Read Time:18 Minute

പി.കെ.ബാലകൃഷ്ണൻ

വീണ്ടും നാം ഒരു വൈറസുമായുള്ള യുദ്ധമുഖത്തെത്തിപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ചരിത്രത്തിലെ അതിജീവന യത്നങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോഴത്തെ ഈ പ്രതിസന്ധി താരതമ്യേന ഏറെ നിസ്സാരമാണെന്നു നമുക്കറിയാം.  പടര്‍ന്നുപിടിക്കുന്ന മഹാരോഗങ്ങളുമായുള്ള മനുഷ്യന്റെ ചരിത്രത്തിലെ അതിജീവനയത്നങ്ങളുടെ ചരിത്രവും ശാസ്ത്രവും വായിക്കാം

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട COVID_19 എന്ന പേര് വിളിക്കപ്പെട്ട കൊറോണ വൈറസ് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ച് പതിനായിരക്കണക്കിന്‌ ജനങ്ങൾ രോഗബാധിതരായിക്കുകയാണ്. അയ്യായിരത്തോളം പേര്‍ മരണമടയുകയും ചെയ്തു.

മാര്‍ച്ച് 13 വരെയുള്ള കോവിഡ് 19  രോഗവ്യാപനത്തിന്റെയും മരണത്തിന്റെയും വര്‍ധന കടപ്പാട്:worldometers.info

ചൈനയിലെ ഹുബേയ് പ്രോവിൻസിലെ വുഹാനിൽ ഒരു പുതിയ തരം വൈറസ് പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ വൈറസിന്റെ ഉറവിടം കൃത്യമായി ഇനിയും മനസ്സിലാക്കാനോ, പ്രതിരോധ മരുന്ന് കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. അതിവേഗം പടർന്ന് പിടിക്കുന്ന സ്വഭാവത്തിലുള്ള ഈ വൈറൽ രോഗം അവിടെ ആയിരക്കണക്കിനാളുകളെ ബാധിച്ചു. 10 ദിവസത്തിനകം ആധുനിക സൗകര്യങ്ങളുള്ള രണ്ട് ആശുപത്രികൾ നിർമിച്ച് ത്വരിതഗതിയിലുള്ള രോഗനിയന്ത്രണ പ്രവർത്തനങ്ങൾ അവിടെ ആരംഭിച്ചു. ഇപ്പോൾ അവിടെ ഈ രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടത്രെ.

ഇതിനു മുമ്പ് കൊറോണ വർഗ്ഗത്തിലുള്ള രണ്ട് എപ്പിഡെമിക്കുകളായിരുന്നു സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) എന്നും മിഡിൽ ഈസ്റ്റ് റെസ്പിറ്റേറി സിൻഡ്രോം(MERS) എന്നും പേരുള്ള രണ്ടു രോഗങ്ങൾ.
ഇപ്പോഴത്തെ COVID -19 ഒരാളിൽ നിന്ന് 4 പേരിലേക്ക് എന്ന നിരക്കിൽ, വ്യാപനത്തിൽ മറ്റു രണ്ടിനെയും അപേക്ഷിച്ച് മുന്നിലാണ്. മറ്റുള്ളവയുടെ ശരാശരി വ്യാപന നിരക്ക് ഒരാളിൽ നിന്ന്1.4 പേരിലേക്ക് എന്ന നിലയിലായിരുന്നു. എന്നാൽ മരണ നിരക്ക് മറ്റു രണ്ടിനെയും അപേക്ഷിച്ച്  ഈ രോഗത്തിനു കുറവാണ് എന്നത് ഇതുമായി ബന്ധപ്പെട്ട അമിത ഭയത്തെ ഒഴിവാക്കാൻ സഹായകവുമാണ്.

മരണ നിരക്ക് മറ്റു രണ്ടിനെയും അപേക്ഷിച്ച്  Covid 19 രോഗത്തിനു കുറവാണ്

ഒരു രോഗം പുതുതായി പൊട്ടിപ്പുറപ്പെട്ട്‌ ഒരു ഭൂദേശത്ത് അതിവേഗം വ്യാപിച്ചാൽ ആ രോഗത്തെ എപ്പിഡെമിക്ക് എന്ന് നാമകരണം ചെയ്യും.

