പാരിസ്ഥിതിക തകർച്ചകളും, മഹാമാരികളും

പി.കെ.ബാലകൃഷ്ണൻ.

കാലാവസ്ഥയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനു കാരണമായിട്ടുള്ളത് അന്തരീക്ഷ ഊഷ്മാവിൽ വന്നിട്ടുള്ള വർധനവാണ്. അന്തരീക്ഷത്തിലെ ഹരിത ഗൃഹവാതകങ്ങൾ വർധിക്കുന്നത് കൊണ്ടാണ് അന്തരീക്ഷ ഊഷ്മാവ് കൂടിക്കൊണ്ടിരിക്കുന്നത്. ഹരിത ഗൃഹ വാതകങ്ങളിൽ കാർബൺ ഡൈഓക്സൈഡ് അനിയന്ത്രിതമായി വർധിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യൻ്റെ ഉയർന്ന തോതിലുള്ള ഫോസിൽ ഇന്ധന ഉപയോഗം മൂലമാണ് അന്തരീക്ഷത്തിൽ CO2 ഈ രൂപത്തിൽ വർധിക്കുന്നത്.

ഇപ്പോൾ ഓരോ വർഷവും തൊട്ടു മുൻപത്തെ അപേക്ഷിച്ച് അന്തരീക്ഷ താപനില കൂടുന്നതായിട്ടാണ് കാണുന്നത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2020 ഓടു കൂടി പൂർത്തിയായ ഒരു ദശാബ്ദം ലോകത്തെ ഏറ്റവും ചൂടു കൂടിയ കാലഘട്ടമായിരുന്നു.

ഇങ്ങനെ അന്തരീക്ഷ താപനിലയിൽ വന്നു കൊണ്ടിരിക്കുന്ന വർധനവ് ഭൂമിയിൽ കാലാവസ്ഥാമാറ്റങ്ങൾ സൃഷ്ടിക്കുന്നു. ചിലയിടങ്ങളിൽ അനുഭവപ്പെടുന്ന അത്യുഷ്ണവും തുടർന്ന് ഉണ്ടാവുന്ന ശക്തമായ മഴയും, വെള്ളപ്പൊക്കവും അവിടങ്ങളിലെ ജനങ്ങളുടെ പാർപ്പിടങ്ങൾ, കൃഷി, വളർത്തുമൃഗങ്ങൾ, മറ്റു ജീവസന്ധാരണ മാർഗങ്ങൾ എന്നിവയൊക്കെ നഷ്ടപ്പെടുന്ന അവസ്ഥ സൃഷ്ടിക്കും.മറ്റു ചില സ്ഥലങ്ങളിൽ ഉഷ്ണ തരംഗവും, വരൾച്ചയും അതോടൊപ്പമുണ്ടാവുന്ന കാട്ടുതീ ,മരുവൽക്കരണം എന്നിങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളും അതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും സൃഷ്ടിക്കുന്നു.

