Read Time:15 Minute

ഇതെന്താ കുട്ടിക്കളിയാന്നാ വിചാരം??

ഇങ്ങനെ പറയാത്തവരോ കേൾക്കാത്തവരോ കുറവായിരിക്കും അല്ലെ… എന്നാൽ ഈ കുട്ടിക്കളി അത്ര ചില്ലറ കാര്യമല്ലെന്നറിയാമോ !

ഒരു കുഞ്ഞിന്റെ സ്വാഭാവിക വളർച്ചയിൽ ശരീരത്തിനും മനസ്സിനും ഒരു പോലെ പ്രാധാന്യമുണ്ട്. കയ്യും കാലും ദേഹവും ഉപയോഗിച്ച് ഒരു കുഞ്ഞു കിലുക്കോ പാവയോ കയ്യിൽ പിടിക്കുന്ന വെറും മാസങ്ങൾ പ്രായമുള്ള കുഞ്ഞ് മുതൽ ഓടിച്ചാടി നടന്നു നിയമങ്ങൾക്കനുസരിച്ചുള്ള കളികളിൽ പ്രാവീണ്യം നേടുന്ന മുതിർന്ന കുട്ടികൾ വരെ ഓരോ പ്രായത്തിലും ഉള്ള ശാരീരിക മാനസിക വളർച്ചക്കനുസരിച്ച കളികൾ മനുഷ്യന്റെ പൂർണ്ണ വളർച്ചക്ക് വളരെ അത്യാവശ്യമാണ്.

2022 ൽ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗരിയിൽ നടത്തിയ പഠനം അനുസരിച്ചു കോവിഡ് സമയത്ത് ജനിച്ച കുട്ടികളിൽ അതിനു മുൻപുള്ള കുട്ടികളെക്കാൾ (പ്രത്യേകമായും പെൺകുട്ടികളിൽ) വളർച്ചാ കാലതാമസത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത് കുട്ടികളെ എത്രത്തോളം അവരുടെ വളരുന്ന സാഹചര്യങ്ങൾ സ്വാധീനം ചെലുത്തുന്നു എന്ന് കാണിക്കുന്നത് കൂടിയാണ്.

മാതാപിതാക്കളുടെ വൈകാരിക മാനസിക പ്രതികരണങ്ങളിൽ നിന്ന് ഒരു ശിശു പഠിച്ചെടുക്കുന്ന കാര്യങ്ങൾ അവളുടെ / അവന്റെ ശാരീരിക മാനസിക വളർച്ചക്ക് ഏറെ അഭികാമ്യമാണ്‌. ഇതിലുള്ള അപാകതകൾ എത്രത്തോളം നീണ്ടകാലത്തേക്കു അല്ലെങ്കിൽ ഏതു പരിധി വരെ വ്യതിയാനങ്ങൾ കുട്ടികളുടെ വളർച്ചയിൽ ഉണ്ടാക്കുമെന്ന് തെളിയിക്കാനുള്ള പഠനങ്ങൾ വന്നു തുടങ്ങിയിട്ടില്ലെങ്കിലും തീർച്ചയായും ഒട്ടൊന്നു ആശങ്കക്ക് വകയുണ്ടെന്നു തന്നെയാണ് നിഗമനങ്ങൾ.

കോവിഡ് കാലത്തു ദിനചര്യയിൽ വന്ന മാറ്റം പോലെ തന്നെ വീടിനകത്തെ ബന്ധങ്ങളിലും വൈകാരിക കൈമാറ്റങ്ങൾക്കും തീർച്ചയായും കോട്ടം തട്ടിയിരുന്നതായാണ് കാണുന്നത്. പ്രധാനമായും കുട്ടികളോടൊത്തുള്ള ക്രിയാത്മകമായ ഇടപെടലുകളുടെ സമയത്തിലെ കുറവ് മാതാപിതാക്കൾ തന്നെ മിക്കപ്പോഴും തിരിച്ചറിഞ്ഞിട്ടുള്ളതാണ്.

ബുദ്ധിശക്തി എന്നത് പഠനത്തിനുള്ള കഴിവ് തെളിയിക്കൽ മാത്രമല്ലെന്നും തലച്ചോറിന്റെ പല തരത്തിലുള്ള കഴിവിന്റെ ആകെ തുകയാണെന്നുമൊക്കെ നമ്മൾ പതിയെ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ടല്ലോ. ഒരു മനുഷ്യന്റെ വികാസമേഖലകളുടെ പുരോഗതിയെ ഹവാർഡ് ഗാർഡ്നർ എന്ന മനഃശാസ്ത്രജ്ഞൻ 1983 ൽ അവതരിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ് . ബുദ്ധി എന്നത് ഏകാത്മകമല്ല. അതിനു ബഹുമുഖങ്ങളുണ്ട്.

