എന്താണ് ശാസ്ത്രം ?

എഴുത്ത്: വിനോദ് റയ്ന, ഡി പി സിങ്ങ്

ചിത്രങ്ങൾ: സത്യനാരായൺ ലാൽ കർണ്ണ്

പരിഭാഷ: ജയ് സോമനാഥൻ

ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് എല്ലാം ലഭ്യമായിരുന്നു. മനോഹരമായ കൊട്ടാരം, സ്വാദിഷ്ടമായ ഭക്ഷണം, വിലകൂടിയ വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങൾ ,രാജാവിന്റെ ഏത് ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാനായി ജോലിക്കാരുടെ വലിയൊരു നിര  ജാഗരൂകരായി തയ്യാർ. കൂടാതെ കൊട്ടാരത്തിൽ വളരുന്ന സുന്ദരനായ രാജകുമാരൻ.

ഇത്രയൊക്കെ ഉണ്ടായിട്ടും രാജാവിനൊരു ഉഷാറില്ലായ്മ.ഏന്തോ ഒരു ചിന്ത അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.

രാജാവിന്റെ ഉന്മേഷം ഇല്ലാതാക്കിയതിന്റെ കാരണം എന്താണെന്നല്ലേ? കൊട്ടാരത്തിൽ വളരുന്ന കൊച്ചു രാജകുമാരന്റെ ചോദ്യങ്ങളാണ്  അദ്ദേഹത്തിൻ്റെ ഉദാസീനതയ്ക്കു കാരണമായത്. രാജാവ് മകനെ വളരെയേറെ സ്നേഹിച്ചിരുന്നു. അവന്റെ ഏതാഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ അദ്ദേഹം തൽപ്പരനായിരുന്നു. എന്നാൽ രാജകുമാരൻ ചോദിയ്ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാനറിയാതെ ആ പിതാവ് കുഴങ്ങി.

ഇനി രാജകുമാരൻ എന്തൊക്കെയാണ് ചോദിയ്ക്കുന്നതെന്ന് നോക്കാം.

‘അച്ഛാ, പക്ഷികളെങ്ങനാ പറക്ക്ണത്?

എല്ലാ വസ്തുക്കളും താഴോട്ട് വീഴുന്നത്

എന്തുകൊണ്ടാണ്? ഞാനിതാ ഈ കല്ല് മേലോട്ട് എറിയുന്നു. കണ്ടോ അതപ്പോൾ തന്നെ താഴോട്ട് വന്നു, അതെന്താ?

ഈ വിധത്തിലാണ് രാജകുമാരന്റെ ചോദ്യങ്ങൾ. ഒന്നുരണ്ട് വർഷം മുമ്പാണെങ്കിൽ മാനത്ത് നോക്കി ചന്ദ്രനേയും, നക്ഷത്രങ്ങളേയും ചൂണ്ടിക്കാട്ടി അതെന്താ? എന്ന് ചോദിയ്ക്കുമായിരുന്നു.

ഈ ചോദ്യങ്ങൾക്കെല്ലാം എങ്ങിനെ ഉത്തരം കൊടുക്കും?- ഇതായിരുന്നു രാജാവിനെ വിഷമിപ്പിച്ചത്.

ചിലപ്പോൾ രാജകുമാരന്റെ ചോദ്യങ്ങൾ ധാര പോലെ പ്രവഹിച്ചുകൊണ്ടിരിയ്ക്കും. അപ്പോൾ രാജാവിനു ദേഷ്യം വരികയും വഴക്ക് പറയുകയും ചെയ്യും. പിന്നീട് രാജാവ് അതോർത്ത് ദു:ഖിയ്ക്കും. ദിവസങ്ങൾ കഴിയുന്തോറും രാജകുമാരന്റെ ചോദ്യങ്ങളും കൂടി കൂടി വന്നു, അതനുസരിച്ച് രാജാവിന് ദേഷ്യവും വർദ്ധിച്ചു.

