Read Time:18 Minute

2021 ഫെബ്രുവരി 1-28 തിയ്യതികളിലായി ലൂക്ക സംഘടിപ്പിക്കുന്ന Science In India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പര

1860 മുതൽ 1869 വരെയുള്ള ദശാബ്ദത്തിൽ അതിപ്രശസ്തരായ പല ഇന്ത്യക്കാരും ജനിക്കുകയുണ്ടായി. രവീന്ദ്രനാഥ് ടാഗോർ, മോത്തിലാൽ നെഹ്‌റു, മദൻമോഹൻ മാളവ്യ, മോഹൻദാസ് കരംചന്ദ് ഗാന്ധി, വിവേകാനന്ദൻ… അങ്ങനെ നീളുന്ന പട്ടികയിൽപ്പെടുത്തേണ്ടുന്ന ഒരാളാണ് ആചാര്യ പ്രഫുല്ല ചന്ദ്ര റേ.

ഇപ്പോഴത്തെ ബംഗ്ലാദേശിലെ ഖുൽനാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സാധാരണ ഗ്രാമത്തിലാണ് പ്രഫുല്ല ചന്ദ്ര ജനിച്ചത്; 1861 ആഗസ്റ്റ് 2 ന്. പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തിലെ വിദ്യാലയത്തിലായിരുന്നു. പിന്നീട് കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ പിതാവ് ഹരിശ്ചന്ദ്ര കൽക്കത്തയിലേക്ക് താമസം മാറ്റി. ചെറുപ്പകാലത്തുതന്നെ ബ്രഹ്‌മസമാജത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്ന സാമൂഹികപരിഷ്‌കരണ പ്രവർത്തനങ്ങൾ പ്രഫുല്ല ചന്ദ്രയെ ഏറെ സ്വാധീനിക്കുകയുണ്ടായി. പ്രഫുല്ല ചന്ദ്ര ആദ്യം കൽക്കത്തയിലെ മെട്രോ പൊളിറ്റൻ കോളേജിലും (മഹാനായ ഈശ്വർ ചന്ദ്ര വിദ്യാസാഗർ സ്ഥാപിച്ച കോളേജ്), തുടർന്ന് പ്രസിദ്ധമായ പ്രസിഡൻസി കോളേജിലുമാണ് ഉന്നതവിദ്യാഭ്യാസം ആരംഭിച്ചത്. അക്കാലത്ത് ഫൈൻആർട്‌സ് കോഴ്‌സിന് രസതന്ത്രം നിർബന്ധമായും പഠിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് രസതന്ത്രവുമായുള്ള പ്രഫുല്ല ചന്ദ്രയുടെ ഗാഢസൗഹൃദം ആരംഭിക്കുന്നത്.

1882-ൽ പ്രഫുല്ല ചന്ദ്ര രസതന്ത്രത്തിൽ ഉന്നതവിദ്യാഭ്യാസം നടത്താനുള്ള ഗിൽക്രിസ്റ്റ് സ്‌കോളർഷിപ്പിന് അർഹതനേടി. ഒട്ടേറെ വിപരീതപരിതസ്ഥിതികളെ നേരിട്ടുകൊണ്ടാണ് അസാമാന്യ ബുദ്ധിസാമർത്ഥ്യമുള്ള അദ്ദേഹം ഈ സ്‌കോളർഷിപ്പ് നേടുന്നതും എഡിൻബറോ സർവകലാശാലയിൽ ശാസ്ത്രപഠനത്തിനായി എത്തിച്ചേരുന്നതും. എഡിൻബറോയിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനും മാർഗദർശിയും പ്രസിദ്ധ രസതന്ത്രജ്ഞനായ എ.സി.ബ്രൗൺ ആയിരുന്നു. 1887-ൽ പ്രഫുല്ല ചന്ദ്ര DSc ബിരുദം കരസ്ഥമാക്കി. പിന്നീട് അദ്ദേഹം പ്രസിദ്ധമായ ഹോപ്പ് പുരസ്‌കാര (Hope Prize)ത്തിന് അർഹനാവുകയും എഡിൻബറോ സർവകലാശാലയിലെ കെമിക്കൽ സൊസൈറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. എഡിൻബറോ സർവ്വകലാശാലയിലെ പഠനകാലത്താണ് അദ്ദേഹം രസതന്ത്രവുമായുള്ള തന്റെ ആത്മബന്ധം ഊട്ടിയുറപ്പിച്ചത്.