ഇത്തരം കാലാവസ്ഥാ ദുരന്തങ്ങളോടൊപ്പം വന്നു ചേരുന്ന മറ്റൊരു ദുരന്തമാണ് പുതിയ രൂപത്തിലുള്ള രോഗങ്ങളുടെ ആവിർഭാവം.കാലാവസ്ഥയിൽ മാറ്റമുണ്ടാവുമ്പോൾ വന്യ ജീവികൾ അവയ്ക്ക് അനുകൂലമായ കാലാവസ്ഥ തേടിപ്പോകും.ഇതുവരെ മനുഷ്യർ അധിവസിക്കുന്ന ഇടങ്ങളിൽ ഇല്ലാതിരുന്ന പല വന്യ ജീവികളും മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് എത്തുന്നത് സാധാരണമായിരിക്കൊണ്ടിരിക്കുന്നു.വന്യമൃഗങ്ങളെ വേട്ടയാടി മാംസ വിപണിയിലെത്തിച്ചുള്ള നിയമ രഹിതമായ ഒരു വ്യാപാരം ഇന്ന് ലോകത്തിൻ്റെ പല ഭാഗത്തും നടക്കുന്നതായി പറയപ്പെടുന്നു.ഇത് മൂലം പല തരം മൃഗജന്യ രോഗങ്ങളും മനുഷ്യരെ ബാധിക്കുന്ന സാഹചര്യം സംജാതമാകുന്നു. കഴിഞ്ഞ അമ്പത് വർഷക്കാലത്തിന്നിടയിൽ പല പുതിയ രോഗങ്ങളും ഭൂമിയുടെ പല ഭാഗത്തു നിന്നും പൊട്ടിപ്പുറപ്പെട്ട് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. ഇത്തരം രോഗങ്ങളിൽ 70 ശതമാനവും ജന്തുജന്യ രോഗങ്ങളായിരുന്നു. ജന്തുജന്യ രോഗങ്ങൾ പണ്ടുമുതലേ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ മനുഷ്യൻ്റെ പ്രകൃതിക്കുമേലുള്ള അമിത ഇടപെടലുകളും വനനശീകരണവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ വന്നു കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളും എല്ലാം പുതിയ പലതരം രോഗാണക്കളുടെയും വൈറസുകളുടെയും പൊട്ടിപ്പുറപ്പെടലുകൾക്കും അതിൻ്റെ ഫലമായുള്ള രോഗവ്യാപനങ്ങൾക്കും ഇട വരുത്തുന്നു.

പകർച്ചവ്യാധികളും അവയുടെ വ്യാപനവും പലവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഒന്നാമത്തെ ഘടകം രോഗകാരിയായ രോഗാണുവോ വൈറസ്സോ ആയിരിക്കും. രണ്ടാമത്തെ ഘടകം രോഗം പടർത്തുന്ന ഏജൻ്റ്. മൂന്നാമത്തെ ഘടകം രോഗവാഹകൻ. ഇത് ഏതെങ്കിലും ജന്തുവോ ചിലപ്പോൾ മനുഷ്യൻ തന്നെയോ ആവാം. നാലാമത്തെ ഘടകം രോഗബാധിതനാവുന്ന ആളും.

കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ ഇതിൽ ഏതെങ്കിലുമൊരു ഘടകത്തെയോ ഒന്നിൽ കൂടുതൽ ഘടകങ്ങളെയോ ബാധിക്കാം. ഒന്നു മുതൽ മൂന്നു വരെ എത് ഘടകത്തെ ബാധിച്ചാലും നാലാമത്തെ ഘടകത്തെ ബാധിക്കുകയും രോഗവ്യാപനത്തിൻ്റെസാഹചര്യം സംജാതമാവുകയും ചെയ്യും.

അത്തരം ചില രോഗങ്ങളെ മൂന്നായി തരം തിരിക്കാം.

1.രോഗവാഹകരായ വെക്ടർ വഴി പകരുന്ന രോഗങ്ങൾ (vector borne diseases).

