Read Time:15 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു – വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി – പതിനാലാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


അമ്മയുടെ മനസ്സിലെ സംഘര്‍ഷങ്ങള്‍ – നിരാശയും പേടിയും പ്രതീക്ഷയുമെല്ലാം – അമ്മയുടെ കണ്ണുകളില്‍ കാണാമായിരുന്നു. കുട്ടികള്‍ക്ക് വേണമെങ്കില്‍ മാറിയിരുന്നു എന്തെങ്കിലും കളിക്കാം എന്ന് അന്‍വര്‍മാഷ് പറഞ്ഞെങ്കിലും അവര്‍ അമ്മയുടെ അടുത്തുതന്നെ പറ്റിച്ചേര്‍ന്നിരുന്നു.

തക്കുടു പറഞ്ഞു, “അവരും കേട്ടോട്ടെ മാഷെ. ചെലപ്പം അവരുടെ സഹായോം വേണ്ടിവന്നാലോ. ഉണ്ണിയേട്ടനെ കാണാതായിട്ട് നാലുകൊല്ലം കഴിഞ്ഞൂന്നല്ലേ മാലിനിച്ചേച്ചി പറഞ്ഞത്. എന്താവും സംഭവിച്ചിട്ടുണ്ടാവുക?”

“എനിക്കറിയില്ല കുട്ടീ. ഉണ്ണിയേട്ടന്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധകനായിരുന്നു. കാണാതാകുമ്പം ഡല്‍ഹിക്കുള്ള നിസാമുദ്ദീന്‍ എക്സ്പ്രസ്സിലായിരുന്നു പോയിക്കൊണ്ടിരുന്നത്. ഇവിടുന്ന് പോയാല്‍ നാലാം ദിവസമാണ് തിരിച്ചെത്തുക. വന്നാല്‍ ഒരുപാടു കഥകളുണ്ടാകും പറയാന്‍. യാത്രക്കാരുടെ മണ്ടത്തരങ്ങള്‍, ദുര്‍വാശികള്‍, പൈസ പോക്കറ്റടിച്ചുപോയവരുടെ സങ്കടകഥകള്‍ അങ്ങനെ പലതും. കഥ കേള്‍ക്കാന്‍ തക്കുടു പിന്നാലെ നടക്കും. യദുവാണ് അന്ന് ‘അച്ഛന്റെ തക്കുടു.’ അവന് അങ്ങോട്ടും പറയാനുണ്ടാകും ഒത്തിരി കഥകള്‍. അധികോം സ്കൂളിലെ കഥകളാ. പിന്നെ രണ്ടാള്‍ക്കും ഇഷ്ടം ഉള്ള ഒരു വിഷയോം ഉണ്ട് – ഫുട്ബാള്‍”

എന്റെ മനസ്സിലേക്ക് അച്ഛന്റെ മെലിഞ്ഞുനീണ്ട, മുഖത്തിനു ചേരാത്ത കൊമ്പന്‍മീശയുള്ള രൂപം ഓടിയെത്തി. കളിയില്‍ അച്ഛന്‍ റൊണാള്‍ഡോയുടെ ആരാധകനും ഞാന്‍ മെസ്സിയുടെ ആരാധകനും ആയിരുന്നു. രാത്രി ഭക്ഷണസമയത്ത് ചെലപ്പം തര്‍ക്കം മൂക്കും. അപ്പം അമ്മ പറയും, ആരാ നല്ല കളിക്കാരന്‍ എന്നു ഞാന്‍ പറയാം.  ആരാ കൂടുതല്‍ ചപ്പാത്തി തിന്നുന്നതെന്നു നോക്കട്ടെ.

അച്ഛന്‍ യൂനിയന്‍ ഓഫീസില്‍ പോയി വന്ന ദിവസമാണെങ്കില്‍  മെസ്സി ജയിക്കും. അല്ലെങ്കില്‍ റൊണാള്‍ഡോ ജയിക്കും.

