Read Time:16 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ ഒമ്പതാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


എല്ലാവരും ആവേശത്തിലാണ്. കടലിന്റെ നടുവിലേക്ക് ഒരു സാഹസികയാത്ര, അതും നല്ല ഇരുട്ടത്ത്. ഏത് ആപത്ത് വന്നാലും തക്കുടു ഉണ്ടല്ലോ ഒപ്പം എന്ന ധൈര്യമാണ് എല്ലാര്‍ക്കും.

അച്ഛന്റെ കൂടെ പണ്ട് മടപ്പള്ളി കുന്നില്‍നിന്ന് വെള്ള്യാംകല്ല് കണ്ടതിന്റെ നേരിയ ഒരോര്‍മ എനിക്കുണ്ട്. ഓണനാളില്‍ വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു. അമ്മയുമുണ്ട് കൂടെ. സന്ധ്യാസൂര്യന്റെ തങ്കപ്രഭയില്‍ ദൂരെ കടലില്‍ വെള്ള്യാംകല്ല് തിളങ്ങി നില്‍ക്കുന്നത് അച്ഛനാണ് കാണിച്ചുതന്നത്. പിന്നൊരിക്കല്‍ തിക്കോടി ലൈറ്റ് ഹൗസ് കാണാന്‍ സ്കൂളില്‍നിന്ന് പോയപ്പോഴും വെള്ള്യാംകല്ല് കണ്ടിട്ടുണ്ട്. അവിടുന്ന് 12 കിലോമീറ്റര്‍ ദൂരമേ ഉള്ളത്രേ. പണ്ട് സാമൂതിരിയുടെ പടത്തലവന്‍ കുഞ്ഞാലിമരയ്ക്കാര്‍ പോര്‍ച്ചുഗീസ് പടക്കപ്പലുകളെ നിരീക്ഷിക്കാന്‍ അവിടെ നാവികരെ നിര്‍ത്തിയിരുന്നു എന്ന് ശങ്കുണ്ണി മാഷ് പറഞ്ഞത് ഓര്‍മയുണ്ട്.

വെള്ള്യാങ്കല്ലിലേക്ക് അധികമാരും പോകാറില്ല. രാത്രിയില്‍ ഒട്ടും പോകില്ല. ശക്തിയുള്ള തിരമാലകള്‍ ബോട്ടുകളെ പാറകളിലിടിച്ചു തകർത്തുകളയും. പിന്നെ, മരിച്ചവരുടെ ആത്മാക്കള്‍ അലയുന്ന ഇടവുമാണത്രെ അത്. രാത്രിയില്‍ അവരുടെ കരച്ചിലും ബഹളവും കേള്‍ക്കാറുണ്ടെന്ന കഥയും പ്രചാരത്തിലുണ്ട്. അമ്മയ്ക്ക് ആത്മാവിലും പ്രേതത്തിലും ഒന്നിലും വിശ്വാസമില്ല എന്നത് ആശ്വാസം തന്നെ. എന്നാലും അമ്മയോടു പറയണം പ്രേതങ്ങള്‍ക്കും ഓരോ കഷണം കേക്ക് കരുതണേന്ന്. മറുപടി എന്തു പറയൂന്ന് അറിയാലോ.

അച്ഛന്‍ കൂടെയില്ലാത്ത ഒരു പിറന്നാളാഘോഷത്തിന് അമ്മ എങ്ങനെ സമ്മതിച്ചു എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ തക്കുടുവില്‍ അമ്മ എന്തോ വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ടാകാം.

എല്ലാവരും തക്കുടു എന്ന അശരീരിക്കുചുറ്റും നിന്നു, ഒന്നും മിണ്ടാതെ. അത്രയ്ക്ക് അപ്രതീക്ഷിതമായിരുന്നു അന്നു സംഭവിച്ചതെല്ലാം. തക്കുടു പറഞ്ഞു, എല്ലാരേംകൂടി ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റില്ല. രണ്ടുപേരെ വീതം കൊണ്ടുപോകാം. ആദ്യം ആരൊക്കെയെന്ന് മാഷ് പറയും.

മാഷ് പറഞ്ഞു, “ആദ്യം ഞാനും ദീപൂം പോകാം. പിന്നെ ദില്‍ഷേം മൈഥിലീം.”

“അതാ നല്ലത്,” തക്കുടു സമ്മതിച്ചു. “അതു കഴിഞ്ഞ് ജോസും കുട്ടിച്ചാക്കുകളും ആകട്ടെ. അമ്മേം യദൂം ഒടുവില്‍ മതി. ശരി, എന്നാ തയ്യാറായിക്കോ.”