കൊതുക്, ഈച്ച, ചെള്ള് തുടങ്ങിയ ജീവികൾ വഴി രോഗകാരികളായ പരാദങ്ങൾ, ബാക്ടീരിയകൾ, വൈറസുകൾ എന്നിവ മനുഷ്യരിലെത്തി പലതരത്തിലുള്ള രോഗങ്ങളുണ്ടാവുകയും അവയുടെ വ്യാപനം നടക്കുകയും ചെയ്യുന്നുണ്ട്. അന്തരീക്ഷ താപനത്തിൽ വരുന്ന മാറ്റങ്ങൾ ഇത്തരം രോഗവാഹകരായ ജീവികളുടെ (Vectors) എണ്ണത്തിൽ വർധനവുണ്ടാകാനും അവയുടെ ഭൗമ തല വിന്യാസം വർധിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നു. മലേറിയ, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ് നൈൽ പനി, സിക വൈറസ് പനി, ജാപ്പനീസ് എൻസഫിലിറ്റിസ് തുടങ്ങിയ, വെക്ടറുകൾ വഴി പടരുന്ന രോഗങ്ങൾ വർഷംതോറും വർധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തണുപ്പു രാജ്യങ്ങളിലെ അന്തരീക്ഷ താപനം കാലാവസ്ഥാ വ്യതിയാനം വഴി വർധിക്കുന്ന സാഹചര്യത്തിൽ നേരത്തേ  അവിടങ്ങളിൽ ഇല്ലാതിരുന്ന പല രോഗാണു വാഹക ജീവികളും (Vectors) അവിടങ്ങളിലേക്ക് വ്യാപിക്കുകയും അവ വഴി പകർത്തപ്പെടുന്ന രോഗങ്ങൾ വർധിക്കുകയും ചെയ്യുന്നതായി സ്റ്റാൻഫോർഡ് മെഡിക്കൽ സ്കൂളിലെ ജീവ ശാസ്ത്രജ്ഞനായ എറിൻ മോഡക്കായ്(Erin Modecai) നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു.

WHO റിപ്പോർട്ട് പ്രകാരം1940 നു ശേഷം 2004 വരെയുള്ള കാലയളവിൽ 335 പകർച്ചവ്യാധികൾ ലോകത്ത് പുതുതായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ഇതിൽ പുതുതായി പരിണമിച്ചു വന്ന ചില രോഗങ്ങളും ഉൾപ്പെടും. ക്ഷയം(Tuberculosis), മലേറിയ എന്നിവയാണു് പഴയ രോഗങ്ങൾ പുതുതായി തിരിച്ചു വന്നവയിൽ പ്രധാനം.പുതുതായി വന്നവയിൽ പ്രധാനമായിട്ടുള്ള രോഗങ്ങളാണ് എക്വയേർഡ്‌’ ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രോം (AIDS -HIV – 1 ) സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം (SARS), മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി’ സിൻഡ്രോം(MERS), എബോള, നിപ്പ, ഇപ്പോൾ ഭൂമിയിലാകെ പടർന്ന് പിടിച്ചിട്ടുള്ള COVID -19 എന്നിവ. ഏറ്റവും ഒടുവിൽ 2011നും 2018 നുമിടയിൽ തന്നെ 172 രാജ്യങ്ങളിലായി 1483 പ്രാദേശിക പകർച്ച രോഗങ്ങൾ  (എപ്പിഡെമിക്കുകൾ) ഉണ്ടായതായി ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു.

ഇന്നത്തെ നിലയിലുള്ള അന്തരീക്ഷ താപ വർധന കൊതുകുകൾ വഴി സംക്രമണം ചെയ്യപ്പെടുന്ന വിവിധ രോഗങ്ങൾ ലോക ജനസംഖ്യയുടെ അമ്പ ശതമാനത്തെ വരെ ബാധിക്കാനിടയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.ഓക്സ്ഫോർഡ് സർവകലാശാലയിലെ എപ്പിഡമിയോളജിസ്റ്റ് മോറിറ്റ്സ് ക്രെയിമറുടെ(Moritz Kraemer) നേതൃത്വത്തിലുള്ള ഗവേഷണത്തിൻ്റെ ഭാഗമായി നടത്തിയ മോഡലിംഗ് വഴിയാണ് ഈ നിഗമമനത്തിൽ എത്തിചേർന്നത്. യൂറോപ്പിലെയും, അമേരിക്കയിലെയും 3000 സ്ഥലങ്ങളിൽ 1970 മുതലുള്ള കൊതുകുജന്യ രോഗങ്ങളുടെ സ്ഥിതി വിവരങ്ങളും ഇവിടങ്ങളിലെ ഈഡിസ് ഈജിപ്തി(Aedes aegypti), ഈഡിസ് അൽബോ പിക്റ്റസ്(Aedes albopictus) കൊതുകുകളുടെ വ്യാപനവും പഠനവിധേയമാക്കിയായിരുന്നു അവരുടെ ഗവേഷണം. തുടക്കത്തിൽ ആഫ്രിക്കയിലും ഏഷ്യയിലും മാത്രമുണ്ടായിരുന്ന ഡെങ്കിപ്പനി ,ചിക്കുൻ ഗുനിയ, മഞ്ഞപ്പനി (yellow fever), സികഎന്നീപകർച്ചരോഗങ്ങൾ(epidemics) പിന്നീട് ദക്ഷിണ അമേരിക്ക, യൂറോപ്പ്, കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി.

