വില്യമിന ഫ്ലെമിങ്ങ്: നക്ഷത്രങ്ങള്‍ക്കപ്പുറം കണ്ടവള്‍…!

ഇനി നക്ഷത്രങ്ങളിലേക്ക് നോക്കുമ്പോള്‍ ഇടയ്ക്കുള്ള ഇരുട്ടുകളിലേക്കും ഒന്ന് നോക്കിയേക്കുക; ആ ഇരുട്ടുകളില്‍ നക്ഷത്രങ്ങളുടെ ജീവിതചക്രം കണ്ടറിയാനുള്ള വെളിച്ചമായിട്ട് വില്യമിനയെക്കൂടി തിരിച്ചറിഞ്ഞേക്കുക…!

നിശാകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും മാത്രമല്ല ഉള്ളത്; നെബുലകളും, വൈറ്റ് ഡ്വാര്‍ഫുകളും പള്‍സാറുകളുമൊക്കെ അടങ്ങുന്ന വിചിത്രവും സുന്ദരവുമായ ഒരു ലോകം. പക്ഷേ, അത്തരം വസ്തുക്കളെ നിരീക്ഷിക്കുക, തിരിച്ചറിയുക എന്നത് സാങ്കേതികമായി സങ്കീര്‍ണ്ണതകളുള്ളതും ഒരുപാട് കഴിവ് വേണ്ടതുമായ ഒരു സയന്‍സ് മേഖലയായിരുന്നു. (ഇപ്പോള്‍ കുറേയൊക്കെ കമ്പ്യൂട്ടറുകളുപയോഗിച്ചുള്ള അവലോകനമാണ്) ഈ നിരീക്ഷണങ്ങളുടെ പ്രാരംഭദശയില്‍ ഒരുപാട് നെബുലകളും വൈറ്റ് ഡ്വാര്‍ഫുകളുമൊക്കെ കണ്ടെത്തിയ ഒരു ശാസ്ത്രജ്ഞയുടെ കഥയാണിത്തവണ. ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളുടെ കൂട്ടത്തില്‍ ചരിത്രത്തിന് മറക്കാനാവാത്ത വിധം തിളങ്ങിയവരിലൊരാള്‍: വില്യമിന ഫ്ലെമിങ്ങ്. (Williamina Fleming)

വില്യമിന 1857-ല്‍ സ്കോട്ട്ലന്റിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലെ പഠനത്തില്‍ വളരെ മിടുക്ക് കാട്ടിയിരുന്നു എന്ന് മാത്രമല്ല, 14 വയസ്സാകുമ്പോഴേക്കും അവിടെയുള്ള സ്ക്കൂളുകളില്‍ ടീച്ചറായി മറ്റുള്ളവരെ പഠിപ്പിക്കാനും മാത്രം സമര്‍ത്ഥയായിരുന്നു വില്യമിന. 20-ആം വയസ്സില്‍ വില്യമിന വിവാഹിതയാകുകയും അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. ഗര്‍ഭിണിയായതിനുശേഷം വില്യമിനയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. മകനെ സ്വയം നോക്കാന്‍ തീരുമാനിച്ച വില്യമിന ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഒരു ശാസ്ത്രജ്ഞന്റെ വീട്ടുവേലക്കാരിയായി 1879-ല്‍ ജോലി ചെയ്ത് തുടങ്ങി. വില്യമിന ബുദ്ധിമതിയാണെന്നും  വീട്ടുവേലയേക്കാള്‍ യൂണിവേഴ്സിറ്റിയില്‍ സഹായിക്കാന്‍ ആണ് കൂടുതല്‍ ചേരുക എന്ന് പതിയെ എല്ലാവര്‍ക്കും മനസിലായി തുടങ്ങി. അങ്ങനെ, വില്യമിന ആദ്യം യൂണിവേഴ്സിറ്റിയില്‍ സഹായിയായിട്ടും, പിന്നീട് ശാസ്ത്രജ്ഞയായിട്ടും ജോലി ചെയ്തു.

ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ എന്ന് വിളിക്കപ്പെട്ട സ്ത്രീ ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ ഭാഗമായി 1881-ഓടെ വില്യമിന; ആണുങ്ങള്‍ക്ക് ചെയ്യാന്‍ താത്പര്യമില്ലാത്ത, ആണ്‍ സഹായികളെ വച്ചാല്‍ കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വരുന്ന ഡാറ്റ അവലോകന ജോലികള്‍ക്കായിട്ടാണ് ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകളെ ഉപയോഗിച്ചിരുന്നത്. പക്ഷേ, ഡാറ്റയില്‍ യാന്ത്രികമായ അവലോകനത്തിന് മാത്രമല്ല, ജ്യോതിശാസ്ത്രത്തില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഇന്നത്തെ ജ്യോതിശാസ്ത്രത്തിന്റെ അടിത്തറയായി മാറിയ പല തിരിച്ചറിവുകള്‍ക്കും ഹാര്‍വര്‍ഡ് കമ്പ്യൂട്ടറുകള്‍ കാരണമായി മാറി.

അസ്ട്രോണോമിക്കല്‍ ഫോട്ടോഗ്രഫി പ്ലേറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതില്‍ നിന്ന് നക്ഷത്രങ്ങളുടെ കൃത്യമായ സ്ഥാനവും മറ്റ് പൊതു സ്വഭാവങ്ങളും കണ്ടെത്തുക എന്നതായിരുന്നു വില്യമിന അടങ്ങുന്ന ഗ്രൂപ്പിന്റെ പൊതു ജോലി. നക്ഷത്രങ്ങളെ എങ്ങനെ തരം തിരിക്കാം എന്നതിലും വില്യമിന കുറച്ചുകാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു; പക്ഷേ വിജയിച്ചില്ല. (അതില്‍ വിജയിയായ സ്ത്രീയെ പറ്റിയും ഈ സീരീസില്‍ എഴുതുന്നുണ്ട്!) 1888-ലാണ് വില്യമിന വളരെ ശ്രദ്ധേയമായ ഒരു കണ്ടുപിടുത്തം നടത്തുന്നത്: കുതിരത്തലനെബുല. (Horsehead Nebula) ഓറിയണ്‍ നക്ഷത്രക്കൂട്ടത്തിനുള്ളില്‍ (Orion Constellation) ദൃശ്യമാകുന്ന ഒരു ഇരുണ്ട ചിത്രം വ്യക്തമായി രേഖപ്പെടുത്തി വച്ചത് വില്യമിനയാണ്.

ഈ നിരീക്ഷണത്തിന്റെ പ്രാധാന്യം ശാസ്ത്രലോകം വളരെ കഴിഞ്ഞേ മനസിലാക്കിയുള്ളൂ. ഇരുണ്ട നെബുലകളിലാണ് നക്ഷത്രങ്ങള്‍ ജനിക്കുന്നത്; അതായത്, കുതിരത്തല നെബുല നക്ഷത്രങ്ങളുടെ ജനനത്തിന്റെ വ്യക്തമായ ചിത്രങ്ങളിലൊന്നാണ്. ദൃശ്യപ്രകാശത്തിലെ ഇത് ഇരുണ്ടിരുക്കുന്നുള്ളൂ താനും; അദൃശ്യപ്രകാശത്തില്‍ (ഉദാ: എക്സ് റേ) നെബുലകള്‍ക്കുള്ളിലേക്ക് കാണാന്‍ കഴിയും. അങ്ങനെയാണ് നമ്മള്‍ നക്ഷത്രങ്ങളുടെ ഉത്പത്തിയെ പറ്റിയുള്ള നമ്മുടെ സിദ്ധാന്തങ്ങള്‍ ശരിയാണോ എന്ന് പരീക്ഷിക്കുന്നത്.

