭരിച്ചു വയ്ക്കുവാൻ കെൽപ്പുള്ള നഗരത്തിലെ ഇത്തരം ഇടങ്ങളെ ‘ബ്ലൂ ഏരിയ’ എന്നാണ് നഗരാസൂത്രകർ വിശേഷിപ്പിക്കുന്നത്.

മറ്റൊരു നിർണ്ണായക ഘടകം നഗരത്തിൽ ഉള്ള ‘ഗ്രേ ഏരിയ’കൾ ആണ്. റോഡുകൾ, കെട്ടിടങ്ങൾ, കോൺക്രീറ്റോ-ഇന്റർലോക്കോ ചെയ്ത നടപ്പാതകൾ എന്നിവ ഉൾപ്പടെ എന്തെങ്കിലും നിർമ്മാണം നടന്നിട്ടുള്ള ഇടങ്ങൾ ആണ് ഗ്രേ-ഏരിയകൾ. ഒഴുക്ക് വെള്ളത്തെ മാനേജ് ചെയ്യുന്നതിൽ അല്ല, അതിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലേയ്ക്കാണ് ഗ്രേ ഏരിയകളുടെ സംഭാവന. സാധാരണ ഗതിയിൽ, മഴപെയ്യുമ്പോൾ ഭൂമിയുടെ ഉപരിതലത്തിലെ മണൽ സാച്ചുറേറ്റഡ് (സംഭരിക്കാവുന്ന പരമാവധി ജലത്തെ ഉൾക്കൊണ്ടുകഴിഞ്ഞ അവസ്ഥ) ആവുന്നത് വരെ, മണ്ണ് പെയ്ത്തുവെള്ളത്തെ താഴേയ്ക്ക് കിനിഞ്ഞ് ഇറങ്ങുന്നതിന് സഹായിക്കും.  ഒപ്പം കുറേയധികം ജലത്തെ ഒരു സ്പോഞ്ചുപോലെ സംഭരിച്ചു നിർത്തുകയും ചെയ്യും. (ഇത് എല്ലാ ഭൂപ്രദേശങ്ങൾക്കും ബാധകമല്ല. ഉപരിതലത്തിന്റെ ഈ ശേഷി മണ്ണിന്റെ ഘടന അനുസരിച്ച് ഓരോ ഭൂപ്രദേശങ്ങൾക്കും ഓരോന്നാണ്). അതുകൊണ്ട് തന്നെ മഴപെയ്തു ഉപരിതലത്തിൽ എത്തുന്ന മുഴുവൻ ജലവും ഡ്രെയിനേജിലൂടെ ഒഴുക്കിക്കളയേണ്ട ആവശ്യം വരാറില്ല. എന്നാൽ ഈ മണലിന് മുകളിൽ നിർമ്മിതികൾ വരുമ്പോൾ, ഭൂമിയിലേക്കുള്ള  കിഞ്ഞിറങ്ങലും, മണ്ണിന്റെ ആഗിരണവും കുറയും. സ്വാഭാവികമായും, ഈ ജലവും ഒഴുക്ക് വെള്ളമായി മാറും. ഇതിനെ ഒഴുക്കിക്കളയേണ്ട ഭാരം ഡ്രെയിനേജ് സംവിധാനങ്ങളുടെ ചുമലിലും.

ഇപ്പറഞ്ഞവയെല്ലാം പൊതുവായി നഗര പ്രളയങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. ഇവയ്ക്ക് പുറമെ മറ്റനേകം ഘടകങ്ങൾ നഗരങ്ങളിൽ നമുക്ക് നിരീക്ഷിക്കുവാൻ കഴിയും. ഉദാഹരണത്തിന് കൃത്യമായ ഉയര ക്രമീകരണമോ, ആവശ്യമായ ഡ്രെയിനേജ് ശേഷിയോ ഇല്ലാതെ നിർമ്മിക്കുന്ന റോഡുകൾ, പ്രദേശത്തെ നീരൊഴുക്കിനെ പരിഗണിക്കാതെ ഏകപക്ഷീയമായുള്ള ഭൂമി ഉയർത്തൽ, ഭൂമിയിൽ നിന്നുള്ള നീർവാർച്ച ഉറപ്പ് വരുത്താതെ മതിലുകൾ ഉപയോഗിച്ച് കെട്ടിയടയ്ക്കുന്ന ഭൂമികൾ, എന്നിവ ഉൾപ്പടെ തുണ്ടു വത്ക്കരിക്കപ്പെട്ട  ഭൂമി ഓരോരുത്തരും തോന്നുംപടി നടത്തുന്ന ഇടപടലുകൾ പലതും ഫലത്തിൽ നഗര പ്രളയങ്ങളിലേക്ക് നയിക്കുന്നുണ്ട്.  

ചുരുക്കത്തിൽ കാലാവസ്ഥാ വ്യതിയാനമോ, അതിന്റെ ഭാഗമായ മീറ്റിയോറോളജിക്കൽ പ്രതിഭാസങ്ങളോ മാത്രമല്ല, നഗരത്തിന്റെ ഭൂപ്രകൃതിയിലും, ഘടനയിലും അനുദിനം വന്നുകൊണ്ടിരിക്കുന്ന ഓരോ മാറ്റങ്ങളും നഗര പ്രളയങ്ങളെ സ്വാധീനിക്കുന്നു. നഗര പ്രളയങ്ങളുടെ കാര്യകാരങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യം വിശദീകരിക്കുന്നതിനും,  അവയുടെ സങ്കീർണ്ണത മനസ്സിലാക്കുന്നതിനും കേരളത്തിലെ ഒരു തീരദേശ പട്ടണമായ ആലപ്പുഴ നഗരത്തിന്റെ ഒരു ഉദാഹരണം കൂടി പങ്കുവയ്ക്കാം. 2021 ൽ IIT ബോംബെയും, കിലയും ചേർന്ന് നടത്തിയിട്ടുള്ള നഗര വെള്ളപ്പൊക്ക പഠനത്തിന്റെ വിശദാംശങ്ങൾ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്.

