കേൾക്കാം
എന്നാ നമ്മക്ക് ഇനി ജന്മദിനാഘോഷം തുടങ്ങാം എന്ന അന്‍വര്‍മാഷിന്റെ പ്രഖ്യാപനം കേള്‍ക്കേണ്ട താമസം, ജോസ് കേക്കിന്റെ പെട്ടി എടുത്ത് ഓടിവന്ന് പൊതി അഴിക്കാന്‍ തുടങ്ങി. ഇത് മാലിനിയുടെ അപൂര്‍വ സൗഭാഗ്യമാണെന്നും ഇത്തരം ഒരു ആഘോഷം, അതും അര്‍ധരാത്രി കഴിഞ്ഞ്, വെള്ള്യാംകല്ലിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും എന്നുമൊക്കെ മാഷ് പറഞ്ഞെങ്കിലും ആരു ശ്രദ്ധിക്കാന്‍! കുട്ടികള്‍ ഭക്ഷണപ്പൊതികള്‍ അഴിച്ച് അമ്മയുടെ മുമ്പില്‍ നിരത്തുന്ന തിരക്കിലായിരുന്നു. മാഷുടെ ആശംസാപ്രസംഗം തിരമാലകളുടെ ശബ്ദത്തില്‍ അലിഞ്ഞുപോയി.
അമ്മ പറഞ്ഞു, “നിങ്ങള്‍ക്കുള്ളതൊക്കെ ആയി. ആ പാവം തക്കുടൂന് എന്തുകൊടുക്കും?”
ദില്‍ഷ ചോദിച്ചു, “തക്കുടൂ നെനക്കെന്താ വേണ്ടേ? കലത്തപ്പം പറ്റ്വോ?”
മറുപടിയില്ല, ‘തക്കുടൂ’ന്ന് ഉറക്കെ വിളിച്ചിട്ടും പ്രതികരണമില്ല. അവന്റെ ചുവന്ന നിഴല്‍രൂപവും കാണാനില്ല.
“അവന്‍ നമ്മളെ ഈ പാറേ കൊണ്ടുവന്ന് ഇട്ടിട്ട് സ്ഥലം വിട്ടോ?”, ദീപൂന്റെ ആശങ്ക.
“ദില്‍ഷ കൂടെ പോകുന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതുകൊണ്ടാവും. ഓടി രക്ഷപ്പെട്ടതാ”, മാഷ് ദില്‍ഷയെ കളിയാക്കി.
ദില്‍ഷ പറഞ്ഞു, “അങ്ങനെയൊന്നും തക്കുടു പോവൂല മാഷേ. ഈ പ്രാവിനെ എന്റെ അടുത്തും കാക്കച്ചിയെ ചേച്ചീടെ അടുത്തും വിട്ടിട്ട് അവന്‍ പോവ്വോ. എന്നാപ്പിന്നെ അത് തന്നെയല്ലേ കാണണ്ടെ!”
പെട്ടെന്ന് നനഞ്ഞ ദേഹം കുടഞ്ഞ് വെള്ളം തെറിപ്പിച്ചുകൊണ്ട് തക്കുടുവിന്റെ നിഴല്‍രൂപം പ്രത്യക്ഷപ്പെട്ടു.
“നീ എവിടെ പോയിരുന്നു,” അമ്മ ചോദിച്ചു.
“ഇവിടെ താഴെ, എന്റെ വീട്ടില്. ക്യാമറ എടുക്കാന്‍.”
അതു കേള്‍ക്കണ്ട താമസം, കുട്ടികളെല്ലാം ഫോട്ടോയ്ക്ക് പോസ് ചെയ്ത് അമ്മയോടു ചേര്‍ന്നിരുന്നു.
മൈഥിലി പറഞ്ഞു, “ത്രി ഡി വീഡിയോ തന്നെ വേണം, ട്ടോ.”