  • ഭാഷാപരമായ ബുദ്ധി
  • യുക്തിപരവും ഗണിതപരവുമായ ബുദ്ധി
  • ദൃശ്യ സ്‌ഥലപരമായ ബുദ്ധി
  • ശാരീരിക ചലന പരമായ ബുദ്ധി
  • സംഗീതപരവും താളാത്മകവുമായ ബുദ്ധി
  • വ്യക്ത്യന്തര ബുദ്ധി
  • ആന്തരിക വൈയക്തിക ബുദ്ധി
  • പ്രകൃതിപരമായ ബുദ്ധി

ബുദ്ധിയുടെ ഈ മേഖലകളെല്ലാം ഓരോ വ്യക്തിയിലും ഏറ്റക്കുറച്ചിലുകളോടെ ഉണ്ടായിരിക്കും. എല്ലാ ബുദ്ധിമേഖലകളെയും പരിപോഷിപ്പിക്കാൻ വേണ്ടി വ്യത്യസ്ത അനുഭവങ്ങൾ ഓരോ കുട്ടിക്കും നൽകേണ്ടതുണ്ട്. മേൽപ്പറഞ്ഞ ബഹുമുഖബുദ്ധി ഒരു കുട്ടിയുടെ വളർച്ചയിൽ മുഖ്യമായും അഞ്ചു മേഖലകളിലാണ് സ്വാധീനം ചെലുത്തുന്നത്.

  • ശാരീരിക ചലന വികാസം
  • വൈജ്ഞാനിക വികാസം
  • സാമൂഹികവും വൈകാരികവുമായ വികാസം
  • സർഗാത്മകവും സൗന്ദര്യാത്മകവുമായ വികാസം
  • ഭാഷാവികാസം

അതായത് കുട്ടിയുടെ മേൽപ്പറഞ്ഞ വികാസങ്ങൾ ബുദ്ധിശക്തിയുമായി ഏറെ ചേർന്ന് നിൽക്കുന്ന ഒന്നാണെന്നും അതിനാൽ തന്നെ ഇവയിലേതെങ്കിലും വികാസമേഖലയിലുള്ള വളർച്ചകുറവ് കുട്ടിയുടെ ആകെയുള്ള പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതെല്ലാം തന്നെ വളരെ സ്വാഭാവികമായി കളികളിലൂടെയും ചുറ്റുപാടിനോടുള്ള കൊടുക്കൽ വാങ്ങലിലൂടെയുമാണ് നടക്കുന്നത്.

ഒരു കുഞ്ഞിന്റെ വളർച്ചാകാലയളവിലെ കളികളുടെ പ്രധാനപ്പെട്ട 6 ഘട്ടങ്ങള്‍ 1929 ൽ മിൽഡ്രഡ് പാർട്ടൻ ന്യൂ ഹാൾ ഏകോപിപ്പിച്ചതെങ്ങനെയെന്നു നോക്കാം. ഇതിനോട് ചേർത്ത് വായിക്കാവുന്നത് തന്നെയാണ് ഇതേ മേഖലയിലെ ജീൻ പിയാഷെ യുടെ തിയറിയും .

വ്യാപൃതമല്ലാത്ത കളികൾ (0-3 മാസങ്ങൾ )

ജനിച്ചു വെറും രണ്ടോ മൂന്നോ മാസം പ്രായമുള്ള കുഞ്ഞു കൈ കൊണ്ട് ഒരു കളിപ്പാട്ടം തൊടാൻ ശ്രമിക്കുന്നത് കാണുമ്പോൾ നമുക്ക് വളരെ നിസ്സാരമായ പ്രവർത്തനമായി തോന്നുമെങ്കിലും കുഞ്ഞു തന്റെ ബുദ്ധിയുടെ സർവ്വ കഴിവുകളും ഉപയോഗിച്ചു ഭാവിയിലേക്കുള്ള ഏറെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾക്കുള്ള പ്രധാനപ്പെട്ട മുന്നൊരുക്കങ്ങളാണതെല്ലാം. ആ പ്രായത്തിൽ നിന്ന് സ്വന്തം ശരീരത്തിന്റെ ഭാഗങ്ങൾ തിരിച്ചറിയുകയും അവയിൽ പരീക്ഷണ നിരീക്ഷണ കളികൾ നടത്തുന്നതും അവനവന്റെ ശരീരവും ചുറ്റുമുള്ള പരിസരവുമായുള്ള ബന്ധം സ്ഥാപിക്കലുമാണ് .
ഒറ്റപ്പെട്ട രീതിയിലുള്ള , വിശേഷിച്ചൊരു ഉദ്ദേശ്യം ഒന്നുമില്ലാത്ത കളികളാണ് ഈ ഘട്ടത്തിലെ സവിശേഷത.
ഉദാ: കമിഴ്ന്നു വീണു കിടക്കുന്ന കുട്ടി താഴെ വിരിച്ചിരിക്കുന്ന തുണി കൈ വിടർത്തി പിടിക്കുകയും കൈ തുറന്നു വിടുകയും ചെയ്യുക..ചുറ്റുപാടും നിരീക്ഷിക്കുക …ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നോക്കുക