2. മലിനീകരണം വഴിയുള്ള രോഗങ്ങൾ

ജനസംഖ്യയിൽ ഉണ്ടാവുന്ന വർധനവും മനുഷ്യരുടെ ജീവിത ശൈലികളിലും ഉപഭോഗ രീതികളിലും വരുന്ന മാറ്റങ്ങളും പ്രകൃതിക്കു മേൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു. വായു മലിനീകരണം, ജലമലിനീകരണം, ജീവി വർഗ്ഗങ്ങളുടെ വംശനാശം എന്നിങ്ങനെയുള്ള പല പുതിയ പ്രശ്നങ്ങളും രോഗവ്യാപനങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ജലജന്യരോഗങ്ങളായ ഡയേറിയ, കോളറ എന്നീ സാംക്രമികരോഗങ്ങൾ വർഷംതോറും ആവർത്തിച്ചു പ്രത്യക്ഷമാവുന്നു.WHOവിൻ്റെ കണക്കുകൾ പ്രകാരം വർഷംതോറും ഇത്തരം രോഗങ്ങൾ ഭൂമിയിൽ 400 കോടിയോളം ജനക്കളെ ബാധിക്കുകയും ശരാശരി 2.2 ദശലക്ഷത്തോളം മരണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുന്നത്.

വായു മലിനീകരണമാണ് മറ്റൊരു പ്രശ്നം. ഇന്ന് ലോകത്തെ എല്ലാ മഹാനഗരങ്ങളിലെയും അന്തരീക്ഷം വലിയ തോതിൽ മലിനമായിരിക്കുകയാണ്.90 ശതമാനം ജനങ്ങളും മോശമായ വായുവാണ് ശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിപുലമായ പഠനം നടത്തിയ, ലണ്ടനിൽ സ്ഥിരതാമസമാക്കിയ അമേരിക്കൻ പരിസ്ഥിതി മാധ്യമ പ്രവർത്തക(Environmental journalist) ബെത്ത് ഗാർഡ്നർ(Beth Gardiner) ചോക്ക്ഡ്;ലൈഫ് ആൻഡ് ബ്രത്ത് ഇൻ ദി എയ്ജ് ഓഫ് എയർ പൊല്യൂഷൻ(Choked; Life and breath in the age of air pollution) എന്ന പ്രസിദ്ധമായ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അമേരിക്കൻ പരിസ്ഥിതി പ്രവർത്തക റേച്ചൽ കാഴ്സൺ എഴുതിയ നിശ്ശബ്ദ വസന്തം (Silent spring) എന്ന പുസ്തകത്താട് തുലനം ചെയ്യാവുന്ന ഒരു പുസ്തകമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വികസിത രാജ്യങ്ങളിലെ സ്മോഗ് വഴിയുണ്ടാവുന്ന വിവിധ രോഗങ്ങൾ വർഷം തോറും 7 ദശലക്ഷം ജനങ്ങളെ കൊന്നൊടുക്കുന്നതായി അവർ പറയുന്നു.

3. ജന്തുജന്യ രോഗങ്ങൾ(Zoonoses). 

