Read Time:6 Minute

ഡോ. നതാഷ ജെറി

കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കിനെ പറ്റിയല്ല, സ്പ്രൈറ്റ് എന്ന അന്തരീക്ഷ പ്രതിഭാസത്തെ പറ്റിയാണ്. Stratospheric/mesospheric Perturbations Resulting from Intense Thunderstorm Electrification എന്നതിന്റെ ചുരുക്കെഴുത്താണ് sprite. (പൊതുവേ കാലാവസ്ഥ പ്രതിഭാസങ്ങളുടെ പേരുകളൊക്കെ ഇംഗ്ലീഷിലുള്ള ബോറൻ പേരുകളാണ്. എന്നാൽ upper atmospheric electricity മേഖലയിൽ ghost, trolls, elf, steve എന്നൊക്കെയുള്ള രസകരമായ പേരുകളാണ് പ്രതിഭാസങ്ങൾക്കുള്ളത്.) എന്താണ് സ്പ്രൈറ്റ് എന്ന് നോക്കാം.

വിമാനത്തിൽ നിന്നും എടുത്ത സ്പ്രൈറ്റിന്റെ ആദ്യ കളർചിത്രം കടപ്പാട് വിക്കിപീഡിയ 1994 NASA/University of Alaska aircraft campaign

പേരിൽ നിന്ന് ഊഹിക്കാവുന്നത് പോലെ സ്പ്രൈറ്റ് ഒരു തരം മിന്നലാണ്. മഴപെയ്യുമ്പോൾ മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് മിന്നൽ പതിക്കുന്നത് അല്ലെങ്കിൽ മേഘങ്ങൾക്കിടയിൽ മിന്നൽ ഉണ്ടാവുന്നത് നാം സാധാരണ കാണാറുള്ളതാണ്. സ്പ്രൈറ്റ് പക്ഷേ മേഘങ്ങൾക്ക് മുകളിൽ ഉണ്ടാകുന്ന മിന്നലാണ്. മുകളിൽ എന്ന് പറഞ്ഞാൽ വളരെ ഉയരത്തിൽ, 40 മുതൽ 90 വരെ കിലോമീറ്റർ ഉയരത്തിലാണ് സ്പ്രൈറ്റ് കാണപ്പെടുന്നത്. ഒരു മഴമേഘത്തിന്റെ ഉയരം 12 – 14 കിലോമീറ്റർ ആണെന്നോർക്കുക. അതായത് സ്ട്രാറ്റോസ്ഫിയറിലും മീസോസ്ഫിയറിലുമാണ് സ്പ്രൈറ്റ് കാണപ്പെടുന്നത്. മഴമേഘങ്ങളുടെ മുകളിലായി ഏതാനും മില്ലീസെക്കന്റുകൾ മുതൽ ഒന്നോ രണ്ടോ സെക്കന്റുകൾ വരെ നീണ്ടുനിൽക്കുന്ന ചുവന്ന പ്രകാശമായിട്ടാണ് സ്പ്രൈറ്റ് കാണാൻ സാധിക്കുന്നത്. മുകളിലേക്ക് നീണ്ടു പോകുന്ന ചുവന്ന പ്രകാശത്തിന്റെ തൂണുകൾ പോലെയാണ് ഇവ കാണപ്പെടുന്നത്. കാരറ്റിന്റെ ആകൃതിയിലുള്ളവയും ഉണ്ടാകാറുണ്ട്. 25-50 കിലോമീറ്റർ വിസ്തൃതിയാണ് ഇവയ്ക്കുള്ളത്. നിലത്തുനിന്ന് നോക്കിയാൽ അപൂർവമായി ഇവ കാണാമെങ്കിലും വിമാനങ്ങളിൽ നിന്നാണ് ഇവയെ നന്നായി കാണാനാവുക. അഡ്രിയാറ്റിക് കടലിനു മുകളിൽ 2019 ജനുവരി 14ന് ഉണ്ടായ സ്പ്രൈറ്റ് ആണ് ചിത്രത്തിലുള്ളത്.

എപ്പോഴാണ് സ്പ്രൈറ്റ് ഉണ്ടാകുന്നത്?