ഇതിങ്ങനെ ആയപ്പോൾ രാജകുമാരന് പിതാവുമായുള്ള അടുപ്പം കുറയാൻ കാരണമായി. മകന്റെ ചോദ്യങ്ങൾ കേട്ട് കേട്ട് ഇപ്പോൾ രാജാവിന്റെ മനസ്സിലും പല ചോദ്യങ്ങളും രൂപപ്പെടാൻ തുടങ്ങിയിരിയ്ക്കുന്നു.എന്നാൽ ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം അറിയാതെ അദ്ദേഹം വിഷമിച്ചു.

ഏറെ ആലോചിച്ച ശേഷം രാജാവ് തൻ്റെ മന്ത്രിമാരുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ആളെ വിളിപ്പിച്ചു.

രാജാവ് പറഞ്ഞു,

മന്ത്രി, രാജകുമാരൻ എന്നോട് നിരന്തരമായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. എനിയ്ക്കതിനൊന്നും ഉത്തരം പറയാൻ കഴിയുന്നില്ല. എന്റെ മനസ്സിലും നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ശാസ്ത്രത്തിൻ്റെ രീതിയിലൂടെ മാത്രമെ ലഭ്യമാവു എന്ന് ചിലർ പറയുന്നത് കേട്ടു. താങ്കൾ വലിയ പണ്ഡിതനും ബുദ്ധിമാനുമാണല്ലൊ. പറയു,

എന്താണ് ഈ ശാസ്ത്രം?’

രാജാവ് പറഞ്ഞത് കേട്ട് മന്ത്രി ചിന്താമഗ്നനായി. ശരിയാണ്. കുറച്ചൊക്കെ ശാസ്ത്രം അദ്ദേഹം പഠിച്ചിട്ടുണ്ട്. എന്നാൽ, എന്താണ് ശാസ്ത്രം? ഇതിനെക്കുറിച്ച് ഇതുവരെ അദ്ദേഹം ചിന്തിച്ചിരുന്നില്ല.

മറ്റൊരു പ്രശ്നവുമുണ്ട്, ശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത രാജാവിന് എങ്ങിനെയാണത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുക എന്നുള്ളതാണത്.

ഒരാഴ്ച്ചയോളം മന്ത്രി ഇക്കാര്യത്തെക്കുറിച്ച് വളരെ കാര്യമായി തന്നെ ആലോചിച്ചു. അവസാനം അദ്ദേഹം ഒരു തീരുമാനമെടുത്തു. അടുത്തൊരു ദിവസം അദ്ദേഹം രാജാവിനെ ചെന്നു കണ്ടു.

മന്ത്രി പറഞ്ഞു.

മഹാരാജാവേ, എന്താണ് ശാസ്ത്രം? എന്ന വലിയൊരു ചോദ്യമാണ് അങ്ങ് ചോദിച്ചിരിക്കുന്നത്.

ഇതിന്റെ ഉത്തരം പറയുന്നതിനു മുമ്പ് അങ്ങയുടേയും, രാജകുമാരന്റെയും ചോദ്യങ്ങളിൽ എന്തൊക്കെ സമാനതകളാണുള്ളത് എന്നറിഞ്ഞാൽ കൊള്ളാം.

ഈ ചോദ്യങ്ങൾക്കെല്ലാം നമ്മൾ ജിവിയ്ക്കുന്ന ഈ ലോകവുമായി ബന്ധുണ്ട്. ലോകത്തെ ന്നന്നായി അറിയാനുള്ള ആഗ്രഹങ്ങളിൽ നിന്നാണ് ഈ ചോദ്യങ്ങളുടെയെല്ലാം ഉത്ഭവം.

മഹാരാജാവേ, അറിയാനുള്ള ആഗ്രഹങ്ങളിൽ നിന്നാണ് ശാസ്ത്രത്തിന്റെയും ഉത്ഭവം. തൊട്ടും, മണത്തും, രുചിച്ചും, കേട്ടുമൊക്കെയാണ് ഓരോന്നിനെക്കുറിച്ചും നമ്മൾ മനസ്സിലാക്കുന്നത്. അറിയാനുള്ള ഈ ആഗ്രഹങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ഉയർന്നു വരുന്നത്.അങ്ങനെ ഉയർന്നു വരുന്ന ചോദ്യങ്ങൾക്കാണ് ശാസ്ത്രത്തിന്റെ രീതിയിലൂടെ ഉത്തരം കണ്ടെത്താൻ ശ്രമിയ്ക്കുന്നത്. നമുക്കു ചുറ്റുമു’ള്ള ഈ ലോകത്തെ കുറിച്ചറിയാൻ അങ്ങിനെ ശാസ്ത്രം നമ്മെ സഹായിക്കുന്നു.