നഗര പ്രളയം, ആലപ്പുഴയുടെ അനുഭവം

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പട്ടണങ്ങളിലൊന്നാണ് ആലപ്പുഴ. നിരവധി ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉള്ള പ്രദേശം. അതിലൊന്നാണ് നഗരം മുഴുവന്‍ പടര്‍ന്നൊഴുകുന്ന വിപുലമായ കനാല്‍ ശൃംഖല. മണ്‍സൂണ്‍ കാലത്ത് ഈ പ്രദേശത്ത്‌ പെയ്യുന്ന മഴവെള്ളത്തെ കടലിലേയ്ക്കും കായലിലേയ്ക്കും എത്തിക്കുക എന്ന സുപ്രധാന ധര്‍മ്മം നിര്‍വ്വഹിച്ചിരുന്നത് ഈ കനാല്‍ ശൃംഖലയാണ്. അതിന് പുറമേ കേരളത്തിലെ റോഡ്‌ ഗതാഗത സൗകര്യങ്ങൾ വികസിക്കുന്നതിനും മുന്‍പ് ഈ കനാലുകളായിരുന്നു വാണിജ്യ-വ്യവസായ പട്ടണമായ ആലപ്പുഴയുടെ പ്രധാന ഗതാഗത മാര്‍ഗ്ഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ആലപ്പുഴയിലെ തുറമുഖം ഇല്ലാതാവുകയും, റോഡു ഗതാഗത ശൃംഖലകളും, ആധുനിക  ജലസേചന സൗകര്യങ്ങൾ വികസിക്കുകയും ചെയ്തു. ഇതോടെ നഗരത്തിലെ കനാലുകളുടെ പ്രാധാന്യം കുറഞ്ഞു. ക്രമേണ കനാലുകള്‍ കയ്യേറ്റത്തിനും മാലിന്യ നിക്ഷേപത്തിനും വിധേയമായി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയി ആലപ്പുഴ നഗരത്തില്‍ പലയിടത്തും പതിവായി വെള്ളക്കെട്ട് രൂപപ്പെടുന്നു. റോഡുകൾ പലതും വെള്ളക്കെട്ടു മൂലം സഞ്ചാര യോഗ്യമല്ലാതായി മാറുന്നു. മുന്‍പൊരിക്കലും വെള്ളക്കെട്ട് വന്നിട്ടില്ലാത്ത ഇടങ്ങളെക്കൂടി ഇത് ബാധിക്കുന്നു.  പലയിടങ്ങളിലും ഏതാണ്ട് ഒരു മീറ്ററോളം ജലനിരപ്പ്‌ ഉയരുന്നു. വെള്ളം ഒഴിഞ്ഞു പോവാനുള്ള തടസ്സങ്ങള്‍ മൂലം പലഭാഗത്തും മഴ മാറിയിട്ടും ദിവസങ്ങളോളം ഈ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ.

ഇന്ത്യന്‍ മീറ്റിയോളജിക്കല്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം 20-30 മി.മീ എന്ന നിരക്കില്‍ ആണ് ആലപ്പുഴയില്‍ സാധാരണ പെയ്യുന്ന മഴ. മണ്‍സൂണ്‍കാലത്ത് ചില ദിവസങ്ങളില്‍ ഇത് 50-70 മി.മീ നിരക്കിലും, അപൂര്‍വ്വമായി 90-120 മി.മീ എന്ന നിരക്കിലും പെയ്യാറുണ്ട്. 2021 മെയ് മാസം  14, 15 എന്നീ രണ്ടു ദിവസങ്ങളിലായി ആലപ്പുഴയില്‍ പെയ്തത് 224 mm മഴയാണ്. 46.8 ച.കി.മീ വിസ്തൃതിയുള്ള ആലപ്പുഴ നഗരസഭാ പ്രദേശത്ത്‌ ഏകദേശം  10.5 ദശലക്ഷം ക്യൂബിക് മീറ്റര്‍ പെയ്ത്തു  വെള്ളമാണ്  ഇതുവഴി നിക്ഷേപിക്കപ്പെട്ടത്. സെക്കന്റില്‍ 60 ക്യൂബിക് മീറ്റര്‍ എന്ന നിരക്കില്‍ ഈ വെള്ളത്തെ കനാലുകളിലൂടെ ഒഴുക്കി കളഞ്ഞാല്‍ മാത്രമാണ്  വെള്ളക്കെട്ട് ഒഴിവാക്കുവാൻ കഴിയുക. എന്നാൽ കനാല്‍ കൈയ്യേറിയുള്ള  നിർമ്മിതികളും, നിരന്തരമായ മാലിന്യ നിക്ഷേപവും മൂലം കനാലുകളുടെയും ചെറു തോടുകളുടെയും വ്യാപ്തി വല്ലാതെ കുറഞ്ഞിരുന്നു. കനാലുകളുടെയും തോടുകളുടെയും തുടർച്ച പലയിടത്തും നഷ്ടപ്പെട്ട് പോയി. കണ്ണികൾ മുറിഞ്ഞു പോയത് മൂലം പല കനാലുകളും ഒറ്റപ്പെട്ട വെള്ളക്കെട്ടുകളായി മാറി. ഒഴുകുന്ന മാലിന്യങ്ങളും, ആഫ്രിക്കൻ പായലും കനാല്‍ കരയില്‍ വളരുന്ന സസ്യങ്ങളും കനാലിലെ നീരൊഴുക്കിനു തടസ്സങ്ങൾ സൃഷ്ടിച്ചു. ഒപ്പം ഈ കനാലുകൾ കടലിലേയ്ക്ക് ജലം ഒഴുക്കിക്കളയുന്ന ഔട്ട്ലറ്റുകളുടെ വീതിയും കാലക്രമത്തിൽ വല്ലാതെ കുറഞ്ഞിരുന്നു. ചുരുക്കത്തിൽ ആവാഹ ശേഷി കുറഞ്ഞ്, കൈവഴികള്‍ പലതും നഷ്ട്ടപ്പെട്ട്, തടസ്സങ്ങള്‍ മൂലം ഒഴുക്ക് പോലും നിലച്ച കനാലുകള്‍ ഇതില്‍ പരാജയപ്പെടുന്ന സ്ഥിതിയായി. 

