Read Time:20 Minute

2021 ഫെബ്രുവരി 1-28 തിയ്യതികളിലായി ലൂക്ക സംഘടിപ്പിക്കുന്ന Science In India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പര

പഞ്ചാബിലെ വിദൂരഗ്രാമങ്ങളിലെ സാധാരണജനങ്ങൾക്കിടയിൽ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിക്കുന്നതിന് അനവരതം പ്രയത്‌നിച്ച ഒരു വിദ്യാഭ്യാസ വിദഗ്ധനായിരുന്നു രുചിറാം സാഹ്‌നി. 1863 ഏപ്രിൽ 5-ന്, ഇന്നത്തെ പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന ദേറാ ഇസ്‌മെയിൽ ഖാൻ എന്ന കൊച്ചുപട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. അൽപകാലം ഒരു അനൗപചാരിക വിദ്യാലയത്തിൽ പഠിച്ചശേഷം അഞ്ചാമത്തെയോ ആറാമത്തെയോ വയസ്സിൽ ആ ബാലൻ പ്രായോഗിക പരിശീലനത്തിനായി ഒരു ചെറിയ കച്ചവടസ്ഥാപനത്തിൽ എത്തിച്ചേർന്നു. തുടർന്ന് ഒമ്പതാമത്തെയോ പത്താമത്തെയോ വയസ്സുമുതൽ രുചിറാം തന്റെ പിതാവിന്റെ കടയിൽ ജോലി ചെയ്യാനാരംഭിച്ചു.

ഞാൻ ഓരോ ഗുണനപ്പട്ടികയും പഠിച്ച് തപ്പാതെയും തടയാതെയും ചൊല്ലികേൾപ്പിക്കുമ്പോൾ, എന്റെ അച്ഛൻ ഞങ്ങളുടെ പണ്ഡാജിക്ക് (ഗുരുജി) നാലണ പ്രതിഫലമായി നൽകുമായിരുന്നു. എല്ലാ കുട്ടികളും ആഴ്ചയിലൊരിക്കൽ ഗുരുജിക്കു നൽകുന്ന ആട്ട, ശർക്കര, എന്നിവയ്ക്കു പുറമേയായിരുന്നു ഇത്. പണ്ഡായിലെ (അനൗപചാരിക വിദ്യാലയം) വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ 20 x 35 വരെയുള്ള ഗുണനപ്പട്ടികകളും ഭിന്ന ഗുണനപ്പട്ടികകളും എനിക്ക് ഹൃദിസ്ഥമായിരുന്നു. പണ്ഡാ വിട്ടുപോന്നശേഷം ഞാൻ ഒന്നോ രണ്ടോ മാസം ഒരു കൊച്ചു കടയിൽ ജോലി ചെയ്തു. ഞാൻ ഹൃദിസ്ഥമാക്കിയിരുന്ന ഗുണനപ്പട്ടികളും എനിക്കറിയാമായിരുന്ന അല്പം കണക്കുകളുമൊക്കെ ഞാനവിടെ പ്രയോഗിച്ചിരുന്നു. സാധനങ്ങളുടെ വില കണക്കാക്കുന്നതിൽ എനിക്ക് ഒരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ല എന്നാണ് എന്റെ ഓർമ്മ. ഞാൻ പഠിച്ച കാര്യങ്ങൾക്ക് നിത്യജീവിതത്തിലുള്ള പ്രാധാന്യം ബോധ്യപ്പെടുത്താനായിരിക്കണം വീട്ടുകാർ എന്നെ അങ്ങോട്ടയച്ചത്. ഗുണനപ്പട്ടികകൾ ഓർമ പരീക്ഷിക്കാൻ മാത്രമുള്ള പാഠങ്ങളായിരുന്നില്ല. അവയ്ക്ക് പ്രായോഗികമായ ഒട്ടേറെ ഉപയോഗങ്ങളുണ്ട്. അവ പ്രയോഗിക്കുന്നതിൽ ചെറിയൊരു പിഴവു വന്നാൽ ബിസിനസ്സിൽ വൻ നഷ്ടമായിരിക്കും ഫലം. കണക്കുകൾ ദ്രുതഗതിയിൽ, തെറ്റുപറ്റാതെ ചെയ്യണമായിരുന്നു. 

