Read Time:22 Minute

ഡോ. പാപ്പച്ചൻ. എം. ജോസഫ്

എവിഡൻസ്-ബേസ്ഡ് മെഡിസിൻ Vs എക്സ്പീരിയൻസ്-ബേസ്ഡ് മെഡിസിൻ

തെളിവുകളെ അടിസ്ഥാനമാക്കുന്ന വൈദ്യം (എവിഡൻസ്-ബേസ്ഡ് മെഡിസിൻ) എന്ന് നാം പൊതുവേ വിശേഷിപ്പിക്കുന്ന ആധുനികവൈദ്യശാസ്ത്രം (മോഡേൺ മെഡിസിൻ) ചികിത്സാവിധികളിലും, രോഗനിർണയത്തിനുള്ള നൂതനസാങ്കേതികവിദ്യകളിലും, മരുന്നു കണ്ടുപിടുത്തങ്ങളുടെ കാര്യത്തിലും, ശസ്ത്രക്രിയാരീതികളിലും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കുശേഷം നടത്തിയ കുതിച്ചുചാട്ടങ്ങൾ നമുക്കെല്ലാം സുപരിചിതമാണല്ലോ. ആധുനിക ഭൗതികവും, രസതന്ത്രവും, ജീവശാസ്ത്രവും, എന്തിനുപറയുന്നു കമ്പ്യൂട്ടർ സാങ്കേതികവിദ്യയുൾപ്പടെ ഇന്ന് നിലവിലുള്ള മിക്കവാറും എല്ലാ ശാസ്ത്രശാഖകളും അങ്ങേയറ്റം സന്തുലിതമായി സമ്മേളിക്കുന്ന, സമഗ്രവും, സമ്പൂർണവുമായ ശാസ്ത്രസമന്വയമായി മോഡേൺ മെഡിസിൻ അടുത്തയിടെ പരിണമിച്ചത്, ആത്യന്തികമായി തെളിവുകളെ മാത്രം അടിസ്ഥാനമാക്കി വളരുവാനത് കാട്ടിയ നിർബന്ധബുദ്ധി കാരണമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് എക്സ്പീരിയൻസ്-ബേസ്ഡ് മെഡിസിൻ (അനുഭവസമ്പത്തിനെ ആശ്രയിക്കുന്ന വൈദ്യം) രോഗനിർണയത്തിന്റെ കാര്യത്തിലും, ചികിത്സാവിധികളുടെ കാര്യത്തിലും ഇപ്പോഴും മുൻപന്തിയിൽ നിൽക്കണമെന്നുള്ള ചിലരുടെ ദുശ്ശാഠ്യം ചോദ്യം ചെയ്യപ്പെടുന്നത്.