കനാലുകൾ ഉൾപ്പെടെയുള്ള ഡ്രയിനേജുകളുടെ ശോഷണം മാത്രമല്ല, നഗരവൽക്കരണത്തിന്റെ ഭാഗമായി നഗര പശ്ചാത്തലത്തില്‍ സംഭവിച്ച ഒട്ടേറെ മാറ്റങ്ങളും ഇവിടുത്തെ നഗര പ്രളയങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. മഴ പെയ്യുമ്പോള്‍ വരുന്ന പെയ്ത്തു വെള്ളം മുഴുവനായും ഒഴുകി കടലിലോ കായലിലോ പോവുന്നതല്ല സ്വാഭാവിക രീതി. പെയ്ത്തു വെള്ളത്തിന്റെ ഒരു ഭാഗം മാത്രമാണ് കനാലുകളിലൂടെ ഇത്തരത്തില്‍ ഒഴുകി പോവുന്നത്. മറ്റൊരു പങ്ക് വെള്ളം മണ്ണിലേയ്ക്ക് ഇറങ്ങി പോകും. കുറെ വെള്ളം ശല്യമുണ്ടാക്കാത്ത വിധത്തില്‍  കുളങ്ങള്‍, ചെറിയ പാടങ്ങള്‍, പറമ്പ്, വീട്ടുമുറ്റം എന്നിവിടങ്ങളിലായി തങ്ങി നില്‍ക്കും. കനാലുകള്‍ക്കൊപ്പം ഇവയെല്ലാം കൂടി ചേര്‍ന്നാണ് പെയ്ത്തു വെള്ളത്തെ ഉള്‍ക്കൊള്ളുന്നതും വെള്ളപ്പൊക്കത്തെ തടയുന്നതും. പക്ഷെ ഇന്ന് നഗരത്തിന്റെ ഭൂരിഭാഗവും നിര്‍മ്മിതികള്‍ വന്നു കഴിഞ്ഞു. കെട്ടിടങ്ങളെ കൂടാതെ ബാക്കി അവശേഷിച്ചിട്ടുള്ള ഭൂമിയില്‍ നല്ല പങ്കും റോഡുകള്‍ ആയിക്കഴിഞ്ഞു. വെള്ളം കിനിഞ്ഞിറങ്ങാനുള്ള മണ്ണ് അവശേഷിച്ചിരുന്ന വീട്ടുമുറ്റങ്ങള്‍ അതിവേഗത്തില്‍ ഇന്റര്‍ലോക്ക്/കോണ്‍ക്രീറ്റ് ചെയ്യുന്ന നിലയുണ്ട്. പെയ്ത്തു വെള്ളത്തിന്  ഒഴുകി പടരാനോ, കിനിഞ്ഞിറങ്ങാനോ നിലവില്‍ ഇടമില്ല. അതുകൊണ്ട് തന്നെ പെയ്യുന്ന മഴയുടെ സിംഹഭാഗവും കനാലുകളിലൂടെത്തന്നെ ഒഴുകി പോവേണ്ട നിലവവരുന്നു. കനാലുകളുടെ   സ്വാഭാവിക ശേഷിവച്ചു പോലും ഇത് സാധ്യമല്ല എന്നിരിക്കെ നിലവിലെ അതിതീവ്ര മഴകള്‍ കൊണ്ടുവരുന്ന വെള്ളം മുഴുവനും വേഗത്തില്‍ ഒഴുക്കി കളയുക എന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി.

