Read Time:13 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ രണ്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


തക്കുടുവിനെ ഓര്‍ത്തുകൊണ്ടാണ് രാവിലെ ഉണര്‍ന്നത്. എന്റെ കൂടെ അവനുംകൂടി ക്ലാസ്സില്‍ വന്നെങ്കില്‍ എത്ര നന്നായേനേ. ഇന്നു രാവിലെ കണക്കാണ്. സൈബുട്ടീച്ചറെ ഒന്നു ചമ്മിക്കാരുന്നു. ഉച്ച കഴിഞ്ഞ് നെറ്റ്യേപ്പൊട്ടന്‍ മാഷിന്റെ ജ്യോഗ്രഫി ക്ലാസും ഉണ്ട്. നെറ്റിയില്‍ ചന്ദനക്കുറിയുടെ നടുക്ക് ചെറിയ കുങ്കുമപ്പൊട്ടുകൂടി തൊടുന്ന ശൂലപാണിമാഷക്ക് കുട്ടികള്‍ കൊടുത്ത ഇരട്ടപ്പേരാണ് നെറ്റ്യേപ്പൊട്ടന്‍. മുട്ടോളം എത്തുന്ന ജുബ്ബയ്ക്കുള്ളില്‍ മെലിഞ്ഞുനീണ്ട ദേഹം. നെറ്റ്യേപ്പൊട്ടന്‍മീന്‍ പോലെ തന്നെ. ചെല നാട്ടിലത് മാനത്തു കണ്ണിയാത്രേ.

ഇങ്ങനെ ഓരോന്ന് ചിന്തിച്ചുകിടന്നാ പറ്റൂല. ഞാന്‍ വേഗം ചാടി എണീറ്റ് പല്ലുതേച്ചു. കുളിച്ച് കുപ്പായം മാറ്റി. അടുക്കളയിലെത്തിയപ്പം അമ്മയ്ക്ക് അത്ഭുതം.

“ഇന്നെന്തുപറ്റി ഇത്ര നേരത്തേ? രാവിലെ കളിയുണ്ടോ?”

“കളിയൊന്നും ഇല്ല. തക്കുടു ചെലപ്പം നേരത്തേ വന്നാലോ.”

“തക്കുടുവോ, അതാരാ? അത് അച്ഛന്‍ നിന്നെ വിളിച്ചിരുന്ന പേരല്ലേ?”

“ആ പേരേ ഞാനെന്റെ പുതിയ കൂട്ടുകാരനു കൊടുത്തു. അവനൊരു മായാവിയാ അമ്മേ. ഒരീസം അമ്മയ്ക്ക് പരിചയപ്പെടുത്തിത്തരാം. പക്ഷേ അമ്മയ്ക്കവനെ കാണാനൊന്നും പറ്റൂല്ലട്ടോ. കേക്കാനേ പറ്റൂ.”

ഞാന്‍ ചിരിച്ചോണ്ടാ പറഞ്ഞത്. എന്നിട്ടും അമ്മയുടെ മുഖത്ത് പരിഭ്രമം. “നീ എന്തൊക്കെയാടാ ഈ പറയുന്നെ? നിനക്ക് വട്ടെളകിയോ?”

ഞാന്‍ ഉറക്കെ ചിരിച്ചു. അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മേം കൊടുത്തു. എന്നിട്ട് പറഞ്ഞു, “വട്ടൊന്നും അല്ലമ്മേ. ഒക്കെ രഹസ്യാ. ഇപ്പം പറയാന്‍ പാടില്ല. വേഗം എന്തെങ്കിലും കഴിക്കാന്‍ താ.”

“പുട്ടിന് കറി ആയില്ല. കടല വേകുന്നേ ഉള്ളൂ.”