ചരിത്രപശ്ചാത്തലം 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽത്തന്നെ ആധുനികശാസ്ത്രം പുരോഗതിയിലേക്കുള്ള വൻകുതിച്ചുചാട്ടം ആരംഭിച്ചിരുന്നു. സമാന്തരമായിത്തന്നെ ആധുനിക വൈദ്യവും മുന്നേറ്റത്തിന്റെ പടവുകൾ അതിദ്രുതം കയറിത്തുടങ്ങി. അതുവരെ ചികിത്സയില്ലാതിരുന്ന പ്രമേഹം, രക്തസമ്മർദ്ദം, അർബുദം തുടങ്ങിയ മിക്കവാറും രോഗങ്ങൾക്കും ഫലപ്രദമായ മരുന്നുകൾ കണ്ടെത്തുവാനും, അവമൂലമുള്ള ദ്രുതമൃത്യുവിൽനിന്ന് അനേകായിരങ്ങളെ രക്ഷിക്കുവാനും ആധുനികവൈദ്യം ശേഷികൈവരിച്ചു. മരുന്ന് ഗവേഷണ-നിർമാണരംഗത്തുണ്ടായ വൻമുന്നേറ്റം വിവിധ മരുന്നുൽപാദനകമ്പനികളെ ശതകോടീശ്വരൻമാരാക്കുകയും ലാഭക്കൊതിയിൽ മാത്രമൂന്നിയ വിപണനതന്ത്രങ്ങൾ മിനഞ്ഞെടുക്കുന്നതിൽ പരസ്പര മത്സരത്തിലേർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു.  തൽഫലമായി ഗുണഫലങ്ങൾ പർവ്വതീകരിക്കാനും, പാർശ്വഫലങ്ങൾ തമസ്കരിക്കാനുമുള്ള അനാശ്യാസപ്രവണതകൾ സ്വാഭാവികമായും ഉടലെടുക്കുകയും, താലിഡോമൈഡ്, ക്ലയോക്വിനോൾ മുതലായ മരുന്നകൾ മൂലമുണ്ടായ വൻദുരന്തങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടിവരികയും ചെയ്തു. മരുന്ന്ഗവേഷണ-ഉല്പാദന-വിപണന രംഗത്തുണ്ടാവേണ്ട കർശനമായ സാമൂഹ്യനിയന്ത്രണങ്ങളുടെ ആവശ്യകത ഇത്തരം ദുരന്തങ്ങൾ ശാസ്ത്രസമൂഹത്തെയും ലോകരാഷ്ട്രങ്ങളെയും പഠിപ്പിച്ചു. മൂന്നോനാലോ ഘട്ടങ്ങളിലൂടെയുള്ള അതിസൂക്ഷ്മമായ റാണ്ടമൈ‌സ്ഡ് കൺട്രോൾഡ് ട്രയലുകൾ (ആർ.സി.റ്റി; randomized controlled trials; RCT’s), വിപണാനന്തര നിരീക്ഷണങ്ങൾ (post-marketing surveillance) എന്നിവ കൂടാതെ ഇന്നിപ്പോൾ ആധുനികവൈദ്യശാസ്ത്രത്തിൽ ചികിത്സക്കായി മരുന്നുകൾ ഉപയോഗിക്കാനാവില്ല. വിശ്വപ്രശസ്തമായ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിന്റെ “എല്ലാ മരുന്നുകളും ചില നല്ല ഗുണങ്ങളുള്ള വിഷങ്ങളാണ്” എന്ന എഡിറ്റോറിയൽ കമന്റ് ആണ് നാമീയവസരത്തിൽ ഓർക്കേണ്ടത്. ഇത്തരത്തിൽ അത്യധികം കർശനമായ പരീക്ഷണ-നിരീക്ഷണങ്ങൾക്ക് വിധേയമാവുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകളുടെ കാര്യം പോലും ഇങ്ങനെയാണെകിൽ, ഈ രീതീശാസ്ത്രമൊന്നും ഉപയോഗിക്കാത്ത മറ്റു വൈദ്യശാഖകളിലെ മരുന്നുകളുടെ സുരക്ഷിതത്വം പരിഗണനപോലും അർഹിക്കുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ.