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപഴകലുകളിലൂടെ പല തരം വൈറസുകൾ മനുഷ്യരിലെത്തുന്നു. മനുഷ്യർ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥകളിലേക്ക് അതിക്രമിച്ച് ചെല്ലുന്നത് വന്യമൃഗങ്ങളിൽ നിന്ന് പുതിയ പല വൈറസുകളും മനുഷ്യരിലേക്ക് വരാനും പുതിയതരം രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനുമിടയാക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും ഭീതിതമായി പ്രത്യക്ഷപ്പെട്ട രോഗമായിരുന്നു അക്വയർഡ് ഇമ്യൂൺ ഡിഫിഷ്യൻസി സിൻഡ്രോം(AIDS). ഈ രോഗത്തിനു കാരണമായ ഹ്യൂമൺ ഇമ്യൂണോ ഡിഫിഷ്യൻസി വൈറസ് (HIV) ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് 1920ൽ കണ്ടെത്തിയത്.ഈ വൈറസ്ചിമ്പാൻസികളിൽ നിന്നാണ് മനുഷ്യന് പകർന്ന് കിട്ടിയത് എന്ന് പഠനങ്ങൾ വഴി കണ്ടെത്തി.1982 ലാണ് HIV വൈറസ് മനുഷ്യനിലുണ്ടാക്കുന്ന രോഗാവസ്ഥയ്ക്ക് AlDS എന്ന പേര് നൽകപ്പെടുന്നത്. 1990 ആകുമ്പോഴേക്കും ലോകത്ത് 145 രാജ്യങ്ങളിലായി 4ലക്ഷം പേർ രോഗബാധിതരായതായി WHO  റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇപ്പോൾ 35ദശലക്ഷത്തോളം പേരെ ബാധിച്ചിട്ടുള്ള ഈ രോഗത്തെ 2030 ഓടു കൂടി ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാൻ UN ൻ്റെ സസ്റ്റെയിനബിൾ ഡവലപ്മെൻ്റ് ഗോളിൽ (SDG) ലക്ഷ്യമിടുന്നു.

1996ൽ ആഫ്രിക്കയിലെ ഗാബോണിൽ പൊട്ടിപ്പുറപ്പെട്ട് സീറലിയോണിൽ വ്യാപിച്ച എബോള എന്ന മാരക രോഗത്തിനു കാരണമായ വൈറസും ചിമ്പാൻസികളിൽ നിന്നാണ് അവിടെയുള്ള മനുഷ്യരിലെത്തിയത്. കാട്ടിൽ ചെന്ന് ചിമ്പാൻസികളെ കൊന്ന് കൊണ്ടു വന്ന ആളുകൾക്കാണ് ആദ്യം രോഗം ബാധിച്ചത്.പിന്നീട് അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കുകയായിരുന്നു. രോഗബാധിതരുടെ 50 ശതമാനവും മരിക്കാനിടയുള്ള വളരെ ഗുരുതരമായ ഒരു രോഗമാണ് എബോള. ഈ രോഗം ഇപ്പോൾ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും ആവർത്തിക്കാനുള്ള സാധ്യത നിലനില്ക്കുന്നുണ്ട്.

1999ൽ മലേഷ്യയിൽ പന്നികളിൽ നിന്ന് മനുഷ്യരിലേക്കെത്തിയ പുതിയ ഒരിനം വൈറസ്സായിരുന്നു നിപ്പ .40 മുതൽ 75 ശതമാനം വരെ രോഗബാധിതർ മരിക്കാനിടയുള്ള നിപ്പ വൈറസ് രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കും.2001ൽ ബംഗ്ലാദേശിലും 2018ൽ കേരളത്തിലും നിപ്പ വൈറസ് പ്രത്യക്ഷപ്പെട്ടു.കേരളത്തിൽ ഈ വൈറസ് പഴംതീനി വവ്വാലുകളിൽ നിന്ന് മനുഷ്യരിലെത്തിയതായാണ് കണക്കാക്കപ്പെടുന്നത്.

