യൂനിസ് ന്യൂട്ടണ്‍ ഫുട്ട്: ആഗോളതാപനം മുന്നേ കണ്ടവള്‍…!

ഇനി ഭൂമിയെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനമാക്കുന്ന കൂട്ടത്തില്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് മുന്നണിപ്പോരാളിയായിരുന്ന യൂനിസിനെ കൂടി ഒന്ന് ഓര്‍ത്തിരിക്കട്ടെ…!


ആഗോളതാപനത്തിന്റെ, കാലവസ്ഥാമാറ്റത്തിന്റെ പ്രാഥമിക കാരണം കാര്‍ബണ്‍ ഡയോക്സൈഡ് ആണെന്ന് നമ്മുക്കെല്ലാവര്‍ക്കുമറിയാം; ഭാവിയില്‍ ഭൂമി മനുഷ്യകുലത്തിന് വാസയോഗ്യമായിരിക്കണം എങ്കില്‍ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കുക എന്നത് അവശ്യമാണ് എന്നതും പൊതു അറിവാണ്. ഈ തിരിച്ചറിവിന്റെ ഉത്പത്തിയെക്കുറിച്ച്, ഇതിനുവേണ്ടിയ നിരീക്ഷണം ആദ്യമായി നടത്തിയ ശാസ്ത്രജ്ഞയെ പറ്റിയാണ് ഇത്തവണ. അന്നത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്ന യൂനിസ് ന്യൂട്ടണ്‍ ഫുട്ട് (Eunice Newton Foote) ആണ് അവര്‍.

യൂനിസിന്റെ ജനനം 1819-ല്‍ അമേരിക്കയിലെ കനറ്റികെറ്റിലാണ്. പക്ഷേ, ന്യൂ യോര്‍ക്കിലായിരുന്നു യൂനിസിന്റെ ബാല്യവും വിദ്യാഭ്യാസവും. അന്ന് ട്രോയ് ഫീമെയ്ല്‍ സെമിനാരി എന്ന് വിളിച്ചിരുന്ന (ഇന്ന് എമ്മ വില്യാഡ് സ്ക്കൂള്‍) ഒരിടത്താണ് യൂനിസിന് 1836-38 കാലഘട്ടത്തില്‍ തന്റെ വിദ്യാഭ്യാസം ലഭിച്ചത്. കോളേജിലേക്കുള്ള തയ്യാറെടുപ്പ് നടത്താനുള്ള സ്ക്കൂള്‍ ആയിരുന്നു അത്, കോളേജായിരുന്നില്ല. പക്ഷേ, ആ സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സമീപത്തുള്ള ഒരു കോളേജില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുവാദമുണ്ടായിരുന്നു. അത്തരം ക്ലാസുകളില്‍ നിന്നാണ് കെമിസ്ട്രിയും ബയോളജിയും പോലുള്ള സയന്‍സ് വിഷയങ്ങള്‍ യൂനിസ് പരിചയപ്പെടുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം യൂനിസ് തന്റേതായ രീതിയില്‍ വാതകങ്ങളുടെ സ്വഭാവത്തെ പറ്റി പല പരീക്ഷണങ്ങളും നടത്തി. 1856-ല്‍ പ്രസിദ്ധീകരിച്ച ഒരു പരീക്ഷണത്തിലാണ് അന്തരീക്ഷവായുവിനെ ഏറ്റവും ചൂടാക്കുന്നത് കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിദ്ധ്യമാണെന്ന് യൂനിസ് കണ്ടെത്തിയത്. സൂര്യന്റെ രശ്മികളുടെ ചൂടിനെ പറ്റി ആയിരുന്നു ഈ പ്രത്യേക പരീക്ഷണം. അന്തരീക്ഷവായുവില്‍ എത്രമാത്രം നീരാവി ഉണ്ട് എന്നതും, വായു മര്‍ദ്ദവും ഒക്കെ എത്രമാത്രം സൂര്യ രശ്മികളില്‍ നിന്നുള്ള ചൂട് ഒരു തെര്‍മ്മോമീറ്റര്‍ രേഖപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നു എന്നതും യൂനിസിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. (നീരാവിയും കാര്‍ബണ്‍ ഡയോക്സൈഡ് പോലെ ചൂട് വലിച്ചെടുക്കുന്ന ഒരു വാതകമാണ്) “സൂര്യ രശ്മികളുടെ ഏറ്റവും വലിയ സ്വാധീനം കാര്‍ബോണിക് ആസിഡ് ഗ്യാസിലാണ്,” )”The highest effect of the sun’s rays I have found to be in carbonic acid gas.”) എന്ന് യൂനിസ് തന്റെ പ്രബന്ധത്തില്‍ എഴുതി. (അന്ന് കാര്‍ബണ്‍ ഡയോക്സൈഡിനെ വിളിച്ചിരുന്നത് കാര്‍ബോണിക് ആസിഡ് ഗ്യാസ് എന്നായിരുന്നു)

അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്ട്സില്‍ ഈ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതേ കൊല്ലം അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഇവ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ചരിത്രത്തിന് സ്ത്രീകളുടെ സംഭാവനകള്‍ മായ്ചുകളയാന്‍ എന്തെന്നില്ലാത്ത മിടുക്കാണ്. അന്തരീക്ഷവായു ചൂടാകുന്നതും കാര്‍ബണ്‍ ഡയോക്സൈഡും തമ്മിലുള്ള ബന്ധം സ്ഥാപിച്ചത് ജോണ്‍ ടിന്‍ഡല്‍ ആണെന്നാണ് പൊതുധാരണ. ജോണ്‍ തന്റെ നിരീക്ഷണങ്ങള്‍ യൂനിസിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് പ്രസിദ്ധീകരിച്ചത് എങ്കിലും ശ്രദ്ധിക്കപ്പെട്ടതും ഇന്നും പാഠപുസ്തകങ്ങളില്‍ ഈ കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് പോകുന്നതും ജോണിന് തന്നെ.

യൂനിസ് സ്വന്തം പരീക്ഷണങ്ങളിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും മുഴുകിയിരുന്നത് കൊണ്ടും ജോണിനോളം ശാസ്ത്രലോകത്തെ മറ്റുള്ളവരുമായി ബന്ധമില്ലാതിരുന്നത് കൊണ്ടും കൂടി ആയിരുന്നിരിക്കാം ചരിത്രത്തിന് ഈ അന്യായം പ്രതിഷേധങ്ങളില്ലാതെ മറന്നുകളയാന്‍ സാധിച്ചത്. പക്ഷേ, 2011-ല്‍ ഒരു ജിയോളജിസ്റ്റ് യൂനിസിന്റെ പേപ്പര്‍ വായിക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. അതിനുശേഷമാണ് യൂനിസിന്റെ നിരീക്ഷണ പരീക്ഷണങ്ങളെ ഒരിക്കക്കൂടി ശാസ്ത്രലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ഒരു ദശാബ്ദം തികച്ചായിട്ടില്ല ഈ മറന്ന ചരിത്രം ആളുകള്‍ വീണ്ടെടുത്തിട്ട് എന്നതുകൊണ്ട് യൂനിസ് എന്ന വ്യക്തിയെപ്പറ്റി, അവളാരായിരുന്നു എന്നതിന്റെ വ്യക്തിത്വത്തെ പറ്റി കാര്യമായ വായനകളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സീരീസില്‍ ഏറ്റവും കുറവ് സോഴ്സുകള്‍ ലഭ്യമായ ഒരാളാണ് യൂനിസ്.

ആഗോളതാപനത്തിന് കാര്‍ബണ്‍ ഡയോക്സൈഡ് കാരണമാണ് എന്ന് 1850-കള്‍ മുതലേ നമുക്കറിയാമായിരുന്നു എന്നത് മനുഷ്യരാശിയുടെ അശ്രദ്ധയെ പറ്റി എന്ത് പറയുന്നു എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക; പക്ഷേ, ആ അറിവ് അനിഷേധ്യമായി പങ്കിട്ട യൂനിസിനെ ചരിത്രം മറന്നുകളഞ്ഞത് ഉറപ്പായിട്ടും കനത്ത അനീതിയാണ്.

ഇനി ഭൂമിയെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയപ്രവര്‍ത്തനമാക്കുന്ന കൂട്ടത്തില്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് മുന്നണിപ്പോരാളിയായിരുന്ന യൂനിസിനെ കൂടി ഒന്ന് ഓര്‍ത്തിരിക്കട്ടെ…!

കണ്ണന്‍ കീച്ചേരില്‍ എഴുതിയ ശാസ്ത്രവീഥിയിലെ പെണ്‍കരുത്തുകള്‍ – ലേഖനപരമ്പരയിലെ മറ്റുലേഖനങ്ങള്‍ വായിക്കാം

അധികവായനയ്ക്ക്

  1. https://royalsocietypublishing.org/doi/10.1098/rsnr.2018.0066
  2. http://www.searchanddiscovery.com/pdfz/documents/2011/70092sorenson/ndx_sorenson.pdf.html
  3. Foote, Eunice (November 1856). “Circumstances affecting the Heat of the Sun’s Rays”. American Journal of Science and Arts. 22: 382–383.
  4. https://www.jstor.org/stable/111604

 

Leave a Reply