തോൽക്കാൻ പാടില്ലാത്ത യുദ്ധം

ഡോ. വി. രാമന്‍കുട്ടി

എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് “വാട്ടർലൂ”. റോഡ്സ്റ്റീഗർ നെപ്പോളിയൻ ബോണപ്പാർട്ടായും ക്രിസ്റ്റഫർ പ്ലമ്മർ അയൺ ഡ്യൂക്ക് ആയും ഈ സിനിമയിൽ അഭിനയിക്കുന്നു. അവിസ്മരണീയമായഒരു രംഗത്തിൽ, വാട്ടർലൂവിൽ യുദ്ധംനടന്നേക്കും എന്ന് മനസിലാക്കി, നെപ്പോളിയൻ  ഗ്രാൻഡ് ആർമിയുടെ തലവനായി വാട്ടർലൂവിലെത്തുന്നു. അവിടെ കാലാവസ്ഥ മോശമാണ്. ചെളി നിറഞ്ഞ ഒരു വയൽ ചതുപ്പുനിലമായി മാറിയിരിക്കുന്നു. കൊടുങ്കാറ്റു വീശിയടിക്കുന്നത്‌ കൊണ്ട് കാഴ്ച്ച പരിമിതപെട്ടിരിക്കുന്നു. വെല്ലിങ്ടൺ എന്നെ തോൽപ്പിച്ചില്ലെങ്കിലും , ഈ കാലാവസ്ഥക്ക് അതിനു  സാധിക്കുമെന്നു നെപ്പോളിയൻ പിറുപിറുക്കുന്നതാണ്‌ രംഗം ( സിനിമയിൽ നെപ്പോളിയൻ ഇംഗ്ലീഷിലാണ് പിറുപിറുക്കുന്നത്. പക്ഷെ യഥാർത്ഥത്തിൽ അദ്ദേഹം ഫ്രഞ്ചിൽ സംസാരിച്ചിരിക്കണം. സിനിമ ഹോളിവുഡ് ആയതാണ് കാരണം. എല്ലാവരും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത്). യുദ്ധം ഒഴിവാക്കാൻ ഒരു സാധ്യതയുമില്ലെന്നു ഈ സമയത്തു അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഒപ്പം ജയിക്കാൻ സാധ്യത വളരെ കുറവാണ് എന്നും.

ഇപ്പോഴത്തെ രാജ്യതലവന്മാരുടെ അവസ്ഥ ഏതാണ്ട് ഇതിനോട് സമാനമാണ്. എന്ത് തീരുമാനമെടുത്താലും കാര്യങ്ങൾ ഗുണകരമാവില്ല എന്നവർക്കറിയാം ലോക്ക്ഡൌൺ നീട്ടുന്നത് സാമ്പത്തികദുരിതത്തിലേക്ക് നയിക്കും. അതേസമയം ലോക്ക്ഡൌൺവേണ്ടെന്നുവെച്ചാൽ പകർച്ചവ്യാധി നിയന്ത്രിക്കാൻ സാധിക്കാതെ വരും. രാഷ്ട്രീയക്കാർ അവരുടെ അതിജീവനത്തിനു പേരുകേട്ടവരാണ്.  എന്ത് തീരുമാനമെടുത്താൽ തടി കേടാകാതെ രക്ഷപെടാമെന്നു അവർക്കറിയാം. പക്ഷെ, ഇത്തവണ അത്തരമൊരു തീരുമാനമെടുക്കാനുള്ള സാധ്യത പോലും നിലനിൽക്കുന്നില്ല. ആത്മാർത്ഥമായി പറഞ്ഞാൽ, അവരിൽ ഒരാളാകാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല.