(രുചിറാം സാഹ്‌നിയുടെ ആത്മകഥയിൽ നിന്ന്)

പക്ഷേ, ഇതിനിടയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടായി. സിന്ധു നദിയിൽ ചരക്കുകയറ്റിപ്പോയ  ഒരു കപ്പൽ മുങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ ബിസിനസ്സ് ആകെ തകർന്നു. തുടർന്ന് വീട്ടുകാർ രുചിറാമിനെ ചർച്ച് മിഷൻ സ്‌കൂളിൽ ചേർത്തു. പക്ഷേ സ്‌കൂളിൽ ചേർന്ന മൂന്നു വിദ്യാർത്ഥികൾ ക്രിസ്തുമതം സ്വീകരിച്ചതിനെ തുടർന്ന് രക്ഷാകർത്താക്കൾ ക്ഷുഭിതരാവുകയും പ്രസ്തുത സ്‌കൂൾ അടച്ചുപൂട്ടപ്പെടുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ആ പ്രദേശത്തെ നാട്ടുകാർ സ്വന്തമായി ഒരു സ്‌കൂൾ ആരംഭിച്ചു. അവിടുത്തെ ചന്തയിൽ വിൽപന നടത്തുന്ന ഗോതമ്പിന്റെ വിലയിൽ ചെറിയൊരു ഭാഗം മാറ്റിവച്ചാണ് അവർ ഇതിനാവശ്യമായ പണം ശേഖരിച്ചത്. രുചിറാം ഈ സ്‌കൂളിൽ പഠനമാരംഭിച്ചു. 15-ാമത്തെ വയസ്സിൽ അദ്ദേഹം മിഡിൽ സ്‌കൂൾ പരീക്ഷയിൽ ഒന്നാമനായി ജയിച്ചു. തുടർന്ന് വീട്ടിൽനിന്ന് ഏറെ അകലെ ഝാഗ് എന്ന പ്രദേശത്തുള്ള ഹൈസ്‌കൂളിൽ ചേർന്നു. ഹൈസ്‌കൂളിൽ ചേർന്ന് അധികം താമസിയാതെ പിതാവിന് അസുഖം ബാധിച്ചതുമൂലം രുചിറാമിന് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. 250 കിലോമീറ്റർ ദൂരം കാളവണ്ടിയിലും ബോട്ടിലും പിന്നെ ഒട്ടകപ്പുറത്തുമായി ചിലപ്പോൾ പണം ലാഭിക്കാനായി കാൽനടയായും സഞ്ചരിച്ചു വേണമായിരുന്നു വീട്ടിലെത്താൻ. 1879-ൽ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. കുടുംബം ഏറെ കഷ്ടപ്പാടിലായി. എങ്കിലും ഏതുവിധമെങ്കിലും പഠനം മുന്നോട്ടു കൊണ്ടുപോകാൻ രുചിറാം തീരുമാനിച്ചു. 1884-ൽ ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ നിന്ന് അദ്ദേഹം ബിഎ ബിരുദം നേടി. പഞ്ചാബ് സർവകലാശാലയിൽ ഒന്നാം റാങ്കോടെയാണ് രുചിറാം ബിഎ ബിരുദം കരസ്ഥമാക്കിയത്. ഒന്നാന്തരം വാഗ്മിയായിരുന്ന രുചിറാം കോളേജിൽ ഒട്ടനവധി പഠനേതരപ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. പഠനം പൂർത്തിയായതിനെതുടർന്ന്, കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് അദ്ദേഹം കൽക്കത്തയിലെ മീറ്റിയറോളജി വകുപ്പിൽ ഒരു ജോലി സ്വീകരിച്ചു. ഈ സമയത്ത് അദ്ദേഹത്തിന്റെ ഗുരുനാഥനായ പ്രൊഫസർ ഓമാന്റെ പ്രോത്സാഹജനകമായ ഉപദേശം സ്വീകരിച്ച അദ്ദേഹം തൊഴിൽ ചെയ്യുന്നതോടൊപ്പം പഠനം തുടരാനും തീരുമാനിച്ചു. അങ്ങനെ കൽക്കത്തയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ അദ്ദേഹം എം.എയ്ക്ക് ചേർന്നു. കൽക്കത്തയിലായിരിക്കെ അദ്ദേഹം ബ്രഹ്‌മസമാജത്തിന്റെ പ്രവർത്തനങ്ങളിൽ ഏറെ ആകൃഷ്ടനായി. ഇക്കാലത്ത് അശുതോഷ് ബോസ്, പി. സി. റേ, ജെ. സി. ബോസ് തുടങ്ങി നിരവധി സാമൂഹികപരിഷ്‌കർത്താക്കളുമായും ശാസ്ത്രജ്ഞരുമായും സംവദിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി.

