Read Time:12 Minute

ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പികെറ്റിയുമായി ദ ഗാർഡിയൻ നടത്തിയ സംഭാഷണം.

കോവിഡിനെചരിത്രത്തിലെ സാംക്രമിക രോഗങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യാം?

തീരെ ശുഭാപ്തി വിശ്വാസമില്ലാതെ കണക്കാക്കിയാൽ, ഒരു വിധത്തിലുമുള്ള ഇടപെടലും നടത്തിയില്ലെങ്കിൽ 4 കോടി മനുഷ്യരെ ലോകത്ത് നിന്ന് ഇല്ലാതാക്കാൻ കഴിയുന്ന രോഗമാണിത്. ജനസംഖ്യ ആനുപാതികമായി നോക്കിയാൽ ഇത് 1918 ലെ സ്പാനിഷ് ഫ്ലൂ ഇരകളുടെ മൂന്നിൽ ഒന്ന് വരും. ഈ മാതൃകയിൽ ഇല്ലാത്ത പ്രധാന ഘടകം അസമത്വമാണ്. എല്ലാ സമൂഹങ്ങളെയും ഒരേ പോലെയല്ല ബാധിക്കുന്നത് അതു പോലെ ധനിക ദരിദ്ര രാജ്യങ്ങളെയും .

അസമത്വത്തിന്റെ പ്രശ്നം 1918 ൽ തന്നെ തിരിച്ചറിഞ്ഞതാണ്, അമേരിക്കൻ ജനസംഖ്യയുടെ 0.5% വും യൂറോപ്പിന്റെ 1% ഫ്ലുവിന്റെ ഇരയായപ്പോൾ ഇന്ത്യൻ ജനസംഖ്യയുടെ 6 ശതമാനമാണ് മരിച്ചത്. നടുക്കുന്ന വസ്തുത കോ വിഡ്- 19 ഉയർന്ന അസമത്വമാണ് കാണിക്കുന്നത്. അതിന്റെ ക്രൂരത നാം നിരന്തരം കാണുന്നുണ്ട്, വലിയ വീട്ടിലുള്ളവരും വീടേ ഇല്ലാത്തവരും ലോക് ഡൗണിൽ അകപ്പെടുന്നത് ഒരു പോലെയല്ല.

പാശ്ചാത്യ രാജ്യങ്ങളിലെ അസമത്വം 1918 ന് ശേഷം കൂടുകയല്ലേ ?

ശുഭാപ്തിയോടെ പറയുകയാണെങ്കിൽ 100 വർഷത്തേക്കാൾ കുറവ് അസമത്വമാണ് ഇന്ന് നിലനിൽക്കുന്നത്. ഈ പുരോഗതി സംഭവിച്ചത് രാഷ്ട്രീയവും ബൗദ്ധികവുമായ മുന്നേറ്റങ്ങളുടെ ഭാഗമായി നികുതി ഈടാക്കുന്നതിലും (progressive taxation) സാമൂഹ്യ സുരക്ഷയിലും വന്ന മാറ്റമാണ്. 19 ആം നൂറ്റാണ്ടിൽ സ്വത്ത് പവിത്രമായി കണ്ടിരുന്നു എന്നാൽ ഇന്നങ്ങനെയല്ല. ഇന്ന് ഉടമസ്ഥരും തൊഴിലാളികളും ഉപഭോക്താക്കളും പ്രാദേശിക സർക്കാരുമെല്ലാം തമ്മിൽ കൂടുതൽ  മെച്ചപ്പെട്ട അവകാശങ്ങളുടെ പങ്കുവെക്കൽ ഉണ്ട്.

1980 ന് ശേഷമുള്ള അതിവേഗം ഉയരുന്ന അസമത്വത്തിന് എന്താണ് പരിഹാരം?

അതിനുള്ള നടപടി, ഭൂമിയുടെ വടക്കൻ രാജ്യങ്ങളിൽ ( യൂറോപ്പ്, വടക്കേ അമേരിക്ക) സാമൂഹിക ഭരണം ( social state) തിരിച്ചുപിടിക്കലും തെക്കൻ രാജ്യങ്ങളിൽ ( ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക)  വികസനം വേഗത്തിലാക്കലുമാണ്.