വാട്ടർലൂ (1987) സിനിമയില്‍ നിന്നുംസിനിമയില്‍ നിന്നും

1988 ന്റെ അവസാനത്തിലോ 1989 ലോആയിരിക്കണം ബിഎംജെ എന്ന ജേർണലിൽ  ഞാൻ കഥ വായിച്ചു. അന്ന് ഡോക്ടർമാർ അവരുടെ വ്യക്തിഗത അനുഭവങ്ങളെ കുറിച്ച് എഴുതിയിരുന്ന ഒരു കോളം ഉണ്ടായിരുന്നു (ഇപ്പോഴുണ്ടോഎന്നറിയില്ല). HIV ഒരുപകർച്ചവ്യാധിയായി തുടങ്ങിയിരുന്നു, അതായിരുന്നു ആഗോളവൈദ്യശാസ്ത്രത്തിലെ ഒന്നാംനമ്പർ പ്രശ്‍നം. ( HIV ഇന്ത്യയിൽ അത്ര കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല. നമ്മുടെ ധാർമികതയെ പറ്റിയും കുടുംബങ്ങളെ പറ്റിയും  അവ നമ്മളെ എങ്ങനെ സംരക്ഷിക്കുന്നു എന്നും നമ്മുടെനേതാക്കന്മാർ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകൾ നടത്തുന്ന സമയം. ഇത് ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും അംഗീകരിക്കുകയും ചെയ്തു). UK യിൽ നിന്ന് ബിരുദം നേടിയ ഒരു ഡോക്ടർ, മിഷനറി ഡോക്ടർ ആയി ഒരു ചെറിയ ആഫ്രിക്കൻ രാജ്യത്തു പോയതിന്റെ അനുഭവങ്ങളാണ് ഈ കോളത്തിൽ പറയുന്നത്. ഈ രാജ്യത്തുള്ള ജനങ്ങൾ  അവർ നേരിടാൻ പോകുന്ന വലിയ വിപത്തിനെ കുറിച്ച് യാതൊരു അറിവുമില്ലാത്തവരാണെന്നു അദ്ദേഹം കണ്ടെത്തി. അവിടെയുള്ള ജനങ്ങൾക്ക് ജീവിതത്തോടു വ്യത്യസ്ഥമായ ഒരു സമീപനമായിരുന്നു ഉണ്ടായിരുന്നത്. ജീവിതം ആസ്വദിക്കാനുള്ളതാണെന്നു അവർ കരുതി. ലൈംഗിക ചൂഷണം ഉണ്ടായിരുന്നില്ല. മാത്രമല്ല മുതിർന്ന സ്ത്രീവിദ്യാർത്ഥികളിൽനിന്നും പുരുഷ അദ്ധ്യാപകർ ലൈംഗിക സഹായങ്ങൾ  തേടുന്നത് അസാധാരണമായി കണക്കാക്കിയിരുന്നില്ല. നമ്മുടെ  ഡോക്ടർ താമസിച്ച ഗ്രാമത്തിലെ സ്ത്രീകൾ നദികടന്നു, നഗരത്തിൽ പോകുകയും , തിരികെ വന്നു സ്വസ്ഥമായ ദാമ്പത്യജീവിതം നയിക്കാൻ സാധിക്കുന്നത്ര പണം “പാപം” ചെയ്തു സമ്പാദിക്കുകയും ചെയ്യുമായിരുന്നു. ഈ ധാർമിക അപചയം കണ്ടു ഡോക്ടറിലെ മിഷനറി ഞെട്ടിപ്പോയി. അവരുടെ ജീവനുണ്ടാകാൻ പോകുന്ന ആപത്തോർത്തു അയാൾ ഭയപ്പെട്ടു.

അങ്ങനെയിരിക്കേ, ഒരു ദിവസം അദ്ദേഹം ചില ചെറുപ്പക്കാരെ വിളിച്ചുകൂട്ടി എയ്ഡ്സ് രോഗത്തെകുറിച്ച് ഒരുപ്രഭാഷണം നടത്തി.  ഈ രോഗം ഉണ്ടാക്കാൻ പോകുന്ന സങ്കീർണ്ണതകളെല്ലാം വിവരിക്കുകയും ,എത്ര ഭീകരമായാണ് ആളുകൾ മരിക്കുന്നതെന്നു പരാമർശിക്കുകയും ചെയ്തു. ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധമാണ് ഇതിനു കാരണമാവുക എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അവരിൽ ആവശ്യമായ ഭീതി നിറച്ചു കഴിഞ്ഞു എന്ന് അദ്ദേഹം കരുതിയപ്പോൾ,ഒരു യുവാവ് ചോദ്യം ചോദിക്കാനായി എഴുന്നേറ്റു. “ റവറണ്ട് , എനിക്ക് ഈ രോഗം വന്നാൽ, ഞാൻ മരിക്കാൻ എത്ര സമയമെടുക്കും ?” ഡോക്ടർ ഉത്തരം പറഞ്ഞു. “ഒരു വർഷമോ അതിൽ കുറവോ ആകാം. നിങ്ങൾ ഭാഗ്യവാനാണെങ്കിൽ ചിലപ്പോൾ 5 വർഷം വരെയോ അതിൽ കൂടുതലോ ലഭിക്കാം.”  യുവാവ് വീണ്ടും ഒരു ചോദ്യം കൂടെ ചോദിച്ചു.” ഈ പറയുന്ന കാലയളവിനു മുൻപ്, മലേറിയയോ ടൈഫോയിഡോ വയറിളക്കമോ മൂലം ഞാൻ മരിക്കില്ലെന്നു എന്തെങ്കിലും ഉറപ്പുണ്ടോ ?”

