കേൾക്കാം
അമ്മ എന്താവും ചിന്തിക്കുന്നുണ്ടാവുക? ഒന്നും മിണ്ടുന്നില്ലല്ലോ. തക്കുടുവിന്റെ രൂപംകണ്ട് അന്ധാളിച്ചുപോയോ? പക്ഷേ മുഖത്ത് നിരാശാഭാവമൊന്നുമില്ല.
മാഷ് പറഞ്ഞു, “കുട്ടികളേ, സമയം ആറേമുക്കാല്‍ ആയേ. ഏഴരയ്ക്കെങ്കിലും നമ്മക്ക് പുറപ്പെടണം.”
തക്കുടുവും ഓര്‍മിപ്പിച്ചു, “ശരിയാ, പാറ തണുത്താല്‍ ഡോള്‍ഫിന്‍ തിരിച്ചുപോകും കേട്ടോ. പാറേടെ ചൂടുപറ്റാനാ അവരു വരുന്നതു തന്നെ. ദില്‍ഷയ്ക്ക് ഡോള്‍ഫിനെ തൊടണ്ടേ?”
“അതിന് ഞാന്‍ എപ്പഴേ റെഡിയാ! തക്കുടുവിന്റെ വിമാനം സ്റ്റാര്‍ട്ടാക്കിക്കോ,” ദില്‍ഷ ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“പക്ഷേ, തക്കുടു പറഞ്ഞുതുടങ്ങിയ കാര്യം മുഴുവനാക്കിയില്ല”, അമ്മ ഓര്‍മിപ്പിച്ചു. “കണ്ണിന്റെ കാര്യേ പറഞ്ഞുള്ളൂ, ചെവീടെ കാര്യം പറഞ്ഞില്ല.”
“ഓ, അതു ശരിയാ. അത് പറയാന്‍ അത്ര എളുപ്പമല്ല. ഞങ്ങടെ ലോകത്ത് ഞങ്ങള്‍ തമ്മില്‍ എങ്ങനയാ വര്‍ത്താനം പറയുന്നത് എന്നു പറഞ്ഞാലേ അത് മനസ്സിലാകൂ”
“എന്നാ ആദ്യം അതു പറ.”
“എന്റെ ലോകത്തെ പക്ഷികളും മൃഗങ്ങളും എല്ലാം ഇവിടത്തെപ്പോലെതന്നെ പാട്ടുപാടും, കരയും അലറും. പക്ഷേ രൂപം വേറെയാണ്. അവിടെ ഞങ്ങള്‍ മാത്രം ഒരൊച്ചേം ഉണ്ടാക്കില്ല.”
“അതെങ്ങനയാ, ഇവിടെ തക്കുടു എത്ര ഒറക്കയാ ചിരിക്യേം വര്‍ത്താനം പറയ്യേം ചെയ്യുന്നെ!”, മൈഥിലിക്ക് കൗതുകം
“ക്ഷമിക്ക് മൈഥിലീ, അതിന്റെ രഹസ്യം ഒക്കെ പിന്നെപ്പറയാം. ആദ്യം, ഞങ്ങടെ ലോകത്ത് ഞങ്ങളെങ്ങനയാ വര്‍ത്താനം പറയുന്നത് എന്ന് മനസ്സിലാക്ക്. അന്‍വര്‍മാഷേ, മൊബൈല്‍ഫോണിന്റെ പ്രവര്‍ത്തനം ഒന്നിവര്‍ക്ക് പറഞ്ഞുകൊടുക്ക്വോ?”
“അതൊന്നും മനസ്സിലാക്കാന്‍ അവര്‍ ആയിട്ടില്ല തക്കുടൂ. എന്നാലും ശ്രമിക്കാം. നമ്മടെ മൊബൈല്‍ഫോണില്‍ ഒരു കുഞ്ഞ് ആന്റിന ഉണ്ട്. നമ്മടെ അടുത്തുള്ള മൊബൈല്‍ ടവറില്‍ കുറച്ചു വലിയ ഒരാന്റിനേം ഉണ്ട്. ടവറിലെ ആന്റിനയില്‍നിന്ന് സന്ദേശങ്ങള്‍ റേഡിയോ തരംഗരൂപത്തില്‍ നമ്മടെ മൊബൈലിലേക്ക് വരും. ശരിക്കും തരംഗദൈര്‍ഘ്യം നന്നെ കുറഞ്ഞ റേഡിയോ തരംഗങ്ങളാണ്, മൈക്രോവേവ് എന്നു പറയും. മൊബൈലിലെ ആന്റിന അതു സ്വീകരിച്ചാല്‍ ഫോണ്‍ അതിനെ സാധാരണ ശബ്ദമാക്കി മാറ്റും. തിരിച്ചു നമ്മള്‍ സംസാരിക്കുമ്പോള്‍ ആ ശബ്ദത്തെ ഫോണും ആന്റിനയും ചേര്‍ന്ന് മൈക്രോവേവ് ആക്കി ടവറിലെ ആന്റിനയിലേക്ക് അയയ്ക്കും. അത് പിന്നെ എത്തേണ്ടിടത്ത് എത്തിക്കോളും.”