ഈ പുതിയ സാമൂഹിക ഭരണകൂടം ന്യായമായ നികുതി ചട്ടക്കൂടും ലോകത്തെ ഏറ്റവും സമ്പന്നമായ സ്ഥാപനങ്ങളെ  കൃത്യമായി പട്ടിക പെടുത്തുന്ന സംവിധാനവും ഉൾക്കൊള്ളുന്നതായിരിക്കണം. മൂലധനത്തിന്റെ തടസമില്ലാത്ത ഒഴുക്ക് ഉറപ്പു വരുത്തുന്ന, നിലവിലെ വ്യവസ്ഥ 1980-90 കളിൽ യൂറോപ്പിന്റേയും മറ്റു ധനിക രാജ്യങ്ങളുടേയും സ്വാധീനഫലമായി ഉണ്ടായതാണ്. കോടീശ്വരന്മാർക്ക് അതിൽ നികുതി വെട്ടിക്കാൻ സൗകര്യങ്ങളുണ്ട്. ദരിദ്ര രാജ്യങ്ങൾക്ക് നല്ല നികുതി സംവിധാനമുണ്ടാക്കുന്നതിനും അതുവഴി സാമൂഹിക ഭരണകൂടം നിർമ്മിക്കുന്നതിനുമുള്ള സാഹചര്യം ഇല്ലാതെയാകുന്നു.

യുദ്ധങ്ങൾക്കും പകർച്ചവ്യാധികൾക്കും ഈ വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരാമെന്ന് Capital and Ideology എന്ന പുസ്തകത്തിൽ താങ്കൾ പറയുന്നു. വർദ്ധിച്ചു വരുന്ന അസമത്വം കൊണ്ട്. ഇത്തരം മാറ്റങ്ങൾക്കുള്ള കാരണങ്ങൾ ഉണ്ടാകുമോ?

കൊളോണിയലിസത്തിന്റെ ഭാഗമായി ധാരാളം സമ്പത്ത് യൂറോപ്പിൽ അടിഞ്ഞുകൂടി, ആ അസമത്വം സുസ്ഥിരമായിരുന്നില്ല. തുടർന്നാണ് ഒന്നാം ലോക മഹായുദ്ധം, റഷ്യൻ വിപ്ലവം, 1918 ലെ പകർച്ചവ്യാധി… തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത്. ഇവയുടെ സമ്മർദ്ദ ഫലമായി അസമത്വം അടുത്ത അര നൂറ്റാണ്ടു കാലത്തേക്ക് ഒന്നു ചുരുക്കി.

പകർച്ചവ്യാധി തിരുത്തലിനു കാരണമാകുന്നു എന്ന് താങ്കളുടെ പുസ്തത്തിൽ പറയുന്നു. 14 നൂറ്റാണ്ടിലെ പ്ലേഗ് (Black death ) ആണോ? അതിനു ശേഷം എന്ത് സംഭവിച്ചു?

യൂറോപ്പിലുണ്ടായിരുന്ന serfdom ( ഭൂമിയുമായി ബന്ധപ്പെട്ട അടിമത്വം ) അവസാനിച്ചത് പ്ലേഗുമായി ബന്ധപ്പെട്ടാണെന്ന് ഒരു തിയറി ഉണ്ട്. ചില പ്രദേശങ്ങളിൽ പ്ലേഗിനെ തുടർന്ന്  ജനസംഖ്യയുടെ 50%വരെ ഇല്ലാതായിട്ടുണ്ട് , അവിടെ തൊഴിലാളി ദൗർലഭ്യം ഉണ്ടാവുകയും അവർക്ക് മെച്ചപ്പെട്ട അവകാശങ്ങൾ ലഭിക്കുകയും ചെയ്തു. പക്ഷേ പല സ്ഥലങ്ങളിലും serfdom കൂടുകയാണ് ചെയ്തത്.