കൺട്രോൾഡ്‌ ക്ലിനിക്കൽ ട്രയലുകളെപറ്റിയും, ശാസ്ത്രസത്യങ്ങൾ കണ്ടെത്തുന്നതിൽ സ്റ്റാറ്റിസ്റ്റിക്കൽ അപഗ്രഥനത്തിനുള്ള പ്രാധാന്യത്തെപ്പറ്റിയുമുള്ള ചിന്തകൾ പതിനേഴാം നൂറ്റാണ്ടുമുതൽ ശാസ്ത്രലോകത്ത് നിലനിന്നെകിലും “എവിഡൻസ്-ബേസ്ഡ് മെഡിസിൻ” അതിന്റെ പൂർണമായ അർത്ഥത്തിൽ മുന്നോട്ടുവെയ്ക്കപ്പെട്ടത് 1990-ൽ മാത്രമാണ്. വ്യക്തിഗതമായ അനുഭവസമ്പത്തിനെ മാത്രം ആശ്രയിച്ചുനടത്തുന്ന രോഗനിർണയ-പരിപാലന രീതികളിൽ (എക്സ്പീരിയൻസ്-ബേസ്ഡ് മെഡിക്കൽ പ്രാക്ടീസ്) കണ്ടെത്തിയ ഗുരുതരമായ നിരവധി പിഴവുകളാണ് യഥാർത്ഥത്തിൽ എവിഡൻസ്-ബേസ്ഡ് മെഡിസിൻ എന്ന സങ്കല്പത്തിനുതന്നെ ബീജാവാപം നടത്താൻ അതിന്റെ പിള്ളത്തൊട്ടിലായിരുന്ന മക്മാസ്റ്റർ സർവ്വകലാശാലയെ പ്രേരിപ്പിച്ചത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽമാത്രം രൂപീകരിക്കപ്പെടുന്ന ക്ലിനിക്കൽ മാർഗ്ഗനിർദേശങ്ങളുടെ (clinical guidelines) പിൻബലത്തോടെയേ ആധുനികവൈദ്യം പ്രയോഗിക്കപ്പെടാവൂ എന്ന ആശയം പൊതുവേ ശാസ്ത്രലോകത്ത് തുടർന്ന് അംഗീകരിക്കപ്പെട്ടു. എക്സ്പീരിയൻസ്-ബേസ്ഡ് മെഡിസിന്റെ വക്താക്കൾ ക്രമത്തിൽ പിന്തള്ളപ്പെടുകയും, ആഗോളതലത്തിൽ തന്നെ പൊതുസമൂഹം ആധുനികവൈദ്യത്തെ സ്വീകരിക്കുന്നതിൽ എവിഡൻസ്-ബേസ്ഡ് മെഡിസിൻ മുഖ്യപങ്ക് വഹിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു.

തെളിവിന്റെ പിരമിഡ്

തെളിവുകളുടെ രൂപീകരണവും വർഗ്ഗീകരണവും

നിരീക്ഷണം, പരീക്ഷണം, പുനരാവിഷ്കരണക്ഷമമായ പരീക്ഷണഫലങ്ങളിലൂടെ എത്തിച്ചേരുന്ന അനുമാനങ്ങൾ എന്നിവയാണ് ആധുനിക വൈദ്യശാസ്ത്രത്തെ മിഥ്യാധാരണകളുടെയും, ഫാന്റസികളുടെയും, മന്ത്രവാദത്തിന്റെയും തടങ്കലിൽനിന്ന് മോചിപ്പിച്ചത്. അതുകൊണ്ടുതന്നെ ശാസ്ത്രയാഥാർഥ്യങ്ങൾ കണ്ടെത്തുന്നതിലും, സ്ഥാപിക്കുന്നതിലും തെളിവുകൾ പരമപ്രധാനമാണ്.  ക്ലിഷ്ടവും, കൃത്യവും, വിശ്വസനീയവുമായ തെളിവുകളുടെ അഭാവത്തിൽ അറിവുകൾ ശാസ്ത്രീയമെന്ന് അംഗീകരിക്കാനാവില്ല. “തെളിവുകളുടെ അഭാവം എല്ലായ്‌പോഴും അഭാവത്തിന്റെ തെളിവാ”കണമെന്നില്ലെങ്കിൽക്കൂടി. ഒരു അറിവോ, സങ്കല്പമോ ശാസ്ത്രീയമാണെന്ന് കണ്ടെത്താനും, സ്ഥാപിക്കാനുമുള്ള തെളിവിന്റെ രൂപീകരണമാണ് ഗവേഷണം. അതായത് തെളിവിന്റെ അഭാവം ഇല്ലാതാക്കാനുള്ള പരിശ്രമം. നിരന്തരമായ ഇത്തരം അന്വേഷണങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തെ ഇന്ന് നാം കാണുന്ന പുരോഗതിയിലേക്ക് കൊണ്ടെത്തിച്ചത്.

