Read Time:7 Minute

വിനയരാജ് വി.ആർ

ബെനുവിന്റെ വ്യാസം ഏതാണ്ട് അരക്കിലോമീറ്ററാണ്. 2175 -നും 2199 -നും ഇടയിൽ ഇതു ഭൂമിയിൽ വന്നിടിക്കുന്നതിന് 2700 -ത്തിൽ ഒരു സാധ്യതയുണ്ട്. ലീനിയർ (Lincoln Near-Earth Asteroid ResearchLINEAR) പ്രൊജക്ട് 1999 സെപ്തംബർ 11-ന് കണ്ടെത്തിയ ഒരു ഛിന്നഗ്രഹമാണ് ബെനു (101955 Bennu). ഭൂമിയുടെ സമീപത്തുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്താനും അവയുടെ സ്ഥാനവും വഴികളും മനസ്സിലാക്കാനും രൂപീകരിച്ച ഒരു പദ്ധതിയാണ് ലീനിയർ. ലീനിയർ കണ്ടെത്തിയ സൗരയൂഥത്തിലുള്ള രണ്ടേകാൽ ലക്ഷത്തിലേറെ ചെറിയ വസ്തുക്കളിൽ 2423 എണ്ണം ഭൂമിയ്ക്കടുത്തുള്ള ഛിന്നഗ്രഹങ്ങളും 279 എണ്ണം ധൂമകേതുക്കളും ആണ്. 436 ദിവസമാണ് ബെനുവിന് സൂര്യനെ ഒന്നു ചുറ്റിവരാൻ വേണ്ടത്. ഒരോ ആറുവർഷം കൂടുമ്പോഴും ബെനു ഭൂമിയുടെ അരികിലെത്തുന്നു. ബെനുവിന്റെ സഞ്ചാരപഥം ഏതാണ്ട് കൃത്യമായി അറിയുമ്പോഴും അതിനെ കൂടുതൽ കൃത്യതയോടെ പഠിക്കാൻ മനുഷ്യൻ തയ്യാറെടുക്കുകയാണ്.
ഒസിറിസ് റെക്സ് (OSIRIS-REx) 2018 ഡിസംബറിൽ എടുത്ത ചിത്രം (from a range of 24 km) കടപ്പാട് വിക്കിപീഡിയ
ലീനിയർ കണ്ടെത്തിയ ഛിന്നഗ്രഹമായ ഇതിനു വിദ്യാർത്ഥികൾ നിർദ്ദേശിച്ച എണ്ണായിരത്തിലധികം പേരുകളിൽ നിന്നാണ് ബെനു എന്ന പേര് തിരഞ്ഞെടുത്തത്. സൂര്യനുമായും സൃഷ്ടിയുമായും പുനരുത്ഥാനമായും ബന്ധമുള്ള ഒരു ഈജിപ്ഷ്യൻ ദേവതയാണ് ബെനു. നാലേകാൽ മണിക്കൂറുകൊണ്ട് ഭ്രമണം ചെയ്യുന്ന ബെനുവിന്റെ ഭ്രമണവേഗത ഓരോ നൂറുവർഷം കൂടുമ്പോഴും ഒരു സെക്കന്റ് വച്ചു കുറയുന്നുണ്ട്. ഒരു ശരാശരിക്കണക്കനുസരിച്ച് 500 മീറ്ററിലേറെ വ്യാസമുള്ള ഛിന്നഗ്രങ്ങൾ ഓരോ 130000 വർഷത്തിലും ഭൂമിയിൽ വന്നുപതിക്കാറുണ്ട്. ബെനുവെങ്ങാൻ ഭൂമിയിൽ പതിച്ചാൽ അത് ഹിരോഷിമയിൽ വീണ ബോംബിന്റെ എട്ടുലക്ഷം മടങ്ങ് ശക്തിയുള്ള സ്ഫോടനം ആവും ഉണ്ടാക്കുക. അതിനാൽത്തന്നെ ബെനുവിനെ അടുത്തുചെന്നു പഠിക്കാൻ ശാസ്ത്രലോകം തയ്യാറെടുക്കുകയാണ്. 2060 സെപ്തംബർ 23 -ന് ഭൂമിയോട് ഏഴരലക്ഷം കിലോമീറ്റർ അരികെ ബെനു എത്തും, അതായത് ചന്ദ്രന്റെ ഇരട്ടിയോളം അടുത്ത്. 2135 -സെപ്തംബർ 25 -ന് കുറേക്കൂടി അരികെ എത്തുമെങ്കിലും ഭൂമിയുമായി കൂട്ടിയിടി ഉണ്ടാവാൻ സാധ്യത അന്നും വിരളമാണ്.
OSIRIS-REx അയച്ച ചിത്രങ്ങൾ-ബെനുവിലെ സാമ്പിൾ സൈറ്റുകൾ – വിവിധ പക്ഷികളുടെ പേര് നൽകിയിരിക്കുന്നു കടപ്പാട് വിക്കിപീഡിയ
ഇതൊക്കെയാണ് അറിയപ്പെടുന്ന അഞ്ചുലക്ഷം ഛിന്നഗ്രഹങ്ങളിൽ നിന്നും പഠനത്തിനായി ബെനുവിനെ തെരഞ്ഞെടുക്കാൻ കാരണം. ബെനുവിനെപ്പറ്റി പഠിക്കാനും ബെനുവിൽ ഇറങ്ങി 60 ഗ്രാം സാമ്പിളുകളുമായി 2023 -ൽ ഭൂമിയിൽ തിരിച്ചെത്താനും ഉദ്യേശിച്ച് നാസ വിക്ഷേപിച്ച ഒസിറിസ് റെക്സ് (OSIRIS-REx) 2016 സെപ്തംബറിൽ ബെനു ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഒസിറിസിന് ലക്ഷ്യം നേടാനായാൽ സൗരയൂഥത്തിന്റെ രൂപീകരണത്തെപ്പറ്റിയും ഭൂമിയിൽ ജീവനുണ്ടാവാൻ ഇടയായ ജൈവവസ്തുക്കളുടെ രൂപീകരണത്തെപ്പറ്റിയും വിലയേറിയ അറിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെനുവിന്റെ അടുത്ത് 2018 ഡിസംബറിൽ എത്തിയ ഒസിറിസ് നിരവധി മാസങ്ങളോളം ഏതാണ്ട് അഞ്ച് കിലോമീറ്റർ ഉയരത്തിൽ നിന്ന് ബെനുവിന്റെ ഉപരിതലത്തെപ്പറ്റി പഠിക്കുകയുണ്ടയി. ഓരോ ദിവസവും 135 ചിത്രങ്ങൾ ബെനുവിന്റെ പ്രതലത്തെപ്പറ്റി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ വ്യാഴത്തിനെയും അതിന്റെ മൂന്ന് ഉപഗ്രഹങ്ങളുടെയും ചിത്രങ്ങൾ ഒസിറിസ് എടുക്കുകയുണ്ടായി. (ബെനുവിന്റെ നാസ തയ്യാറാക്കിയ ത്രിമാന ചിത്രം ചുവടെ..തൊട്ട് തിരിച്ചുനൊക്കാം)