എല്ലാം കേട്ട രാജാവ് ചോദിച്ചു.

എല്ലാം ശരി തന്നെ, എന്നാൽ ഈ ചോദ്യങ്ങൾക്കെല്ലാം ശാസ്ത്രം എങ്ങിനെയാണ് ഉത്തരം നൽകുന്നത് ?

ഇതു മനസ്സിലാക്കണമെങ്കിൽ നമുക്ക് ശാസ്ത്രജ്ഞരുടെ പ്രവർത്തന രീതികൾ ശ്രദ്ധിക്കേണ്ടി വരും‘ -മന്ത്രി തുടർന്നു.

‘പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും നിരീക്ഷിച്ച് അതിന്റെ എല്ലാ യാഥാർത്ഥ്യങ്ങളും ഒന്നിച്ച് ചേർത്ത് വെയ്ക്കുക എന്നതാണ് ആദ്യം ചെയ്യുന്നത്. എന്നിട്ട് ആ യാഥാർത്ഥ്യങ്ങളെയെല്ലാം ഒരുമിച്ച് ചേർത്ത് മനസ്സിൽ ഒരു ധാരണാചിത്രത്തിന് രൂപം കൊടുക്കുന്നു. ഒരുമിച്ച് ചേർത്ത യഥാർത്ഥ വസ്തുതകൾ മനസ്സിൽ രൂപപ്പെടുത്തിയ ധാരണാചിത്രത്തിന് അനുഗുണമാവണമെന്നില്ല. എന്നിട്ട് പരീക്ഷണത്തിലേക്ക് കടക്കുക.

ആ പ്രശ്നവുമായി ബന്ധപ്പെട്ട് കൂടുതൽ യഥാർത്ഥ വസ്തുതകൾ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുക. യുക്തിപരവും സംഭാവ്യവുമായൊരു ധാരണാചിത്രം ലഭിയ്ക്കുകയും, പ്രശ്നത്തിന് കൃത്യമായൊരു ഉത്തരം കിട്ടുകയും ചെയ്യുന്നതു വരെ ഈ ക്രമം തുടർന്നുകൊണ്ടിരിയ്ക്കും.’

രാജാവിന് ഒന്നും മനസ്സിലായില്ല. അദ്ദേഹം പറഞ്ഞു.

‘മന്ത്രി, താങ്കൾ പറഞ്ഞത് എനിയ്ക്ക് മനസ്സിലായിട്ടില്ല. നേരെ ചൊവ്വെ ഒരു ഉദാഹരണസഹിതം വ്യക്തമാക്കിത്തരാമൊ?’

‘ തീർച്ചയായും മഹാരാജാവേ!’ മന്ത്രി തുടർന്നു.

‘നമുക്ക് രാജകുമാരന്റെ ഒരു ചോദ്യം തന്നെ എടുക്കാം.  ‘എല്ലാ വസ്തുക്കളും താഴോട്ടു വീഴുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.ഈ നിരീക്ഷണം എല്ലാ സ്ഥലങ്ങളിലും എല്ലാ വസ്തുക്കളെ സംബന്ധിച്ചും ശരിയാണോ? ഇതറിയാൻ നമുക്ക്  വ്യത്യസ്ത വസ്തുക്കൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ പരീക്ഷിച്ച് നോക്കേണ്ടി വരും. നമ്മളങ്ങിനെ ചെയ്ത് നോക്കിയാൽ എല്ലാ വസ്തുക്കളും അതായത് കല്ല്, നാണയം, സൂചി, തുണി, കടലാസ്കഷ്ണം തുടങ്ങിയ, അത് ഭാരമുള്ളതൊ, ഭാരം കുറഞ്ഞതൊ ആകട്ടെ താഴോട്ട് തന്നെയാണ് വീഴുന്നത് എന്ന് മനസ്സിലാവും. ഇത്തരത്തിലൊരു പരീക്ഷണം ഒരു പാട് വർഷങ്ങൾക്ക് മുമ്പ് ഒരു ശാസ്ത്രജ്ഞൻ നടത്തിയിരുന്നു, അങ്ങിനെയാണ് ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നമുക്ക് കിട്ടിയത്.’

