Read Time:21 Minute

പ്രൊഫ. പി.കെ. രവീന്ദ്രന്‍

     ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിത ഉപയോഗം കാര്‍ബണ്‍ ഡൈഓക്സൈഡ് നിര്‍ഗമനം വര്‍ധിപ്പിക്കുന്നു. വ്യാവസായിക വിപ്ലവത്തിന്റെ ആരംഭകാലത്ത് അന്തരീക്ഷത്തിലുണ്ടായിരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് 280 പിപിഎം (പാര്‍ട്ട്സ് പെര്‍ മില്ല്യണ്‍). ഇന്നത് ഉയര്‍ന്ന് 418.5 പിപിഎമ്മില്‍ (2021 എപ്രില്‍ 22) എത്തിനില്‍ക്കുന്നു. കാര്‍ബണ്‍ ഡൈഓക്സൈഡുകള്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനവാണ് ഇന്ന് ലോകമനുഭവിക്കുന്ന ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റത്തിനും കാരണമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാര്‍ബണ്‍ ഡൈഓക്സൈഡ് നിര്‍ഗമത്തിന്റെ വലിയൊരു ഭാഗം ഗതാഗത മേഖലയില്‍ നിന്നാണ്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസല്‍, പെട്രോള്‍, ഏവിയേഷന്‍ ഇന്ധനം, പ്രകൃതിവാതകം എന്നിവയെല്ലാം അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിര്‍ഗമിപ്പിക്കുന്നു (ഏറ്റവും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ നിര്‍ഗമിക്കുന്നത് പ്രകൃതി വാതകമാണ്. സി.എന്‍.ജി, എല്‍.എന്‍.ജി എന്നിവ). പെട്രോളിനും ഡീസലിനും പകരം കാര്‍ബണ്‍ നിര്‍ഗമം കുറഞ്ഞ ജൈവഇന്ധനങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ഈ സാഹചര്യത്തിലാണ് ഉണ്ടായത്.

ചുരുങ്ങിയ അളവില്‍ (20 ശതമാനം വരെ) എതനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ എഞ്ചിനില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമില്ല എന്നത് എതനോള്‍ ബ്ലെന്‍ഡഡ് പെട്രോളിന്റെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായി.

ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തിലെ പിരാസിക്കബയിൽ സ്ഥിതി ചെയ്യുന്ന കോസ്റ്റ പിന്റോ പ്രൊഡക്ഷൻ പ്ലാന്റിന്റെ പനോരമിക് കാഴ്ച. പഞ്ചസാര, എത്തനോൾ ഇന്ധനം (അൺഹൈഡ്രസ്, ഹൈഡ്രസ്), ഇൻഡസ്ട്രിയൽ ഗ്രേഡ് എത്തനോൾ, പാനീയങ്ങൾക്കുള്ള മദ്യം എന്നിവ ഉത്പാദിപ്പിക്കുന്നതിനാണ് ഈ വ്യവസായ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. കടപ്പാട്: Mariordo

     എണ്ണക്കുരുക്കളില്‍ നിന്നും സസ്യഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന കാര്‍ബണിക ദ്രാവകങ്ങള്‍ പലതും ജ്വലനശേഷിയുള്ളവയാണ്. ഇവയാണ് ബയോഡീസല്‍ എന്ന പേരില്‍ ഉപയോഗിച്ചുതുടങ്ങിയത്. ബയോഡീസല്‍ തരുന്ന ജട്രോഫയുടെ (Jatropha curcas) കൃഷിയാണ് കൂടുതല്‍ വ്യാപകമായത്. സാമ്പത്തികമായി ലാഭകരമല്ലാത്തതുകൊണ്ട് ഇത് അധികകാലം നിന്നില്ല. എന്നാല്‍, ബയോ എതനോളിന്റെ കാര്യം വ്യത്യസ്തമായിരുന്നു. ബ്രസീലിലാണ് പെട്രോളും എതനോളും ചേര്‍ത്ത മിശ്രിതം വാഹന ഇന്ധനമായി ഉപയോഗിച്ചുതുടങ്ങിയത്. ഇത് വലിയതോതില്‍ വിജയിച്ചു. എതനോള്‍ ചേര്‍ത്ത പെട്രോള്‍ (എതനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ Ethanol Blended Petrol, EBP) പെട്രോള്‍ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിച്ചു തുടങ്ങി. വ്യത്യസ്ത അനുപാതങ്ങളില്‍ എതനോള്‍ (ഇതൈല്‍ ആല്‍ക്കഹോള്‍) ചേര്‍ത്ത പെട്രോള്‍ പ്രചാരത്തിലുണ്ട്. 10 ശതമാനം എതനോള്‍ ചേര്‍ത്ത പെട്രോള്‍ E10 എന്നറിയപ്പെടും. 85 ശതമാനം എതനോള്‍ ചേര്‍ത്ത പെട്രോള്‍ വരെ ബ്രസീലില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ചുരുങ്ങിയ അളവില്‍ (20 ശതമാനം വരെ) എതനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ എഞ്ചിനില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമില്ല എന്നത് എതനോള്‍ ബ്ലെന്‍ഡഡ് പെട്രോളിന്റെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായി.