ദീപു കേക്കിന്റെ പെട്ടീന്ന് പ്ലാസ്റ്റിക് കത്തിയെടുത്ത് അമ്മയ്ക്ക് കൊടുത്തു.
തക്കുടു പറഞ്ഞു, “ചേച്ചീ, ക്യാമറ റെഡി. കേക്ക് മുറിച്ചോളൂ.”
നേര്‍ത്ത ലേസര്‍ ബീം ഞങ്ങളെ തഴുകി സഞ്ചരിച്ചുകൊണ്ടിരുന്നു. വെളുത്ത ഐസിംഗ് കൊണ്ട് ‘ഹാപ്പി ബര്‍ത് ഡേ മാലിനി’ എന്നെഴുതിയ കേക്ക് നോക്കി അമ്മ ഒരുനിമിഷം നിശ്ശബ്ദയായി. അച്ഛന്റെ ഓര്‍മ ആ കണ്ണുകളെ നനയിച്ചുവോ?
അമ്മ കേക്ക് എട്ടു കഷണമായി മുറിച്ചു. ഞാന്‍ ഒരു കഷണമെടുത്ത് അമ്മയുടെ വായില്‍വെച്ചുകൊടുത്തു. എല്ലാരും ചേര്‍ന്ന് ഹാപ്പി ബര്‍ത്ത് ഡേ പാടി. പിന്നെ കേക്കില്‍ കയ്യിട്ടുവാരി. ഒരു കഷണം അമ്മ തക്കസമയത്ത് എടുത്ത് തക്കുടൂന് കൊടുത്തതുകൊണ്ട് അവന് കിട്ടി. അന്‍വര്‍മാഷിന് ഒരു പൊട്ടിയ കഷണമേ കിട്ടിയുള്ളൂ.
പിന്നെ ആക്രമണം ബാക്കി പൊതികളുടെ നേര്‍ക്കായി. മൈഥിലീം ദില്‍ഷേം അമ്മേം കൂടി ഉണ്ടാക്കിയ തിരുളടയും കലത്തപ്പോം ഉള്ളിവടേം മുട്ടമറിച്ചതും എല്ലാം നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി. ജോസിന്റെ അപ്പച്ഛന്റെ നിര്‍മിതികളായ ചിക്കന്‍ റോള്‍, ഉന്നക്കായ, കായവറുത്തത് തുടങ്ങിയ ബേക്കറി ഇനങ്ങളും അതിവേഗം കാലിയായി.
എല്ലാം കഴിഞ്ഞപ്പം ദീപു പറഞ്ഞു, “കഷ്ടായിപ്പോയി. തക്കുടൂന് ആകെ കിട്ടിയത് ഒരു കഷണം കേക്ക് മാത്രം. ദില്‍ഷ പോലും ഒരു സാധനോം കൊടുത്തില്ല. ഇവളെ കൊണ്ടുപോകണ്ട തക്കുടൂ.”
“അയ്യോ, നമ്മളു കഴിച്ചതൊന്നും തക്കുടൂന് കൊടുക്കാന്‍ പാടില്ല. അവന് വയറിളക്കം പിടിച്ചാലോ. അവന്‍ ഇടയ്ക്ക് മുങ്ങിയത് ക്യാമറ എടുക്കാന്‍ മാത്രമാവില്ല, കൂന്തള്‍ ശാപ്പിടാനും കൂടിയാവും.” ദില്‍ഷയുടെ മറുപടി കേട്ട് തക്കുടുവും ചിരിച്ചു. അവന്‍ പറഞ്ഞു
“നിങ്ങളെപ്പോലെ എപ്പഴും കിട്ടുന്നതെല്ലാം തിന്നുന്ന ശീലം എനിക്കില്ല. ദിവസം ഒരു തവണ മാത്രേ ഞാന്‍ കഴിക്കൂ.”
“അയ്യോ എനിക്കതു ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. ദിവസം ഒറ്റ നേരം ഭക്ഷണേ!” ദീപു അത്ഭുതപ്പെട്ടു. “നിങ്ങടെ ലോകത്ത് എല്ലാരും അങ്ങനെയാ?”