വളരെ വിശദവും കൃത്യമായ പദ്ധതികളാണ് ബെനുവിൽ നിന്നും സാമ്പിൾ ശേഖരിക്കാൻ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി നാലോളം സാമ്പിൾ സൈറ്റുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. അതിനൊക്കെയും വിവിധ പക്ഷികളുടെ പേരാണ് നൽകിയിരിക്കുന്നത്. വേണ്ടിവന്നാൽ ഒന്നിലേറെത്തവണ സാമ്പിൾ ശേഖരിക്കാൻ ശ്രമിക്കാനുമായിത്തന്നെയാണ് ഒസിറിസിനെ തയ്യാറാക്കിയിരിക്കുന്നത്. സാമ്പിൾ ശേഖരിച്ചശേഷം ഭൂമിയിലേക്ക് കൊണ്ടുവരുന്നത് 46 കിലോഗ്രാം ഭാരമുള്ള ഒരു പേടകത്തിൽ ആയിരിക്കും. 2023 -ൽ അത് ഉട്ടായിൽ ഇറങ്ങും. ഭൂമിയുമായി കൂട്ടിയിടിക്കാൻ വളരെ വിരളമായ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും എന്നെങ്കിലും ബെനു സൂര്യനിലേക്ക് വീണുപോകാനാണ് 48 ശതമാനം സാധ്യതയും. ശുക്രനിൽ വീഴാൻ 26 ശതമാനം സാധ്യതയുള്ളപ്പോൾ 10 ശതമാനമാണ് ഭൂമിയുമായി എന്നെങ്കിലും ബെനു കൂട്ടിയിടിക്കാനുള്ള സാധ്യത. എങ്ങനെയൊക്കെയാണെങ്കിലും ഒസിറിസ് റെക്സ് കൊണ്ടുവരുന്ന ബെനുവിൽ നിന്നുമുള്ള ഭാഗം ഇതുവരെയില്ലാത്ത ധാരാളം അറിവുകൾ ലഭിക്കാൻ ഇടയാകുമെന്നു പ്രതീക്ഷിക്കാം.
 ഒസിറിസ് റെക്സ് (OSIRIS-REx) ഒരു ചിത്രീകരണം കടപ്പാട് nasa

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇലക്ട്രിക് കാറുകൾക്ക് ഗിയർ ഉണ്ടോ ?
Next post INFODEMIC – വ്യാജവാർത്തകളിൽ നിന്നും അകലം പാലിക്കാം
Close