“അത്ര വെന്താ മതി.” രണ്ടു കഷണം പുട്ടിനു മീതെ പകുതിവെന്ത കടലക്കറീം ഒഴിച്ച് ഉരുട്ടി വിഴുങ്ങീട്ട്, ബാഗും എടുത്ത് ഞാന്‍ സ്കൂളിലേക്കോടി.

സ്കൂളിലെത്തിയപ്പം കുട്ടികള്‍ വന്നു തുടങ്ങുന്നേയുള്ളൂ. തക്കുടു വന്നതിന്റെ അടയാളമൊന്നുമില്ല. അതിന് അവന്‍ എപ്പ വരൂംന്ന് പറഞ്ഞിട്ടും ഇല്ലല്ലോ. എന്തായാലും അവന്റെ യന്ത്രമെടുത്തു ചെവിയില്‍ വെച്ചു.

അവനെങ്ങനെയാവും വരിക? നടന്നിട്ടോ പറന്നിട്ടോ? ഒരു പിടീം ഇല്ല.

ആദ്യത്തെ പീരീഡ് സൈബുട്ടീച്ചറ് വരും. ടീച്ചറെ ഇന്ന് അത്ഭുതപ്പെടുത്തണം. അതിനു തക്കുടുവൊന്നും വേണ്ട. ഹരണം എനിക്ക് ശരിക്കും പിടികിട്ടി. ടീച്ചര്‍ എന്തു ചോദിച്ചാലും ഉത്തരം പറയും.

ടീച്ചര്‍ ചോദിക്കും, 56 നെ 7 കൊണ്ടു ഹരിച്ചാല്‍ എത്ര കിട്ടും?

ഞാന്‍ പറയും 8.  ടീച്ചര്‍ കണ്ണുതള്ളിപ്പോകും. അതെങ്ങനെ കിട്ടി എന്നു ചോദിച്ചാല്‍ ഞാന്‍ പറയും: ടീച്ചര്‍  56 മിഠായി എന്നെ ഏല്‍പ്പിച്ചിട്ട് 7 പേര്‍ക്ക് കൊടുക്കാന്‍ പറഞ്ഞാല്‍ ഓരോരുത്തര്‍ക്കും 8 എണ്ണം വീതം അല്ലേ കിട്ടുക. ആദ്യത്തെ എട്ടെണ്ണം ഞാന്‍ പോക്കറ്റിലിടൂട്ടോ. 

അപ്പം ടീച്ചറ് ചിരിച്ചുപോകും.

അങ്ങനെ ഓരോരോ മനക്കണക്കും കൂട്ടി മനപ്പായസോം ഉണ്ടിരിക്കുമ്പം ടീച്ചര്‍ വന്നു. ആദ്യത്തെ പത്തുമിനിട്ട് എന്നും മനക്കണക്കിനുള്ളതാണ്. ടീച്ചര്‍ പറഞ്ഞു, “ഇന്നലെ പഠിച്ചതൊക്കെ എല്ലാവര്‍ക്കും ഓര്‍മയുണ്ടല്ലോ? എന്നാലൊരു മനക്കണക്ക്. ചിന്തിക്കാന്‍ അഞ്ചുമിനുട്ടു തരാം. ഉത്തരം കിട്ടുന്നവര്‍ കൈപൊക്കണം. ചോദ്യം ഇതാണ് : 12 ദിവസംകൊണ്ട് ഒരു കുളം കുത്താന്‍ 6 തൊഴിലാളികളെ ഏല്‍പ്പിച്ചു. പക്ഷേ, 9 ദിവസം കഴിഞ്ഞിട്ടും പകുതി പണിയേ കഴിഞ്ഞുള്ളൂ. ബാക്കി 3 ദിവസം കൊണ്ട് പണി തീര്‍ക്കണമെങ്കില്‍ എത്ര പേര് വേണ്ടിവരും?”