വ്യാപനം ഭൂഖണ്ഡാന്തരത്തിലാവുകയും നിയന്ത്രണം എളുപ്പമല്ലാതായി തീരുകയും ചെയ്യുന്ന എപ്പിഡെമിക്കുകളെ പാൻഡമിക്കുകളായാണ് WHO വർഗീകരിക്കുന്നത്. COVID-19 നെ ഒരു പാൻഡമിക്കായി പ്രഖ്യാപിച്ചിരിക്കുകയുമാണ്.

കഴിഞ്ഞ കാലങ്ങളിൽ മനുഷ്യവർഗത്തെ ഭീതിയിലാഴ്ത്തിയ പല എപ്പിഡമിക്കുകളും, പാൻഡമിക്കുകളും നിയന്ത്രണ വിധേയമാക്കാൻ വൈദ്യശാസ്ത്രത്തിൻ്റ പുരോഗതി വഴി മനുഷ്യനു സാധിച്ചിട്ടുണ്ട്. എല്ലാ രോഗങ്ങളെയും പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അവയെ ഒക്കെ നിയന്ത്രണ വിധേയമാക്കാനുള്ള സാധ്യതയും ആത്മവിശ്വാസവും ശാസ്ത്രം നമുക്കിപ്പോൾ നൽകുന്നുണ്ട്.

1918ല്‍  സ്പാനിഷ് ഫ്ലു പടര്‍ന്നു പിടിച്ചപ്പോള്‍ – അമേരിക്കയിലെ Fort Riley ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം കടപ്പാട് : apimages

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ഒന്നാം പാദത്തിൽ അതായത് 1918-19 കാലത്തുണ്ടായ സ്പാനിഷ് ഇൻഫ്ലുവൻസ മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ പാൻഡമിക്കുകളിലൊന്നായിരുന്നു. അത് സ്പെയിനിൽ പൊട്ടിപ്പുറപ്പെട്ട്  അതിവേഗം വ്യാപിക്കുകയും ആദ്യത്തെ 6 മാസത്തിനകം തന്നെ 25 ദശലക്ഷം ആളുകളെ മരണത്തിനു കീഴ്പ്പെടുത്തുകയും ചെയ്തു. രോഗകാരണമായ H1N1 ഏവിയൻ വൈറസിന് സമാനമായ ഈ വൈറസ് എവിടെ നിന്നാണ് വന്നത് എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്താകെ 500 ദശലക്ഷം ആളുകളെ ഈ രോഗം ബാധിക്കുകയും 50 ദശലക്ഷത്തിലധികം ആളുകൾ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നുവത്രെ. അടുത്ത കാലത്തെ ഈ പാൻഡമിക്കുമായി ബന്ധപ്പെട്ട ചില പഠനങ്ങളിൽ പറയുന്നത് യഥാർത്ഥത്തിൽ ഈ ഫ്ലൂ പൊട്ടിപ്പുറപ്പെട്ടത് ന്യൂയോർക്കിലായിരുന്നു എന്നാണ്.ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ, ജനങ്ങളുടെ ആത്മവീര്യം നഷ്ടപ്പടാതിരിക്കാൻ വലിയ തോതിൽ ജനങ്ങൾ മരിച്ചു വീഴാനിടയാക്കിയ ഇൻഫ്ലുവൻസയുടെ യഥാര്‍ത്ഥ ചിത്രം പുറത്തു വിട്ടിരുന്നില്ല. അത് കൊണ്ടാണ് ഈ വിവരം അക്കാലത്ത് ലഭ്യമാവാതിരുന്നത്. അമേരിക്കയിൽ യുദ്ധത്തിൽ മരണമടഞ്ഞവരേക്കാൾ കൂടുതൽ ആളുകൾ ഈ ഇൻഫ്ലുവൻസ കാരണം മരണമടഞ്ഞിരുന്നുവത്രെ.സ്പെയിൻ യുദ്ധത്തിൽ പങ്കെടുക്കാതിരുന്നത് കൊണ്ട് അവിടെ നിന്നുള്ള വിവരങ്ങൾ പുറത്തു ലഭ്യമായിരുന്നു.