യുവാവായ പി.സി.റേ. കടപ്പാട് വിക്കിപീഡിയ

പ്രഫുല്ല ചന്ദ്ര 1888-ൽ ഇന്ത്യയിൽ മടങ്ങിയെത്തി. അക്കാലത്ത് ഇന്ത്യക്കാർക്ക് സർവകലാശാലകളിൽ ജോലി നേടുക സാധ്യമായിരുന്നില്ല. യൂണിവേഴ്‌സിറ്റിയിലെ ജോലികളെല്ലാം വെള്ളക്കാർക്കായി മാറ്റിവച്ചിരുന്നു. ഒടുവിൽ അദ്ദേഹം പ്രസിഡൻസി കോളേജിൽ അധ്യാപകനായി ചേർന്നു. തുടർന്ന് 27 വർഷക്കാലം ആ ജോലിയിൽ തുടരുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. ക്ലാസുമുറിയിലെ പരീക്ഷണങ്ങളിലൂടെ അദ്ദേഹം തന്റെ ക്ലാസുകൾക്ക് ജീവൻ പകർന്നു. പിൽക്കാലത്ത് ഏറെ പ്രശസ്തരായിത്തീർന്ന മേഘനാദ് സാഹ, സത്യേന്ദ്രനാഥ് ബോസ് എന്നിവർ അദ്ദേഹത്തിന്റെ പ്രിയശിഷ്യന്മാരായിരുന്നു. കൂടാതെ നീൽ രത്തൻ ഘോഷ്, ജെ. സി. ഘോഷ് എന്നിങ്ങനെയുള്ള പ്രഗത്ഭരും പ്രഫുല്ല ചന്ദ്രയുമായി ഏറെ അടുപ്പം പുലർത്തിയ വിദ്യാർത്ഥികളായിരുന്നു. ഇവരുടെയെല്ലാം കൂട്ടായ പ്രവർത്തനഫലമായാണ് ഇന്ത്യയിലെ ഒന്നാമത്തെ രസതന്ത്രപഠനകേന്ദ്രം (Indian School of Chemistry) സ്ഥാപിതമായത്. ഈ കേന്ദ്രത്തിന്റെ പ്രശസ്തി വളരെ പെട്ടെന്നു നാട്ടിലും വിദേശങ്ങളിലും പരന്നു. പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ജഗദീശ് ചന്ദ്ര ബോസ്, പ്രസിഡൻസി കോളേജിൽ പ്രഫുല്ല ചന്ദ്രയേക്കാൾ മൂന്നുവർഷം സീനിയറായിരുന്നു. ഉറ്റ സുഹൃത്തുക്കളായിമാറിയ ഇവർ ഇരുവരും ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ശാസ്ത്രത്തിന്റെ പതാകവാഹകരായി മാറി.

പ്രഫുല്ല ചന്ദ്ര റേ, അഷ്റഫുദ്ധീൻ അഹമ്മദ് ചൌദരി,സുഭാഷ് ചന്ദ്ര ബോസ്, കവി നസ്രുൽ ഇസ്ലാം എന്നിവർ 1924 ൽ ധാക്കയിലെ സാധനാഔഷധാലയത്തിൽ നിന്നും എടുത്ത ചിത്രം : പി.സി.റേയുടെ ആത്മകഥയിൽ നിന്നും

ഇംഗ്ലണ്ടിലെ പഠനകാലത്ത് ശാസ്ത്രവും വ്യവസായവും കൈകോർത്തു മുന്നേറുന്നത് നേരിൽ കാണാൻ റേയ്ക്ക് അവസരം ലഭിക്കുകയുണ്ടായി. ഇന്ത്യയിലാണെങ്കിൽ, കൊളോണിയൽ ഭരണാധികാരികൾക്ക് നമ്മുടെ വിലപ്പെട്ട ധാതുസമ്പത്ത് ചൂഷണം ചെയ്ത് കടത്തിക്കൊണ്ടു പോകുന്നതിലായിരുന്നു താൽപര്യം. ഇന്ത്യയിൽ വ്യവസായ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിൽ അവർക്കൊരു താൽപര്യവുമുണ്ടായിരുന്നില്ല. ഈ ചുമതലയാണ് പ്രഫുല്ല ചന്ദ്ര സ്വന്തം ചുമലിലേറ്റിയത്. അദ്ദേഹം മരുന്നുകൾ, ധാതുദ്രവ്യങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഗവേഷണവും ഉൽപാദനവും ആരംഭിക്കുന്നതിന് സമയവും സമ്പത്തും കണ്ടെത്തുന്നതിൽ വ്യാപൃതനായി. അദ്ദേഹത്തിന്റെ കഠിനപരിശ്രമത്തിന്റെ ഫലമായി, 1901-ൽ, ബംഗാൾ കെമിക്കൽ ആന്റ് ഫാർമസ്യൂട്ടിക്കൽ വർക്ക്‌സ് എന്ന സ്ഥാപനം നിലവിൽ വന്നു. ഇത് BCPL എന്ന പേരിൽ ഇന്നും പ്രവർത്തിച്ചുവരുന്നു. ഒട്ടും എളുപ്പമായിരുന്നില്ല ഈ സംരംഭം. തുടക്കത്തിൽ അദ്ദേഹത്തിന് ഒട്ടേറെ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. ചെറുനാരങ്ങയിൽനിന്ന് സിട്രിക്ക് ആസിഡ് ഉണ്ടാക്കാനും വ്യാപാരാടിസ്ഥാനത്തിൽ സൾഫ്യൂരിക്ക് ആസിഡ് നിർമിക്കാനും ഉള്ള പരിശ്രമങ്ങൾ ഇക്കൂട്ടത്തിൽ പെടും. പക്ഷേ മൃഗങ്ങളുടെ എല്ലിൽ നിന്ന് കാസ്റ്റിക് സോഡ ഉണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം വിജയിക്കുക തന്നെ ചെയ്തു. ഇതിനായുള്ള പരിശ്രമങ്ങൾക്കിടയിൽ, താൻ ഉപയോഗിക്കുന്നത് മനുഷ്യരുടെ എല്ലുകളല്ല എന്ന് നാട്ടുകാരെയും പോലീസിനെയും ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് ഏറെ പാടുപെടേണ്ടിവന്നിരുന്നു! റേയുടെ ആദ്യ സംരംഭമായ BCPW ഒട്ടേറെ ഉത്സാഹികളായ വ്യവസായികൾക്ക് പ്രചോദനമായി. പലരും പുതിയ വ്യവസായശാലകൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നു. റേ തന്നെ മുൻകയ്യെടുത്ത് കളിമൺ ഉൽപന്നങ്ങൾ, സോപ്പ്, പഴ ഉൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായശാലകൾ സ്ഥാപിക്കുകയുണ്ടായി.

ചിത്രം : പി.സി.റേയുടെ ആത്മകഥയിൽ നിന്നും
റേയുടെ ഗവേഷണ പ്രവർത്തനങ്ങൾ നിരവധി മേഖലകളിലേക്ക് വ്യാപിച്ചിരുന്നു; ഭക്ഷണത്തിലെ മായംചേർക്കൽ മുതൽ പീരിയോഡിക് ടേബിളിലെ അജ്ഞാതമൂലകങ്ങൾവരെ. പുതിയ മൂലകങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കിടയിൽ അദ്ദേഹം മെർക്കുറസ് നൈട്രേറ്റ് എന്ന ലവണം കണ്ടെത്തുകയുണ്ടായി. ഈ ലവണത്തെക്കുറിച്ചുള്ള പഠനം അദ്ദേഹം നിരവധി വർഷങ്ങളോളം തുടർന്നു. നൂറിലേറെ ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.

സ്‌കൂളുകളിലും കോളേജുകളിലും അധ്യയനമാധ്യമം മാതൃഭാഷയായിരിക്കണമെന്ന് പ്രഫുല്ല ചന്ദ്രറേ ശക്തമായി വാദിച്ചു. ബംഗാളിഭാഷയുടെ സർവതോമുഖമായ വളർച്ചയ്ക്കുവേണ്ടി നൽകിയ സംഭാവനകൾ പരിഗണിച്ച്, അദ്ദേഹത്തെ ബംഗീയസാഹിത്യപരിഷത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കുകയുണ്ടായി (1931-34). ശാസ്ത്രത്തിനു പുറമേ സാഹിത്യത്തിലും ചരിത്രത്തിലും അദ്ദേഹത്തിന് അതിയായ താൽപര്യമുണ്ടായിരുന്നു. അരഡസനിലേറെ ഭാഷകളും അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ഒരിക്കൽ, താനൊരു രസതന്ത്രജ്ഞനായിത്തീർന്നത് ”തികച്ചും യാദൃച്ഛികമായാണ്” എന്നുപോലും അദ്ദേഹം പറയുകയുണ്ടായി.

ഇന്ത്യൻ ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവും അഭിമാനവുമുണ്ടായിരുന്നു. ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം (The History of Hindu Chemistry) എന്ന ഗ്രന്ഥം ഇതിന് ദൃഷ്ടാന്തമാണ്. ഒരു ബംഗാളി രസതന്ത്രജ്ഞന്റെ ജീവിതവും അനുഭവങ്ങളും (Life and Experiences of a Bengali Chemist) എന്ന പേരിൽ രണ്ടു വാള്യങ്ങളിലായി സുദീർഘമായ ഒരു ആത്മകഥയും അദ്ദേഹം രചിക്കുകയുണ്ടായി.

ചിത്രം : പി.സി.റേയുടെ ആത്മകഥയിൽ നിന്നും

നിശ്ചയദാർഢ്യത്തോടും ഏകാഗ്രതയോടുംകൂടി പ്രവർത്തിക്കുന്ന ഒരാൾക്ക് എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കാനാവും എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു പ്രഫുല്ല ചന്ദ്ര റേയുടെ ജീവിതം. 1916-ൽ അദ്ദേഹം പ്രസിഡൻസി കോളേജിൽനിന്ന് വിരമിച്ചു. പിന്നീടുള്ള രണ്ടു ദശാബ്ദക്കാലം കൽക്കത്താ സർവകലാശാലയുടെ കീഴിൽ പുതുതായി ആരംഭിച്ച കോളേജ് ഓഫ് സയൻസായിരുന്നു, അദ്ദേഹത്തിന്റെ പ്രവർത്തനവേദി. സർ അശുതോഷ് മുഖർജിയുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം ഇവിടെ രസതന്ത്രത്തിലെ പാലിറ്റ് പ്രൊഫസറായി ചുമതലയേറ്റത്. പ്രഫുല്ല ചന്ദ്രയുടെ നേതൃത്വത്തിൽ ഇവിടത്തെ ഗവേഷണകേന്ദ്രം രസതന്ത്രത്തിന്റെ വിവിധ മേഖലകളിൽ സുപ്രധാനമായ ഏറെ നേട്ടങ്ങൾ കൈവരിച്ചു.

ഭാരതീയ പാരമ്പര്യത്തിലും ആധുനികതയിലും ഒരുപോലെ വിശ്വാസമുണ്ടായിരുന്നു പ്രഫുല്ല ചന്ദ്ര റേയ്ക്ക്. അദ്ദേഹം തികച്ചും സാധാരണക്കാരെപ്പോലെ വസ്ത്രം ധരിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അഭിമാനം കൊണ്ടു. ഗാന്ധിജിയെപ്പോലെ, തികച്ചും ലളിതമായ ജീവിതശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. കോളേജ് കെട്ടിടത്തിനുമുകളിലുള്ള ഒരു ഒറ്റമുറിയിലാണ് ജീവിതകാലം മുഴുവൻ അദ്ദേഹം താമസിച്ചത്. ദരിദ്രരായ പല വിദ്യാർത്ഥികളെയും അദ്ദേഹം സന്തോഷപൂർവം തന്നോടൊപ്പം താമസിപ്പിക്കുകയും അവരുടെ ഫീസും മറ്റും നൽകുകയും ചെയ്തുപോന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു പ്രഫുല്ല ചന്ദ്ര റേ. അദ്ദേഹം വിധവാ വിവാഹത്തെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്നു. വെള്ളപ്പൊക്കവും ക്ഷാമവും വന്നപ്പോൾ  അദ്ദേഹം സന്നദ്ധപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. ജീവിതകാലം മുഴുവൻ അവിവാഹിതനായിക്കഴിഞ്ഞ റേ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്തി. സ്‌നേഹസമ്പന്നരായ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന് നൽകിയ പേരാണ് ‘ആചാര്യ’.

കൊൽക്കത്തയിലെ Bengal Chemicals and Pharmaceuticals

1919-ൽ അദ്ദേഹത്തിന് നൈറ്റ് പദവി നൽകപ്പെട്ടു. 1934-ൽ പ്രഫുല്ല ചന്ദ്ര ലണ്ടൻ കെമിക്കൽ സൊസൈറ്റിയിലെ ഹോണററി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഒട്ടേറെ സർവകലാശാലകൾ അദ്ദേഹത്തെ ആദരിച്ചു. 1924-ൽ ഇന്ത്യൻ കെമിക്കൽ സൊസൈറ്റി രൂപീകൃതമായപ്പോൾ അതിന്റെ സ്ഥാപകഅധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് പ്രഫുല്ല ചന്ദ്രറേ ആണ്.

പി. സി. റേ ജോലി ചെയ്തിരുന്ന അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ സി.വി. രാമൻ പാലിറ്റ് പ്രൊഫസറായി പ്രവർത്തിച്ചിരുന്നു. നൊബേൽ സമ്മാനം ലഭിക്കുന്നതിന് വളരെക്കാലം മുൻപുതന്നെ റേ, സി. വി. രാമനെക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി : ”ശാസ്ത്രത്തിന്റെ ഈ മഹാക്ഷേത്രം ഈ ഒരു രാമന് മാത്രമേ ജന്മം കൊടുക്കുന്നുള്ളൂ എങ്കിൽപോലും, അതിന്റെ സ്ഥാപകന്റെ മഹത്തായ പ്രതീക്ഷകൾ ന്യായീകരിക്കപ്പെട്ടതായി കണക്കാക്കാം”.

1944 ജൂൺ 16 ന് പ്രഫുല്ല ചന്ദ്ര റേ അന്തരിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ രാഷ്ട്രവും രാഷ്ട്രവാസികളും, റേയുടെ ചെറുപ്പകാലത്തെ അപേക്ഷിച്ച് വളരെയേറെ പുരോഗമിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പലസ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെട്ടു. പക്ഷേ തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ദേശീയസ്വാതന്ത്ര്യം നേരിട്ടനുഭവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പക്ഷേ അദ്ദേഹം പരിശീലനം നൽകിയ രസതന്ത്രജ്ഞരുടെ പുത്തൻ തലമുറ, സ്വതന്ത്ര ഇന്ത്യയിൽ അദ്ദേഹം സ്വപ്നം കണ്ടിരുന്ന പ്രവർത്തനങ്ങൾ മുന്നോട്ടു നയിച്ചു. അവർ, തങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത സ്വന്തം ഗുരുനാഥനെ ”ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്” എന്ന പേരു നൽകി ആദരിച്ചു. 1944 ജൂലായ് മാസത്തിൽ പ്രഫുല്ല ചന്ദ്ര റേയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് Nature മാസിക ഇപ്രകാരം എഴുതി: ”കഴിഞ്ഞ അൻപതുവർഷത്തിനിടയിൽ, ഇന്ത്യയിലെ ശാസ്ത്രഗവേഷണരംഗത്തുണ്ടായ പുരോഗതിക്ക്, മറ്റാരെക്കാളും പ്രധാന പങ്കുവഹിച്ചത് സർ പ്രഫുല്ലയാണ്’.

കൊൽക്കത്തയിലെ ബിർല മ്യൂസിയത്തിലെ ശിൽപം

വിഗ്യാൻ പ്രസാർ നിർമ്മിച്ച ഡോക്യുമെന്ററി


പി.സി.റേയുടെ പുസ്തകങ്ങൾ ഇന്റർനെറ്റ് ആർക്കൈവിൽനിന്നും

  1. India : Before and After the Mutiny
  2. Life And Experiences Of A Bengali Chemist Part 1-2
  3. Makers Of Modern Chemistry
  4. A history of Hindu chemistry
  5. Essays and Discourses
  6. Organic thio-compounds, with special reference to tautomeric changes and the formation of polysulphonium derivatives

ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പ്രസിദ്ധീകരിച്ച അരവിന്ദ് ഗുപ്ത രചിച്ച അഗ്നിസ്ഫുലംഗങ്ങൾ – മുൻപെ നടന്ന ഭാരതീയ ശാസ്ത്രപ്രതിഭകൾ പുസ്തകത്തിൽ നിന്നും. വിവ. കെ.കെ.കൃഷ്ണകുമാർ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

One thought on “പ്രഫുല്ല ചന്ദ്ര റേ – ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്

Leave a Reply

Previous post ബാറ്റിൽ ഓഫ് മെമ്മറീസ് – ഓർമകൾ തെളിവുകളാവുമ്പോൾ
Next post അന്നാമാണിയുടെ അസാധാരണ പരീക്ഷണങ്ങൾ – കുട്ടിലൂക്ക പുസ്തകം
Close