നഗര പ്രളയം കേരളത്തിൽ, ആസൂത്രണത്തിന്റെ പ്രസക്തി

കേരളത്തിലെ നഗര വൽക്കരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് തീരദേശം കേന്ദ്രീകരിച്ചാണ് മുന്നേറുന്നത് എന്നതാണ്. സ്വാഭാവികമായും അപ്സ്ട്രീമിൽ നിന്നുള്ള ഒഴുക്ക്, വർഷകാലത്തെ കടലിന്റെ പ്രക്ഷുബ്ധത, ഉയർന്ന ഭൂഗർഭ ജലവിതാനം എന്നിവയൊക്കെയും, കേരളത്തിൽ  നഗര പ്രളയങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. എഴുത്തുകാരനായ അമിതാവ് ഘോഷ് അദ്ദേഹത്തിന്‍റെ ദി ഗ്രേറ്റ്‌ ഡിറേഞ്ച്മെന്‍റ് എന്ന പുസ്തകത്തില്‍ കാലാവസ്ഥാ വ്യതിയാനകാലത്തെ വെള്ളപ്പൊക്കങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. ഒരിക്കലും വെള്ളപ്പൊക്കം വരില്ല എന്ന് കരുതിയുള്ള നഗരാസൂത്രണം  മുബൈ, ചെന്നൈ, കല്‍ക്കട്ട എന്നീ കൊളോണിയല്‍ പട്ടണങ്ങളെ എങ്ങനെ പ്രതിസന്ധിയിലാക്കി എന്നും, വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞുള്ള നിര്‍മ്മിതികളും താറുമാറായ ഡ്രയിനേജ് വ്യവസ്ഥയും അതിഭീകരമായ പ്രളയത്തിന് വഴിവച്ചത് എങ്ങനെയെന്നും എന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റുകളും ന്യൂനമര്‍ദ്ദവും  സജീവമാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ നഗരാസൂത്രണത്തില്‍ വെള്ളപ്പൊക്കത്തെ കാര്യമായി പരിഗണിക്കും. എന്നാല്‍ പടിഞ്ഞാറന്‍ തീരത്തെ സ്ഥിതി അങ്ങനെയായിരുന്നില്ല. ഇവടെ ചുഴലിക്കാറ്റുകളും ന്യൂനമര്‍ദ്ദവും അപൂര്‍വ്വങ്ങളായിരുന്നു. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കം ഇവിടെ ഒരു വലിയ പ്രശ്നമായി പരിഗണിച്ചിരുന്നില്ല. ഒരിക്കലും വെള്ളപ്പൊക്കം വരില്ല കരുതിയ മുബൈ നഗരത്തിൽ, 2005 ജൂലൈ 25 ലെ ഒരൊറ്റ ദിവസം പെയ്ത മഴ നഗരത്തെ ദിവസങ്ങളോളം നീളുന്ന പ്രളയ ദുരിതത്തിലേയ്ക്ക് എത്തിച്ചു. റെയില്‍ ഗതാഗതവും റോഡു ഗതാഗതവും ദിവസങ്ങളോളം നിലച്ചു. പലയിടങ്ങളിലും മുങ്ങിപ്പോയ ആളുകളെ മത്സ്യ ബന്ധന ബോട്ടുകളില്‍ ചെന്ന് രക്ഷിക്കേണ്ട നില വന്നു. ഈ അടുത്ത് ദുബായിൽ സംഭവിച്ച വെള്ളപ്പൊക്കവും നാം മറന്നിരിക്കാൻ  ഇടയില്ല.  വലുപ്പത്തില്‍ മുംബൈയുടെ അത്ര ഇല്ലെങ്കിലും കേരളത്തിലെ കൊച്ചി അടക്കമുള്ള തീരദേശ പട്ടണങ്ങള്‍ സമീപഭാവിയില്‍ നേരിടാന്‍ ഇടയുള്ള പ്രതിസന്ധി തന്നെയാണിത്. ദുബായും, മുംബൈയും വല്ലാതെ വികസിച്ചതുകൊണ്ടല്ല, വെള്ളപ്പൊക്ക സാധ്യതയെ നഗരാസൂത്രണത്തിൽ പരിഗണിക്കുവാൻ കഴിയാതെ പോയതാണ് പ്രധാന പ്രശ്നം. കാലാവസ്ഥാ വ്യതിയാനം മുന്നോട്ട് വയ്ക്കുന്ന അവ്യവസ്ഥയ്ക്ക് ഇതിൽ വലിയ സംഭാവനയുണ്ട്. കലാവസ്ഥയിലെ മാറ്റങ്ങളും, അതിന്റെ പ്രത്യാഘാതങ്ങളും എവിടെ എങ്ങിനെ, ഏത് രൂപത്തിലാവും സംഭവിക്കുക എന്ന് മുൻകൂട്ടി കാണുക ഒരുപരിധിവരെ അസാധ്യമാണല്ലോ.  കേരളത്തിലെ തീരദേശ പട്ടണങ്ങളിൽ ഡ്രെയിനേജ് സംവിധാനങ്ങൾ മുന്നേയുണ്ട്. സ്വാഭാവിക തോടുകളും, പിന്നീട് നിർമ്മിക്കപ്പെട്ട ഡ്രെയിനേജുകളുമെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ, ഇന്ന് കാണുന്ന വിധം പേമാരികൾ അപൂർവം ആയിരുന്ന കേരളത്തിൽ, ഡ്രെയിനേജുകളുടെ പ്രളയ നിവാരണ ധർമ്മം ഒരു മുൻഗണന ആയിരുന്നില്ല. അതുകൊണ്ട് അതെ, ഇവ  മലിന ജലവും, മാലിന്യവും നിക്ഷേപിക്കുന്നതിനുള്ള ഓടകളായി കാലക്രമത്തിൽ റീ-പർപ്പസ് ചെയ്യപ്പെട്ടു. പുതിയ കാലത്ത് അവ ഒരു പ്രതിസന്ധിയായി പരിണമിക്കുകയും ചെയ്തു. 