തക്കുടൂന്റെ ചോദ്യമാണ് എന്നെ ചിന്തയില്‍നിന്ന് ഉണര്‍ത്തിയത്. “അദ്ദേഹം ആരോടെങ്കിലും വഴക്കടിച്ചിരുന്നോ? ടിക്കറ്റെടുക്കാത്തതിന് പിടിക്ക്യോ, അങ്ങനെ വല്ലതും?”

“അതെപ്പഴും ഉണ്ടാകും. അതിന് ഫൈന്‍ ഈടാക്കും, അത്രേ ഉള്ളൂ. നിവൃത്തിയില്ലാഞ്ഞിട്ടാണെങ്കില്‍ സ്വന്തം കീശേന്ന് പൈസ എടുത്തുപോലും ടിക്കറ്റു കൊടുക്കും. ഒരാളുടെ പേരിലേ ആക്ഷേപം കൊടുക്കേണ്ടിവന്നിട്ടുള്ളൂ.”

“അതാരാ?”

“അതൊരു കള്ള സന്യാസിയാ. എല്ലാ വെള്ളിയാഴ്ചയും പന്‍വേല്‍ സ്റ്റേഷനില്‍നിന്നു കേറും. എപ്പഴും ഒരേ സീറ്റാരിക്കും, എസി കമ്പാര്‍ട്ടുമെന്റില്‍. കാഷായവസ്ത്രാണ്. നീണ്ട താടീം മുടീം. വലിയ രുദ്രാക്ഷമാല കുടവയറിന്മേല്‍ തങ്ങിനില്‍ക്കും. ആകെ ഒരാനച്ചന്തമുള്ള മനുഷ്യന്‍”

മാഷ് തക്കുടൂനോട് പറഞ്ഞു, “പന്‍വേല്‍ എന്നു പറയുന്നത് മുംബൈയ്ക്കും പൂനയ്ക്കും ഒക്കെ പോകേണ്ട യാത്രക്കാര്‍ ഇറങ്ങുന്ന സ്റ്റേഷനാ.”

“പന്‍വേലും രത്നഗിരീം ഒക്കെ എനിക്കറിയാം. എങ്ങനെയെന്ന് പിന്നെപ്പറയാം. ചേച്ചി ബാക്കികൂടി പറ.”

“അയാളുടെ അടുത്ത് എപ്പഴും ഒരു വലിയ ബാഗുണ്ടാകും. ഗോവയ്ക്കിപ്പുറം ഉള്ള എല്ലാ പ്രധാന സ്റ്റേഷനിലും അയാളെ കാണാന്‍ ഓരോ ആളുവരും. സന്യാസി അയാള്‍ക്കൊരു വലിയ പൊതി കൊടുക്കും. അവര്‍ തിരിച്ച് ഒരു ചെറിയ പൊതീം കൊടുക്കും. എന്താണീ കൊടുക്കുന്നത് എന്ന് ഒരിക്കല്‍ ഉണ്ണിയേട്ടന്‍ ചോദിച്ചപ്പം അയാള്‍ പറഞ്ഞു വിഭൂതി ആണെന്ന്. വിഭൂതി ഇങ്ങനെ പാഴ്സലാക്കി കൊട്ക്ക്വോ എന്നു ചോദിച്ചപ്പം അയാള്‍ രൂക്ഷമായൊന്നു നോക്കി. ഒന്നും പറഞ്ഞില്ല.”

“എന്നിട്ട് ഉണ്ണിയേട്ടന്‍ ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയോ?”

“ഇല്ല, അപ്പോഴൊന്നും ചെയ്തില്ല. ഒരു ദിവസം തലശ്ശേരി സ്റ്റേഷനില്‍വെച്ച് പൊതി കൈമാറിയത് ചന്തൂന് – ഇവന്റെ സ്കൂളിലെ കീചകന്‍ന്ന് വിളിക്കുന്ന കുട്ടീടെ അച്ഛന് – ആണെന്നു കണ്ടു. പിന്നെ എല്ലാ ആഴ്ചേം ശ്രദ്ധിച്ചു. ചന്തു തന്നെ. വടകരയാണ് അയാളുടെ അടുത്തുള്ള സ്റ്റേഷന്‍. എന്നിട്ടെന്തിനാ അയാള് തലശ്ശേരി വന്ന് പൊതി വാങ്ങുന്നെ? അയാള്‍ക്ക് മയക്കുമരുന്ന് കച്ചവടമുണ്ടെന്ന് എല്ലാര്‍ക്കും അറിയാം. സ്കൂളിലും കോളേജിലും ഒക്കെ ഏജന്റുമാരുണ്ട്. ഗുണ്ടകളുടെ ഒരു സംഘവുമുണ്ട്. അതുകൊണ്ട് ആരും പോലീസിലൊന്നും പരാതി കൊടുക്കില്ല. കൊടുത്തിട്ടു കാര്യവുമില്ല. അയാള്‍ എല്ലാര്‍ക്കും ഇഷ്ടംപോലെ സംഭാവനേം പിരിവും കൈക്കൂലീം ഒക്കെ കൊടുക്കും.”

