Read Time:17 Minute

പുസ്തക പരിചയം

വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം

ഒരു സംഘം ലേഖകർ

കേരള ശാസ്ത്ര സാഹിത്യ പരിഷത്


മനഃശാസ്‌ത്രജ്ഞനായ ഡോ.കെ.എം.രമേശൻ ഭാഷാശാസ്‌ത്രജ്ഞനായ ഡോ.കെ.എന്‍.ആനന്ദൻ, വിദ്യാഭ്യാസ വിദഗ്ധരായ ഒ.എം ശങ്കരൻ, ഡോ.ടി.പി.കലാധരൻ, ഡോ.സി.രാമകൃഷ്‌ണൻ, ഡോ.എം.വി.ഗംഗാധരൻ, ഡോ.പി.വി.പുരുഷോത്തമൻ എന്നിവരുടെ അധ്യാപന അധ്യാപക പരിശീലനാനുഭവങ്ങളും വിപുലമായ ഗ്രന്ഥപരിചയങ്ങളും ചേർന്ന് കേരളത്തിലെ വിദ്യാഭ്യാസ തൽപരർക്ക് രൂപപ്പെടുത്തിയ പുസ്തകമാണ് വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന വേളയിൽ എല്ലാ അധ്യാപകരും വിദ്യാഭ്യാസ തൽപരരും ഉറപ്പായും വായിക്കേണ്ടത്.

ലോകപ്രശസ്തരായ വിദ്യാഭ്യാസ വിചക്ഷണരുടെ ചിന്തകള്‍, മനഃശാസ്ത്രശാഖകള്‍ മുന്നോട്ടുവയ്ക്കുന്ന പഠനസംബന്ധമായ കാഴ്ചപ്പാടുകള്‍, വ്യവഹാരവാദത്തിൽ  നിന്ന് ജ്ഞാനനിര്‍മിതിവാദത്തിലേക്കും സാമൂഹികജ്ഞാന നിര്‍മിതിവാദത്തിലേക്കുമുള്ള വിദ്യാഭ്യാസത്തിന്റെ സൈദ്ധാന്തികതലത്തിലുള്ള വളര്‍ച്ച, പാഠ്യപദ്ധതിരൂപീകരണത്തിന് അടിത്തറയാവേണ്ട നവമനഃശാസ്ത്രസിദ്ധാന്തങ്ങള്‍, ഭാഷാപഠനത്തിനുള്ള നവീനസമീപനങ്ങള്‍ തുടങ്ങിയവ ഈ പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നു.

കാൽ നൂറ്റാണ്ടായി കേരളത്തിൽ മാറി വന്ന  പാഠ്യപദ്ധതികളെ ശരിയാംവണ്ണം ഉൾക്കൊള്ളുന്നതിന് ഈ പുസ്തകം സഹായിക്കും. പഠനനേട്ടങ്ങളിലധിഷ്ടിതമായ നിലവിലെ പഠന രീതിയെ വിമർശനനാത്മകമായി പരിശോധിക്കുന്നതിനും സ്വന്തം ക്ലാസ്സ് മുറിയെ നവീന ആശയങ്ങളുടെ കരുത്തിൽ പടുത്തുയർത്തുന്നതിനും ഉത്തമ വഴിയാണ് ഈ ഗ്രന്ഥത്തിന്റെ വായന. ഒപ്പം പഠനരീതികളിലെ പുതിയമാറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ആഗ്രഹം ജനിപ്പിക്കുന്നതിനും പ്രേരണ നൽകും

വിദ്യാഭ്യാസ മനഃശാസ്ത്രത്തെ കുറിച്ചുള്ള അറിവ് എല്ലാ അധ്യാപകർക്കുമുണ്ടാവണം. ക്ലാസ് ഫലപ്രദമായ നടത്തുന്നതിന് ഇത് അനിവാര്യമാണ്. കേരളത്തിൽ പാഠ്യപദ്ധതി മാറ്റം വന്ന കാലത്തെ ക്ലാസ്സുകൾ കൈകാര്യം ചെയ്ത അധ്യാപകർ എല്ലാവരും തന്നെ ചേഷ്ടാവാദം അഥവാ ബിഹേവയറിസ്റ്റ് സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ മനശാസ്ത്രം പഠിച്ചവരായിരുന്നു. തൊണ്ണൂറുകളുടെ അവസാനം