ചൈനയിലെ ഗുവാങ്ങ് ഡോങ്ങ് പ്രവിശ്യയിൽ 2002 ൽ വവ്വാലുകളിൽ നിന്ന് വെരുകിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കും എത്തിയ കൊറോണ വൈറസ് SARScov വഴി ഉണ്ടായ ഇൻഫ്ലുവൻസയ്ക്ക് സമാനമായ ശ്വാസകോശ രോഗം 2003 ൽ ഒരു മഹാമാരിയായി ഹോങ്ങ് കോംങ്ങിലേക്കും,സിംഗപ്പൂർ, കാനഡ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ മഹാമാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗത്തിൻ്റെ മരണനിരക്ക് 10 ശതമാനമാണ്.

2012 ൽ സൗദി അറേബിയയിൽ ആദ്യമായി കണ്ടെത്തിയ മറ്റൊരു കൊറോണ വൈറസ് ആണ് മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം എന്നു പറയുന്ന രോഗത്തിനു കാരണമായ MERS Cov. ഈ വൈറസ് മനുഷ്യനിലേക്ക് വന്നത് ഒട്ടകങ്ങളിൽ നിന്നാണ് എന്നാണ് കണ്ടെത്തിയത്.ഈ രോഗത്തിൻ്റെ മരണനിരക്ക് 37 ശതമാനത്തിലധികമാണ്.

ഒടുവിൽ ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്ന, മനുഷ്യചരിത്രത്തിലെ ഏറ്റവും വ്യാപന സാധ്യതയുള്ള മഹാമാരിക്കു കാരണമായ COVID-19 വൈറസിൻ്റെ ഉറവിടവും വവ്വാലുകളാണെന്നാണ് നിഗമനം. പാരിസ്ഥിതിക തകർച്ചമൂലം ആവാസ വ്യവസ്ഥയുടെ നാശം സംഭവിക്കുകയും അതിൻ്റെ ഫലമായി ഒറ്റപ്പെടുകയും ചെയ്യുന്ന മൃഗങ്ങളിൽ നിന്നാണ് ഇത്തരം സൂനോട്ടിക്(zoonotic) വൈറസുകളിൽ പലതും മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ എത്തുമ്പോൾ അവയുടെ വാഹകരായിത്തീരുന്ന മനുഷ്യർക്ക് രോഗം ബാധിക്കുകയും അത് മറ്റു മനുഷ്യരിലേക്ക് വ്യാപിക്കുകയും ചെയ്യുകയാണ്.

യൂനിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ജൈവവൈവിധ്യ ശാസ്ത്രജ്ഞയായ കെയ്റ്റ് ജോൺസിൻ്റെ(Kate Jones) നേതൃത്വത്തിലെ ഒരു ഗവേഷണ സംഘം 2008ൽ നടത്തിയ പoനത്തിൽ 1960-2004 കാലഘട്ടത്തിൽ ലോകത്തുണ്ടായ 335 പുതിയ രോഗങ്ങളിൽ 60 ശതമാനവും മൃഗങ്ങളിൽ നിന്നാണെന്ന് കണ്ടെത്തുകയുണ്ടായി.