“അയാളാണ് എന്റെ ചെറിയ മാമനെ കഞ്ചാവിനടിമയാക്കിയത്. ദുഷ്ടന്‍”, മൈഥിലി രോഷംകൊണ്ട് പൊട്ടിത്തെറിച്ചു.

“ചേച്ചി പറ, ഉണ്ണിയേട്ടന്‍ എന്നിട്ടെന്തു ചെയ്തു? ചന്തൂനെതിരെ കേസു കൊടുത്തോ?”

“ചന്തൂനെതിരെയല്ല, സന്യാസി തീവണ്ടീല് മയക്കുമരുന്ന് കടത്തുന്നു എന്ന് സംശയിക്കുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ലഹരിവിരുദ്ധ നാര്‍കോട്ടിക് സെല്ലിനും പരാതി കൊടുത്തു.”

“എന്നിട്ടവരെന്തു ചെയ്തു?”

“അവര്‍ ഒരു സംഘം ആളുകള്‍ വന്ന് അടുത്ത വെള്ളിയാഴ്ച തന്നെ അയാളുടെ ബാഗ് പരിശോധിച്ചു. അതില്‍ വെറും ഭസ്മപ്പൊതികള്‍ മാത്രേ ഉണ്ടാരുന്നുള്ളൂ. ഉണ്ണിയേട്ടന്‍ നാണംകെട്ടു.”

മാഷ് പറഞ്ഞു, “വിവരം നേരത്തേ ചോര്‍ന്നു. അതിനുള്ള ആള്‍ക്കാരൊക്കെ പരിശോധിക്കാന്‍ വന്നവരുടെ ഓഫീസില്‍ തന്നെ കാണും.”

“എന്നിട്ട് ഉണ്ണിയേട്ടന്‍ പിന്നെ എന്തു ചെയ്തു?”, തക്കുടു ചോദ്യം തുടര്‍ന്നു.

“തത്ക്കാലം എന്തു ചെയ്തിട്ടും കാര്യമില്ല എന്നു ബോധ്യായി. ഒരു ദിവസം ഉണ്ണിയേട്ടന്‍ ബസ്സിറങ്ങി വീട്ടിലേക്കു വരുന്ന വഴി ചന്തുവും രണ്ടു ഗുണ്ടകളും രണ്ടു മോട്ടോര്‍സൈക്കിളിലെത്തി ഉണ്ണിയേട്ടന്റെ രണ്ടു വശത്തും സഡന്‍ബ്രേക്കിട്ട് നിര്‍ത്തിയിട്ട് , ‘നിങ്ങളെ റെയില്‍വേ നിയമിച്ചിട്ടുള്ളത് ടിക്കറ്റ് പരിശോധിക്കാനാണ്. അതു ചെയ്താ മതി, മനസ്സിലായല്ലോ’ എന്നു പറഞ്ഞ് ഓടിച്ചുപോയി.”

“ഉണ്ണിയേട്ടന്‍ തിരിച്ചൊന്നും പറഞ്ഞില്ലേ?”

“അതു കേള്‍ക്കാന്‍ അവര്‍ നിന്നില്ല. ഉണ്ണിയേട്ടന്‍ ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ടു ചെയ്തു. യൂണിയന്‍ നേതാക്കളോടും വിളിച്ചുപറഞ്ഞു. രണ്ടു കൂട്ടരും പറഞ്ഞു, ധൈര്യമായിട്ടിരുന്നോളൂ, ബാക്കി ഞങ്ങള് നോക്കിക്കോളാംന്ന്.”