തക്കുടു പറഞ്ഞു, “ഇതു തന്നെയാ ഞങ്ങളും ചെയ്യുന്നെ. ഞങ്ങക്ക് പക്ഷേ മൊബൈലും ടവറും ഒന്നും വേണ്ട. നമ്മടെയെല്ലാം തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് ഒരുപോലെയാണ്. നമ്മള്‍ ചിന്തിക്കുമ്പോള്‍ തലച്ചോറിലെ നാഡീകോശങ്ങള്‍ പലതരം വൈദ്യുത സിഗ്നലുകള്‍ കൈമാറും. സിഗ്നലുകളുടെ ഒരു ശൃംഖലയാണ് ചിന്തകള്‍. നിങ്ങള്‍ അത് വായിലെ സ്വനപേടകത്തിലേക്ക് അയച്ച് സംസാരമാക്കി മാറ്റും; അല്ലെങ്കില്‍ പേന പിടിച്ച കൈകള്‍ക്ക് കൈമാറി എഴുത്താക്കി മാറ്റും; അതല്ലെങ്കില്‍ പെയിന്റിങ് ബ്രഷ് പിടിച്ച കൈകളിലേക്കയച്ച് ചിത്രങ്ങളാക്കി മാറ്റും… അങ്ങനെ പലവിധത്തില്‍. ഇതെല്ലാം ഞങ്ങളും ചെയ്യും, ഒന്നൊഴികെ. അത് സംസാരമാണ്. മറ്റൊരാളോടു പറയാനുള്ള ചിന്തകളുടെ വൈദ്യുത സിഗ്നല്‍ ശ്രേണിയെ ഞങ്ങള്‍ മൈക്രോവേവായി നേരിട്ട് പ്രക്ഷേപണം ചെയ്യും. കേള്‍ക്കേണ്ട ആള്‍ അതു സ്വീകരിച്ച് അയാളുടെ തലച്ചോറിലേക്ക് അയയ്ക്കും. അയാള്‍ അതു കേള്‍ക്കും.”
“അതിന് ആന്റിന എവിടെ?”, ജോസ് ഇടപെട്ടു.
“അതാണ് കോല്‍ ഐസ്ക്രീം പോലെ നിങ്ങള്‍ കണ്ട എന്റെ ചെവി. അത് ശരിക്കും ചെവിയല്ല, ആന്റിനയാണ്. എന്റെ തലച്ചോറില്‍നിന്ന് നാഡികള്‍ വഴി എത്തുന്ന വൈദ്യുത സിഗ്നലുകളെ മൈക്രോവേവാക്കി മാറ്റി പ്രക്ഷേപണം ചെയ്യുന്നതും തിരിച്ച്, മറ്റുള്ളവരില്‍നിന്നു വരുന്ന സിഗ്നലുകളെ സ്വീകരിച്ച് തലച്ചോറിന് നല്‍കുന്നതും അതാണ്.”
“ എന്നു വെച്ചാ ചെവിയും നാവും അതു തന്നെ”, മാഷ് പറഞ്ഞു. “പക്ഷേ ഞങ്ങള്‍ക്ക് ആന്റിന ഉണ്ടാക്കാന്‍ ചെമ്പോ മറ്റേതെങ്കിലും ലോഹമോ വേണം. നിങ്ങക്കോ?”
“ഞങ്ങടേത് ബയോ ആന്റിനയാണ്. പ്രകൃതി നല്‍കിയ ആന്റിന. ശരിക്കും ഞങ്ങടെ കണ്ണും ഒരുതരം ആന്റിനയാണ്. ഇന്‍ഫ്രാറെഡ് പ്രകാശം സ്വീകരിക്കുന്ന ആന്റിന. സിലിക്കണ്‍ അടങ്ങിയ ബയോസെന്‍സര്‍.”