പഠ്യപദ്ധതി സമീപനം മാറിയിട്ടും അതിന്റെ മനശ്ശാസ്ത്രപരമായ അടിത്തറ അധ്യാപക പരിശീലനങ്ങളുടെ ഭാഗമാക്കുന്നതിന് ആദ്യഘട്ടത്തിൽ കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം എന്ന പുസ്തകമാണ് ചേഷ്ടാവാദത്തിനപ്പുറമുള്ള നവീനങ്ങളായ മനശാസ്ത്ര സിദ്ധാന്തങ്ങൾ മലയാളത്തിൽ എത്തിച്ചത്. പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ സിദ്ധാന്തപരമായ അടിത്തറ ഉറപ്പിക്കുന്നതിൽ  വലിയ പങ്ക് വഹിച്ച ഒന്നാണിത്.

വിദ്യാഭ്യാസ മനശാസ്ത്രം : ചേഷ്ടാവാദം, മാനസിക വിശകല സിദ്ധാന്തവും മാനവികതാവാദവും, ജ്ഞാനനിർമ്മിതിവാദവും പിയാഷെയും ,സാമൂഹിക ജ്ഞാന നിർമ്മിതിവാദ ത്തിലേക്ക്, ജ്ഞാന നിർമ്മിതി വാദം ക്ലാസ്സ് മുറിയിൽ, സഹവർത്തിത പഠനത്തിന്റെ സാധ്യതകൾ തുടങ്ങിയ പുസ്തകത്തിലെ അധ്യായങ്ങൾ വായനക്കാർക്ക് വിദ്യാഭ്യാസ മനശാസ്ത്രം സംബന്ധിച്ച ആഴത്തിലുള്ള ധാരണകൾ വികസിപ്പിക്കുന്നതിന് സഹായിക്കും. തുടർന്നു വരുന്ന മസ്തിഷ്കവും പഠനവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നഅദ്ധ്യായവും ബുദ്ധിയുടെ ബഹുമുഖ ഘടകങ്ങൾ വിശദീകരിക്കുന്ന അധ്യായവും എന്തുകൊണ്ട് ശിശുകേന്ദ്രീകൃതവും  പ്രവർത്തനാധിഷ്ഠിതവുമായ പാഠ്യപദ്ധതികൾ അനിവാര്യമെന്ന് മനസ്സിലാക്കിത്തരുന്നു.

പുസ്തകത്തിലെ അഞ്ചാം ഭാഗത്തുള്ള നാല് അധ്യായങ്ങൾ ഭാഷാ പഠനത്തിന്റെആധുനിക സിദ്ധാന്തങ്ങൾക്ക് വിശദീകരണം നൽകുന്നവയാണ്. പുതിയ ഭാഷാ പഠന രീതി ക്ലാസ് മുറികളിൽ വസന്തം വിരിയിച്ചിട്ടുണ്ട്. എന്നിട്ടും പഴയതിലേക്ക് മടങ്ങി പോകണമെന്നാ ഗ്രഹിക്കുന്നവർ നിലകൊള്ളുന്ന അക്കാദമിക അന്തരീക്ഷമാണ് ഇന്നും ചില വിദ്യാലയങ്ങളിൽ. ഇത്തരം വിദ്യാലയങ്ങളിൽ എത്തിച്ചേർന്ന പുതുതലമുറയിലെ അധ്യാപകർ തീർച്ചയായും ഈ ഭാഗത്തിലൂടെ കടന്നുപോകേണ്ടതുണ്ട് .ഭാഷാ സമഗ്രതാ ദർശനം സർവ ഭാഷാ വ്യാകരണവും വിശദമായി  ചർച്ച ചെയ്യുന്നു.