മഴമേഘങ്ങളിൽ ഇലക്ട്രിക് ചാർജ്ജ് രൂപപ്പെടുമ്പോഴാണ് മിന്നൽ ഉണ്ടാകുന്നത്. മേഘത്തിന്റെ മുകൾ ഭാഗത്തു പോസിറ്റീവ് ചാർജ്ജും താഴ്ഭാഗത്ത് നെഗറ്റീവ് ചാർജുമാണ് ഉണ്ടാവുക. സാധാരണ ഗതിയിൽ ഒരു മിന്നൽ ഭൂമിയിൽ പതിക്കുമ്പോൾ ഈ നെഗറ്റീവ് ചാർജ് ഭൂമിയിലേക്ക് പ്രവഹിക്കുന്നു. ഇതിനെ Negative Cloud to Ground Discharge അഥവാ നെഗറ്റീവ് മിന്നൽ എന്നാണ് വിളിക്കുന്നത്. ഭൂമിയിലെത്തുന്ന ഭൂരിഭാഗം മിന്നലുകളും നെഗറ്റീവ് മിന്നൽ ആണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതിനു വിപരീതമായി മേഘങ്ങളിൽ നിന്ന് പോസിറ്റീവ് ചാർജ് ഭൂമിയിലേക്ക് പ്രവഹിക്കാറുണ്ട്. ഇത് Positive Cloud to Ground Discharge അഥവാ പോസിറ്റീവ് മിന്നൽ എന്നറിയപ്പെടുന്നു. ഇത്തരം പോസിറ്റീവ് മിന്നലുകൾ സംഭവിക്കുമ്പോൾ അവയ്ക്ക് മുകളിലായാണ് സ്പ്രൈറ്റ് ഉണ്ടാകുന്നത്. മിന്നലിന് നേരെ മുകളിൽ തന്നെ ആകണമെന്നില്ല, എങ്കിലും മിന്നലിന്റെ മുകളിൽ 50 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആണ് ഇവ കാണപ്പെടുന്നത്. പോസിറ്റീവ് മിന്നലുണ്ടായി ഏതാനും മില്ലീസെക്കന്റുകൾക്ക് ശേഷമാണ് സ്പ്രൈറ്റ് ഉണ്ടാകുന്നത്.സ്പ്രൈറ്റ് എങ്ങനെയാണ് ഉണ്ടാവുന്നതെന്നതിനെ പറ്റി വിവിധ തിയറികൾ നിലവിലുണ്ട്. വലിയ മിന്നലുകളിൽ നിന്ന് ഉണ്ടാകുന്ന ഇലക്ട്രോ മാഗ്‌നറ്റിക് പൾസ് മേഘത്തിന് മുകളിലുള്ള അന്തരീക്ഷത്തിൽ electric breakdown ഉണ്ടാക്കുന്നു എന്നതാണ് ഒരു തിയറി. മറ്റൊരു തിയറി അനുസരിച്ച് മേഘത്തിനുള്ളിൽ ഉണ്ടാകുന്ന മിന്നൽ പ്രവാഹമാണ് ഇവയ്ക്ക് കാരണമാകുന്നത്. സ്പ്രൈറ്റ് എങ്ങനെയുണ്ടാകുന്നു എന്നതിനെ പറ്റി സർവ്വസമ്മതമായ ഒരു വിശദീകരണം ഇതുവരെയില്ല.

കടപ്പാട് വിക്കിപീഡിയ

അലാസ്ക യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വിമാനത്തിൽ നിന്നുമെടുത്ത സ്പ്രൈറ്റിന്റെ വീഡിയോ. വീഡിയോയിൽ ഈ അത്ഭുതകരമായ പ്രതിഭാസം സംഭവിക്കുന്നത് കാണാം.


ഡോ. നതാഷ ജെറി എഴുതുന്ന നമ്മുടെ അന്തരീക്ഷം ലേഖനപരമ്പരയിലെ മറ്റുലേഖനങ്ങൾ

  1. മൂൺബോ – രാത്രിയിൽ മഴവില്ല് കണ്ടിട്ടുണ്ടോ ?

  2. എന്താണ് മൺസൂൺ?

  3. ആഗോളതാപനം കണ്ടുപിടിച്ച ഫെമിനിസ്റ്റ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രത്തിന്റെ അതിശയിപ്പിക്കുന്ന പ്രവചനശക്തി
Next post എന്താണ് ശാസ്ത്രം ?
Close