ദില്‍ഷയ്ക്ക് സംശയം, “എങ്ങനയാ കൊണ്ടുപോവ്വാ, കയ്യിലെടുത്തിട്ടാ?”

“കയ്യിലെടുത്താ ഞാനെങ്ങനെ പറക്കും? കയ്യോട് ചേര്‍ന്നല്ലേ എന്റെ ചിറക്. നിങ്ങളെന്റെ കാലില് പിടിച്ച് തൂങ്ങിക്കോ. എന്താ അതുപോരേ?”

“അയ്യോ ഞാനില്ല. കൈവിട്ടാ കടലിലാ വീഴ്വ”

എല്ലാരും ചിരിച്ചു. തക്കുടു പറഞ്ഞു, “ഇതാ നോക്ക്. എന്റെ ദേഹത്ത് മധ്യഭാഗത്ത് ഒരു കറുത്ത തുണിത്തൊട്ടില് കെട്ടിയത് കണ്ടോ? അതിലേക്ക് നൂണ്ടുകയറി കുഞ്ഞുങ്ങളെപ്പോലെ കമഴ്ന്നു കിടന്നോ.”

കേള്‍ക്കേണ്ട താമസം ദീപു അതിലേക്ക് നുഴഞ്ഞുകേറി. തല മാത്രം പുറത്ത്. തുടര്‍ന്ന് മാഷും കേറി. പിന്നെ ചിറകടി ശബ്ദം. ആദ്യ ടീം പോയ്ക്കഴിഞ്ഞു.

കാല്‍ മണിക്കൂറിനുള്ളില്‍ തക്കുടു തിരിച്ചെത്തി.  മൈഥിലീം ദില്‍ഷേം തൊട്ടിലില്‍ നൂണ്ടുകേറി.

അടുത്തട്രിപ്പില്‍ ജോസിന്റെ കൂടെ പോകേണ്ട സഞ്ചികളും പാക്കറ്റുകളും കേറ്റാന്‍ ഞാനും അമ്മയും സഹായിച്ചു.

അവസാന ട്രിപ്പ് ഞാനും അമ്മയും. എല്ലാം കൂടി ഒരു മണിക്കൂര്‍ എടുത്തു. താഴെ ഇരുണ്ട കടല്‍ കണ്ടുകൊണ്ട് കമിഴ്ന്നു കിടന്നുള്ള യാത്ര ഒരനുഭവമായിരുന്നു. പരന്ന, മിനുസമുള്ള ഒരു പാറപ്പുറത്താണ് ഞങ്ങളെ ഇറക്കിയത്. അതിന്റെ ഇരുവശത്തും പരന്നതും കൂര്‍ത്തതുമായ കുറേയധികം പാറകളുണ്ട് സമുദ്രത്തില്‍നിന്ന് തലപൊക്കി നില്‍ക്കുന്നു.

തക്കുടു പറഞ്ഞു, “നാലഞ്ചു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ വേലിയേറ്റം തുടങ്ങും. അപ്പം പൊക്കം കുറഞ്ഞ പാറയൊക്കെ മുങ്ങിപ്പോകും. തിരമാലേടെ ശക്തീം കൂടും.”

നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. കിഴക്ക് മലമുകളില്‍ വെള്ളി വെളിച്ചം കാണാനുണ്ട്. ചന്ദ്രന്‍ ഉദിക്കാനുള്ള  ഒരുക്കത്തിലാണ്. ഇപ്പോള്‍ മാനംനിറയെ നക്ഷത്രങ്ങളുണ്ട്. ചന്ദ്രനുദിച്ചാല്‍ മിക്കതും മാഞ്ഞുപോകും.

ആരും ഒന്നും മിണ്ടുന്നില്ല. ഏതോ മായികലോകത്ത് എത്തിയപോലെ. ഒടുവില്‍ മൈഥിലിയാണ് നിശ്ശബ്ദത ഭേദിച്ചത്. “എന്തൊരത്ഭുതാ, ഇല്ലേ? കടലിന്റെ നടുക്കൊരു പാറക്കൂട്ടം. അതില്‍ ഇരുട്ടത്തു നമ്മള്‍. ഏതോ കപ്പല്‍ച്ചേതത്തില്‍ പെട്ടവരെപ്പോലെ.”