വിദ്യാഭ്യാസത്തിന്റെ ഇന്നലെകൾ വിശദമായി ചർച്ച ചെയ്തു കൊണ്ടാണ് ഈ പുസ്തകം ആരംഭിക്കുന്നത്. അവസാനഭാഗം വിദ്യാഭ്യാസത്തിന്റെ .പുനസൃഷ്ടി എങ്ങനെയാകണമെന്ന വിശകലനമാണ് നടത്തുന്നത്. അതിൽ പ്രധാനമായും കേരളത്തിൽ പാഠ്യപദ്ധതി തുടങ്ങിയ കാലത്ത് ആരംഭിച്ച ഒന്ന്, രണ്ട് ക്ലാസ്സുകളിൽ നടപ്പാക്കിയ ഉദ്ഗ്രഥന രീതിയുടെ പ്രസക്തിയും അതിൻറെ പ്രയോഗവും സമീപനത്തിന്റെശാസ്ത്രീയ അടിത്തറയും വിശദീകരിക്കുന്നുണ്ട്

നിർഭാഗ്യവശാൽ പിന്നീട് വന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങൾ ഉദ്ഗ്രഥന രീതിയിൽ വലിയ മാറ്റം വരുത്തി. ഈ മാറ്റം എത്രമാത്രം പ്രയോജനപ്രദമാണ് എന്ന് പരിശോധിക്കാനും പുസ്തക വായന അധ്യാപക സമൂഹത്തെ പ്രേരിപ്പിക്കും. പുസ്തകം അവസാനിക്കുന്ന നാളത്തെ വിദ്യാഭ്യാസം എന്ന അധ്യായം വിദ്യാഭ്യാസത്തിൽ അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകളും ജനപങ്കാളിത്തം വർധിപ്പിക്കുന്നത് എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട് .അതോടൊപ്പം തന്നെ വിദ്യാഭ്യാസത്തിൻറെ മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെട്ട പോയവരുടെ ഉൾക്കൊള്ളൽ എങ്ങനെയാണെന്നും അതുവഴി വിദ്യാഭ്യാസരംഗത്തെ സാമൂഹ്യനീതി  ശക്തിപ്പെടുത്തേണ്ടതെങ്ങനെയെന്നും വിശദീകരിക്കുന്നു.

ശിശു കേന്ദ്രീകൃതമായ പാഠ്യപദ്ധതി  രൂപീകരിച്ചതിനു ശേഷം, പരിഷ്കരണങ്ങൾ പലതവണ കേരളത്തിൽ നടന്നിട്ടുണ്ട്. ഈ മാറ്റങ്ങളെല്ലാം ബഹുമുഖ ബുദ്ധി സിദ്ധാന്തങ്ങളെ ഉൾക്കൊണ്ടിട്ടുണ്ട്. ബഹുമുഖ ബുദ്ധിയെ വിശദമായി പരിശോധിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം കൂടിയാണ് വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം .

വ്യത്യസ്ത ബുദ്ധി ഘടകങ്ങളെ അവലോകനം ചെയ്യുകയും ആ ബുദ്ധി ഘടകങ്ങൾ വികസിപ്പിക്കുവാൻ എന്തൊക്കെ പ്രവർത്തനങ്ങൾ നൽകാൻ കഴിയും എന്ന് പുസ്തകം വിവരിക്കുന്നുണ്ട്. ക്ലാസ് മുറിയിലെ വൈവിധ്യത്തെ അഭിസംബോധന ചെയ്യുവാൻ ആഗ്രഹിക്കുന്ന അധ്യാപകർക്ക് ഏറെ സഹായകമാണിത്. കുട്ടികളുടെ താല്പര്യം,  ആവശ്യം,  കഴിവ്  ഇവ കണക്കിലെടുത്ത് പഠന പ്രവർത്തനങ്ങൾ നൽകുവാൻ അധ്യാപകർക്കിത് സഹായകമാകും. അത്തരം ആധികാരിക പഠനം വഴി കുട്ടികളെ പഠന മികവിലേക്ക് നയിക്കാനും സാധിക്കും. ഓരോ കുട്ടിയുടേയും വൈവിധ്യത്തെ അംഗീകരിക്കുന്ന ബഹുമുഖ ബുദ്ധി പരിഗണിക്കുന്ന ക്ലാസ്മുറികൾ കുട്ടികളുടെ മികവുകൾ പുറത്തു കൊണ്ടുവരുന്നതിന് സഹായിക്കും. ഒപ്പം ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനും സ്വയം മെച്ചപ്പെടാൻ അവരെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യും. ഇങ്ങനെ സ്വയം തിരിച്ചറിയാനും കഴിവിനെ പരമാവധി യിലേക്ക് ഉയർത്തുവാനും വ്യത്യസ്ത ബുദ്ധി ഘടകങ്ങൾ അംഗീകരിക്കുന്ന അധ്യാപികയുടെ ക്ലാസ് മുറിയിലിരിക്കുന്ന കുട്ടികൾക്ക് കഴിയും

ഇമോഷണൽ ഇന്റലിജൻസ് എന്ന ആശയത്തെ ഡാനിയൽ ഗോൾമാന്റെ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി പുസ്തകം പരിശോധിക്കുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലും വൈകാരിക വികാസം ഉറപ്പിക്കുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ മാറ്റം വന്നിട്ടുണ്ട് .കുട്ടികളുടെ സാമൂഹിക വൈകാരിക കഴിവുകളെ മനസ്സിലാക്കി പ്രവർത്തിക്കുവാനുള്ള ശ്രമങ്ങൾ വ്യത്യസ്ത തരത്തിൽ ആരംഭിച്ചിട്ടുണ്ട്.

മൊത്തം വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ കഴിവുകൾ മെച്ചപ്പെടുത്തുക എന്നതിനെ പൂർണ്ണമായ അർത്ഥത്തിൽ ഇനിയും ഉൾക്കൊള്ളുവാൻ  നമുക്ക് കഴിഞ്ഞിട്ടില്ല.

കുട്ടികളുടെ സാമൂഹിക ജീവിതത്തിന് ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും ശിഥിലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹത്തിൽ കൂട്ടായ്മ വളർത്തുന്നതിനു എന്നാൽ വൈകാരിക മാനത്തെ പരിഗണിക്കേണ്ടതുണ്ട്. ഇത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുവാൻ നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തുവാനും കഴിയേണ്ടതുണ്ട്.

ഭാഷാ പഠനവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നോം ചോംസ്കിയുടെ സൈദ്ധാന്തിക നിലപാടുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു.ജനിക്കുമ്പോൾ ഭാഷയെക്കുറിച്ച് എന്ത് അറിവാണ് മനുഷ്യനുള്ളത് ? എന്താണ് ഭാഷ ?, മനുഷ്യന്റെ ഭാഷയും ചിന്തയും തമ്മിലുള്ള ബന്ധം എന്താണ് ?. എന്നിവ ജ്ഞാന നിർമ്മിതി വാദത്തിന്റെ പശ്ചാത്തലത്തിലാണ് വിശകലനം ചെയ്യുന്നത്. ജ്ഞാതൃ മനശാസ്ത്രവും സർവ്വ ഭാഷയെക്കുറിച്ചുള്ള ചോംസ്കിയൻ  ചിന്തകളുടെയും അടിസ്ഥാനത്തിൽ ഭാഷാപഠനത്തിൽ ഉണ്ടാകേണ്ട ഭാഷാ സമഗ്രത ദർശനത്തിന്റെ അടിസ്ഥാനത്തിൽ പുസ്തകം വിലയിരുത്തുന്നു. ഘടനാവാദം , അനുഭവജ്ഞാന വാദം, ചേഷ്ടാവാദം  എന്നിവ ഭാഷാപഠനത്തെ ശരിയാംവണ്ണം വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടു. അധ്യാപകനെയും പാഠപുസ്തകത്തെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള പരമ്പരാഗത പഠനത്തിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ വിജ്ഞാനം  ഉത്പാദിപ്പിക്കുന്നവരാണെന്ന വീക്ഷണത്തിൽ അധിഷ്ഠിതമായി ഭാഷാ ക്ലാസ് മുറിയുടെ ഉൾക്കാഴ്ച ഉണർത്തുന്ന, ലളിതമായ വിശദീകരണങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.

