ശിശിർ കുമാർ മിത്ര

2021 ഫെബ്രുവരി 1-28 തിയ്യതികളിലായി ലൂക്ക സംഘടിപ്പിക്കുന്ന Science In India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പര

ഇന്ത്യൻ റേഡിയോ ശാസ്ത്രരംഗത്തെ അതികായനായിരുന്നു പ്രൊഫ. ശിശിർ കുമാർ മിത്ര. അയോണോസ്ഫിയറിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ സുപ്രധാനഗവേഷണങ്ങൾ ഏറെ പ്രശസ്തമാണ്.

ശിശിർ 1889 ഒക്‌ടോബർ 24 ന് കൽക്കത്തയിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ജയകൃഷ്ണ ഒരു സ്‌കൂൾ അധ്യാപകനായിരുന്നു. അമ്മ ശരത്കുമാരി ഡോക്ടറും. ജയകൃഷ്ണ തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരായാണ് ശരത്കുമാരിയെ വിവാഹം കഴിച്ചിരുന്നത്. തന്മൂലം അദ്ദേഹത്തിന് പിതാവിന്റെ സ്വത്തിലുള്ള അവകാശം നിഷേധിക്കപ്പെട്ടു. മാത്രമല്ല, അദ്ദേഹം വീട്ടിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ശിശിർ ജനിക്കുന്ന സമയത്ത് അമ്മ ശരത്കുമാരി കാംപ്‌ബെൽ മെഡിക്കൽ സ്‌കൂളിൽ വിദ്യാർത്ഥിനിയായിരുന്നു. പഠനശേഷം ശരത്കുമാരിക്ക് ഡഫ്രിൻ ഹോസ്പിറ്റലിൽ നിയമനം ലഭിച്ചു. അതിനിടയിൽ ജയകൃഷ്ണയ്ക്ക് ഭാഗൽപൂർ മുൻസിപ്പാലിറ്റിയിൽ ഗുമസ്തനായി ജോലി  ലഭിച്ചിരുന്നു.

ശിശിർ ആദ്യം ഭാഗൽപൂർ ജില്ലാ സ്‌കൂളിലും തുടർന്ന് അവിടെത്തന്നെയുള്ള TNJ കോളേജിലും വിദ്യാഭ്യാസം നടത്തി. ഒമ്പതാം വയസ്സിൽ കാണാനിടയായ ഒരു ഹോട്ട് എയർ ബലൂൺ ശിശിരിന്റെ മനസ്സിൽ ഏറെ ജിജ്ഞാസ ഉണർത്തിവിട്ടു. ശാസ്ത്രം പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ബാല്യകാലത്തെ ഈ അനുഭവമാണത്രെ. ശിശിറിന്റെ FA പരീക്ഷയ്ക്ക് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ പിതാവ് അകാലചരമമടഞ്ഞു. പിതാവിന്റെ മരണം ശിശിറിനെയും കുടുംബത്തെയും ആകെ ഉലച്ചു. പിൽക്കാലത്ത് അമ്മയുടെ അനിതരസാധാരണമായ ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് ശിശിറിന്റെ വളർച്ചയെ സഹായിച്ചത്.

ഏറെ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും മകൻ കൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ ചേർന്ന് BSc ബിരുദം നേടണമെന്ന് അമ്മ ആഗ്രഹിച്ചു. പ്രസിഡൻസി കോളേജിൽ പഠിക്കുന്ന കാലത്ത് രണ്ടു മഹാശാസ്ത്രജ്ഞരുമായി പരിചയപ്പെടാൻ ശിശിർ കുമാറിന് അവസരമുണ്ടായി. ജഗദീശ് ചന്ദ്രബോസും പ്രഫുല്ല ചന്ദ്ര റേയും. ജെ. സി. ബോസ് ആവിഷ്‌കരിച്ച തികച്ചും സാധാരണവും ചിലവു കുറഞ്ഞതുമായ ശാസ്‌ത്രോപകരണങ്ങൾ ശിശിറിനെ ഏറെ ആകർഷിച്ചു. ഈ മഹാശാസ്ത്രജ്ഞരിൽനിന്ന് പ്രചോദനമുൾക്കൊണ്ട ശിശിർ, ശാസ്ത്രഗവേഷണവും അധ്യാപനവുമായിരിക്കും തന്റെ ഭാവി പ്രവർത്തനമേഖലകൾ എന്നു നിശ്ചയിച്ചുറപ്പിച്ചു. 1912 ൽ അദ്ദേഹം ഒന്നാംസ്ഥാനത്തോടെ MSc ഫിസിക്‌സ് പരീക്ഷ പാസായി. തുടർന്ന് അൽപകാലത്തേക്ക് ജെ. സി. ബോസിന്റെ സഹായിയായി പ്രവർത്തിച്ചു. പക്ഷേ കുടുംബത്തെ സഹായിക്കുന്നതിന് സാമ്പത്തികവരുമാനം ലഭിക്കുന്ന ഒരു ജോലി അത്യാവശ്യമായിരുന്നതിനാൽ അദ്ദേഹം ആദ്യം ഭാഗൽപൂരിലെ TNJ കോളേജിലും തുടർന്ന് ബാങ്കുര ക്രിസ്റ്റ്യൻ കോളേജിലും അധ്യാപകനായി ജോലി ചെയ്തു. 1914-ൽ അദ്ദേഹം ശ്രീമതി ലൈലാവതി ദേവിയെ വിവാഹം ചെയ്തു.

കൊൽക്കത്ത സർവകലാശാല സെനറ്റ് ഹാൾ – 1910 ലെ ചിത്രം

കൽക്കത്താ സർവകലാശാലയിൽ അക്കാലത്ത് വൈസ്ചാൻസലറായിരുന്നത് പ്രസിദ്ധ ശാസ്ത്രജ്ഞനായ സർ. അശുതോഷ് മുഖർജിയായിരുന്നു. ശാസ്ത്രവിദ്യാഭ്യാസ രംഗത്ത് ബിരുദാനന്തര പഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. 1916-ൽ അദ്ദേഹത്തിന്റെ പരിശ്രമഫലമായി യൂണിവേഴ്‌സിറ്റി സയൻസ് കോളേജ് സ്ഥാപിതമായി. ശിശിർ കുമാർ മിത്രയെയും അദ്ദേഹത്തെപ്പോലെ തന്നെ പ്രതിഭാസമ്പന്നരായ മറ്റ് ഏതാനും യുവാക്കളെയും ഈ കോളേജിൽ അധ്യാപകരായി ചേരാൻ അശുതോഷ് മുഖർജി ക്ഷണിച്ചു. അന്ന് സയൻസ് കോളേജിന്റെ ഭൗതികവിഭാഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ സി. വി. രാമൻ, എസ്. എൻ. ബോസ്, എം. എൻ.     സാഹ തുടങ്ങിയ പ്രതിഭാസമ്പന്നർ ഉൾപ്പെട്ടിരുന്നു. മിത്ര, ഇക്കാലത്ത്, സി. വി. രാമന്റെ കീഴിൽ പ്രകാശത്തിന്റെ വ്യത്യസ്ത സ്വഭാവങ്ങളെക്കുറിച്ച് (Interference and Diffraction) പഠിക്കുകയുണ്ടായി. മൂന്നുവർഷത്തിനകം അദ്ദേഹം തന്റെ തിസീസ് പൂർത്തിയാക്കുകയും 1919-ൽ കൽക്കത്താ സർവകലാശാലയിൽനിന്ന് DSc ബിരുദം സമ്പാദിക്കുകയും ചെയ്തു.

DSc ബിരുദം നേടിയ ശേഷം അദ്ദേഹം ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പുറപ്പെട്ടു. പഠനത്തിന്റെ ആദ്യഘട്ടം പാരീസിലെ സോർബോൺ യൂണിവേഴ്‌സിറ്റിയിലായിരുന്നു. ചാൾസ് ഫാബ്രിയായിരുന്നു ഇക്കാലത്ത് അദ്ദേഹത്തിന്റെ ഗൈഡ്. 1923-ൽ അദ്ദേഹം തന്റെ രണ്ടാമത്തെ DSc ബിരുദം നേടി. തുടർന്ന് മാഡം ക്യൂറിയോടൊപ്പം റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണങ്ങളിലേർപ്പെട്ടു. അല്പകാലം യൂണിവേഴ്‌സിറ്റി ഓഫ് നാൻസിയിലെ ഫിസിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗട്ടൺ എന്ന ശാസ്ത്രജ്ഞനോടൊപ്പം പ്രവർത്തിക്കാനും മിത്രയ്ക്ക് അവസരമുണ്ടായി. ഇവിടെ വച്ചാണ് റേഡിയോ തരംഗങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളിൽ അദ്ദേഹം ആകൃഷ്ടനായത്. റേഡിയോ ഗവേഷണമെന്ന പുത്തൻ ശാസ്ത്രമേഖലയിലായിരിക്കണം തന്റെ ഭാവി പ്രവർത്തനം എന്ന് ഈ ഘട്ടത്തിൽ അദ്ദേഹം നിശ്ചയിച്ചു. അക്കാലത്ത് ഈ വിഷയം ഇന്ത്യയിൽ ഒരിടത്തും പഠിപ്പിച്ചിരുന്നില്ല. ഈ വസ്തുത കണക്കിലെടുത്തുകൊണ്ട് കൽക്കത്താ സർവകലാശാലയുടെ MSc കരിക്കുലത്തിൽ വയർലെസ്സ് പഠനം ഉൾപ്പെടുത്താനും പരീക്ഷണങ്ങൾക്കായി ഒരു വയർലെസ്സ് ലാബറട്ടറി സ്ഥാപിക്കാനും അദ്ദേഹം അശുതോഷ് മുഖർജിയോട് അഭ്യർത്ഥിച്ചു.

അശുതോഷ് മുഖർജി മിത്രയുടെ ഈ നിർദ്ദേശം അംഗീകരിക്കുകയും ആവശ്യമായ വിശദാംശങ്ങൾ എല്ലാം ശേഖരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. 1923-ൽ മിത്ര ഇന്ത്യയിൽ മടങ്ങിയെത്തി. ഉടൻതന്നെ യൂണിവേഴ്‌സിറ്റിയിൽ ഖൈരാ പ്രൊഫസർ ഓഫ് ഫിസിക്‌സ് എന്ന പദവിയിൽ അദ്ദേഹം നിയമിതനായി. ഇന്ത്യയിലെ റേഡിയോ ഇലക്‌ട്രോണിക്‌സ് പഠനത്തിന്റെ പ്രാരംഭം ഇവിടെനിന്നാണ്. മിത്ര അധ്യാപനം, ഗവേഷണം, ലാബൊറട്ടറി സ്ഥാപിക്കുന്ന പ്രവർത്തനം എന്നിവയിൽ ആണ്ടുമുഴുകി. അധികം താമസിയാതെ കൽക്കത്താസർവകലാശാലയിൽ, ലോകനിലവാരത്തിലുള്ള റേഡിയോ ഗവേഷണ പഠനകേന്ദ്രം വികസിച്ചുവന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ ഫിസിക്‌സ് ആന്റ് ഇലക്‌ട്രോണിക്‌സ് എന്ന പേരിലാണ് ഈ സ്ഥാപനം ഇന്നറിയപ്പെടുന്നത്.

അന്തരീക്ഷത്തിലെ അയോണോസ്ഫിയറിന്റെ കണ്ടുപിടുത്തത്തോടുകൂടിയാണ് യഥാർത്ഥത്തിൽ റേഡിയോ സയൻസിന്റെ ഉദയം. ദീർഘദൂര ആശയവിനിമയത്തിൽ അയോണോസ്ഫിയറിനുള്ള സ്ഥാനം പരമപ്രധാനമാണ്. അന്തരീക്ഷത്തിന്റെ മേൽത്തട്ടിലുള്ള അയോണോസ്ഫിയർ ഹ്രസ്വ റേഡിയോതരംഗങ്ങളെ പ്രതിഫലനം ചെയ്യുക വഴി ഭൂമിയുടെ വക്ര     പ്രതലത്തിലുടനീളം പ്രക്ഷേപണം സാധ്യമാക്കുന്നു. ഇന്ത്യൻ സ്‌പേസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റേഷന്റെ കൽക്കത്തയിലുള്ള മീഡിയം വേവ് ട്രാൻസ്മിറ്റർ ഉപയോഗിച്ച്, മിത്ര അയോണോസ്ഫിയറിലെ E-മേഖലയെ സംബന്ധിച്ചുള്ള ആദ്യത്തെ തെളിവ് കണ്ടെത്തി. രാത്രിയിൽ ആകാശത്തു കാണുന്ന പ്രകാശമാനമായ തിളക്കത്തിന് കാരണം അയോണോസ്ഫിയറിന്റെ F തലത്തിലുള്ള അയോണുകളാണ് എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. ആകാശത്തിന് കടുംകറുപ്പ് നിറമില്ലാതിരിക്കുന്നതും അത് പൊടിമൂടിയതുപോലെ കാണപ്പെടുന്നതും ഈ പ്രകാശംമൂലമാണ്. കൽക്കത്തയിലെ അയോണോസ്ഫിയർ പാളികളെ സംബന്ധിച്ച് ഡോ. മിത്ര നിരവധി പ്രബന്ധങ്ങളുടെ ഒരു പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. ലളിതമായ ഏതാനും ഉപകരണങ്ങളുടെ സഹായത്തോടെ അയോണോസ്ഫിയറിന്റെ വിശദമായ മാപ്പിങ്ങ് നിർവഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അയോണോസ്ഫിയർ രസതന്ത്രം തികച്ചും ശൈശവാവസ്ഥയിലായിരുന്നു അക്കാലത്ത്. എങ്കിൽപ്പോലും ഈ രംഗത്ത് നിർണായകമായ പല വിഷയങ്ങളെ സംബന്ധിച്ചുമുള്ള ചർച്ച തുടങ്ങിവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു; ഉദാഹരണമായി ഓസോൺ പാളിയുടെ രൂപീകരണം, അതിന്റെ നാശം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദമായി ചർച്ചചെയ്തിരുന്നു.

മിത്ര രചിച്ച The Upper Atmosphere എന്ന ഗ്രന്ഥം ഒരു മാസ്റ്റർപീസായി കണക്കാക്കപ്പെടുന്നു. ഇന്ത്യക്കാരായ ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ വിദേശപ്രസാധകർ വൈമനസ്യം കാണിച്ചിരുന്ന കാലമായിരുന്നു അത്. ഇന്ത്യക്കാരുടെ പുസ്തകങ്ങൾ പ്രസിദ്ധമായ വൈദേശിക പുസ്തകങ്ങൾക്ക് വെല്ലുവിളിയായിത്തീരുമോ എന്നായിരുന്നു അവരുടെ ഭയം. ഈ സാഹചര്യത്തിൽ ഏഷ്യാറ്റിക് സൊസൈറ്റിയാണ് മിത്രയുടെ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായത്. 1947-ൽ പ്രസിദ്ധീകരിച്ച പ്രസ്തുത പുസ്തകത്തിന്റെ 2000 പ്രതികൾ മൂന്ന് വർഷത്തിനകം വിറ്റു തീർന്നു. റേഡിയോ കമ്യൂണിക്കേഷൻ, അയോണോസ്ഫിയർ, ഉപരിഅന്തരീക്ഷഭൗതികം, ജിയോമാഗ്നറ്റിസം, ബഹിരാകാശശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവർ പല തലമുറകളായി ഈ വിശിഷ്ടഗ്രന്ഥം പ്രയോജനപ്പെടുത്തിവരുന്നു. സൂര്യൻ, ഭൂമി, അന്തരീക്ഷം എന്നിവയെല്ലാമടങ്ങുന്ന മഹാവിസ്തൃതിയുടെ ഭാഗമെന്ന നിലയ്ക്ക് അയോണോസ്ഫിയറിനെക്കുറിച്ച് മിത്ര നടത്തിയ പഠനങ്ങൾ തികച്ചും നൂതനവും ദിശാനിർദേശകസ്വഭാവമുള്ളതുമായിരുന്നു.

1955-ൽ അദ്ദേഹത്തിന്റെ ഗ്രന്ഥം റഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1957-ൽ റഷ്യൻ ശാസ്ത്രജ്ഞർ സ്പുട്‌നിക്-1 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചുകൊണ്ട് ചരിത്രം കുറിച്ചു. ഈ ഘട്ടത്തിൽ ഉപഗ്രഹങ്ങളുടെ അന്തരീക്ഷത്തിലെ ആയുസ്സ് എത്രയായിരിക്കുമെന്ന് പ്രവചിക്കാൻ     സഹായകമായ യുക്തിസഹമായ മാതൃകകൾ മിത്രയുടെ The Upper Atmosphere എന്ന ഗ്രന്ഥത്തിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്ന് റഷ്യൻ ശാസ്ത്രജ്ഞർ അംഗീകരിക്കുകയുണ്ടായി.

1955-ൽ മിത്ര സർവകലാശാലയിൽനിന്ന് ഔപചാരികമായി വിരമിച്ചു. പക്ഷേ അദ്ദേഹം അവിടെത്തന്നെ എമിറിറ്റസ് പ്രൊഫസറായി തുടർന്നു. പശ്ചിമബംഗാളിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ. ബി. സി. റോയിയുടെ അഭ്യർത്ഥന മാനിച്ച്, രോഗഗ്രസ്തമായിരുന്ന പശ്ചിമബംഗാൾ സെക്കന്ററി എഡ്യുക്കേഷൻ ബോർഡ് പുനഃസംഘടിപ്പിച്ച് ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാക്കി മാറ്റുന്ന പ്രവർത്തനം ഡോ. മിത്ര ഏറ്റെടുത്തു. ബോർഡുമായി ബന്ധപ്പെട്ട കഠിനമായ തിരക്കുകൾക്കിടയിലും അദ്ദേഹം തന്റെ ഗവേഷണപ്രവർത്തനങ്ങൾ തുടർന്നു പോന്നു. പ്രശസ്തരായ ഒട്ടേറെ യുവശാസ്ത്രജ്ഞർക്ക് അദ്ദേഹം മാർഗനിർദ്ദേശമരുളി. പ്രൊഫ. എ. പി. മിത്ര (FRS), എം. കെ. ദാസ്ഗുപ്ത (റേഡിയോ അസ്‌ട്രോണമർ), പ്രൊഫ. ജെ. എൻ. ഭാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്. സൈഗ്നസ് A എന്ന ഇരട്ട റേഡിയോ ഗാലക്‌സി കണ്ടുപിടിച്ചതിന്റെ ബഹുമതി എം. കെ. ദാസ്ഗുപ്തയ്ക്കാണ് എന്ന     കാര്യം ഇവിടെ സ്മരണീയമാണ്.

മിത്രയുടെ കുടുംബജീവിതം ഏറെ സംതൃപ്തമായ ഒന്നായിരുന്നില്ല. പത്‌നിയുടെയും മൂത്തമകൻ ഡോ. അശോക് മിത്രയുടെയും അകാലചരമം അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തി. ഇക്കാലത്താണ് അദ്ദേഹം റോയൽ സൊസൈറ്റിയിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഏറെ താമസിയാതെ നാഷണൽ പ്രൊഫസർ എന്ന അംഗീകാരവും     അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം തന്റെ അവസാനകാലം പൂർണ്ണമായും എഴുത്തും വായനയുമായി കഴിഞ്ഞുകൂടി. സായാഹ്നങ്ങളിൽ വീട്ടിനടുത്തുള്ള ക്ലബ്ബിലെത്തി ചെസ്സുകളിയിൽ മുഴുകാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ഒട്ടേറെ അവാർഡുകളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. FRS (1958), ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ അധ്യക്ഷസ്ഥാനം (1959-60), ദേശീയ പ്രൊഫസർ (1962) എന്നിവ ഇവയിൽ ചിലതുമാത്രം. 1962 ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. അല്പകാലം നീണ്ടുനിന്ന രോഗബാധയെത്തുടർന്ന് 1963 ആഗസ്റ്റ് 13 ന്, അദ്ദേഹം അന്തരിച്ചു. ആ മഹാശാസ്ത്രജ്ഞന്റെ ഓർമയ്ക്കായി ചന്ദ്രനിലെ ഒരു ഗർത്തത്തിന് ‘മിത്ര’ എന്ന് പേരുനൽകിയിട്ടുണ്ട്.


ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പ്രസിദ്ധീകരിച്ച അരവിന്ദ് ഗുപ്ത രചിച്ച അഗ്നിസ്ഫുലംഗങ്ങൾ – മുൻപെ നടന്ന ഭാരതീയ ശാസ്ത്രപ്രതിഭകൾ പുസ്തകത്തിൽ നിന്നും. വിവ. കെ.കെ.കൃഷ്ണകുമാർ

Leave a Reply