സ്പോഞ്ച് സിറ്റി 

ശക്തമായ പടിഞ്ഞാറന്‍ കാറ്റ് വീശുന്ന മണ്‍സൂണില്‍ ഇന്ത്യന്‍ മഹാസമുദ്രം കിഴക്കോട്ട് തള്ളിക്കയറി കേരള തീരത്ത്‌ കടല്‍ നിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്ന പ്രതിഭാസം പണ്ടേ നിലനില്‍ക്കുന്നതാണ്. നിലവിലെ ന്യൂനമര്‍ദ്ദ വേളകളിലും കടല്‍ ക്ഷോഭിച്ചു തന്നെ നില്‍ക്കും. ഒപ്പം അതിതീവ്ര  മഴയും. ഈ സാഹചര്യത്തിൽ മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനം നിർമ്മിച്ചാലും കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പ്രയാസമാണ്. കുറെയധികം പെയ്ത്തുവെള്ളത്തെ കരയിൽ തന്നെ സംഭരിക്കുക എന്നതാണ് ഇതിന് ഒരു പരിഹാരം. അതിനായി  കൂടുതൽ സംഭരണികൾ  നമുക്ക് ആവശ്യമായി വരും. 

പുതിയ കാലത്ത് നഗരാസൂത്രണത്തിൽ ഏറെ പ്രാധാന്യം നൽകിവരുന്ന ഒരു സങ്കൽപ്പം ആണ് സ്പോഞ്ച് സിറ്റി. നഗരത്തിലെ ഗ്രേ ഏരിയകളും, ബ്ലൂ ഏരിയകളും തമ്മിലുള്ള ബാലൻസ് ആണ് സ്പോഞ്ച് സിറ്റി സങ്കൽപ്പത്തിന്റെ സത്ത. മുഴവൻ വെള്ളത്തെയും ഒഴുക്കിക്കളയുവാൻ കഴിയാത്ത സാഹചര്യത്തിൽ നഗരത്തിനുള്ളിൽ തന്നെ പെയ്ത്തുവെള്ളത്തെ സംഭരിക്കുവാൻ ആവശ്യമായ ബ്ലൂ ഏരിയകളും കൂടി ഉൾക്കൊള്ളുന്ന നഗരങ്ങൾ. അതിവൃഷ്ടിയിൽ എത്തിച്ചേരുന്ന ജലത്തെ ഒഴുക്കി കളയുവാൻ കഴിഞ്ഞില്ല എങ്കിലും പരമാവധി സംഭരിച്ചു നിർത്തുവാൻ ശേഷിയുള്ള നഗരങ്ങൾ ആണ് സ്പോഞ്ച് സിറ്റികൾ. പ്രളയ നിവാരണം മാത്രമല്ല, രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ പരമാവധി  ജലം കരുതിവയ്ക്കുക എന്ന ആശയം കൂടി ഇതിനു പിന്നിൽ ഉണ്ട്. കാലാവസ്ഥാ വ്യതിയാനം പ്രളയങ്ങൾ മാത്രമല്ല, വരൾച്ചയും സമ്മാനിക്കും എന്ന അനുഭവത്തിൽ നിൽക്കുന്ന കേരളത്തിൽ സ്പോഞ്ച് സിറ്റി സങ്കൽപ്പത്തിന് വലിയ പ്രാധാന്യം ഉണ്ട്. 

നാം ഇനി സ്പോഞ്ച് സിറ്റി ആയി മാറണോ എന്ന് ചോദിക്കുന്നതിന് മുൻപായി ഈ സങ്കൽപ്പം കേരളത്തിന് പുതിയതാണോ എന്ന ചോദ്യം കൂടി നിലനിൽക്കുന്നുണ്ട്. കേരളത്തിലെ തീരദേശ നഗരങ്ങൾ  സ്വാഭാവികമായ സ്പോഞ്ച് സിറ്റികൾ തന്നെ ആയിരുന്നു. ധാരാളം ജലാശയങ്ങളും, നീർത്തടങ്ങളും, വയലുകളും ഉൾച്ചേർന്നു വലിയ ബ്ലൂ ഏരിയയാണ് കേരളത്തിൽ നിലനിന്നിരുന്നത്. ഈ ബ്ലൂ ഏരിയകളുടെ ശോഷണവും കേരളത്തിലെ നഗരവൽക്കരണത്തിന്റെ ഭാഗമാണ്. അശാസ്ത്രീയവും, അനിയന്ത്രിതവുമായ നഗര വൽക്കരണത്തിന്  ഇതിൽ പങ്കുണ്ട്. 