മൈഥിലി പറഞ്ഞു, “ഞങ്ങക്ക് എല്ലാം മനസ്സിലായി. മാഷ്ടെ കാര്യത്തിലേ സംശയം ഉള്ളൂ. എന്തെങ്കിലും മനസ്സിലാകാതെയുണ്ടെങ്കില്‍ ചോദിച്ചോളൂട്ടോ.”
“താങ്ക്‌യൂ”
മൈഥിലീടെ പരിഹാസവും മാഷുടെ മറുപടിയും എല്ലാര്‍ക്കും രസിച്ചു.
തക്കുടുവും തമാശയില്‍ പങ്കുചേര്‍ന്നുകൊണ്ടു പറഞ്ഞു, “എല്ലാം മനസ്സിലായതുകൊണ്ട് ഇനി ഒട്ടും താമസിക്കണ്ട. ദില്‍ഷയെ കാത്ത് ഡോള്‍ഫിന്‍ കൂട്ടുകാര്‍ ഇപ്പത്തന്നെ മടുത്തുകാണും. വേഗം പോകാം.”
“ആ വേഗാട്ടെ. എനിക്കവരോട് ഒത്തിരി കാര്യങ്ങള്‍ ചോദിക്കാനുണ്ട്.”
“പക്ഷേ ദില്‍ഷേ, അവര്‍ക്ക് മലയാളം അത്ര നിശ്ചയം പോരല്ലോ.”
“അതിനല്ലേ തക്കുടൂ നീ, ഞങ്ങടെ ദ്വിഭാഷി.”
“മണ്ടൂസേ, ഞാന്‍ പറഞ്ഞതൊക്കെ നീ മറന്നു. അവര്‍ക്ക് വായുവിലൂടെ സംസാരിക്കാനും കഴിയില്ല, കേള്‍ക്കാനും കഴിയില്ല. ദില്‍ഷ എന്റെ കൂടെ കടലിലേക്കു വന്നാല്‍ സംസാരിക്കാം.”
“അയ്യോ ഞാനില്ല. ഉമ്മാന്റേം ബാപ്പാന്റേം ഒറ്റ മോളാ. എനിക്ക് ഡോള്‍ഫിനോട് ഒന്നും ചോദിക്ക്യേം വേണ്ട, കേള്‍ക്ക്വേം വേണ്ട. അടുത്ത് ചെന്ന് ഒന്നു തൊട്ടാമതി.”
“അക്കാര്യം ഞാനേറ്റു. തൊടുക മാത്രമല്ല. തടവി കൊടുക്ക്വേo ചെയ്യാം. നാടന്‍ പയ്യിനെപ്പോലെ നിന്നുതരും.”
“എന്നാല്‍ വാ, ആദ്യം നമ്മക്ക് എന്തെങ്കിലും കഴിക്കാം. ഞാനിപ്പം ചായ ഉണ്ടാക്കിക്കൊണ്ടരാം.” അമ്മ എഴുന്നേറ്റു.
“ഭക്ഷണമൊക്കെ വെള്ള്യാം കല്ലില്‍ ചെന്നിട്ട്. കേക്കു മുറിയ്ക്കാന്‍ കത്തി എടുക്കാന്‍ മറക്കണ്ട.” മാഷും എഴുന്നേറ്റു.
ദീപു പറഞ്ഞു, “ചായയല്ല, ഓരോ ഇളനീരാ ഇപ്പം വേണ്ടത്.”
“അസ്സലായി. പീറ്റത്തെങ്ങാ. ആരു കേറി പറിക്കും?”, അമ്മ ചോദിച്ചു.
“ഞാന്‍ കേറും. എനിക്കറിയാം കേറാന്‍”, ദീപു വിടുന്ന ഭാവമില്ല.
“ആരും കേറണ്ട. വീണു നടു ഒടിഞ്ഞാല്‍ ഇന്നത്തെ യാത്ര വെള്ളത്തിലാകും. അതു കൊണ്ടുമാത്രാ”, മാഷ് പകുതി തമാശയായും പകുതി ഗൗരവത്തിലുമാണ് പറഞ്ഞത്.