1910-ല്‍ നക്ഷത്രങ്ങളുടെ ജനനം മാത്രമല്ല, മരണവും കണ്ടു വില്യമിന. വൈറ്റ് ഡ്വാര്‍ഫ് (White Dwarf) എന്ന നക്ഷത്രങ്ങള്‍ കത്തി അവശേഷിക്കുന്ന ബാക്കിപത്രത്തെ ആദ്യമായി തിരിച്ചറിയുന്നത് വില്യമിനയാണ്. സൂര്യനേക്കാള്‍ വളരെ വളരെ കുറഞ്ഞ തെളിച്ചമുള്ള ഒരു നക്ഷത്രത്തിന്റെ ഉപരിതല താപനില സൂര്യനേക്കാള്‍ കൂടുതലാണ് എന്ന നിരീക്ഷണത്തില്‍ നിന്നാണ് ആ “നക്ഷത്രം” നക്ഷത്രമല്ല എന്ന് മനസിലാകുന്നത്. സൂര്യന്‍ “മഞ്ഞ” ആണെങ്കില്‍ ഈ നക്ഷത്രാവശിഷ്ടം “വെള്ള” നിറമായിരുന്നു. (നക്ഷത്രങ്ങളുടെ നിറങ്ങളെ പറ്റി അടുത്ത ദിവസങ്ങളില്‍ വിശദീകരിക്കാം) ഇതിന്റേയും സൈദ്ധാന്തിക വിശദീകരണത്തിന് ഒരുപാട് കാലം എടുത്തു എങ്കിലും ഇതൊരു സാധാരണ നക്ഷത്രമല്ല എന്ന് വില്യമിന തന്നെ മനസിലാക്കിയിരുന്നു. (നക്ഷത്രങ്ങളെ തരം തിരിക്കുന്നതിന്റെ ഭാഗമായിരുന്ന അവള്‍ക്ക് എന്താണ് നക്ഷത്രം എന്നും വ്യക്തമായ ധാരണയുണ്ടായിരുന്നു!)

ഇത് രണ്ടും മാത്രമല്ല, മറ്റൊരുപാട് നെബുലകളും മാറ്റമുള്ള നക്ഷത്രങ്ങളും പത്തോളം നോവകളും വില്യമിന നിരീക്ഷിച്ചിരുന്നു. നെബുലകള്‍ (nebulae) ബഹിരാകാശത്തെ പൊടിപടങ്ങളുടേയും വാതകങ്ങളുടേയും കേന്ദ്രീകരണമാണ്. മാറ്റമുള്ള നക്ഷത്രങ്ങള്‍ (variable stars) എന്ന് വിളിക്കുന്നത് ളിച്ചത്തിന് സ്ഥിരതയില്ലാത്തവയേയാണ്. (ഇവയെപറ്റി നാളെ വിശദമായി എഴുതുന്നതാണ്) നോവകള്‍ (novae) പെട്ടന്ന് പ്രത്യക്ഷപ്പെട്ട് അതേപോലെ തന്നെ അപ്രത്യക്ഷമാകുന്ന ചില പ്രതിഭാസങ്ങളാണ്; നക്ഷത്രത്തിന്റെ അന്ത്യത്തിലുണ്ടാകാവുന്ന സൂപ്പര്‍നോവ (supernova) ഇതിനൊരുദാഹരണമാണ്. നക്ഷത്രങ്ങള്‍ നിരീക്ഷിക്കുക, തരം തിരിക്കുക എന്ന യാന്ത്രികമായ പണി ചെയ്യേണ്ട “കമ്പ്യൂട്ടര്‍” ആയിരുന്നിട്ടും ആ കഴിവുപയോഗിച്ച് ഒരുപാട് പുതിയ പ്രതിഭാസങ്ങള്‍ കണ്ടുപിടിക്കുകയും ഭാവിയിലെ ശാസ്ത്രസമൂഹത്തിന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത ഒരുവളാണ് വില്യമിന.