“അവിടെ അതു പറ്റില്ല. ഞങ്ങടെ ദിവസം കൊറേ നീണ്ടതാ. നിങ്ങടെ അമ്പതു മണിക്കൂറിനടുത്തുവരും. ദിവസം രണ്ടുനേരം ഞങ്ങള് ഭക്ഷണം കഴിക്കും.”
“ദിവസത്തിന് അമ്പതു മണിക്കൂറോ? അതെങ്ങനെ പറ്റും?” ജോസിന് കൗതുകം
മാഷ് ചോദിച്ചു, “നിങ്ങള്‍ പഠിച്ച ജ്യോഗ്രഫി വെച്ച് അതെങ്ങനയാന്ന് പറഞ്ഞൂടേ ജോസേ?”
“ആ ഞാന്‍ പറയാം. ഭൂമിക്ക് ഒന്നു കറങ്ങി വരാന്‍ ഇരുപത്തിനാല് മണിക്കൂര്‍ മതി. ഇവരുടെ ഗ്രഹത്തിന് അമ്പത് മണിക്കൂര്‍ വേണം, ല്ലേ? ”
തക്കുടു പറഞ്ഞു, “കറക്റ്റ്. നക്ഷത്രത്തെ ചുറ്റി വരാന്‍ നൂറ്റി ഇരുപത് ദിവസോം.”
“അയ്യോ അത്ര കൊറച്ചോ?” ജോസിനു വിശ്വാസമായില്ല.
മാഷ് പറഞ്ഞു, “അവരുടെ ദിവസാകും ജോസേ. എന്നുവെച്ചാ, നമ്മടെ 250 ദിവസം, ഏകദേശം. അല്ലേ തക്കുടൂ?”
“അതെ മാഷെ”
“എന്നാലും കുറവു തന്നെ. അതു വെച്ചല്ലേ നിങ്ങടെ വയസ്സ് കണക്കാക്കുക. തക്കുടൂന് ഇപ്പം എത്ര വയസ്സായി?” ദില്‍ഷയ്ക്കാണ് സംശയം.
“എനിക്ക് 45 വയസ്സ്”, തക്കുടു ചിരിച്ചുകൊണ്ടു പറഞ്ഞു.
“അയ്യോ വയസ്സന്‍,” മൈഥിലി കളിയാക്കി.
മാഷ് പറഞ്ഞു, “മണ്ടൂസേ, അവരുടെ 45 വയസ്സ് നമ്മടെ 30വയസ്സേ ആകൂ.”
“എന്നാലും മാഷേ, നമ്മള് വെറുതെ തക്കുടു, അവന്‍, ഇവന്‍ എന്നൊക്കെ പറയാന്‍ പാടുണ്ടോ? തക്കുടുചേട്ടന്‍ ന്ന് എങ്കിലും വിളിക്കണ്ടേ”
തക്കുടു ചിരിച്ചുകൊണ്ടു പറഞ്ഞു, “മൈഥിലീ, ഞങ്ങടെ ലോകത്ത് ഞാനിപ്പഴും കുട്ട്യാണ്. 60 വയസ്സുവരെ എല്ലാരും കുട്ടികളാ. 60 കഴിഞ്ഞാല്‍ 200 വയസ്സുവരെ യുവാക്കളാണ്. പിന്നെയാ വയസ്സന്മാരാകുക. 200 കഴിഞ്ഞാ വിശ്രമജീവിതാ.”
“അപ്പം ചാകുന്നതെപ്പഴാ?”, ജോസിനറിയേണ്ടത് അതാണ്.
“എപ്പം വേണേങ്കിലും ചാകാം. ജീവിതം മതീന്ന് തോന്ന്യാ മരിക്കാനുള്ള അവകാശം എല്ലാര്‍ക്കും ഉണ്ട്. പക്ഷേ അങ്ങനെ ആരും ചെയ്യാറില്ല. ജീവിതത്തില്‍ എല്ലാരും ഒരുവിധം സന്തുഷ്ടരാണ്. ഒരുപാട് വയസ്സായാല്‍ ചിലര് തീരുമാനിക്കും ജീവിച്ചത് മതീന്ന്.”