ജൈവ എതനോള്‍

     പഞ്ചസാര, പഴങ്ങള്‍, ധാന്യങ്ങള്‍ ഇവ പുളിപ്പിച്ചാണ് ഇതൈല്‍ ആല്‍ക്കഹോള്‍ (എതനോള്‍) ഉണ്ടാക്കുന്നത്. ഇത് പ്രാചീനകാലം മുതല്‍ നിലവിലുള്ള ഒരു സാങ്കേതിക വിദ്യയാണ്. നിരവധി വ്യാവസായിക ആവശ്യങ്ങള്‍ക്ക് എതനോള്‍ ആവശ്യമാണ്. മദ്യ വ്യവസായത്തിലും എതനോള്‍ ഉപയോഗിച്ചുവരുന്നു. പെട്രോളിയം റിഫൈനിങ്ങില്‍ ഉപോത്പന്നമായി കിട്ടുന്ന എതിലീന്‍ ഉപയോഗിച്ച് എതനോള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ എതനോളിന്റെ പ്രധാന ഉത്പാദനരീതി രാസികമായി. പെട്രോളിയത്തില്‍ നിന്നു കിട്ടുന്ന എതനോള്‍ വിപണിയിലെ പ്രധാനിയായി. രാസികമായി ഉത്പാദിപ്പിക്കുന്ന എതനോള്‍ പെട്രോളിയത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. പെട്രോളിയം തീരുന്നതോടെ അതുംതീരും. പുതുക്കപ്പെടുന്നില്ല.

കരിമ്പ് തോട്ടം കടപ്പാട്: newatlas.com

     എന്നാല്‍, സസ്യജന്യ വസ്തുക്കളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എതനോളിന്റെ സ്ഥിതി അതല്ല. കരിമ്പ്, ബീറ്റ്റൂട്ട്, വിവിധയിനം പഴങ്ങള്‍, അരി, ചോളം തുടങ്ങിയ ധാന്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം പുളിപ്പിക്കല്‍ (Fermentation) വഴി എതനോള്‍ ഉത്പാദിപ്പിക്കാം. അസംസ്‌കൃത വസ്തുക്കളെല്ലാം കാര്‍ഷിക ഉത്പന്നങ്ങളാണ്. ഇവ പുതുക്കപ്പെടുന്നവയാണ്. ജൈവസ്രോതസ്സുകളില്‍ നിന്നു ലഭിക്കുന്ന ജൈവ എതനോള്‍ പ്രകൃതി സൗഹൃദമായ ഒരു പദാര്‍ഥമായാണ് പരിഗണിക്കപ്പെടുന്നത്.