“അയ്യോ, മൈഥിലി കവിത രചിച്ചുതുടങ്ങി. ഇനി ചന്ദ്രന്‍ ഉദിക്ക്യേംകൂടി ചെയ്താല്‍ പറയണ്ട.” ദീപൂന്റെ പരിഹാസം കേട്ട് മൈഥിലി പോലും ചിരിച്ചുപോയി. പിന്നെയും നീണ്ട നിശ്ശബ്ദത.

പാറയ്ക്ക് നല്ല ഇളംചൂട്. ചന്ദ്രന്‍ മലമുകളില്‍ എത്തിക്കഴിഞ്ഞു. ജോസ് തന്റെ നേരെ കൗതുകത്തോടെ നോക്കുന്നതു കണ്ട് തക്കുടു ചോദിച്ചു, “എന്താ ജോസൂട്ടാ തുറിച്ചുനോക്കുന്നെ? എന്നെ കാണാന്‍ പറ്റുന്നുണ്ടോ?”

“ആ, ഇപ്പം ശരിക്കും കാണുന്നുണ്ട്, ഒരു ചുവപ്പ് നിഴല്‍പോലെ.”

“ആ, ഞങ്ങളും കാണുന്നുണ്ട്”, കുട്ടികള്‍ ഒന്നിച്ചുപറഞ്ഞു.

“ഇതാ നിന്റെ ശരിക്കുള്ളനിറം, അല്ലേ?” ദീപു ചോദിച്ചു.

തക്കുടു ചിരിച്ചുകൊണ്ടു പറഞ്ഞു, “ശരിക്കുള്ള നിറം എന്നൊന്നില്ല ദീപൂ. എല്ലാ വസ്തുക്കള്‍ക്കും സൂര്യപ്രകാശത്തില്‍ ഒരു നിറം. നിലാവത്ത് വേറൊരു നിറം. നീല വെളിച്ചത്തില്‍ വേറൊരു നിറം. എന്റെ ശരീരം ഇന്‍ഫ്രാറെഡ് പ്രകാശത്തെയാണ് പ്രതിഫലിപ്പിക്കുക. പിന്നെ അല്പം ചുവപ്പിനേം. പകല്‍ അതു നിങ്ങടെ കണ്ണില്‍പെടില്ല. രാത്രിയില്‍ വേറെ പ്രകാശമൊന്നും ഇല്ലാത്തതുകൊണ്ട് നിങ്ങള് കാണും, മങ്ങിയചോപ്പ് നിറത്തില്‍. ചന്ദ്രന്റെ പ്രകാശത്തില്‍ മഞ്ഞയും ചുവപ്പുമാണല്ലോ കൂടുതല്‍.”

“തക്കുടു ഞങ്ങളെ ഇപ്പം കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ ഏതു നിറത്തിലാ”, ദില്‍ഷയ്ക്കാണ് സംശയം.

“നിങ്ങളെല്ലാം ഉഷ്ണരക്തജീവികളല്ലേ. ചൂടുള്ള എല്ലാ വസ്തുക്കളും ഇന്‍ഫ്രാറെഡ് പുറത്തുവിടും. ഞാന്‍ നിങ്ങളെ കാണുന്നത് നിങ്ങടെ സ്വന്തം പ്രകാശത്തിലാ. പക്ഷേ ഞാന്‍ കാണുന്ന നിറത്തിന് നിങ്ങടെ ഭാഷയില്‍ പേരില്ലല്ലോ, പിന്നെങ്ങനെ നിറംപറയും? ഞാന്‍ പറഞ്ഞതോര്‍മയില്ലേ, ഞങ്ങള്‍ക്ക് ഇന്‍ഫ്രാറെഡ്ഡിലെ 24 നിറങ്ങളും അവയുടെ അനേകം മനോഹരമായ നിറക്കൂട്ടുകളും കാണാന്‍ കഴിയും. പക്ഷേ നിങ്ങളെ അതൊന്നും കാണിച്ചുതരാന്‍ പറ്റില്ല.”

മാഷ് പറഞ്ഞു, “ഞാന്‍ ഊഹിച്ചു പറയ്വാണേ, നിനക്കു ചന്ദ്രനെ കാണാന്‍ ഒരു ഭംഗിയും തോന്നുന്നുണ്ടാവില്ലല്ലോ?”

“സത്യാണ് മാഷേ. ഇളം ചോപ്പുനിറത്തില്‍ തീരെ മങ്ങീട്ടാണ് കാണുന്നത്. കാരണം ചന്ദ്രപ്രകാശത്തില് ഇന്‍ഫ്രാറെഡ് തീരെ കുറവാണ്.”