ഇങ്ങനെയാണെങ്കിലും ശാസ്ത്രത്തിൽ പരമമായ സത്യങ്ങളില്ലെന്ന വസ്‍തുതയും നാം തിരിച്ചറിയണം. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ശാസ്ത്രവസ്തുതകൾക്ക് മാത്രം മാറാതിരിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ ചില തെളിവുകളുടെ പിൻബലത്തോടെ നാമിന്ന് രൂപീകരിക്കുന്ന ശാസ്ത്രവസ്തുതകളും മാതൃകകളും എക്കാലത്തേക്കുമുള്ളതാണെന്ന് ശഠിക്കുന്നത് തികച്ചും അശാസ്ത്രീയമാണ്. അതിനാൽത്തന്നെ തെളിവുകൾ രൂപീകരിക്കുമ്പോൾ അവയുടെ ദൃഢതകൂടെ നാം കണ്ടെത്തേണ്ടതുണ്ട്. തെളിവുകളുടെ വർഗീകരണം ശാസ്ത്രവസ്തുതകളും മാതൃകകളും രൂപപ്പെടുത്തുന്നതിൽ അതിനാൽ വളരെ പ്രധാനമാണ്. ശക്തവും, സുദൃഢവുമായ തെളിവുകളുടെ പിൻബലത്തോടെ രൂപീകരിക്കപ്പെടുന്ന മാതൃകകൾ സത്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ശാസ്ത്രവസ്തുതകളാവുമെന്ന് ചുരുക്കം.

തെളിവുകളുടെ സമാഹരണത്തിന് പ്രധാനമായും വിവിധ ഗവേഷണരീതികളാണ് ആധുനികവൈദ്യശാസ്ത്രം അവലംബിക്കുന്നത്. റാൻഡമൈസ്ഡ് കൺട്രോൾഡ്‌ ട്രയൽ ‌ എന്നറിയപ്പെടുന്ന രീതിയാണ് – അതായത് പരീക്ഷിക്കപ്പെടുന്ന ഒരു വിഭാഗത്തിന് പരീക്ഷണവസ്തുവും, തുല്യനിലവാരമുള്ള മറുവിഭാഗത്തിന് പരീക്ഷണവസ്തുവിനെപ്പോലെ തോന്നുന്ന നിഷ്ക്രിയവസ്തുവും (പ്ലാസിബോ) നൽകി ഫലം താരതമ്യപ്പെടുത്തി നേടുന്ന അറിവ് – ഏറ്റവും ദൃഢമായ തെളിവ് നമുക്ക് നൽകുന്നത്. ഇതിൽത്തന്നെ ഗവേഷകനും, പരീക്ഷണത്തിന് വിധയമാകുന്നവരും(യും) പരീക്ഷണവസ്തുവിനെയും, പ്ലാസിബോയെയും പരീക്ഷണസമാപ്തിക്കുശേഷം ഫലം വിശകലനം ചെയ്ത് കഴിയുന്നതുവരെ തിരിച്ചറിയുന്നില്ലെന്ന രീതിയാണ് ഏറ്റവും ശക്തമായ തെളിവ് നമുക്ക് പ്രധാനം ചെയ്യുന്നത്. നിരീക്ഷണപഠനങ്ങങ്ങളിൽ (ഒബ്സർവേഷണൽ സ്റ്റഡി) നിന്നുമാത്രം ലഭിക്കുന്നവയും, ജനസംഖ്യാടിസ്ഥാനത്തിലുള്ള പഠനങ്ങളിൽ (പോപുലേഷൻ-ബേസ്ഡ് സ്റ്റഡി) നിന്നുള്ളവയുമായ തെളിവുകൾ തീർച്ചയായും ദൃഢത കുറഞ്ഞവയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