ജീവിച്ചിരുന്ന കാലത്ത് തന്നെ ഇതിനെല്ലാം അര്‍ഹമായ അംഗീകാരം കുറേയൊക്കെ കിട്ടുകയും ചെയ്തിരുന്നു വില്യമിനയ്ക്ക്. ബ്രിട്ടീഷുകാരിയല്ല, ഔദ്യോഗികമായി ഡിഗ്രികളോ ഇല്ല എങ്കിലും റോയല്‍ അസ്ട്രോണോമിക്കല്‍ സൊസൈറ്റി വില്യമിനയെ അംഗമായി സ്വീകരിച്ചിരുന്നു. ഹാര്‍വര്‍ഡ് ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫുകളുടെ ക്യൂറേറ്റര്‍ ആയി നിയമിച്ചതും ഇവരെ തന്നെ. ഇത്രയുമധികം കണ്ടുപിടുത്തങ്ങള്‍ നടത്തിയ വില്യമിനയ്ക്ക് ഇത്രയും അംഗീകാരം എന്നത് നാമമാത്രമായിരുന്നു എന്ന് വാദിക്കാവുന്നതാണ്; പക്ഷേ, പല സ്ത്രീകള്‍ക്കും ഉണ്ടായ ചരിത്രത്തിന്റെ മായ്ച്ചുകളയലിന് വില്യമിന ഇരയായില്ല. (ഒരു സ്ത്രീ ശാസ്ത്രവൃത്തിക്കൊപ്പം ബുദ്ധിമുട്ടി ചരിത്രം രേഖപ്പെടുത്തല്‍ കൂടി ചെയ്തതുകൊണ്ടാണിത്; ആനീ ജമ്പ് കാനന്‍ എന്ന ആ ശാസ്ത്രജ്ഞയിലേക്ക് നമുക്ക് ഉറപ്പായും പോകാം)

1911-ല്‍  ഒരു യൂണിവേഴ്സിറ്റിയില്‍ ക്ലാസെടുക്കാനായി തയ്യാറെടുത്തുകൊണ്ടിരുന്നപ്പോള്‍ ന്യൂമോണിയ ബാധിച്ച് വില്യമിന ആശുപത്രിയിലായി. അവിടെവച്ച് ആരോഗ്യം കൂടുതല്‍ മോശമാകുകയും നിര്യാതയാകുകയും ചെയ്തു. അനേകം ചരമക്കുറിപ്പുകള്‍ സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകൃതമാകാനും വിധം ജ്യോതിശാസ്ത്രത്തെയാകെ തൊട്ടുനിന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു വില്യമിന.

ഇനി നക്ഷത്രങ്ങളിലേക്ക് നോക്കുമ്പോള്‍ ഇടയ്ക്കുള്ള ഇരുട്ടുകളിലേക്കും ഒന്ന് നോക്കിയേക്കുക; ആ ഇരുട്ടുകളില്‍ നക്ഷത്രങ്ങളുടെ ജീവിതചക്രം കണ്ടറിയാനുള്ള വെളിച്ചമായിട്ട് വില്യമിനയെക്കൂടി തിരിച്ചറിഞ്ഞേക്കുക…!

കണ്ണന്‍ കീച്ചേരില്‍ എഴുതിയ ശാസ്ത്രവീഥിയിലെ പെണ്‍കരുത്തുകള്‍ – ലേഖനപരമ്പരയിലെ മറ്റുലേഖനങ്ങള്‍ വായിക്കാം

അധികവായനയ്ക്ക്

  1. http://articles.adsabs.harvard.edu//full/1911ApJ….34..314C/0000316.000.html
  2. https://ui.adsabs.harvard.edu/abs/1990PASP..102.1337W/abstract
  3. https://science.sciencemag.org/content/33/861/987
  4. https://academic.oup.com/mnras/article/72/4/261/991203
  5. The Glass Universe: The Hidden History of the Women Who Took the Measure of the Stars by Dava Sobel

Leave a Reply