ഇനി പ്രപഞ്ചവികാസം എന്ന് കേള്‍ക്കുമ്പോള്‍ അതിന് തിരി കൊളുത്തിയ ഹെന്‍റിയെറ്റയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!
1868-ല്‍ അമേരിക്കയില്‍ മാസ്ചുസെറ്റ്സിലാണ് ഹെന്‍റിയെറ്റയുടെ ജനനം. കോളേജില്‍ നാലാം കൊല്ലം മാത്രമാണ് ഹെന്‍റിയെറ്റ ജ്യോതിശാസ്ത്ര കോഴ്സ് എടുക്കുന്നത്. പക്ഷേ, ഡിഗ്രിക്ക് സമാനത സര്‍ട്ടിഫിക്കറ്റ് (പുരുഷന്മാര്‍ക്ക് മാത്രമേ ഡിഗ്രി കൊടുത്തിരുന്നുള്ളു!) 1892-ല്‍ നേടിയതിനുശേഷം അടുത്ത കൊല്ലം തന്നെ ഹാര്‍വര്‍ഡ് ഒബ്സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്ര കമ്പ്യൂട്ടറുകളിലൊരാളായി സഹായത്തിന് കയറി ഹെന്‍റിയെറ്റ.
പക്ഷേ, അധികകാലം ആ രീതികള്‍ തുടര്‍ന്നില്ല. 1896-ല്‍ ഹെന്‍റിയെറ്റ യൂറോപ്പിലേക്ക് യാത്ര തിരിച്ചു. തിരിയെ എത്തിയപ്പോള്‍ ഹാര്‍വര്‍ഡിലേക്ക് മടങ്ങാതെ ഒരു ആര്‍ട്ട് കോളേജില്‍ അസിസ്ന്റായി പ്രവേശിക്കുകയാണ് ഹെന്‍റിയെറ്റ ചെയ്തത്. ഈ സമയത്ത് എന്തുകൊണ്ടോ ഹെന്‍റിയെറ്റയുടെ കേള്‍വിക്കും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിത്തുടങ്ങിയിരുന്നു. (ഈ സമയത്ത് പൂര്‍ണ്ണമായും ചെവി കേള്‍ക്കില്ല എന്ന അവസ്ഥയിലായിരുന്നില്ല ഹെന്‍റിയെറ്റ; അങ്ങനെ ആണെന്ന ഒരു തെറ്റിദ്ധാരണ വ്യാപകമായതുകൊണ്ടാണ് എടുത്ത് പറഞ്ഞത്) എന്തായാലും ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞരുമായി വിഷയത്തെ പറ്റി കത്തുകള്‍ എഴുതിക്കൊണ്ടിരുന്ന ഹെന്‍റിയെറ്റ അവസാനം സയന്‍സിലേക്ക് തന്നെ തിരികെ വരാന്‍ തീരുമാനിച്ചു. 1903-ല്‍ ഹെന്‍റിയെറ്റ ഒരു കമ്പ്യൂട്ടറായി തിരികെ പ്രവേശിച്ചു.
അടുത്ത കൊല്ലം തന്നെ (1904) ഹെന്‍റിയെറ്റ തനിക്ക് താത്പര്യമുള്ള ഒരു വിഷയം കണ്ടെത്തി: മാറ്റമുള്ള നക്ഷത്രങ്ങള്‍. (variable stars) തെളിച്ചത്തില്‍ (apparent magnitude) മാറ്റം കാണിക്കുന്ന നക്ഷത്രങ്ങളെ ആണ് ഈ പേര് വിളിക്കുക. ഇവയില്‍ ചിലതില്‍ മാറ്റങ്ങള്‍ ഒരു കൃത്യമായ സമയം കഴിഞ്ഞാല്‍ ആവര്‍ത്തിക്കും, ദിവസങ്ങളോ വര്‍ഷങ്ങളോ ആകാം ഈ ആവര്‍ത്തന സമയം. അവയെ നമ്മള്‍ സെഫിഡ് നക്ഷത്രങ്ങള്‍ (Cepheid variables) എന്നാണ് വിളിക്കുക. ഹെന്‍റിയെറ്റ ഇത്തരം സെഫിഡുകളെ ഒരുപാട് എണ്ണത്തെ നിരീക്ഷിച്ചു; 1777 എണ്ണം ഉള്ള ഒരു പേപ്പര്‍ റഫറന്‍സില്‍ കാണാം. ആ നിരീക്ഷണത്തിലൂടെ ഈ സെഫിഡുകളുടെ ശരിക്കുള്ള പ്രകാശത്തിന്റെ ശക്തിയും (luminosity) ആവര്‍ത്തന സമയവും തമ്മില്‍ ബന്ധമുണ്ട് എന്ന് വ്യക്തമായി ഹെന്‍റിയെറ്റ സ്ഥാപിച്ചു. ഈ ഗണിതശാസ്ത്ര ബന്ധത്തെ അവരുടെ ഓര്‍മ്മയ്ക്ക് ലെവിറ്റിന്റെ നിയമം (Leavitt’s law) എന്നാണ് വിളിക്കുന്നത്.