“പിന്നെ എന്തുണ്ടായി?”

“അങ്ങനെ വിട്ടാപ്പറ്റില്ല എന്നു പറഞ്ഞ് മുംബൈയിലെ ആന്റി നാര്‍ക്കോട്ടിക് സെല്ലിന് വീണ്ടും പരാതി അയച്ചു. ഭീഷണിയുടെ കാര്യവും സൂചിപ്പിച്ചു. ആ ആഴ്ച ഡ്യൂട്ടിക്കുപോയ ഉണ്ണിയേട്ടന്‍ പിന്നെ തിരിച്ചെത്തിയില്ല. ഞാന്‍ റെയില്‍വേ അധികൃതര്‍ക്കും റെയില്‍വേ മന്ത്രിക്കും പോലീസിനും എല്ലാം പരാതി അയച്ചു, പോയി കണ്ടു. അവരൊക്കെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്ന മറുപടിയാണ് തന്നത്. പക്ഷേ, എവിടുന്നാണ് കാണാതായത് എന്നുപോലും അവര്‍ക്ക് കണ്ടെത്താനായില്ല. പന്‍വേല്‍ സ്റ്റേഷനില്‍ കണ്ടവരുണ്ട്. പക്ഷേ രത്നഗിരി സ്റ്റേഷനില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.”

“മാലിനിക്കെങ്ങനയാ ഈ ജോലി കിട്ടിയെ?”, മാഷാണ് ചോദിച്ചത്.

“റെയില്‍വേ ഉദ്യോഗസ്ഥരുടെ ദയകൊണ്ടാകാം. യൂണിയന്‍ നേതാക്കള്‍ ഇടപെട്ടതുകൊണ്ടാകാം. പത്രങ്ങളില്‍ പലതവണ വാര്‍ത്ത വന്നിരുന്നു. പട്ടിണികൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്തേക്കാം എന്നുവരെ ഒരു പത്രം എഴുതി. അതു കുഴപ്പമാകുമല്ലോ എന്നു കരുതി ചെയ്തതാകാം. എന്തായാലും സ്ഥിരം ജോലിയൊന്നുമല്ല.”

തക്കുടു ചോദിച്ചു, “ജോലി കിട്ടിക്കഴിഞ്ഞ് ചേച്ചി പിന്നെയൊന്നും ചെയ്തില്ലേ?”

“ഞാന്‍ പല പ്രാവശ്യം കാണേണ്ടവരെയെല്ലാം പോയി കണ്ടു. റെയില്‍വേ മന്ത്രിയേയും കണ്ടു. അന്വേഷണത്തിലാണ്, കുറ്റവാളികളെക്കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല എന്ന മറുപടിയാണ് കിട്ടിയത്. രാത്രിയില്‍ തുറന്നുകിടന്ന വാതിലിലൂടെ തെറിച്ചുവീണതാകാം എന്നും ചിലര്‍ പറഞ്ഞു. ആ കള്ള സന്യാസിയേക്കാള്‍ ശക്തിയുള്ള ആരൊക്കെയോ അയാള്‍ക്കു പിന്നിലുണ്ട് എന്നു വ്യക്തമായിരുന്നു.”

“അതു ശരിയായിരിക്കാം”, മാഷ്പറഞ്ഞു.“അയാളെപ്പോലത്തെ ഒരുപാടു വിതരണക്കാര്‍ വേറെയും കാണും. ഭരണത്തിലുള്ളവരുടെ പിന്തുണ ഉണ്ടാകും.”

അമ്മ പറഞ്ഞു, “ഒരു ഒഴിവു ദിവസം, മോന്‍ കളിക്കാന്‍ പോയ സമയത്ത് ചന്തുവും രണ്ടു ഗുണ്ടകളും കൂടി വീട്ടില്‍വന്നു. ‘കേസ് പോലീസ് അന്വേഷിച്ചോളും, നിങ്ങള്‍ അതിന്റെ പിന്നാലെ നടക്കണ്ട. മോന്‍ നഷ്ടപ്പെടാതെ നോക്കിക്കോളണം’ എന്നു പറഞ്ഞു. മോനെ ഓര്‍ത്ത് ഞാന്‍ പിന്നെ കേസിന്റെ പിന്നാലെ പോയില്ല.”