രുചിറാം സാഹ്നി, ബോധ് രാജ് , ബീർബൽ സാഹ്നി എന്നിവർ കടപ്പാട് ruchiramsahni.wordpress.com

അൽപകാലത്തിനുശേഷം അദ്ദേഹത്തിന് മീറ്റിയറോളജി വിഭാഗത്തിന്റെ സിംലയിലുള്ള ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. കാലാവസ്ഥ സംബന്ധിച്ചുള്ള ദൈനംദിന, പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു അവിടെ ജോലി. ഇക്കാലത്ത് ബംഗാൾ ഉൾക്കടലിൽ കൊടുങ്കാറ്റ് വീശാൻ പോകുന്നകാര്യം, അദ്ദേഹം, പ്രഗത്ഭമായ രീതിയിൽ പ്രവചിക്കുകയുണ്ടായി. ഒട്ടേറെ കപ്പലുകൾ അപകടത്തിൽ പെടുന്ന സാഹചര്യം, മുൻകൂട്ടിയുള്ള ഈ പ്രവചനം മൂലം, ഒഴിവായി.

1887-ൽ സാഹ്‌നി ലാഹോറിലെ ഗവൺമെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്കു ചേർന്നു. പിന്നീട് അദ്ദേഹം അവിടെ രസതന്ത്രവിഭാഗത്തിന്റെ തലവനായി ചുമതലയേറ്റു. അദ്ദേഹം തന്റെ ലക്ചർ ക്ലാസുകളിൽ ധാരാളം പ്രായോഗിക പരീക്ഷണങ്ങൾ ഉൾപ്പെടുത്തുമായിരുന്നു. വിദ്യാർത്ഥികൾക്ക് പ്രിയംകരനായ അധ്യാപകനായിരുന്നു സാഹ്‌നി. കോളേജിൽ മേലധികാരിയായിരുന്ന ബ്രിട്ടീഷ് പ്രൊഫസർ സാഹ്‌നിക്ക് വിദ്യാർത്ഥികൾക്കിടയിലുണ്ടായിരുന്ന അംഗീകാരത്തിൽ അസൂയാലുവായിരുന്നു. അയാൾ പലവിധ ചെയ്തികളിലൂടെ സാഹ്‌നിയുടെ ജീവിതം ദുസ്സഹമാക്കിത്തീർത്തു. ഇതേത്തുടർന്ന് ആത്മാഭിമാനിയായ അദ്ദേഹം ജോലി രാജിവച്ചു. പിന്നീട് അദ്ദേഹം സ്വന്തമായി ഒരു രാസവ്യവസായശാല ആരംഭിച്ചുവെങ്കിലും, ആ സംരംഭം വിജയിക്കുകയുണ്ടായില്ല. 1914-ൽ സാഹ്‌നി യൂറോപ്പിലേക്ക് പോവുകയും അവിടെ ജർമൻകാരനായ ഡോ. ഫജാൻസ് എന്ന ശാസ്ത്രജ്ഞനുമൊത്ത്, പുതുതായി വികസിച്ചു  വന്നിരുന്ന റേഡിയോ ആക്ടിവിറ്റിയുടെ മേഖലയിൽ ഗവേഷണമാരംഭിക്കുകയും ചെയ്തു. ആയിടയ്ക്ക് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതിനാൽ, ജർമനിയിൽനിന്ന് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു.