എതനോള്‍ ഇന്ധനമെന്ന നിലയില്‍

ഇന്ധനങ്ങളുടെ നെറ്റ് കലോറിഫിക് മൂല്യങ്ങൾ കടപ്പാ: batteryuniversity.com

     ഓക്സിജനില്‍ കത്തി ഊര്‍ജം നല്‍കുന്ന ഒരു ഇന്ധനമാണ് . അതിന്റെ ഇന്ധനമൂല്യം (Calorific Value)] 23.5 MJ/ലിറ്റര്‍ ആണ്. പൂര്‍ണമായും കത്തിത്തീരുന്ന ഇന്ധനമാണ് എതനോള്‍. പെട്രോളിനോട് ചേര്‍ത്താണ് എതനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഭാഗികമായി പെട്രോളിനുപകരം എന്നുപറയാം. അതുകൊണ്ട് പെട്രോളുമായുള്ള താരതമ്യം പ്രസക്തമാണ്. പെട്രോളിന്റെ ഇന്ധനമൂല്യം ലിറ്ററിന് 33.5 MJ ആണ്. അതായത് എതനോളിന് പെട്രോളിനേക്കാള്‍ 30 ശതമാനം ഇന്ധനമൂല്യം (ഊര്‍ജം) കുറവാണ്. അതായത് E10 (പത്തുശതമാനം എതനോള്‍ ചേര്‍ത്ത പെട്രോള്‍) ശുദ്ധപെട്രോളിനേക്കാള്‍ മൂന്ന് ശതമാനം ഇന്ധനശേഷി കുറഞ്ഞതാണ്. അങ്ങനെയെങ്കില്‍ E10 പെട്രോളിന് ശുദ്ധപെട്രോളിനേക്കാള്‍ മൂന്ന് ശതമാനമെങ്കിലും വില കുറഞ്ഞിരിക്കണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്നു കിട്ടുന്നത്ര ഊര്‍ജം ലഭിക്കണമെങ്കില്‍ 1.4 ലിറ്റര്‍ എതനോള്‍ വേണ്ടിവരും. ഒരു ലിറ്റര്‍ പെട്രോളിന്റെ ഊര്‍ജ സമാനമാണ് 1.4 ലിറ്റര്‍ എതനോള്‍.

എതനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇ.ബി.പി)

   പെട്രോളിനോളം ഊര്‍ജശേഷി ഇല്ലെങ്കിലും പെട്രോള്‍ ഉപയോഗം ഭാഗികമായെങ്കിലും കുറയ്ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇ.ബി.പി പ്രചാരത്തില്‍ വന്നത്. പ്രധാനമായും രണ്ടു മെച്ചങ്ങളാണ് ഇ.ബി.പിയ്ക്ക് ഉള്ളത്. 1. പെട്രോള്‍ എന്ന പുതുക്കപ്പെടാത്ത ഫോസില്‍ ഇന്ധനത്തിനുപകരം പുതുക്കപ്പെടാവുന്ന ഒരു ജൈവ ഇന്ധനം ഉപയോഗിക്കപ്പെടുന്നു. ഫോസില്‍ ഇന്ധന ഉപയോഗം കുറയുന്നു. 2. എതനോളിന്റെ കാര്‍ബണ്‍ നിര്‍ഗമം പെട്രോളിന്റേതിനേക്കാള്‍ കുറവാണ്. ആഗോള താപനം ഗുരുതരമാകുന്ന സാഹചര്യത്തില്‍ കാര്‍ബണ്‍ നിര്‍ഗമം കുറഞ്ഞ ഇന്ധനം ഗുണകരമാണ്.

     എന്നാല്‍, പെട്രോളിനേക്കാള്‍ ഇന്ധനമൂല്യം കുറവായതുകൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന്റെ സ്ഥാനത്ത് 1.4 ലിറ്റര്‍ എതനോള്‍ വേണ്ടിവരും. ഒരു ലിറ്റര്‍ എതനോള്‍ 1.5 കി.ഗ്രാം കാര്‍ബണ്‍ ഡൈഓക്സൈഡ് പുറത്തുവിടും. ഒരു ലിറ്റര്‍ പെട്രോള്‍ 2.2 കിലോഗ്രാമും. ഒരു ലിറ്റര്‍ പെട്രോളിനു സമാനമായ ഇന്ധന ശേഷിക്ക് 1.4 ലിറ്റര്‍ എതനോള്‍ ഉപയോഗിക്കേണ്ടതുകൊണ്ട് പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് 1.5 * 1.4 = 2.1 കി.ഗ്രാം ആയിരിക്കും. കാര്‍ബണ്‍ നിര്‍ഗമത്തില്‍ ഗണ്യമായ വ്യത്യാസമില്ല.