ആർക്കാണ്  ഉത്തരവാദിത്വം? ഗവർണൻസ് പ്രശ്നങ്ങൾ 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണ്ണീർത്തടങ്ങൾ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. ത്വരിത വേഗത്തിൽ നീങ്ങുന്ന കേരളത്തിന്റെ നഗര വൽക്കരണത്തിന്റെ സമ്മർദ്ദം വല്ലാതെ ഏറ്റുവാങ്ങേണ്ടി വരുന്നത് കേരളത്തിലെ തണ്ണീർത്തടങ്ങൾ ആണ്. പാടശേഖരങ്ങളും, കണ്ടൽക്കാടുകളും മാത്രമല്ല, നമ്മുടെ നാട്ടിലെ കുളങ്ങളും, ചെറുതോടുകളും തണ്ണീർതടങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങൾക്കിടയിൽ വലിയ അളവിൽ കേരളത്തിലെ ഹെക്ടർ കണക്കിന് തണ്ണീർത്തടങ്ങൾ നിയമപരമായും, നിയമ വിരുദ്ധമായും നികത്തപ്പെട്ടുണ്ട്. ഈ നികത്തലിന്റെ ഉത്തരവാദിത്വം എതെങ്കിലും ഒരുവിഭാഗത്തിന്മേലോ, മൊത്തം സമൂഹത്തിനുമേലോ ആരോപിച്ചു കയ്യൊഴിയുവാൻ പ്രയാസമാണ്. കാരണം സ്വകാര്യതാൽപര്യങ്ങൾക്ക് വേണ്ടിമാത്രമല്ല, പൊതുതാൽപ്പര്യങ്ങൾക്കു വേണ്ടിയും നീർത്തടങ്ങളും, ജലാശയങ്ങളും നികത്തപ്പെട്ടിട്ടുണ്ട്. ഈ നികത്തലുകൾ ഒരുപരിധിവരെ സമൂഹത്തിന്റെ ആവശ്യകതകളും ആയിരുന്നു. ഇനി ഇതിന് കാരണം എന്ന് കരുതപ്പെടുന്ന നഗരവൽക്കരണമോ? അതും സമൂഹത്തിന്റെ ആവശ്യകതയായിരുന്നു. ഒരു സമൂഹം എന്ന നിലയ്ക്ക് നാം കയ്യേറ്റിപ്പിടിച്ച മേന്മകളുടെയുടെ, തുല്യതയുടെയും പ്രതിഫലനം കൂടിയാണ് നഗരവൽക്കരണം. അത് ഏതെങ്കിലും ഒരു വിഭാഗം സ്വന്തം താൽപ്പര്യങ്ങൾക്കായി നമുക്ക് മേൽ അടിച്ചേൽപ്പിക്കുന്നതല്ല. സമൂഹത്തിന്റെ അപ്പാടെയുള്ള അഭിലാഷങ്ങളുടെ സാക്ഷാത്ക്കരമാണ്. അങ്ങിനെ നോക്കുമ്പോൾ, നഗരവൽക്കരണ പ്രക്രിയയോ, കാലാവസ്ഥാ മാറ്റമോ മാത്രമല്ല, നഗര ഗവർണൻസിനും ഇതിൽ പങ്കുണ്ട്.

ഗവർണൻസ് എന്നാൽ സർക്കാരും, പ്രാദേശിക സർക്കാരും, ഡിപ്പാർട്ട്മെന്റുകളും, പൊതുജനങ്ങളും, കമ്പോളവുമെല്ലാം ഉൾപ്പെടുന്ന സംവിധാനം ആണ്. സ്വകാര്യ താൽപര്യങ്ങളും, പൊതു താല്പര്യങ്ങളും തമ്മിലുള്ള സാകല്യമാണ് അതിന്റെ സത്ത. ഡ്രെയിനേജുകളെ ഇന്നത്തെ അവസ്ഥയ്ക്കു കാരണമായി ഈ സംവിധാനത്തിലെ ഏതെങ്കിയും ഒരു വിഭാഗത്തെ  മാത്രമായി പരിഗണിക്കുവാൻ കഴിയില്ല. കാരണം ഓരോ ഗവർണൻസ് പങ്കാളിക്കും ഡ്രെയിനേജുകളുടെ ശോഷണത്തിൽ ഉത്തരവാദിത്വം ഉണ്ട് എന്നതു തന്നെ. സ്വകാര്യ താൽപര്യങ്ങൾക്കും, പൊതുതാൽപര്യങ്ങൾക്കും ഇതിൽ തുല്യ പങ്കാളിത്തമാണ്. ഉദാഹരണത്തിന് ജലാശയങ്ങളുടെ കയ്യേറ്റങ്ങളുടെ  സ്വഭാവം നോക്കാം.   