ഇപ്പോഴത്തെ കൊറോണ കുട്ടികളെക്കാൾ പ്രായമുള്ളവർക്കാണ് ഹാനികരമെങ്കിൽ ഇൻഫ്ലുവൻസ കുട്ടികളെയാണ് ഹാനികരമായി ബാധിച്ചത്.അതുകൊണ്ട് ഈ കാലം ജനങ്ങളുടെ ആയുർദൈർഘ്യം ഏറെ കുറഞ്ഞ ഒരു കാലമായി മാറി.പിന്നീട് റഷ്യൻ വിപ്ലവത്തിനും ലോക സാമ്പത്തിക മാന്ദ്യത്തിനും ശേഷം സോഷ്യലിസ്റ്റ് ആശയങ്ങളുടെ വ്യാപനവും, ക്ഷേമരാഷ്ട്ര സങ്കല്പവും എല്ലാം ചേർന്നപ്പോൾ മനുഷ്യരുടെ ആരോഗ്യ പരിരക്ഷയിലും രോഗനിയന്ത്രണ സംവിധാനങ്ങളിലും ഏറെ പുരോഗതിയുണ്ടായി. ഈ രോഗത്തെ ഏറെ വില കൊടുത്താണെങ്കിലും നിയന്ത്രണ വിധേയമാക്കാൻ ശാസ്ത്രം നമ്മെ സഹായിച്ചു.

1970കള്‍ വരെ ആഗോളതലത്തില്‍ വസൂരിയുടെ വ്യാപനം

ഇത് പോലെ ഈ ഭൂമുഖത്ത് 3000 വര്‍ഷത്തോളം നിലനിന്ന് മനുഷ്യനെ ഭീതിയിലാഴ്ത്തിയ ഒരു രോഗമായിരുന്നു വസൂരി. 1796 ൽ എഡ്വേഡ് ജന്നർ എന്ന ഇംഗ്ലീഷ്‌ ഭിഷഗ്വരനാണ് ഈ രോഗത്തിനെതിരെയുള്ള പ്രതിരോധ ചികിത്സ കണ്ടു പിടിച്ചത്. പ്രതിരോധ കുത്തിവെപ്പുകൾ ലോകവ്യാപകമാക്കി ഈ രോഗത്തെ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ രണ്ടാം പാദത്തോടെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റാൻ നമുക്കു സാധിച്ചു.

ആഗോള വസൂരി നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഡയറക്ടര്‍മാര്‍ – പ്രതിരോധ കുത്തിവെപ്പുകൾ ലോകവ്യാപകമാക്കി ഈ രോഗത്തെ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ രണ്ടാം പാദത്തോടെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റാൻ സാധിച്ചു.

എലികളിൽ നിന്നും വ്യാപകമായി പടർന്ന് പിടിച്ചിരുന്ന പ്ലേഗ് എന്ന രോഗം 1347- 1351 കാലയളവിൽ യൂറേഷ്യയിൽ 75 ദശലക്ഷത്തിനു മുകളിൽ ആളുകളെ കൊന്നൊടുക്കുകയുണ്ടായി. കിഴക്കനേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട്  യൂറോപ്പിലേക്ക് പടർന്ന പ്ലേഗ് യൂറോപ്യൻ ജനതയുടെ 30 ശതമാനം മുതൽ 60 ശതമാനം വരെയുള്ളവരെ ഇല്ലാതാക്കി എന്നാണ് പറയപ്പെടുന്നത്. പ്ലേഗ് രോഗം ബാധിച്ചുള്ള കൂട്ടമരണങ്ങളെ കറുത്തമരണം( Black Death) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. യുദ്ധങ്ങളുടെയും, അജ്ഞതയുടെയും, ക്ഷാമത്തിന്റെയും, പാൻഡമിക്കുകളുടെയും കാലമായിരുന്ന മധ്യകാലത്തെ രോഗമായിരുന്നു പ്ലേഗ്.

പ്ലേഗ് എന്ന രോഗം 1347- 1351 കാലയളവിൽ യൂറേഷ്യയിൽ 75 ദശലക്ഷത്തിനു മുകളിൽ ആളുകളെ കൊന്നൊടുക്കുകയുണ്ടായി.

മധ്യകാലത്തിനു ശേഷവും വളരെക്കാലം നിലനിന്ന ഈ രോഗത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തിയതും ചികിത്സക്കായി ഒരു വാക്സീൻ കണ്ടുപിടിക്കപ്പെട്ടതും ഏറെ വൈകിയാണ്. 1895 ൽ വിയറ്റ്നാമിൽ പ്രവർത്തിച്ചിരുന്ന ഫ്രഞ്ച് സ്വിസ് ഡോക്ടറും ബാക്ടീരിയോളജിസ്റ്റുമായിരുന്ന അലക്സാൻഡർ യെർസിൻ ആയിരുന്നു രോഗകാരണമായ ബാക്ടീരിയയെ കണ്ടുപിടിച്ച് പ്രതിരോധ ചികിത്സ വികസിപ്പിച്ചത്. എലികളിൽ നിന്ന് ചെറു ഈച്ചകൾ വഴി പരക്കുന്ന ഈ രോഗാണുവിന് പിന്നീട് യെർസീനിയ പെസ്റ്റിസ് എന്ന പേരാണ് നല്കിയത്. യൂറോപ്പിലെ ജനസംഖ്യയിൽ പകുതിയും ഇല്ലാതാക്കി മധ്യകാല യൂറോപ്പിന്റെ ചരിത്രം മാറ്റിയെഴുതിയത് ഈ കറുത്ത മരണങ്ങളായിരുന്നു.