“അപ്പം എന്തുചെയ്യും? ആത്മഹത്യ ചെയ്യും?”
“സന്തോഷായിട്ട് മരിക്കാനുള്ള ഏര്‍പ്പാടൊക്കെ അവിടെയുണ്ട്. എന്റെ മുത്തശ്ശനും മുത്തശ്ശീം 270 വയസ്സ് കഴിഞ്ഞപ്പം ഒന്നിച്ചു മരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളെല്ലാം ചേര്‍ന്ന് പാട്ടൊക്കെപ്പാടി ആഘോഷായിട്ടായിരുന്നു മരണം.”
“നിങ്ങള് പാട്ടു പാട്വോ? മിണ്ടാത്ത നിങ്ങളെങ്ങന്യാ പാട്ടുപാട്വ?”, ഞാന്‍ ചോദിച്ചു.
“ഞങ്ങള് വര്‍ത്താനം പറയുമ്പോലെ തന്നെ പാട്ടും പാടും. കഥ പറയാനും കവിത ചൊല്ലാനും നാടകം കളിക്കാനും ഒക്കെ ഞങ്ങക്കും പറ്റും.”
“മനസ്സു മനസ്സോടു മന്ത്രിക്കും അല്ലേ? അയ്യോ എന്തു രസാ നിങ്ങടെ ലോകം”, മൈഥിലിക്ക് അത്ഭുതം അടക്കി നിര്‍ത്താനായില്ല.
“അങ്ങനെ മൈഥിലീടെ കാര്യോം തീരുമാനായി. അവളും തക്കുടൂന്റെ കൂടെ പരലോകത്തേക്കു തന്നെ”, ദീപുവിന്റെ കമന്റ് എല്ലാരും ചിരിച്ചുകൊണ്ടാണ് സ്വാഗതം ചെയ്തത്.
മൈഥിലി അമ്മേടെ മടീലിരുന്ന കാക്കയെ എടുത്ത് സ്വന്തം മടീല് വെച്ചിട്ട് ചോദിച്ചു, “കാക്കച്ചീ, ഞാനും കൂടി വരട്ടേ നിന്റെ ലോകത്തേക്ക്?”
“പോര്, ഞങ്ങക്ക് സന്തോഷാ”
“ആയ്, നല്ല കാക്കച്ചി. കാക്കച്ചി പകലൊക്കെ എന്താ ചെയ്യ്യ?”
“തക്കുടു പറയുന്ന പണിയൊക്കെ ചെയ്യും. അതു കഴിഞ്ഞാ ഈ പാറപ്പുറത്തു വന്നിരിക്കും.”
“ഇവിടെ ഒറ്റയ്ക്കിരുന്നാ ബോറടിക്കില്ലേ?”
“ഞാന്‍ യന്ത്രം അല്ലേ ചേച്ചീ, എനിക്കെങ്ങന്യാ ബോറടിക്ക്യ? പിന്നെ പകലൊക്കെ ഒരുപാട് തുമ്പികളുണ്ടാവും കൂട്ടിന്. നല്ല ചോന്ന തുമ്പികള്‍.”
“തുമ്പികളോ, ഇവിട്യോ? എന്നിട്ട് ഇപ്പം എവിടെ?”