ഇത് ഇന്നും പ്രസ്കതമാണ്. പകർച്ചവ്യാധികളടക്കമുള്ള വലിയ പ്രശ്നങ്ങൾ വന്നാലും മാറ്റത്തിന്റെ ദിശ ഓരോ പ്രദേശത്തേയും അധികാര ഘടന, ആശയങ്ങൾ, എന്നിവയ്ക്കനുസരിച്ച് മാറും. സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളിലൂടെ മാത്രമേ സമൂഹം തുല്യതയിലേക്ക് സഞ്ചരിക്കൂ.

പങ്കാളിത്ത സോഷ്യലിസം എന്ന താങ്കളുടെ പരികല്പനയിലേക്ക് നമ്മളെ തിരിക്കാൻ ഈ സാഹചര്യത്തിന് കഴിയുമോ?

രാഷ്ട്രീയ മുന്നേറ്റങ്ങളിലും ചിന്തയിലും വലിയ വൈരുദ്ധ്യങ്ങൾ ആണ് കാണുന്നത്. അതിനാൽ ഇപ്പോൾ എന്തെങ്കിലും പറയുന്നത് സാഹസമായിരിക്കും. ആരോഗ്യ മേഖലയിലെ സർക്കാർ നിക്ഷേപത്തിന് ഇത് കൂടുതൽ സാധുത നൽകും. അതേ സമയം മറ്റു ചില പ്രവണതകളും കാണുന്നു, അന്യ രാജ്യ വിദ്വേഷം മൂലം രാഷ്ട്രങ്ങൾ തന്നിലേക്ക് ചുരുങ്ങുന്നു. യൂറോപ്യൻ യൂണിയന് എതിരെയുള്ള പല പ്രചരണങ്ങൾക്കും അത് ശക്തി പകരും.

പൊതു കടം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരുകൾ അത് നിയന്ത്രിക്കാൻ നിർബന്ധിതരാകില്ലേ?

പൊതു കടം കൂടുമ്പോൾ യൂറോപ്പും അമേരിക്കയും പുതിയ വഴികളുമായി വരും കാരണം തിരിച്ചടവ് ഇഴയുന്നതായിരിക്കും. ചരിത്രത്തിൽ ഇത്തരത്തിലുള്ള സന്ദർഭങ്ങൾ കാണാം. 19 നൂറ്റാണ്ടിൽ ബ്രിട്ടൺ നെപ്പോളിയൻ കാലത്തെ കടങ്ങൾ വീട്ടാൻ താഴെ തട്ടിലുള്ളവർക്കും മധ്യവർഗത്തിനും കൂടുതൽ നികുതി ചുമത്തി പണക്കാരായ കടപ്പത്രം ഉടമസ്ഥരുടെ കടം തിരിച്ചട ച്ചു . അന്ന് ധനികർക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. ഇന്നത് നടക്കുമെന്ന് തോന്നുന്നില്ല. രണ്ടാം ലോക യുദ്ധത്തിനു ശേഷം ജപ്പാനും ജർമ്മനിയും സമ്പന്നർക്ക് അധിക നികുതി താൽക്കാലികമായി ചുമത്തിയിരുന്നു. എനിക്കത് സ്വീകാര്യമായി തോന്നുന്നു. പൊതു കടമില്ലാതെ പുനർ നിർമ്മാണം നടത്താൻ ഇതവരെ സഹായിച്ചു.

അനിവാര്യതയാണ് പുതിയ കണ്ടെത്തലിലേക്ക് നയിക്കുക. യൂറോപ്യൻ സെൻട്രൽ ബാങ്ക്  അംഗങ്ങളുടെ കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും .എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാണാം

യൂറോപ്യൻ യൂണിയനിൽ ഒരു വലിയ മാറ്റം ഉണ്ടാകുമോ?