The Black Death in Tournai – ബല്‍ജിയം മാനുസ്ക്രിപ്റ്റില്‍ നിന്നുമുള്ള ചിത്രം 1348 കടപ്പാട് storymaps

ആളുകൾ കൂട്ടത്തോടെ മരണമടഞ്ഞപ്പോൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യാനാളില്ലാതായി. അതോടെ കൃഷിത്തൊഴിലാളികളുടെ ആവശ്യം വർധിക്കുകയും അവരുടെ കൂലി വർധിക്കുകയും ചെയ്തു. മെച്ചപ്പെട്ട സ്ഥലങ്ങളിൽ മാത്രം കൃഷി ചെയ്യാൻ തുടങ്ങി. മറ്റു സ്ഥലങ്ങൾ ഒഴിഞ്ഞു കിടന്നു. ഒഴിഞ്ഞുകിടന്ന കൃഷിയിടങ്ങൾ കന്നുകാലി വളർത്താനുള്ള സ്ഥലങ്ങളായി തീർന്നു. കന്നുകാലികളുടെ എണ്ണത്തിൽ വർധനവുണ്ടായി. അതുവഴി മാംസം എല്ലാവർക്കും ഭക്ഷിക്കാൻ കഴിയുന്ന അവസ്ഥയുമുണ്ടായി. ഭൂബന്ധങ്ങളിൽ മാറ്റമുണ്ടായി. ജനജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടു. പൗരോഹിത്യത്തിനു ജനങ്ങളുടെ മേലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു. ജനങ്ങളിൽ പടർന്ന് പിടിച്ച നിരാശാബോധവും ആത്മവിശ്വാസമില്ലായ്മയും പഴയ കാല ഗ്രീക്ക് റോമൻ സംസ്ക്കാരത്തിൻ്റെ പുനരുത്ഥാന ചിന്തകളിലേക്ക് അവരെ നയിച്ചു.

മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ഹ്യൂമനിസ്റ്റ് ചിന്തകൾക്ക് തുടക്കം കുറിച്ചു. ലിയനാർഡോ ഡാവിഞ്ചി, റെനെ ദെക്കാർത്തെ, ഗലീലിയോ, കോപ്പർനിക്കസ്, ചോസർ, ദാന്തെ തുടങ്ങി നിരവധി പ്രതിഭകളെ ഈ കാലഘട്ടം മനുഷ്യ ചരിത്രത്തിനു നല്കിയ സംഭാവനകളായിരുന്നു. ഒരു മഹാമാരി ജനജിവിതത്തെയും മനുഷ്യ ചരിത്രത്തെ തന്നെ എങ്ങിനെയെല്ലാം മാറ്റിമറിക്കാം എന്നതിൻ്റെ നല്ല ഉദാഹരണമാണ് പ്ലേഗ് ബാധയും തുടർന്ന് ചരിത്രത്തിൽ സംഭവിച്ചതും.

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ഉത്തരാർധത്തിൽ 1956-1958 കാലത്തെ ഏഷ്യൻഫ്ലൂ 2 ദശലക്ഷം ആളുകളെയും, 1968- 69 കാലത്തുണ്ടായ ഹോങ്കോങ്ങ് ഫ്ലൂ ഒരു ദശലക്ഷത്തിലധികം ആളുകളെയും മരണപ്പെടുത്തിയതായാണ് അറിയുന്നത്. ഇൻഫ്ലുവൻസയെ പൂർണമായും ഇല്ലാതാക്കാൻ നമുക്കു സാധിച്ചിട്ടില്ല. എന്നാൽ രോഗത്തിന്റെ വ്യാപനം തടയാനുള്ള മുൻകരുതലുകൾ വികസിപ്പിക്കാനും അതെക്കുറിച്ചുള്ള അറിവുകൾ ജനങ്ങളിൽ വേഗമെത്തിച്ച് പകർച്ചയെ പ്രതിരോധിക്കാനും നമുക്കു സാധിക്കും.