ഏകാന്തമായ കളികൾ (മൂന്നു മാസങ്ങൾ തൊട്ടു രണ്ടര വയസ്സ് വരെ)

തനിയെ കളിക്കുകയും ചുറ്റുപാടിനെ തന്റെ ശരീരം കൊണ്ട് എങ്ങനെ കൈകാര്യം ചെയ്യാം എന്നും തിരിച്ചറിയുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഈ ഘട്ടത്തിൽ കാണുന്നത്. ഉദാഹരണത്തിന് കയ്യിലുള്ള കളിപ്പാട്ടം വ്യത്യസ്ത പ്രതലത്തിൽ തട്ടി നോക്കി ശബ്ദത്തിൽ ശ്രദ്ധിക്കുക. കുറച്ച കൂടി മുതിർന്ന കുട്ടികളാണെങ്കിൽ ഒരു പാത്രത്തിലേക്ക് വെള്ളം കോരി ഒഴിച്ച് കൊണ്ടേയിരിക്കുക തുടങ്ങിയ കളികൾ .

ഈ പ്രായത്തിലുള്ള കുഞങ്ങൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ കൊടുക്കുകയും അവയുടെ പലവിധ പ്രവർത്തനങ്ങൾ കാണിച്ചു കൊടുത്തും കൂടെ ഇരുന്നു അവരെ ഉത്സാഹിപ്പിക്കാം .

കാഴ്ചക്കാരി ആയുള്ള കളികൾ (രണ്ടര മുതൽ മൂന്നര വയസ്സ് വരെ)

ഈ ഘട്ടത്തിൽ കുട്ടികൾ മറ്റു കുട്ടികളെ നിരീക്ഷിക്കാനും അവർ കളിക്കുന്ന രീതിയെക്കുറിച്ച അഭിപ്രായം പറയാനോ തുടങ്ങുമെങ്കിലും അവരോടു ചേർന്ന് ഒരേ വസ്തു അല്ലെങ്കിൽ താല്പര്യം പങ്കുവെച്ചു കളിക്കുകയില്ല .പ്രധാനമായും മറ്റു കുട്ടികളെ മാറി നിന്ന് വീക്ഷിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ആസ്വദിക്കുകയും ചെയ്യാം.

മാതാപിതാക്കൾ ഈ അവസരത്തിൽ മറ്റു കുട്ടികളെ കാണാനും മറ്റുള്ളവരുടെ താല്പര്യങ്ങളെ നിരീക്ഷിക്കാനുള്ള അവസരം ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്.

സമാന്തരമായ കളികൾ (മൂന്നര വയസ്സ് മുതൽ നാല് വയസ്സ് വരെ)

ഒരേ ഇടത്തിൽ അടുത്തടുത്തിരുന്നു കളിക്കുന്ന കുട്ടികൾ ഇടക്കെങ്കിലും ചെറിയ ആശയ കൈമാറ്റമോ താല്പര്യം പങ്കുവെക്കലോ വാക്കുകളിലൂടെ ചെയ്യുകയും വീണ്ടും സ്വന്തമായ രീതിയിൽ മുഴുകുകയോ ചെയ്യാം. അടുത്തിരുന്നു കളിക്കുന്ന കുട്ടിയുടെ രീതികൾ നിരീക്ഷിക്കുകയും അത് സ്വന്തമായി ആവർത്തിക്കാൻ ശ്രമിക്കുകയും ചെയ്തേക്കാം.