ജൈവ എതനോളും ഭക്ഷ്യസുരക്ഷയും

      എതനോള്‍ നിര്‍മാണത്തിന് വന്‍തോതില്‍ ധാന്യങ്ങള്‍ ഉപയോഗിച്ചതും കരിമ്പുകൃഷിക്കുള്‍പ്പെടെ ഭൂ ഉപയോഗത്തില്‍ വരുത്തിയ മാറ്റങ്ങളും വികസ്വര രാജ്യങ്ങളിലെ ദരിദ്ര ജന വിഭാഗങ്ങളുടെ ഭക്ഷ്യലഭ്യത അപകടത്തിലാക്കിയതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 2008-ലെ ഭക്ഷ്യപ്രതിസന്ധിക്ക് പ്രധാന കാരണം ഇതാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഓക്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനുരാധ മിത്തലിന്റെ പഠനം1 ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും എതനോള്‍ ഉത്പാദനത്തിന് വന്‍തോതില്‍ ചോളം ഉപയോഗിക്കാന്‍ തുടങ്ങി. അമേരിക്ക ചോളത്തിന്റെ കയറ്റുമതി അവസാനിപ്പിച്ചു. ഭക്ഷ്യധാന്യ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന വികസ്വര രാജ്യങ്ങളില്‍ ഭക്ഷ്യധാന്യ ദൗര്‍ലഭ്യം ഗുരുതരമായി. ഭക്ഷ്യധാന്യ ഇറക്കുമതി ചെലവ് 2007-2008 കാലഘട്ടത്തില്‍ 56 ശതമാനം വര്‍ധിച്ചതായി ഡി. മിച്ചവിന്റെ2 പഠനത്തില്‍ കാണുന്നു. ഭക്ഷ്യധാന്യ ശേഖരത്തില്‍ വന്ന കുറവ്, ഭൂ ഉപയോഗത്തിലെ മാറ്റം, ധാന്യകയറ്റുമതി നിര്‍ത്തലാക്കിയത് എന്നിവയാണ് ഭക്ഷ്യധാന്യ വിലയിലെ 70-75 ശതമാനം വര്‍ധനവിനും കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. അമേരിക്കയിലെ എതനോള്‍ ഉത്പാദനം 2005-ല്‍ ഒരു ബില്യണ്‍ ഗാലണ്‍ ആയിരുന്നത് 2009 ആയപ്പേഴേയ്ക്കും 9 ബില്യണ്‍ ആയി ഉയര്‍ന്നു. 2022-ല്‍ 35 ബില്യണ്‍ ഗാലണ്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗത ആവശ്യത്തിനുപയോഗിക്കുന്ന ദ്രാവക ഇന്ധനത്തിന്റെ 10 ശതമാനം ജൈവ ഇന്ധനമാക്കുകയാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. 2002-നും 2007-നും ഇടയ്ക്ക് 53 ദശലക്ഷം ടണ്‍ ചോളമാണ് അമേരിക്ക ജൈവ എതനോള്‍ ഉത്പാദനത്തിന് അധികമായുപയോഗിച്ചത്.3 അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) 2008-ല്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് (IMF 2008) പറയുന്നത്4 നോക്കൂ;

”ജൈവ ഇന്ധനങ്ങള്‍ ആഗോള ദ്രവഇന്ധന ഉപയോഗത്തിന്റെ 1.5 ശതമാനം മാത്രമേ വരുന്നുള്ളൂ. എങ്കിലും പ്രധാന ഭക്ഷ്യധാന്യങ്ങളുടെ ഉപഭോഗത്തിലെ വര്‍ധനവിന്റെ പകുതിയും ഇവ മൂലമായിരുന്നു .ചോളത്തെ അടിസ്ഥാനമാക്കിയുള്ള എതനോള്‍ ഉത്പാദനം ചോളത്തിനുപുറമേ മറ്റു ഭക്ഷ്യധാന്യങ്ങളുടെയും വിലവര്‍ധനവിനു കാരണമായി. ജൈവ ഇന്ധന ഉത്പാദനത്തിനുവേണ്ടി ഭൂ ഉപയോഗത്തില്‍ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഇത് ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ കുറവു വരാനിടയാക്കി. ഉദാഹരണത്തിന്, അമേരിക്കയില്‍ 2006-നും 2007-നുമിടയ്ക്ക് നെല്‍പ്പാടങ്ങളുടെ 16 ശതമാനം ചോളക്കൃഷിക്ക് ഉപയോഗിക്കപ്പെട്ടു. ഇതിന്റെ ഫലമായി നെല്ലുത്പാദനത്തില്‍ 12 ശതമാനത്തിന്റെ കുറവുണ്ടായതായി പഠനങ്ങള്‍ കാണിക്കുന്നു”.5

എതനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ ഇന്ത്യയില്‍

     എതനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഇന്ത്യയില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു. 2020-ലെ കണക്കനുസരിച്ച് 7.2 ശതമാനം എതനോള്‍ ബ്ലെന്‍ഡ് ചെയ്ത പെട്രോളാണ് എണ്ണക്കമ്പനികള്‍ വിപണനം നടത്തുന്നത്. 2022-ല്‍ ഇത് 10 ശതമാനക്കാനും ലക്ഷ്യമിട്ടിരുന്നു. 2030 ആകുമ്പോഴേയ്ക്ക് 20 ശതമാനം എന്ന ലക്ഷ്യം നേടണമെന്നായിരുന്നു മുന്‍ തീരുമാനം. അത് 2025-ലേക്ക് എന്ന് മാറ്റിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതിനുവേണ്ട നിരവധി നടപടികള്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. കരിമ്പില്‍ നിന്നാണ് ഇവിടെ എതനോള്‍ ഉത്പാദനം മിക്കവാറും നടക്കുന്നത്. കരിമ്പുകര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റേത്. മൊളാസസില്‍ നിന്ന് എതനോള്‍ ഉത്പാദിപ്പിക്കാന്‍ മാത്രമേ ഇവിടെ അനുവാദമുണ്ടായിരുന്നുള്ളു. അതില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. കരിമ്പിന്‍നീര്, പഞ്ചസാര, എല്ലാതരം മൊളാസസ്സുകളും, കേടുവന്ന ഭക്ഷ്യധാന്യങ്ങള്‍ എന്നിവയില്‍നിന്നെല്ലാം എതനോള്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എതനോളിന്റെ വിലവര്‍ധിപ്പിച്ചു. ബ്ലെന്‍ഡിങ്ങിനുള്ള എതനോളിന്റെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. കരിമ്പു കൃഷിയും എതനോള്‍ ഉത്പാദനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നയപരിപാടികള്‍.

     2009-ല്‍ ആണ് ഇന്ത്യയില്‍ എതനോള്‍ ബ്ലെന്‍ഡിങ്ങിന് തുടക്കമിട്ടത്. എന്‍.ഡി.എ സര്‍ക്കാരും തുടര്‍ന്നുവന്ന യു.പി.എ സര്‍ക്കാരും പെട്രോളിന് അഞ്ച് ശതമാനം എതനോള്‍ ബ്ലെന്‍ഡിങ് നിര്‍ബന്ധിതമാക്കാന്‍ ശ്രമിച്ചു. ആവശ്യത്തിന് എതനോള്‍ കിട്ടാതിരുന്നതുകൊണ്ടും എണ്ണ കമ്പനികള്‍ എതനോളിന് മെച്ചപ്പെട്ട വില നല്‍കാന്‍ വിമുഖത കാണിച്ചതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍കൊണ്ടും എതനോള്‍ ബ്ലെന്‍ഡിങ്ങ് പദ്ധതി വിജയകരമായില്ല. 2014-ല്‍ അധികാരത്തില്‍വന്ന മോഡി സര്‍ക്കാര്‍ 10 ശതമാനം ബ്ലെന്‍ഡിങ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമായും മൂന്നു നേട്ടങ്ങളാണ് ഇതിന്റെ ഭാഗമായുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

കരിമ്പുകൃഷിക്കും കര്‍ഷകര്‍ക്കും മെച്ചമുണ്ടാകും.

പെട്രോളിയം ഇറക്കുമതിയില്‍ കുറവുവരുന്നതിനാല്‍ വിദേശനാണയം ലാഭിക്കാന്‍ കഴിയും.

പെട്രോള്‍ ഉപയോഗം കുറയുന്നതുമൂലമുള്ള പാരിസ്ഥിതിക നേട്ടങ്ങള്‍

     ഇവയില്‍ പാരിസ്ഥിതികനേട്ടം അധികമൊന്നുമില്ലെങ്കിലും കരിമ്പുകര്‍ഷകര്‍ക്കു ഗുണകരമാകുമെന്നത് ശരിയാണ്. കൂടുതല്‍ പ്രധാനം വിദേശനാണയ ലാഭമാണ്. പെട്രോളിയം ആവശ്യത്തിന്റെ 83 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇറക്കുമതി കുറയുന്നതുമൂലമുണ്ടാകുന്ന വിദേശനാണയ ലാഭം പ്രധാനമാണ്.

     എന്നാല്‍, വര്‍ധിച്ച തോതിലുള്ള ജൈവ ഇന്ധനകൃഷി (കരിമ്പുള്‍പ്പെടെ) ഭക്ഷ്യ സുരക്ഷയെ ദോഷകരമായി ബാധിക്കും. ഇക്കാര്യം പീപ്പിള്‍സ് ഡെമോക്രസിയില്‍ രഘു6 വിശദമായി പ്രതിപാദിച്ചിരുന്നു. കര്‍ഷകസമരത്തെ സംബന്ധിച്ച് എഴുതിയ ലേഖനത്തില്‍ ഉല്‍സ പട്നായിക്കും7 ജൈവ എതനോള്‍ ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നുണ്ട്. 10 ശതമാനം ബ്ലെന്‍ഡിങ്ങിന് 400 കോടി ലിറ്റര്‍ എതനോള്‍ ആവശ്യമുണ്ട്. 20 ശതമാനം ബ്ലെന്‍ഡിങ്ങിന് ഇതിന്റെ ഇരട്ടി എതനോള്‍ വേണ്ടിവരും. ഇത്രയും ജൈവ എതനോള്‍ ഉണ്ടാക്കുക എളുപ്പമല്ല. കരിമ്പുകൃഷിയ്ക്കു പ്രോത്സാഹനം നല്‍കുകയും എതനോളിന്റെ വില വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി ചെയ്തത്. എതനോള്‍ നിര്‍മാണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ പലതും ഒഴിവാക്കി. പഞ്ചസാര സിറപ്പ്, കരിമ്പിന്‍ ജ്യൂസ്, ധാന്യങ്ങള്‍ എല്ലാതരം മൊളാസസ്സുകളും എന്നിവയില്‍ നിന്നെല്ലാം എതനോള്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കി. ബ്ലെന്‍ഡിങ്ങിനുള്ള എതനോളിന്റെ ജി.എസ്.ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. 10 ശതമാനം ബ്ലെന്‍ഡിങ്ങിനുവേണ്ട എതനോള്‍ ഉത്പാദിപ്പിക്കാന്‍ മൊത്തം വിത വിസ്തീര്‍ണത്തിന്റെ നാല് ശതമാനം അധികമായി ജൈവ ഇന്ധന കൃഷിക്കുപയോഗിക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 20 ശതമാനം എന്ന ലക്ഷ്യം നേടാന്‍ വിത വിസ്തീര്‍ണത്തിന്റെ 10 ശതമാനം ജൈവ ഇന്ധനകൃഷിക്ക് അധികമായി ഉപയോഗിക്കേണ്ടിവരും. ഇത് ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കും. ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവുമാവും ഫലം. ദുരിതമനുഭവിക്കേണ്ടിവരിക ദരിദ്രജനവിഭാഗങ്ങളായിരിക്കും. മറ്റൊരപകടംകൂടി ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അത് കരിമ്പു കൃഷിയുമായി ബന്ധപ്പെട്ടാണ്. ജലപാദമുദ്ര വളരെ കൂടുതലുള്ള ഒരു കാര്‍ഷിക വിളയാണ് കരിമ്പ്. വന്‍തോതിലുള്ള കരിമ്പുകൃഷി ജലലഭ്യതയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്.

     ഭക്ഷ്യസുരക്ഷ അപകടപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചുകഴിഞ്ഞ ജൈവ എതനോള്‍ ഉത്പാദനവും ഉപയോഗവും എത്രമാത്രം സ്വീകാര്യമാണ് എന്നത് ഗൗരവമായി ആലോചിക്കേണ്ടതാണ്.


2021 സെപ്തംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

അധിക വായനക്ക്

  1. Anuradha Mittal (2008) The 2008 food Price Crisis G 24 Discussion paper series No. 56
  2. Mikchel D (2008) A note on rising food prices. Policy research working paper 4682, World Bank
  3. Trostle R (2008) Global Agricultural Supply and Demand. Economic research service USDA, Washington DC
  4. World Economic Outloot (WEO) 2008, Intrnational Monetory Fund (IMF)
  5. Berthelote (2008). The food prices explosion. False and actual culprits-World Forum for Alternatives.
  6. Raghu (2014) Peoples Democracy July 20, 2014
  7. Utsa Patnaik (2020). The global angle to the farmer protests, The Hindu, Dec 30, 2020

മറ്റു ലേഖനങ്ങൾ

Happy
Happy
67 %
Sad
Sad
0 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
17 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രവും ശാസ്ത്രാവബോധവും പ്രസംഗ മത്സര വിജയികൾ
Next post വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍
Close