എല്ലാരും വിഷണ്ണരായങ്ങനെ തെങ്ങും നോക്കി നിന്നു. അപ്പഴതാ വരുന്നു ഇളനീരിന്റെ ഘോഷയാത്ര. ആദ്യം രണ്ടെണ്ണം തെങ്ങില്‍നിന്ന് പതുക്കെ ഇറങ്ങിവന്ന് മേശപ്പുറത്തിരുന്നു. പിന്നെയും രണ്ട് പിന്നെയും രണ്ടു വീതം. ആകെ എട്ടെണ്ണം. അപ്രതീക്ഷിതമെങ്കിലും ഇത്തവണ ആര്‍ക്കും അത്ഭുതമൊന്നും തോന്നിയില്ല. പകരം നല്ല സന്തോഷമാണ് തോന്നിയത്. ദീപു കൊടുവാള്‍ എടുക്കാന്‍ അടുക്കളയിലേക്ക് ഓടി.
ആദ്യ ഇളനീര്‍ചെത്തി അമ്മയ്ക്ക്. പിന്നെ അന്‍വര്‍മാഷിന്. എല്ലാര്‍ക്കും കൊടുത്തു കഴിഞ്ഞ് ഒരെണ്ണം ബാക്കി. ജോസ് പറഞ്ഞു, “അത് അശരീരിക്ക്.”
ദീപു നീട്ടിപ്പിടിച്ച ഇളനീര്‍ ഒരു മണിച്ചിരിയുമായി അശരീരി ഏറ്റുവാങ്ങി.
ദില്‍ഷ പറഞ്ഞു, “തക്കുടൂ, ഈ നാട്ടില് തെങ്ങേക്കേറാന്‍ ആളെ കിട്ടാനില്ല. തേങ്ങയെല്ലാം ഉണങ്ങിവീണു പോകുന്നു. നിനക്കാണെങ്കില്‍ അതെന്തെളുപ്പം! ഇളനീരും കുടിക്കാം, ഇഷ്ടംപോലെ പൈസേം കിട്ടും.”
“എന്നിട്ടാ പൈസ ഞാന്‍ എന്തുചെയ്യും?”
“ഞങ്ങക്ക് തരും. ഞങ്ങള് അടിപൊളിയായിട്ടു ജീവിക്കുന്നത് കണ്ടൂടേ?”
മൈഥിലി ഒരു പുതിയ നിര്‍ദേശം വെച്ചു. “തക്കുടൂന്റെ ലോകത്തേക്ക് വിളിച്ച് കുറേപ്പേരെക്കൂടി അയച്ചുതരാന്‍ പറ. ഇഷ്ടംപോലെ പണികിട്ടും ഇവിടെ.”
ഞാന്‍ പറഞ്ഞു, “ഇപ്പം വിളിച്ചാ വിളി അവിടെ എത്താന്‍ 12 കൊല്ലം. അപ്പത്തന്നെ കുറേപ്പേര്‍ പുറപ്പെട്ടാല്‍ ഇങ്ങെത്താന്‍ 16 കൊല്ലം. അതിലും നല്ലത് ഈ തെങ്ങെല്ലാം മുറിച്ചുകളഞ്ഞ് ഉയരം വെക്കാത്ത ‘ടി ഇന്‍ടു ഡി’യോ മറ്റോ വെക്കുന്നതാ.”
മാഷ് ഇടപെട്ടു. “ഇനി തമാശ പറഞ്ഞു നില്‍ക്കാന്‍ സമയമില്ല. എല്ലാരും തണുപ്പിനുള്ള കുപ്പായം ഇട്ട്, കെട്ടും മാറാപ്പും ഒക്കെ എടുത്ത് പുറത്തിറങ്ങ്. ദില്‍ഷയ്ക്കും മൈഥിയിക്കും കമ്പിളിക്കുപ്പായം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്”
“അപ്പം ഞങ്ങള്‍ ആണ്‍കുട്ട്യള് തണുത്തു ചത്തോട്ടേന്നാ?”, ദീപൂന് ആത്മരോഷം.
അമ്മ പറഞ്ഞു, “എല്ലാര്‍ക്കും ഉള്ള രോമക്കുപ്പായം ഇവിടുണ്ട്. യദൂന്റച്ഛന്റേതാണ്. പാകം ആകില്ല. സാരല്ല, ഇരുട്ടല്ലേ, ആരു കാണാനാ?”
എല്ലാരും മുറ്റത്തിറങ്ങി. അമ്മ എല്ലാ ലൈറ്റും ഓഫാക്കി വീട് പൂട്ടി. ക്ലോക്കില്‍ എട്ടുമണി അടിക്കുന്ന ശബ്ദം.
തുടരും.. എല്ലാ ശനിയാഴ്ച്ചയും
തക്കുടു ഇതുവരെ
1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?
3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി
4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു
5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം
6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം