ആഗോളതാപനം കണ്ടുപിടിച്ച ഫെമിനിസ്റ്റ്


ഡോ. നതാഷ ജെറി

അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നതാണ് ആഗോളതാപനത്തിന്റെ കാരണം എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ കാർബൺ ഡയോക്സൈഡിന് അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കാൻ കഴിയും എന്ന് കണ്ടെത്തിയത് ആരെന്നറിയുമോ? യൂനിസ് ന്യൂട്ടൻ ഫൂട്ട് (Eunice Newton Foote 1819-1888) എന്ന അമേരിക്കൻ ശാസ്ത്രജ്ഞയാണ് 1856ൽ ഈ കണ്ടുപിടുത്തം നടത്തിയത്. ന്യൂയോർക്കിൽ വെച്ച് നടന്ന American Association for the Advancement of Science കോൺഫെറൻസിൽ അവതരിപ്പിച്ച “Circumstances affecting the heat of the sun’s rays” എന്ന പ്രബന്ധത്തിലാണ് ആദ്യമായി ഈ കണ്ടെത്തൽ പുറംലോകവുമായി പങ്കുവെക്കപ്പെട്ടത്.

കടപ്പാട് climate.gov

താരതമ്യേന ലളിതമായ പരീക്ഷണങ്ങൾക്കൊടുവിലാണ് യൂനിസ് കാർബൺ ഡയോക്സൈഡിന്റെ ഈ പ്രത്യേകത കണ്ടുപിടിച്ചത്. രണ്ട് ഗ്ലാസ് സിലിണ്ടറുകളാണ് ഇതിനായി പ്രധാനമായും അവർ ഉപയോഗിച്ചത്. രണ്ട് സിലിണ്ടറുകളിലും ഓരോ തെർമോമീറ്റർ വെച്ചു. അതിനു ശേഷം ഒന്നിൽ കാർബൺ ഡയോക്സൈഡ് നിറച്ചു മറ്റേതിൽ സാധാരണ അന്തരീക്ഷ വായുവും. ഈ രണ്ട് സിലിണ്ടറുകളും വെയിലത്തു വെച്ച ശേഷം ഓരോ സിലിണ്ടറിലും ഉണ്ടായ താപനിലയിലെ വ്യത്യാസം അളന്നു. കാർബൺ ഡയോക്സൈഡ് നിറച്ച സിലിണ്ടർ മറ്റേതിനേക്കാൾ ചൂട് പിടിച്ചതായി അവർ കണ്ടെത്തി. മേല്പറഞ്ഞ പ്രബന്ധത്തിൽ അവർ എഴുതിയിരിക്കുന്നത് “an atmosphere of that gas [CO2] would give to our earth a high temperature” എന്നാണ്. യൂനിസ് ഫൂട്ടിന്റെ experiment setup അവരെക്കുറിച്ചുള്ള സിനിമയ്ക്ക് വേണ്ടി പുനഃസൃഷ്ടിച്ചതാണ് ചിത്രത്തിൽ കാണുന്നത്.

യൂനിസ് ഫൂട്ടിന്റെ കണ്ടുപിടുത്തം അത് പബ്ലിഷ് ചെയ്ത കാലത്ത് അധികം ശ്രദ്ധിക്കപ്പെടാതെ പോയി. ഐറിഷ് ശാസ്ത്രജ്ഞനായ ജോൺ റ്റിണ്ടൽ ആണ് കാർബൺ ഡയോക്സൈഡിന്റെ ഈ പ്രത്യേകത കണ്ടുപിടിച്ചതെന്നാണ് ഈ അടുത്ത കാലം വരെ വിശ്വസിക്കപ്പെട്ടിരുന്നത്. യൂനിസിന്റെ കണ്ടെത്തൽ ശ്രദ്ധിക്കപ്പെടാതെ പോകാനുണ്ടായ പ്രധാന കാരണം അവർ സ്ത്രീയാണ് എന്നതായിരുന്നു, അക്കാലത്ത് ശാസ്ത്രരംഗത്ത് സ്ത്രീകൾ വളരെ കുറവായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ സ്ത്രീശാസ്ത്രജ്ഞരുടേതായി ആകെ പതിനാറ് ഗവേഷണ പ്രബന്ധങ്ങളേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. അതിൽ ആദ്യത്തെ രണ്ടെണ്ണം യൂനിസ് ഫൂട്ടിന്റേതായിരുന്നു. അവർക്ക് ശ്രദ്ധ കിട്ടാതെ പോകാനുണ്ടായിരുന്ന മറ്റൊരു കാരണം യൂനിസിന് ബിരുദമോ ഗവേഷണ ബിരുദമോ ഉണ്ടായിരുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ അവർ ഒരു അമേച്വർ ശാസ്ത്രജ്ഞ ആയാണ് പരിഗണിക്കപ്പെട്ടത്.

കടപ്പാട് climate.gov

ശാസ്ത്ര ഗവേഷണത്തോടൊപ്പം തന്നെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള സമരങ്ങളുടെ മുൻനിരയിലും യൂനിസ് ഫൂട്ട് ഉണ്ടായിരുന്നു. അമേരിക്കയിലെ ആദ്യത്തെ സ്ത്രീഅവകാശ കൺവെൻഷനായ Seneca Falls Conventionൽ അവതരിപ്പിച്ച Declaration of Sentimentsൽ ഒപ്പുവെച്ച 68 സ്ത്രീകളിൽ ഒരാൾ യൂനിസ് ഫൂട്ടാണ്. ജീവിച്ചിരുന്ന കാലത്ത് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയ ഈ ശാസ്ത്രജ്ഞയുടെ ഒരു ചിത്രം പോലും ഇന്ന് ലഭ്യമല്ല.


യൂനിസ് ന്യൂട്ടണ്‍ ഫുട്ട്: ആഗോളതാപനം മുന്നേ കണ്ടവള്‍…!- ലൂക്ക പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം

യൂനിസ് ന്യൂട്ടണ്‍ ഫുട്ട്: ആഗോളതാപനം മുന്നേ കണ്ടവള്‍…!

Leave a Reply