നമുക്ക് പരിഹരിക്കപ്പെടണമെന്നുള്ള പ്രശ്നങ്ങൾ തീർക്കാൻ ഈ പ്രതിസന്ധിയെ ആശ്രയിക്കാൻ കഴിയില്ല പക്ഷേ മാറ്റങ്ങൾക്ക് ഒരു കാരണമാകാം.brexit നു ശേഷം EU വിൽ വിള്ളൽ തുടങ്ങിയിട്ടുണ്ട്. ദരിദ്രരെല്ലാം ദേശീയ വാദികളായതു കൊണ്ടല്ല ഇത് സംഭവിച്ചത്. യൂറോപ്യൻ യൂണിയനിൽ സാമൂഹിക ഉത്തരവാദിത്തമില്ലാതെ Free trade ഉം ഒറ്റ കറൻസിയും മാത്രമായിരുന്നു. സമ്പന്നർക്കും മൂലധനത്തിനും അതിർത്തികളില്ലാതെയായപ്പോൾ പാവങ്ങളും മധ്യവർഗവും തമസ്കരിക്കപ്പെട്ടു. സ്വതന്ത്രമായ സഞ്ചാരം (free movement)വേണമെങ്കിൽ തീർച്ചയായും സാമൂഹിക നയങ്ങളും പൊതു നികുതിഘടനയും വേണം , അതിനൊപ്പം ആരോഗ്യ – വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപവും.

ഒരു രാഷ്ട്രത്തിനകത്ത് ഒരു ക്ഷേമ രാജ്യമുണ്ടാക്കുക എന്നത് തന്നെ ശ്രമകരമാണ്. വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയിലും അത് നടക്കും. പക്ഷേ ചെറിയ ഒരു സംഘത്തിൽ നിന്ന് അത് തുടങ്ങണം. ഈ ആശയങ്ങളുമായി ചേരാവുന്ന രാജ്യങ്ങൾക്ക് പിന്നീട് ചേരാം. യൂറോപ്യൻ യൂണിയനെ തകർക്കാതെ തന്നെ ഇത് ചെയ്യാം. ബ്രിട്ടൺ തിരിച്ചു വരും എന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ഈ പ്രതിസന്ധി മൂലം ആഗോളവത്കരണത്തിൽ നിന്ന് തിരിച്ച് പോകൽ ഉണ്ടാകുമോ?

മെഡിക്കൽ ഉപകരണങ്ങൾ പോലെ ചില മേഖലകളിൽ അത് സംഭവിച്ചേക്കാം. അത് പക്ഷേ പ്രാവർത്തികമാവുക എളുപ്പമല്ല. ഇന്നും  അന്താരാഷ്ട്ര വ്യാപാരത്തിൽ 0% നികുതി വേണമെന്നാണ് ideal ആയി ആഗ്രഹിക്കുന്നത് കാരണം താരിഫ് യുദ്ധം തുടങ്ങിയാൽ എവിടെ അവസാനിക്കുമെന്ന് പറയാനാകില്ല.

19 നൂറ്റാണ്ടിലെ സ്വത്തിന്റെ പുനർവിതരണവുമായി ഇതിനെ താരതമ്യം ചെയ്യാം. പുനർവിതരണത്തിന്റെ എതിർക്കാനായി ആളുകൾ അസമത്വത്തേയും അടിമ വ്യവസ്ഥയെ പോലും പിന്തുണച്ചു. ഒരിക്കൽ തുടങ്ങി വച്ചാൽ ഭരണകൂടം സമ്പൂർണമായി സ്വകാര്യ സ്വത്ത് ഏറ്റെടുത്തേക്കുമെന്ന് ആളുകൾ ഭയന്നു. കാലങ്ങളായി യാഥാസ്ഥിതികരുടെ അതിവാദമതാണ്. താരിഫില്ലാത്ത വ്യവസ്ഥ എന്ന ചിന്താഗതിയിൽ നിന്ന് നാം മോചിതരാകണം. പകർച്ചവ്യാധിക്കോ കാലവസ്ഥാ വ്യതിയാനത്തിനോ വേണ്ടി ഉപയോഗിക്കാനാണെങ്കിൽ കൂടിയും നികുതിയെ കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ ഉയരുന്നു. ഒരിക്കൽ കൂടി പറയുന്നു ചരിത്രം നമുക്ക് പല വഴികളും കാണിച്ചു തരുന്നുണ്ട്.


വിവര്‍ത്തനം ശ്രീജിത്ത് കെ.എസ്

The guardian ല്‍ പ്രസിദ്ധീകരിച്ച അഭിമുഖം

ലൂക്ക പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Wood Wide Web
Next post ചിതലു തന്നെയാണ് ഈയാംപാറ്റ
Close