റാൻഡമൈസ്ഡ് കൺട്രോൾഡ്‌ ട്രയലുകളിൽനിന്നുള്ള തെളിവുകളിൽപോലും വിവിധതരം പക്ഷപാതങ്ങളും (ബയാസ്), ഗുണനിലവാരശോഷണങ്ങളും ഉണ്ടാവാമെന്ന കാര്യവും നാം തിരിച്ചറിയണം. ഉദാഹരണത്തിന്, ഒരു വലിയ കമ്പനി നടത്തുന്ന മരുന്നുപരീക്ഷണത്തിൽ പങ്കെടുക്കുന്ന ഒരു ഗവേഷകൻ അതേ കമ്പനിയുടെ എന്തെങ്കിലും പ്രതിഫലം മുമ്പോ പിന്നീടോ പറ്റിയാൽ, പരീക്ഷണഫലം തയ്യാറാവുമ്പോൾ അതിനെ സ്വാധീനിക്കാനുള്ള സാധ്യത.  ഇത്തരം പക്ഷപാതങ്ങൾ ഒഴിവാക്കാനുള്ള കർശനമായ നിരവധി ഗുണനിലവാരനിയന്ത്രണങ്ങൾ ഇന്ന് നടക്കുന്ന ഗവേഷണങ്ങളിൽ ഉണ്ടെങ്കിൽപോലും നമുക്ക് ലഭിക്കുന്ന തെളിവുകൾ പൂർണമായും കലർപ്പില്ലാത്തതാണെന്ന് പറയുകവയ്യ. അതിനാലാണ് റാൻഡമൈസ്ഡ് കൺട്രോൾഡ്‌ ട്രയലുകളുടെ ഗുണനിലവാരം പഠിച്ചും, അത്തരം പല പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ സമാഹരിച്ച് (സിസ്റ്റമാറ്റിക് റിവ്യൂവും, മെറ്റാ-അനാലിസിസും വഴി) പൊതുവും, കൂടുതൽ കരുത്തുറ്റവായുമായ തെളിവുകൾ ഉരുത്തിരിച്ചെടുക്കുന്ന കൊക്രൈൻ കൂട്ടായ്മപോലെയുള്ള ശാസ്ത്രഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടത്. അതികർശനമായ പഠനഗവേഷണ രീതീശാസ്ത്രമുപയോഗിക്കുന്ന കൊക്രൈൻ കൂട്ടായ്മയുടെ ക്ലിനിക്കൽ ട്രയൽ വിശകലനങ്ങൾ തെളിവുകളുടെ സമാഹരണത്തിൽ ശാസ്ത്രസമൂഹം അങ്ങേയറ്റം വിലമതിക്കുന്നുണ്ട്. കണിശമായ എഡിറ്റോറിയൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽപോലും പഠനഫലങ്ങൾ അത് നടത്തുന്നവരുടേതാണെന്ന നിലയിലാണ് കൊക്രൈൻ കൂട്ടായ്മയിൽ പ്രസിദ്ധപ്പെടുത്തുക എന്നതുതന്നെ കൊക്രൈന്റെ പക്ഷപാതരാഹിത്യത്തെയാണ് വെളിവാക്കുന്നത്.