ഇത് എന്നെ കുഴിച്ചിടാനുള്ള കുളം തന്നെ. ഒരു ജെ.സി.ബി. ഏര്‍പ്പാടാക്കിയാപ്പോരേ ടീച്ചറേ എന്നു ചോദിച്ചാലോ. പക്ഷേ, അതിന് ധൈര്യം വേണ്ടേ?

അപ്പഴാണ് ചെവിയിലെ യന്ത്രത്തില്‍നിന്നൊരു ശബ്ദം : “മണ്ട ശുപ്പാണ്ടീ, 6 പേര് 9 ദിവസം കൊണ്ട് 54 പണിയല്ലേ ചെയ്തിട്ടുണ്ടാവുക? ഇനി അത്രേം പണി കൂടി ബാക്കിയില്ലേ? അതു മൂന്നു ദിവസംകൊണ്ട് തീര്‍ക്കാന്‍ എത്ര പേര് വേണം.”

ഓ, ഇത്രേ ഉള്ളൂ. ഞാന്‍ കൈപൊക്കി. ചുറ്റും നോക്കുമ്പം രേശ്മ മാത്രണ്ട് കയ്യും പൊക്കി ഇരിക്കുന്നു.

“എന്ത്, യദു കൈ പൊക്കിയെന്നോ!,” സൈബുട്ടീച്ചര്‍ക്ക് അത്ഭുതം. “എന്നാ യദു പറ.”

ഞാന്‍ പറഞ്ഞു, “18 പേരു വേണം.”

“എങ്ങനെ കിട്ടി.”

ചെവിയിലെ യന്ത്രത്തിലൂടെ തക്കുടു പറഞ്ഞ ന്യായങ്ങളെല്ലാം ഞാന്‍ ടീച്ചറുടെ മുന്നില്‍ നിരത്തി.

“മിടുക്കന്‍,” ടീച്ചറുടെ മുഖത്ത് അഭിനന്ദനത്തിന്റെ പുഞ്ചിരി. അപ്പഴാണ് സുലൈമാന്റെ തമാശ : “അല്ല ടീച്ചറേ, 18 പണിക്കാര് ഒന്നിച്ച് കുഴീലെറങ്ങ്യാ നില്ക്കാനും കൂടി സ്ഥലം ഉണ്ടാവൂലല്ലോ, പിന്നെങ്ങനെ കുഴിക്കും?”

എല്ലാവരും ചിരിച്ചു. ടീച്ചറും ചിരിച്ചു. മണി കിലുക്കം പോലെ വേറൊരു ചിരികൂടി ഉണ്ടായിരുന്നു. അതു ഞാന്‍ മാത്രേ കേട്ടുള്ളൂ.

ഞാനാണിന്ന് ഹീറോ. ഇനി അതു നഷ്ടപ്പെടാതെ നോക്കണം. ഇന്ന് ആദ്യമായി സ്വപ്നത്തില്‍ അലയാതെ ഞാന്‍ ക്ലാസ്സിലിരുന്നു. അപ്പഴല്ലേ മനസ്സിലായത്,  ഈ സൈബുന്നീസ ടീച്ചറ് നല്ലോണം പഠിപ്പിക്കും. അടുത്തത് പ്രഭാവതിട്ടീച്ചറുടെ മലയാളം ക്ലാസ്സാണ്. അതെനിക്ക് പണ്ടേ ഇഷ്ടാണ്. ടീച്ചര്‍ക്ക് എന്നേം ഇഷ്ടാണ്, എനിക്ക് ടീച്ചറേം ഇഷ്ടാണ്. ടീച്ചറ് പറയുന്ന പുസ്തകം എല്ലാം ഞാന്‍ ലൈബ്രറീന്ന് എടുത്തു വായിക്കും. ബഷീറിന്റേം പൊറ്റെക്കാടിന്റേം എം.ടീടേം ഒക്കെ ഞാന്‍ വായിച്ചത് അങ്ങനെയാണ്. അമ്മയോട് എന്നെപ്പറ്റി നല്ലത് പറയാറ് പ്രഭാവതിട്ടീച്ചര്‍ മാത്രാണ്.