ഇത്രയുമായപ്പോഴേക്കും തന്നെ രാജാവിന്  താൽപ്പര്യം വർദ്ധിച്ചിരുന്നു.

‘എന്തായിരുന്നു ആ ഉത്തരം?‘ – രാജാവിന് അതറിയാൻ ആകാംക്ഷയായി.

മന്ത്രി പറഞ്ഞു – ഉത്തരം ലളിതമാണ്. ഭൂമി വസ്തുക്കളെ ആകർഷിക്കുന്നത് കൊണ്ടാണ് വസ്തുക്കൾ താഴോട്ട് വീഴുന്നത്.

രാജാവിന് ആശ്ചര്യമായി.

‘അത് ശരിയാണല്ലൊ. ഞാനെന്താണ് ഇതു വരെ ഇത് ശ്രദ്ധിക്കാതെ പോയത്?’

മന്ത്രി പറഞ്ഞു. – ‘മഹാരാജാവേ, ഉത്തരങ്ങൾ പൊതുവെ ലളിതമാണ്, എന്നാൽ അതിലേയ്ക്കെത്താനുള്ള അന്വേഷണ പ്രക്രിയകൾ പലപ്പോഴും അത്ര എളുപ്പമാകാറില്ല. വളരെയേറെ നിരീക്ഷണങ്ങളും, പരീക്ഷണങ്ങളും, അപഗ്രഥനങ്ങളുമെല്ലാം നടത്തിയതിനു ശേഷം മാത്രമെ അന്തിമഫലവും, നിയമങ്ങളുമെല്ലാം പുറത്ത് വിടാനാവു.

ചിലപ്പോൾ ശാസ്ത്രജ്ഞർക്ക് ഉത്തരം ലഭിയ്ക്കുന്നതിനായുള്ള അന്വേഷണങ്ങൾക്കു വേണ്ടി ഒരു ജീവിതകാലം മുഴുവൻ ചെലവഴിക്കേണ്ടി വന്നേയ്ക്കാം.

അങ്ങിനെ അന്വേഷണങ്ങൾ നടത്തി  ഉത്തരം കണ്ടെത്താനാവാതെ ശാസ്ത്രജ്ഞർ മരണപ്പെട്ട് എത്രയൊ കാലശേഷമാവാം അവരുടെ ശാസ്ത്രാന്വേഷണങ്ങൾക്ക് ഫലപ്രാപ്തിയിലെത്താനാവുക.’

ഇപ്പോൾ ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങൾ രാജാവിനു മനസ്സിലായി തുടങ്ങിയിരിക്കുന്നു. കൂടുതൽ അറിയാനുള്ള താൽപ്പര്യവുമുണ്ട്.

അടുത്ത ദിവസം രാജാവ് മന്ത്രിയോട് പറഞ്ഞു.

ശാസ്ത്രത്തെക്കുറിച്ച് താങ്കൾ ഇതുവരെ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നു. എന്തെങ്കിലും ഒരു പരീക്ഷണത്തിൽ കൂടി പറഞ്ഞു തരികയാണെങ്കിൽ ഒന്നു കൂടി വ്യക്തമാവുമായിരുന്നു. അത്തരമൊരു പരീക്ഷണത്തിൽ പങ്കെടുക്കാൻ എനിയ്ക്ക് ആഗ്രഹമുണ്ട്. താങ്കൾക്ക് അതിനായി രണ്ടൊ മൂന്നോ ദിവസത്തെ സമയമെടുക്കാം.’

ഇതിപ്പോൾ പുതിയൊരു കുടുക്കായല്ലൊ എന്ന് മന്ത്രിയ്ക്ക് തോന്നി.  ശരിയ്ക്കും ഇതൊരു വലിയ വെല്ലുവിളി തന്നെ.

എന്നാൽ മന്ത്രി ബുദ്ധിമാനും അന്വേഷണതൽപ്പരനും ആയിരുന്നു. നന്നായി ആലോചിച്ച ശേഷം അദ്ദേഹം ഒരു തീരുമാനമെടുത്തു.

മൂന്ന് അന്ധരായ മനുഷ്യരേയും ഒരു ആനയേയും കൂട്ടിയാണ് അടുത്ത ദിവസം മന്ത്രി രാജാവിനെ കാണാനെത്തിയത്. ഈ കാഴ്ച്ച കണ്ട് രാജാവും, രാജകുമാരനും കൂടെയുള്ളവരും അദ്ഭുതപ്പെട്ടു. കൊട്ടാരത്തിലുള്ളവരെല്ലാം അവിടെ ഒത്തുകൂടി.

മഹാരാജാവ് അങ്ങ് അനുമതി തന്നാൽ ഞാൻ പരീക്ഷണം തുടങ്ങാം’

ഈ മന്ത്രി ഇതെന്ത് പരീക്ഷണമാണ് ചെയ്യാൻ പോകുന്നതെന്ന് രാജാവിനു മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു.

‘മന്ത്രി, താങ്കൾ ഇതെന്ത് തമാശയാണ് കാണിയ്ക്കുന്നത്?.

ഈ കാഴ്ച്ചയില്ലാത്ത മനുഷ്യർക്കും, ആനയ്ക്കുമൊക്കെ ശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളത്? രാജാവ് ചോദിച്ചു.

മഹാരാജാവേ, ഇതു തമാശയല്ല’

മന്ത്രി പറഞ്ഞു തുടങ്ങി.

ഈ കാഴ്ച്ചയില്ലാത്ത മനുഷ്യർക്ക് ഇവിടെ ആന ഉണ്ടെന്ന് അറിയില്ല. അറിയുവാനുള്ള ആഗ്രഹം അന്വേഷണങ്ങളിലേക്കും, കണ്ടെത്തലുകളിലേക്കുമൊക്കെ എങ്ങനെയാണ് നയിക്കുന്നതെന്ന് ഇപ്പോൾ കണ്ടോളു.

എന്നിട്ട് മന്ത്രി ആ കാഴ്ച്ചയില്ലാത്ത മനുഷ്യരോട് ഓരോരുത്തരോടും അവിടെയുള്ള ജീവിയെ തൊട്ട് നോക്കി അതിനെക്കുറിച്ച് വിവരിക്കാനായി ആവശ്യപ്പെട്ടു.

ആദ്യത്തെ ആൾ ആനയുടെ വാലിലാണ് പോയി പിടിച്ചത്. നന്നായി തപ്പി നോക്കി പരിശോധിച്ച ശേഷം അയാൾ പറഞ്ഞു.

‘ഇതൊരു കയറ് പോലെയുണ്ട്’

രണ്ടാമത്തെ ആൾ സ്പർശിച്ചത് തുമ്പിക്കൈയിലായിരുന്നു. അയാൾ പറഞ്ഞു.

”പാമ്പിനെ പോലെ തോന്നുന്നു.’

മൂന്നാമത്തെ ആൾ പോയി തൊട്ടത് ആനയുടെ കൊമ്പിലായിരുന്നു.

‘ഇത് മരത്തിന്റെ തായ്ത്തടിയാണൊ?’

അത് കേട്ട് അവിടെയുള്ളവർ ചിരിച്ചു.

ആ പാവം മനുഷ്യർ അമ്പരന്നു പോയി.മന്ത്രി എല്ലാവരോടും ശാന്തരാകാൻ ആവശ്യപ്പെട്ടു.

ഇനി എന്താണ് മന്ത്രി ചെയ്യാൻ പോകുന്നത്?, എന്നതിലായിരുന്നു എല്ലാവരുടേയും ശ്രദ്ധ.

മന്ത്രി പറഞ്ഞു. ‘ഒരേ ജിവിയെക്കുറിച്ച് ഈ മൂന്നു മനുഷ്യരും മൂന്നു തരം തെറ്റായ പ്രസ്താവനകൾ നടത്തിയതിനു  നാമെല്ലാവരും സാക്ഷിയായി.

ഇനി നമ്മൾ അന്വേഷണങ്ങൾക്കായി  അവരേ ഒരുമിച്ച് വിടുകയാണ്.

അന്വേഷണ പ്രക്രിയകൾ സംബന്ധിച്ച് മന്ത്രി മൂന്നു പേർക്കും നിർദ്ദേശങ്ങൾ നൽകി.

അവർ മൂന്നാളും പരസ്പരം കണ്ടെത്തിയ അറിവുകളെക്കുറിച്ച് പരസ്പരം ചർച്ച ചെയ്തു.ഓരോരുത്തരും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സശ്രദ്ധം കേട്ടു. സമയമെടുത്ത് കാര്യമായി ആലോചിച്ചു.തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചു. ഇതെന്താവാനാണ് സാധ്യത? ഒരർത്ഥത്തിൽ നോക്കുമ്പോൾ കയറുപോലെയും, പാമ്പു പോലെയും, തായ്ത്തടി പോലെയുമൊക്കെയാണ് തൊട്ടു നോക്കി പരിശോധിച്ചപോൾ തങ്ങൾക്ക് അനുഭവപ്പെട്ടത്. കുറെ നേരം അവർ പരസ്പരം ചർച്ച ചെയ്തു. എന്നാൽ കൃത്യമായ ഒരു ഉത്തരത്തിലേക്ക് എത്താനവർക്ക് ആയില്ല.

പരാജയം സമ്മതിക്കാതെ ആ ജീവിയെ  വിശദമായൊരു പരിശോധന കൂടി നടത്താൻ അവർ തീരുമാനിച്ചു.

ഇത്തവണ വെറുതെ സ്പർശിച്ചാൽ മാത്രം പോര, തങ്ങൾ സ്പർശിച്ച ഭാഗത്തെക്കുറിച്ചു ഓരോരുത്തരും മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചു.

ഒന്നാമത്തെ ആൾ പറഞ്ഞു,

‘ഇപ്പോൾ പാമ്പു പോലെ തോന്നിയ ശരീരഭാഗത്തെക്കുറിച്ച് കൂടുതൽ അറിവ് കിട്ടിയിരിയ്ക്കുന്നു. ഇത് നേരെ മുകളറ്റം വരെയുണ്ട്. മുകളറ്റത്തെത്തിയാൽ കാണുന്നില്ല .തല പോലെയുള്ള വലിയ ഒന്നിൽ പോയി ചേർന്നിരിയ്ക്കുന്നു.’

പെട്ടെന്ന് അയാൾ കൈ വലിച്ചുകൊണ്ട് പറഞ്ഞു, ഇത് വായ ആണല്ലൊ.

രക്ഷപ്പെട്ടു, അല്ലെങ്കിൽ കയ്യിൽ കടിക്കുമായിരുന്നു. ഇപ്പോ മനസ്സിലായി. പാമ്പ് പോലുള്ളത് നല്ല വലിയൊരു മൂക്ക് ആവാൻ സാദ്ധ്യതയുണ്ട്‘.

രണ്ടാമത്തെ ആളും വിശദമായി തൊട്ട് നോക്കിയതിനു ശേഷം പറഞ്ഞു.

‘നീ കയറുപോലെയുണ്ടെന്ന് പറഞ്ഞില്ലേ?

ഞാനതെന്താണെന്ന് അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതത്ര വലുതല്ല. എന്നാൽ വലിയൊരു ശരീരഭാഗവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്റെ രണ്ടു കൈകളിലും ഈ ശരീരഭാഗം ഒതുങ്ങുന്നില്ല. ഈ കയറുപോലെയുള്ളത് എന്താണെന്ന് മനസ്സിലാവുന്നില്ല’.

എല്ലാം കേട്ടുകൊണ്ടിരുന്ന മൂന്നാമൻ പറഞ്ഞു.

‘നിങ്ങളുടെ സംസാരം കേൾക്കുമ്പോഴും ഞാൻ തൊട്ട് നോക്കി കൂടുതൽ അറിയാനുള്ള ശ്രമത്തിലായിരുന്നു. ഇതേതായാലും മരത്തിന്റെ തായ്ത്തടിയാവാൻ സാദ്ധ്യതയില്ല. കാരണം മുകളിലേക്ക് പോകുമ്പോൾ ശാഖകളൊ ഇലകളൊ ഒന്നുമില്ല. മുകൾഭാഗത്തെ മൃദുവും, വലിയതുമായ ശരീരഭാഗവുമായി ബന്ധപ്പെട്ടാണിതുള്ളത്. അല്ല, ഇതിതാ സ്വയം എഴുന്നേൽക്കുന്നുണ്ടല്ലൊ. മുന്നോട്ടു ചലിക്കുന്നുമുണ്ട്. ഇപ്പോൾ എനിയ്ക്കു മനസ്സിലായി, ഇത് വലിയൊരു കൊമ്പാണ്’.