ഭാവി സമൂഹത്തിന്റെ വിദ്യാഭ്യാസം രൂപപ്പെടുത്തുമ്പോൾ നമുക്കുണ്ടാവേണ്ട കാഴ്ചപ്പാടുകൾക്കടിസ്ഥാനം ഭരണഘടനയാവണം. ജനാധിപത്യം,സാമൂഹ്യനീതി , സ്ഥിതിസമത്വം,  മതനിരപേക്ഷത എന്നിവയിൽ വിശ്വസിക്കുന്ന മാനവികതയിൽ അധിഷ്ഠിതമായ ഒരു സമൂഹമാണ് വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കേണ്ടത്. വിജ്ഞാനം ഏറ്റവും വലിയ സമ്പത്താണെന്ന് തിരിച്ചറിഞ്ഞ് വിമർശനത്തിന്റേയും സ്വയം വിമർശനത്തിന്റേയും അടിസ്ഥാനത്തിൽ സ്വന്തം ചിന്തയിലും പ്രവർത്തിയിലും മാറ്റത്തിന് വിധേയരാകുന്നവരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയണം. സ്ത്രീ -പുരുഷ സമത്വം, പ്രത്യേക പരിഗണന അർഹിക്കുന്നവരോടുള്ള കരുതൽ എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുവാൻ നാളത്തെ തലമുറയ്ക്ക് കഴിയണം. ഉപഭോഗ സംസ്കാരം. സാമൂഹിക തിന്മകൾ എന്നിവയ്ക്കെതിരെ പോരാടുന്നതിനൊപ്പം സാംസ്കാരിക വൈവിധ്യത്തെ അംഗീകരിക്കാനുള്ള മനസ്സും വിദ്യഭ്യാസം വഴി കുട്ടികൾക്ക് ലഭിക്കണം. പാഠ്യപദ്ധതി രൂപീകരിക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ സൃഷ്ടിക്കാനുതകുന്ന വിധം അറിവും കഴിവും മനോഭാവവും മൂല്യങ്ങളും ഉൾക്കൊള്ളണം.

ജനാധിപത്യ വിദ്യാഭ്യാസ ക്രമത്തിന്റെ അടിസ്ഥാനം വിദ്യാർഥി കേന്ദ്രീകൃതമാവണം. നാളത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു വഴികാട്ടിയാണ്.

പരിഷത്തിന്റെ വിദ്യാഭ്യാസഗവേഷണകേന്ദ്രം (Educational Research Unit) 2002-ലാണ് പുസ്തകം തയ്യാറാക്കിയത്. അധ്യാപക സഹായികൾക്കൊപ്പം കേരളത്തിലെ  അധ്യാപകർക്ക് നിരന്തരം റഫറൻസിനായി ആശ്രയിക്കാവുന്ന ഗ്രന്ഥം. വായിച്ച് തീർക്കാനല്ല; വായിച്ച് , വീണ്ടും വായിച്ച്,  അധ്യാപത്തിന്റെ പുതുവഴികളിലൂടെ കുട്ടികളുടെ പക്ഷത്തു നിന്ന് പാഠ്യപദ്ധതി പരിഷ്കരണം സാർഥകമാക്കാൻ ഈ പാഠപുസ്തകം സ്വന്തമാക്കുക.


Happy
Happy
40 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
10 %
Surprise
Surprise
0 %

Leave a Reply

Previous post ആൽഫ്രെഡ് റസ്സൽ വാലസ് എന്ന ബഹുമുഖ പ്രതിഭ
Next post ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയെന്ത് ?
Close