Read Time:18 Minute

ആദിമസൗരയൂഥം ഭൂമിയിലെത്തി. ബെന്നു എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള സാമ്പിളുകളുമായി ഒസിരിസ് -റെക്സ് ദൗത്യത്തിലെ കാപ്സ്യൂൾ ഭൂമിയിലെത്തി. ഇതോടെ ഒസിരിസ് റെക്സ് അതിന്റെ പ്രഥമദൗത്യം പൂർത്തിയാക്കി. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസിരിസ് റെക്‌സ്.

സെപ്റ്റംബർ 24 ഞായറാഴ്ച രാത്രി 8.12-ന് ആണ് സാമ്പിൾ റിട്ടേൺ കാപ്സ്യൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഇതേ പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18-ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23-ന് കാൾ സുരക്ഷിതമായി യൂട്ടാ മരുഭൂമിയിൽ വന്നിറങ്ങുകയും ചെയ്തു.

ലോക്ക്‌ഹീഡ് മാർട്ടിൻ സ്ഥാപനത്തിലെ എൻജിനീയറാണ് യുട്ട മരുഭൂമിയിൽ വീണുകിടക്കുന്ന ഒസിരിസ് റെക്സ് കാപ്സ്യൂളിന്റെ അടുത്തേക്ക് ആദ്യമെത്തിയത്. സൗരയൂഥത്തിന്റെ തുടക്കകാലത്ത് ഉണ്ടായത് എന്നു കരുതപ്പെടുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള സാമ്പിളുകളുമായിട്ട് മരുഭൂമിയിൽവന്ന് ഇറങ്ങിയതേയുള്ളൂ ആ പേടകം.

ബെന്നുവിൽ നിന്ന് രണ്ട് വർഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്സ്യൂളിലുള്ളത്.
2016 സെപ്റ്റംബർ എട്ടിനാണ് ഒസെറിസ് റെക്സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. അറ്റ്ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2018 ലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തിയത്. ബെന്നുവിനെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസം കൊണ്ട് ബെന്നുവിന്റെ ആകൃതിയും പിണ്ഡവും സംബന്ധിച്ച അളവുകളെടുത്തു. ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ഒസൈറിസ് റെക്സ്.

വീഡിയോ കാണാം

ആദിമസൗരയൂഥത്തിന്റെ കഷ്ണങ്ങൾ ഭൂമിയിലെത്തുമ്പോൾ

അവൾ വെറുതേ അങ്ങു ചെല്ലുകയായിരുന്നില്ല. മുഖത്ത് മാസ്ക് ധരിച്ചിരുന്നു. കൂടാതെ നല്ല കൈയുറകളും. അന്തരീക്ഷത്തിലൂടെ അതിവേഗത്തിൽ കടന്നെത്തിയ കാപ്സ്യൂളിന്റെ ചൂട് ചിലപ്പോൾ നഷ്ടപ്പെട്ടിരിക്കാൻ വഴിയില്ല. ചൂട് ആറിയിട്ടുണ്ടാവും എന്ന് ഏതാണ്ട് ഉറപ്പാണെങ്കിൽപ്പോലും അവരാ മുൻകരുതൽ എടുത്തിരുന്നു. (സയന്റിസ്റ്റുകളാണ്. സുരക്ഷയൊരുക്കേണ്ടത് എങ്ങനെയെന്ന് നമുക്കവർ കാണിച്ചു തരും.)

നാസ സുരക്ഷാ ടീം അംഗങ്ങൾ ഡഗ്‌വേയിലെ യൂട്ടാ മരുഭൂമിയിൽ ഇറക്കിയ ഒസിരിസ്-റെക്സ് ഛിന്നഗ്രഹ സാമ്പിളിനരികെ

മാസ്ക വയ്ക്കുന്നതിനും പ്രത്യേക കാരണമുണ്ടായിരുന്നു. ആ കുഞ്ഞുപേടകത്തിൽ ഉള്ള ബാറ്ററികൾക്ക് കേടുവരികയോ മറ്റോ ചെയ്ത് അതിൽനിന്ന് ഹാനികരമായ ഗ്യാസ് പുറത്തേക്കു വരാനുള്ള നേരിയ സാധ്യത ഉണ്ട്. അങ്ങനെയുണ്ടെങ്കിൽ ഒരു മുൻകരുതൽ എന്ന നിലയിലാണ് പ്രത്യേക ഗ്യാസ് മാസ്കും ധരിച്ച് ആ എൻജിനീയർ ക്യാപ്സ്യൂളിന് അരികിലെത്തിയത്.

സുരക്ഷിതമെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാണ് മറ്റുള്ളവർ ചേർന്ന് ആ പേടകത്തെ സുരക്ഷിതമായി പൊതിഞ്ഞെടുത്തത്. പിന്നീടതിനെ ഹെലികോപ്റ്റർ ഉപയോഗിച്ച് സുരക്ഷിതമായ ഒരു മുറിയിലേക്കു മാറ്റി. പിന്നീട് അവിടെനിന്നാവും പരീക്ഷണഗവേഷണങ്ങൾക്കായി കാപ്സ്യൂളിനെ കൊണ്ടുപോവുക!

ഒസിരിസ്-റെക്സ് കാപ്സ്യൂളിനെ സുരക്ഷിതമായ സ്ഥലത്തേക്ക് ഹെലികോപ്റ്ററിന്റെ സഹായത്തോടെ മാറ്റുന്നു.

കൈയിലിരിക്കുന്നത് ആദിമസൗരയൂഥമാണ്. സൗരയൂഥരൂപീകരണസമയത്ത് രൂപപ്പെട്ടതെന്നു കരുതപ്പെടുന്ന ഒരു ഛിന്നഗ്രഹത്തിന്റെ കുറച്ചു ഭാഗങ്ങൾ! അവയ്ക്ക് അധികം മാറ്റമൊന്നും വരാൻ സാധ്യതയില്ല. അതായത് ആദിമസൗരയൂഥത്തിന്റെ ചെറുഭാഗം! സൗരയൂഥരൂപീകരണത്തെക്കുറിച്ചുള്ള ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരമേകാൻ കഴിയുന്ന സൗരയൂഥഭാഗങ്ങൾ!

കാപ്സ്യൂൾ ക്ലീൻ റൂമിൽ സൂക്ഷിച്ചിരിക്കുന്നു.


ബെന്നുവിനെ പരിചയപ്പെടൂ…

450 കോടിയിലധികം വർഷം പഴക്കമുള്ള ഒരു ഛിന്നഗ്രഹം. വലിപ്പം അരക്കിലോമീറ്ററിലധികം മാത്രം. സൂര്യനിൽനിന്ന് 16.8കോടി കിലോമീറ്റർ അകലെക്കൂടിയുള്ള പരിക്രമണപഥം. ഓരോ 1.2 വർഷത്തിലും സൂര്യനെ ചുറ്റും കറങ്ങിവരും. സ്വന്തം അച്ചുതണ്ടിൽ 4.3 മണിക്കൂറിൽ ഭ്രമണം ചെയ്തുകൊണ്ടേയിരിക്കും. ഇതാണ് ബെനു എന്ന ഛിന്നഗ്രഹം.

70 കോടി മുതൽ 200 കോടി വർഷം മുൻപെപ്പോഴോ കാർബൺസംയുക്തങ്ങൾ നിറഞ്ഞ വലിയൊരു ഛിന്നഗ്രഹത്തിൽനിന്നു വേർപെട്ടുപോന്നതാവും ബെനുവെന്നാണ് ഇപ്പോഴത്തെ നിഗമനം. മറ്റേതോ ഛിന്നഗ്രഹം വന്ന് ഇടിച്ചപ്പോഴാവാം ഇതു സംഭവിച്ചത്. എന്തായാലും ബെനു രൂപപ്പെട്ടത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹമേഖലയിലാവും എന്നു കരുതുന്നു. എന്നിട്ട് പിന്നീടെപ്പോഴോ ഭൂമിയുടെ പരിക്രമണപാതയ്ക്കരികിലേക്ക് വലിച്ചെടുക്കപ്പെട്ടതാവാനാണു സാധ്യത.

ഭൂമിയിൽ ഒരു ഉൽക്ക വന്ന് ഇടിച്ചിട്ടാണ് ഡൈനസോറുകളെല്ലാം ഇല്ലാതായതെന്ന തിയറിയെക്കുറിച്ച് നമുക്കറിയാം. എന്തായാലും ഉൽക്കയോ ഛിന്നഗ്രഹമോ ഒക്കെ ഭൂമിയിൽ വന്ന് ഇടിക്കുക എന്നത് അത്ര സുഖകരമായ കാര്യമല്ല. ചിലപ്പോൾ മനുഷ്യവംശത്തെയും ഇപ്പോഴുള്ള ഒട്ടുമിക്ക ജീവജാലങ്ങളെയും എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാൻ അത്തരം ഒരു കൂട്ടിയിടി മതി.

അതുകൊണ്ടുതന്നെ ഭൂമിയുടെ അടുത്തുകൂടി കടന്നുപോകാൻ സാധ്യതയുള്ള എല്ലാ പാറക്കല്ലുകളെയും വസ്തുക്കളെയും നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ മനുഷ്യർ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ അങ്ങനെ ഭീഷണിയൊന്നും ഇല്ല. പക്ഷേ എന്നെങ്കിലും ഒരിക്കൽ അത്തരമൊരു വസ്തു ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ആ വസ്തുവിന്റെ സഞ്ചാരപാത മാറ്റുകയോ, ആ വസ്തുവിനെത്തന്നെ പല പല കഷണങ്ങളായി ചിതറിക്കുകയോ ഒക്കെ ചെയ്താലേ നമുക്ക് രക്ഷപ്പെടാനാകൂ. അങ്ങനെ ചെയ്യണമെങ്കിൽ അത്തരം വസ്തുക്കളെക്കുറിച്ച് കൂടുതൽ അറിയണം, പഠിക്കണം. മാത്രമല്ല, സൗരയൂഥരൂപീകരണം അടക്കമുള്ള അനേകം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും ഇത്തരം പഠനങ്ങൾ സഹായിക്കും. ഇത്തരമൊരു അന്വേഷണത്തിനിടയിലായിരുന്നു ബെനുവിന്റെ കണ്ടെത്തൽ. 1999ലായിരുന്നു ബെനുവിന്റെ കണ്ടെത്തൽ.

സൂര്യനു ചുറ്റും കറങ്ങുന്നതിനാൽ ഭൂമിയിൽനിന്ന് 32കോടി കിലോമീറ്റർ മുതൽ ഏതാനും ലക്ഷം കിലോമീറ്റ‌വരെ ബെനുവിലേക്കുള്ള അകലം വ്യത്യാസപ്പെടാം. ഓരോ ആറു വർഷം കൂടുമ്പോഴും ഭൂമിക്കരികിലെത്തും ഈ ഛിന്നഗ്രഹം. 2060ലും 2135ലും ഭൂമിയോട് കൂടുതൽ അടുത്തുവരും. എന്നിരുന്നാലും ചന്ദ്രനെക്കാളും അകലെയാവും അപ്പോഴും ബെനുവിന്റെ സ്ഥാനം. അതിനാൽ ഒരു കൂട്ടിയിടി ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. പക്ഷേ 2175 നും 2199 നും ഇടയിൽ കുറെക്കൂടി അടുത്തുവരും. ഒരു കൂട്ടിയിടിക്കുള്ള സാധ്യത അപ്പോൾ തള്ളിക്കളയാനാവില്ല. അതിനാൽ ബെനുവിനെക്കുറിച്ച് ആഴത്തിൽ പഠിച്ചേ മതിയാകൂ. മാത്രവുമല്ല, ഭൂമിയിൽ നിന്നു കിട്ടിയ ചില കാർബൺ കൂടുതലായ ഉൽക്കകളെപ്പോലെയാണത്രേ ബെനു. അതിനാൽത്തന്നെ സൗരയൂഥത്തിലെ ഏറ്റവും പഴക്കമേറിയ വസ്തുക്കളാൽ നിർമിതമായിരിക്കണം. ഇതുതന്നെയാണ് ബെനുവിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതും.

ഒസിരിസ് -റെക്സിന്റെ വിശേഷങ്ങൾ

ബെനുവിനെക്കുറിച്ചു പഠിക്കാൻ 2016ലായിരുന്നു ഒസിരിസ് റെക്സ് എന്ന ദൗത്യത്തിന്റെ വിക്ഷേപണം. 2018 ഡിസംബർ 31ന് പേടകം ബെന്നുവിനു ചുറ്റുമുള്ള ഓർബിറ്റിൽ എത്തിച്ചേർന്നു. പഠനങ്ങൾക്കും സാമ്പിൾശേഖരണത്തിനും ശേഷം പിന്നീട് 2021 മേയ് 11നാണ് അവിടെനിന്നും തിരികെ ഭൂമിയിലേക്ക് യാത്രതിരിച്ചത്. രണ്ടു വർഷത്തിലധികംകാലം പേടകം ഛിന്നഗ്രഹത്തിനൊപ്പമായിരുന്നു. ആ സമയത്ത് ബെനുവിനെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്താനും ഒസിരിസിനായി. ഛിന്നഗ്രഹത്തിന്റെ അനേകമനേകം ഫോട്ടോകൾ പകർത്താനും പരിപൂർണ്ണമായ മാപ്പിങ് നടത്താനും കഴിഞ്ഞു.

ടച്ച് ആന്റ് ഗോ ( Touch-And-Go Sample Acquisition Mechanism) എന്നു പേരിട്ട ഇവന്റിലൂടെയാണ് ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടതും സാമ്പിൾ ശേഖരിച്ചതും. 2020 ഒക്ടോബർസ 20നായിരുന്നു ഈ ഇവന്റ്. നെറ്റിങ്ഗേൽ എന്നു പേരിട്ട ഇടത്തിലായിരുന്നു ഈ ഇറക്കം. അതും സെക്കൻഡിൽ പത്തു സെന്റിമീറ്റർ എന്ന ചെറുവേഗതയിലും. സാമ്പിൾ ശേഖരിച്ചത് രസകരമായ രീതിയിലാണ്.

പേടകം ബെന്നുവിൽ തൊട്ടപ്പോൾത്തന്നെ പാറയും മണ്ണുമെല്ലാം പെട്ടെന്ന് ഇളകിമാറി. തുടർന്ന് ഉപരിതലത്തിൽ ഉറച്ച യന്ത്രക്കൈയിൽനിന്ന് ഒരു സെക്കൻഡിനുള്ളിൽ നൈട്രജൻ വാതകം ശക്തിയിൽ ബെനുവിലേക്കു ചീറ്റാൻ തുടങ്ങി. അതിന്റെ ശക്തിയിൽ കൂടുതൽ പൊടിപടലങ്ങളും പാറക്കഷണങ്ങളും സ്ഫോടനംപോലെ പുറത്തേക്കു തെറിച്ചു. നെട്രജൻ വാതകം ചീറ്റിയതിന്റെ പ്രത്യേകതമൂലം ഈ പൊടിപടിലങ്ങളും പാറക്കഷണങ്ങളും യന്ത്രക്കൈയിലെ തന്നെ സാമ്പിൾ കളക്ഷൻ ഹെഡിലേക്ക് ശേഖരിക്കാനായി. ആറു സെക്കൻഡിനു ശേഷം പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ഒസിരിസ്-റെക്സ് തിരികെ മുകളിലേക്കുയരാൻ തുടങ്ങി. 24 സെക്കൻഡാണ് ത്രസ്റ്ററുകൾ തുടർച്ചയായി ജ്വലിച്ചത്. വെറും മുപ്പതു സെക്കൻഡ്. അതിനുള്ളിൽ ആദിമസൗരയൂഥത്തെ ശേഖരിച്ച് ടച്ച് ആന്റ് ഗോ ഇവന്റ് ഒസിരിസ് റെക്സ് പൂർത്തിയാക്കി.

മുൻപു പ്രതീക്ഷിച്ചപോലെ അത്യാവശ്യം ഉറപ്പുള്ള പ്രതലമായിരുന്നില്ല ബെനുവിന്റേത്. പാറക്കഷണങ്ങളും മണ്ണും പരസ്പരം കൂടിച്ചേർന്ന് വലിയ ഇളക്കംതട്ടാത്ത പ്രതലമാവും എന്നാണു കരുതിയിരുന്നത്. പക്ഷേ പരസ്പരം ഒട്ടിപ്പിടിക്കാതെ ഗ്രാവിറ്റികൊണ്ടു മാത്രം കൂടിച്ചേർന്നിരുന്ന മണ്ണും പാറയുമായിരുന്നു ബെനുവിന്റെ ഉപരിതലത്തിൽ. അതിനാൽ പ്രതീക്ഷിച്ചതിലുമേറെ പൊടിയും പാറയും ചിതറിത്തെറിക്കാനും ആവശ്യത്തിലേറെ സാമ്പിൾ ശേഖരിക്കാനും ഒസിരിസ് ദൗത്യത്തിനു കഴിഞ്ഞു. 60ഗ്രാം സാമ്പിൾ ശേഖിക്കാൻ ശ്രമിച്ചിടത്ത് നമുക്കു ലഭിച്ചിരിക്കുന്നത് ഏതാണ്ട് 250ഗ്രാം വസ്തുക്കളാണ്. ടച്ച് ആന്റ് ഗോ ഇവന്റ് 68സെന്റമീറ്റർ ആഴത്തിലുള്ള, എട്ടു മീറ്റർ വിസ്തൃതിയുള്ള ഒരു ക്രേറ്ററാണ് ബെനുവിൽ സൃഷ്ടിച്ചത്.

വളരെ സൂക്ഷ്മമായ ഇവന്റായിരുന്നു ടച്ച് ആന്റ് ഗോ. 50കിലോഗ്രാം ഭാരമുള്ള ഒരു വസ്തു ടച്ച് ആന്റ് ഗോ ഇവന്റിന്റെ വേഗതയിൽ ചന്ദ്രനിൽ ഇടിച്ചിറങ്ങി എന്നു കരുതൂ. വെറും അര സെന്റിമീറ്റർ ആഴത്തിലേക്കേ അതിന് എത്താൻ കഴിയൂ. ഇതേ ഇവന്റ് ബെനുവിൽ നടന്നാൽ 17സെന്റിമീറ്റർവരെ ആഴത്തിലേക്കു പോകാൻ കഴിയും.

സെപ്തംബർ 24നാണ് ഒസിരിസ് റെക്സ് ഭൂമിക്കരികിൽ തിരികെയെത്തിയത്. സാമ്പിളുകൾ നിറച്ച കാപ്സ്യൂളിനെ ഭൂമിയിലേക്ക് അയച്ചു. ഉട്ടാ മരുഭൂമിയിലാകും ഈ കാപ്സ്യൂൾ ഇറങ്ങി.

ഭൂമിയിലേക്ക് ഛിന്നഗ്രഹത്തിലെ മണ്ണും പൊടിയും എത്തിച്ചശേഷവും ഒസിരിസ്-റെക്സ് വെറുതെയിരിക്കില്ല. വീണ്ടും പുതിയൊരു ദൗത്യത്തിനായി പുറപ്പെടും. OSIRIS-APEX എന്നാവും പിന്നീട് ഈ ദൗത്യത്തിന്റെ പേര്. 2029ൽ അപോഫിസ് എന്ന ഛിന്നഗ്രഹത്തിന് അടുത്തെത്തി അതിനെക്കുറിച്ചു പഠിക്കുകയാണ് ലക്ഷ്യം. .


അനുബന്ധ ലേഖനങ്ങൾ

ഒസിരിസ്-റെക്സിന്റെ മടക്കയാത്ര

ബെന്നു എന്ന ഛിന്നഗ്രഹത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച ഒസിരിസ്-റെക്സ് പേടകത്തിന്റെ മടക്കയാത്രയെക്കുറിച്ച് വായിക്കൂ..

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ?
Next post കേരളം ശാസ്ത്രത്തിന്റെ ഉത്സവത്തിലേക്ക്
Close