2009 ൽ യു എസ് എയിഡ് ഫോർ ഇൻ്റർനാഷനൽ ഡെവലപ്പ്മെൻ്റി(USAlD) ൻ്റെ ആഭിമുഖ്യത്തിൽ ഈ രൂപത്തിൽ പുതുതായി വരുന്ന സൂനോട്ടിക്ക് വൈറസുകളെ കണ്ടെത്താനും പ്രതിരോധ ചികിത്സകൾക്കുള്ള ഔഷധ ഗവേഷണങ്ങൾക്കു മായി PREDICT എന്ന പേരിൽ ഒരു പദ്ധതിക്ക് രൂപം നൽകി. ഈ നൂറ്റാണ്ടിൽ മനുഷ്യർ അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള മഹാമാരികൾ പലതും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്താനിടയുള്ള വൈറസുകൾ മൂലമായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ആദ്യവർഷത്തിൽ തന്നെ 1100 വൈറസുകളെ കണ്ടെത്തി 60 ഓളം ലാബുകൾക്ക് സഹായം നൽകി ആഫ്രിക്കയിലെ തുൾപ്പെടെ 30 രാജ്യങ്ങളിലെ 6200 വിദഗ്ധർക്ക് പരിശലനം നൽകിയ ഈ പദ്ധതി ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടിരിക്കയാണത്രെ. പ്രസിഡൻ്റ് ബുഷും, ഓബാമയും നന്നായി പിന്തുണച്ചിരുന്ന ഈ പദ്ധതി റൊണാൾഡ് ട്രംമ്പ് ആരോഗ്യമേഖലയ്ക്കുള്ള വിഹിതങ്ങൾ കുറച്ചതിൻ്റെ ഭാഗമായാണ് നിലച്ചുപോയത്. അമേരിക്കയിലെ ആരോഗ്യമേഖലയിലെ വിദഗ്ധരിൽ നിന്ന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരു നടപടിയാണിത്.

ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരി ഉൾപ്പെടെ അടുത്ത കാലത്ത് പൊട്ടിപ്പുറപ്പെട്ട പല മാരക രോഗങ്ങളും മനുഷ്യർ സമീപ ഭാവിയിൽ നേരിടാൻ പോകുന്ന ചില പ്രതിസന്ധികളുടെ സൂചനകളാണ്.

പ്രധാനമായും രണ്ടു പരസ്പര ബന്ധിതമായ പ്രശ്നങ്ങൾ അതിതീവ്രമായ സ്വഭാവങ്ങളോടുകൂടി മനഷ്യനു മുന്നിൽ വന്നു നില്ക്കുകയാണ്. ഒന്ന് മനുഷ്യനിർമിത(Anthropogenic) മെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലാവസ്ഥാമാറ്റവും അതിൻ്റെ ഫലമായുണ്ടാവുന്ന പാരിസ്ഥിതിക തകർച്ചകളും.രണ്ടാമത്തെത് ഈ കാരണത്താൽ ഉണ്ടാവാനിടയുള്ള മഹാമാരികളും.

ഇവ രണ്ടിനെയും അഭിമുഖീകരിക്കാൻ ഇന്നത്തെ ലോക വ്യവസ്ഥ എത്രമാത്രം സജ്ജമാണ് എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രശ്നം. ക്ഷാമം, മഹാമാരികൾ, യുദ്ധങ്ങൾ ഇവയായിരുന്നു മനുഷ്യവർഗത്തെ കഴിഞ്ഞ കാലങ്ങളിൽ അലട്ടിയിരുന്ന പ്രശ്നങ്ങൾ. എന്നാൽ മനുഷ്യൻ നേടിയിട്ടുള്ള ശാസ്ത്രജ്ഞാനവും സാമൂഹ്യ അവബോധവും ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാൽ ഇവയ്ക്കെല്ലാം പരിഹാരം കണ്ടെത്താമെന്ന ചില അനുഭവങ്ങളും നമുക്കുണ്ട്. എന്നാൽ ഇപ്പോഴും സ്വാർത്ഥ ചിന്തകളും ലാഭക്കൊതിയുമാണ് ലോകത്തിനു മുകളിൽ ആധിപത്യം നേടിക്കൊണ്ടിരിക്കുന്ന്. അതിൻ്റെ ദുരന്തഫലമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന മേൽ സൂചിപ്പിച്ച പ്രശ്നങ്ങൾ.


അധികവായനയ്ക്ക്

  1. https://www.mordecailab.com/
  2. https://elifesciences.org/articles/08347
  3. https://www.theguardian.com/profile/beth-gardiner
  4. https://www.ucl.ac.uk/biosciences/people/prof-kate-jones
  5. https://www.nytimes.com/2019/10/25/health/predict-usaid-viruses.html

Leave a Reply