ലാഹോർ കോളേജ് അധ്യാപനകാലത്ത്

ഇംഗ്ലണ്ടിൽ വച്ച് ലോകപ്രശസ്ത ന്യൂക്ലിയർ ഭൗതികജ്ഞരായിരുന്ന ലോർഡ് റഥർഫോർഡ്, നീൽസ് ബോർ എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. പ്രൊഫ. റഥർഫോർഡുമായി ചേർന്ന് ഫോട്ടോഗ്രാഫിക് എമൾഷനിൽ ആൽഫാ കണങ്ങൾക്കു സംഭവിക്കുന്ന ചിതറൽ (Scattering of Alpha particles in photographic emulsion) എന്ന വിഷയത്തെക്കുറിച്ച് രണ്ടു പ്രബന്ധങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. യുദ്ധംമൂലം ഇംഗ്ലണ്ടിലെ താമസം ദുസ്സഹമായതിനെ തുടർന്ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.

ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചെത്തിയ സാഹ്‌നി പഞ്ചാബ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (PSI) ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു. സാഹ്‌നിയുടെ ഗുരുനാഥനായ പ്രൊഫ. ഓമാനായിരുന്നു PSI യുടെ സ്ഥാപകൻ. സ്ലൈഡ് പ്രദർശനങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ ഉപയോഗിച്ച് പഞ്ചാബിലുടനീളം ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുകയും ശാസ്ത്രപ്രചാരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. അന്നത്തെ പഞ്ചാബ് ഡൽഹി മുതൽ പെഷവാർ വരെ വ്യാപിച്ചിരുന്നു. സിംലയിൽ ജോലി ചെയ്യുന്ന കാലത്ത് ‘കാലാവസ്ഥാ പ്രവചന’ത്തെക്കുറിച്ച് സാഹ്‌നി നിരവധി ജനപ്രിയ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിയിരുന്നു. ഇത് വൻ വിജയമായിത്തീർന്നു.

ഗ്രാമീണരും, നഗരവാസികളുമായ തൊഴിലാളികളും കച്ചവടക്കാരും അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ തിങ്ങിക്കൂടുമായിരുന്നു. ചിലപ്പോഴൊക്കെ, യാത്രക്കൂലിക്കും മറ്റുമായി ഏർപ്പെടുത്തിയിരുന്ന 2 അണാ ടിക്കറ്റ് വാങ്ങിയാണ് ജനം പ്രദർശനം കാണാനെത്തിയിരുന്നത്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണങ്ങൾ. സോപ്പു നിർമാണം; ശുദ്ധവായു, അശുദ്ധവായു; 1880 ന് മുമ്പ് ലാഹോറുകാർ കുടിച്ചിരുന്ന വെള്ളം; വിദ്യുച്ഛക്തി മനുഷ്യസേവനത്തിന്; ഇലക്‌ട്രോപ്ലേറ്റിങ്ങ്; ഗ്ലാസ് നിർമാണം; പഞ്ചാബും അവിടത്തെ നദികളും (നല്ലൊരു റിലീഫ് മാപ്പ്  ഉപയോഗിച്ചായിരുന്നു ഈ പ്രഭാഷണം) എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ലിസ്റ്റ്.

ഉത്സവങ്ങൾ, ചന്തകൾ എന്നിവയോടനുബന്ധിച്ച് ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് ഈ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നത്. എല്ലായിടത്തും ജനങ്ങൾ തിങ്ങിക്കൂടി. പ്രഭാഷണങ്ങൾ ഗ്രാമീണർക്കും മറ്റും ആകർഷകമാക്കുന്നതിനുവേണ്ടി തിയേറ്റർ പ്രൊജക്ഷനോടുകൂടിയാണ് അവ സംഘടിപ്പിച്ചിരുന്നത്. സാഹ്‌നിയുടെ പ്രഭാഷണങ്ങൾ ശാസ്ത്രപഠനത്തിൽ വലിയ താൽപര്യമാണ് ഉണർത്തിവിട്ടത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്ക് എപ്പോഴും നല്ല ഡിമാന്റായിരുന്നു. അദ്ദേഹം 500 ലേറെ പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി!

സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷണശാലകൾ ഇല്ല എന്ന കാര്യം സാഹ്‌നിയുടെ ശ്രദ്ധയിൽപെട്ടു. ശാസ്‌ത്രോപകരണങ്ങൾ എല്ലാം ഊഹാതീതമായ വിലയ്ക്ക് ഇറക്കുമതി ചെയ്യേണ്ടിയിരുന്നു. അദ്ദേഹം 1888-ൽ സ്വന്തം വീട്ടിൽ ഒരു വർക്ക്‌ഷോപ്പ് സ്ഥാപിച്ച് മികച്ച ഗുണനിലവാരമുള്ള ശാസ്‌ത്രോപകരണങ്ങളുടെ നിർമാണം ആരംഭിച്ചു. ഇതിനുവേണ്ടി, അദ്ദേഹം അല്ലാ ബക്ഷ് എന്നൊരു റെയിൽവെ ടെക്‌നീഷ്യനെ സഹായിയായി വച്ചിരുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന ഉപകരണങ്ങൾ ലാഭമൊന്നും എടുക്കാതെ നിർമാണവിലയ്‌ക്കോ സൗജന്യമായോ സ്‌കൂളുകൾക്ക് നൽകുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. പിൽക്കാലത്ത് കൃത്യതയുള്ള ശാസ്ത്രപരീക്ഷണോപകരണങ്ങൾക്ക് പ്രസിദ്ധിയാർജിക്കുകയുണ്ടായി ഈ സ്ഥാപനം.

1893ൽ പൂനയിലെ പ്രമുഖ സാമൂഹികപ്രവർത്തകനായ നാം ജോഷിയുടെ ക്ഷണം സ്വീകരിച്ച് പൂനയിലെത്തിയ സാഹ്‌നി തന്റെ ശാസ്ത്രപരീക്ഷണോപകരണങ്ങൾ എല്ലാം അവിടെ പ്രദർശിപ്പിക്കുകയുണ്ടായി. സാഹ്‌നിയുടെ പരീക്ഷണോപകരണങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ശുപാർശ നൽകുന്നതിനായി ഒരു മൂന്നംഗവിദഗ്ധസമിതി നിയമിക്കപ്പെടുകയുണ്ടായി. പ്രസ്തുത ഉപകരണങ്ങൾ ലാഹോറിലോ ഇന്ത്യയിൽ മറ്റെവിടെയെങ്കിലുമോ നിർമിക്കപ്പെട്ടതാണെന്ന് കമ്മറ്റി അംഗങ്ങൾക്ക് വിശ്വസിക്കാനായില്ല. ഇംഗ്ലണ്ടിൽ നിർമിച്ച ഉപകരണങ്ങൾ വരുത്തി PSI ലാബറട്ടറിയിൽ വച്ച് പുതുതായി പെയിന്റടിച്ച് ഒരു ‘ഇന്ത്യൻ ലുക്കിനായി’ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് എഴുതിവച്ചതായിരുന്നു എന്നാണവർ വിശ്വസിച്ചത്! ഇത്ര സൂക്ഷ്മതയുള്ള ഉപകരണങ്ങൾ വിദേശത്തുണ്ടാക്കുന്നതിന്റെ പകുതിവിലയ്ക്ക് ഇന്ത്യയിൽ ഉണ്ടാക്കാൻ കഴിയുമെന്ന യാഥാർത്ഥ്യം അവരെ ബോധ്യപ്പെടുത്താൻ ഏറെ പാടുപെടേണ്ടിവന്നു!

രുചിറാം സാഹ്നിയുടെ വിഭജനകാല ഓർമ്മകൾ

1906-ൽ കൽക്കത്തയിലെ വ്യാവസായികപ്രദർശനത്തിൽവച്ച് സാഹ്‌നിയുടെ ഉപകരണങ്ങൾക്ക് സ്വർണമെഡൽ ലഭിക്കുകയുണ്ടായി. പ്രൊഫ. ജെ. സി. ബോസായിരുന്നു അവാർഡ് നിർണ്ണയക്കമ്മറ്റിയിലെ ഒരംഗം. 1918-ൽ ലാഹോറിലെ ഗവൺമെന്റ് കോളേജിലെ കെമിസ്ട്രി സീനിയർ പ്രൊഫസർ സ്ഥാനത്തുനിന്ന് സാഹ്‌നി റിട്ടയർ ചെയ്തു. പിൽക്കാലത്ത് അദ്ദേഹം ഗാന്ധിജിയുമായി ബന്ധം സ്ഥാപിക്കുകയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. ലാഹോറിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ട്രൈബ്യൂൺ ദിനപത്രത്തിന്റെ സ്ഥാപക ട്രസ്റ്റിമാരിലൊരാളായിരുന്നു സാഹ്‌നി. ദയാൽസിങ്ങ് കോളേജ്, ഗ്രന്ഥാലയം എന്നിവയുടെയും സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു അദ്ദേഹം.

1941 ലാഹോറിൽ നിന്നും കടപ്പാട് ruchiramsahni.wordpress.com

പ്രൊഫസർ സാഹ്‌നിക്ക് അഞ്ച് പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. മൂത്ത പുത്രനായ ബീർബൽ സാഹ്‌നി പാലിയോ ബൊട്ടാണിസ്റ്റ് (പുരാസസ്യവിജ്ഞാനി) എന്ന നിലയിൽ ലോകപ്രശസ്തനായി. FRS ബഹുമതി ലഭിച്ച ആദ്യത്തെ ഇന്ത്യൻ സസ്യശാസ്ത്രജ്ഞൻ ബീർബൽ സാഹ്‌നിയാണ്. Self Revelations of an Octogenarian എന്ന ശീർഷകത്തിലുള്ള തന്റെ ആത്മകഥയിൽ രുചിറാം തന്റെ ജീവിതസമരകഥ വിശദമായി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പൗത്രനായ പ്രൊഫ. അശോക് സാഹ്‌നി പ്രസിദ്ധ ജിയോളജിസ്റ്റും പഞ്ചാബ് സർവകലാശാലയിൽ പ്രൊഫസറുമായിരുന്നു. അദ്ദേഹത്തിന്റെ പൗത്രിയായിരുന്ന പ്രൊഫ. മോഹിനി മല്ലിക് കാൺപൂർ IIT യിലെത്തിയ പല തലമുറകളിൽപെട്ട വിദ്യാർത്ഥികൾക്ക് സിംബോളിക് ലോജിക്കിനെക്കുറിച്ച് ആഴത്തിലുള്ള അവഗാഹം പകർന്നുനൽകിയ അധ്യാപികയായിരുന്നു. പഞ്ചാബിൽ ശാസ്ത്രീയ നവോത്ഥാനത്തിനു തുടക്കം കുറിച്ച രുചിറാം സാഹ്‌നി 1948 ജൂൺ മൂന്നിന് ബോംബെയിൽ വച്ച് നിര്യാതനായി. മരിക്കുമ്പോൾ അദ്ദേഹത്തിന് 87 വയസ്സ് പ്രായമായിരുന്നു.

2013 ൽ ഇന്ത്യ പുറത്തിറക്കിയ തപാൽസ്റ്റാമ്പ്

ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പ്രസിദ്ധീകരിച്ച അരവിന്ദ് ഗുപ്ത രചിച്ച അഗ്നിസ്ഫുലംഗങ്ങൾ – മുൻപെ നടന്ന ഭാരതീയ ശാസ്ത്രപ്രതിഭകൾ പുസ്തകത്തിൽ നിന്നും. വിവ. കെ.കെ.കൃഷ്ണകുമാർ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പി. മഹേശ്വരി
Next post ഡി.എൻ. വാഡിയ – ഇന്ത്യൻ ജിയോളജിസ്റ്റുകളിൽ അഗ്രഗാമി
Close