എവിഡൻസ്-ബേസ്ഡ് മെഡിസിൻ അനുദിനമുള്ള ക്ലിനിക്കൽ പ്രയോഗത്തിന്

ഓരോ രോഗിയേയും സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതി രോഗപ്രതിരോധമാർഗ്ഗങ്ങൾ കണ്ടെത്തുകയും, രോഗപരിശോധനകൾ നടത്തുകയും, പരിചരിച്ചു ഭേദപ്പെടുത്തുകയുമെന്നതാണല്ലോ ആതുരരംഗത്ത് പ്രവർത്തിക്കുന്നവരുടെ ധാർമ്മികമായ ബാധ്യത. ഏറ്റവും നല്ലത് തനിക്ക് ലഭിക്കണമെന്നുള്ള ആഗ്രഹവും, അവകാശവും ഓരോ രോഗിക്കും സ്ഥാപിച്ചുകൊടുക്കാനുള്ള ബാധ്യതയാണ് ഏറ്റവും നല്ല തെളിവിനെ ആശ്രയിക്കുന്ന ആരോഗ്യപ്രവർത്തകർ എവിഡൻസ്-ബേസ്ഡ് മെഡിസിൻ പ്രയോഗിക്കുന്നതിലൂടെ നടപ്പാക്കുന്നത്.  ഈ ചുമതലയാവട്ടെ വൈദ്യശാസ്ത്രത്തിലെ നീതിനിർവഹണവും, ധാർമ്മികബോധവും, നൈതികതയും മറ്റുമായി ഇഴചേർന്ന് കിടക്കുന്നതുമാണ്. ദൈനംദിന ക്ലിനിക്കൽ പ്രയോഗങ്ങളിൽ ഈ ബാധ്യതാനിർവ്വഹണം വൈദ്യവൃത്തിയിലേർപ്പെട്ടവർ നടത്തുന്നുവെന്ന് ഉറപ്പുവരുത്താൻ മിക്ക രാജ്യങ്ങളിലും അതിശക്തമായ നിയന്ത്രാണാധികാരങ്ങളുള്ള മെഡിക്കൽ കൗൺസിലുകൾ നിലവിലുണ്ട്. ഇവയിലേറ്റവും പ്രമുഖമായ യു.കെ. ജനറൽ മെഡിക്കൽ കൗൺസിൽ (ജി.എം.സി) പ്രവർത്തിക്കുന്നത് പൂർണമായും രാജ്യത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരിൽനിന്നും സ്വീകരിക്കുന്ന ഫീസ് ഉപയോഗപ്പെടുത്തിയാണ്. അതായത് സ്വന്തം ഗുണനിലവാരം ഉറപ്പുവരുത്തൻ സ്വന്തം പോക്കറ്റിൽ പണം ചിലവഴിക്കുന്ന ഡോക്ടർമാരുടെ നിയന്ത്രണകേന്ദ്രമാണ് ജി.എം.സി. എന്ന് ചുരുക്കം. രോഗികൾക്കോ, ബന്ധുക്കൾക്കോ, മറ്റു സംഘടനകൾക്കോ ചികിത്സാരംഗത്തെ പിഴവുകൾക്ക് ജി.എം.സി.യെ നേരിൽ സമീപിക്കാമെന്നുള്ളതുകൊണ്ടും, അതിന്റെ (ശരിയായ) തീരുമാനങ്ങൾ എല്ലായ്‌പോഴും രോഗിയോട് പക്ഷപാതം കാണിക്കുന്നതാവുമെന്നുള്ളതുകൊണ്ടും “തങ്ങളെ ശിക്ഷിക്കാൻ തങ്ങൾതന്നെ തീറ്റിപ്പോറ്റുന്ന നീതിന്യായക്കോടതി”യാണ് ജി.എം.സി. എന്ന് യു.കെ.യിലെ ഡോക്ടർമാർ തമാശരൂപേണ പറയാറുണ്ട്.!

ശാസ്ത്രീയമായ വൈദ്യപ്രയോഗം എവിഡൻസ്-ബേസ്ഡ് ആയിരിക്കണമെന്ന് നാം ശഠിക്കുമ്പോൾതന്നെ പല രോഗങ്ങളുടെകാര്യത്തിലും സമ്പൂർണവും, സമഗ്രവുമായ തെളിവുകൾ നമുക്കിന്ന് ലഭ്യമായിരിക്കണമെന്നില്ല. തദവസരത്തിൽ ലഭ്യമായ ഏറ്റവും നല്ല തെളിവുകളെ നാം ആശ്രയിക്കേണ്ടിവരും. ദേശീയവും, അന്തർദേശീയവുമായ ക്ലിനിക്കൽ പ്രാക്ടീസ് ഗൈഡ് ലൈനുകൾ രൂപപ്പെടുത്തുമ്പോൾ സാധാരണ ഉപയോഗിക്കുന്ന എവിഡൻസ്‌ വിഭാഗങ്ങളുടെ ചുരുക്കപ്പട്ടിക ചുവടെ കൊടുത്തിരിക്കുന്നു (വിവർത്തനവൈഷമ്യം കാരണം വിശദമായവ ഇംഗ്ലീഷിലും ചേർത്തിട്ടുണ്ട്):

ശുപാർശയുടെ കരുത്ത് (strength of recommendation) എവിഡൻസിന്റെ നില (ഗുണനിലവാരം) (quality of evidence) 
ക്ലാസ്-I (ശക്തമായവ) – ഫലസിദ്ധി ദോഷങ്ങളേക്കാൽ വളരെവലുത് ലെവൽ എ: ഉയർന്ന നിലവാരമുള്ള തെളിവുകൾ – പല ആർ.സി.റ്റി/ മെറ്റാ-അനാലിസിസ് എന്നിവയിലൂടെ സമാഹരിച്ചവ
ക്ലാസ്-IIഎ (മിതമായവ) – ഫലസിദ്ധി ദോഷങ്ങളെക്കാളും മീതയാണ് ലെവൽ ബി-ആർ: മിതമായ ഗുണനിലവാരമുള്ള തെളിവുകൾ – ആർ.സി.റ്റി/ മെറ്റാ-അനാലിസിസ് എന്നിവയിലൂടെ സമാഹരിച്ചവ
ക്ലാസ്-IIബി (ദുർബലമായവ) – ഫലസിദ്ധി ദോഷങ്ങളെക്കാളും അല്പം മീതെ ലെവൽ ബി-എൻ.ആർ: മിതമായ ഗുണനിലവാരമുള്ള തെളിവുകൾ നോൺറാണ്ടമൈ‌സ്ഡ് പഠനങ്ങൾ, നിരീക്ഷണ പഠനങ്ങൾ, ഇവയുടെ മെറ്റാ-അനാലിസിസ് എന്നിവയിലൂടെ സമാഹരിച്ചവ
ക്ലാസ്-III: ഫലസിദ്ധിയില്ല (മിതമായവ) – ഫലസിദ്ധിയും, ദൂഷ്യഫലങ്ങളും സമതുലിതം ലെവൽ സി-എൽ.ഡി: പരിമിതമായ ഡേറ്റ – ഗുണനിലവാരം കുറഞ്ഞ പഠനങ്ങളിലൂടെ സമാഹൃതമായ തെളിവുകൾ
ക്ലാസ്-III: ദോഷം (ശക്‌തമായ സാധ്യത) – ദോഷസാധ്യത ഫലസിദ്ധിയേക്കാൾ മേലെയാവാം ലെവൽ സി-ഇ. ഒ.: വിദഗ്ദ്ധാഭിപ്രായം – പരിചയസമ്പത്തിലൂടെ പല വിദഗ്ദ്ധർ ആർജിച്ച അനുഭവങ്ങളുടെ അഭിപ്രായ സമന്വയം

എവിഡൻസ്‌ വിഭാഗങ്ങളുടെ പട്ടിക (പൂർണ്ണസംഗ്രഹം ഇംഗ്ലീഷിൽ):

തെളിവുസമാഹരണ പ്രക്രിയയുടെ മേൽവിവരിച്ച സങ്കീർണ്ണതയിൽ നിന്നുതന്നെ തികച്ചും ശാസ്ത്രീയമായ വൈദ്യപ്രയോഗങ്ങൾ വെറും കുട്ടിക്കളിയല്ലെന്ന് നമുക്കൂഹിക്കാമല്ലോ.   