ആരോഗ്യമാണ് പ്രധാനമെന്ന്ഡോക്ടർമാർ സാധാരണഗതിയിൽ, ന്യായമായും കരുതുന്നു. ജീവിതത്തിലുടനീളം നടക്കുന്ന സാമ്പത്തികപ്രവർത്തങ്ങളെ മുഴുവനായും മനസിലാക്കിയാൽ മാത്രമേ  ജീവിതം അതിന്റെ പരമാവധിസാധ്യത ഉപയോഗിക്കുന്നുള്ളൂ എന്ന് ചില സാമ്പത്തിക വിദഗ്ദർ കരുതുന്നു. ഇത്തരം കാഴ്ചപ്പാടുകളെ ” മോണോട്ടോണിക്‌ കാഴ്ച” എന്നു വിളിക്കുന്നു. ഇത്തരം കാഴ്ചപ്പാടുകളാണ്, ലോകമെമ്പാടുമുള്ള വിവാദങ്ങളുടെ കേന്ദ്രം. അവരുടെ വീക്ഷണകോണുകളിൽ നിന്ന് നോക്കിയാൽ രണ്ടു കൂട്ടരും പറയുന്നത് ശരിയാണ്. പക്ഷെ ഒരേസമയം എങ്ങനെ ഈ രണ്ടു കാര്യങ്ങളും ശരിയാകും? അത് യുക്തിയില്ലായ്മയല്ലേ ? ഇങ്ങനെയുള്ള ഈ പ്രഹേളികയെയാണ് നാം ജീവിതം എന്ന് വിളിക്കുന്നത്.

ദരിദ്രരായ ആളുകളും, ചിലയിടങ്ങളിൽ കുടുങ്ങിയവരും തങ്ങളുടെ ജീവൻ പണയംവെച്ച് കർഫ്യൂ ലംഘിക്കുമ്പോൾ, നമ്മൾ പലപ്പോഴും അവർ വിഡ്ഡ്‌ഢികളാണെന്നു അനുമാനിക്കുന്നു. പക്ഷെ യഥാർത്ഥത്തിൽ, ജീവിതവും മരണവും അതിന്റെ സാധ്യതകളും നമ്മളെക്കാൾ നന്നായി കണക്കുകൂട്ടിയെടുത്തവരായിരിക്കും അവർ. കൂടുതൽ ആളുകൾക്കും മേൽപറഞ്ഞ പോലെ മറ്റുവഴികളില്ലാത്തവരാണ്. അതുകൊണ്ടു തന്നെ കർഫ്യൂ തുടരണോ എന്നുള്ള ചർച്ചകളെല്ലാം അർത്ഥശൂന്യമാണ്‌.

മുൻപ് പറഞ്ഞ വാട്ടർലൂ സിനിമയുടെ അവസാനം, യുദ്ധത്തിന് ശേഷം, വയലിലൂടനീളം വ്യാപിച്ചു കിടക്കുന്ന മൃതദേഹങ്ങളുടെ കണക്കെടുത്തു യുദ്ധത്തിന്റെ അവലോകനം നടത്തുമ്പോൾ ഇങ്ങനെ പറയുന്നു. “ വിജയിച്ച യുദ്ധത്തിനെക്കാൾ ഭയാനകമായ മറ്റൊന്നുമില്ല, തോറ്റ യുദ്ധമല്ലാതെ”. നമ്മുടെ കേരളത്തിൽ, ഇതിന്റെയെല്ലാം ചുമതലയുള്ളവർക്ക്  ഈ ധാരണയുണ്ടെന്നത് ഒരു ഭാഗ്യവും ആശ്വാസവുമാണ്. ഓരോ സാഹചര്യത്തിലും അവർ ശാസ്ത്രീയ ഉപദേശങ്ങൾ സ്വീകരിക്കുകയും അവയെ സാമാന്യ ബുദ്ധിയും  അനുഭവവും ഉപയോഗിച്ച് ഏകോപിപ്പിക്കുകയും ചെയ്യുന്നു.

എന്റെ ഒരു സുഹൃത്ത്, (അദ്ദേഹം ഒരു മുതിർന്ന ഗവർമെന്റ് ഉദ്യോഗസ്ഥനായി വിരമിച്ച ആളാണ്, സോഷ്യൽ മീഡിയയിൽ ഇല്ല ) എന്നോടു പറഞ്ഞു, കേരളത്തിൽ 40 ശതമാനം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. അവരിൽ ബഹുഭൂരിപക്ഷവും ഈ ദുഷ്കരമായ സാഹചര്യത്തിൽ മികച്ച ജോലി ചെയ്യുന്നു. അത് കേരളത്തിന്റെ ഭാഗ്യമാണ്. നിർഭാഗ്യവശാൽ അവരുടെ നേതൃത്വം, ഈ നേട്ടങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിനുപകരം അസംബന്ധ നാടകങ്ങളുടെ വേദിയായി മാറുകയാണ്.

ഡോ.വി രാമന്‍കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും

വിവര്‍ത്തനം : അപര്‍ണ മര്‍ക്കോസ്

Leave a Reply