സ്വകാര്യ കയ്യേറ്റങ്ങൾ നോക്കൂ. ആഡംബരത്തിന് വേണ്ടി മാത്രമാണോ സ്വകാര്യ വ്യക്തികൾ  ജലാശയങ്ങൾ കയ്യേറിയിട്ടുള്ളത്? കുട്ടനാട്ടിലെ ലൈഫ് ഭവനങ്ങളുടെ കാര്യമെടുക്കൂ. അവിടെ, വയൽ നികത്തിയെടുത്ത ഭൂമിയിലും  ഒരുപാട് ലൈഫ് ഭവനങ്ങൾ ഉയരുന്നുണ്ട്. സ്വന്തമായി ഒരു വീട് എന്ന മനുഷ്യാവശ്യത്തെ എങ്ങിനെയാണ് സ്വകാര്യതാൽപ്പര്യത്തിന്റെ മാത്രം  പരിധിയിലേയ്ക്ക്  ചുരുക്കുവാൻ കഴിയുക. അത് പ്രദാനം ചെയ്യുന്ന സാമൂഹികമായ തുല്യത, സമൂഹത്തിന്റെ കളക്ടീവ് ആയ മൂല്യങ്ങളുടെ സാക്ഷാത്ക്കരമാണ്. പൊതു താൽപര്യമാണ്. പല നഗരങ്ങളിലെയും ഡ്രെയിനേജുകളുടെ കരകളിൽ അധിവസിക്കുന്നത് പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ ആണ്. അവരുടെ സ്ഥലപരിമിതിയെ മറികടക്കുന്നതിനാണ് കയ്യേറ്റങ്ങളിൽ പലതും. ചിലപ്പോൾ ടോയ്ലറ്റുകൾ, ഒരു മുറിയുടെ എക്സ്റ്റൻഷൻ തുടങ്ങിയ കയ്യേറ്റങ്ങളെ സ്വാർത്ഥത മാത്രമായി  ചുരുക്കുവാൻ കഴിയില്ലല്ലോ. പൊതു കയ്യേറ്റങ്ങളുടെ കാര്യം എടുക്കാം. റോഡുകൾക്കും, അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള കയ്യേറ്റങ്ങൾ ഒരുവിഭാഗത്തിന് വേണ്ടിയോ, ഒരു പ്രദേശത്തിന് വേണ്ടിയോ  മാത്രം ഉള്ളതാണോ. നഗരങ്ങളിൽ ജനസാന്ദ്രത വർദ്ധിക്കുമ്പോൾ സ്വാഭാവികമായും അതിനൊത്ത് ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടിവരും. സ്വാഭാവികമായും റോഡ് സാന്ദ്രത വർദ്ധിക്കും. അവിടെയും ഏറ്റവും ആദ്യം കയ്യേറ്റത്തിന് വിധേയമാവുക ഡ്രെയിനേജുകളോ, നീർത്തടങ്ങളോ തന്നെയാണ്. 

നഗരം എന്ന സംവിധാനം നൽകുന്ന സൗകര്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യകതയാണ് ഇത്തരം കയ്യേറ്റങ്ങൾ. അവ പൊതുതാൽപ്പര്യങ്ങളിൻമേൽ കെട്ടിപ്പടുക്കുന്നവയാണ്. അതിന്റെ നേട്ടങ്ങൾ അനുഭവിച്ചുകൊണ്ട്, അത്തരം കയ്യേറ്റങ്ങളെ എങ്ങിനെയാണ് നമുക്ക് പ്രദേശിക/സ്വകാര്യ താൽപ്പര്യങ്ങളായി മാത്രം കാണുവാൻ കഴിയുക.   ചുരുക്കത്തിൽ നഗര വൽക്കരണത്തിന്റെ ഭാഗമായ കയ്യേറ്റങ്ങളും, ഡ്രെയിനേജുകളുടെ ശോഷണവും കേവലം സ്വകാര്യ താൽപര്യങ്ങൾ മാത്രമല്ല. സമൂഹത്തിന്റെ പൊതു താൽപര്യങ്ങൾ എന്ന മാനം കൂടി അവയ്ക്കുണ്ട്. എന്ന് കരുതി സ്വകാര്യ-പൊതുതാൽപര്യത്തിൻമേലുള്ള കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ കഴിയില്ല. കൃത്യമായ നിയന്ത്രണം ആവശ്യമാണ്. 

ഈ നിയന്ത്രണമാണ് ഗവർണൻസിന്റെ ഒരു പ്രധാന ധർമ്മം. ഗവർണൻസിൽ വ്യക്തിക്കും, നിയന്ത്രണ സംവിധാനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട്. വ്യക്തികൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ അവർ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് വ്യതികൾ തന്നെയാണ്. അതിന്റെ അടുത്ത തലമാണ് നിയന്ത്രണ സംവിധങ്ങൾ. ഈ കൂട്ടുത്തരവാദിത്വം ഏറെ പ്രധാനമാണ്. അവ തമ്മിലുള്ള സങ്കീർണ്ണതയും. ഈ സങ്കീർണ്ണതയെ  അഭിസംബോധന ചെയ്യുക എന്നതാണ് പ്രധാനം. കേവലമായി വ്യക്തികൾ സ്വയം നിയന്ത്രണം പാലിക്കുന്നില്ല എന്നോ, നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടുന്നില്ല എന്നോ പറഞ്ഞൊഴിയുവാൻ പ്രയാസം. ഈ കൂട്ടുത്തരവാദിത്വം എങ്ങിനെ മെച്ചപ്പെടുത്തും എന്നതാണ് ചിന്തിക്കേണ്ടത്.

നഗരവൽക്കരണം അനിവാര്യമായ ഒരു അപകടമോ?

നഗരവൽക്കരണം എന്ന് പൊതുവിൽ  പറയുമ്പോളും കേരളത്തിലെ നഗരവൽക്കരണത്തെ വേറിട്ടുകാണണം. കുത്തനെ മുകളിലേക്കല്ല, തിരച്ചീഹ്നമായാണ് അത് വികസിക്കുന്നത്. അതിന്റെ ഭൗതിക പ്രത്യേകതയല്ല, അതിന്റെ സാമ്പത്തിക-സാമൂഹിക പ്രത്യേകതയാണ് ഇവിടെ പ്രധാനം. മുകളിലേക്ക് വളരുന്ന വൻ നഗരങ്ങൾ പോലെ നഗരം വീണ്ടും നഗരവൽക്കരിക്കപ്പെടുന്നതല്ല കേരളത്തിലെ രീതി. ഇവിടെ നഗരങ്ങളുടെ തുടർച്ചയും പടർച്ചയുമാണ് നമുക്ക് നിരീക്ഷിക്കുവാൻ കഴിയുക. ഒന്നുകൂടി വ്യക്തമാക്കിയാൽ, നമ്മുടെ ഗ്രാമങ്ങൾ അതിവേഗം നഗരങ്ങൾ ആയി മാറുകയാണ്. നിലവിൽ നഗര വൽക്കരിക്കപ്പെട്ട പ്രദേശങ്ങളുടെ വളർച്ച മന്ദഗതിയിലും. എന്താണ് ഇതിന്റെ സാമ്പത്തിക സാമൂഹിക മാനം? അത് സമൂഹത്തിലെ വിഭവങ്ങളുടെ വിതരണത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. കൂടുതൽ സേവനങ്ങളും സങ്കേതിക വിദ്യയും, അടിസ്ഥാന സൗകര്യങ്ങളും കൂടുതൽപേരിലേയ്ക്ക് എത്തിച്ചേരുന്നുണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ്. ഈ  വിതരണമാണ് കേരളത്തിലെ നഗരവൽക്കരണത്തിന്റെ വേഗം കൂട്ടുന്നത്. അതൊരു മോശം പ്രവണത അല്ല. തുല്യതയ്ക്കും, നീതിക്കും വേണ്ടിയുള്ള കേരള സമൂഹത്തിന്റെ പരിശ്രമങ്ങളുടെ ഒരു പ്രതിഫലനമാണ്.  

ഇനി എന്താണ് നഗരങ്ങൾ ആർക്ക് വേണ്ടിയാണ് അവ  വികസിക്കുന്നത് എന്ന് നോക്കാം. അതിന് കേരള സമൂഹത്തിലും, കേരളത്തിലെ ഉൽപ്പാദന വ്യവസ്ഥയിലും  വന്നുചേർന്ന മാറ്റങ്ങൾ  കൂടി നമ്മൾ കാണ്ടേണ്ടതുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസം കരസ്ഥമാക്കിയ കേരളത്തിന്റെ ഭാവി തലമുറയുടെ  ജീവിതായോധനത്തിൽ ഗണ്യമായപങ്കും തൃതീയ  സാമ്പത്തിക മേഖലകളിൽനിന്നുമാണ്. അവരുടെ പ്രവർത്തന മേഖലയ്ക്കാവശ്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുവാനും, അവരുടെ ഉല്പാദനപ്രക്രിയ സുഗമമാക്കുന്നതിനും ആവശ്യമായ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും കൂടി സഞ്ചിത രൂപമാണ് നഗരങ്ങൾ. ചുരുക്കത്തിൽ കേരളത്തിലെ നഗരവൽക്കരണം എന്നത് അനിവാരമായ വിപത്തല്ല. നാം കയ്യെത്തിപ്പിടിച്ച മേന്മകളാണ്. എന്നാൽ പലപ്പോഴും വർദ്ധിച്ച അസമത്വപ്രക്രിയ നിലനിൽക്കുന്ന വൻനഗരങ്ങളിലെ നഗരവൽക്കരണമായി നമ്മുടെ നഗരവൽക്കരണം തെറ്റിദ്ധരിക്കപ്പെട്ടുപോവുന്നു (എന്നുകരുതി നമ്മുടെ നഗരങ്ങളിൽ അസമത്വം നിലനിൽക്കുന്നില്ല എന്ന് അർത്ഥമില്ല).

ഈ വസ്തുതകളും കൂടി പരിഗണിക്കുമ്പോൾ എങ്ങിനെയാണ് നാം നഗര പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടത്? ഒരിക്കലും പിന്നോക്കം നടന്നുകൊണ്ടാവില്ലല്ലോ. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് നഗര പ്രളയം അടക്കം ഉള്ള പ്രതിസന്ധികൾക്ക് നാം ഉത്തരം കണ്ടെത്തേണ്ടത്. നാം കയ്യെത്തിപ്പിടിച്ച മേന്മകളെ അതേപടി നിലനിറുത്തിക്കൊണ്ട്, അവയുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായ അവ്യവസ്ഥകളെയും, നഗരവൽക്കരണത്തിലെ അശാസ്ത്രീയതകളെയും അതിജീവിക്കുവാൻ നമുക്ക് കഴിയണം. അതിനാവശ്യമായ സങ്കേതികവിദ്യകളിലേയ്ക്കും, സ്ഥാപന സംവിധാനങ്ങളെയും, മെച്ചപ്പട്ട ഗവർണൻസിനെയും നിർമ്മിക്കുവാൻ കഴിയണം. 

Aknowledgements :  

  1. Kerala Institute of Local Administration 
  2. Dr. Abhilash S, Associate Professor, Department of Atmospheric Sciences, Cochin University of Science and Technology
  3. Gopakumar Mukundan, Centre for Socio-economic and Environmental Studies (CSES)
  4. Dryshya Viswan, Assistant Training Coordinator, Kerala Institute of Local Administration 
  5. Research team, IIT Bombay and KILA project
  6. Research team, TAG Support Forum
Happy
Happy
44 %
Sad
Sad
0 %
Excited
Excited
56 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വോട്ടർ പട്ടിക ‘വൃത്തിയാക്കാൻ’ നിർമ്മിതബുദ്ധി ഉപയോഗിച്ചാലോ?
Next post ലിഡാർ കണ്ടെത്തുന്ന ആമസോണിലെ ആദിമ നാഗരികത
Close