ഈയൊരു പ്രശ്നപരിസരത്താണ് അനുഭവസമ്പത്തിൽനിന്നാർജ്ജിച്ച അറിവുകളെപ്പറ്റിയുള്ള എക്സ്പീരിയൻസ്-ബേസ്ഡ് മെഡിസിൻ വക്താക്കളുടെ പറച്ചിലുകളെ നാം സമീപിക്കേണ്ടത്. അനുഭവസമ്പത്തിനെ പൂർണമായും തള്ളണമെന്ന് ആരും വാദിക്കുന്നില്ല. എന്നാൽ തെളിവുകളെ ആശ്രയിക്കാതെയുണ്ടാക്കുന്ന അനുഭവസമ്പത്ത് പലപ്പോഴും ആപത്കരവും, തെറ്റുമായിരിക്കുമെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. എവിഡൻസ്-ബേസ്ഡ് മെഡിസിന്റെയും, എക്സ്പീരിയൻസ്-ബേസ്ഡ് മെഡിസിന്റെയും വക്താക്കൾ തമ്മിൽ 1990-കളിൽ നടന്ന കടുത്ത ആശയ സംവാദത്തിലിടപെട്ടുകൊണ്ടുള്ള “തെളിവുകളുടെ അഭാവത്തിലുള്ള അനുഭവസമ്പത്ത് തെറ്റുകൾ ആവർത്തിക്കാനുള്ള പ്രവണതയും, കരുത്തും, സാധ്യതയും പലപ്പോഴും ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുക” എന്ന ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന്റെ നിരീക്ഷണം ഈയവസരത്തിലും തികച്ചും സംഗതമാണെന്ന് ചുരുക്കം. ക്ലിനിക്കൽ പ്രാക്ടീസിലൂടെ തങ്ങൾ നേടിയ അനുഭവസമ്പത്ത് രോഗികളുമായി നേരിട്ടിടപെടാത്ത വൈദ്യരംഗത്തെ പ്രൊഫഷണലുകൾ തെളിവുകളുടെ പിൻബലത്തോടെ മുന്നോട്ടുവെക്കുന്ന അറിവുകളേക്കാൾ സമുന്നതമാണെന്ന വാദം നമുക്കെഴുതിത്തള്ളാവുന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ തെളിവുകളെ ആസ്പദമാക്കാത്ത വൈദ്യപ്രയോഗങ്ങൾ അശാസ്ത്രീയവും, പലപ്പോഴും അപകടകരവും ആണ്. എവിഡൻസ്-ബേസ്ഡ് മെഡിസിൻ നമ്മുടെ നാട്ടിൽ പൂർണമായും പ്രയോഗിക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലാത്ത അനുഭവസമ്പത്ത് അപകടകരവും പൂർണമായും നിരുത്സാഹപ്പെടുത്തപ്പെടേണ്ടതുമാണ്. അനുഭവസമ്പത്തിനേ മാത്രം ആശ്രയിക്കുന്ന (എക്സ്പീരിയൻസ്-ബേസ്ഡ്) അതുമല്ലെങ്കിൽ ശ്രേഷ്ഠതയെ-ആശ്രയിക്കുന്ന (എമിനെൻസ്-ബേസ്ഡ്) വൈദ്യം അശാസ്ത്രീയവും, പൂർണമായും പുറന്തള്ളപ്പെടേണ്ടതുമാണ്.

ശാസ്ത്രം ജനനന്മക്കെന്നു തിരിച്ചറിയുന്ന ഒരു പുതിയ തലമുറ നമ്മുടെ നാട്ടിൽ വളർന്നുവരുമെന്നും ചികിത്സാ സമ്പ്രദായങ്ങളിൽ തെളിവ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കും എന്നും നമുക്ക് പ്രതീക്ഷിക്കാം. കാലഘട്ടം അത് തീർച്ചയായും ആവശ്യപ്പെടുന്നുണ്ട്.   

പാപ്പച്ചൻ എം.ജോസഫ് , എം. ഡി., എഫ്. ആർ. സി. പി. (Lancashire Teaching Hospitals NHS Foundation Trust · Department of Medicine)

ഡോ. വി.രാമൻകുട്ടി എഴുതുന്ന എപ്പിഡെമിയോളജി – ലേഖനപരമ്പരയിലെ ചില അനുബന്ധലേഖനങ്ങൾ

  1. പരീക്ഷണവും തെളിവും
  2. നിരീക്ഷണവും താരതമ്യവും
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വാക്സിൻ – പലവിധം
Next post ആരോഗ്യകേരളം; ചില ഭൂമിശാസ്ത്രചിന്തകൾ
Close