ഉച്ചകഴിഞ്ഞ് നെറ്റ്യേപ്പൊട്ടന്‍ മാഷിന്റെ ക്ലാസ്സില്‍ നല്ല തമാശയുണ്ടായി. മാഷ് വല്യ ഭക്തനാണെന്നാണ് വെപ്പ്. ലോകത്തിലെ ഏറ്റവും മഹത്തായ കൃതി ഭഗവദ്ഗീതയാണെന്നും എല്ലാ ശാസ്‌ത്രങ്ങളും ഉത്ഭവിച്ചത് ഭാരതത്തിലാണെന്നുമാണ് മൂപ്പരുടെ അഭിപ്രായം.

മാഷ് ക്ലാസ് തുടങ്ങിയത് ഇങ്ങനെയാണ്. “ഇന്നു നമുക്ക് നമ്മുടെ മാതൃഭൂമിയെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ പഠിക്കാം.”

“അതെന്താ മനോരമയെക്കുറിച്ചും ദേശാഭിമാനിയെക്കുറിച്ചും പഠിക്കണ്ടേ?”  ജോസ് പതുക്കെയാണ് പറഞ്ഞത്.

“കേരള കൗമുദിയെക്കുറിച്ച് എന്തായാലും പഠിക്കണം,” മൈഥിലി പതുക്കെയെങ്കിലും തറപ്പിച്ചു പറഞ്ഞു.

മാഷുടെ രൂക്ഷമായ നോട്ടം എന്റെ മേലാണ് പതിഞ്ഞത്.

“എന്താ അവിടെ പിന്‍ബഞ്ചിലൊരു പിറുപിറുപ്പ്? യദു പറ, നമ്മുടെ മാതൃരാജ്യത്തിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ ഏതു രാജ്യമാണുള്ളത്?”

എവിടെയാണപ്പാ ഈ വടക്കുപടിഞ്ഞാറ് എന്നാലോചിച്ച് ബേജാറായി നില്‍ക്കുമ്പം ദില്‍ഷ നോട്ടുബുക്കില്‍ വലുതായി എഴുതി – ‘പാകിസ്ഥാന്‍’‌

ഞാന്‍ ഉറക്കെപ്പറ്റഞ്ഞു, “പാകിസ്ഥാന്‍.”

എന്നെ പരിഹസിക്കാനുള്ള അവസരം നഷ്ടമായതില്‍ നിരാശയുണ്ടെങ്കിലും അതു പുറത്തു കാണിക്കാതെ മാഷ് പറഞ്ഞു, “ഓ, യദു മിടുക്കനായിപ്പോയല്ലോ. അവിടിരുന്നോ. ഇനി വര്‍ത്താനം പറയല്ല് കേട്ടോ.”

ഞാന്‍ തലകുലുക്കി. ഒരിക്കല്‍ക്കൂടി ഞാന്‍ ഹീറോ.

തീരെ സ്വപ്നം കാണാതായാല്‍ മോശമല്ലേ എന്നു കരുതി ഞാന്‍ ഹിന്ദി ക്ലാസ്സില്‍ കുറച്ചു സ്വപ്നം കണ്ടു. പിന്നെ ബെല്ലടിച്ചപാടെ ഗ്രൗണ്ടിലേയ്ക്കോടി.

ഇടതുകൈക്ക് ഇപ്പഴും നല്ല വേദനയുണ്ട്. ഇന്ന് കീചകനെ നേരിടാന്‍ തക്കുടു സഹായിക്കുമായിരിക്കും. കീചകന്‍ ഒരു ദുഷ്ടച്ചിരിയുമായി ഗ്രൗണ്ടിലുണ്ട്.