ഈ ഘട്ടത്തിലാണ് മറ്റു കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനുള്ള സാഹചര്യം മാതാപിതാക്കൾ അവസരമൊരുക്കേണ്ടത്. പറഞ്ഞു പഠിപ്പിക്കാൻ പറ്റാത്തതും എന്നാൽ മറ്റു കുട്ടികളിൽ നിന്ന് കണ്ടു പഠിക്കേണ്ടതുമായ ഒരുപാട് സാമൂഹിക കഴിവുകൾ നേടുന്നത് ഈ കാലയളവിലാണ്.

കൂടിചേർന്നുള്ള കളികൾ (നാല് മുതൽ നാലര വയസ്സ് വരെ)

ഈ ഘട്ടത്തിൽ കുട്ടികൾ കൂടുതലായും മറ്റു കുട്ടികളുമായി സംവദിച്ചുള്ള കളികളിൽ താല്പര്യം കാണിക്കുമെങ്കിലും സ്വന്തം താല്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും പ്രാമുഖ്യം കൊടുത്തുകൊണ്ടാകും അവയെല്ലാം.

ഉദാഹരണത്തിന് കുഞ്ഞു ചതുരക്കട്ടകൾ ചേർത്ത് വച്ചുള്ള കളികളിൽ രണ്ടു കുട്ടികൾ ചേർന്നിരുന്നു അവരവരുടേതായ സങ്കല്പങ്ങളിലുള്ള വ്യത്യസ്ത രൂപങ്ങൾ ഉണ്ടാക്കുകയും അവയെക്കുറിച്ചു ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു .

സഹകരണാടിസ്ഥാനത്തിലുള്ള കളികൾ (നാലര വയസ്സ് മുതൽ)

ഈ ഘട്ടത്തിലാണ് കുട്ടിക്കളി കൂടുതൽ സങ്കീർണ്ണമാകുന്നത്. മറ്റുള്ള കുട്ടികളോട് ചേർന്ന് , ആശയം പങ്കുവെച്ചും അനുസരിച്ചും ചെറിയ നിയമങ്ങളോട് കൂടിയ കളികളിലൊക്കെ ഏർപ്പെടാൻ കുട്ടിക്ക് കഴിയേണ്ടതാണ്. വ്യത്യസ്ത കഥാപാത്രങ്ങളാകുകയും . അവരുടെ രീതികൾ ഭാവനാനുസൃതമായി അനുകരിക്കുകയും എന്നാൽ കളിയുടെ പൊതു നിയമനകൾക്കുള്ളിൽ നിന്ന് നേതൃത്വ പാടവം ഒക്കെ കാണിക്കാൻ കഴിയുന്ന ഒരു വികാസഘട്ടമാണിത്.

ഇതാണ് പൊതുവിൽ കണ്ടു വരുന്ന രീതിയെങ്കിലും ഒരു കുഞ്ഞിന്റെ മാനസിക ബൗദ്ധിക വളർച്ച അളന്നിട്ട മാനദണ്ഡങ്ങളിലൂടെ കിറുകൃത്യമായി നീങ്ങണമെന്നില്ല. മനുഷ്യ മനസ്സിനെ സംബന്ധിച്ച മറ്റേത് പാശ്ചാത്യ തിയറികളുടെന്ന പോലെയും ഇവക്കും സാംസ്കാരിക വ്യത്യാസങ്ങൾ അല്പമൊക്കെ ബാധിച്ചേക്കാം എന്ന തുറന്ന മനസ്സോടു കൂടി കുട്ടിയുടെ വളർച്ചയെ നോക്കി കാണാം. എന്നിരുന്നാലും കുട്ടികളുടെ ഇടപെടലുകളിൽ കാലതാമസം വരുന്നത് അവരുടെ ദൈനംദിന വ്യവഹാരങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ശിശുരോഗവിദഗ്ധനെ കാണിക്കാൻ മടിക്കരുത്.വളർച്ചയിൽ ഓരോ പടിയും വളരെ പ്രധാനമാണെന്നിരിക്കെ കുട്ടികളുടെ ആദ്യ കാലങ്ങളിലെ വളർച്ചയിൽ മാതാപിതാക്കളുടെ മാനസിക ശാരീരിക പിന്തുണ എന്നിവ വളരെ അഭികാമ്യമാണ്‌.


വീഡിയോ അവതരണം കാണാം
പുസ്തകക്കുറിപ്പ് വായിക്കാം
Happy
Happy
14 %
Sad
Sad
0 %
Excited
Excited
79 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബ്രഹ്മപുരം : മാലിന്യ സംസ്കരണത്തിന് സമഗ്രവും ജനകീയവുമായ പദ്ധതി വേണം
Next post തന്മാത്രാ ഘടികാരം
Close