മൈഥിലി പറഞ്ഞു, “കഷ്ടംണ്ട്, നിലാവ് കണ്ട് ആസ്വദിക്കാന്‍ പറ്റാത്ത പാവം തക്കുടു.” തക്കുടു ചിരിച്ചു.

“തക്കുടൂ, ഞങ്ങളിലാരാ വെളുത്തത്, ആരാ കറുത്തത് എന്നു പറയാന്‍ പറ്റ്വോ?” ജോസിന്റെ വെല്ലുവിളി.

“അതെന്നെ ഉദ്ദേശിച്ചാ, എന്നെ മാത്രം ഉദ്ദേശിച്ചാ” ദീപൂന്റെ പ്രതികരണം.

തക്കുടു പറഞ്ഞു, “എല്ലാരുടേം ശരീരത്തിന് ഏതാണ്ട് ഒരേ ചൂടാണ്. അതുകൊണ്ട് ഒരേതരം ഇന്‍ഫ്രാറെഡ് പ്രകാശമാണ് പുറത്തുവരുന്നത്. എന്നുവെച്ചാ ഒരേ നിറമാണ് എല്ലാര്‍ക്കും. ഇപ്പം പക്ഷേ നിങ്ങടെ മുഖോം കൈപ്പത്തീം മാത്രമേ കാണുന്നുള്ളൂ. നിങ്ങടെ കമ്പിളിക്കുപ്പായോം കടന്ന് ഒരു പ്രകാശോം വേറെവിടുന്നും പുറത്തുവരുന്നില്ല. കമ്പിളിക്കുപ്പായം ഊരിയാലേ ശരീരം കാണാന്‍ പറ്റൂ.”

“അപ്പഴും ഞങ്ങള്‍ കുപ്പായം ഇട്ടിട്ടുണ്ടാവ്വല്ലോ”, ദില്‍ഷ പറഞ്ഞു.

തക്കുടു ചിരിച്ചു, “നിങ്ങടെ കനംകുറഞ്ഞ കുപ്പായം ഒന്നും എനിക്ക് തടസ്സമല്ല. ഇന്‍ഫ്രാറെഡ് അതില്‍ക്കൂടി കടന്നുപോരും.”

“അയ്യോ”, എല്ലാരുംകൂടി ഒന്നിച്ചാ പറഞ്ഞത്.“അപ്പം നീ ഞങ്ങളെ നഗ്നരായിട്ടാണോ കാണുന്നത്?”. ദില്‍ഷയുടെ വാക്കുകള്‍ ഒരു രോദനംപോലെ തോന്നി.

“ഇനി കട്ടിയുള്ള കുപ്പായം ഇട്ടേ ഞാന്‍ നിന്റെ അടുത്തു വരൂ,” മൈഥിലി പ്രഖ്യാപിച്ചു.

തക്കുടു പറഞ്ഞു, “ഞങ്ങടെ ലോകത്ത് ഞങ്ങള്‍ വസ്ത്രം ധരിക്കുന്നത് നഗ്നത മറയ്ക്കാനല്ല. ചൂടുള്ളിടത്ത് ഒന്നും ധരിക്കില്ല. തണുപ്പുള്ളിടത്ത് കട്ടിക്കുപ്പായം ഇടും.”

“ഇപ്പം നീ എന്തെങ്കിലും ഇട്ടിട്ടുണ്ടോ?”, സംശയം അമ്മയ്ക്കാണ്.

“മാലിനിച്ചേച്ചിക്ക് എന്തു തോന്നുന്നു?”

“ഇട്ടിട്ടുണ്ടെന്നു തോന്നുന്നു. നിന്റെ തൊട്ടിലില്‍ക്കിടന്ന് ഇങ്ങോട്ടു പോരുമ്പം ഞാന്‍ തൊട്ടുനോക്കി. എന്തോ ധരിച്ചിട്ടുണ്ട്. തുണിയല്ല, വേറെന്തോ”

“അമ്മക്കള്ളീ”, ഞാന്‍ മനസ്സില്‍ പറഞ്ഞു. ആ സമയംകൊണ്ട് അമ്മ  തൊട്ടുനോക്കിയിരിക്കുന്നു. ഒരുപക്ഷേ അവനെ അമ്മയ്ക്ക് ഒരു പിറക്കാത്ത മകനായി തോന്നുന്നുണ്ടാകും.

തക്കുടു പറഞ്ഞു, “ചേച്ചീടെ ഊഹം ശരിയാ. ഞാന്‍ വസ്ത്രം ധരിച്ചിട്ടുണ്ട്. നിങ്ങള്‍ ധരിക്കുംപോലെയല്ല. വായും മൂക്കും ആന്റിനകളും ഒഴികെ എല്ലാ ഭാഗോം മൂടുന്ന, ഒട്ടിനില്‍ക്കുന്ന വസ്ത്രാണ്.”