അതിനു ശേഷം മൂന്നു പേരും തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും വിശദമായ ചർച്ച നടത്തി.

അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാനായി മന്ത്രി അവരോട് ആവശ്യപ്പെട്ടു. മൂന്നു പേരിൽ ഒരാൾ പറഞ്ഞു തുടങ്ങി.

‘ഞങ്ങൾ അന്വേഷിച്ച് മനസ്സിലാക്കാൻ ശ്രമിച്ചത് ഒരു ജീവിയെക്കുറിച്ച് ആവാൻ സാധ്യതയുണ്ട്. ഈ ജീവിയുടെ മൂക്ക് നീണ്ടതാണ്, അത് മണ്ണിൽ തൊട്ട് നിൽക്കുന്നുണ്ട്. അതിൻ്റെ കാലുകൾ ശക്തമാണ്. ശരീരം വളരെ വലുപ്പമുള്ളതാണ്. ഞങ്ങളുടെ രണ്ടു കൈകൾ കൊണ്ട് എത്തി പിടിയ്ക്കാൻ പറ്റാത്തത്ര വിശാലമാണ്. ഞങ്ങളെയൊക്കെ അപേക്ഷിച്ച് ഈ ജീവിയ്ക്ക് ഉയരം കൂടുതലുണ്ട്. അതുകൊണ്ടുതന്നെ ഈ ജിവിയുടെ മുകൾഭാഗത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

ഈ ജീവിയുടെ പിൻഭാഗത്ത് കയറുപോലെയുള്ള ഒരു വസ്തു ഉണ്ട്, ഒരു പക്ഷെ അതതിന്റെ വാലാവാം. എന്നാലത് ഉറപ്പിച്ച് പറയാൻ കഴിയില്ല. ഞങ്ങളുടെ ഊഹമനുസരിച്ച് ഈ ജീവി ആനയൊ അതിനോട് സാമ്യമുള്ള മറ്റേതെങ്കിലും ജീവിയൊ ആയിരിക്കാം. കാരണം ജന്മനാ അന്ധരായ ഞങ്ങൾ ആളുകൾ പറഞ്ഞ് കേട്ട അറിവ്  വെച്ചാണ് ഇതിനെക്കുറിച്ചൊക്കെ  ഇത്രയും കാര്യങ്ങളെങ്കിലും വ്യക്തമാക്കിയത്’.

മന്ത്രി പറഞ്ഞു,

‘മഹാരാജാവെ, ഈ രീതിയിൽ ഈ പരീക്ഷണം ഇവിടെ അവസാനിച്ചിരിയ്ക്കുന്നു. ശാസ്ത്രത്തിന്റെ പ്രവർത്തനരീതിയേക്കുറിച്ച് അങ്ങേയ്ക്ക് കുറെയേറെ കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാവുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

ഇത്രയും കേട്ടപ്പോൾ തന്നെ മഹാരാജാവ് ഉത്സാഹഭരിതനായി.

പുതിയ കാര്യങ്ങൾ മനസ്സിലാക്കിയതിന്റെ സന്തോഷം ആ മുഖത്ത് ദൃശ്യമായിരുന്നു.

അദ്ദേഹം മന്ത്രിയോടു പറഞ്ഞു.

ശാസ്ത്രത്തെക്കുറിച്ച് എത്ര ലളിതമായാണ് താങ്കൾ ഞങ്ങൾക്ക് പറഞ്ഞു തന്നത്. മന്ത്രി അഭിനന്ദനമർഹിക്കുന്നു. എങ്കിലും ഇവിടെയുള്ളവർക്കു വേണ്ടി ഈ പരീക്ഷണത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ കൂടി താങ്കൾക്ക് നടത്താവുന്നതാണ്.

മന്ത്രി പറഞ്ഞു,- ‘മഹാരാജാവേ, ഇവിടെ നടത്തിയ പരീക്ഷണത്തിന്റെ സാരാംശം ഇതാണ്- ശാസ്ത്രജ്ഞന്മാർ സ്ഥിരമായി അനുവർത്തിക്കുന്ന രീതി തന്നെയാണ് ഈ അന്ധരായ മൂന്നു മനുഷ്യർ ഇവിടെയും പ്രയോഗിച്ചത്.അവരോരുത്തരും തങ്ങളുടെ അന്വേഷണങ്ങളിൽ നിന്നു ലഭിച്ച തെളിവുകൾ ഒരുമിച്ചു ചേർത്തു. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് അറിയാത്ത ആ ജീവിയെക്കുറിച്ചുള്ള ഒരു സാങ്കൽപ്പിക ചിത്രം മനസ്സിൽ രൂപപ്പെടുത്താൻ ശ്രമിച്ചു.

കാഴ്ച്ച നഷ്ടപ്പെട്ടവരായതിനാൽ അവർക്ക് ലഭിച്ച തെളിവുകൾക്ക് പരിമിതികളുണ്ടായിരുന്നു. ഏതായാലും ലഭ്യമായ തെളിവുകൾ വെച്ച് മനസ്സിൽ ഒരു സാങ്കൽപ്പിക ചിത്രം രൂപപ്പെടുത്താനുള്ള ശ്രമം അവർ നടത്തി. അത് ശരിയായിരുന്നില്ല. അതു കൊണ്ട് തന്നെ ഈ അവസ്ഥയിൽ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങളും, പരീക്ഷണങ്ങളും നടത്താൻ അവർ ശ്രമിച്ചു.

അതിനു ശേഷം തങ്ങളോരോരുത്തരും മനസ്സിലാക്കിയ അറിവുകളെ അവർ ഒരുമിച്ചു ചേർത്തു.

അവരോരോരുത്തരും തന്നെ ആ ജീവിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ചു വ്യവസ്ഥാപിതമായ രീതിയിലുള്ള അന്വേഷണങ്ങളും, പരിശോധനകളും നടത്തി. അന്വേഷണപ്രക്രിയയുടെ ഓരോ ഘട്ടത്തിലും തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചു.അതിനെക്കുറിച്ചു പരസ്പരം മറ്റുള്ളവരുമായി ചർച്ചകൾ നടത്തി.

അങ്ങനെ അവരുടെ മനസ്സിൽ ആ ജീവിയെക്കുറിച്ചുള്ള കുറെ കൂടി കൃത്യമായൊരു ചിത്രം രൂപപ്പെട്ടു വന്നു.

നീണ്ട മൂക്ക്, വാൽ, കാലുകൾ.. എന്നിങ്ങനെ ആ ജീവിയെയുടെ ശരീരഭാഗങ്ങളെക്കുറിച്ച് അവർ നേടിയ അറിവുകളിലൂടെയാണ് ഏറെക്കുറെ  കൃത്യമായൊരു ഉത്തരത്തിലേക്ക് അവർക്ക് എത്താനായത്.

ആളുകളുമായി മുമ്പ് നടത്തിയ വർത്തമാനങ്ങളിലെ , ആനയെക്കുറിച്ചുള്ള ഏകദേശ  ചിത്രം അവരുടെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.

അതിപ്പോൾ ശരിയാണെന്നു തെളിഞ്ഞു. ലഭിയ്ക്കുന്ന വിലയിരുത്തലുകളെ പരീക്ഷണങ്ങളിലൂടെ പ്രകടമാക്കുന്നതാണ് ശാസ്ത്രത്തിന്റെ രീതി, ഇതാണ് ശാസ്ത്രം.


(കടപ്പാട്: ‘ഏകലവ്യ’ ശാസ്ത്ര സംഘടന)

 

2 thoughts on “എന്താണ് ശാസ്ത്രം ?

  1. സൂപ്പർ.
    ശാസ്ത്രത്തിന്റെ രീതി ലളിതമായി വിശദീകരിച്ചിരിക്കുന്നു..

    ആശംസകൾ..

Leave a Reply