Read Time:5 Minute


ഡോ.പി.മുഹമ്മദ് ഷാഫി

കായിക രംഗത്തെ വാനോളം ഉയർത്തിയ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ ലേഖന പരമ്പരയിലെ രണ്ടാമത്തെ ലേഖനം

ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫുട്ബാൾ (All weather football)

വായു നിറച്ച് കളിക്കാൻ ഉപയോഗിക്കുന്ന പന്തുകളുടെ പ്രധാന ഭാഗങ്ങൾ വായു നിറക്കുന്ന ബ്ലാഡറും (bladder) അതിനെ പൊതിയുന്ന ഭാഗവുമാണല്ലോ (cover). മുൻകാലങ്ങളിൽ വായു നിറക്കുന്ന ഭാഗം പന്നിയുടെയോ ചെമ്മരിയാടിന്റെയോ മൂത്രസഞ്ചി (urinary bladder) ആയിരുന്നു. ആ പേര് ഇന്നും ഉപയോഗിക്കുന്നു ! റബ്ബർ കൊണ്ടുള്ള ബ്ലാഡർ ആദ്യമായി ഉപയോഗത്തിലെത്തുന്നത് 1862ൽ ആയിരുന്നു. ഗുഡ്‌യർ (Charles Goodyear) വൾക്കനൈസേഷൻ (vulcanisation: Patented in 1936) വഴി റബ്ബറിനെ ബലപ്പെടുത്തുന്ന പ്രക്രിയ കണ്ടുപിടിച്ചതാണ് ഇത് സാധ്യമാക്കിയത്. എന്റെ സ്‌കൂൾ പഠന കാലത്ത്, ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ, ഞങ്ങൾ ഉപയോഗിച്ചിരുന്ന ബ്ലാഡറിന് (ചിത്രം 1) നീണ്ട കഴുത്തുണ്ടായിരുന്നു(neck).  പമ്പ് ഉപയോഗിച്ച് വായു നിറച്ച ശേഷം കഴുത്തു മടക്കി കെട്ടി ഉപയോഗിക്കേണ്ടിയിരുന്നു. എന്നാൽ കോളെജിൽ എത്തിയപ്പോൾ കണ്ടത് കഴുത്തില്ലാത്ത ബ്ലാഡറുകളാണ് (ചിത്രം 2). ഉന്നത മർദ്ദത്തിലുള്ള വായു പുറത്തു പോകാതിരിക്കാനുള്ള വാൽവ് സാങ്കേതിക വിദ്യ ബ്ലാഡറുകളിൽ ലഭ്യമായിരുന്നെന്നർത്ഥം.

ഈ കാലയളവിലെല്ലാം പന്തുകളുടെ പുറംതോട് (ചിത്രം 3) തുകൽ (leather) നിർമ്മിതങ്ങളായിരുന്നു.നനഞ്ഞുപോയാൽ ഭാരം ഗണ്യമായി വർദ്ധിക്കുമെന്നതും വേഗം  കേടായിപ്പോകുമെന്നതും ഇതിന്റെ പോരായ്മകളാണ് . ഭാരം വർധിച്ചാൽ പന്ത് ഹെഡ് ചെയ്യുന്ന കളിക്കാരന്റെ കഴുത്തിന് കൂടുതൽ ആഘാതമേൽക്കുകയും ചെയ്യുമല്ലോ .

ആധുനിക ഫുട്ബോളിന് ബ്ലാഡർ , അതിനു പുറമെയുള്ള ലൈനിംഗുകൾ, ഏറ്റവും പുറത്തായി കവർ (cover) എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങളാണുള്ളത്. ബ്ലാഡർ  നിർമിക്കുന്നത് രൂപാന്തരപ്പെടുത്തിയ പ്രകൃതിദത്ത റബ്ബർകൊണ്ടോ അല്ലെങ്കിൽ ബ്യുടൈൽ റബ്ബർകോണ്ടോ (butyl rubber) ) ആണ് . 98% ഐസോബ്യുട്ടീലിനും (isobutylene)  2% ഐസോപ്രിനും ( isoprene) അടങ്ങിയ പോളിമറാണ് ബ്യുടൈൽ റബ്ബർ. പ്രകൃതിദത്ത റബ്ബർ ഐസോപ്രിൻ മോണോമറിന്റെ മാത്രം  പോളിമറാണല്ലോ. ബ്യുടൈൽ റബ്ബർ കൊണ്ട് നിർമിച്ച ബ്ലാഡറിൽ നിന്ന് ഡിഫ്യുഷൻ (diffusion)വഴി വായു നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് ഇതിന്റെ മേന്മ .

ലൈനിങ്ങിനായി ഉപയോഗിക്കുന്നത് പോളിഅമൈഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന നൈലോൺ പോലുള്ള വസ്തുക്കളാണ്. പന്ത് വീഴുമ്പോൾ നന്നായി പൊന്തുന്നതിനും (bounce) പന്തിന്റെ ബലം മെച്ചപ്പെടുത്തുന്നതിനും ലൈനിങ് സഹായിക്കുന്നു .

1986ൽ മെക്സിക്കോയിൽവെച്ചു നടന്ന ലോക കപ്പ് ഫുട്ബാൾ മത്സരങ്ങളിൽ ഉപയോഗിച്ച പന്തുകൾ പൂർണമായും കൃത്രിമ പദാർത്ഥങ്ങൾ കൊണ്ട് നിർമ്മിച്ചവയായിരുന്നു . ഈ പന്തുകളുടെ പുറംതോട് ആറ് പോളിയൂറതൈൻ (polyurethane) പാളികളെ ഉയർന്ന ഊഷ്മാവിൽ ഒട്ടിച്ചെടുത്തവ  ആയിരുന്നു. വളരെ കുറഞ്ഞ അളവിൽ ജലാംശം മാത്രമേ ആഗിരണം ചെയ്യുകയുളളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാൽ നനഞ്ഞ മൈതാനത്തും മത്സരം നടത്താനാകും.

ഹെക്‌സാമെതിലിൻ  ഡൈഐസോസയനേറ്റും ബ്യുടൈൻ ഡയോളും രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് പോളിയൂറതൈൻ ഉണ്ടാകുന്നതിന്റെ രാസസൂത്രമാണ് താഴെ കൊടുത്തിട്ടുള്ളത്. ഐസോസയനേറ്റിന്റെയും ഡയോളിന്റെയും ഘടനയിൽ മാറ്റം വരുത്തി വ്യത്യസ്ത ഗുണങ്ങളുള്ള  പോളിയൂറതൈൻ നിർമിക്കാനാകും .

2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പ് മത്സരങ്ങളിൽ പലതും മഴ നനഞ്ഞ മൈതാനത്തായിരുന്നു. എന്നിട്ടും കളി തടസ്സപ്പെടാതെ ടൂർണമെൻറ് വിജയപ്രദമായി നടത്താനായതിന്റെ ക്രെഡിറ്റ് ശാസ്ത്ര -സാങ്കേതിക നേട്ടങ്ങൾക്ക് അവകാശപ്പെട്ടതാണ്.


ലേഖന പരമ്പരയിലെ മറ്റുലേഖനങ്ങൾ

Happy
Happy
82 %
Sad
Sad
0 %
Excited
Excited
9 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
9 %

Leave a Reply

Previous post ഇന്നു ഞാനാണ് ഹീറോ
Next post സ്റ്റീവൻ വെയ്ൻബെർഗ് അന്തരിച്ചു.
Close