ഇതും പ്രപഞ്ച വികാസവും തമ്മിലുള്ള ബന്ധം? ഗാലക്സികള്‍ എത്ര അകലെയാണ് എന്ന് നോക്കാന്‍ അതിലുള്ള സെഫിഡുകളുടെ തെളിച്ചം നോക്കിയാല്‍ മതി. എത്ര ദൂരെ ഉള്ളവ എത്രമാത്രം മങ്ങും എന്നതിന് കണക്കുണ്ട്; ശരിക്കുമുള്ള പ്രകാശത്തിന്റെ ശക്തി എന്ത് എന്നതിന് സെഫിഡിന്റെ സമയദൈര്‍ഘ്യത്തില്‍ നിന്നും കണക്കുണ്ട്. അതായത്, ഗാലക്സികളിലേക്കുള്ള ദൂരമളക്കാന്‍ പ്രപഞ്ചവികാസം ആദ്യമളന്നവര്‍ എടുത്ത അളവുകോല്‍, ജ്യോതിര്‍ഭൗതികത്തിന്റെ ഭാഷയില്‍ സ്റ്റാന്റേര്‍ഡ് കാന്‍ഡില്‍ (standard candle) എന്ന തിരി, ഹെന്‍റിയെറ്റയുടെ സെഫിഡുകളായിരുന്നു.
ചെവിയുടെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും ഹെന്‍റിയെറ്റ സ്വന്തം ജോലിയില്‍ കേന്ദ്രീകരിക്കാന്‍ സഹായമായിട്ട് ഉപയോഗിക്കുന്ന അവസ്ഥയാണ് അവസാനകാലത്തുണ്ടായത്. ആനീ ജമ്പ് കാനന്‍ എന്ന സഹപ്രവര്‍ത്തകയും ബധിരത അനുഭവിച്ചിരുന്നു എന്നതുകൊണ്ട് ഈ കാര്യത്തില്‍ ഒരു സഹചാരികൂടിയുണ്ടായിരുന്നു ഹാര്‍വര്‍ഡില്‍. അതീവ ശ്രദ്ധ വേണ്ടീയിരുന്നപ്പോള്‍ തന്റെ കേള്‍വി സഹായി (hearing aid) ഓഫ് ചെയ്തുവയ്ക്കുമായിരുന്നത്രേ ഹെന്‍റിയെറ്റ. സെഫിഡുകളെപ്പോലെ സൂക്ഷ്മമായ മാറ്റങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു എന്നതുകൊണ്ട് അളവുകോലുകള്‍ കൃത്യമാക്കുന്നതിലും വികസിപ്പിക്കുന്നതിലും ഹെന്‍റിയെറ്റ വലിയ സംഭാവനകള്‍ ജ്യോതിശാസ്ത്രത്തിന് നല്‍കിയിട്ടുണ്ട്.
1921-ല്‍ ക്യാന്‍സര്‍ ബാധിച്ച് ഹെന്‍റിയെറ്റ മരിച്ചു. അവസാനകാലം വരെ ഒരു കമ്പ്യൂട്ടറായി തന്നെ (സാങ്കേതികമായിട്ട് പറഞ്ഞാല്‍ പദവി: അസിസ്റ്റന്റ്) ജോലി ചെയ്തുകൊണ്ടിരുന്നു ഹെന്‍റിയെറ്റ; ശാസ്ത്രജ്ഞയാണ് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും സാമൂഹികവ്യവസ്ഥ അവരെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല. മനുഷ്യരാശിക്ക് പ്രപഞ്ചത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ വഴിവിളക്കായ ഹെന്‍റിയെറ്റയുടെ പഠനത്തിന്റെ പ്രാധാന്യം പക്ഷേ, വരും തലമുറയ്ക്ക് മറന്നുകളയുക സാധ്യമായിരിന്നില്ല!
ഇനി പ്രപഞ്ചവികാസം എന്ന് കേള്‍ക്കുമ്പോള്‍ അതിന് തിരി കൊളുത്തിയ ഹെന്‍റിയെറ്റയെ കൂടി ഓര്‍ക്കാന്‍ ശ്രമിക്കുക…!

അധികവായനയ്ക്ക്