ഉത്തരം പറഞ്ഞത് മാഷാണ്. “ഓ, ഞാനത് പറയാന്‍ മറന്നു മൈഥിലീ. ഒരുപാട് തുമ്പികള്‍ ഈ പാറയില്‍ പകല്‍ മുഴുവന്‍ പറന്നു കളിക്കുംന്ന് മുകയര് പറയാറുണ്ട്. പരേതാത്മാക്കള്‍ തുമ്പീടെ രൂപത്തില്‍ വരുന്നതാ പോലും. പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്ത് മരിച്ച കുഞ്ഞാലി മരയ്ക്കാരുമാരും പടയാളികളും ആണത്രേ കൂടുതലും. പാതിര ആയാല്‍ അവരെല്ലാം, മരിക്കുമ്പം ധരിച്ചിരുന്ന വേഷത്തില്‍ ഈ പാറപ്പുറത്തു വന്ന് നൃത്തം ചെയ്യും. കോല്‍ക്കളീടെ ശബ്ദവും കേള്‍ക്കാറുണ്ടുപോലും. കുഞ്ഞാലിമാരുടെ ഒളിത്താവളം ആയിരുന്നുവത്രേ വെള്ള്യാംകല്ല്.”
“നേരാണോ മോഷേ, ശരിക്കും അവര് വരണ്‌ണ്ടോ? നമ്മളെ കണ്ടാ ഉപദ്രവിക്ക്വോ?”, ദില്‍ഷയ്ക്ക് ആകെ ബേജാറായി.
മാഷ് പറഞ്ഞു, “ഞാന്‍ കണ്ടിട്ടൊന്നും ഇല്ല, മുകയര് പറയുന്നതാ. അതാ അവരാരും ഇങ്ങോട്ടു വരാത്തെ പോലും. നമ്മളെ കുഞ്ഞാലിമാര് ഒന്നും ചെയ്യില്ലായിരിക്കും. നമ്മള് പോര്‍ച്ചുഗീസുകാരല്ലല്ലോ.”
“അതിനു പണീണ്ട് മാഷെ”, ദീപു നിര്‍ദേശം വെച്ചു. “കുഞ്ഞാലിയോടു മാഷ് പറയണം നിനക്കു ഞങ്ങളൊരു സുന്ദരിപ്പെണ്ണിനെ കൊണ്ടുവന്നിട്ടുണ്ട്. നീ അവളെ നിക്കാഹ് കഴിച്ചോന്ന്. അപ്പപ്പിന്നെ നമ്മളെ ഉപദ്രവിക്കില്ല.”
പൊട്ടിച്ചിരിയില്‍ ദില്‍ഷയും പങ്കുചേര്‍ന്നു. അപ്പഴാണ് ജോസിന്റെ ഭാവന പുറത്തുവന്നത്. അവന്‍ പറഞ്ഞു, “തുടര്‍ന്ന് ഇവിടെ ഒരു യുദ്ധം നടക്കും, ദില്‍ഷയ്ക്കു വേണ്ടി തക്കുടും കുഞ്ഞാലീം തമ്മില്‍. രണ്ടാളും ഒരുപോലെയാണല്ലോ. ഒരാള്‍ അശരീരി, മറ്റെയാള്‍ പ്രേതം. യുദ്ധം തന്നെ…”
കഥയങ്ങനെ ഹരംപിടിച്ചുവരുമ്പോള്‍ തക്കുടു ഇടപെട്ടു.
“ഞാന്‍ ആരോടും യുദ്ധത്തിനില്ല ജോസേ. ഇനി തമാശ പറഞ്ഞിരിക്കാന്‍ സമയം ഇല്ല. വള്ളങ്ങള്‍ തിരിച്ചുവരാറായി. നമ്മക്ക് സ്ഥലം വിടണം. അതിനു മുമ്പ് യദൂന്റെ അമ്മയോടു ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്.”
ഞങ്ങള്‍ നിശ്ശബ്ദരായി. കടലും ഇപ്പോള്‍ ശാന്തമാണ്. തക്കുടു എന്തിനെക്കുറിച്ചാണ് ചോദിക്കാന്‍ പോകുന്നതെന്ന് എല്ലാര്‍ക്കും അറിയാം.
തുടരും.. എല്ലാ ശനിയാഴ്ച്ചയും
തക്കുടു ഇതുവരെ
1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?
3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി
4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു
5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം
6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം