കേൾക്കാം
12 പ്രകാശവര്‍ഷം അകലെ ല്യൂട്ടന്‍ എന്ന ഒരു ഓറഞ്ച് താരം. 12 പ്രകാശവര്‍ഷംന്ന് വെച്ചാ 12 കൊല്ലംകൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരാണ്. അതൊക്കെ അന്‍വര്‍മാഷ് പറഞ്ഞുതന്നിട്ടുണ്ട്. ഓറഞ്ച് താരംന്ന് പറഞ്ഞാ എന്താ സാധനം? അതിനെ ഒരു ഗ്രഹം ചുറ്റുക, ഭൂമി സൂര്യനെ ചുറ്റും പോലെ. അതില്‍ ഒരുപാട് ജീവികള്‍. അക്കൂട്ടത്തില്‍പ്പെട്ട ബുദ്ധിയുള്ള ഒരു ജീവിയിതാ ഇപ്പം ഭൂമീല് വന്നിരിക്കുന്നു. എന്തിനാണോ ആവോ. ഒന്നും ശരിക്കങ്ങ് വിശ്വസിക്കാന്‍ പറ്റുന്നില്ല. നാളെ തക്കുടൂനോടു തന്നെ ചോദിക്കാം.
തക്കുടു പോയ ദിക്കിലേക്ക് നോക്കി അമ്മ ഒരേ നില്പാണ്. പടിഞ്ഞാറോട്ടാണ് പോയതെന്ന് ഒച്ചകൊണ്ട് അമ്മ മനസ്സിലാക്കിക്കാണും. മുഖത്ത് പരിഭ്രമമൊന്നുമില്ല. എത്ര വേഗത്തിലാണ് അമ്മ തക്കുടൂനെ മനസാ സ്വീകരിച്ചത്!
ഞാന്‍ പറഞ്ഞു, “അമ്മേ, നാളെ എന്റെ കൂട്ടുകാരെ ഇങ്ങോട്ടു വിളിക്കട്ടേ? അവരെ എല്ലാം അമ്മയ്ക്കറിയാം. ദീപൂം, ജോസും, ദില്‍ഷേം, മൈഥിലീം, പിന്നെ അന്‍വര്‍ മാഷും. തക്കുടൂം വരും.”
“അതിനെന്താ വിളിച്ചോ. നാളെ ഒഴിവു ദിവസല്ലേ.”
“എന്നാ മൊബൈല് താ, വിളിക്കട്ടെ.”
ഞാന്‍ ആദ്യം വിളിച്ചത് അന്‍വര്‍ മാഷെയാണ്; ഞങ്ങടെ സയന്‍സ് ടീച്ചര്‍. നാളെ രാവിലെ വീട്ടില്‍ വന്നാല്‍ ഒരത്ഭുതം കാണിച്ചുതരാം, വരാതിരിക്കല്ലേ എന്നു പറഞ്ഞു. അന്‍വര്‍ മാഷ്ക്ക് എന്നെ നല്ല ഇഷ്ടാണ്. സയന്‍സും ഫുട്ബോളും ഒരുപോലെ ഇഷ്ടമുള്ള മാഷ്. മാഷ് വരാം എന്നു സമ്മതിച്ചു. പിന്നെ ദീപൂനെ വിളിച്ചു. എന്റെ ടീമിന്റെ ഗോളിയാണ്. മൈഥിലിയേയും ദില്‍ഷയേം ജോസിനേം വിളിച്ചു. എല്ലാരും വരും. നാളെ ഞാനും തക്കുടൂം കൂടി ഒന്നു കലക്കും.
അപ്പഴാണ് അമ്മയ്ക്ക് സംശയം : “നിന്റെ തക്കുടൂന് എന്തു കൊടുക്കും? അവന് എരിവുള്ള കറി ഒന്നും പറ്റില്ലെങ്കിലോ?”
എനിക്ക് ചിരിയടക്കാന്‍ കഴിയില്ല. അവനൊന്നും കഴിക്കില്ല എന്നു പറഞ്ഞാ അമ്മ വിശ്വസിക്കില്ലെന്നു തീര്‍ച്ച. എങ്കിലും ഞാന്‍ പറഞ്ഞു, “അവന് നല്ല തണുത്ത വെള്ളം നമ്മക്ക് വയറു നിറയെ കൊടുക്കാം.”
“നീ പോടാ ദുഷ്ടാ. പാവം കുട്ടി! അതിനു വിശക്കൂലേ? ഞാന്‍ പത്തിരീം ചിക്കനും കൂടാതെ കുറച്ചു പായസോം കൂടി ഉണ്ടാക്കാം. എരിവു പറ്റാതെ വന്നാലോ?”
“അതു നല്ല കാര്യം. തക്കുടു കഴിച്ചില്ലേലും ഞങ്ങക്ക് കഴിക്കാലോ.”
പാവം അമ്മ! ഞങ്ങളെപ്പോലത്തെ ഒരു കുട്ടിയാ തക്കുടൂന്നാ വിചാരം. കാണാന്‍ പറ്റില്ലാന്നു മാത്രം. തല്ക്കാലം അങ്ങനെ കരുതിക്കോട്ടെ.
‘നാളെ നേരത്തേ എണീക്കണം’ എന്നു മന്ത്രിച്ചുകൊണ്ട് അമ്മ കിടപ്പുമുറിയിലേക്കു പോയി. ഞാനും പോയി കിടന്നു. പക്ഷേ ഉറക്കം വരുന്ന ലക്ഷണമില്ല. ചുവരില്‍ എന്നെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന അച്ഛന്റെ ഫോട്ടോ. മെലിഞ്ഞ് നീണ്ട്, മുഖത്തിന് ഒട്ടും ചേരാത്ത കപ്പടാ മീശയുമായി. നാലുകൊല്ലം മുമ്പത്തെ ഫോട്ടോ ആണ്.
അച്ഛന്‍ ഇപ്പഴും ജീവിച്ചിരിപ്പുണ്ടാകുമോ? ആരായിരിക്കും അച്ഛനെ തട്ടിക്കൊണ്ടുപോയത്? തക്കുടൂനെ പോലെ എനിക്കും അദൃശ്യനായി പറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍! എങ്കില്‍ അച്ഛനെ ഞാന്‍ എങ്ങനെയെങ്കിലും കണ്ടെത്തിയേനേം.
ഇങ്ങനെ ഓരോന്ന് ചിന്തിച്ചുകിടന്ന് എപ്പഴാണ് ഉറങ്ങിപ്പോയത് എന്നറിയില്ല. ഒരു ദുഃസ്വപ്നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. സുതാര്യമായ ഒരു പെരുമ്പാമ്പിന്റെ വയറ്റിലാണ് ഞാനുള്ളത്. പുറത്തുള്ള കാഴ്ചകളെല്ലാം കാണാം. അതു തക്കുടൂന്റെ ലോകത്തെ പാമ്പാണെന്നു തോന്നുന്നു. ഞാന്‍ തക്കുടൂനെ വിളിച്ച് കരയാന്‍ ശ്രമിച്ചു. പക്ഷേ ഒച്ച പുറത്തുവരുന്നില്ല. ഒടുവില്‍ പാമ്പിന്റെ വയറ്റില്‍ ആഞ്ഞു ചവിട്ടിക്കുതറി. അപ്പഴാണ് ഞെട്ടി ഉണര്‍ന്നത്. ദേഹമാകെ വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. ലൈറ്റ് ഓഫാക്കാതെ ഉറങ്ങിപ്പോയതുകൊണ്ട് മുറിയിലാകെ വെളിച്ചമുണ്ട്. ക്ലോക്കില്‍ രാത്രി നാലുമണി.
അടുക്കളയില്‍ പാത്രങ്ങളുടെ കലപിലകേട്ട് ചെന്നുനോക്കി. അമ്മ പത്തിരീം കറീം ഉണ്ടാക്കുന്ന തിരക്കിലാണ്. ഞാന്‍ ചോദിച്ചു.
“അമ്മ ഇന്നലെ ഉറങ്ങിയില്ലേ?”
“ഉറക്കം വന്നില്ല. അച്ഛനും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തുപോയി. തക്കുടൂനെ അച്ഛന് നല്ല ഇഷ്ടായേനേം. ഇനിയിപ്പം നാളെ ഉറങ്ങാം. ഞായറാഴ്ചയല്ലേ.”
അപ്പോള്‍ അമ്മയും അച്ഛനെ ഓര്‍ത്തുതന്നെയാണ് കിടന്നത്. അമ്മ ഉറങ്ങാത്തതുകൊണ്ട് പാമ്പിന്റെ വായില്‍പ്പെടാതെ രക്ഷപ്പെട്ടു എന്നു പറഞ്ഞാലോ. അല്ലെങ്കി വേണ്ട. പിന്നെ ആ കഥയൊക്കെ പറയേണ്ടി വരും.
അലമാരയില്‍നിന്ന് പ്ലേറ്റും ഗ്ലാസ്സുമൊക്കെ എടുത്തു കഴുകി അമ്മയെ സഹായിച്ചു. പിന്നെ പായസത്തിനു വെച്ച അണ്ടിപ്പരിപ്പും മുന്തിരീം ഒക്കെ കട്ടുതിന്ന് സഹായിക്കാന്‍ തുടങ്ങിയപ്പം അമ്മ ഓടിച്ചുവിട്ടു. ഞാന്‍ പോയി ഒന്നുകൂടി പുതച്ചുമൂടിക്കിടന്നു.
രാവിലെ ദീപൂന്റെ അടി പുറത്തു വീണപ്പഴാണ് ഞെട്ടി ഉണര്‍ന്നത്. അടുക്കളയില്‍നിന്ന് മൈഥിലിയുടെയും ദില്‍ഷയുടെയും കിന്നാരം. ദില്‍ഷയുടെ കിളിശബ്ദം ദൂരത്തോളം എത്തും.
അന്‍വര്‍മാഷും ജോസും ഒന്നിച്ചാണ് വന്നത്. വന്നപാടെ മാഷ് ചോദിച്ചു, “എവിടെ നിന്റെ അത്ഭുതക്കാഴ്ച?”
ഒന്നു പല്ലുതേച്ചോട്ടെ മാഷെ, എന്നിട്ടു കാണിച്ചാപ്പോരേ എന്നും പറഞ്ഞ് ഞാന്‍ കുളിമുറീലേക്കു നടന്നു. അത്ഭുതജീവി വന്നില്ലെങ്കിലോ എന്ന പേടിയുണ്ട് ഉള്ളില്‍.
പല്ലുതേച്ചു വന്നപ്പോള്‍ അമ്മ എല്ലാരേം കോലായില്‍ മേശയ്ക്കുചുറ്റും ഇരുത്തിക്കഴിഞ്ഞിരുന്നു. അപ്പഴാണ് ഞാന്‍പോലും പ്രതീക്ഷിക്കാത്ത ആ അത്ഭുതക്കാഴ്ച എല്ലാരും കണ്ടത്. മുമ്പില്‍ ഒരു വലിയ ട്രേയില്‍ ചായഗ്ലാസ്സുകളുമായി അമ്മ അടുക്കളയില്‍ നിന്നു നടന്നുവരുന്നു. പിന്നാലെ രണ്ടു വലിയ പാത്രം നിറയെ പത്തിരീം കോഴിക്കറീം വായുവിലൂടെ ഒഴുകി വന്ന് മേശപ്പുറത്തു സ്ഥാനം പിടിക്കുന്നു. അമ്മ വീണ്ടും പോയി പായസം നിറച്ച ജാറുമായി വരുന്നു.പിന്നാലെ ഒരു പാത്രം നിറയെ ഞാലിപ്പൂവന്‍ പഴവും ഒഴുകി വരുന്നു. എന്റെ കൂട്ടുകാരെല്ലാം സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുപോയി.
അപ്പഴാണ് മണികിലുക്കം പോലത്തെ ആ മനോഹര ശബ്ദം : “യദുവിന്റെ കൂട്ടുകാര്‍ക്കെല്ലാം സ്വാഗതം. ഞാന്‍ തക്കുടു. യദുവിന്റെ പുതിയ കൂട്ടുകാരന്‍. ഇന്നു മുതല്‍ നിങ്ങടേം കൂട്ടുകാരന്‍. നിങ്ങള്‍ കഴിക്ക്. ഞാന്‍ അടുത്തു തന്നെയുണ്ട്. ഭക്ഷണം കഴിഞ്ഞ് കൂടുതല്‍ പരിചയപ്പെടാം.”
കൂട്ടുകാരെല്ലാം സ്തബ്ധര്‍. മിണ്ടാന്‍ പോയിട്ട് അനങ്ങാന്‍ പോലും കഴിയുന്നില്ല. അമ്മയുടെ മുഖം സന്തോഷവും അഭിമാനവും കൊണ്ട് തുടുത്തിരുന്നു. ഇത്രയും സന്തോഷം ഞാന്‍ ആ മുഖത്ത് കഴിഞ്ഞ നാലു കൊല്ലത്തിനിടയില്‍ കണ്ടിട്ടില്ല.
അന്‍വര്‍മാഷാണ് ആദ്യം നിശ്ശബ്ദത ഭേദിച്ചത്, “നീ അത്ഭുതം കാണിക്കാം എന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല യദൂ. ഇത് ശരിക്കും കട്ട മാജിക് തന്നെ. ഇനി എന്താണീ ജാലവിദ്യയുടെ ഗുട്ടന്‍സ് എന്നുകൂടി പറഞ്ഞു താ.”
ഞാന്‍ പറഞ്ഞു, “ ജാലവിദ്യയൊന്നുമല്ല മാഷേ. നമ്മടെ നാട്ടില് ബീഹാറീന്നും ബംഗാളീന്നും ഒക്കെ ആളുകള്‍ വരുന്നില്ലേ. അതുപോലെ അന്യഗ്രഹത്തില്‍നിന്ന് എനിക്കൊരു കൂട്ടുകാരനെ കിട്ടി. ഞാനവന് തക്കുടൂന്ന് പേരിട്ടു. നമ്മക്കാര്‍ക്കും അവനെ വ്യക്തമായി കാണാന്‍ കഴിയില്ല. അതിന്റെ കാരണം അവന്‍ പറഞ്ഞുതന്നില്ല. പിന്നെപ്പറയാം ന്ന് പറഞ്ഞു.”
ദില്‍ഷ പറഞ്ഞു, “നിങ്ങള് സൂക്ഷിച്ചുനോക്ക്. ഇളം ചോപ്പുനിറത്തില്‍ ഒരു നിഴല്‍പോലെ കാണുന്നുണ്ട്.”
എല്ലാരും സൂക്ഷിച്ചുനോക്കി. നേരുതന്നെ. ഒരു നിഴല്‍പോലെ കാണാം.
മൈഥിലി പറഞ്ഞു, “ഒരു മീന്‍ പോലെയുണ്ട്. കുത്തനെ നില്‍ക്കുന്ന മീന്‍. മനുഷ്യന്റെ രൂപമൊന്ന്വല്ല.”
തക്കുടു പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു, “മത്സ്യാവതാരംന്ന് കേട്ടിട്ടില്ലേ. അതു തന്നെ. എന്തായാലും ഇന്നു ഞാന്‍ നിങ്ങള്‍ക്കെന്റെ ശരിയായ രൂപം കാണിച്ചുതരാം. ഇപ്പം ഭക്ഷണം കഴിക്ക്.”
“ശരിയാ, നിങ്ങള് വേഗം കഴിക്ക്. ഇവന്‍ ഇന്നു മുഴുവന്‍ നമ്മടെ കൂടെ ഉണ്ടാവും. എല്ലാം നമ്മക്ക് ചോദിച്ചറിയാം”, അമ്മ പറഞ്ഞു.
“തക്കുടു ഒന്നും കഴിച്ചില്ലല്ലോ”, ജോസിനാണ് സങ്കടം.
അമ്മ പറഞ്ഞു, “അവന് നമ്മടെ എരുവുള്ള ഭക്ഷണം ഒന്നും പാടില്ലത്രേ. രാവിലെ കുറേ കൂന്തള് വിഴുങ്ങീട്ടാ പോന്നതുപോലും. എന്റെ നിര്‍ബന്ധം കൊണ്ട് കുറച്ചു പായസം കുടിച്ചു. വല്യ ഇഷ്ടം ഒന്നും ആയില്ല.”
മാഷ് വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു. തക്കുടൂനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തിടുക്കമായെന്നു തോന്നുന്നു. ബാക്കിയുള്ളവര്‍ പായസപ്പാത്രം കാലിയാക്കാനുള്ള ശ്രമത്തിലാണ്.
കൈ കഴുകിവന്ന പാടെ മാഷ് ചോദിച്ചു, “തക്കുടൂ, നിന്റെ ലോകത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയണം. അതിനു മുമ്പ് ഒരു ചോദ്യം. അന്യഗ്രഹത്തില്‍നിന്ന് വന്നതാണെങ്കില്‍ നീ എങ്ങനെയാ മലയാളത്തില്‍ ഇത്ര നന്നായി സംസാരിക്കുന്നത്?”
“ഞാന്‍ ഭൂമീല് വന്നിട്ട് രണ്ടു കൊല്ലമായി. ഇതിനകം ഞാന്‍ മൂന്നുഭാഷ പഠിച്ചു: സ്വാഹിളി, ഇംഗ്ലീഷ്, മലയാളം. തമിഴും ഹിന്ദീം കൊഞ്ചം കൊഞ്ചം തെരിയും. ഇനി അഞ്ചുകൊല്ലം കൂടി ഞാനിവിടുണ്ട്. എട്ടുപത്തു ഭാഷേം കൂടി പഠിക്കും.”
“എന്തിനാ പഠിക്കുന്നെ, എങ്ങനയാ പഠിക്കുന്നെ?”
“എന്തിനാ പഠിക്കുന്നതെന്ന് ഇപ്പപ്പറയാം. എങ്ങനയാ പഠിക്കുന്നതെന്ന് പിന്നെ. എന്നെ ഭൂമീലേക്കയച്ചത് ഭൂമിയെക്കുറിച്ചു പഠിക്കാനാണ്. ഇവിടുത്തെ പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ബുദ്ധിയുള്ള നിങ്ങളെക്കുറിച്ചും ഒക്കെ പഠിക്കാന്‍. ഇങ്ങനെ പഠിക്കാന്‍ ഭൂമീലേക്കു മാത്രമല്ല, ജീവന്‍ ഉത്ഭവിക്കാന്‍ സാധ്യതയുള്ള ഒത്തിരി ഗ്രഹങ്ങളിലേക്ക്, ഞങ്ങടെ ലോകത്തുനിന്ന് പലരും പോകുന്നുണ്ട്.”
“ജീവന്‍ ഉത്ഭവിക്കാന്‍ സാധ്യതയുള്ളത് എവിടെയാണെന്ന് എങ്ങനെ മനസ്സിലാക്കും?”
“അതെളുപ്പമാണ്. നിങ്ങടെ സൂര്യനെപ്പോലെയോ അതിലും അല്പം ചൂടുകുറഞ്ഞതോ ആയ ഒരു നക്ഷത്രത്തിന്റെ ചുറ്റും ഭൂമീടത്ര വലുപ്പമുള്ള ഒരു ഗ്രഹത്തെ ടെലിസ്കോപ്പിലൂടെ കണ്ടുകഴിഞ്ഞാല്‍ പിന്നെ ഞങ്ങളതിനെ സൂക്ഷ്മമായി നിരീക്ഷിക്കും.”
“എങ്ങനയാ നിരീക്ഷിക്ക്യ?”, ചോദ്യം മൈഥിലീടെയാണ്.
“ആദ്യം മൈഥിലി പോയി കൈ കഴുകീട്ടുവാ. എന്നിട്ടു പറയാം.”
തക്കുടുവിന്റെ പരിഹാസം കേട്ട് മൈഥിലിപോലും ചിരിച്ചു. ‘ഞാന്‍ വന്നിട്ടേ പറയാന്‍ പാടുള്ളേ’ എന്നുപറഞ്ഞുകൊണ്ട് അവളും, പിന്നാലേ മറ്റുള്ളോരും വാഷ്ബേസിനടുത്തേക്ക് ഓടി.
തുടരും.. എല്ലാ ശനിയാഴ്ച്ചയും
തക്കുടു ഇതുവരെ
1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?
3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി
4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു
5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം
6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം