Read Time:14 Minute

ഡോ. എം. മുഹമ്മദ് ആസിഫ്

ഇന്ന് കേരളത്തിലെ പൊതുജനാരോഗ്യപ്രശ്‌നങ്ങളുടെ പട്ടികയിൽ എണ്ണപ്പെടേണ്ട പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സുപ്രസിദ്ധി ‘തെരുവുനായ്ക്കളുടെ നാട്’ എന്ന കുപ്രസിദ്ധിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ആശങ്കയുയർത്തുന്ന സാഹചര്യമാണ് നിലവിൽ കേരളം നേരിടുന്നത്.  തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളുടെ താളുകളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെൻസസ് കണക്കുകൾ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തിൽ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം. തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റു പെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടി വരുന്നു. രാവും പകലുമില്ലാതെ പലയിടങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു. പല തെരുവുകളും രാത്രി പൂർണമായും നായ്ക്കൾ കീഴടക്കുന്നു. കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണു തെരുവുനായ്ക്കൾ അപകടമുണ്ടാക്കുകയും ചെയ്യുന്നു.

കേരളത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു. ഈ കാലയളവിൽ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നേരിട്ട് 42 മരണങ്ങളാണുണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങൾ, പേവിഷ ബാധ മൂലമുള്ള മരണങ്ങൾ എന്നിവ കൂടി പരിഗണിക്കുമ്പോൾ മരണനിരക്ക് ഇനിയും ഉയരും.

തെരുവുനായ്ക്കളും പേവിഷബാധയും ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങളാണ്. തെരുവുനായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവെയ്പും പേവിഷബാധ നിർമാർജനത്തിന്റെ ആദ്യ പടിയാണ്. കടിയേറ്റവർക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെയ്പുകൾ നൽകുന്നതിന് മാത്രമായി പ്രതിവർഷം ഇരുപത് കോടിയോളം രൂപയാണ് സംസ്ഥാനം ചിലവിടുന്നത്.  തെരുവുനായ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ അടക്കം ജീവനോപാധികൾ നഷ്ടമായവരും അനവധി. തെരുവ് നായ്ക്കളുടെ നിയന്ത്രണപ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ കൃത്യവിലോപം കാണിച്ചതോടെ അവയുടെ ആക്രമണത്തിൽ അപകടമേൽക്കുന്നവർക്കും ധനനഷ്ടമുണ്ടാവുന്നവർക്കും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ഈടാക്കി നൽകാൻ ജസ്റ്റിസ് (റിട്ട) എസ്. സിരിജഗനെ തലവനാക്കി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്, നിയമ സെക്രട്ടറി എന്നീ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്ത് 2016- ൽ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചത് സുപ്രീം കോടതിയാണ്.

തെരുവുനായ്ക്കളുടെ വന്ധ്യംകരണം അടിയന്തരപരിഹാരമല്ല; എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഫലമുറപ്പ് 

ഏതെങ്കിലും പ്രദേശങ്ങളോട് ചേർന്ന് ഷെൽട്ടറുകൾ നിർമിച്ച് തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ മൃഗക്ഷേമവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ  ഉചിതമല്ല. മാത്രമല്ല കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത്  ഇത്തരം കേന്ദ്രീകൃത തെരുവുനായ പുനരധിവാസകേന്ദ്രങ്ങൾക്ക് പ്രായോഗിക പരിമിതികൾ ഏറെയുണ്ട് . തെരുവ് നായ്ക്കളെ കൂട്ടമായി കൊന്നുതള്ളുന്നത് പോലുള്ള കണ്ണിൽ ചോരയില്ലാത്ത ക്രൂരതകളിലൂടെ അവയുടെ നിയന്ത്രണം സാധ്യമാവില്ല. നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ മാത്രമേ അവയുടെ ഫലപ്രദവും ശാസ്ത്രീയവുമായ നിയന്ത്രണം സാധ്യമാവൂ.  തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗ്ഗമായി വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഗുണപരമായ മാറ്റം കണ്ടുതുടങ്ങും എന്നത് ഉറപ്പാണ്. ഏഴുപത് ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്ന് വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കുവാൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. വന്ധ്യംകരണം നടത്തുന്നതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവെയ്പും നൽകണം. ഈയിടെ സമ്പൂർണ്ണ പേവിഷവിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഗോവയുടെ പ്രതിരോധ മാതൃകയിൽ ഇത് വ്യക്തമാണ്. പക്ഷേ ഈ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെയും മുടക്കമില്ലാതെയും നടപ്പിലാക്കണമെങ്കിൽ കൃത്യമായ സംവിധാനങ്ങളും സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വേണം.

എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, തെരുവ് നായ ശല്യവും പേവിഷബാധയും വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുമ്പോഴും നായ്ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തത സംസ്ഥാനത്ത് ദ്യശ്യമാണ്. കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാൽ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തിൽ പോലും തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങൾ നടത്താനുള്ള സ്ഥിരം സംവിധാനങ്ങൾ ഇന്ന് നിലവിലില്ല. പ്രവർത്തനങ്ങൾ തുടങ്ങിയ പല മേഖലകളിലും പല കാരണങ്ങളാൽ പദ്ധതികൾ പാതി വഴിയിൽ മുടങ്ങുന്നതും പതിവാണ്. പദ്ധതികൾ നടപ്പിലാക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാലപദ്ധതിയായി മാത്രമാണ് നായ്ക്കളുടെ പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളെ പരിഗണിക്കുന്നത്. ഒരു നായയെ പിടികൂടി വിദഗ്ദ്ധഡോക്ടറുടെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തി മൂന്ന് ദിവസം ശസ്ത്രക്രിയനാന്തര പരിചരണം നൽകിയ ശേഷം വാക്സിനും നൽകി പുറത്തുവിടാൻ ഏകദേശം 2100 രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ തെരുവ് നായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള മതിയായ ഫണ്ട് പലപ്പോഴും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നീക്കിവെക്കാത്തതിനാൽ പദ്ധതി സാമ്പത്തികപ്രതിസന്ധി കാരണം മുടങ്ങുന്ന സാഹചര്യവുമുണ്ട്. പദ്ധതി മുടങ്ങുന്നതോടെ വന്ധ്യംകരണം നടത്താൻ ബാക്കിയുള്ള നായ്ക്കൾ ഈ ഇടവേളയിൽ പെരുകുന്നു, അതോടെ നായ്ക്കളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇത് അതുവരെ ചെയ്ത പ്രജനനനിയന്ത്രണപ്രവർത്തനങ്ങളെ നിഷ്ഫലമാക്കുന്നു. ഇതാണ് ഇപ്പോൾ മിക്ക പഞ്ചായത്തുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടവേളകൾ ഇല്ലാതെ നടത്തിയാൽ മാത്രമേ നായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി പ്രതീക്ഷിക്കുന്ന ലക്ഷ്യം കാണുകയുള്ളു എന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം. നായ്ക്കളെ പിടികൂടുന്നതും, ശസ്ത്രക്രിയാനന്തരമുള്ള പരിചരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വേണ്ടത്ര പരിശീലനമില്ലാത്തവരെ ഏൽപ്പിച്ചത് വലിയ വിമർശനങ്ങൾക്കും ഹൈക്കോടതിയുടെ ഇടപെടലിന് വരെ കാരണമായതും നമ്മൾ കണ്ടു. തെരുവ് നായ്ക്കൾ പെരുകി നമ്മുടെ തെരുവുകൾ അധീനപ്പെടുത്തുന്നതിന്റെയും സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്നതിന്റെയും കാരണവും നമ്മുടെ ഈ ഉദാസീനത തന്നെയാണ്.

ഒരു ജില്ലയിൽ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രങ്ങളല്ല മറിച്ച് തെരുവ് നായ ശല്യം ഒരു പ്രാദേശിക പ്രശ്നം ആയത്കൊണ്ട് തന്നെ പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത വന്ധ്യംകരണ കേന്ദ്രങ്ങളാണ് വേണ്ടത്. നായ്ക്കളുടെ അനിമൽ വെൽഫയർ ബോർഡ്‌ ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന വന്ധ്യംകരണ- വംശനിയന്ത്രണ പ്രവർത്തനങ്ങളായ എ.ബി.സി. പ്രോഗ്രാം ( അനിമൽ ബർത്ത് കൺട്രോൾ ), എ.എൻ.ഡി. പ്രോഗ്രാം ( ഏർലി ന്യൂട്ടറിംഗ് ഓഫ് ഡോഗ്സ് ) കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയുന്ന വിധത്തിൽ ബ്ലോക്ക് അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് താലൂക്ക് തലത്തിൽ തലത്തിൽ എങ്കിലും രണ്ടോ മൂന്നോ വെറ്ററിനറി ഹോസ്പിറ്റലുകളെ നവീകരിച്ച് ശസ്ത്രക്രിയാസംവിധാനങ്ങൾ ഉൾപ്പെടെയുള്ള സ്ഥിരം സംവിധാനങ്ങളും പുതിയ വെറ്ററിനറി ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കാവുന്നതാണ്. മൃഗസംരക്ഷണവകുപ്പിനേക്കാൾ ഉപരി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിന് മുൻകൈ എടുക്കേണ്ടത്. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ കൂടി പ്രവർത്തനത്തിൽ പങ്കാളികളാക്കിയാൽ പദ്ധതി നിർവഹണം എളുപ്പമാവും. പദ്ധതി നിർവഹണത്തിനും ഏകോപനത്തിനുമായി മൃഗസംരക്ഷണവകുപ്പിന് കീഴിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം രൂപീകരിക്കാവുന്നതാണ്.

 

തെരുവ് നായ്ക്കളുടെ പെരുപ്പം പൊതുജനാരോഗ്യവെല്ലുവിളി- വേണ്ടത് കർമ്മപദ്ധതി 

തെരുവ് നായ്ക്കളുടെ പെരുപ്പവും പേവിഷബാധയും സംസ്ഥാനം നേരിടുന്ന വലിയ പൊതുജനാരോഗ്യവെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. ആവശ്യമെങ്കിൽ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയെ എല്ലാം ഉൾപ്പെടുത്തി ഒരു ആരോഗ്യമിഷൻ തന്നെ ഈ വിഷയത്തിൽ സർക്കാരിന് രൂപീകരിക്കാവുന്നതാണ്.  നായ്ക്കളെയും പൂച്ചകളെയും അരുമകളായി പരിപാലിക്കുന്നവർക്ക് അവയുടെ പ്രജനനത്തിൽ താല്പര്യം ഇല്ലെങ്കിൽ അരുമകൾക്ക് ആറുമാസം പ്രായമെത്തുമ്പോൾ അവയുടെ വന്ധ്യംകരണം പ്രോത്സാഹിപ്പിക്കണം.  പലപ്പോഴും ഉടമകൾക്ക് താല്പര്യമില്ലാതെ ജനിക്കുന്ന നായ്ക്കുഞ്ഞുങ്ങളാണ് പിന്നീട് തെരുവ് നായ്ക്കളായി മാറുന്നത്. പെറ്റ് ആനിമൽ ബ്രീഡിങ്ങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്രനിയമങ്ങൾ കർശനമായ രീതിയിൽ സംസ്ഥാനത്ത് നടപ്പിലാക്കണം. പെട്ടെന്ന് ഒരു സുപ്രഭാതത്തിലുണ്ടാവുന്ന മാറ്റമല്ല, മറിച്ച് രണ്ടോ മൂന്നോ വർഷം കഴിഞ്ഞുണ്ടാവുന്ന ഗുണകരമായ മാറ്റം മുന്നിൽ കണ്ടുള്ള ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.

തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളും പ്രതിരോധകുത്തിവയ്പും കാര്യക്ഷമമായി നടപ്പിലാക്കാൻ സ്ഥിരം സംവിധാനങ്ങൾ ഉൾപ്പെടയുള്ള ദീർഘവീക്ഷണമുള്ള പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാത്തിടത്തോളം കാലം തെരുവ് നായ നിയന്ത്രണം എന്ന കേരളത്തിന്റെ ലക്ഷ്യം വെറും സ്വപ്നം മാത്രമായി ചുരുങ്ങുമെന്നത് തീർച്ചയാണ്.


 

Happy
Happy
19 %
Sad
Sad
52 %
Excited
Excited
5 %
Sleepy
Sleepy
7 %
Angry
Angry
10 %
Surprise
Surprise
7 %

Leave a Reply

Previous post കടലിലും വേണം ദേശീയോദ്യാനങ്ങൾ
Next post ഗ്ലാസ്ഗോ ഉച്ചകോടിയുടെ ശേഷിപ്പുകൾ
Close