“അപ്പം നെനക്ക് ചൂടെടുക്കുമ്പം എന്തുചെയ്യും?”, ദില്‍ഷയ്ക്കാണ് സംശയം.

“അധികനേരോം വെള്ളത്തില്‍ കഴിയുന്ന എനിക്കെന്ത് ചൂട്.”

“എല്ലാ ദിവസോം കുപ്പായം മാറ്റ്വോ? ഇല്ലെങ്കി നാറൂലേ?”

“ഭൂമിയില് ഉള്ളിടത്തോളം കാലം ഇത് ഊരൂല്ല. വെള്ളത്തില് മുങ്ങ്യാ തനിയേ വൃത്തിയാകുന്ന പോളിമര്‍ കുപ്പായാ. ഒരുപാട് ദ്വാരങ്ങള്‍ ഉള്ളതുകൊണ്ട് വെള്ളം ഉള്ളിലും എത്തും.”

“എന്തിനാ ഈ അത്ഭുതവസ്ത്രം ധരിക്കുന്നെ?”

“ദില്‍ഷേ, ഞാന്‍ എന്റെ തനിരൂപത്തില്‍ വന്നാല്‍ എല്ലാരും എന്നെ കാണില്ലേ? ഏതു നിറത്തിലാ നിങ്ങള്‍ കാണുക എന്നെനിക്കറിയില്ല. എന്തായാലും ഞാനെന്ന വിചിത്ര ജീവിയെത്തേടി പോലീസും പട്ടാളോം വരും. ഞാനിട്ട കുപ്പായത്തിന് ഒരു പ്രത്യേകതയുണ്ട്. അതില്‍ എന്തു പ്രകാശം വീണാലും അതു പശ്ചാത്തലത്തിന്റെ നിറമേ പ്രതിഫലിപ്പിക്കൂ.”

“എന്നുവെച്ചാലെന്താ?”, ഞാന്‍ ചോദിച്ചു.

“എന്നുവെച്ചാ, പകല്‍ ഞാന്‍ ആകാശത്തിലൂടെ പറക്കുമ്പം എനിക്ക് ആകാശത്തിന്റെ നിറമായിരിക്കും. ആരും എന്നെ കാണൂല. കാര്‍മേഘം ഉണ്ടെങ്കില്‍ ഇരുണ്ട നിറമായിരിക്കും. അപ്പഴും എന്നെ കാണൂല.  ഇരുട്ടത്ത് ഞാന്‍ കറുത്തിരിക്കും. വെളുത്ത ചുമരില്‍ ചാരിനിന്നാല്‍ ഞാനും വെളുത്തിരിക്കും.”

“ശരിയായ സ്റ്റെല്‍ത്ത് കുപ്പായം. ചാരപ്രവര്‍ത്തനത്തിന് അസ്സലാ. പക്ഷേ ഇതെങ്ങനെ സാധിക്കും?”, മാഷ് അത്ഭുതത്തോടെയാണ് ചോദിച്ചത്.

“അത് കുപ്പായം ഉണ്ടാക്കിയ പോളിമറിന്റെ ഗുണാ. അതിന്റെ രാസഘടനയൊന്നും എനിക്കറിയില്ല. ചെറിയ വോള്‍ട്ടേജ് നല്‍കിയാ നിറം മാറും. ഒരു മൈക്രോ പ്രൊസസറും ബാറ്ററിയും അതിനോട് ഘടിപ്പിച്ചിട്ടുണ്ട്. പശ്ചാത്തലത്തിനനുസരിച്ച് വോള്‍ട്ടേജ് മാറ്റി അത് പറ്റിയ നിറം സ്വീകരിച്ചോളും.”

“എനിക്കും വേണം അത്തരം ഒരു കുപ്പായം”, പതിവുപോലെ ആഗ്രഹം പ്രകടിപ്പിച്ചത് ദില്‍ഷയാണ്. അതുയര്‍ത്തിയ കൂട്ടച്ചിരിയില്‍ തിരമാലകളും പങ്കുചേര്‍ന്നു.

തുടരും.. എല്ലാ ശനിയാഴ്ച്ചയും


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
33 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post ജൈവഇന്ധനം – ഭക്ഷ്യസുരക്ഷ അപകടത്തില്‍
Next post പുസ്തകങ്ങൾ ഒരു ജീവിതം സജ്ജമാക്കുന്നു
Close