കളി തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞുകാണും. ദീപു പാസ് ചെയ്ത ബോള്‍ എന്റെ കാലിലെത്തി. ഇടതുവിംഗിലൂടെ കേറി ഞാന്‍ ഗോള്‍പോസ്റ്റിലേക്ക് അടുക്കുകയാണ്. സുനിലിനേം ഷാഹുലിനേം വെട്ടിച്ച് മുന്നേറുന്ന എന്റെ അടുത്തേക്ക് അതാ കീചകന്‍ പാഞ്ഞെത്തുന്നു. ഉള്ളൊന്നു കാളി. പക്ഷേ, എന്നെ കാല്‍വെച്ചു തള്ളിയിടാനുള്ള ശ്രമത്തില്‍ അവന്‍ മലര്‍ന്നുവീണതും ഞാന്‍ ഗോളടിച്ചതും ഒന്നിച്ചായിരുന്നു.

എന്താണ് സംഭവിച്ചത് എന്നാര്‍ക്കും മനസ്സിലായില്ല. കീചകന്‍ എണീറ്റ് ചുറ്റുംനോക്കി. അടുത്താരേം കാണാനില്ല. ഗോളടിച്ച ആവേശത്തില്‍ കുട്ടികള്‍ ആര്‍ത്തുവിളിച്ചു.

ഹാഫ് ടൈമിനുശേഷം കളി ആരംഭിച്ച് പത്തുമിനുട്ടു കഴിഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ ബോളുമായി മുന്നേറി. ഇത്തവണ ഇടിച്ചു വീഴ്ത്തിയേ അടങ്ങൂ എന്ന മട്ടില്‍ കീചകനുണ്ട് മുന്നില്‍. ഞാന്‍ പന്തു വെട്ടിച്ച് മുന്നേറാന്‍ ശ്രമിക്കുന്നതിനിടയില്‍ അവനതാ കമിഴ്ന്നടിച്ചുവീഴുന്നു. ഒരു പ്രാവ് ഞങ്ങള്‍ക്കിടയിലൂടെ പറന്നുപോകുന്നത് ദീപു കണ്ടത്രേ. ഇക്കുറി മുട്ടുകുത്തി കമിഴ്ന്നാണ് കീചകന്റെ വീഴ്ച. എണീക്കാന്‍ ആരൊക്കെയോ സഹായിച്ചു. ഏന്തി ഏന്തി പുറത്തേയ്ക്ക് പോകുന്നതിനിടയില്‍ അവന്‍ പറയുന്നുണ്ടായിരുന്നു: “ഞാന്‍ മാടമ്പി ചന്തൂന്റെ മോനാണെങ്കില്‍ ഇതിനു പകരം വീട്ടാതിരിക്കില്ല.”

“അതിനു നിന്നെ ആരും ഒന്നും ചെയ്തില്ലല്ലോ. നീ തന്നേ വീണതല്ലേ,” കൂട്ടുകാര്‍ പറഞ്ഞുനോക്കി.

“അല്ല, എന്റെ കാലിന്റെ മടക്കിന് ആരോ ഇടിച്ചു. യദൂന്റെ പണിയാണ്. ഞാന്‍ പകരം വീട്ടും.”

ഞാനൊന്നും ചെയ്തിട്ടില്ല. പക്ഷേ അവനെ എങ്ങനെ ബോധ്യപ്പെടുത്തും! അവന്റെ അച്ഛന്‍ ചന്തു മഹാ ഗുണ്ടയാണ്. കഞ്ചാവ് കച്ചോടാണ് തൊഴില്‍. പോലീസിനു പോലും അയാളെ പേടിയാ. തക്കുടൂനോട് ഇന്നുതന്നെ പറയണം. അല്ലെങ്കില്‍ എന്റെ കാര്യം പോക്കാ.

തുടരും.. എല്ലാ ശനിയാഴ്ച്ചയും


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സയൻസും കുറ്റാന്വേഷണവും – LUCA TALK ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം
Next post ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫുട്ബാൾ
Close