ഏറെ ഭീതി പരത്തിയ HIV വൈറസ് 1976 ൽ ആഫ്രിക്കയിലെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തിൻ്റെ എല്ലാ ഭാഗത്തേക്കും പടർന്ന് കയറി. 1981നു ശേഷം32 ദശലക്ഷത്തോളം ആളുകളെ അത്  മരണത്തിലേക്ക് നയിച്ചതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിയന്ത്രണ വിധേയമാക്കാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ആ രോഗം നിലനില്ക്കുന്നുണ്ട്.

ഒടുവിൽ 2009-2010 ലെ സ്വൈൻ ഫ്ലൂ 575000 ആളുകളെയാണ് കൊന്നൊടുക്കിയത്.   വർഷം തോറും ഏതാണ്ട് 43 ദശലക്ഷത്തോളം ആളുകൾക്ക് ബാധിക്കുകയും 21000 നും 143000നുമിടയിൽ ആളുകൾ മരിക്കുകയും ചെയ്യുന്ന കോളറ വളരെക്കാലം മുൻപ് തുടങ്ങി ഇന്നും വിട്ടുമാറാതെ നില്ക്കുന്ന ഒരു എപ്പിഡമിക് ആണ്.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ തന്നെ പൊട്ടിപ്പുറപ്പെട്ട എബോളയും, മലേഷ്യയിൽ ആദ്യം പ്രത്യക്ഷപ്പെടുകയും, കേരളത്തിൽ നമ്മെയൊക്കെ ഏറെ ഭീതിയിലാഴ്ത്തുകയും എപ്പിഡെമിക്കുകളുടെ നിയന്ത്രണത്തിൻ്റെ പുതിയ പാഠങ്ങൾ രചിക്കാൻ നമുക്കവസരം നൽകുകയും ചെയ്ത നിപ്പയും, അടുത്ത കാലത്ത് നാം സാക്ഷ്യം വഹിച്ച അത്യധികം പ്രഹര ശേഷിയുള്ള രണ്ടു പുതിയ വൈറൽ രോഗങ്ങളായിരുന്നു.

 

വീണ്ടും നാം ഒരു വൈറസുമായുള്ള യുദ്ധമുഖത്തെത്തിപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ചരിത്രത്തിലെ അതിജീവന യത്നങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോഴത്തെ ഈ പ്രതിസന്ധി താരതമ്യേന ഏറെ നിസ്സാരമാണെന്നു നമുക്കറിയാം. വൈറസുകളെക്കുറിച്ചും, ജീനോം പഠനങ്ങളിലൂടെ അവയുടെ ആന്തരിക പരിവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ നമുക്കു സാധിക്കും.
രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പുകൾ പുതിയ വിവരവിനിമയ സംവിധാനങ്ങളുപയോഗിച്ച് എളുപ്പം തയാറാക്കാനും ഇടപെടാനും നമുക്കു സാധിക്കുന്നുണ്ട്.രോഗങ്ങളെക്കുറിച്ചും, ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെയുള്ള ബഹുജനവിദ്യാഭ്യാസം ആധുനിക മാധ്യമ സംവിധാനങ്ങളിലൂടെ നല്‍കാൻ നമുക്കിപ്പോൾ കഴിയുന്നുണ്ട്.

ശാസ്ത്രവിജ്ഞാനവും ശാസ്ത്രത്തിന്റെ രീതിയും ചരിത്ര പാഠങ്ങളുമാണ്  നമുക്ക് പ്രതിരോധത്തിന് മുഖ്യമായി ഉപയോഗിക്കാനാവുന്നത്.. ലാഭേച്ഛ കടന്നുവരാത്ത മാനേജ്മെന്റ് സംവിധാനങ്ങളും ജനങ്ങളുടെ അവബോധവും അതൊടൊപ്പം പ്രധാനമാണ്. ഈ വിധം പൊതുജനാരോഗ്യസംവിധാനത്തെ മുന്നില്‍ നിര്‍ത്തി കേരളം ഒറ്റക്കെട്ടായി  നടത്തുന്ന ചെറുത്ത് നില്പാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാനാകും എന്ന ശുഭപ്രതീക്ഷ നമുക്ക് നല്കുന്നത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 – ഓമനമൃഗങ്ങളെ കുറിച്ചോർത്ത് ആശങ്ക വേണ്ട
Next post COVID-19 – അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുക
Close