എനിക്ക് ദേഷ്യവും സങ്കടവും സഹിക്കാനായില്ല. ഞാന്‍ പൊട്ടിത്തെറിച്ചു, “എന്നിട്ട് അമ്മ അതൊന്നും എന്നോടു പറഞ്ഞില്ല. എന്തു ചോദിച്ചാലും കരയും. അമ്മ എന്തിനാ എല്ലാം ഒളിച്ചുവെക്കുന്നെ?”

“നിന്നെക്കൂടി വിഷമിപ്പിച്ചിട്ടെന്താ കാര്യംന്ന് വിചാരിച്ചു, അത്രേ ഉള്ളൂ.” അമ്മ കരച്ചിലിന്റെ വക്കിലാണ്. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല.

തക്കുടു എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു, “സങ്കടപ്പെടണ്ട. നമ്മക്ക് അന്വേഷിക്കാം. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എവിടെ ആണെങ്കിലും രക്ഷപ്പെടുത്താം. ഇല്ലെങ്കില്‍ കുറ്റവാളികളെ കണ്ടെത്താം.”

“ആ തെമ്മാടി ചന്തൂനേം കള്ള സന്യാസിയേം പിടിച്ചുകൊണ്ടുവന്ന് മോളീന്ന് ഈ പാറേലേയ്ക്കിടണം തക്കുടൂ. തലപൊട്ടി ചാകട്ടെ.” നിര്‍ദേശം ദില്‍ഷയുടേതാണ്.

“എന്നാ യദൂന്റച്ഛനെ തിരിച്ചുകിട്ട്വോ ദില്‍ഷേ?”, തക്കുടൂന്റെ ചോദ്യം കേട്ട് ദില്‍ഷ ചമ്മി. “അങ്ങനെയൊന്നും ചെയ്യാന്‍ എനിക്ക് അനുവാദമില്ല. എന്റെ ലോകത്തെ നിയമവും അതനുവദിക്കുന്നില്ല.”

“അതന്താ നിങ്ങടെ ലോകത്ത് കുറ്റം ചെയ്താ ശിക്ഷയില്ലേ? മാതൃകാപരമായ ശിക്ഷ കൊടുത്താലല്ലേ മറ്റുള്ളവര്‍ക്ക് പാഠമാകൂ”, ജോസ് ദില്‍ഷേടെ രക്ഷയ്ക്കെത്തി.

“ശിക്ഷ എന്നാല്‍ ശിക്ഷയാണ്, പ്രതികാരം അല്ല. പ്രതികാരം സംസ്കാരം ഇല്ലാത്തവരുടെ രീതി ആണ്. എന്റെ ലോകത്ത് കുറ്റകൃത്യങ്ങള്‍ ഇല്ലാതായത് കുറ്റവാളികളെ ഇല്ലാതാക്കിയിട്ടല്ല. എന്തുകൊണ്ട് ചിലര്‍ കുറ്റവാളികളാകുന്നു എന്ന പഠനം നടത്തി അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കിയിട്ടാണ്. അതു നമ്മക്ക് പിന്നെ ചര്‍ച്ചചെയ്യാം. ഇപ്പം നമ്മക്ക് യദൂന്റച്ഛനെ കണ്ടെത്തണം. അതിനു നിങ്ങടെ കൂടി സഹായം വേണം.”

“ഞങ്ങള്‍ എന്തിനും തയ്യാറാണ്. എന്തുചെയ്യണംന്ന് പറഞ്ഞാ മതി.” ദീപൂന്റെ ഈ അഭിപ്രായം എല്ലാരും മുഷ്ടിചുരുട്ടി സ്വീകരിച്ചു.

തുടരും.. എല്ലാ ശനിയാഴ്ച്ചയും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നല്ല ഫോട്ടോയെടുക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Next post എന്താണ് റൂൾ കർവ്?
Close